Monday, 19 December 2016

ഇന്ത്യന്‍ സിനിമ രാഷ്ട്രീയം സംസാരിക്കുമ്പോള്‍


സമകാലിക ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കല വ്യവസ്ഥിതികളോട് കലഹിക്കുന്നതെങ്ങനെയെന്നത് ഏറെ പ്രസക്തമായ ചോദ്യമാണ്. ജനപ്രിയ കലാരൂപമെന്ന നിലയില്‍ സിനിമയുടെ രാഷ്ട്രീയവും ചിന്തകളും അടയാളപ്പെടുത്തലുകളും വലിയ രീതിയിലുള്ള ചര്‍ച്ചയ്ക്കും സ്വാധിനത്തിനും വഴിതെളിക്കും.
ദളിതവസ്ഥ, ജാതിരാഷ്ട്രീയം, ജനാധിപത്യ രാജ്യത്തില്‍ വ്യക്തിയുടെ പ്രസക്തി, പൗരനുമേല്‍ ഭരണകൂടത്തിന്റെ ഇടപെടല്‍, കോര്‍പ്പറേറ്റുകളുടെ വളര്‍ച്ചയും ഇടപെടലും, ആഗോളീകരണകാലത്തെ കലയുടെ സാധ്യത, പരിസ്ഥിതി, സ്ത്രീ, വിദ്യാഭ്യാസം തുടങ്ങി രാജ്യത്ത് നിരന്തരം ചര്‍ച്ചയാകുന്ന വിഷയങ്ങളെ സിനിമയ്ക്ക് കണ്ടില്ലെന്നു നടിക്കാനാവില്ല.
ഇന്ത്യന്‍ സിനിമയെന്നാല്‍ ബോളിവുഡിലുള്‍ച്ചേര്‍ന്ന വിനോദസങ്കല്‍പം എന്ന രീതി നിലനില്‍ക്കെത്തന്നെ സാമൂഹികപ്രശ്‌നങ്ങളും ജനങ്ങളുടെ അതിജീവനവും കൂടി പറയേണ്ട ഉത്തരവാദിത്തം കലയ്ക്കുണ്ടെന്ന ചിന്തയില്‍നിന്നാണ് സമാന്തര സിനിമകളുടെ പ്രസക്തി വര്‍ധിച്ചത്. രാജ്യത്ത് അസ്വാരസ്യങ്ങള്‍ വര്‍ധിച്ചുവരുന്ന പുതിയ കാലത്ത് ഇത്തരം വിഷയങ്ങള്‍ അടയാളപ്പെടുത്തുന്ന ഒട്ടനവധി സിനിമകളാണ് പുറത്തുവരുന്നത്. ബോളിവുഡ് മസാലകള്‍ക്കും ഗിമ്മിക്കുകള്‍ക്കുമിടയില്‍ ചെറുശബ്ദമായി ഒതുക്കപ്പെടുന്നുണ്ടെങ്കിലും അവ ചെറുത്തുനില്‍പ്പിന്റെ ശക്തമായ െൈകകള്‍ അവശേഷിപ്പിക്കുന്നു. ഇതിന്റെ തെളിവെന്നോണമാണ് മറാത്തി ഭാഷയില്‍നിന്നുള്ള സിനിമകള്‍ ഇന്ത്യന്‍ സിനിമയുടെ നേരവസ്ഥയായി ശക്തമായ ഭാഷയില്‍ പുതിയ ദശകത്തില്‍ ഉയിര്‍ക്കൊണ്ടുവന്നത്.
തമിഴ് സിനിമയില്‍ രണ്ടായിരത്തിന്റെ അവസാന പകുതിയില്‍ ഉയിര്‍ക്കൊള്ളുകയും മറ്റു ഭാഷകളിലേക്ക് പരിവര്‍ത്തനം ചെയ്യുകയുമായിരുന്നു ഇന്ത്യന്‍ ഗ്രാമജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍. ഒഡീഷ, കര്‍ണാടക, കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നാണ് കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഇത്തരം സിനിമകള്‍ കൂടുതലായി നിര്‍മിക്കപ്പെട്ടത്. തീയേറ്ററുകള്‍ അവഗണിക്കുന്ന ഇത്തരം ചിത്രങ്ങളുടെ ആശ്രയം ചലച്ചിത്ര മേളകളാണ്. ഫാന്‍ട്രി, ഡിസംബര്‍ ഒന്ന്, കോര്‍ട്ട്, ഊംഗ, പാപ്പിലിയോ ബുദ്ധ, ഐ.ഡി, കരി, അമീബ, വലിയ ചിറകുകുള്ള പക്ഷികള്‍, വിസാരണൈ, സ്റ്റാന്‍ലി കാ ഡബ്ബാ തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ ഈ ധാരയില്‍ പുറത്തുവന്നു.

