ആറിത്തണുത്ത കാപ്പുചീനോ
1990ല്‍ സിദ്ധിഖ് ലാലിന്റെ ഇന്‍ ഹരിഹര്‍ നഗറിന്റെ വലിയ വിജയത്തെ തുടര്‍ന്ന് പുതിയൊരു കോമഡി പാറ്റേണ്‍ തന്നെ മലയാള സിനിമയില്‍ രൂപപ്പെടുകയുണ്ടായി. പ്രത്യേകിച്ച് ഉത്തരവാദിത്തങ്ങളൊന്നുമില്ലാത്ത നാലോ അഞ്ചോ ചെറുപ്പക്കാര്‍ ഒരുമിച്ചു താമസിക്കുകയും അവര്‍ക്കിടയിലേക്ക് കടന്നുവരുന്ന ഒരു പെണ്‍കുട്ടിയും ആള്‍മാറാട്ടവും തെറ്റിദ്ധാരണയും തമാശയും ഒടുവില്‍ ശുഭാന്ത്യവും കുറിക്കുന്ന ഹാസ്യസിനിമകള്‍. സിദ്ധിഖ് ലാലിന്റെ ട്രെന്‍ഡ് സെറ്ററിന്റെ പുതുമ ഇന്നും നിലനില്‍ക്കുന്നതാണെങ്കില്‍ ആ പാറ്റേണ്‍ പിന്തുടര്‍ന്നുവന്ന തൊണ്ണൂറു ശതമാനവും സിനിമകള്‍ക്കും തീയേറ്ററില്‍ വലിയ ചലനമുണ്ടാക്കാനായില്ല. പിന്നീട് ഈ കോമഡി ട്രാക്കില്‍നിന്ന് മോചനം നേടാന്‍ മലയാള സിനിമ പത്തു വര്‍ഷത്തോളമെടുത്തു.
ഇടയ്ക്കും തലയ്ക്കും പിന്നെയും ഇത്തരം പരിശ്രമങ്ങള്‍ ഉണ്ടായെങ്കിലും ഉള്‍ക്കനമില്ലാത്ത തമാശ ആസ്വദിക്കാന്‍ മലയാളി പ്രേക്ഷകര്‍ തയ്യാറായില്ല. യുവാക്കളെ ലക്ഷ്യമിട്ട് പുറത്തിറങ്ങുന്ന ഇത്തരം ചിത്രങ്ങളുടെ നിരയിലേക്കാണ് നവാഗതനായ നൗഷാദ് സംവിധാനം ചെയ്ത കാപ്പു ചീനോ വരുന്നത്. പുതിയ കാലത്തിന്റെ മാറിയ ജീവിതരീതിയും തൊഴില്‍സാഹചര്യങ്ങളും ട്രെന്‍ഡുകളും ഉള്‍പ്പെടുത്തി പേരില്‍ പോലും കാലത്തെ അടയാളപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ തീര്‍ത്തും അമേച്വറായ സമീപനംകൊണ്ട് കാപ്പു ചീനോ മധുരവും കടുപ്പവും കുറഞ്ഞ വെറും ചായയായി മാറി.
പരസ്യചിത്ര ഏജന്‍സി നടത്തുന്ന സുഹൃത്തുക്കളായ അഞ്ച് യുവാക്കളാണ് ചിത്രത്തിന്റെ കേന്ദ്രം. ഇവരുടെ ജീവിതത്തിലെ രസങ്ങളും യാദൃശ്ചികമായി സംഭവിക്കുന്ന അബദ്ധങ്ങളും അതു ചുരുള്‍ നിവര്‍ത്താനുള്ള പരിശ്രമവുമൊക്കെ ചേര്‍ന്ന പതിവു കഥാപരിസരം തന്നെയാണ് കാപ്പു ചീനോയ്ക്കുമുള്ളത്. നഗരജീവിതത്തിന്റെ ഫ്രെയിമുകളാല്‍ സമ്പന്നമായ ചിത്രത്തിന്റെ ഭൂരിഭാഗവും കൂട്ടുകാരുടെ കൂടിയിരിപ്പും തമാശകളും തീറ്റയും കുടിയുമൊക്കെയാണ്. എന്നാല്‍ സ്വാഭാവികമായ ഹാസ്യം സിനിമയില്‍ തെല്ലു കുറവാണ്. അതുകൊണ്ടുതന്നെ ചിരിപ്പിക്കാന്‍വേണ്ടി എഴുതിച്ചേര്‍ത്ത തമാശകള്‍ കാണികള്‍ ആസ്വദിക്കുന്നുമില്ല.
ഇനി ഹാസ്യം വിട്ട് ഗൗരവമായ തലമോ അതിന്റെ വികാസമോ അന്വേഷിച്ചാലും കാപ്പു ചീനോയിലൊരിടത്തും അതും കാണുകയില്ല. ചിത്രത്തിന്റെ രണ്ടാംപകുതിയില്‍ അത്തരമൊരു ശ്രമം ഉണ്ടാകുന്നുണ്ടെങ്കിലും നൂറാവര്‍ത്തി കണ്ട അവതരണരീതികൊണ്ട് അത് കാണികളില്‍ മുഷിപ്പാണുണ്ടാക്കുന്നത്. ഗൗരവം കലര്‍ത്താന്‍ കഥയില്‍ കണ്ടെത്തുന്ന വഴിത്തിരിവും അതിന്റെ ചുരുളഴിക്കല്‍ മാര്‍ഗങ്ങളും അമ്പേ ദുര്‍ബലമാകുന്നതോടെ ഹാസ്യവും വൈകാരികതയും ഒരുപോലെ കൈവിടുന്ന സിനിമ പ്രേക്ഷകരെയും തനിച്ചാക്കുന്നു.
ചെറിയ കഥകള്‍ പറച്ചില്‍രീതിയിലെ പുതുമകൊണ്ട് പ്രേക്ഷകപ്രശംസ നേടുന്ന ഒരു ആസ്വാദനകാലമാണ് മലയാള സിനിമയില്‍ നിലനില്‍ക്കുന്നത്. മഹാസംഭവങ്ങളോ കഥകളുടെയും ഉപകഥകളുടെയും തുന്നിച്ചേര്‍പ്പോ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. പറഞ്ഞതില്‍ കൂടുതലായൊന്നും പറയാനില്ലാത്ത തിരക്കഥ തന്നെയാണ് കാപ്പു ചീനോയുടെ ദുര്‍ബലകണ്ണി. ഇതിനെ ചിത്രീകരിക്കുന്നതിനും ഒരു പരിധിയുണ്ടെന്നുവേണം പറയാന്‍.
ധര്‍മജമന്‍, ഹരീഷ് കണാരന്‍, മനോജ് ഗിന്നസ് എന്നിവരുടെ സാന്നിധ്യവും തരക്കേടില്ലാത്ത പാട്ടുകളും ചിത്രീകരണവുമാണ് അല്‍പം ആശ്വാസമുണ്ടാക്കുന്നത്. എന്നാല്‍ ഇവയ്‌ക്കൊന്നും ചിത്രത്തിന്റെ ആകെത്തുകയായ ദുര്‍ബലതയെ മറികടക്കാനുള്ള ഗുണഫലമില്ലാതെ പോകുന്നു.
ചിത്രഭൂമി, സെപ്റ്റംബര്‍ 16, 2017
No comments:
Post a Comment