Saturday, 24 December 2016

മണ്ട്രോതുരുത്തിന് ടിക്കറ്റെടുക്കുമ്പോള്‍

മണ്ട്രോതുരുത്തിന് ടിക്കറ്റെടുക്കുമ്പോള്‍ മലയാളത്തിലെ മികച്ച സിനിമകളിലൊന്ന് കാണാനായിരിക്കും നിങ്ങള്‍ ടിക്കറ്റെടുക്കുന്നത്. ടിക്കറ്റെടുത്ത് നിങ്ങള്‍ തീയേറ്ററിനകത്തെത്തുമ്പോള്‍ ശൂന്യമായ ഇരിപ്പിടങ്ങളായിരിക്കും നിങ്ങളെ വരവേല്‍ക്കുക. സ്‌ക്രീനിലെ അതിശയങ്ങളും വിഹ്വലതകളും ചിരിയുമെല്ലാം നിങ്ങളും നിങ്ങളെപ്പോലെയുള്ള നാലോ അഞ്ചോ മനുഷ്യരിലുമൊതുങ്ങും. ഒന്നരമണിക്കൂറിനൊടുവില്‍ ഇരുട്ടില്‍നിന്ന് തിരക്കുകൂട്ടലുകളൊന്നുമില്ലാതെ നിങ്ങള്‍ പുറത്തിറങ്ങും. തീയേറ്ററിനുവെളിയിലെ പൂര്‍ണനിശബ്ദതയില്‍നിന്നും അടുത്ത പ്രദര്‍ശനമുണ്ടോയെന്ന അനിശ്ചിതത്വത്തില്‍നിന്നും നിങ്ങള്‍ ഭിന്നവഴികളിലേക്ക് വണ്ടികയറിയും നടന്നകന്നുംപോകും.
മണ്ട്രോതുരുത്തുപോലുള്ള സിനിമകള്‍ ആര്‍ക്കു വേണമെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കാണേണ്ടതുണ്ട്. ഫിലിം ഫെസ്റ്റിവെലുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ തീയേറ്ററിലെത്തുമ്പോള്‍ ആര്‍ക്കും വേണ്ടാതാകുന്ന ദുരവസ്ഥ തുടരുകയാണ്. ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ ഉദാഹരണമാണ് പി.എസ്.മനു സംവിധാനം ചെയ്ത മണ്ട്രോതുരുത്ത്. 
ഇരുപതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഉള്‍പ്പടെ ഒട്ടനവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പുരസ്‌കൃതമാകുകയും മികച്ച ചിത്രമെന്ന് കാണികള്‍ ഒന്നടങ്കം അഭിപ്രായപ്പെടുകയും ചെയ്ത മണ്ട്രോതുരുത്ത് നവംബര്‍ മാസത്തിലാണ് തീയേറ്ററിലെത്തിയത്. വേണ്ടത്ര ചുവര്‍പരസ്യങ്ങളോ പ്രീ പബ്ലിസിറ്റിയോ ഇല്ലാത്തത് ഈ മികച്ച ചിത്രത്തിന്റെ തീയേറ്ററിലെ മുന്നോട്ടുപോക്കിന് തുടക്കം മുതല്‍ തിരിച്ചടിയായി. അടുത്തിടെ ഇത്തരം സമാന്തര ചിത്രങ്ങള്‍ക്ക് രക്ഷയായ സോഷ്യല്‍ മീഡിയയിലും മണ്ട്രോതുരുത്തിന് പിന്തുണ കിട്ടാതായതോടെ ചിത്രം പൂര്‍ണമായി മുടന്തിനിങ്ങുന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടു. ചിത്രം പ്രദര്‍ശിപ്പിച്ച തീയേറ്ററുകാര്‍ക്കുപോലും മണ്ട്രോതുരുത്തിനോട് താത്പര്യമില്ലെന്ന അവസ്ഥ. പത്തും പന്ത്രണ്ടും ആളുകള്‍ക്കും ഇരുന്നൂറിലേറെ ഒഴിഞ്ഞ കസേരകള്‍ക്കുമൊപ്പം സിനിമ കാണേണ്ടിവരുന്ന ഇത്തരം ചിത്രങ്ങളുടെ സ്ഥിരം കൂട്ടാളികളായ ഏകാകിപ്രേക്ഷകന് മണ്ട്രോതുരുത്തിന്റെ തീയേറ്ററില്‍ കൂടുതല്‍ ഏകാകികളാകേണ്ടിവന്നു. മലയാളത്തിലെ എണ്ണപ്പെട്ട മികച്ച സിനിമകളുടെ കൂട്ടത്തില്‍ പരിഗണിക്കാവുന്ന ചിത്രത്തിനാണ് ഈ ദുര്യോഗം വന്നതെന്ന് ചേര്‍ത്തുവായിക്കണം.
അടുത്തകാലത്ത് ഈ സ്ഥിതിക്ക് തെല്ല് മാറ്റം വന്നുതുടങ്ങിയതായിരുന്നു. ഫെസ്റ്റിവെലുകളില്‍ പ്രശംസ നേടിയ സജിന്‍ബാബുവിന്റെ അസ്തമയം വരെ, സനല്‍കുമാര്‍ ശശിധരന്റെ ഒഴിവുദിവസത്തെ കളി, സുദേവന്റെ സി.ആര്‍ നമ്പര്‍ 89 എന്നീ ചിത്രങ്ങള്‍ തീയേറ്ററില്‍ വിജയം നേടിയിരുന്നു. ഫെസ്റ്റിവെലുകളിലെ നേട്ടത്തിന്റെ പൊലിമ നഷ്ടപ്പെടുത്താതെ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നു. ഈ ചിത്രങ്ങളുടെ സംവിധായകര്‍ തന്നെയാണ് നവമാധ്യമങ്ങള്‍ വഴിയുള്ള ഇത്തരം പ്രചരണങ്ങള്‍ക്ക് മുന്നില്‍നിന്നതെന്ന് ശ്രദ്ധേയം. ഇതിന്റെ ഗുണം ഈ ചിത്രങ്ങളുടെ തീയേറ്റര്‍ റിലീസിന് ഏറെ ഗുണം ചെയ്യുകയുണ്ടായി. നാലാഴ്ചയോളമാണ് അസ്തമയം വരെ, സി.ആര്‍ നമ്പര്‍ നമ്പര്‍ 89, ഒഴിവുദിവസത്തെ കളി എന്നീ ചിത്രങ്ങള്‍ തീയേറ്ററില്‍ ഓടിയത്. ഇതില്‍ ഹൗസ്ഫുള്‍ ഷോകള്‍ പോലുമുണ്ടായിരുന്നുവെന്നത് സമാന്തരസിനിമകളുടെ സമീപകാല ചരിത്രത്തിലെ അത്ഭുതകരമായ നേട്ടമായി വിലയിരുത്തപ്പെടുന്നു. കൂട്ടത്തില്‍ വലിയ വിജയം നേടിയ ഒഴിവുദിവസത്തെ കളിയുടെ വിതരണം ആഷിഖ് അബു ഏറ്റെടുത്തതോടെ ഈ ചിത്രത്തിന്റെ തലവര തന്നെ മാറി. മുപ്പതിലേറെ തീയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. കണ്ടവര്‍ മികച്ച അഭിപ്രായം രേഖപ്പെടുത്തിയതും മാധ്യമങ്ങളുടെ പിന്തുണയും മറ്റേതു ചിത്രങ്ങളേക്കാള്‍ ഒഴിവുദിവസത്തെ കളിക്ക് അനുകൂലമായ ഇടമുണ്ടാക്കിക്കൊടുത്തു. 
ആഖ്യാനശൈലികൊണ്ട് മേല്‍പ്രസ്താവിച്ച സിനിമകളെക്കാള്‍ ഉയരത്തില്‍ നില്‍ക്കുന്ന മണ്ട്രോതുരുത്തിനുലഭിച്ച സ്വീകാര്യത നേര്‍മറിച്ചായി. ഈ വര്‍ഷം തീയേറ്ററുകളിലെത്തിയ ഷാനവാസ് നരണിപ്പുഴയുടെ കരി, ഡോ.ബിജുവിന്റെ വലിയ ചിറകുകളുള്ള പക്ഷികള്‍, മനോജ് കാനയുടെ അമീബ എന്നീ ചിത്രങ്ങള്‍ക്ക് സംഭവിച്ചതുതന്നെ മണ്ട്രോതുരുത്തിന്റെ കാര്യത്തിലും ആവര്‍ത്തിക്കുകയാണുണ്ടായത്. 
മനസ്സെന്ന മണ്ട്രോതുരുത്ത്