സമകാലിക ഇന്ത്യന്‍ ജീവിത സാഹചര്യങ്ങളും നവചിന്താധാരകളും അടയാളപ്പെടുത്തുന്ന ചിത്രങ്ങള്‍ തെരഞ്ഞെടുത്ത് പ്രദര്‍ശിപ്പിച്ചതിലൂടെ ഇരുപത്തൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേള അതിന്റെ ഐക്യദാര്‍ഢ്യം കൂടിയാണ് പ്രഖ്യാപിക്കുകയാണ്. ഒരുപക്ഷേ ഇത്തവണ ലോകസിനിമകളെക്കാള്‍ രാഷ്ട്രീയം സംസാരിച്ചത് ഇന്ത്യന്‍ സിനിമകളായിരിക്കും.
ഇന്ത്യന്‍ സിനിമ ഇന്ന്, മൈഗ്രേഷന്‍, ജെന്‍ഡര്‍ ബെന്‍ഗര്‍, മത്സരവിഭാഗം, മലയാള സിനിമ ഇന്ന് എന്നീ വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ സിനിമകളില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനതയുടെ ശബ്ദങ്ങളും അതിജീവനവും സമകാലിക സാമൂഹിക, രാഷ്ട്രീയാവസ്ഥകളുടെ നേര്‍ക്കാഴ്ചയും ഉയര്‍ന്നുകേട്ടു.
ബലാത്സംഗം ചെയ്യപ്പെട്ട യുവതിയോട് സമൂഹം, മാധ്യമങ്ങള്‍, ഭരണകൂടം, കോടതി തുടങ്ങിയ സ്ഥാപനങ്ങള്‍ എങ്ങനെ ഇടപെടുന്നുവെന്ന് രാജ്യത്ത് അരങ്ങേറിയ അനേകം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് പ്രദീപ് കുര്‍ബായുടെ ഒനാത്ത എന്ന ചിത്രം. സ്ത്രീകള്‍ക്കുനേരെ ഇന്ത്യയില്‍ ആവര്‍ത്തിക്കുന്ന ആക്രമങ്ങളോടുള്ള പ്രതികരണവും ഓര്‍മപ്പെടുത്തലുമാകുന്നു ഒനാത്ത.
തമിഴ് ചിത്രം മെര്‍ക്കു തൊടര്‍ച്ചി മലൈ കേരള-തമിഴ് നാട് അതിര്‍ത്തിയിലുള്ള തോട്ടം തൊഴിലാളികളുടെ ജീവിതത്തില്‍ മുതലാളിത്തത്തിന്റെയും പുതിയ വ്യവസായങ്ങളുടെയും കടന്നുവരവ് സൃഷ്ടിക്കുന്ന ആഗാധമാണ് ചര്‍ച്ചചെയ്യുന്നത്. യഥാര്‍ഥ സംഭവങ്ങളെ അധികരിച്ച് ഗ്രാമീണരെത്തന്നെ ക്യാമറയ്ക്കു മുന്നിലെത്തിച്ചുവെന്നതാണ് ലെനിന്‍ ഭാരതി സംവിധാനം ചെയ്ത ചിത്രത്തിന്റെ സവിശേഷത.

