Monday, 25 September 2017

നഗ്നത നിസ്സഹായതയുടെ പ്രതീകം കൂടിയാണ്

ഇറ്റാലിയന്‍ സിനിമയില്‍ ആവര്‍ത്തിച്ച് അടയാളപ്പെടുത്തിയിട്ടുള്ള ഒരു പ്രദേശമാണ് സിസിലി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കകാലത്ത് കറുപ്പിലും വെളുപ്പിലുമായി ലോകം കണ്ട ഈ ഭൂപ്രദേശത്തെ പിന്നീടുവന്ന ഇറ്റാലിയന്‍ ചലച്ചിത്രകാരന്മാരെല്ലാം ക്യാമറയിലാക്കുകയുണ്ടായി. ചില ഭൂമികകള്‍ സിനിമയില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. എല്ലാ ഭാഷാ സിനിമകളിലും അതതു നാടുകളിലെ ചില സ്ഥലങ്ങളോടുള്ള ഈ സവിശേഷ താത്പര്യം കണ്ടെടുക്കാനാകും. എത്രയാവര്‍ത്തി പകര്‍ത്തിയിട്ടും തീരാത്ത ഇഴയടുപ്പം കൊണ്ടായിരിക്കണം ഈ വീണ്ടെടുപ്പുകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നത്.
വിഖ്യാത ഇറ്റാലിയന്‍ സംവിധായകരായ ലൂച്ചിനോ വിസ്‌കോന്തി, മൈക്കലാഞ്ചലോ അന്റോണിയോണി, പിയട്രോ ജെര്‍മി, ഫ്രാന്‍സെസ്‌കോ റോസി, മാര്‍കോ റിസി, ബെര്‍ട്ടൊലൂച്ചി തുടങ്ങിയവരുടെ സിനിമകളിലൂടെയാണ് മെഡിറ്ററേനിയന്‍ കടലിലുള്ള ദ്വീപസമൂഹമായ സിസിലിയാനയെന്ന സിസിലി ലോകസിനിമാ ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധനേടുന്നത്. വിസ്‌കോന്തിയുടെ ലാ തരാ ട്രെമാ, ദ ലിയോപാര്‍ഡ്, പിയട്രോ ജെര്‍മിയുടെ ഡിവോര്‍സ് ഇന്‍ ഇറ്റാലിയന്‍ സ്‌റ്റൈല്‍, സെഡ്യൂസ്ഡ് ആന്റ് അബാന്‍ഡന്റ് തുടങ്ങിയ സിനിമകളില്‍ ഇക്കൂട്ടത്തില്‍പ്പെടും. ഇറ്റാലിയന്‍ സിനിമയുടെ ആദ്യകാല മാസ്റ്റേഴ്‌സും ഇറ്റാലിയന്‍ നിയോ റിയലിസത്തിന്റെ വക്താക്കളുമായ ഇവരില്‍നിന്ന് പുതിയകാല സിനിമയിലേക്കെത്തുമ്പൊഴും സിസിലി പ്രവിശ്യയോടുള്ള അടുപ്പം ചലച്ചിത്രകാരന്മാരില്‍നിന്ന് മായുന്നില്ല.

