Sunday, 14 January 2018

പ്രണയത്തിന്റെയും അതിജീവനത്തിന്റെയും മായാനദി    

 കൊച്ചി മെട്രോ തൂണുകൾ രാവെളിച്ചത്തിൽ ഭീമാകാരൻ നിഴലു തീർത്ത് മണ്ണിൽ വീണുകിടക്കുമ്പോൾ നീയും ഞാനും നമ്മളായി അരികു ചേർന്ന് വിരൽ ചേർത്ത് നടന്നു തീർത്ത നഗരവഴികൾ. പാതിരാവിനെയും പകലാക്കിയും നട്ടുച്ചകളെ നിലാവാക്കിയും നമ്മൾ തീർത്ത വർത്തമാനങ്ങളും സ്വപ്നങ്ങളും. നടന്നുതീർത്ത വഴികളിലൊക്കെയും കണ്ടത് നിന്നെയാണ്. അണച്ചു നിന്നപ്പൊഴൊക്കെയും പത്തു വിരലുകൾ ഇഴചേർന്നിട്ടുണ്ടായിരുന്നു. ഇനി നടക്കാനുള്ള വഴികൾക്കൊക്കെയും നിന്റെ പേരാണ്.                             
               തീരാപ്രണയത്തിനു പിറകെയുള്ള യാത്രയാണ് മായാനദി. മാത്തന്റെയും അപ്പുവിന്റെയും പ്രണയം നമ്മളിലോരോരുത്തരുടേതുമായി മാറുന്നത് അവരുടെ പ്രണയയാത്രയ്ക്കൊക്കൊപ്പം അരൂപികളായി സഞ്ചരിച്ച മറ്റു രണ്ടു പേർ നമ്മൾ തന്നെയായിരുന്നു എന്നതുകൊണ്ടായിരിക്കണം. ഇരു വഴിയായിട്ടും ഒരുവഴിയാകാൻ അവസാനവട്ട ശ്രമവും നടത്തുന്ന  നായകൻ, പ്രണയത്തിനു വേണ്ടിയുള്ള അവന്റെ അലച്ചിൽ, എത്ര കണ്ടില്ലെന്നു നടിക്കാൻ തീരുമാനിച്ചിട്ടും പ്രണയത്തിലേക്കു തന്നെ തിരിച്ചെത്തുന്ന പ്രണയിനി. ഒടുവിൽ നേരത്തെ തീരുമാനിച്ചുറപ്പിച്ചിട്ടുള്ള അന്തിമവിധി മാത്തനുമേൽ നടപ്പിലാക്കപ്പെടുമ്പോൾ അപ്പുവിനെ പോലെ നമ്മളും കാത്തിരിക്കുകയാണ്, എങ്ങനെയും അവൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ കണ്ണയച്ച്..                              
          