'എത്ര തുഴഞ്ഞാലും എത്താ തുരുത്ത്. 
എത്ര നടന്നാലും തീരാ തുരുത്ത്. 
നോക്കാതെ കണ്ടും പറയാതെ കേട്ടും 
എല്ലാരുമെത്തും തുരുത്ത്.'


ഓരോ മനസ്സും ഓരോ മണ്ട്രോതുരുത്താണ്. അധികമൊന്നും പിടികൊടുക്കാതെ കിടക്കുന്ന, എത്ര തുഴഞ്ഞാലും കരയെത്താത്ത, എത്തിയാലും എത്തിയെന്ന് ഉറപ്പിക്കാനാകാത്തവിധം അത്ഭുതങ്ങള്‍ ഒളിപ്പിച്ചുവെച്ചവ. പി.എസ് മനു ഈ തുരുത്തിലേക്കാണ് നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നത്. ഇതിലെ കഥാപാത്രങ്ങളോരോന്നും ഇത്തരം തുരുത്തുകളാണെന്നുതോന്നും. അവര്‍ക്ക് പരസ്പരവും അറിയാനാകുന്നില്ല. അറിയാമെന്ന് ധരിക്കുന്നെങ്കിലും അത് അവരവരുടെ മാത്രം ധാരണയായി ഒതുങ്ങിപ്പോകുന്നു. തലമുറകള്‍ തമ്മിലുള്ള ആശയസംഘര്‍ഷവും ശരി,ശരികേടുകളും വൈരുദ്ധ്യങ്ങളുമെല്ലാം മണ്ട്രോതുരുത്തിലെ കഥാപാത്രങ്ങളിലൂടെ കടന്നുവരുന്നുണ്ട്. 
ഇത്തരമൊരു വിഷയം പറയാന്‍ ഒറ്റപ്പെട്ടതും ഓരോ നിമിഷത്തിലും നിലനില്‍പ്പ് അനിശ്ചിതത്വത്തിലുമായ മണ്ട്രോതുരുത്തുപോലൊരു സ്ഥലം തെരഞ്ഞെടുത്തതില്‍ സംവിധായകന്‍ ഏറെ അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. മണ്ട്രോതുരുത്തിലാവട്ടെ, മറ്റേതൊരു ചെറിയ ഇടത്തിലാവട്ടെ തങ്ങളുടെ ഇത്തിരിലോകത്തെ ചെറിയ കാര്യങ്ങളുടെ തമ്പുരാക്കന്മാരായ മനുഷ്യര്‍ ആ ചെറിയ ഭൂമികകളില്‍ ഏറെ സന്തോഷവാന്മാരായിരിക്കും. അവിടേക്കുള്ള കടന്നുകയറ്റങ്ങളും കടന്നുവരവുകളും അവരെ അസ്വസ്ഥതപ്പെടുത്തുമെങ്കിലും സ്വീകരിക്കാന്‍ മടികാണിക്കില്ല. എന്നാല്‍ ഇതരകടന്നുവരവുകാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ തങ്ങളുടെതുമായി ഒത്തുപോകാതെ വരുമ്പോള്‍ സംഘര്‍ഷം ഉടലെടുക്കുന്നു. ഒടുക്കം അന്തിമ തീരുമാനങ്ങളില്‍ ഇരയാകുന്നതാരെന്ന ചോദ്യം സംഘര്‍ഷത്തിലെത്തിക്കും. 

ഇന്ദ്രന്‍സിന്റെ പരകായപ്രവേശം

ഇന്ദ്രന്‍സ് എന്ന നടന്റെ അത്ഭുതകരമായ പരകായപ്രവേശവും മിതത്വുമാണ് മണ്ട്രോതുരുത്തിനെ ആകര്‍ഷകമാക്കുന്ന മറ്റൊരു സംഗതി. തൊണ്ണൂറുകളില്‍ ഇന്ദ്രന്‍സിന്റെ ശരീരത്തിന്റെ മെലിച്ചിലിനെ ആവര്‍ത്തിച്ചുപയോഗിച്ചും കളിയാക്കിയും സംവിധായകരും എഴുത്തുകാരും കാണികളെ നിരന്തരം ചിരിപ്പിച്ചു. പിന്നീട് അത് രണ്ടുകൂട്ടര്‍ക്കും മടുത്തപ്പോള്‍ അവസാനിപ്പിക്കുകയുമുണ്ടായി. 
പക്ഷേ കഴിവുള്ള ഒരു നടനെ ശരീരത്തിലാവാഹിച്ചുവെച്ചിരുന്ന ഇന്ദ്രന്‍സ് വര്‍ഷങ്ങള്‍ക്കുശേഷം വിസ്മയങ്ങള്‍ തീര്‍ക്കാന്‍ തന്നെ ഒരുമ്പെട്ടിരിക്കുകയാണെന്ന് തോന്നിപ്പിക്കുന്ന അനേകം വേഷങ്ങള്‍. അക്കൂട്ടത്തില്‍ അതീവമികവ് പ്രകടിപ്പിക്കുന്നതാണ് മണ്ട്രോതുരുത്തിലെ മുത്തച്ഛന്‍ വേഷം. അഭിനയത്തിലെ ആയാസതയും ഒതുക്കവും സംഘര്‍ഷങ്ങള്‍ ഒളിപ്പിച്ച ഭാവങ്ങളുമായി ഇന്ദ്രന്‍സ് വലിയ നടനിലേക്കുള്ള ഗ്രാഫ് ഒന്നുകൂടെ ഉയര്‍ത്തുമ്പോള്‍ ഇക്കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡിലെ മികച്ച നടനുള്ള അവാര്‍ഡ് വിലയിരുത്തപ്പെടുക ഇന്ദ്രന്‍സിന് കിട്ടാതെ പോയ പുരസ്‌കാരം എന്ന നിലയിലായിരിക്കും. സംസ്ഥാന അവാര്‍ഡ് നിര്‍ണയത്തിന്റെ മാനദണ്ഡം മറ്റ് സ്വകാര്യ അവാര്‍ഡ് നൈറ്റുകളെപ്പോലെ കലാമൂല്യത്തില്‍നിന്നകന്ന് കച്ചവടത്തിനുപിറകെ പോകുന്ന മാറ്റം പ്രത്യക്ഷപ്പെട്ടുതുടങ്ങിയതോടെ ഇന്ദ്രന്‍സിനെയോ വിനായകനെയോ പോലുള്ള നടന്മാരുടെ പ്രകടനം കാണാതെ പോകുകയും ജനപ്രിയ നായകനടന്മാര്‍ക്ക് മാത്രം കിട്ടുന്നതായി മികച്ച നടന്‍ എന്ന അവാര്‍ഡ് വിഭാഗം മാറുകയും ചെയ്തിരിക്കുന്നു.

