Monday, 25 September 2017

നഗ്നത നിസ്സഹായതയുടെ പ്രതീകം കൂടിയാണ്

ഇറ്റാലിയന്‍ സിനിമയില്‍ ആവര്‍ത്തിച്ച് അടയാളപ്പെടുത്തിയിട്ടുള്ള ഒരു പ്രദേശമാണ് സിസിലി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കകാലത്ത് കറുപ്പിലും വെളുപ്പിലുമായി ലോകം കണ്ട ഈ ഭൂപ്രദേശത്തെ പിന്നീടുവന്ന ഇറ്റാലിയന്‍ ചലച്ചിത്രകാരന്മാരെല്ലാം ക്യാമറയിലാക്കുകയുണ്ടായി. ചില ഭൂമികകള്‍ സിനിമയില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. എല്ലാ ഭാഷാ സിനിമകളിലും അതതു നാടുകളിലെ ചില സ്ഥലങ്ങളോടുള്ള ഈ സവിശേഷ താത്പര്യം കണ്ടെടുക്കാനാകും. എത്രയാവര്‍ത്തി പകര്‍ത്തിയിട്ടും തീരാത്ത ഇഴയടുപ്പം കൊണ്ടായിരിക്കണം ഈ വീണ്ടെടുപ്പുകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നത്.
വിഖ്യാത ഇറ്റാലിയന്‍ സംവിധായകരായ ലൂച്ചിനോ വിസ്‌കോന്തി, മൈക്കലാഞ്ചലോ അന്റോണിയോണി, പിയട്രോ ജെര്‍മി, ഫ്രാന്‍സെസ്‌കോ റോസി, മാര്‍കോ റിസി, ബെര്‍ട്ടൊലൂച്ചി തുടങ്ങിയവരുടെ സിനിമകളിലൂടെയാണ് മെഡിറ്ററേനിയന്‍ കടലിലുള്ള ദ്വീപസമൂഹമായ സിസിലിയാനയെന്ന സിസിലി ലോകസിനിമാ ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധനേടുന്നത്. വിസ്‌കോന്തിയുടെ ലാ തരാ ട്രെമാ, ദ ലിയോപാര്‍ഡ്, പിയട്രോ ജെര്‍മിയുടെ ഡിവോര്‍സ് ഇന്‍ ഇറ്റാലിയന്‍ സ്‌റ്റൈല്‍, സെഡ്യൂസ്ഡ് ആന്റ് അബാന്‍ഡന്റ് തുടങ്ങിയ സിനിമകളില്‍ ഇക്കൂട്ടത്തില്‍പ്പെടും. ഇറ്റാലിയന്‍ സിനിമയുടെ ആദ്യകാല മാസ്റ്റേഴ്‌സും ഇറ്റാലിയന്‍ നിയോ റിയലിസത്തിന്റെ വക്താക്കളുമായ ഇവരില്‍നിന്ന് പുതിയകാല സിനിമയിലേക്കെത്തുമ്പൊഴും സിസിലി പ്രവിശ്യയോടുള്ള അടുപ്പം ചലച്ചിത്രകാരന്മാരില്‍നിന്ന് മായുന്നില്ല.

 പുതിയകാല സിനിമയില്‍ സിസിലിയുടെ പതാകവാഹകന്‍ സിസിലിയിലെ ബഗറിയയില്‍ ജനിച്ച സിനിമാ പാരഡീസോ എന്ന ചിത്രത്തിലൂടെ ലോകശ്രദ്ധ നേടിയ ജുസെപ്പെ തൊര്‍ണാത്തോറെയാണ്.  സിസിലിയിലെ ഗ്രാമ, നഗരവീഥികളും അവിടത്തെ തീയേറ്ററുമായിരുന്നു സിനിമാ പാരഡീസോയുടെ ഭൂമിക. സ്റ്റാര്‍ മേക്കര്‍, മലേന, ബാറിയ എന്നീ ചിത്രങ്ങളിലുടെ സിസിലിയെ അദ്ദേഹം വീണ്ടും അടയാളപ്പെടുത്തി.
തൊര്‍ണാത്തോറെയുടെ സൃഷ്ടികളില്‍ വിഷയത്തിലെ വൈവിധ്യംകൊണ്ടും കാവ്യാത്മകതമായ ആവിഷ്‌കാരംകൊണ്ടും എക്കാലത്തേക്കുമുള്ള കാഴ്ചാനുഭവമായി മാറിയ ചിത്രമാണ് മലേന. ബോംബര്‍ വിമാനങ്ങള്‍ നഗാരാകാശത്തിനുമീതെ വട്ടമിട്ടു പറക്കുകയും പട്ടാളബൂട്ടുകള്‍ വലിയ ശബ്ദം കേള്‍പ്പിച്ച് ചത്വരങ്ങളിലൂടെ റോന്തുചുറ്റുകയും ചെയ്യുന്ന രണ്ടാം ലോകമഹായുദ്ധകാലത്തെ സിസിലിയാണ് മലേനയുടെ പശ്ചാത്തലം. യുദ്ധത്തിന്റെ അരക്ഷിതാവസ്ഥയും ഭീതിയും ജനങ്ങളില്‍ നിലനില്‍ക്കുമ്പോള്‍ തന്നെ മലേനയുടെ ക്യാമറ ചലിക്കുന്നത് മറ്റൊരിടത്തേക്കാണ്. യുദ്ധകാലത്ത് ദൂരെയെവിടെയോ ആയിപ്പോയ പട്ടാളക്കാരന്റെ ഭാര്യ മലേനയെ സിസിലിയിലെ നാട്ടുകാര്‍ എങ്ങനെ പരിചരിക്കുന്നുവെന്നിടത്തേക്കാണ് ആ നോട്ടം. 