   ഒരു സിനിമയിൽ നിന്ന് അടുത്ത തിലേക്കെത്തുമ്പോൾ പൂർവ്വമാതൃക കളുടെ ആഖ്യാനബാധ്യതകളില്ലാതെ തീർത്തും പുതിയ സിനിമ സൃഷ്ടിക്കാനുള്ള ആഷിഖ് അബു വെന്ന ക്രാഫ്റ്റ്മാന്റെ വിജയമാണ് മായാനദിയെന്ന സിനിമയെ പുതിയ കാഴ്ചാനുഭവമാക്കി മാറ്റുന്നത്. പ്രണയത്തിന് മിസ്റ്റിക് തലം നൽകുന്ന ഫ്രെയിമുകളും ആഖ്യാനത്തിലെ മന്ദ താളവും രാത്രിനടത്ത ദൃശ്യങ്ങളും കളർടോണും സംഭാഷണങ്ങളിലെ സത്യസന്ധതയും കഥാപാത്ര സൃഷ്ടിയിലെ മികവുമെല്ലാം മായാനദിയെ മികച്ച സൃഷ്ടിയാക്കുന്നതിൽ നിർണ്ണായകമാകുന്നു.               കഷ്ടപ്പാടുകളോട് പൊരുതി ജീവിക്കുന്ന അപർണ എന്ന പെൺകുട്ടിയാണ് ചിത്രത്തിലെ കേന്ദ്രം. പഠിച്ചിരുന്ന കാലത്ത് മാത്തൻ എന്ന അനാഥനായ യുവാവുമായി ഉണ്ടായിരുന്ന പ്രണയം തെറ്റിദ്ധാരണകൾ കാരണം ഇരു വഴിയാകുന്നു. കുറച്ചു വർഷങ്ങൾക്കു ശേഷം അപ്രതീക്ഷിതമായി മാത്തന്റെ ഫോൺകോൾ അപർണക്ക് വരുന്നതോടെ ജീവിതം മാറുന്നു. തെറ്റിദ്ധാരണകൾ നിലനിൽക്കുന്നതിനാൽ ബന്ധം തുടരാൻ കഴിയില്ലെന്ന് തുറന്നു പറയുന്നുവെങ്കിലും പൂർവാധികം തീവ്രമായ പ്രണയത്തോടെ അവൾ അവനിലേക്ക് അടുക്കുന്നു. മന്ദതാളത്തിൽ ഒഴുകുന്ന കാവ്യഭംഗിയുള്ള സിനിമയ്ക്ക് മായാനദിയോളം ചേരുന്ന മറ്റൊരു പേരു ചേരില്ല.
         
മായാനദിയിലെ പ്രണയം വ്യത്യസ്തമാവുന്നത് അപർണയുടെയും മാത്തന്റെയും പ്രവചനാതീതമായ സ്വഭാവസവിശേഷതകൾ കൊണ്ടാണ്. 'സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്' എന്ന അവൾ പറയുമ്പോൾ അത് കാഴ്ചക്കാരോട് അത്രമേൽ സംവദിക്കുന്നത് അപർണയെന്ന കഥാപാത്രം വാർത്തെടുത്തതിലെ ആഴം തിരിച്ചറിയുന്നതുകൊണ്ടാണ്. 
          മലയാളത്തിന്റെ മുൻനിര നായകനിരയിലേക്ക് ഉയർന്നുവരുന്ന ടൊവീനോ തോമസിന് തന്റെ കരിയറിൽ ലഭിച്ച വ്യത്യസ്മതമായ കഥാപാത്രമാണ് മാത്തൻ. മിതത്വത്തോടെ മനോഹരമായി ടൊവീനോ മാത്തനെ അവതരിപ്പിക്കുകയും ചെയ്തു. അപ്പു എന്ന അപർണയായി എത്തിയ ഐശ്വര്യ ലക്ഷ്മി കരിയറിന്റെ തുടക്കത്തിൽ തന്നെ അതിശക്തമായ കഥാപാത്രത്തെ അത്രമേൽ സ്വാഭാവികമായാണ് അവതരിപ്പിച്ചിരിക്കുന്നത്.               
          ജയേഷ് മോഹന്റെ ഛായാഗ്രഹണവും റെക്‌സ് വിജയന്റെ സംഗീതവും മായാനദിയെ കൂടുതൽ സുന്ദരമാക്കുന്നുണ്ട്. ഷഹബാസ് അമന്റെ പ്രണയാതുരമായ ശബ്ദം പാട്ടുകളുടെ മനോഹാരിത വർധിപ്പിക്കുന്നു. ആഷിക്ക് അബു എന്ന സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രമാണ് മായാനദി. 