സ്ത്രീശബ്ദം, ഡിസംബര്‍, 2016

Monday, 19 December 2016

ഐ.എഫ്.എഫ്.കെ-2016
സിനിമകളുടെ സെലക്ഷന് ഷേക്ക് ഹാന്റ്

കൈരളിയില്‍നിന്ന് ടാഗോറിലേക്ക് പൂര്‍ണമായി പറിച്ചുനട്ട ചലച്ചിത്രമേള മികച്ച സിനിമകളുടെ തിരഞ്ഞെടുപ്പുകൊണ്ടാണ് ഇത്തവണ ശ്രദ്ധേയമായത്. ഒട്ടേറെ മികച്ച സിനിമകള്‍ കാണാനായി എന്ന സംതൃപ്തിയോടെയായിരിക്കും ചലച്ചിത്രോത്സവ പ്രതിനിധികള്‍ ഇത്തവണ തിരികെ വണ്ടികയറുക. വിവിധ വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിച്ച 184 ചിത്രങ്ങളില്‍ ഭൂരിഭാഗവും ആസ്വാദകരില്‍ മികച്ച അഭിപ്രായമുണ്ടാക്കാന്‍ പോന്നതായിരുന്നു. പ്രതിനിധികള്‍ക്ക് മികച്ച തെരഞ്ഞെടുപ്പ് സാധ്യമാക്കിയ ചിത്രങ്ങളായിരുന്നു മത്സരവിഭാഗത്തിലും ലോകസിനിമാ വിഭാഗത്തിലും പ്രദര്‍ശിപ്പിച്ചത്. ലോകസിനിമാ വിഭാഗത്തിലെ സിനിമകളായിരുന്നു വൈവിധ്യത്തില്‍ മുന്നിലെത്തിയത്. 81 സിനിമകളാണ് ഈ വിഭാഗത്തില്‍ മാത്രമായി പ്രദര്‍ശിപ്പിച്ചത്.


മത്സരവിഭാഗത്തില്‍ കോള്‍ഡ് ഓഫ് കലാന്‍ഡറും ക്ലാഷും

മേളയില്‍ ഏറ്റവുമധികം കാഴ്ചക്കാരുള്ള മത്സരവിഭാഗത്തില്‍ ജനപ്രിയതയില്‍ ടര്‍ക്കിഷ് ചിത്രം കോള്‍ഡ് ഓഫ് കലാന്‍ഡറും ഈജിപ്തില്‍നിന്നുള്ള ക്ലാഷും മുന്നിലെത്തി. സുവര്‍ണചകോരത്തിന് മത്സരിക്കുന്ന മറ്റു ചിത്രങ്ങളായ സിങ്ക്, വെയര്‍ഹൗസ്ഡ്, ഡെയ് ബ്യൂട്ടിഫുള്‍, വേര്‍ ആര്‍ മൈ ഷൂസ്, കാടുപൂക്കുന്ന നേരം, മാന്‍ഹോള്‍ എന്നിവയും മികച്ച പ്രതികരണമുണ്ടാക്കി.
മത്സരവിഭാഗത്തില്‍ ഏറ്റവുമധികം ശ്രദ്ധനേടിയത് ടര്‍ക്കിഷ് ചിത്രമായ കോള്‍ഡ് ഓഫ് കലാന്‍ഡറാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധവും മനുഷ്യന്റെ അതിജീവനവും വിഷയമാക്കിയ ചിത്രം മുസ്തഫ കാരാ എന്ന സംവിധായകന്റെ പ്രയത്‌നത്തിന്റെ വിജയം കൂടിയാണ്. വിവിധ ഋതുക്കളില്‍ പ്രകൃതിക്ക് സംഭവിക്കുന്ന മാറ്റത്തിനായി കാത്തിരുന്ന് ചിത്രീകരിച്ച കോള്‍ഡ് ഓഫ് കലാന്‍ഡര്‍ മികച്ച ദൃശ്യാനുഭവം കൂടി സമ്മാനിച്ചാണ് മത്സരത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.
ഈജിപ്തിലെ ജനാധിപത്യ പ്രക്ഷോഭവും ജനങ്ങളുടെ ചെറുത്തുനില്‍പ്പും ഭിന്നതയും വിഷയമാക്കിയ മുഹമ്മദ് ദിയാബിന്റെ ഈജിപ്ഷ്യന്‍ ചിത്രം ക്ലാഷ് ആണ് മത്സരവിഭാഗത്തില്‍ ജനക്കൂട്ടത്തെ ആകര്‍ഷിച്ച മറ്റൊരു ചിത്രം. തിരക്കുകാരണം ക്ലാഷിന് അധിക പ്രദര്‍ശനവും നടത്തുകയുണ്ടായി.
കിയോമാര്‍സ് പൗരാഹമദ് സംവിധാനം ചെയ്ത ഇറാന്‍ ചിത്രം വേര്‍ ആര്‍ മൈ ഷൂസ് ആണ് കാണികളുടെ സജീവശ്രദ്ധയാകര്‍ഷിച്ച മറ്റൊരു ചിത്രം. അല്‍ഷിമേഴ്‌സ് ബാധിതനായ ഹബീബ് കവേ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് മുന്നോട്ടുനിങ്ങുന്ന സിനിമ ആഖ്യാനം കൊണ്ടും അഭിനയമികവും കൊണ്ട് മികച്ച സാന്നിധ്യമായി മാറി.
തൊഴിലാളി, മനുഷ്യന്‍ എന്നീ നിലകളില്‍ പുലര്‍ത്തേണ്ട സാമൂഹിക ഉത്തരവാദിത്തങ്ങള്‍ കേവലം രണ്ടു കഥാപാത്രങ്ങളുടെ സംഭവാഷണത്തിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് സ്പാനിഷ് ചിത്രം 'വെയര്‍ ഹൗസി'ല്‍. വേറിട്ട ആഖ്യാനം കൊണ്ടാണ് ഈ ചിത്രം മത്സരവിഭാഗത്തില്‍ കൈയ്യടി നേടിയത്.
മലയാളത്തില്‍നിന്ന് മത്സരവിഭാഗത്തിലെത്തിയ വിധു വിന്‍സെന്റിന്റെ 'മാന്‍ഹോളി'ന് ആദ്യപ്രദര്‍ശനത്തോടെ വലിയ പ്രേക്ഷകപ്രീതി നേടാന്‍ കഴിഞ്ഞു. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജീവിതങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയ ചിത്രം പറഞ്ഞിരിക്കുന്ന വിഷയംകൊണ്ടും സാമൂഹികപ്രതിബദ്ധത കൊണ്ടും മേളയില്‍ മലയാളത്തിന്റെ അഭിമാനചിത്രമായി മാറി.
മത്സരവിഭാഗത്തിലെ രണ്ടാമത്തെ മലയാള ചിത്രം ഡോ.ബിജുവിന്റെ 'കാടുപൂക്കുന്ന നേരം' സാമൂഹ്യപ്രതിബദ്ധത കൊണ്ട് ശ്രദ്ധേയമായി. മാവോയിസ്റ്റ്, ഭരണകൂടം, സാധാരണക്കാരന്റെ പ്രതിനിധിയായ മനുഷ്യന്‍ എന്നിവയെല്ലാം ചിത്രത്തില്‍ ചര്‍ച്ചായാകുന്നു.