ബംഗാളി ചിത്രം ചിത്രകോര്‍ കലയും കച്ചവടവും തമ്മിലുള്ള സംഘര്‍ഷങ്ങളാണ് വിഷയമാക്കുന്നത്.
മലയാളത്തില്‍നിന്ന് മത്സരവിഭാഗത്തില്‍ സാന്നിധ്യമറിയിച്ചിട്ടുള്ള രണ്ടു ചിത്രങ്ങളും തീവ്രരാഷ്ട്രീയം പറയുന്നുവെന്നത് ശ്രദ്ധേയമാണ്. ഡോ.ബിജുവിന്റെ കാടു പൂക്കുന്ന നേരം മാവോയിസവും അധികാരവുമാണ് ചര്‍ച്ചചെയ്യുന്നത്. കുറ്റകൃത്യം, ശരിതെറ്റുകള്‍, ഭരണകൂടം, സമാന്തര അധികാര സഥാപനങ്ങളുടെ വളര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ ഇരയും വേട്ടക്കാരനും തമ്മിലുള്ള സംസാരത്തിലൂടെ ചിത്രത്തില്‍ കടന്നുവരുന്നു.
വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനതയ്ക്കുവേണ്ടിയുള്ള ഉറച്ച ശബ്ദമാണ്. മാന്‍ഹോള്‍ വൃത്തിയാക്കുന്ന ജോലി ഇന്ത്യയില്‍ നിയമം മൂലം നിര്‍ത്തലാക്കിയെങ്കിലും ഈ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പതിനായിരക്കണക്കിനാളുകള്‍ നിലവില്‍ രാജ്യത്തുണ്ട്. ഇവര്‍ക്ക് സുരക്ഷയോ അപകടത്തില്‍പെടുമ്പോള്‍ നഷ്ടപരിഹാരമോ ലഭിക്കുന്നില്ല. സ്വാതന്ത്ര്യത്തിനുമുമ്പുതൊട്ട് ഈ ജോലിയില്‍ ഏര്‍പ്പെട്ടുവന്ന ജാതി വിഭാഗമാകട്ടെ ഒരു സംവരണത്തിലും ഉള്‍പ്പെടാതെ തീര്‍ത്തും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരായി എഴുപതു വര്‍ഷത്തിനുശേഷവും തുടരുന്നു.

മൈഗ്രേഷന്‍ പാക്കേജില്‍ പ്രദര്‍ശിപ്പിച്ച കെ.എം.കമാലിന്റെ ഐ.ഡി പൗരന്റെ വ്യക്തിത്വം തേടിയുള്ള അന്വേഷണമാണ്. വ്യക്തമായ മേല്‍വിലാസമോ തിരിച്ചറിയല്‍ രേഖയോ ഇല്ലാതെ ജീവിക്കുന്ന ആയിരക്കണക്കിനുവരുന്ന ഇന്ത്യക്കാരുടെ പ്രതിനിധിയാകുന്നു ഇതിലെ പേരില്ലാത്ത കൂലിവേലക്കാരന്‍. ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഹിന്ദി ചിത്രമായ പാര്‍ച്ച്ഡ് രാജ്യത്ത് നിലനില്‍ക്കുന്ന പുരുഷ മേധാവിത്വത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
യാഥാസ്ഥിതിക മതചുറ്റുപാടിന്റെ ഇരയാകേണ്ടി വരുന്ന പ്രണയികളുടെ കഥപറഞ്ഞ ഷാനവാസ് ബാവക്കുട്ടിയുടെ കിസ്മത്ത്, ദളിതരും തൊഴിലാളികളുമായ മനുഷ്യര്‍ മുഖ്യധാരയില്‍നിന്ന് എങ്ങനെ പുറന്തള്ളപ്പെടുന്നുവെന്ന് കാണിച്ച രാജീവ് രവി ചിത്രം കമ്മട്ടിപ്പാടം, ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും, സ്വതന്ത്ര ജീവിതത്തിനും മേലുള്ള സമൂഹത്തിന്റെയും രാഷ്ട്രീയത്തിന്റെയും കടന്നുകയറ്റം പറഞ്ഞ ജയന്‍ ചെറിയാന്റെ കാ ബോഡിസ്‌കേപ്പ്, ആഗോളീകരണ കാലത്തിനു മുമ്പും ശേഷവുമുള്ള കാലം വ്യക്തിജീവിതത്തിലെ ഇടപെടുന്നതാണ് ഷെറി ഗോവിന്ദനും ഷൈജു ഗോവിന്ദനും ചേര്‍ന്നൊരുക്കിയ ഗോഡ്‌സേ എന്നിവ  മലയാള സിനിമയുടെ ശക്തമായ ഇടപെടലായി മാറുന്നു.

മാതൃഭൂമി നഗരം, ഡിസംബര്‍ 15, 2016

No comments:

Post a Comment