ഇറ്റാലിയന്‍ നടിയും മോഡലുമായ മൊണിക്കാ ബെലൂചിയുടെ കരിയര്‍ ബെസ്റ്റായ മലേനയെന്ന കഥാപാത്രം സൃഷ്ടിക്കുന്ന അപാരമായ ഉടലാകര്‍ഷകത്വമാണ് ചിത്രം പുറത്തിറങ്ങിയ കാലത്ത് മാധ്യമശ്രദ്ധയ്ക്കും സജീവചര്‍ച്ചയ്ക്കുമിടയാക്കിയത്. എന്നാല്‍ നഗ്നത കാമത്തിന്റെ മാത്രം സൂചകമല്ല. ചിലപ്പോഴത് നിസ്സഹായതയുടെയും അനുകമ്പയുടെയും പ്രതീകമായിമാറുന്ന ജീവിതാവസ്ഥ കൂടിയാണെന്ന് ജുസെപ്പെ തൊര്‍ണാത്തോറെ ആവിഷ്‌കരിക്കുന്നു. ലൂസിയാനോ വിന്‍സെന്‍സോണിയുടെ മൂലകഥയെ അടിസ്ഥാനമാക്കിയാണ് തൊര്‍ണാത്തോറെ മലേന ഒരുക്കിയിട്ടുള്ളത്. 

ഒറ്റയ്ക്കു കഴിയുന്ന ഒരു സ്ത്രീക്കുമേല്‍ സമൂഹം അതിന്റെ സദാചാരക്കണ്ണ് സദാസമയം തുറന്നുവയ്ക്കും. ഈ കണ്ണ് അവള്‍ക്കു സംരക്ഷണവും ആശ്രയവും നല്‍കാനുള്ളതായിരിക്കില്ല. അവള്‍ തെറ്റായെന്തെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും അവളെ തെറ്റിലേക്കു വീഴ്ത്താന്‍ വഴികളുണ്ടോ എന്ന അന്വേഷണത്തിലേക്കുമായിരിക്കും ഇടതടവില്ലാതെ നോട്ടം പാഞ്ഞുചെല്ലുന്നത്. സമൂഹം സ്വയമേവ വിചാരണ ഏറ്റെടുക്കുകയും ശിക്ഷ നടപ്പാക്കുകയും ചെയ്യുമ്പോള്‍ ഒരു മനുഷ്യജീവി എത്രമാത്രം നിസ്സഹായയും ഒറ്റപ്പെട്ടവളുമായി മാറുന്നുവെന്നതിന്റെ പ്രതീകം കൂടിയാകുന്നു മലേന.
മലേനയുടെ കണ്ണുകളില്‍ തനിക്ക് നടന്നെത്തേണ്ട ലക്ഷ്യസ്ഥാനം മാത്രമാണുള്ളത്. ചുറ്റിലുമുള്ള മറ്റു മുഴുവന്‍ കണ്ണുകളാകട്ടെ മലേനയിലും. അവള്‍ ആരോടും സംസാരിക്കുന്നില്ല. നടത്തത്തിന്റെ ആവേഗത്തില്‍ വ്യതിയാനം വരുത്താന്‍ പോലും തയ്യാറല്ല. അവളുടെ കണ്ണുകള്‍ മുന്നിലുള്ള വഴികളിലേക്കുമിടവഴികളിലേക്കുമല്ലാതെ മറ്റൊന്നിലേക്കും തിരിയുന്നില്ല. ചെന്നെത്തേണ്ട ഇടം വരേയ്ക്കും അവളെ പിന്തുടരുന്ന കണ്ണുകളിലാണ് കാഴ്ചകളുടെ തിളക്കമത്രയും.