ലോകസിനിമയില്‍ ഡോട്ടര്‍, ദ നെറ്റ്, നെരൂദ, നവാരാ

ലോകസിനിമാ വിഭാഗത്തില്‍ ഡോട്ടര്‍, ഇന്‍ഡിവിസിബിള്‍, ഏയ്ജല്‍, സുവോളജി, മിനിസ്ട്രി ഓഫ് ലൗ, നെരൂദ, ദ നെറ്റ്, ഓര്‍ഡിനറി പീപ്പിള്‍, നവാരാ, പാര്‍ട്ടിങ്, ദ ഡ്രീമര്‍ദ വാള്‍ട്ടിങ്, രാരാ തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷകപ്രീതിയില്‍ മുമ്പിലെത്തി.
കിം കി ഡുക്കിന്റെ തിരിച്ചുവരവെന്ന് വിലയിരുത്തപ്പെട്ട 'ദ നെറ്റ' മേളയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട സിനിമകളിലൊന്നാണ്.  ഉത്തര, ദക്ഷിണ കൊറിയകളുടെ രാഷ്ട്രീയവും ജീവിതവും പറയുന്ന നെറ്റ് കിം കി ഡുക്കിന്റെ ശൈലിമാറ്റത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാകുന്നു. മേളയിലെ എല്ലാ പ്രദര്‍ശനങ്ങളിലും നെറ്റിന് അഭൂതപൂര്‍വ്വമായ ജനത്തിരക്കായിരുന്നു.
റേസാ മിര്‍കാരിമിയുടെ ഇറാനിയന്‍ ചിത്രം ഡോട്ടര്‍ ആണ് ആദ്യദിനങ്ങളില്‍ സജീവചര്‍ച്ചയ്ക്കിടയായ മറ്റൊരു ലോകസിനിമ. ഇറാനിലെ യാഥാസ്ഥിതിക കുടുംബ സങ്കല്‍പ്പങ്ങളും അതില്‍നിന്ന് വിട്ടുപോകാന്‍ ആഗ്രഹിക്കുന്ന പുതുതലമുറയും ചിത്രത്തില്‍ കടന്നുവരുന്നു. ഈജിപ്ഷ്യന്‍ ചിത്രം നവാരാ ആദ്യപ്രദര്‍ശനം മുതല്‍ പ്രതിനിധികള്‍ക്കിടയില്‍ മികച്ച അഭിപ്രായമുണ്ടാക്കി. ഇറ്റാലിയന്‍ ചിത്രം ഇന്‍ഡിവിസിബിള്‍, ബെല്‍ജിയം ചിത്രം ഏഞ്ജല്‍ എന്നിവ മേളയില്‍ ആദ്യദിനം തന്നെ അവസരമുണ്ടാക്കിയവയാണ്.

യുദ്ധവും ആഭ്യന്തര സംഘര്‍ഷങ്ങളും വിഷയമാക്കുന്ന സിനിമകളെക്കാള്‍ വ്യക്തിബന്ധങ്ങളിലേക്കും മനുഷ്യമനസ്സിലേക്കുമാണ് ലോകസിനിമാ വിഭാഗം കടന്നുചെന്നത്. എ ബ്ലൂ മൗത്ത്ഡ് ഫേസ് (കൊറിയ), അല്‍ബ (സ്‌പെയിന്‍), ഇന്‍ഡാപ്റ്റബിള്‍ (ഇറാന്‍), അക്വാറിയസ് (പോര്‍ച്ചുഗീസ്), ഏയ്ജല്‍, എല്ലേ, എന്‍ഡ്‌ലസ് പോയട്രി (ഫ്രഞ്ച്) തുടങ്ങിയ ചിത്രങ്ങള്‍ എത്തുന്നത്. അലോയ്‌സ് (ജര്‍മന്‍), അമാ സിന്‍ (ജപ്പാന്‍), ഇന്‍ഡിവിസിബിള്‍ (ഇറ്റലി), ഗ്രാജ്വേഷന്‍, ഇല്ലെജിറ്റിമേറ്റ് (റൊമാനിയ), ഓഗ്രസ് (ഫ്രഞ്ച്) എന്നീ ചിത്രങ്ങള്‍ ആഖ്യാനം കൊണ്ട് വ്യത്യസ്തമായവയാണ്.



സാന്നിധ്യമറിയിച്ച് ഇന്ത്യന്‍ സിനിമ

രാജ്യത്തെ സമകാലിക ജീവിതാവസ്ഥ അടയാളപ്പെടുത്തുന്ന ഒട്ടേറെ ചിത്രങ്ങള്‍ തെരഞ്ഞെടുത്ത് പ്രദര്‍ശിപ്പിച്ചതിലൂടെഇന്ത്യന്‍ സിനിമ സജീവസാന്നിധ്യമറിയിച്ച മേള കൂടിയായിരുന്നു ഇത്.
ഇന്ത്യന്‍ സിനിമ ഇന്ന്, മൈഗ്രേഷന്‍, ജെന്‍ഡര്‍ ബെന്‍ഗര്‍, മത്സരവിഭാഗം, മലയാള സിനിമ ഇന്ന് എന്നീ വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ സിനിമകളില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനതയുടെ ശബ്ദങ്ങളും സാമൂഹിക, രാഷ്ട്രീയാവസ്ഥകളുടെ നേര്‍ക്കാഴ്ചയും ചര്‍ച്ചചെയ്യപ്പെട്ടു.

പ്രദീപ് കുര്‍ബായുടെ ഒന്നാത്ത സ്ത്രീകള്‍ക്കുനേരെ ഇന്ത്യയില്‍ ആവര്‍ത്തിക്കുന്ന ആക്രമങ്ങളോടുള്ള പ്രതികരണവും ഓര്‍മപ്പെടുത്തലുമായി. തമിഴ് ചിത്രം മെര്‍ക്കു തൊടര്‍ച്ചി മലൈ കേരള-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള തോട്ടം തൊഴിലാളികളുടെ ജീവിതത്തില്‍ മുതലാളിത്തത്തിന്റെയും പുതിയ വ്യവസായങ്ങളുടെയും കടന്നുവരവ് സൃഷ്ടിക്കുന്ന ആഗാധമാണ് ചര്‍ച്ചചെയ്യുന്നത്. ബംഗാളി ചിത്രം ചിത്രകോര്‍ കലയും കച്ചവടവും തമ്മിലുള്ള സംഘര്‍ഷങ്ങളാണ് വിഷയമാക്കുന്നത്. ഡോ.ബിജുവിന്റെ കാടു പൂക്കുന്ന നേരം മാവോയിസവും അധികാരവുമാണ് ചര്‍ച്ചചെയ്യുന്നത്. വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനതയ്ക്കുവേണ്ടിയുള്ള ഉറച്ച ശബ്ദമാണ്.
മൈഗ്രേഷന്‍ പാക്കേജില്‍ പ്രദര്‍ശിപ്പിച്ച കെ.എം.കമാലിന്റെ ഐ.ഡി,
ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഹിന്ദി ചിത്രമായ പാര്‍ച്ച്ഡ്, ഷാനവാസ് ബാവക്കുട്ടിയുടെ കിസ്മത്ത്, രാജീവ് രവി ചിത്രം കമ്മട്ടിപ്പാടം, ജയന്‍ ചെറിയാന്റെ കാ ബോഡിസ്‌കേപ്പ്, ഷെറി ഗോവിന്ദനും ഷൈജു ഗോവിന്ദനും ചേര്‍ന്നൊരുക്കിയ ഗോഡ്‌സേ എന്നിവ ഇന്ത്യന്‍ സിനിമയുടെ ശക്തമായ ഇടപെടലായി മാറുന്നു.
ഇത്തവണ മേളയുടെ കേന്ദ്രപ്രമേയമായി അവതരിപ്പിക്കപ്പെട്ട കുടിയേറ്റവും ലിംഗസമത്വവും വിഷയമാക്കിയ ചിത്രങ്ങള്‍ക്കും നിരവധി കാഴ്ചക്കാരുണ്ടായിരുന്നു.


