Saturday, 24 December 2016

മണ്ട്രോതുരുത്തിന് ടിക്കറ്റെടുക്കുമ്പോള്‍

മണ്ട്രോതുരുത്തിന് ടിക്കറ്റെടുക്കുമ്പോള്‍ മലയാളത്തിലെ മികച്ച സിനിമകളിലൊന്ന് കാണാനായിരിക്കും നിങ്ങള്‍ ടിക്കറ്റെടുക്കുന്നത്. ടിക്കറ്റെടുത്ത് നിങ്ങള്‍ തീയേറ്ററിനകത്തെത്തുമ്പോള്‍ ശൂന്യമായ ഇരിപ്പിടങ്ങളായിരിക്കും നിങ്ങളെ വരവേല്‍ക്കുക. സ്‌ക്രീനിലെ അതിശയങ്ങളും വിഹ്വലതകളും ചിരിയുമെല്ലാം നിങ്ങളും നിങ്ങളെപ്പോലെയുള്ള നാലോ അഞ്ചോ മനുഷ്യരിലുമൊതുങ്ങും. ഒന്നരമണിക്കൂറിനൊടുവില്‍ ഇരുട്ടില്‍നിന്ന് തിരക്കുകൂട്ടലുകളൊന്നുമില്ലാതെ നിങ്ങള്‍ പുറത്തിറങ്ങും. തീയേറ്ററിനുവെളിയിലെ പൂര്‍ണനിശബ്ദതയില്‍നിന്നും അടുത്ത പ്രദര്‍ശനമുണ്ടോയെന്ന അനിശ്ചിതത്വത്തില്‍നിന്നും നിങ്ങള്‍ ഭിന്നവഴികളിലേക്ക് വണ്ടികയറിയും നടന്നകന്നുംപോകും.
മണ്ട്രോതുരുത്തുപോലുള്ള സിനിമകള്‍ ആര്‍ക്കു വേണമെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കാണേണ്ടതുണ്ട്. ഫിലിം ഫെസ്റ്റിവെലുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ തീയേറ്ററിലെത്തുമ്പോള്‍ ആര്‍ക്കും വേണ്ടാതാകുന്ന ദുരവസ്ഥ തുടരുകയാണ്. ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ ഉദാഹരണമാണ് പി.എസ്.മനു സംവിധാനം ചെയ്ത മണ്ട്രോതുരുത്ത്. 
ഇരുപതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഉള്‍പ്പടെ ഒട്ടനവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പുരസ്‌കൃതമാകുകയും മികച്ച ചിത്രമെന്ന് കാണികള്‍ ഒന്നടങ്കം അഭിപ്രായപ്പെടുകയും ചെയ്ത മണ്ട്രോതുരുത്ത് നവംബര്‍ മാസത്തിലാണ് തീയേറ്ററിലെത്തിയത്. വേണ്ടത്ര ചുവര്‍പരസ്യങ്ങളോ പ്രീ പബ്ലിസിറ്റിയോ ഇല്ലാത്തത് ഈ മികച്ച ചിത്രത്തിന്റെ തീയേറ്ററിലെ മുന്നോട്ടുപോക്കിന് തുടക്കം മുതല്‍ തിരിച്ചടിയായി. അടുത്തിടെ ഇത്തരം സമാന്തര ചിത്രങ്ങള്‍ക്ക് രക്ഷയായ സോഷ്യല്‍ മീഡിയയിലും മണ്ട്രോതുരുത്തിന് പിന്തുണ കിട്ടാതായതോടെ ചിത്രം പൂര്‍ണമായി മുടന്തിനിങ്ങുന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടു. ചിത്രം പ്രദര്‍ശിപ്പിച്ച തീയേറ്ററുകാര്‍ക്കുപോലും മണ്ട്രോതുരുത്തിനോട് താത്പര്യമില്ലെന്ന അവസ്ഥ. പത്തും പന്ത്രണ്ടും ആളുകള്‍ക്കും ഇരുന്നൂറിലേറെ ഒഴിഞ്ഞ കസേരകള്‍ക്കുമൊപ്പം