Sunday, 5 November 2017

മലയാള ഭാവനയുടെ വ്യത്യസ്തമായ ഒൗന്നത്യം

കവി സച്ചിദാനന്ദൻ മലയാള കവിതയിലൊതുങ്ങുന്ന എഴുത്തുകാരനല്ല. ലോകസാഹിത്യത്തോടും സാഹിത്യകാരന്മാരോടുമുള്ള അടുപ്പവും അറിവുംകൊണ്ട് മലയാളത്തിൽനിന്ന് ലോകസാഹിത്യകാരനായി മാറിയ ആളാണ്. വിദേശസാഹിത്യ സൃഷ്ടികളെ, പ്രത്യേകിച്ചും കവിതകളും കവിതാപഠനങ്ങളും മലയാളിവായനക്കാരന് ഇത്രയധികം പരിചയപ്പെടുത്തിയ എഴുത്തുകാ‌ർ കുറവാണ്. അങ്ങനെ സച്ചിദാനന്ദൻ വലിയ കവിയായിരിക്കുമ്പോൾ തന്നെ വലിയ വിവ‌ർത്തകനുമായി മാറുന്നു. മലയാള സാഹിത്യത്തെ ലോകത്തിനും ലോകസാഹിത്യത്തെ മലയാളത്തിനും അദ്ദേഹം നിരന്തരം പരിചയപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.
           എഴുത്തിൽ അമ്പതാണ്ട് പൂർത്തിയാക്കുമ്പോഴും തുടർന്നുപോരുന്ന പുതുമയും നവംനവമായിക്കൊണ്ടിരിക്കുന്ന രചനാശൈലിയുമാണ് സച്ചിദാനന്ദന്റെ വലിയ സവിശേഷതകളിലൊന്ന്. മലയാളത്തിൽ സജീവമായി എഴുതിക്കൊണ്ടിരിക്കുന്ന ഏതൊരു പുതുകവിക്കും അനുകരിക്കാനാകാത്ത വിധത്തിലുള്ള പുതുമയാണ് സച്ചിദാനന്ദൻ കാവ്യരചനയിൽ പുലർത്തിപ്പോരുന്നത്. ഉത്തരാധുനികത എളുപ്പത്തിൽ ആ‌ർക്കും അനുവർത്തിക്കാനാകുന്ന ഒന്നാണെന്ന ആരോപണം നിലനിൽക്കെത്തന്നെ അതിൽ എത്തിപ്പെടുകയും തന്നെത്തന്നെ മുറിച്ചുകടക്കാനാകാത്ത വിധം തപ്പിത്തടയുകയും ചെയ്യുന്നവരെയെല്ലാം സച്ചിദാനന്ദൻ അത്ഭുതപ്പെടുത്തുന്നു. രചനാകൗശലംകൊണ്ട് അദ്ദേഹം കവികൾക്കിടയിൽ ഏറ്റവും പുതുകവിയായിത്തന്നെ നിലകൊള്ളുന്നു. എങ്ങനെയാണ് ഇത്ര ലളിതമായി, ഇത്ര പുതുമയോടെ വാക്കുകളും വാചകങ്ങളും തെരഞ്ഞെടുത്ത് അടുക്കിവയ്ക്കുന്നതെന്ന് അത്ഭുതം തോന്നാറുണ്ട്. കവിതയിലും വായനയിലും നിരന്തരം ജീവിക്കുകയും ധ്യാനിക്കുകയും ചെയ്തുപോരുന്ന ഒരു വലിയ എഴുത്തുകാരനുമാത്രം സാധിക്കുന്ന നവീനതയാണിത്. ദിനംപ്രതി നവീകരിക്കപ്പെടുന്ന കാവ്യഭാഷയാണ് സച്ചിദാനന്ദന്റേത്. പരമ്പരാഗതവും ആധുനികവുമായ കവനശൈലി ഒരുപോലെ വഴങ്ങുന്ന സച്ചിദാനന്ദൻ വ്യത്യസ്ത തലമുറകൾക്ക് പ്രിയപ്പെട്ടവനായി മാറുന്നതും അങ്ങനെയാണ്.
             സാഹിത്യമെഴുത്ത് സമൂഹത്തോടുള്ള എഴുത്തുകാരന്റെ പ്രതിബദ്ധതയാണെന്ന് തിരിച്ചറിഞ്ഞ് അത്തരത്തിലുള്ള എഴുത്തുമായി മുന്നോട്ടുപോകാറുള്ള സച്ചിദാനന്ദൻ കാലികപ്രശ്നങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കാൻ മടിക്കുന്നില്ല. രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ജനാധിപത്യ അപചയത്തിലും എഴുത്തുകാരോടും കലാകാരന്മാരോടുമുള്ള ഭരണകൂടത്തിന്റെ മനോഭാവത്തിലും അദ്ദേഹം നിരന്തരം ആശങ്ക പ്രകടിപ്പിക്കുന്നു. അടുത്തിടെ വന്ന എഴുത്തുകളിലെല്ലാം ഇൗ ആശങ്ക പ്രത്യക്ഷമാകുന്നുമുണ്ട്. ഏറ്റവുമൊടുവിൽ പ്രസിദ്ധീകരിച്ചുവന്ന മുട്ടാളന്മാർ എന്ന കവിതയിൽ അദ്ദേഹം ഇങ്ങനെ പറയുന്നു.
                       'നമ്മുടെ ഗ്രന്ഥപ്പുരകൾ അവരെ
                        അരിശം പിടിപ്പിച്ചാലോ എന്നു ഭയന്ന്
                        അവ ഇടിച്ചുനിരത്തി ദുർമന്ത്രവാദം
                        നടത്താനുള്ള താളിയോലകൾ
                         മാത്രം സംരക്ഷിച്ചു'
      