മലേനയെന്ന അതിസുന്ദരിയായ യുവതിയുടെ ശരീരത്തില്‍ ആകൃഷ്ടരാകുകയാണ് സിസിലിയിലെ ജനങ്ങള്‍. അവിടത്തെ മുഴുവന്‍ ആണുങ്ങളും അവളെ കാമിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. സ്ത്രീകള്‍ പോലും അവളെ അസൂയയോടെ നോക്കുന്നു. സിസിലിയിലെ ആണ്‍നോട്ടക്കാരുടെ പ്രതിനിധിയായ പന്ത്രണ്ടു വയസ്സുകാരനിലൂടെയാണ് അവരുടെ വിചാരവികാരങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത്. അവന് മലേനയോട് തീരാപ്രണയവും വികാരവുമാണ്. മലേനയെ ഇഷ്ടപ്പെടുന്ന മറ്റു പുരുഷന്മാരെയെല്ലാം അവന്‍ വെറുക്കുന്നുണ്ട്. ദൂരെ ജോലിയിലുള്ള മലേനയുടെ ഭര്‍ത്താവ് യുദ്ധത്തില്‍ മരണപ്പെട്ടുവെന്നാണ് ഗ്രാമവാസികള്‍ കരുതുന്നത്. 
കാണാന്‍ കൊതിച്ച മലേനയുടെ നഗ്നത സിസിലിയിലെ പുരുഷന്മാര്‍ ഒരിക്കല്‍ കണ്ടു. അന്നവര്‍ക്ക് അവളോടു തോന്നിയത് കാമമല്ല, മറിച്ച് അനുകമ്പയാണ്. ഒരുപറ്റം സ്ത്രീകള്‍ വഴിയിലിട്ട് മലേനയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അവസരം കിട്ടിയപ്പോള്‍ മലേനയില്‍ തെറ്റുകാരിയെന്നും സമൂഹത്തിന്റെ നടപ്പുവഴികള്‍ക്ക് ചേരാത്തവളുമെന്ന് മുദ്ര ചാര്‍ത്തി അവളെ കളങ്കിതയാക്കുകയായിരുന്നു സ്ത്രീകള്‍. ഈ ക്രൂരചെയ്തിയില്‍ അവര്‍ വല്ലാതെ ആനന്ദം കണ്ടെത്തി. പുരുഷന്മാരാരും തടഞ്ഞതുമില്ല. അതുവരെ മലേനയിലെ സൗന്ദര്യം സിസിലിയിലെ പുരുഷന്മാര്‍ക്കൊപ്പം ആസ്വദിച്ച കാഴ്ചക്കാരും ഒടുവില്‍ അവര്‍ക്കൊപ്പം അവളോട് അനുകമ്പയുള്ളവരായിമാറുന്നു. 

ലൈംഗികചോദനയെ എത്രമാത്രം സര്‍ഗാത്മകമായി ആവിഷ്‌കരിക്കാമെന്നതിന്റെ ഉത്തമദൃഷ്ടാന്തമായി മാറുകയായിരുന്നു മലേനയില്‍. നഗ്നത അശ്ലീലമായല്ല, നമ്മളോടു ഇഴചേര്‍ന്നുകിടക്കുന്ന ഉദാത്തമായ ശ്ലീലതയായിട്ടാണ് ഇവിടെ അനുഭവപ്പെടുക. സ്ത്രീയുടെ കാമനകളും വിചാരങ്ങളും അവളുടെ സ്വാതന്ത്ര്യബോധത്തിന്റെതു കൂടിയാണ്. അധികം സംസാരിക്കാത്ത, ചുറ്റുപാടുകള്‍ക്ക് കണ്‍ചെവികള്‍ കൊടുക്കാത്ത, നിഗൂഢതകള്‍ ഒളിപ്പിക്കുന്നുവെന്ന് തെറ്റിദ്ധരിച്ചേക്കാവുന്ന മലേനയുടെ ചലനങ്ങളില്‍ സ്വാതന്ത്ര്യബോധവും ഉറച്ച ധാരണകളുമുള്ള സ്ത്രീയാണുള്ളതെന്ന് സിസിലിയിലെ ജനങ്ങള്‍ക്കും പ്രേക്ഷകനും ബോധ്യപ്പെടുന്നിടത്താണ് മലേന ഒഴുകിത്തുടരുന്നത്.
വാണിജ്യവിജയവും നിരൂപകപ്രശംസയും നേടിയ മലേന 2000ല്‍ മികച്ച പശ്ചാത്തലസംഗീതം, ഛായാഗ്രഹണം എന്നിവയ്ക്കുള്ള ഓസ്‌കാര്‍ നാമനിര്‍ദേശം നേടിയിരുന്നു. സിനിമാ പാരഡീസോ പുറത്തിറങ്ങി 12 വര്‍ഷം കഴിഞ്ഞാണ് മലേനയുമായി ജുസെപ്പെ തൊര്‍ണാത്തോറെ എത്തിയത്. ഒരു ചലച്ചിത്രകാരന്റെ ഇരട്ട ക്ലാസിക്ക് എന്ന തരത്തില്‍ ഈ സിനിമകള്‍ രണ്ടും ഒന്നിനൊന്നു മികച്ചുനിന്നു. അതിനുശേഷം വന്ന ബാറിയ ഈ പ്രതീക്ഷകളുടെ ഉയരത്തിലെത്തിയില്ലെങ്കിലും എത്രവര്‍ഷം കാത്തിരുന്നിട്ടായാലും ഒരു മികച്ച സംവിധായകനില്‍നിന്ന് പൂര്‍വരചനകളെ അമ്പരപ്പിക്കുന്ന പുതുനാമ്പ് ഉയിര്‍ക്കൊള്ളുക തന്നെ ചെയ്യുന്നമെന്നതായിരിക്കും കാവ്യനീതി.

