Monday, 25 September 2017

ആഘോഷിക്കാം പോക്കിരി സൈമണുമൊത്ത്

പത്തുവര്‍ഷത്തിനിടെ മലയാള സിനിമകള്‍ക്ക് ലഭിക്കുന്നതിനെക്കാള്‍ വലിയ ആദ്യദിന വരവേല്‍പ്പാണ്തമിഴ് മുന്‍നിര നായകന്മാരുടെ സിനിമകള്‍ക്ക് കേരളത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. രജനീകാന്ത്, വിജയ്, സൂര്യ, അജിത്, വിക്രം തുടങ്ങിയവര്‍ക്കെല്ലാം വലിയ ആരാധകവൃന്ദവും ശക്തമായ ഫാന്‍സ് അസോസിയേഷന്‍ ചട്ടക്കൂടുമാണ് കേരളത്തിലുള്ളത്. ഫാന്‍സ് യൂണിറ്റുകളുടെ മത്സരിച്ചുള്ള പ്രവര്‍ത്തനമാണ് സിനിമകള്‍ക്ക് ഇത്തരമൊരു വരവേല്‍പ്പ് ലഭിക്കുന്നതിനുപിന്നില്‍. ഇക്കൂട്ടത്തില്‍ എല്ലാ ജില്ലകളിലും ഏറ്റവുമധികം സജീവമായ ഫാന്‍സ് യൂണിറ്റുള്ളത് ഇളയ ദളപതി വിജയ്ക്കാണ്. തമിഴ് സൂപ്പര്‍താരത്തോടുള്ള യുവാക്കളുടെ ഈ ആരാധന തിരിച്ചറിഞ്ഞാണ് ജിജോ ആന്റണി പോക്കിരി സൈമണ്‍ എന്ന ചിത്രമൊരുക്കിയിട്ടുള്ളത്. 
ദിലീപ് നായകനായ രസികന്‍, പൃഥ്വിരാജിന്റെ വണ്‍വെ ടിക്കറ്റ് എന്നിവയാണ് ഫാന്‍സ് അസോസിയേഷന്‍കാരുടെ കഥപറഞ്ഞ് നേരത്തെ പുറത്തിറങ്ങിയിട്ടുള്ള മലയാള സിനിമകള്‍. രസികനില്‍ ദിലീപും അബിയും മോഹന്‍ലാല്‍, മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍കാരായും വണ്‍വെ ടിക്കറ്റില്‍ പൃഥ്വിരാജ് മമ്മൂട്ടി ഫാന്‍സ് ഭാരവാഹിയായുമാണ് എത്തിയത്. സിനിമാതാരങ്ങളെ ദൈവങ്ങളായി കാണുന്ന സാധാരണക്കാരുടെ കഥപറഞ്ഞ ഈ സിനിമകളുടെ കൂട്ടത്തിലെ പുതിയ പേരാണ് പോക്കിരി സൈമണ്‍. സണ്ണി വെയ്‌നാണ് ടൈറ്റില്‍ റോളില്‍ വിജയ് ആരാധകനായി എത്തുന്നത്.
കേരളത്തിലെമ്പാടും വിജയ് ഫാന്‍സ് ഉണ്ടെങ്കിലും തിരുവനന്തപുരം കേന്ദ്രീകരിച്ച് സജീവമായ ഫാന്‍സുകാരും അവരുടെ ജീവിതവുമാണ് പോക്കിരി സൈമണില്‍ കടന്നുവരുന്നത്. ചലച്ചിത്രതാരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ക്ക് കേരളത്തില്‍ തുടക്കമിട്ട ചെങ്കല്‍ചൂളയാണ് പ്രധാന കഥാപരിസരം. പോക്കിരി സൈമണി(സണ്ണി വെയ്ന്‍)ന്റെയും ബീമാപ്പള്ളി നൗഷാദി(സൈജു കുറുപ്പ്)ന്റെയും നേതൃത്വത്തിലുള്ള വിജയ് ആരാധകസംഘം ശരാശരി പ്രേക്ഷകര്‍ക്ക് ആഘോഷിക്കാനുള്ളതെല്ലാം നല്‍കുന്നുണ്ട്. ഒരു വിജയ് പടം കാണുന്നതിന്റെ മൂഡില്‍ വിജയ് ആരാധകര്‍ക്കും ചിത്രം നന്നേ രസിക്കും. വിജയ് ചിത്രങ്ങളിലെ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും പോക്കിരി സൈമണില്‍ കടന്നുവരുന്നുണ്ട്. 