സ്ത്രീശബ്ദം, 2018 ജനുവരി
വൈവിദ്ധ്യക്കാഴ്ചകളുടെ ചലച്ചിത്രമേള 

ലോകസിനിമയിലെ പുതിയ മാറ്റങ്ങളും പ്രവണതകളും അറിയാനെത്തിയ പ്രേക്ഷകർക്ക് തൃപ്തി പകരുന്നതായിരുന്നു 22-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള. പ്രതിഷേധങ്ങൾക്കും പരാതികൾക്കും മുകളിൽ സിനിമ നിലകൊണ്ട മേളയിൽ തിരഞ്ഞെടുക്കാൻ മികച്ച ചിത്രങ്ങളുണ്ടായെന്നതുകൊണ്ടുതന്നെ തിയേറ്ററുകളിൽനിന്ന് തിയേറ്ററുകളിലേക്ക് നിരന്തരം സഞ്ചരിക്കുന്ന ഡെലിഗേറ്റുകളായിരുന്നു മേളനഗരത്തിലെങ്ങും. അതിശയിപ്പിക്കുന്ന ചിത്രങ്ങളെക്കാളും ശരാശരി നിലവാരമുള്ള ഒട്ടനവധി ചിത്രങ്ങൾ കൊണ്ടായരുന്നു മേള സമ്പന്നമായത്.
    മത്സരവിഭാഗത്തിൽ അസർബൈജാൻ ചിത്രം പൊംഗ്രനേറ്റ് ഓർച്ചാഡ്, കസാക്കിസ്ഥാൻ ചിത്രം റിട്ടേണീ, ഇറാൻ ചിത്രം വൈറ്റ് ബ്രിഡ്ജ്, പലസ്തീൻ ചിത്രം വാജീബ്, കൊളംബിയ-ജർമൻ ചിത്രം കാൻഡലേറിയ, ഇന്ത്യൻ ചിത്രങ്ങളായ ഡാർക്ക് വിൻഡ്, ന്യൂട്ടൺ, അൾജീരിയൻ ചിത്രം ഐ സ്റ്റിൽ ഹൈഡ് ടു സ്‌മോക്ക് എന്നിവയാണ് പ്രേക്ഷകാഭിപ്രായത്തിൽ മുമ്പിലെത്തിയവ.
    ലോകസിനിമാ വിഭാഗത്തിൽ വില്ലാ ഡ്വല്ലേഴ്‌സ്, ദി ഡസേർട്ട് ബ്രൈഡ്, കേക്ക് മേക്കർ, ദി യംഗ് കാൾമാക്‌സ്, കിംഗ് ഓഫ് പെകിംഗ്, ഹാപ്പിനസ്, ഫ്രീഡം, ഓൺ ബോഡി ആന്റ് സോൾ, എ മാൻ ഓഫ് ഇന്റഗ്രിറ്റി, ഇൻ സിറിയ, ഹോളി എയർ തുടങ്ങിയ ചിത്രങ്ങൾ മികച്ച പ്രതികരണം നേടിയവയാണ്. മേളയിൽ പ്രേക്ഷകപ്രീതിയിലും നിരൂപകശ്രദ്ധയിലും മുൻപന്തിയിലെത്തിയ ചിത്രങ്ങളിലേക്ക്..