(പംക്തി-ലൂമിയര്‍ ആര്‍ട്ട്, പഞ്ചായത്ത്‌രാജ്‌, സെപ്റ്റംബര്‍ 2017)
ആഘോഷിക്കാം പോക്കിരി സൈമണുമൊത്ത്

പത്തുവര്‍ഷത്തിനിടെ മലയാള സിനിമകള്‍ക്ക് ലഭിക്കുന്നതിനെക്കാള്‍ വലിയ ആദ്യദിന വരവേല്‍പ്പാണ്തമിഴ് മുന്‍നിര നായകന്മാരുടെ സിനിമകള്‍ക്ക് കേരളത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. രജനീകാന്ത്, വിജയ്, സൂര്യ, അജിത്, വിക്രം തുടങ്ങിയവര്‍ക്കെല്ലാം വലിയ ആരാധകവൃന്ദവും ശക്തമായ ഫാന്‍സ് അസോസിയേഷന്‍ ചട്ടക്കൂടുമാണ് കേരളത്തിലുള്ളത്. ഫാന്‍സ് യൂണിറ്റുകളുടെ മത്സരിച്ചുള്ള പ്രവര്‍ത്തനമാണ് സിനിമകള്‍ക്ക് ഇത്തരമൊരു വരവേല്‍പ്പ് ലഭിക്കുന്നതിനുപിന്നില്‍. ഇക്കൂട്ടത്തില്‍ എല്ലാ ജില്ലകളിലും ഏറ്റവുമധികം സജീവമായ ഫാന്‍സ് യൂണിറ്റുള്ളത് ഇളയ ദളപതി വിജയ്ക്കാണ്. തമിഴ് സൂപ്പര്‍താരത്തോടുള്ള യുവാക്കളുടെ ഈ ആരാധന തിരിച്ചറിഞ്ഞാണ് ജിജോ ആന്റണി പോക്കിരി സൈമണ്‍ എന്ന ചിത്രമൊരുക്കിയിട്ടുള്ളത്. 
ദിലീപ് നായകനായ രസികന്‍, പൃഥ്വിരാജിന്റെ വണ്‍വെ ടിക്കറ്റ് എന്നിവയാണ് ഫാന്‍സ് അസോസിയേഷന്‍കാരുടെ കഥപറഞ്ഞ് നേരത്തെ പുറത്തിറങ്ങിയിട്ടുള്ള മലയാള സിനിമകള്‍. രസികനില്‍ ദിലീപും അബിയും മോഹന്‍ലാല്‍, മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍കാരായും വണ്‍വെ ടിക്കറ്റില്‍ പൃഥ്വിരാജ് മമ്മൂട്ടി ഫാന്‍സ് ഭാരവാഹിയായുമാണ് എത്തിയത്. സിനിമാതാരങ്ങളെ ദൈവങ്ങളായി കാണുന്ന സാധാരണക്കാരുടെ കഥപറഞ്ഞ ഈ സിനിമകളുടെ കൂട്ടത്തിലെ പുതിയ പേരാണ് പോക്കിരി സൈമണ്‍. സണ്ണി വെയ്‌നാണ് ടൈറ്റില്‍ റോളില്‍ വിജയ് ആരാധകനായി എത്തുന്നത്.
കേരളത്തിലെമ്പാടും വിജയ് ഫാന്‍സ് ഉണ്ടെങ്കിലും തിരുവനന്തപുരം കേന്ദ്രീകരിച്ച് സജീവമായ ഫാന്‍സുകാരും അവരുടെ ജീവിതവുമാണ് പോക്കിരി സൈമണില്‍ കടന്നുവരുന്നത്. ചലച്ചിത്രതാരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ക്ക് കേരളത്തില്‍ തുടക്കമിട്ട ചെങ്കല്‍ചൂളയാണ് പ്രധാന കഥാപരിസരം. പോക്കിരി സൈമണി(സണ്ണി വെയ്ന്‍)ന്റെയും ബീമാപ്പള്ളി നൗഷാദി(സൈജു കുറുപ്പ്)ന്റെയും നേതൃത്വത്തിലുള്ള വിജയ് ആരാധകസംഘം ശരാശരി പ്രേക്ഷകര്‍ക്ക് ആഘോഷിക്കാനുള്ളതെല്ലാം നല്‍കുന്നുണ്ട്. ഒരു വിജയ് പടം കാണുന്നതിന്റെ മൂഡില്‍ വിജയ് ആരാധകര്‍ക്കും ചിത്രം നന്നേ രസിക്കും. വിജയ് ചിത്രങ്ങളിലെ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും പോക്കിരി സൈമണില്‍ കടന്നുവരുന്നുണ്ട്. 