 പുതിയകാല സിനിമയില്‍ സിസിലിയുടെ പതാകവാഹകന്‍ സിസിലിയിലെ ബഗറിയയില്‍ ജനിച്ച സിനിമാ പാരഡീസോ എന്ന ചിത്രത്തിലൂടെ ലോകശ്രദ്ധ നേടിയ ജുസെപ്പെ തൊര്‍ണാത്തോറെയാണ്.  സിസിലിയിലെ ഗ്രാമ, നഗരവീഥികളും അവിടത്തെ തീയേറ്ററുമായിരുന്നു സിനിമാ പാരഡീസോയുടെ ഭൂമിക. സ്റ്റാര്‍ മേക്കര്‍, മലേന, ബാറിയ എന്നീ ചിത്രങ്ങളിലുടെ സിസിലിയെ അദ്ദേഹം വീണ്ടും അടയാളപ്പെടുത്തി.
തൊര്‍ണാത്തോറെയുടെ സൃഷ്ടികളില്‍ വിഷയത്തിലെ വൈവിധ്യംകൊണ്ടും കാവ്യാത്മകതമായ ആവിഷ്‌കാരംകൊണ്ടും എക്കാലത്തേക്കുമുള്ള കാഴ്ചാനുഭവമായി മാറിയ ചിത്രമാണ് മലേന. ബോംബര്‍ വിമാനങ്ങള്‍ നഗാരാകാശത്തിനുമീതെ വട്ടമിട്ടു പറക്കുകയും പട്ടാളബൂട്ടുകള്‍ വലിയ ശബ്ദം കേള്‍പ്പിച്ച് ചത്വരങ്ങളിലൂടെ റോന്തുചുറ്റുകയും ചെയ്യുന്ന രണ്ടാം ലോകമഹായുദ്ധകാലത്തെ സിസിലിയാണ് മലേനയുടെ പശ്ചാത്തലം. യുദ്ധത്തിന്റെ അരക്ഷിതാവസ്ഥയും ഭീതിയും ജനങ്ങളില്‍ നിലനില്‍ക്കുമ്പോള്‍ തന്നെ മലേനയുടെ ക്യാമറ ചലിക്കുന്നത് മറ്റൊരിടത്തേക്കാണ്. യുദ്ധകാലത്ത് ദൂരെയെവിടെയോ ആയിപ്പോയ പട്ടാളക്കാരന്റെ ഭാര്യ മലേനയെ സിസിലിയിലെ നാട്ടുകാര്‍ എങ്ങനെ പരിചരിക്കുന്നുവെന്നിടത്തേക്കാണ് ആ നോട്ടം. 
ഇറ്റാലിയന്‍ നടിയും മോഡലുമായ മൊണിക്കാ ബെലൂചിയുടെ കരിയര്‍ ബെസ്റ്റായ മലേനയെന്ന കഥാപാത്രം സൃഷ്ടിക്കുന്ന അപാരമായ ഉടലാകര്‍ഷകത്വമാണ് ചിത്രം പുറത്തിറങ്ങിയ കാലത്ത് മാധ്യമശ്രദ്ധയ്ക്കും സജീവചര്‍ച്ചയ്ക്കുമിടയാക്കിയത്. എന്നാല്‍ നഗ്നത കാമത്തിന്റെ മാത്രം സൂചകമല്ല. ചിലപ്പോഴത് നിസ്സഹായതയുടെയും അനുകമ്പയുടെയും പ്രതീകമായിമാറുന്ന ജീവിതാവസ്ഥ കൂടിയാണെന്ന് ജുസെപ്പെ തൊര്‍ണാത്തോറെ ആവിഷ്‌കരിക്കുന്നു. ലൂസിയാനോ വിന്‍സെന്‍സോണിയുടെ മൂലകഥയെ അടിസ്ഥാനമാക്കിയാണ് തൊര്‍ണാത്തോറെ മലേന ഒരുക്കിയിട്ടുള്ളത്. 