കാൻഡലേറിയ
മത്സരവിഭാഗത്തിൽ ജനങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റിയ ചിത്രങ്ങളിൽ ഏറെ മുന്നിലാണ് കാൻഡലേറിയയുടെ സ്ഥാനം. കൊളംബിയ, ജർമ്മനി, നോർവേ എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ കാൻഡലേറിയ ജോണി ഹെൻഡ്രിക്‌സ് ആണ് സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
    തൊണ്ണൂറുകളിൽ ക്യൂബയുടെ മേൽ വ്യാവസായിക നിരോധനം നിലനിന്ന കാലത്ത് ആഴമേറിയ സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലായ രാജ്യത്ത് എഴുപതുകൾ പിന്നിട്ട വിക്ടർ ഹ്യൂഗോയുടെയും ഭാര്യ കാൻഡലേറിയയുടെയും ജീവിതമാണ് ചിത്രം കേന്ദ്രമാക്കുന്നത്. വിക്ടർ ഒരു സിഗാർ ഫാക്ടറിയിലെ ജോലിക്കാരനാണ്. കാൻഡലേറിയ ഹോട്ടലിൽ അലക്കുജോലി ചെയ്യുന്നു. ആകസ്മികമായി കാൻഡലേറിയക്ക് ഒരു വീഡിയോ ക്യാമറ ലഭിക്കുന്നതോടെയാണ് വിരസമായി നീങ്ങിയ ഇവരുടെ ജീവിതം മാറുന്നത്.
ജീവിതത്തിന്റെ അസ്തമയകാലത്ത് അത് പരസ്പരപ്രണയത്തിന്റെ പുതിയ തുടക്കമായി മാറുന്നു. ജീവിതദുരിതങ്ങളിൽ നിന്നും കരകയറാൻ അത് കരുത്തായി. കാൻഡലേറിയക്കുള്ള അർബുദരോഗം പോലും മറക്കാൻ അവർക്ക് കഴിഞ്ഞു. 90കളിലെ ക്യൂബൻ രാഷ്ട്രീയ സാമൂഹികാവസ്ഥയിൽ ജനജീവിതത്തിന്റെ വിവിധ മുഖങ്ങളിലേക്കാണ് കാൻസലേറിയ സഞ്ചരിക്കുന്നത്. ഒപ്പം ജീവിതാവസാനത്തിലും എങ്ങനെ സമൃദ്ധമായി പ്രണയജീവിതം നയിക്കാമെന്നും. രണ്ടുപേരുടെ ജീവിതത്തിലൂടെ നിലനിൽക്കുന്ന സാമൂഹ്യക്രമത്തെ ചിത്രം കാണിച്ചുതരുന്നു. ക്യൂബൻ നിറങ്ങളും സംഗീതവും ചിത്രത്തിന് കൂടുതൽ വൈകാരികത പകരുന്നു.

ഐ സ്റ്റിൽ ഹൈഡ് ടു സ്‌മോക്ക്

രാജ്യാന്തര ചലച്ചിത്രമേളയിലെ ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ റെ റെയ്ഹാനിയുടെ അൾജീരിയൻ ചിത്രം ഐ സ്റ്റിൽ ഹൈഡ് ടു സ്‌മോക്ക് ആഭ്യന്തര സംഘർഷങ്ങളിൽ സ്ത്രീശരീരങ്ങൾ എങ്ങനെ പ്രതിരോധിക്കുന്നുവെന്ന്  തീവ്രതയോടെ ആവിഷ്‌കരിച്ചിരിക്കുന്നു. റെയ്ഹാന തന്നെ എഴുതിയ നാടകത്തെ ആസ്പദമാക്കിയുള്ളതാണ്  ഐ സ്റ്റിൽ ഹൈഡ് ടു സ്‌മോക്ക്. തൊണ്ണൂറുകളിലെ അൾജീരിയയയും അവിടുത്തെ സ്ത്രീജീവിതവുമാണ് ചിത്രത്തിലെ കേന്ദ്രപ്രമേയം.
കുളിപ്പുരയുടെ നാല് ചുവരുകളുടെ സ്വകാര്യ ഇടത്തിൽ സ്ത്രീത്വത്തിന്റെ ആഘോഷമാവുകയാണീ സിനിമ.