ഏഴൈതോഴനായ നായകന്‍, സുന്ദരിയും സമ്പന്നയുമായ നായിക, അവര്‍ക്കിടയിലെ പ്രണയം, കുടുംബസ്‌നേഹം, അനീതിക്കെതിരെ നായകന്റെ രോഷം, ശത്രുക്കളെ അവരുടെ ഒളിവിടത്തില്‍ച്ചെന്ന് കീഴ്‌പ്പെടുത്തല്‍ എന്നിങ്ങനെ ഒരു വിജയ് സിനിമയുടെ പാറ്റേണും പോക്കിരി സൈമണ്‍ പിന്തുടരുന്നു. ആദ്യപകുതി ആഘോഷത്തിന്റെ തിമിര്‍പ്പാകുമ്പോള്‍ രണ്ടാംപകുതിയില്‍ അല്‍പം ഗൗരവമായ ഒരു സാമൂഹികപ്രശ്‌നത്തിലേക്ക് ചിത്രം സഞ്ചരിക്കുന്നു. മുന്‍പ് ചില സിനിമകളില്‍ പറഞ്ഞിട്ടുള്ള വിഷയമാണെങ്കില്‍ക്കൂടി അവതരണമികവുകൊണ്ട് പുതുമ നല്‍കാന്‍ പോക്കിരി സൈമണിനാകുന്നുണ്ട്. ആഘോഷ സിനിമയുടെ പ്രേക്ഷകരിലും ഈ സാമൂഹികപ്രശ്‌നത്തിന്റെ ഗൗരവം എത്തിക്കാന്‍ സംവിധായകന് കഴിയുന്നു.
ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് തിരുവനന്തപുരത്തെ വിജയ് ഫാന്‍സ് പ്രവര്‍ത്തകരില്‍ പലരുടെയും ഛായ കാണാം. പ്രതിഫലേച്ഛയോ മറ്റു നേട്ടങ്ങളോ ഇല്ലാതെ ഇതുവരെ നേരില്‍ക്കണ്ടിട്ടു പോലുമില്ലാത്ത ഒരു നടനുവേണ്ടി രാപകല്‍ പ്രവര്‍ത്തിക്കുന്നവരാണിവര്‍. 'ഇവര്‍ക്ക് വേറെ പണിയില്ലേ' എന്നു ചുറ്റുമുള്ളവര്‍ നിരന്തരം ചോദിക്കുന്നു. ഇതിന് ഉത്തരം നല്‍കാന്‍ ഇവര്‍ക്കാകില്ല. പക്ഷേ ആരാധന നെഞ്ചിലുള്ളതാണെന്നു മാത്രം അവര്‍ പറയും. ഇങ്ങനെയുള്ള കുറെ മനുഷ്യരെയാണ് പോക്കിരി സൈമണില്‍ കാണാനാകുക. യഥാര്‍ഥ ജീവിതത്തില്‍ ഈ ആരാധകര്‍ തന്നെയാണ് താരങ്ങളെന്നതാണ് സിനിമ നല്‍കുന്ന സന്ദേശം. കെ.അമ്പാടിയുടെതാണ് തിരക്കഥ. 
നെടുമുടി വേണു, ജേക്കബ്ബ് ഗ്രിഗറി, അപ്പാനി ശരത്, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, അശോകന്‍, ബൈജു എന്നിവരുടെ മികച്ച പ്രകടനം ചിത്രത്തിന് മുതല്‍ക്കൂട്ടാവുന്നു. നായികയായെത്തിയ പ്രയാഗ മാര്‍ട്ടിനും സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി.
ചിത്രഭൂമി, 2017 സെപ്റ്റംബര്‍ 23

Monday, 18 September 2017

ആറിത്തണുത്ത കാപ്പുചീനോ

1990ല്‍ സിദ്ധിഖ് ലാലിന്റെ ഇന്‍ ഹരിഹര്‍ നഗറിന്റെ വലിയ വിജയത്തെ തുടര്‍ന്ന് പുതിയൊരു കോമഡി പാറ്റേണ്‍ തന്നെ മലയാള സിനിമയില്‍ രൂപപ്പെടുകയുണ്ടായി. പ്രത്യേകിച്ച് ഉത്തരവാദിത്തങ്ങളൊന്നുമില്ലാത്ത നാലോ അഞ്ചോ ചെറുപ്പക്കാര്‍ ഒരുമിച്ചു താമസിക്കുകയും അവര്‍ക്കിടയിലേക്ക് കടന്നുവരുന്ന ഒരു പെണ്‍കുട്ടിയും ആള്‍മാറാട്ടവും തെറ്റിദ്ധാരണയും തമാശയും ഒടുവില്‍ ശുഭാന്ത്യവും കുറിക്കുന്ന ഹാസ്യസിനിമകള്‍. സിദ്ധിഖ് ലാലിന്റെ ട്രെന്‍ഡ് സെറ്ററിന്റെ പുതുമ ഇന്നും നിലനില്‍ക്കുന്നതാണെങ്കില്‍ ആ പാറ്റേണ്‍ പിന്തുടര്‍ന്നുവന്ന തൊണ്ണൂറു ശതമാനവും സിനിമകള്‍ക്കും തീയേറ്ററില്‍ വലിയ ചലനമുണ്ടാക്കാനായില്ല. പിന്നീട് ഈ കോമഡി ട്രാക്കില്‍നിന്ന് മോചനം നേടാന്‍ മലയാള സിനിമ പത്തു വര്‍ഷത്തോളമെടുത്തു.