മാതൃഭൂമി നഗരം, ഡിസംബര്‍ 16, 2016
ടാഗോര്‍ മുറ്റത്തെ മേള; കൈരളിപ്പടവെന്ന ഓര്‍മ

മേളപ്പറമ്പെന്നാല്‍ ഇപ്പോള്‍ ടാഗോര്‍ മുറ്റമാണ്. സിനിമ കാണാന്‍ ഏതു തീയേറ്ററിലു പോകാം. പക്ഷേ ടാഗോറിലെത്തിയാലേ മേളയുടെ ഓളം അനുഭവിക്കാനാകൂ. ചലച്ചിത്ര മേളയെന്നാല്‍ തീയേറ്ററിനകത്തിരുന്ന് സിനിമ കാണുന്നതു മാത്രമല്ല, പുറത്തെ ആഘോഷങ്ങളും സൗഹൃദചര്‍ച്ചകളും കൂടിയാണെന്ന് ചിന്തിക്കുന്ന ഭൂരിഭാഗവും ടാഗോര്‍ മുറ്റത്ത് കേന്ദ്രീകരിക്കുകയാണ്. ഇതോടെ കേരള രാജ്യാന്തര ചലതച്ചിത്ര മേളയുടെ മുഖമായി ടാഗോര്‍ തീയേറ്റര്‍ മാറിക്കഴിഞ്ഞു.
രാവിലെ ഏഴരമുതല്‍ പ്രതിനിധികളുടെയും ചലച്ചിത്ര പ്രവര്‍ത്തകരുടെയും തിരക്ക് തുടങ്ങുന്ന ടാഗോറില്‍ രാവേറെ ചെല്ലുന്തോറും ആളും ആരവവും തന്നെ. പ്രതിനിധികളുടെ തിരക്കിനുപുറമെ മേളയുടെ പവലിയനുകളും സാംസ്‌ക്കാരിക പരിപാടികളും സൗഹൃദക്കൂട്ടങ്ങളുമെല്ലാം ടാഗോര്‍ കേന്ദ്രീകരിച്ചാണ്. ഇതോടെ കൈരളിപ്പടവുകളിലെ മേളക്കാലം ഗൃഹാതുരമാകുകയാണ്.
മത്സരവിഭാഗത്തിലേതടക്കം ചലച്ചിത്രമേളയിലെ മികച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച ടാഗോര്‍ തീയേറ്ററിലെ എല്ലാ പ്രദര്‍ശനങ്ങളും നിറഞ്ഞ സദസ്സിലായിരുന്നു. തീയേറ്ററിനുപുറത്ത് നീണ്ട വരികള്‍ രൂപപ്പെടാത്ത ഒറ്റ പ്രദര്‍ശനവും ടാഗോറിലുണ്ടായിരുന്നില്ല. ഇതിനുപുറമെ ഓപ്പണ്‍ ഫോറം, ഡെലിഗേറ്റ് സെല്‍, ഫെസ്റ്റിവെല്‍ ഓഫീസ്, മീഡിയ സെല്‍, വിവിധ പവലിയനുകള്‍ തുടങ്ങി എല്ലായിടത്തും എല്ലാ നേരവും തിരക്ക്. വിദേശി, സ്വദേശി ചലച്ചിത്രപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും  കേന്ദ്രീകരിച്ചിരിക്കുന്നതും ടാഗോറില്‍. വിശാലമായ കാമ്പസില്‍ അവിടവിടെയായി സൗഹൃദക്കൂട്ടങ്ങള്‍ വര്‍ത്തമാനവും പാട്ടും സിനിമാചര്‍ച്ചയുമായി സദാസമയം ഓളം സൃഷ്ടിക്കുന്നു. ചായക്കടകള്‍ക്കും ഫുഡ് പവലിയനുകള്‍ക്കും മുമ്പില്‍ എപ്പൊഴും ആള്‍ക്കൂട്ടം. വൈകിട്ട് ഏഴു മണിക്ക് സാംസ്‌ക്കാരിക പരിപാടികള്‍ ആരംഭിക്കുന്നതോടെയാണ് ടാഗോര്‍ മേളപ്പെരുക്കത്തിലെത്തുന്നത്. നാടന്‍ കലാവതരണങ്ങളും റോക്ക് ബാന്റുകളുടെ പ്രകടനങ്ങളും ഒരേ മനസൈക്യത്തോടെ പ്രതിനിധികള്‍ ഏറ്റെടുക്കുകയാണ്. മേളമുറ്റത്തെ ഈ പാട്ടും ഏറ്റുപാട്ടും പാതിര വരെ നീളും.
ടാഗോര്‍ മേളയുടെ കേന്ദ്രമായതോടെ കൈരളി തീയേറ്റര്‍ മുറ്റത്ത് സിനിമ കാണാന്‍ വരുന്നവരുടെ തിരക്ക് മാത്രമായി ചുരുങ്ങി. കൈരളിപ്പടവുകളില്‍ ഇരിക്കുകയെന്ന മേളപ്പതിവിനും മാറ്റം വന്നു. മേളയുടെ വര്‍ഷങ്ങളായുള്ള പതിവുകാരില്‍ ചിലര്‍ ഗൃഹാതുരത കൊണ്ടാകാം അല്‍പനേരം കൈരളിപ്പടവുകളില്‍ ചെന്നിരിക്കുന്നതു കാണുന്നുണ്ട്. നാടന്‍പാട്ടും കവിതയും പ്രതിഷേധക്കൂട്ടായ്മകളുമായി സജീവമാകാറുള്ള ബാക്കി പതിവുകളെല്ലാം പടവുകളില്‍ ഓര്‍മയായ്ി. കഴിഞ്ഞ ദിവസം കൈരളി തീയേറ്ററില്‍ പ്രദര്‍ശനത്തെ ചൊല്ലിയുണ്ടായ പ്രതിഷേധത്തോടെ പ്രതിനിധികള്‍ക്കായി പടവുകളില്‍ താത്ക്കാലിക കൗണ്ടറുകളും കെട്ടിയൊരുക്കുകയും ചെയ്തു.