ഏഴൈതോഴനായ നായകന്‍, സുന്ദരിയും സമ്പന്നയുമായ നായിക, അവര്‍ക്കിടയിലെ പ്രണയം, കുടുംബസ്‌നേഹം, അനീതിക്കെതിരെ നായകന്റെ രോഷം, ശത്രുക്കളെ അവരുടെ ഒളിവിടത്തില്‍ച്ചെന്ന് കീഴ്‌പ്പെടുത്തല്‍ എന്നിങ്ങനെ ഒരു വിജയ് സിനിമയുടെ പാറ്റേണും പോക്കിരി സൈമണ്‍ പിന്തുടരുന്നു. ആദ്യപകുതി ആഘോഷത്തിന്റെ തിമിര്‍പ്പാകുമ്പോള്‍ രണ്ടാംപകുതിയില്‍ അല്‍പം ഗൗരവമായ ഒരു സാമൂഹികപ്രശ്‌നത്തിലേക്ക് ചിത്രം സഞ്ചരിക്കുന്നു. മുന്‍പ് ചില സിനിമകളില്‍ പറഞ്ഞിട്ടുള്ള വിഷയമാണെങ്കില്‍ക്കൂടി അവതരണമികവുകൊണ്ട് പുതുമ നല്‍കാന്‍ പോക്കിരി സൈമണിനാകുന്നുണ്ട്. ആഘോഷ സിനിമയുടെ പ്രേക്ഷകരിലും ഈ സാമൂഹികപ്രശ്‌നത്തിന്റെ ഗൗരവം എത്തിക്കാന്‍ സംവിധായകന് കഴിയുന്നു.
ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് തിരുവനന്തപുരത്തെ വിജയ് ഫാന്‍സ് പ്രവര്‍ത്തകരില്‍ പലരുടെയും ഛായ കാണാം. പ്രതിഫലേച്ഛയോ മറ്റു നേട്ടങ്ങളോ ഇല്ലാതെ ഇതുവരെ നേരില്‍ക്കണ്ടിട്ടു പോലുമില്ലാത്ത ഒരു നടനുവേണ്ടി രാപകല്‍ പ്രവര്‍ത്തിക്കുന്നവരാണിവര്‍. 'ഇവര്‍ക്ക് വേറെ പണിയില്ലേ' എന്നു ചുറ്റുമുള്ളവര്‍ നിരന്തരം ചോദിക്കുന്നു. ഇതിന് ഉത്തരം നല്‍കാന്‍ ഇവര്‍ക്കാകില്ല. പക്ഷേ ആരാധന നെഞ്ചിലുള്ളതാണെന്നു മാത്രം അവര്‍ പറയും. ഇങ്ങനെയുള്ള കുറെ മനുഷ്യരെയാണ് പോക്കിരി സൈമണില്‍ കാണാനാകുക. യഥാര്‍ഥ ജീവിതത്തില്‍ ഈ ആരാധകര്‍ തന്നെയാണ് താരങ്ങളെന്നതാണ് സിനിമ നല്‍കുന്ന സന്ദേശം. കെ.അമ്പാടിയുടെതാണ് തിരക്കഥ. 
നെടുമുടി വേണു, ജേക്കബ്ബ് ഗ്രിഗറി, അപ്പാനി ശരത്, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, അശോകന്‍, ബൈജു എന്നിവരുടെ മികച്ച പ്രകടനം ചിത്രത്തിന് മുതല്‍ക്കൂട്ടാവുന്നു. നായികയായെത്തിയ പ്രയാഗ മാര്‍ട്ടിനും സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി.
ചിത്രഭൂമി, 2017 സെപ്റ്റംബര്‍ 23

No comments:

Post a Comment