 ഇടയ്ക്കും തലയ്ക്കും പിന്നെയും ഇത്തരം പരിശ്രമങ്ങള്‍ ഉണ്ടായെങ്കിലും ഉള്‍ക്കനമില്ലാത്ത തമാശ ആസ്വദിക്കാന്‍ മലയാളി പ്രേക്ഷകര്‍ തയ്യാറായില്ല. യുവാക്കളെ ലക്ഷ്യമിട്ട് പുറത്തിറങ്ങുന്ന ഇത്തരം ചിത്രങ്ങളുടെ നിരയിലേക്കാണ് നവാഗതനായ നൗഷാദ് സംവിധാനം ചെയ്ത കാപ്പു ചീനോ വരുന്നത്. പുതിയ കാലത്തിന്റെ മാറിയ ജീവിതരീതിയും തൊഴില്‍സാഹചര്യങ്ങളും ട്രെന്‍ഡുകളും ഉള്‍പ്പെടുത്തി പേരില്‍ പോലും കാലത്തെ അടയാളപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ തീര്‍ത്തും അമേച്വറായ സമീപനംകൊണ്ട് കാപ്പു ചീനോ മധുരവും കടുപ്പവും കുറഞ്ഞ വെറും ചായയായി മാറി.
പരസ്യചിത്ര ഏജന്‍സി നടത്തുന്ന സുഹൃത്തുക്കളായ അഞ്ച് യുവാക്കളാണ് ചിത്രത്തിന്റെ കേന്ദ്രം. ഇവരുടെ ജീവിതത്തിലെ രസങ്ങളും യാദൃശ്ചികമായി സംഭവിക്കുന്ന അബദ്ധങ്ങളും അതു ചുരുള്‍ നിവര്‍ത്താനുള്ള പരിശ്രമവുമൊക്കെ ചേര്‍ന്ന പതിവു കഥാപരിസരം തന്നെയാണ് കാപ്പു ചീനോയ്ക്കുമുള്ളത്. നഗരജീവിതത്തിന്റെ ഫ്രെയിമുകളാല്‍ സമ്പന്നമായ ചിത്രത്തിന്റെ ഭൂരിഭാഗവും കൂട്ടുകാരുടെ കൂടിയിരിപ്പും തമാശകളും തീറ്റയും കുടിയുമൊക്കെയാണ്. എന്നാല്‍ സ്വാഭാവികമായ ഹാസ്യം സിനിമയില്‍ തെല്ലു കുറവാണ്. അതുകൊണ്ടുതന്നെ ചിരിപ്പിക്കാന്‍വേണ്ടി എഴുതിച്ചേര്‍ത്ത തമാശകള്‍ കാണികള്‍ ആസ്വദിക്കുന്നുമില്ല.
ഇനി ഹാസ്യം വിട്ട് ഗൗരവമായ തലമോ അതിന്റെ വികാസമോ അന്വേഷിച്ചാലും കാപ്പു ചീനോയിലൊരിടത്തും അതും കാണുകയില്ല. ചിത്രത്തിന്റെ രണ്ടാംപകുതിയില്‍ അത്തരമൊരു ശ്രമം ഉണ്ടാകുന്നുണ്ടെങ്കിലും നൂറാവര്‍ത്തി കണ്ട അവതരണരീതികൊണ്ട് അത് കാണികളില്‍ മുഷിപ്പാണുണ്ടാക്കുന്നത്. ഗൗരവം കലര്‍ത്താന്‍ കഥയില്‍ കണ്ടെത്തുന്ന വഴിത്തിരിവും അതിന്റെ ചുരുളഴിക്കല്‍ മാര്‍ഗങ്ങളും അമ്പേ ദുര്‍ബലമാകുന്നതോടെ ഹാസ്യവും വൈകാരികതയും ഒരുപോലെ കൈവിടുന്ന സിനിമ പ്രേക്ഷകരെയും തനിച്ചാക്കുന്നു.
ചെറിയ കഥകള്‍ പറച്ചില്‍രീതിയിലെ പുതുമകൊണ്ട് പ്രേക്ഷകപ്രശംസ നേടുന്ന ഒരു ആസ്വാദനകാലമാണ് മലയാള സിനിമയില്‍ നിലനില്‍ക്കുന്നത്. മഹാസംഭവങ്ങളോ കഥകളുടെയും ഉപകഥകളുടെയും തുന്നിച്ചേര്‍പ്പോ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. പറഞ്ഞതില്‍ കൂടുതലായൊന്നും പറയാനില്ലാത്ത തിരക്കഥ തന്നെയാണ് കാപ്പു ചീനോയുടെ ദുര്‍ബലകണ്ണി. ഇതിനെ ചിത്രീകരിക്കുന്നതിനും ഒരു പരിധിയുണ്ടെന്നുവേണം പറയാന്‍. 