            രാജ്യത്തെ അസഹിഷ്ണുത തന്റെ കവിതകളെയും ബാധിച്ചിട്ടുണ്ടെന്ന് സച്ചിദാനന്ദൻ ഇൗയിടെ പറഞ്ഞിരുന്നു. മനുഷ്യന്റെ മാതൃഭാഷയാണ് കവിതയെന്നും അസഹിഷ്ണുതയില്ലാത്ത ഒരു കാലത്തെ എഴുത്ത് സാധ്യമാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുന്നുമുണ്ട്.
              തർജ്ജമകളടക്കം അമ്പതോളം പുസ്തകങ്ങളാണ് സച്ചിദാനന്റെതായി പുറത്തിറങ്ങിയിട്ടുള്ളത്. സ്വന്തം ശൈലിയിലൂടെ വിശ്വസാഹിത്യത്തിലെ പുരോഗമന ശബ്ദങ്ങളായ അന്റോണിയോ ഗ്രാംഷി, പാബ്ലോ നെരൂദ, മെഹ്മൂദ് ഡാർവിഷ്, യെഹൂദ അമിച്ചായി, യൂജിനിയോ മൊണ്ടേൽ തുടങ്ങിയവരുടെ രചനകളെ കേരളത്തിലെ വായനക്കാർക്കു പരിചയപ്പെടുത്തി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഇംഗ്ലീഷ് അധ്യാപകനായും കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായും ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവർത്തന വിഭാഗത്തിൽ പ്രൊഫസറായുമെല്ലാം ജോലിനോക്കിയപ്പോൾ മലയാള സാഹിത്യത്തെ പോഷിപ്പിക്കാനും വിദേശ കൃതികളെ പരിചയപ്പെടുത്തുന്നതിലും അദ്ദേഹം സജീവശ്രദ്ധ വച്ചുപോന്നു. മൂന്നു പതിറ്റാണ്ടായി സച്ചിദാനന്ദനിലൂടെയാണ് ലോകസാഹിത്യത്തിലെ മാറ്റങ്ങൾ മലയാളിവായനക്കാ‌ർ അറിഞ്ഞുപോരുന്നതെന്ന് പറഞ്ഞാലും അതിശയോക്തിയാവില്ല. ലോകരാജ്യങ്ങളിൽ സഞ്ചരിച്ച് യാത്രാവിവരണം തയ്യാറാക്കുമ്പോഴും അവിടത്തെ സമകാലിക സാഹിത്യാവസ്ഥകളെക്കൂടി അദ്ദേഹം പരാമർശിക്കുന്നതു കാണാം.
              കവിതകൾക്കൊപ്പം കനപ്പെട്ട പഠനങ്ങളും ലേഖനങ്ങളും സച്ചിദാനന്ദന്റെ പ്രത്യേകതയാണ്. കുരുക്ഷേത്രം, സംവാദങ്ങൾ സമീപനങ്ങൾ, സംസ്‌കാരത്തിന്റെ രാഷ്ട്രീയം, വീണ്ടുവിചാരങ്ങൾ, മാർക്‌സിയൻ സൗന്ദര്യശാസ്ത്രം: ഒരു മുഖവുര തുടങ്ങി പതിനഞ്ചോളം വരുന്ന ലേഖന സമാഹാരങ്ങൾ ഭാഷയ്ക്ക് ഒരു കവി നൽകിയ വേറിട്ട സംഭാവനയാകുന്നു. എഴുത്തച്ഛൻ പുരസ്കാര നിർണയ സമിതിയും കവിയുടെ ഇൗ നേട്ടങ്ങൾ പ്രത്യേകം എടുത്തു പരാമർശിക്കുന്നുണ്ട്. മലയാള ഭാവനയുടെ വ്യത്യസ്തമായ ഒന്നത്യമായി അരനൂറ്റാണ്ടായി നിലനിൽക്കുന്ന സച്ചിദാനന്ദന്റെ എഴുത്തിൽ പ്രതിരോധത്തിന്റെ സംസ്കാരം സ്പന്ദിച്ചുനിൽക്കുന്നുവെന്നാണ് പുരസ്കാര സമിതി വിലയിരുത്തിയത്. ഇൗ ഒൗന്നത്യത്തെ തിരിച്ചറിയുന്നിടത്തു തന്നെയാണ് ഭാഷയും വായനക്കാരും സച്ചിദാനന്ദനോടു കടപ്പെട്ടവരായി മാറുന്നത്.

കേരള കൗമുദി എഡിറ്റോറിയൽ 2017 നവംബർ 2

No comments:

Post a Comment