ഒറ്റയ്ക്കു കഴിയുന്ന ഒരു സ്ത്രീക്കുമേല്‍ സമൂഹം അതിന്റെ സദാചാരക്കണ്ണ് സദാസമയം തുറന്നുവയ്ക്കും. ഈ കണ്ണ് അവള്‍ക്കു സംരക്ഷണവും ആശ്രയവും നല്‍കാനുള്ളതായിരിക്കില്ല. അവള്‍ തെറ്റായെന്തെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും അവളെ തെറ്റിലേക്കു വീഴ്ത്താന്‍ വഴികളുണ്ടോ എന്ന അന്വേഷണത്തിലേക്കുമായിരിക്കും ഇടതടവില്ലാതെ നോട്ടം പാഞ്ഞുചെല്ലുന്നത്. സമൂഹം സ്വയമേവ വിചാരണ ഏറ്റെടുക്കുകയും ശിക്ഷ നടപ്പാക്കുകയും ചെയ്യുമ്പോള്‍ ഒരു മനുഷ്യജീവി എത്രമാത്രം നിസ്സഹായയും ഒറ്റപ്പെട്ടവളുമായി മാറുന്നുവെന്നതിന്റെ പ്രതീകം കൂടിയാകുന്നു മലേന.
മലേനയുടെ കണ്ണുകളില്‍ തനിക്ക് നടന്നെത്തേണ്ട ലക്ഷ്യസ്ഥാനം മാത്രമാണുള്ളത്. ചുറ്റിലുമുള്ള മറ്റു മുഴുവന്‍ കണ്ണുകളാകട്ടെ മലേനയിലും. അവള്‍ ആരോടും സംസാരിക്കുന്നില്ല. നടത്തത്തിന്റെ ആവേഗത്തില്‍ വ്യതിയാനം വരുത്താന്‍ പോലും തയ്യാറല്ല. അവളുടെ കണ്ണുകള്‍ മുന്നിലുള്ള വഴികളിലേക്കുമിടവഴികളിലേക്കുമല്ലാതെ മറ്റൊന്നിലേക്കും തിരിയുന്നില്ല. ചെന്നെത്തേണ്ട ഇടം വരേയ്ക്കും അവളെ പിന്തുടരുന്ന കണ്ണുകളിലാണ് കാഴ്ചകളുടെ തിളക്കമത്രയും.
മലേനയെന്ന അതിസുന്ദരിയായ യുവതിയുടെ ശരീരത്തില്‍ ആകൃഷ്ടരാകുകയാണ് സിസിലിയിലെ ജനങ്ങള്‍. അവിടത്തെ മുഴുവന്‍ ആണുങ്ങളും അവളെ കാമിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. സ്ത്രീകള്‍ പോലും അവളെ അസൂയയോടെ നോക്കുന്നു. സിസിലിയിലെ ആണ്‍നോട്ടക്കാരുടെ പ്രതിനിധിയായ പന്ത്രണ്ടു വയസ്സുകാരനിലൂടെയാണ് അവരുടെ വിചാരവികാരങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത്. അവന് മലേനയോട് തീരാപ്രണയവും വികാരവുമാണ്. മലേനയെ ഇഷ്ടപ്പെടുന്ന മറ്റു പുരുഷന്മാരെയെല്ലാം അവന്‍ വെറുക്കുന്നുണ്ട്. ദൂരെ ജോലിയിലുള്ള മലേനയുടെ ഭര്‍ത്താവ് യുദ്ധത്തില്‍ മരണപ്പെട്ടുവെന്നാണ് ഗ്രാമവാസികള്‍ കരുതുന്നത്. 
കാണാന്‍ കൊതിച്ച മലേനയുടെ നഗ്നത സിസിലിയിലെ പുരുഷന്മാര്‍ ഒരിക്കല്‍ കണ്ടു. അന്നവര്‍ക്ക് അവളോടു തോന്നിയത് കാമമല്ല, മറിച്ച് അനുകമ്പയാണ്. ഒരുപറ്റം സ്ത്രീകള്‍ വഴിയിലിട്ട് മലേനയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അവസരം കിട്ടിയപ്പോള്‍ മലേനയില്‍ തെറ്റുകാരിയെന്നും സമൂഹത്തിന്റെ നടപ്പുവഴികള്‍ക്ക് ചേരാത്തവളുമെന്ന് മുദ്ര ചാര്‍ത്തി അവളെ കളങ്കിതയാക്കുകയായിരുന്നു സ്ത്രീകള്‍. ഈ ക്രൂരചെയ്തിയില്‍ അവര്‍ വല്ലാതെ ആനന്ദം കണ്ടെത്തി. പുരുഷന്മാരാരും തടഞ്ഞതുമില്ല. അതുവരെ മലേനയിലെ സൗന്ദര്യം സിസിലിയിലെ പുരുഷന്മാര്‍ക്കൊപ്പം ആസ്വദിച്ച കാഴ്ചക്കാരും ഒടുവില്‍ അവര്‍ക്കൊപ്പം അവളോട് അനുകമ്പയുള്ളവരായിമാറുന്നു. 