 
ന്യൂട്ടൻ
കാട്ടിനുള്ളിലെ ഗ്രാമത്തിൽ തെരഞ്ഞെടുപ്പ് ദൗത്യത്തിനായി നിയോഗിക്കപ്പെട്ട 'ന്യൂട്ടൻ കുമാർ' എന്ന ചെറുപ്പക്കാരന്റെ ജീവിതാനുഭവങ്ങളിലേക്ക് ക്യാമറ തിരിക്കുന്ന അമിത് വി. മസുർക്കറുടെ 'ന്യൂട്ടൻ' ഇന്ത്യയുടെ ഇത്തവണത്തെ ഔദ്യോഗിക ഓസ്‌കർ എൻട്രിയായിരുന്നു. സത്യസന്ധനായ തെരഞ്ഞെടുപ്പ് ഓഫീസർ ചത്തീസ്ഗഢിലെ സംഘർഷഭരിതമേഖലയിൽ നീതിയുക്തമായി ഡ്യൂട്ടി നിർവ്വഹിക്കുന്നതിനെ രാഷ്ട്രീയ ഹാസ്യ സിനിമയായാണ് ചിത്രീകരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ജനാധിപത്യമില്ലായ്മയും ഗ്രാമജനതയുടെ അറിവില്ലായ്മയും ജനാധിപത്യപ്രക്രിയയിൽ അവർ എങ്ങനെ വിദഗ്ധമായി കബളിപ്പിക്കപ്പെടുന്നുവെന്നും സിനിമ ചർച്ചചെയ്യുന്നു.


വൈറ്റ് ബ്രിഡ്ജ്
വികലാംഗയായ പെൺകുട്ടിയുടേയും അവളുടെ അമ്മയുടേയും അതിജീവനത്തിന്റെ കഥയാണ് അലി ഗാവിറ്റൻ സംവിധാനം ചെയ്ത ഇറാനിയൻ ചിത്രമായ 'വൈറ്റ് ബ്രിഡ്ജ്'. ആവിഷ്‌കാരത്തിലെ ലാളിത്യം കൊണ്ടാണ് ചിത്രം പ്രേക്ഷകശ്രദ്ധ നേടിയത്. കുട്ടികളെ കേന്ദ്രമാക്കി ലളിതമായ ആഖ്യാനത്തിൽ തീവ്രരാഷ്ട്രീയം പറയുന്ന മാതൃകയിലുള്ള ഇറാനിയൻ ചിത്രങ്ങൾക്ക് എക്കാലത്തുമുള്ള കാഴ്ചസാദ്ധ്യതയിലേക്കാണ് വൈറ്റ് ബ്രിഡ്ജും സഞ്ചരിക്കുന്നത്. ബഹ്ര എന്ന കുട്ടിക്ക് ഒരു അപകടം സംഭവിക്കുന്നു. അതോടെ സ്‌കൂളിലേക്ക് പോകാൻ തടസ്സമാകുന്നു. ഇതോടെ വിദ്യാഭ്യാസ വകുപ്പ് കുട്ടിയെ സ്‌പെഷ്യൽ സ്‌കൂളിലേക്ക് മാറ്റുന്നു. പക്ഷേ ഈ കുട്ടിക്ക് സ്‌പെഷ്യൽ സ്‌കൂളിൽ പോകാൻ താൽപര്യമില്ല. പഴയ സ്‌കൂളിൽ എത്തി തുടർന്നും തനിക്ക് അവിടെ തന്നെ പഠിക്കാനുള്ള താൽപര്യം അറിയിക്കുന്നു. എന്നാൽ നിയമം അതിന് എതിരായി നിൽക്കുകയാണ്. ഈ നിയമത്തിനെതിരെ പോരാടുകയാണ് കുട്ടിയും ഒപ്പം അമ്മയും.