സിനിമ കാണേണ്ടിവരുന്ന ഇത്തരം ചിത്രങ്ങളുടെ സ്ഥിരം കൂട്ടാളികളായ ഏകാകിപ്രേക്ഷകന് മണ്ട്രോതുരുത്തിന്റെ തീയേറ്ററില്‍ കൂടുതല്‍ ഏകാകികളാകേണ്ടിവന്നു. മലയാളത്തിലെ എണ്ണപ്പെട്ട മികച്ച സിനിമകളുടെ കൂട്ടത്തില്‍ പരിഗണിക്കാവുന്ന ചിത്രത്തിനാണ് ഈ ദുര്യോഗം വന്നതെന്ന് ചേര്‍ത്തുവായിക്കണം.
അടുത്തകാലത്ത് ഈ സ്ഥിതിക്ക് തെല്ല് മാറ്റം വന്നുതുടങ്ങിയതായിരുന്നു. ഫെസ്റ്റിവെലുകളില്‍ പ്രശംസ നേടിയ സജിന്‍ബാബുവിന്റെ അസ്തമയം വരെ, സനല്‍കുമാര്‍ ശശിധരന്റെ ഒഴിവുദിവസത്തെ കളി, സുദേവന്റെ സി.ആര്‍ നമ്പര്‍ 89 എന്നീ ചിത്രങ്ങള്‍ തീയേറ്ററില്‍ വിജയം നേടിയിരുന്നു. ഫെസ്റ്റിവെലുകളിലെ നേട്ടത്തിന്റെ പൊലിമ നഷ്ടപ്പെടുത്താതെ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നു. ഈ ചിത്രങ്ങളുടെ സംവിധായകര്‍ തന്നെയാണ് നവമാധ്യമങ്ങള്‍ വഴിയുള്ള ഇത്തരം പ്രചരണങ്ങള്‍ക്ക് മുന്നില്‍നിന്നതെന്ന് ശ്രദ്ധേയം. ഇതിന്റെ ഗുണം ഈ ചിത്രങ്ങളുടെ തീയേറ്റര്‍ റിലീസിന് ഏറെ ഗുണം ചെയ്യുകയുണ്ടായി. നാലാഴ്ചയോളമാണ് അസ്തമയം വരെ, സി.ആര്‍ നമ്പര്‍ നമ്പര്‍ 89, ഒഴിവുദിവസത്തെ കളി എന്നീ ചിത്രങ്ങള്‍ തീയേറ്ററില്‍ ഓടിയത്. ഇതില്‍ ഹൗസ്ഫുള്‍ ഷോകള്‍ പോലുമുണ്ടായിരുന്നുവെന്നത് സമാന്തരസിനിമകളുടെ സമീപകാല ചരിത്രത്തിലെ അത്ഭുതകരമായ നേട്ടമായി വിലയിരുത്തപ്പെടുന്നു. കൂട്ടത്തില്‍ വലിയ വിജയം നേടിയ ഒഴിവുദിവസത്തെ കളിയുടെ വിതരണം ആഷിഖ് അബു ഏറ്റെടുത്തതോടെ ഈ ചിത്രത്തിന്റെ തലവര തന്നെ മാറി. മുപ്പതിലേറെ തീയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. കണ്ടവര്‍ മികച്ച അഭിപ്രായം രേഖപ്പെടുത്തിയതും മാധ്യമങ്ങളുടെ പിന്തുണയും മറ്റേതു ചിത്രങ്ങളേക്കാള്‍ ഒഴിവുദിവസത്തെ കളിക്ക് അനുകൂലമായ ഇടമുണ്ടാക്കിക്കൊടുത്തു. 
ആഖ്യാനശൈലികൊണ്ട് മേല്‍പ്രസ്താവിച്ച സിനിമകളെക്കാള്‍ ഉയരത്തില്‍ നില്‍ക്കുന്ന മണ്ട്രോതുരുത്തിനുലഭിച്ച സ്വീകാര്യത നേര്‍മറിച്ചായി. ഈ വര്‍ഷം തീയേറ്ററുകളിലെത്തിയ ഷാനവാസ് നരണിപ്പുഴയുടെ കരി, ഡോ.ബിജുവിന്റെ വലിയ ചിറകുകളുള്ള പക്ഷികള്‍, മനോജ് കാനയുടെ അമീബ എന്നീ ചിത്രങ്ങള്‍ക്ക് സംഭവിച്ചതുതന്നെ മണ്ട്രോതുരുത്തിന്റെ കാര്യത്തിലും ആവര്‍ത്തിക്കുകയാണുണ്ടായത്. 
മനസ്സെന്ന മണ്ട്രോതുരുത്ത്