മാതൃഭൂമി നഗരം, ഡിസംബര്‍ 14, 2016

ഇന്ത്യന്‍ സിനിമ രാഷ്ട്രീയം സംസാരിക്കുമ്പോള്‍


സമകാലിക ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കല വ്യവസ്ഥിതികളോട് കലഹിക്കുന്നതെങ്ങനെയെന്നത് ഏറെ പ്രസക്തമായ ചോദ്യമാണ്. ജനപ്രിയ കലാരൂപമെന്ന നിലയില്‍ സിനിമയുടെ രാഷ്ട്രീയവും ചിന്തകളും അടയാളപ്പെടുത്തലുകളും വലിയ രീതിയിലുള്ള ചര്‍ച്ചയ്ക്കും സ്വാധിനത്തിനും വഴിതെളിക്കും.
ദളിതവസ്ഥ, ജാതിരാഷ്ട്രീയം, ജനാധിപത്യ രാജ്യത്തില്‍ വ്യക്തിയുടെ പ്രസക്തി, പൗരനുമേല്‍ ഭരണകൂടത്തിന്റെ ഇടപെടല്‍, കോര്‍പ്പറേറ്റുകളുടെ വളര്‍ച്ചയും ഇടപെടലും, ആഗോളീകരണകാലത്തെ കലയുടെ സാധ്യത, പരിസ്ഥിതി, സ്ത്രീ, വിദ്യാഭ്യാസം തുടങ്ങി രാജ്യത്ത് നിരന്തരം ചര്‍ച്ചയാകുന്ന വിഷയങ്ങളെ സിനിമയ്ക്ക് കണ്ടില്ലെന്നു നടിക്കാനാവില്ല.
ഇന്ത്യന്‍ സിനിമയെന്നാല്‍ ബോളിവുഡിലുള്‍ച്ചേര്‍ന്ന വിനോദസങ്കല്‍പം എന്ന രീതി നിലനില്‍ക്കെത്തന്നെ സാമൂഹികപ്രശ്‌നങ്ങളും ജനങ്ങളുടെ അതിജീവനവും കൂടി പറയേണ്ട ഉത്തരവാദിത്തം കലയ്ക്കുണ്ടെന്ന ചിന്തയില്‍നിന്നാണ് സമാന്തര സിനിമകളുടെ പ്രസക്തി വര്‍ധിച്ചത്. രാജ്യത്ത് അസ്വാരസ്യങ്ങള്‍ വര്‍ധിച്ചുവരുന്ന പുതിയ കാലത്ത് ഇത്തരം വിഷയങ്ങള്‍ അടയാളപ്പെടുത്തുന്ന ഒട്ടനവധി സിനിമകളാണ് പുറത്തുവരുന്നത്. ബോളിവുഡ് മസാലകള്‍ക്കും ഗിമ്മിക്കുകള്‍ക്കുമിടയില്‍ ചെറുശബ്ദമായി ഒതുക്കപ്പെടുന്നുണ്ടെങ്കിലും അവ ചെറുത്തുനില്‍പ്പിന്റെ ശക്തമായ െൈകകള്‍ അവശേഷിപ്പിക്കുന്നു. ഇതിന്റെ തെളിവെന്നോണമാണ് മറാത്തി ഭാഷയില്‍നിന്നുള്ള സിനിമകള്‍ ഇന്ത്യന്‍ സിനിമയുടെ നേരവസ്ഥയായി ശക്തമായ ഭാഷയില്‍ പുതിയ ദശകത്തില്‍ ഉയിര്‍ക്കൊണ്ടുവന്നത്.
തമിഴ് സിനിമയില്‍ രണ്ടായിരത്തിന്റെ അവസാന പകുതിയില്‍ ഉയിര്‍ക്കൊള്ളുകയും മറ്റു ഭാഷകളിലേക്ക് പരിവര്‍ത്തനം ചെയ്യുകയുമായിരുന്നു ഇന്ത്യന്‍ ഗ്രാമജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍. ഒഡീഷ, കര്‍ണാടക, കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നാണ് കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഇത്തരം സിനിമകള്‍ കൂടുതലായി നിര്‍മിക്കപ്പെട്ടത്. തീയേറ്ററുകള്‍ അവഗണിക്കുന്ന ഇത്തരം ചിത്രങ്ങളുടെ ആശ്രയം ചലച്ചിത്ര മേളകളാണ്. ഫാന്‍ട്രി, ഡിസംബര്‍ ഒന്ന്, കോര്‍ട്ട്, ഊംഗ, പാപ്പിലിയോ ബുദ്ധ, ഐ.ഡി, കരി, അമീബ, വലിയ ചിറകുകുള്ള പക്ഷികള്‍, വിസാരണൈ, സ്റ്റാന്‍ലി കാ ഡബ്ബാ തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ ഈ ധാരയില്‍ പുറത്തുവന്നു.

സമകാലിക ഇന്ത്യന്‍ ജീവിത സാഹചര്യങ്ങളും നവചിന്താധാരകളും അടയാളപ്പെടുത്തുന്ന ചിത്രങ്ങള്‍ തെരഞ്ഞെടുത്ത് പ്രദര്‍ശിപ്പിച്ചതിലൂടെ ഇരുപത്തൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേള അതിന്റെ ഐക്യദാര്‍ഢ്യം കൂടിയാണ് പ്രഖ്യാപിക്കുകയാണ്. ഒരുപക്ഷേ ഇത്തവണ ലോകസിനിമകളെക്കാള്‍ രാഷ്ട്രീയം സംസാരിച്ചത് ഇന്ത്യന്‍ സിനിമകളായിരിക്കും.
ഇന്ത്യന്‍ സിനിമ ഇന്ന്, മൈഗ്രേഷന്‍, ജെന്‍ഡര്‍ ബെന്‍ഗര്‍, മത്സരവിഭാഗം, മലയാള സിനിമ ഇന്ന് എന്നീ വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ സിനിമകളില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനതയുടെ ശബ്ദങ്ങളും അതിജീവനവും സമകാലിക സാമൂഹിക, രാഷ്ട്രീയാവസ്ഥകളുടെ നേര്‍ക്കാഴ്ചയും ഉയര്‍ന്നുകേട്ടു.
ബലാത്സംഗം ചെയ്യപ്പെട്ട യുവതിയോട് സമൂഹം, മാധ്യമങ്ങള്‍, ഭരണകൂടം, കോടതി തുടങ്ങിയ സ്ഥാപനങ്ങള്‍ എങ്ങനെ ഇടപെടുന്നുവെന്ന് രാജ്യത്ത് അരങ്ങേറിയ അനേകം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് പ്രദീപ് കുര്‍ബായുടെ ഒനാത്ത എന്ന ചിത്രം. സ്ത്രീകള്‍ക്കുനേരെ ഇന്ത്യയില്‍ ആവര്‍ത്തിക്കുന്ന ആക്രമങ്ങളോടുള്ള പ്രതികരണവും ഓര്‍മപ്പെടുത്തലുമാകുന്നു ഒനാത്ത.
തമിഴ് ചിത്രം മെര്‍ക്കു തൊടര്‍ച്ചി മലൈ കേരള-തമിഴ് നാട് അതിര്‍ത്തിയിലുള്ള തോട്ടം തൊഴിലാളികളുടെ ജീവിതത്തില്‍ മുതലാളിത്തത്തിന്റെയും പുതിയ വ്യവസായങ്ങളുടെയും കടന്നുവരവ് സൃഷ്ടിക്കുന്ന ആഗാധമാണ് ചര്‍ച്ചചെയ്യുന്നത്. യഥാര്‍ഥ സംഭവങ്ങളെ അധികരിച്ച് ഗ്രാമീണരെത്തന്നെ ക്യാമറയ്ക്കു മുന്നിലെത്തിച്ചുവെന്നതാണ് ലെനിന്‍ ഭാരതി സംവിധാനം ചെയ്ത ചിത്രത്തിന്റെ സവിശേഷത.