റിട്ടേണീ
മാതൃരാജ്യമെന്ന വികാരവും മനുഷ്യന്റെ പൗരത്വ പ്രതിസന്ധിയും കസാക് ചിത്രം റിട്ടേണിയിൽ വിഷയമാകുന്നു. ആഭ്യന്തര സംഘർഷങ്ങൾക്കിടയിൽ സ്വന്തം ഇടം വിട്ട് പലായനം ചെയ്യേണ്ടി വരികയും തിരികെ  മാതൃരാജ്യത്തിലേക്കുള്ള തിരിച്ചുവരവെന്ന വൈകാരികാനുഭവം കാഴ്ചക്കാരനിലേക്ക് പകർന്നുനല്കുകയാണ് കസാകിസ്ഥാൻ സംവിധായകൻ സബിത്ത് കുർമൻ ബെക്കോവ് റിട്ടേനിയിലൂടെ. കസാക്‌സ്താനിലെ ആഭ്യന്തര സംഘർഷത്തെ തുടർന്ന് അയൽരാജ്യമായ അഫ്ഗാനിസ്ഥാനിലെ സ്പാർക്കൂളിലേക്ക് കുടിയേറിയ കുടുംബം മാറിയ സാഹചര്യത്തിൽ ഇവിടെ നിന്ന് സ്വന്തം നാട്ടിലേക്ക് യാത്രാ തിരിക്കുകയാണ്. മാതൃരാജ്യത്ത് നിന്ന് മാറിനില്‌ക്കേണ്ടിവരുന്ന അഭയാർത്ഥികളുടെ വേദന പങ്കുവെക്കുന്നുണ്ടെങ്കിലും ഇതിലെ രാഷ്ട്രീയത്തെ ഒരു കുടുംബത്തിലൂടെ പറയാനാണ് റിട്ടേണീ ശ്രമിക്കുന്നത്.


വാജിബ്
തലമുറകൾ തമ്മിലുളള ആശയസംഘട്ടനമാണ് ആൻമേരി ജാക്വിർ സംവിധാനം ചെയ്ത പലസ്തീനിയൻ ചിത്രമായ വാജിബിന്റെ പ്രമേയം.
കർത്തവ്യം എന്നാണ് വാജിബ് എന്ന വാക്കിനർഥം. പലസ്തീനിൽ താമസിക്കുന്ന പിതാവും ഇറ്റലിയിൽ താമസമാക്കിയ മകനും തമ്മിലുളള ആശയസംഘർഷങ്ങളിലൂടെയാണ് സിനിമമ സഞ്ചരിക്കുന്നത്. അച്ഛന്റെ ആശ്രിതമനോഭാവത്തെ ഉൾക്കൊള്ളാൻ ഉൽപതിഷ്ണുവായ മകന് കഴിയുന്നില്ല. ഇസ്രയേലിലെ രാഷ്ട്രീയ പ്രശ്‌നങ്ങളും ചിത്രത്തിൽ റേഡിയോ വാർത്താശകലമായി ഉൾക്കൊള്ളിക്കാൻ ചലച്ചിത്രകാരി ശ്രമിച്ചിട്ടുണ്ട്. മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം നേടിയ ചിത്രം അടുത്തിടെ നടന്ന ദുബായ് ചലച്ചിത്രമേളയിലും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയിരുന്നു.


പോംഗ്രനേറ്റ് ഓർച്ചാഡ്
ആന്റൺ ചെക്കോവിന്റെ ചെറി ഓർച്ചാഡ് എന്ന കഥയെ ആസ്പദമാക്കി ഇഗാർ നജാഫ് സംവിധാനവും തിരക്കഥയും നിർവഹിച്ച അസർബൈജാൻ ചിത്രമാണ് പോംഗ്രനേറ്റ് ഓർച്ചാഡ്. നാട് വിട്ടുപോയ ഒരാൾ (ഗാബിൽ) 12 വർഷങ്ങൾക്ക് ശേഷം തിരികെയെത്തുന്നതും തുടർന്ന് അയാളുടെ പിതാവിന്റെയും (ഷാമിൽ) ഭാര്യയുടെയും (സാറ) മകന്റെയും (ജലാൽ) ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളുമാണ് പറയുന്നത്. കാഴ്ചത്തകരാറും വർണാന്ധതയുമുള്ള ജലാലിന്റെ കാഴ്ചകളിലെ വർണങ്ങളിലൂടെയാണ് പോംഗ്രനേറ്റ് കഥ വികസിക്കുന്നത്. ചെറിയ കഥയുടെ വൈകാരികസൈന്ദര്യമാണ് 90 മിനുട്ടിൽ പോംഗ്രനേറ്റ് പറഞ്ഞവസാനിപ്പിച്ചത്. സൗന്ദര്യവും സ്‌നേഹവും വാത്സല്യവും വിശ്വാസ വഞ്ചനയും ചേർത്ത് ജീവിതത്തെ സംഘർഷഭരിതമാക്കുന്ന കഥ കൂടിയാണിത്.


