Monday, 19 December 2016

ടാഗോര്‍ മുറ്റത്തെ മേള; കൈരളിപ്പടവെന്ന ഓര്‍മ

മേളപ്പറമ്പെന്നാല്‍ ഇപ്പോള്‍ ടാഗോര്‍ മുറ്റമാണ്. സിനിമ കാണാന്‍ ഏതു തീയേറ്ററിലു പോകാം. പക്ഷേ ടാഗോറിലെത്തിയാലേ മേളയുടെ ഓളം അനുഭവിക്കാനാകൂ. ചലച്ചിത്ര മേളയെന്നാല്‍ തീയേറ്ററിനകത്തിരുന്ന് സിനിമ കാണുന്നതു മാത്രമല്ല, പുറത്തെ ആഘോഷങ്ങളും സൗഹൃദചര്‍ച്ചകളും കൂടിയാണെന്ന് ചിന്തിക്കുന്ന ഭൂരിഭാഗവും ടാഗോര്‍ മുറ്റത്ത് കേന്ദ്രീകരിക്കുകയാണ്. ഇതോടെ കേരള രാജ്യാന്തര ചലതച്ചിത്ര മേളയുടെ മുഖമായി ടാഗോര്‍ തീയേറ്റര്‍ മാറിക്കഴിഞ്ഞു.
രാവിലെ ഏഴരമുതല്‍ പ്രതിനിധികളുടെയും ചലച്ചിത്ര പ്രവര്‍ത്തകരുടെയും തിരക്ക് തുടങ്ങുന്ന ടാഗോറില്‍ രാവേറെ ചെല്ലുന്തോറും ആളും ആരവവും തന്നെ. പ്രതിനിധികളുടെ തിരക്കിനുപുറമെ മേളയുടെ പവലിയനുകളും സാംസ്‌ക്കാരിക പരിപാടികളും സൗഹൃദക്കൂട്ടങ്ങളുമെല്ലാം ടാഗോര്‍ കേന്ദ്രീകരിച്ചാണ്. ഇതോടെ കൈരളിപ്പടവുകളിലെ മേളക്കാലം ഗൃഹാതുരമാകുകയാണ്.
മത്സരവിഭാഗത്തിലേതടക്കം ചലച്ചിത്രമേളയിലെ മികച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച ടാഗോര്‍ തീയേറ്ററിലെ എല്ലാ പ്രദര്‍ശനങ്ങളും നിറഞ്ഞ സദസ്സിലായിരുന്നു. തീയേറ്ററിനുപുറത്ത് നീണ്ട വരികള്‍ രൂപപ്പെടാത്ത ഒറ്റ പ്രദര്‍ശനവും ടാഗോറിലുണ്ടായിരുന്നില്ല. ഇതിനുപുറമെ ഓപ്പണ്‍ ഫോറം, ഡെലിഗേറ്റ് സെല്‍, ഫെസ്റ്റിവെല്‍ ഓഫീസ്, മീഡിയ സെല്‍, വിവിധ പവലിയനുകള്‍ തുടങ്ങി എല്ലായിടത്തും എല്ലാ നേരവും തിരക്ക്. വിദേശി, സ്വദേശി ചലച്ചിത്രപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും  കേന്ദ്രീകരിച്ചിരിക്കുന്നതും ടാഗോറില്‍. വിശാലമായ കാമ്പസില്‍ അവിടവിടെയായി സൗഹൃദക്കൂട്ടങ്ങള്‍ വര്‍ത്തമാനവും പാട്ടും സിനിമാചര്‍ച്ചയുമായി സദാസമയം ഓളം സൃഷ്ടിക്കുന്നു. ചായക്കടകള്‍ക്കും ഫുഡ് പവലിയനുകള്‍ക്കും മുമ്പില്‍ എപ്പൊഴും ആള്‍ക്കൂട്ടം. വൈകിട്ട് ഏഴു മണിക്ക് സാംസ്‌ക്കാരിക പരിപാടികള്‍ ആരംഭിക്കുന്നതോടെയാണ് ടാഗോര്‍ മേളപ്പെരുക്കത്തിലെത്തുന്നത്. നാടന്‍ കലാവതരണങ്ങളും റോക്ക് ബാന്റുകളുടെ പ്രകടനങ്ങളും ഒരേ മനസൈക്യത്തോടെ പ്രതിനിധികള്‍ ഏറ്റെടുക്കുകയാണ്. മേളമുറ്റത്തെ ഈ പാട്ടും ഏറ്റുപാട്ടും പാതിര വരെ നീളും.
ടാഗോര്‍ മേളയുടെ കേന്ദ്രമായതോടെ കൈരളി തീയേറ്റര്‍ മുറ്റത്ത് സിനിമ കാണാന്‍ വരുന്നവരുടെ തിരക്ക് മാത്രമായി ചുരുങ്ങി. കൈരളിപ്പടവുകളില്‍ ഇരിക്കുകയെന്ന മേളപ്പതിവിനും മാറ്റം വന്നു. മേളയുടെ വര്‍ഷങ്ങളായുള്ള പതിവുകാരില്‍ ചിലര്‍ ഗൃഹാതുരത കൊണ്ടാകാം അല്‍പനേരം കൈരളിപ്പടവുകളില്‍ ചെന്നിരിക്കുന്നതു കാണുന്നുണ്ട്. നാടന്‍പാട്ടും കവിതയും പ്രതിഷേധക്കൂട്ടായ്മകളുമായി സജീവമാകാറുള്ള ബാക്കി പതിവുകളെല്ലാം പടവുകളില്‍ ഓര്‍മയായ്ി. കഴിഞ്ഞ ദിവസം കൈരളി തീയേറ്ററില്‍ പ്രദര്‍ശനത്തെ ചൊല്ലിയുണ്ടായ പ്രതിഷേധത്തോടെ പ്രതിനിധികള്‍ക്കായി പടവുകളില്‍ താത്ക്കാലിക കൗണ്ടറുകളും കെട്ടിയൊരുക്കുകയും ചെയ്തു.

മാതൃഭൂമി നഗരം, ഡിസംബര്‍ 14, 2016

No comments:

Post a Comment