ബംഗാളി ചിത്രം ചിത്രകോര്‍ കലയും കച്ചവടവും തമ്മിലുള്ള സംഘര്‍ഷങ്ങളാണ് വിഷയമാക്കുന്നത്.
മലയാളത്തില്‍നിന്ന് മത്സരവിഭാഗത്തില്‍ സാന്നിധ്യമറിയിച്ചിട്ടുള്ള രണ്ടു ചിത്രങ്ങളും തീവ്രരാഷ്ട്രീയം പറയുന്നുവെന്നത് ശ്രദ്ധേയമാണ്. ഡോ.ബിജുവിന്റെ കാടു പൂക്കുന്ന നേരം മാവോയിസവും അധികാരവുമാണ് ചര്‍ച്ചചെയ്യുന്നത്. കുറ്റകൃത്യം, ശരിതെറ്റുകള്‍, ഭരണകൂടം, സമാന്തര അധികാര സഥാപനങ്ങളുടെ വളര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ ഇരയും വേട്ടക്കാരനും തമ്മിലുള്ള സംസാരത്തിലൂടെ ചിത്രത്തില്‍ കടന്നുവരുന്നു.
വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനതയ്ക്കുവേണ്ടിയുള്ള ഉറച്ച ശബ്ദമാണ്. മാന്‍ഹോള്‍ വൃത്തിയാക്കുന്ന ജോലി ഇന്ത്യയില്‍ നിയമം മൂലം നിര്‍ത്തലാക്കിയെങ്കിലും ഈ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പതിനായിരക്കണക്കിനാളുകള്‍ നിലവില്‍ രാജ്യത്തുണ്ട്. ഇവര്‍ക്ക് സുരക്ഷയോ അപകടത്തില്‍പെടുമ്പോള്‍ നഷ്ടപരിഹാരമോ ലഭിക്കുന്നില്ല. സ്വാതന്ത്ര്യത്തിനുമുമ്പുതൊട്ട് ഈ ജോലിയില്‍ ഏര്‍പ്പെട്ടുവന്ന ജാതി വിഭാഗമാകട്ടെ ഒരു സംവരണത്തിലും ഉള്‍പ്പെടാതെ തീര്‍ത്തും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരായി എഴുപതു വര്‍ഷത്തിനുശേഷവും തുടരുന്നു.

മൈഗ്രേഷന്‍ പാക്കേജില്‍ പ്രദര്‍ശിപ്പിച്ച കെ.എം.കമാലിന്റെ ഐ.ഡി പൗരന്റെ വ്യക്തിത്വം തേടിയുള്ള അന്വേഷണമാണ്. വ്യക്തമായ മേല്‍വിലാസമോ തിരിച്ചറിയല്‍ രേഖയോ ഇല്ലാതെ ജീവിക്കുന്ന ആയിരക്കണക്കിനുവരുന്ന ഇന്ത്യക്കാരുടെ പ്രതിനിധിയാകുന്നു ഇതിലെ പേരില്ലാത്ത കൂലിവേലക്കാരന്‍. ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഹിന്ദി ചിത്രമായ പാര്‍ച്ച്ഡ് രാജ്യത്ത് നിലനില്‍ക്കുന്ന പുരുഷ മേധാവിത്വത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
യാഥാസ്ഥിതിക മതചുറ്റുപാടിന്റെ ഇരയാകേണ്ടി വരുന്ന പ്രണയികളുടെ കഥപറഞ്ഞ ഷാനവാസ് ബാവക്കുട്ടിയുടെ കിസ്മത്ത്, ദളിതരും തൊഴിലാളികളുമായ മനുഷ്യര്‍ മുഖ്യധാരയില്‍നിന്ന് എങ്ങനെ പുറന്തള്ളപ്പെടുന്നുവെന്ന് കാണിച്ച രാജീവ് രവി ചിത്രം കമ്മട്ടിപ്പാടം, ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും, സ്വതന്ത്ര ജീവിതത്തിനും മേലുള്ള സമൂഹത്തിന്റെയും രാഷ്ട്രീയത്തിന്റെയും കടന്നുകയറ്റം പറഞ്ഞ ജയന്‍ ചെറിയാന്റെ കാ ബോഡിസ്‌കേപ്പ്, ആഗോളീകരണ കാലത്തിനു മുമ്പും ശേഷവുമുള്ള കാലം വ്യക്തിജീവിതത്തിലെ ഇടപെടുന്നതാണ് ഷെറി ഗോവിന്ദനും ഷൈജു ഗോവിന്ദനും ചേര്‍ന്നൊരുക്കിയ ഗോഡ്‌സേ എന്നിവ  മലയാള സിനിമയുടെ ശക്തമായ ഇടപെടലായി മാറുന്നു.

മാതൃഭൂമി നഗരം, ഡിസംബര്‍ 15, 2016

ഐ.എഫ്.എഫ്.കെ-2016

വീട്ടിലേക്ക് തിരിച്ചെത്തുന്ന സിനിമ

വിവിധ രാജ്യങ്ങളില്‍ വിഭിന്ന സാമൂഹിക, രാഷ്ട്രീയ ചുറ്റുപാടില്‍ ജീവിക്കുന്ന മനുഷ്യര്‍. നമുക്ക് അപരിചിതമായ അവരുടെ ജീവിതം പലപ്പൊഴും കെട്ടുകഥകളാണെന്നു തോന്നും. ഇത്തരം ജീവിതയാഥാര്‍ഥ്യങ്ങളിലേക്ക് ക്യാമറക്കണ്ണ് തുറന്നുചെല്ലുമ്പോള്‍ കാഴ്ചക്കാര്‍ക്ക് ഒരേസമയം അത് പുതുമയും അനുഭവവവുമായി മാറുന്നു. നമ്മുടേതില്‍നിന്ന് വ്യത്യസ്തമായ സംസ്‌ക്കാരവും ആചാരാനുഷ്ഠാനങ്ങളുമെല്ലാം പുലര്‍ത്തുന്നെങ്കിലും മാനസികവ്യാപാരങ്ങളിലും കുടുംബ ബന്ധങ്ങളിലുമെല്ലാം സമാനതകള്‍ ഏറെയാണ്. ഇതര രാജ്യങ്ങളില്‍നിന്നുള്ള സിനിമകള്‍ കാണുമ്പോള്‍ ഇത്തരം വ്യത്യസ്ത ജീവിത സാഹചര്യങ്ങളിലൂടെയും സമാന മനസ്സിലൂടെയുമായിരിക്കും കാഴ്ചക്കാരന് സഞ്ചരിക്കാനാകുക.
യുദ്ധവും ആഭ്യന്തര സംഘര്‍ഷങ്ങളും വിഷയമാക്കുന്ന സിനിമകളെക്കാള്‍ വ്യക്തിബന്ധങ്ങളിലേക്കും മനുഷ്യമനസ്സിലേക്കുമാണ് ഇത്തവണ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ഭൂരിഭാഗം ചിത്രങ്ങളും കടന്നുചെന്നത്. 62 രാജ്യങ്ങളില്‍നിന്നായി 184 സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മുക്കാല്‍ പങ്കും ഇത്തരം പ്രമേയങ്ങളാണെന്നു കാണാം.
ലോകസിനിമാ വിഭാഗത്തില്‍ മാത്രമായി 81 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. വ്യക്തി, കുടുംബം, മൂല്യങ്ങള്‍, മാനസികവികാരങ്ങള്‍, ശരിതെറ്റുകള്‍ തുടങ്ങി മനുഷ്യജീവിതവുമായി അടുത്തുനില്‍ക്കുന്ന സമസ്യകളിലേക്കാണ് സിനിമകളുടെ പ്രമേയം കേന്ദ്രീകരിക്കുന്നത്. മത്സരവിഭാഗത്തിലെ 15 സിനിമകളില്‍ പകുതിയും വീട്ടകത്തിലേക്ക് ക്യാമറയുടെ മിഴി തുറന്നുവെയ്ക്കുന്നു. പാരിസ്ഥിതികപ്രശ്‌നങ്ങള്‍, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം, അതിജീവനസമരങ്ങള്‍, ജനജീവിതത്തില്‍ ആഭ്യന്തര കലാപങ്ങളുടെ ഇടപെടല്‍, യുദ്ധം പ്രഹരമേല്‍പ്പിച്ച ജനത തുടങ്ങിയ പ്രമേയപരിസരങ്ങളിലൂടെ കടന്നുപോകുന്ന സിനിമകള്‍ പ്രദര്‍ശനത്തിനുണ്ടെങ്കിലും അതിന്റെ എണ്ണം തുലോം കുറവാണ്.