ധര്‍മജമന്‍, ഹരീഷ് കണാരന്‍, മനോജ് ഗിന്നസ് എന്നിവരുടെ സാന്നിധ്യവും തരക്കേടില്ലാത്ത പാട്ടുകളും ചിത്രീകരണവുമാണ് അല്‍പം ആശ്വാസമുണ്ടാക്കുന്നത്. എന്നാല്‍ ഇവയ്‌ക്കൊന്നും ചിത്രത്തിന്റെ ആകെത്തുകയായ ദുര്‍ബലതയെ മറികടക്കാനുള്ള ഗുണഫലമില്ലാതെ പോകുന്നു.
ചിത്രഭൂമി, സെപ്റ്റംബര്‍ 16, 2017
ആദം ജോണ്‍: എന്തൊരു പുതുമ!

ഉള്ളടക്കത്തിലെ അച്ചടക്കത്തെക്കാള്‍ സാങ്കേതികമികവിന് പ്രാധാന്യം നല്‍കുന്ന ആദം ജോണ്‍ ഗൗരവമുളള സിനിമ കാണാന്‍ താത്പര്യമുള്ള പ്രേക്ഷകര്‍ക്ക് രുചിക്കുന്ന ചിത്രമായിരിക്കും. പൃഥ്വിരാജിനെ നായകനാക്കി ജിനു വി.എബ്രഹാം ഒരുക്കിയ ആദം ജോണിന്റെ കഥാപശ്ചാത്തലം സ്‌കോട്ട്‌ലാന്റാണ്. വിദേശത്ത് ചിത്രീകരിക്കുന്നതിലൂടെ മലയാള സിനിമയുടെ പുതുമയുള്ള 'മേക്കിങ്' പരീക്ഷണം സാധ്യമാക്കാന്‍ ആദം ജോണിനാകുന്നു. സമ്പന്നമായ ഫ്രെയിമുകളും അവതരണമികവും പശ്ചാത്തലസംഗീതവും ചിത്രത്തിന് മികവു നല്‍കുന്നു. ദുര്‍ബലമായ തിരക്കഥയാണ് ആദം ജോണിനെ പിന്നോട്ടടിപ്പിക്കുന്നത്. പ്രത്യേകിച്ച് പറയാനൊന്നുമില്ലാത്ത ചിത്രത്തില്‍ പലതും ഏച്ചുകൂട്ടി പറഞ്ഞിരിക്കുന്നതായിട്ടാണ് പ്രേക്ഷകന് അനുഭവപ്പെടുക. 
മകളെ തട്ടിക്കൊണ്ടുപോകലും മോചനത്തിനായുള്ള അച്ഛന്റെ പരിശ്രമവുമെന്ന നൂറാവര്‍ത്തി പറഞ്ഞുപഴകിയ കഥയാണ് ആദം ജോണിനും പറയാനുള്ളത്. ഈയൊരു കഥയില്‍ എങ്ങനെ പുതുമ വരുത്തി അവതരിപ്പിക്കാമെന്നതിലാണ് അല്‍പമെങ്കിലും സാധ്യത അവശേഷിക്കുന്നത്. കഥാപശ്ചാത്തലം സ്‌കോട്ട്‌ലാന്റാണെന്നതും ആഭിചാരകര്‍മങ്ങള്‍ക്കുള്ള ഇരയായിട്ടാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതെന്നതും മാത്രമാണ് ചിത്രത്തില്‍ പുതുമയായിട്ടുള്ളത്. ഫാമിലി ഡ്രാമയില്‍നിന്ന ചിത്രം ത്രില്ലര്‍ സ്വഭാവത്തിലേക്ക് മാറുന്നതും ആഭിചാരകര്‍മങ്ങള്‍ പശ്ചാത്തലമാക്കുന്ന ഈ അവതരണമാണ്. എന്നാല്‍ ഇതിന്റെ വിശദീകരണത്തിനും ചിത്രം തയ്യാറാകുന്നില്ല. 