ലൈംഗികചോദനയെ എത്രമാത്രം സര്‍ഗാത്മകമായി ആവിഷ്‌കരിക്കാമെന്നതിന്റെ ഉത്തമദൃഷ്ടാന്തമായി മാറുകയായിരുന്നു മലേനയില്‍. നഗ്നത അശ്ലീലമായല്ല, നമ്മളോടു ഇഴചേര്‍ന്നുകിടക്കുന്ന ഉദാത്തമായ ശ്ലീലതയായിട്ടാണ് ഇവിടെ അനുഭവപ്പെടുക. സ്ത്രീയുടെ കാമനകളും വിചാരങ്ങളും അവളുടെ സ്വാതന്ത്ര്യബോധത്തിന്റെതു കൂടിയാണ്. അധികം സംസാരിക്കാത്ത, ചുറ്റുപാടുകള്‍ക്ക് കണ്‍ചെവികള്‍ കൊടുക്കാത്ത, നിഗൂഢതകള്‍ ഒളിപ്പിക്കുന്നുവെന്ന് തെറ്റിദ്ധരിച്ചേക്കാവുന്ന മലേനയുടെ ചലനങ്ങളില്‍ സ്വാതന്ത്ര്യബോധവും ഉറച്ച ധാരണകളുമുള്ള സ്ത്രീയാണുള്ളതെന്ന് സിസിലിയിലെ ജനങ്ങള്‍ക്കും പ്രേക്ഷകനും ബോധ്യപ്പെടുന്നിടത്താണ് മലേന ഒഴുകിത്തുടരുന്നത്.
വാണിജ്യവിജയവും നിരൂപകപ്രശംസയും നേടിയ മലേന 2000ല്‍ മികച്ച പശ്ചാത്തലസംഗീതം, ഛായാഗ്രഹണം എന്നിവയ്ക്കുള്ള ഓസ്‌കാര്‍ നാമനിര്‍ദേശം നേടിയിരുന്നു. സിനിമാ പാരഡീസോ പുറത്തിറങ്ങി 12 വര്‍ഷം കഴിഞ്ഞാണ് മലേനയുമായി ജുസെപ്പെ തൊര്‍ണാത്തോറെ എത്തിയത്. ഒരു ചലച്ചിത്രകാരന്റെ ഇരട്ട ക്ലാസിക്ക് എന്ന തരത്തില്‍ ഈ സിനിമകള്‍ രണ്ടും ഒന്നിനൊന്നു മികച്ചുനിന്നു. അതിനുശേഷം വന്ന ബാറിയ ഈ പ്രതീക്ഷകളുടെ ഉയരത്തിലെത്തിയില്ലെങ്കിലും എത്രവര്‍ഷം കാത്തിരുന്നിട്ടായാലും ഒരു മികച്ച സംവിധായകനില്‍നിന്ന് പൂര്‍വരചനകളെ അമ്പരപ്പിക്കുന്ന പുതുനാമ്പ് ഉയിര്‍ക്കൊള്ളുക തന്നെ ചെയ്യുന്നമെന്നതായിരിക്കും കാവ്യനീതി.

(പംക്തി-ലൂമിയര്‍ ആര്‍ട്ട്, പഞ്ചായത്ത്‌രാജ്‌, സെപ്റ്റംബര്‍ 2017)

No comments:

Post a Comment