പറഞ്ഞുതീരാത്തത്രയും കഥകളാല്‍ സമ്പന്നമാണ് മനുഷ്യജീവിതം. ഈ സ്ഥിതിക്ക് ഒരു കാലത്തും മാറ്റമില്ല. മാനുഷിക വികാരങ്ങളും തൃഷ്ണയും, ബന്ധങ്ങളുടെ ഇഴയടുപ്പവും അകല്‍ച്ചയും, ശരികേടുകളും കാമനകളും, വ്യക്തിയും സമൂഹവും തൊഴിലിടവുമായുള്ള ഇടപെടല്‍ എന്നിങ്ങനെ മനുഷ്യനുമായി ബന്ധപ്പട്ടുനില്‍ക്കുന്ന നൂറായിരം കാര്യങ്ങള്‍ സ്വാഭാവിക പരിണതിയെന്നോണം സിനിമയിലേക്കും കടന്നുവരുന്നു. ജീവിതം കെട്ടിപ്പടുക്കാനുള്ള മനുഷ്യന്റെ വ്യഗ്രത എല്ലായിടങ്ങളിലും ഒരുപോലെയാണെന്ന് ഈ സിനിമകള്‍ പറഞ്ഞുവെയ്ക്കുന്നു. ഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും അതിരുകള്‍ക്കപ്പുറം ജീവിതത്തിന്റെ ഭാഷ ഒന്നാണെന്ന് അവ നമ്മളോട് ഏറ്റവും അടുത്തുനിന്ന് സംവദിക്കുന്നു.
മേളയില്‍ ഏറ്റവുമധികം ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നായ 'ഡോട്ടര്‍' പരമ്പരാഗത കുടുംബ സങ്കല്‍പത്തില്‍നിന്നുകൊണ്ട് വ്യക്തിസ്വാതന്ത്ര്യത്തെയും സാമൂഹികാവസ്ഥകളെയും ചോദ്യംചെയ്യുകയാണ്. കുടുംബം വ്യക്തിക്ക് അനുവദിക്കുന്ന സ്വാതന്ത്ര്യമാണ് സാമൂഹത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് എത്തിക്കുന്നതിന്റെ അടിസ്ഥാനമെന്ന് ബന്ധങ്ങളിലെ ആഴത്തില്‍നിന്നുകൊണ്ടാണ് ഈ ഇറാനിയന്‍ ചിത്രം സംസാരിക്കുന്നത്.
കുടുംബവും സമൂഹവും ഒറ്റപ്പെടുത്തിയെങ്കിലും പുതിയൊരു ജീവിതം പ്രത്യാശിക്കുന്ന യുവതിയെ കൊറിയന്‍ ചിത്രമായ എ ബ്ലൂ മൗത്ത്ഡ് ഫേസില്‍ കാണാം. വ്യക്തിജീവിതത്തില്‍ വ്യവസ്ഥിതി ഇടപെടുമ്പോള്‍ അശരണരായിപ്പോകുന്ന കുടുംബത്തെയാണ് കിം കി ഡുക്ക് തന്റെ പുതിയ ചിത്രമായ നെറ്റിലൂടെ പരിചയപ്പെടുത്തുന്നത്. ജപ്പാന്‍ ചിത്രം ആഫ്റ്റര്‍ ദ സ്റ്റോം നാലു വ്യക്തികളിലൂടെ സഞ്ചരിച്ച് കുടുംബ ബന്ധത്തിന്റെ തീവ്രതയും പ്രണയനഷ്ടവും ഇതിവൃത്തമാക്കുന്നു. സ്പാനിഷ് സംവിധായിക അനാ ക്രിസ്റ്റീനയുടെ 'അല്‍ബ' ചര്‍ച്ച കടന്നുചെല്ലുന്നതും മനുഷ്യമനസ്സിലേക്കും ബന്ധങ്ങളിലേക്കുമാണ്. ബീയിങ് സെവന്റീന്‍ എന്ന ഫ്രഞ്ച് ചിത്രം കൗമാരകാലത്തെ നിഷ്‌കളങ്കമായ സ്‌നേഹബന്ധത്തെയാണ് അടയാളപ്പെടുത്തുന്നത്. ഓര്‍മകളും ഭൂതകാലവും പ്രമേയമാക്കുന്ന പേര്‍ഷ്യന്‍ ചിത്രം ഡ്യൂയറ്റ് ത്രികോണ ബന്ധത്തെ പരിചയപ്പെടുത്തുന്നു. പേര്‍ഷ്യന്‍ ഭാഷയിലുള്ള ഇന്‍ഡാപ്റ്റബിളും സമാനതയുള്ള വിഷയത്തിലൂടെ കടന്നുപോകുന്നു. അസര്‍ബൈജാനില്‍നിന്നുള്ള ഇന്നര്‍സിറ്റി ബന്ധത്തിനുവേണ്ടിയുള്ള ത്യാഗത്തിന്റെ കഥ പറയുമ്പോള്‍ ഫ്രഞ്ച് ചിത്രം ഇറ്റ്‌സ് ഓണ്‍ലി എന്റ് ഓഫ് ദ വേള്‍ഡ് എഴുത്തുകാരന്റെ ഒറ്റപ്പെടലും കുടുംബത്തിലെ അസ്വീകാര്യതയുമാണ് വിഷയമാക്കുന്നത്.
മനുഷ്യമനസ്സിന്റെ ഭ്രമാത്മകതയിലേക്കും വിചിത്ര സഞ്ചാരത്തിലേക്കുമാണ് അക്വാറിയസ് (പോര്‍ച്ചുഗീസ്), ഏയ്ജല്‍, എല്ലേ, എന്‍ഡ്‌ലസ് പോയട്രി (ഫ്രഞ്ച്) തുടങ്ങിയ ചിത്രങ്ങള്‍ എത്തുന്നത്. അലോയ്‌സ് (ജര്‍മന്‍), അമാ സിന്‍ (ജപ്പാന്‍), ഇന്‍ഡിവിസിബിള്‍ (ഇറ്റലി), ഗ്രാജ്വേഷന്‍, ഇല്ലെജിറ്റിമേറ്റ് (റൊമാനിയ), ഓഗ്രസ് (ഫ്രഞ്ച്) തുടങ്ങിയ ചിത്രങ്ങളെല്ലാം മനുഷ്യമനസ്സിലേക്കും കുടുംബബന്ധങ്ങളിലേക്കുമാണ് സഞ്ചരിക്കുന്നത്.
ക്ലെയര്‍ ഒബ്‌സ്‌ക്വര്‍, കോല്‍ഡ് ഓഫ് കലാന്‍ഡര്‍ (തുര്‍ക്കി) ഡെയ് ബ്യൂട്ടിഫുള്‍ (പിലിപ്പിന്‍സ്), നൈഫ് ഇന്‍ ദ ക്ലിയര്‍ വാട്ടര്‍, സോള്‍ ഓണ്‍ എ സ്ര്ടിങ്, (ചൈന), മാജ് രാതി കേതകി (ഇന്ത്യ), സിങ്ക് (ദക്ഷിണാഫ്രിക്ക),ദ കഴ്‌സ്ഡ് വണ്‍സ് (ഘാന), വേര്‍ ഈസ് മൈ ഷൂസ് (ഇറാന്‍) എന്നീ മത്സരവിഭാഗം ചിത്രങ്ങളിലും ഇത്തരം പ്രമേയങ്ങള്‍ കടന്നുവരുന്നു.

മാതൃഭൂമി നഗരം, ഡിസംബര്‍ 14, 2016