സ്‌കോട്ട്‌ലാന്റില്‍ താമസിക്കുന്ന മലയാളി കുടുംബത്തിലേക്ക് ആകസ്മികമായി എത്തുന്ന ദുരന്തമായി ആറുവയസ്സുള്ള മകളെ തട്ടിക്കൊണ്ടുപോകുന്നതും അതിനുപിന്നിലെ കണ്ണികളെ തേടുന്നതുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലാത്ത കുട്ടിയുടെ അച്ഛന്‍ സ്വന്തം നിലയ്ക്ക് കാര്യങ്ങള്‍ അന്വേഷിക്കുകയും കൂട്ടുകാരന്റെ സഹായത്തോടെ പോലീസിനെ വെല്ലുന്ന തരത്തില്‍ അന്വേഷണം നടത്തുകയും സംശയാലുക്കളെ തന്റെ ഒളിവിടത്തിലേക്ക് എത്തിച്ച് ചോദ്യംചെയ്യുകയും കുട്ടിയെ മോചിപ്പിക്കുകയും ചെയ്യുന്നു. കേരളത്തില്‍നിന്ന് സ്‌കോട്ട്‌ലാന്റില്‍ ആദ്യമായെത്തുന്ന തോട്ടമുടമയായ ഒരു സാധാരണ മലയാളി ചെറുപ്പക്കാരന്‍ അവിടെ ചിരപരിചിതനെന്ന പോലെ പെരുമാറുകയും പ്രതിനായകര്‍ക്കെതിരെ വിധി തീരുമാനിക്കുകയും നടപ്പിലാക്കുകയും അന്തിമവിജയം നേടുകയും ചെയ്യുന്നത് തീര്‍ത്തും അസ്വാഭാവികമായി തോന്നും.
മകളെ തട്ടിക്കൊണ്ടുപോയതാരെന്ന് കണ്ടെത്താന്‍ അന്വേഷണവുമായി നീങ്ങുന്ന സാധാരണക്കാരായ അച്ഛന്‍ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. എന്നാല്‍ അത്ര സാധാരണക്കാരനാവാന്‍ കഴിയാത്ത പൃഥ്വിരാജിന്റെ ശരീരഭാഷയില്‍ ഇത്ര ലളിതമായ ഒരു വേഷം ഒതുങ്ങിനില്‍ക്കുന്നില്ലെന്നുവേണം പറയാന്‍. അതുകൊണ്ടുതന്നെ കഥാപരിസരം ആവശ്യപ്പെടുന്നില്ലെങ്കില്‍പ്പോലും നായകന്റെ വേഷത്തിലും വാഹനങ്ങളിലും കൊണ്ടുവരുന്ന വൈവിധ്യം ആരാധകര്‍ക്കുവേണ്ടിയാണെന്നു തീര്‍ച്ച. വിപണിയുടെ ഹരമായ ബൈക്കുകളും കാറുകളും നായകന്‍ ചിത്രത്തില്‍ യഥേഷ്ടം ഉപയോഗിക്കുന്നുണ്ട്. ചിത്രത്തിന്റെ സംവിധായകനായ ജിനു എബ്രഹാം നേരത്തെ തിരക്കഥയെഴുതി പൃഥ്വിരാജ് നായകനായ ലണ്ടന്‍ ബ്രിഡ്ജിലും സമാനമായ രീതി ഉപയോഗിച്ചിട്ടുണ്ടെന്നു കാണാം.  
ആദം ജോണിനെ ഒരു 'ബ്ലാക്കിഷ് മൂവി' എന്ന് ഒറ്റവാക്കില്‍ വിശേഷിപ്പിക്കാനാകും. ചിത്രത്തിന്റെ ഭൂരിഭാഗം പങ്കും ഇരുണ്ട പശ്ചാത്തലത്തിലും നിഗൂഢത സൂക്ഷിക്കുന്നതുമാണ്. എന്നാല്‍ പ്രമേയത്തില്‍ അത്രമാത്രം സസ്‌പെന്‍സ് ഒളിപ്പിച്ചുവയ്ക്കുന്നുമില്ല. ആദ്യപകുതിയില്‍ത്തന്നെ കഥാഗതിയെപ്പറ്റി പ്രേക്ഷകന് നല്ല ധാരണ ലഭിക്കുന്നുണ്ട്. പിന്നീട് നായകന്‍ പ്രതിനായകരിലേക്ക് എത്തുന്ന വഴികളെക്കുറിച്ചു മാത്രമാണ് ആകാംക്ഷയുള്ളത്. ഇതാകട്ടെ അത്ര പിരിമുറുക്കം നിറഞ്ഞതുമല്ല. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ പതിവു അതിമാനുഷിക നായക കഥാപാത്രങ്ങളെപ്പോലെത്തന്നെ വില്ലന്മാരെ കീഴടക്കുന്ന നായകന്‍ തന്നെയാണ് ആദം ജോണും. 
സിനിമ യാഥാര്‍ഥ്യത്തോട് കൂടുതല്‍ അടുത്തുനില്‍ക്കുകയും പ്രേക്ഷകര്‍ അത് സ്വീകരിക്കുകയും ചെയ്യുന്ന ഒരു കാലത്താണ് മലയാളത്തില്‍നിന്ന് ഇത്തരം സിനിമകളുമുണ്ടാകുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ആദം ജോണ്‍ പോലുള്ള സിനിമകള്‍ പ്രേക്ഷകരെ രസിപ്പിക്കുന്നതിനെക്കാള്‍ ആശങ്കപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് പറയേണ്ടിവരും. 

ചിത്രഭൂമി, സെപ്റ്റംബര്‍ 2, 2017