'എത്ര തുഴഞ്ഞാലും എത്താ തുരുത്ത്. 
എത്ര നടന്നാലും തീരാ തുരുത്ത്. 
നോക്കാതെ കണ്ടും പറയാതെ കേട്ടും 
എല്ലാരുമെത്തും തുരുത്ത്.'


ഓരോ മനസ്സും ഓരോ മണ്ട്രോതുരുത്താണ്. അധികമൊന്നും പിടികൊടുക്കാതെ കിടക്കുന്ന, എത്ര തുഴഞ്ഞാലും കരയെത്താത്ത, എത്തിയാലും എത്തിയെന്ന് ഉറപ്പിക്കാനാകാത്തവിധം അത്ഭുതങ്ങള്‍ ഒളിപ്പിച്ചുവെച്ചവ. പി.എസ് മനു ഈ തുരുത്തിലേക്കാണ് നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നത്. ഇതിലെ കഥാപാത്രങ്ങളോരോന്നും ഇത്തരം തുരുത്തുകളാണെന്നുതോന്നും. അവര്‍ക്ക് പരസ്പരവും അറിയാനാകുന്നില്ല. അറിയാമെന്ന് ധരിക്കുന്നെങ്കിലും അത് അവരവരുടെ മാത്രം ധാരണയായി ഒതുങ്ങിപ്പോകുന്നു. തലമുറകള്‍ തമ്മിലുള്ള ആശയസംഘര്‍ഷവും ശരി,ശരികേടുകളും വൈരുദ്ധ്യങ്ങളുമെല്ലാം മണ്ട്രോതുരുത്തിലെ കഥാപാത്രങ്ങളിലൂടെ കടന്നുവരുന്നുണ്ട്. 
ഇത്തരമൊരു വിഷയം പറയാന്‍ ഒറ്റപ്പെട്ടതും ഓരോ നിമിഷത്തിലും നിലനില്‍പ്പ് അനിശ്ചിതത്വത്തിലുമായ മണ്ട്രോതുരുത്തുപോലൊരു സ്ഥലം തെരഞ്ഞെടുത്തതില്‍ സംവിധായകന്‍ ഏറെ അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. മണ്ട്രോതുരുത്തിലാവട്ടെ, മറ്റേതൊരു ചെറിയ ഇടത്തിലാവട്ടെ തങ്ങളുടെ ഇത്തിരിലോകത്തെ ചെറിയ കാര്യങ്ങളുടെ തമ്പുരാക്കന്മാരായ മനുഷ്യര്‍ ആ ചെറിയ ഭൂമികകളില്‍ ഏറെ സന്തോഷവാന്മാരായിരിക്കും. അവിടേക്കുള്ള കടന്നുകയറ്റങ്ങളും കടന്നുവരവുകളും അവരെ അസ്വസ്ഥതപ്പെടുത്തുമെങ്കിലും സ്വീകരിക്കാന്‍ മടികാണിക്കില്ല. എന്നാല്‍ ഇതരകടന്നുവരവുകാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ തങ്ങളുടെതുമായി ഒത്തുപോകാതെ വരുമ്പോള്‍ സംഘര്‍ഷം ഉടലെടുക്കുന്നു. ഒടുക്കം അന്തിമ തീരുമാനങ്ങളില്‍ ഇരയാകുന്നതാരെന്ന ചോദ്യം സംഘര്‍ഷത്തിലെത്തിക്കും. 

