Sunday, 5 November 2017

പാടിയവസാനിപ്പിക്കാത്ത പാട്ടായി ജാനകിയമ്മ

കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് എസ്.ജാനകിയിൽനിന്ന് ആ പ്രഖ്യാപനമുണ്ടായത്. 'പിന്നണിഗാനരംഗത്തും ഗാനമേളാ വേദികളിലും ഇനി എന്റെ ശബ്ദസാന്നിധ്യമുണ്ടാകില്ല. ഞാൻ പാട്ടുനിർത്തുന്നു'. ആറു പതിറ്റാണ്ട് തെന്നിന്ത്യയുടെ സുന്ദരശബ്ദമായി മാറിയ ഗാനകോകിലത്തിന്റെ വാക്കുകൾ സംഗീതലോകത്തും ആരാധകരിലും അത്ഭുതവും അമ്പരപ്പുമാണ് ഉണ്ടാക്കിയത്. പുതുമ നിലനിർത്താനാകാതെ ഗായകർ ഫീൽഡ് ഒൗട്ടായിപ്പോകുന്ന പതിവുണ്ടെങ്കിലും എക്കാലവും തിളങ്ങിനിന്നിരുന്നൊരാൾ, അതും ഇനിയും പാട്ടുകൾ ശേഷിക്കുന്നൊരാൾ പാട്ടുനിർത്തുന്നുവെന്നത് അത്ഭുതം തന്നെയായിരുന്നു.
          ഒരുവർഷത്തിനുശേഷം ശനിയാഴ്ച മൈസൂരുവിലെ മാനസഗംഗോത്രിയിലുള്ള ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ എസ്.ജാനകി പാടി. അതേ പ്രസരിപ്പോടെ, അതേ ശബ്ദമധുരിമയോടെ പല ഭാഷകളിൽനിന്നായി നാൽപ്പതോളം പാട്ടുകൾ. ആരാധകരുടെ കണ്ണും മനസ്സും നിറഞ്ഞു. പരിപാടിക്കിടെ അവർ ഇങ്ങനെ ആവർത്തിച്ചു. 'സംഗീതലോകത്ത് ചെയ്യാനുള്ളതെല്ലാം ചെയ്തുകഴിഞ്ഞെന്ന തോന്നൽ കുറച്ചു കാലമായുണ്ട്. പല തലമുറകളിലെ സംഗീതസംവിധായകർക്കും ഗായകർക്കുമൊപ്പം പ്രവർത്തിക്കാൻ അവസരമുണ്ടായി. അംഗീകാരങ്ങളും ആരാധകരെയും ആവോളം ലഭിച്ചു. എൺപതു വയസ്സാകാൻ പോകുന്നു. ആരോഗ്യപ്രശ്നങ്ങളുണ്ട്. പാട്ട് അവസാനിപ്പിക്കാൻ ഇതിലും പറ്റിയ ഒരവസരമില്ലെന്ന് തോന്നുന്നു. സംഗീതവേദികളിൽ ഇനി ഞാനുണ്ടാവില്ല.'
           ഭാഷയുടെ അതിർവരമ്പുകളെ സ്വരഭംഗികൊണ്ടും ഏതു സ്ഥായിയിലും പാടുവാനുള്ള പ്രതിഭകൊണ്ടും ദക്ഷിണേന്ത്യൻ സംഗീത ലോകത്തെ അതിശയിപ്പിച്ച എസ്.ജാനകി 1957ൽ പത്തൊമ്പതാം വയസ്സിൽ വിധിയിൻ വിളയാട്ട്‌ എന്ന തമിഴ്‌ സിനിമയിൽ ടി.ചലപ്പതി റാവു ഈണമിട്ട പാട്ടു പാടിക്കൊണ്ടായിരുന്നു പിന്നണിഗാന രംഗത്തേക്ക് കടന്നുവരുന്നത്. എം.എസ്. ബാബുരാജാണ് ജാനകിയുടെ തരളിതമായ ശബ്ദം തിരിച്ചറിഞ്ഞ് അവരെ മലയാളത്തിലേക്കെത്തിച്ചത്. പിന്നീട് അറുപതുവർഷം ഒരേ ഗരിമയോടെ അവർ സംഗീതലോകത്ത് നിലകൊണ്ടു. ഇക്കാലയളവിലെല്ലാം ശബ്ദത്തിലെ ചെറുപ്പം അതേപടി നിലനിർത്താനായെന്നതാണ് സവിശേഷത. എല്ലാ ദക്ഷിണേന്ത്യൻ ഭാഷാചിത്രങ്ങളിലും ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, ഇംഗ്ലീഷ്‌, സംസ്‌കൃതം, കൊങ്ങിണി, തുളു, സൗരാഷ്‌ട്ര ബഡുഗ, ജർമ്മൻ ഭാഷകളിലും സ്വരസാന്നിധ്യമറിയിച്ചു.
           വാസന്തപഞ്ചമി നാളിൽ...(ഭാർഗ്ഗവിനിലയം), സൂര്യകാന്തീ..സൂര്യകാന്തീ ..(കാട്ടുതുളസി), തളിരിട്ട കിനാക്കൾ ...(മൂടുപടം), താമരകുമ്പിളല്ലോ...(അന്വേഷിച്ചു കണ്ടെത്തിയില്ല), അവിടുന്നേൻ ഗാനം കേൾക്കാൻ...(പരീക്ഷ), താനേ തിരിഞ്ഞും മറിഞ്ഞും...(അമ്പലപ്രാവ് ), ഇന്നലെ നീയൊരു...(സ്ത്രീ) തുടങ്ങി മലയാള ചലച്ചിത്ര സംഗീതശാഖയുടെ സുവർണകാലത്ത് ഏറ്റവുമധികം ശ്രദ്ധേയഗാനങ്ങൾ പാടിയ ഗായികയാണ് എസ്. ജാനകി.
ഇതുവരെ 48000ലധികം ഗാനങ്ങൾ പാടിയ എസ്.ജാനകിയെ തേടി നാല് ദേശീയ പുരസ്കാരങ്ങളും വിവിധ സംസ്ഥാന സർക്കാരുകൾ നൽകിയ പുരസ്കാരങ്ങൾ 32 പ്രാവശ്യവുമെത്തി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പത്തു കൽപ്പനകൾ എന്ന മലയാള ചിത്രത്തിനുവേണ്ടി മിഥുൻ ഇൗശ്വറിന്റെ ഇൗണത്തിലാണ് ഒടുവിൽ പാടിയത്.
          കേൾവിക്കാരിൽ ഒരിക്കലും പ്രായമാകാത്ത ശബ്ദമാണ് ജാനകിയമ്മയുടേത്. കുട്ടിത്തം നിറഞ്ഞ ആ ശീലുകൾ സദാ ചെറുപ്പമായിക്കൊണ്ടേയിരിക്കും. അതുകൊണ്ടുതന്നെ ആസ്വാദകർക്ക് അവർ ഒരിക്കലും പാടിയവസാനിപ്പിക്കാത്തൊരു പാട്ടാണ്.

കേരള കൗമുദി, 2017ഒക്ടോബർ 30

No comments:

Post a Comment