യംഗ് കാൾമാക്സ്
ജർമ്മൻ-ഫ്രാൻസ്-ഇംഗ്ലീഷ് സംയുക്ത സംരംഭമായ യംഗ് കാൾമാക്സ് മാക്സിന്റെ കുടുംബ ജീവിതവും എംഗൽസുമായുള്ള ബന്ധവും സൂക്ഷ്മമായി അവതരിപ്പിക്കുന്ന ചിത്രമാണ്. സംസാരങ്ങളിലൂടെ മുന്നോട്ടുപോകുന്ന ചിത്രം ആസ്വാദകരുമായി ഏറെ സംവദിക്കുന്ന തരത്തിലാണ് ഒരുക്കിയിട്ടുള്ളത്. മാർക്സിസ്റ്റ് ആശയത്തിന്റെ പ്രസക്തിയും ഈ ആശയം കെട്ടിപ്പടുക്കാനും ജനങ്ങളിലെത്തിക്കാനും മാർക്സ് സഹിച്ച യാതനകളും ജെനിയോടുള്ള ബന്ധവും ചിത്രത്തിൽ ആവിഷ്‌കരിക്കുന്നു. പുതിയ തലമുറയ്ക്ക് ഒരു ചരിത്രപഠന പുസ്തകം എന്ന തരത്തിലും യംഗ് കാൾമാക്സ് പ്രസക്തമാകുന്നു.
 

സിംഫണി ഫോർ അന
മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച സിംഫണി ഫോർ അന ഗാബി മൈക്കിന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയെടുത്ത സിനിമയാണ്. ഏർണസ്‌റ്റോ അർഡിറ്റോ സംവിധാനം ചെയ്ത ചിത്രം 1970കളിലെ അർജന്റിനയിലെ രാഷ്ട്രീയ, സാമൂഹികാന്തരീക്ഷത്തിന്റെ ഭൂമികയിലുള്ളതാണ്. ഭയവും ഏകാന്തതയും വിതയ്ക്കുന്ന രാഷ്ട്രീയാന്തരീക്ഷത്തിൽ ഒരു കൗമാരക്കാരി തന്റെ പ്രണയത്തിനും ജീവിതത്തിനുമായി നടത്തുന്ന ചെറുത്തുനില്പിന്റെ കഥ കൂടിയാണിത്.


വില്ലേജ് റോക്ക്‌സ്റ്റാർസ്
റിമ ദാസിന്റെ ആസാമീസ് ഭാഷ സംസാരിക്കുന്ന വില്ലേജ് റോക്ക്‌സ്റ്റാർസ് ഇന്ത്യൻ ഗ്രാമങ്ങളിലെ യാഥാസ്ഥിതിക വ്യവസ്ഥിതിയും ലിംഗഭേദവും  വിഷയമാക്കുന്നു. ഇന്ത്യൻ യാഥാസ്ഥിതിക സമൂഹം, പ്രത്യേകിച്ച് സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ഗ്രാമദേശങ്ങൾ ഒരു പെൺകുട്ടിക്കുമേൽ അടിച്ചേൽപ്പിക്കുന്ന നിയന്ത്രണങ്ങൾ ഈ സിനിമ ചർച്ചചെയ്യുന്നു. ആൺകുട്ടികളും താനും തുല്യരാണെന്ന് വിശ്വസിച്ചുപോരുന്ന പെൺകുട്ടി തനിക്കുമേൽ സമൂഹം ഏൽപ്പിക്കുന്ന വിലക്കുകൾ വൈകിയാണ് തിരിച്ചറിയുന്നത്. കുടുംബത്തിന്റെ പിന്തുണയുണ്ടെങ്കിൽ പോലും ഇന്ത്യൻ ഗ്രാമങ്ങളിലെ ഒരു പെൺകുട്ടിക്ക് മുഖ്യധാരയിലേക്ക് എത്തിപ്പെടാൻ എന്തുമാത്രം യാതനകൾ അനുഭവിക്കണമെന്ന യാഥാർത്ഥ്യം റിമാ ദാസ് രചനയും സംവിധാനവും നിർവ്വഹിച്ച വില്ലേജ് റോക്ക്‌സ്റ്റാർസ് ബോധ്യപ്പെടുത്തുന്നു.
   