ഇന്ദ്രന്‍സിന്റെ പരകായപ്രവേശം

ഇന്ദ്രന്‍സ് എന്ന നടന്റെ അത്ഭുതകരമായ പരകായപ്രവേശവും മിതത്വുമാണ് മണ്ട്രോതുരുത്തിനെ ആകര്‍ഷകമാക്കുന്ന മറ്റൊരു സംഗതി. തൊണ്ണൂറുകളില്‍ ഇന്ദ്രന്‍സിന്റെ ശരീരത്തിന്റെ മെലിച്ചിലിനെ ആവര്‍ത്തിച്ചുപയോഗിച്ചും കളിയാക്കിയും സംവിധായകരും എഴുത്തുകാരും കാണികളെ നിരന്തരം ചിരിപ്പിച്ചു. പിന്നീട് അത് രണ്ടുകൂട്ടര്‍ക്കും മടുത്തപ്പോള്‍ അവസാനിപ്പിക്കുകയുമുണ്ടായി. 
പക്ഷേ കഴിവുള്ള ഒരു നടനെ ശരീരത്തിലാവാഹിച്ചുവെച്ചിരുന്ന ഇന്ദ്രന്‍സ് വര്‍ഷങ്ങള്‍ക്കുശേഷം വിസ്മയങ്ങള്‍ തീര്‍ക്കാന്‍ തന്നെ ഒരുമ്പെട്ടിരിക്കുകയാണെന്ന് തോന്നിപ്പിക്കുന്ന അനേകം വേഷങ്ങള്‍. അക്കൂട്ടത്തില്‍ അതീവമികവ് പ്രകടിപ്പിക്കുന്നതാണ് മണ്ട്രോതുരുത്തിലെ മുത്തച്ഛന്‍ വേഷം. അഭിനയത്തിലെ ആയാസതയും ഒതുക്കവും സംഘര്‍ഷങ്ങള്‍ ഒളിപ്പിച്ച ഭാവങ്ങളുമായി ഇന്ദ്രന്‍സ് വലിയ നടനിലേക്കുള്ള ഗ്രാഫ് ഒന്നുകൂടെ ഉയര്‍ത്തുമ്പോള്‍ ഇക്കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡിലെ മികച്ച നടനുള്ള അവാര്‍ഡ് വിലയിരുത്തപ്പെടുക ഇന്ദ്രന്‍സിന് കിട്ടാതെ പോയ പുരസ്‌കാരം എന്ന നിലയിലായിരിക്കും. സംസ്ഥാന അവാര്‍ഡ് നിര്‍ണയത്തിന്റെ മാനദണ്ഡം മറ്റ് സ്വകാര്യ അവാര്‍ഡ് നൈറ്റുകളെപ്പോലെ കലാമൂല്യത്തില്‍നിന്നകന്ന് കച്ചവടത്തിനുപിറകെ പോകുന്ന മാറ്റം പ്രത്യക്ഷപ്പെട്ടുതുടങ്ങിയതോടെ ഇന്ദ്രന്‍സിനെയോ വിനായകനെയോ പോലുള്ള നടന്മാരുടെ പ്രകടനം കാണാതെ പോകുകയും ജനപ്രിയ നായകനടന്മാര്‍ക്ക് മാത്രം കിട്ടുന്നതായി മികച്ച നടന്‍ എന്ന അവാര്‍ഡ് വിഭാഗം മാറുകയും ചെയ്തിരിക്കുന്നു.

സ്ത്രീശബ്ദം, ഡിസംബര്‍, 2016

No comments:

Post a Comment