ഡാർക്ക് വിൻഡ്
കൊടുംവരൾച്ചയാൽ വലയുന്ന രാജസ്ഥാൻ ഗ്രാമത്തിന്റെയും, മഴയുടെയും ചുഴലിക്കാറ്റിന്റെയും ഭീഷണിയിലുള്ള ഒഡീഷയിലെ സതഭയ എന്ന തീരദേശഗ്രാമത്തിന്റെയും ജീവിതത്തിന്റെ നേർക്കാഴ്ച രണ്ടു കുടുംബങ്ങളുടെ പശ്ചാത്തലത്തിൽ പറയുന്ന ചിത്രമാണ് നിള മാധബ് പാണ്ഡെയുടെ ഡാർക്ക് വിൻഡ്. മത്സരവിഭാഗത്തിൽ നിന്നുള്ള ഇന്ത്യൻ സിനിമയായിരുന്നു ഇത്. ദുരന്തങ്ങളിലൂടെ പ്രകൃതി മുന്നറിയിപ്പ് തന്നുകൊണ്ടിരിക്കുമ്പൊഴും ആവർത്തിക്കുമ്പൊഴും മനുഷ്യന്റെ ദുര അവസാനിക്കുന്നില്ലെന്ന് ഡാർക്ക് വിൻഡ് ഓർമ്മിപ്പിക്കുന്നു.


ദി ഡസേർട്ട് ബ്രൈഡ്
ലാറ്റിൻ അമേരിക്കൻ ഭൂപ്രകൃതിയുടെ വന്യതയും വരൾച്ചയും സമ്പന്നമായ ഫ്രെയിമുകളിലാവിഷ്‌കരിച്ച ദി ഡസേർട്ട് ബ്രൈഡ് റോഡ് മൂവി ഗണത്തിൽ പെടുത്താവുന്ന സിനിമയാണ്. തെരേസ എന്ന മധ്യവയസ്‌ക ബ്യൂണസ് അയേഴ്‌സിൽനിന്ന് ഒരു ലക്ഷ്യത്തിനു പിറകെ സാൻ ജുവാനിലേക്ക് മരൂഭൂമിയിലൂടെ നടത്തുന്ന യാത്രയാണിത്. അർജന്റിനീയൻ മരുഭൂമിപകർത്തുന്ന ലോംഗ് ഷോട്ടുകളുടെ സമ്പന്നതയും ചിത്രം സൂക്ഷിക്കുന്ന നിഗൂഢതയുമാണ്  ദി ഡസേർട്ട് ബ്രൈഡിന്റെ സവിശേഷത.


ഡെലിഗേറ്റുകളിൽ പകുതിയിലേറെയും യുവാക്കളായി മാറിയെന്നതാണ് ഇരുപത്തിരണ്ടാമത് മേളയിലെ വലിയ മാറ്റം. സിനിമയെ ഗൗരവമായി കാണുന്ന മുതിർന്ന ആളുകളുടെതായിരുന്നു കേരള രാജ്യാന്തര മേളയുടെ ആദ്യ എഡിഷനുകൾ. അടുത്ത കാലത്തായി മലയാള സിനിമയിലേക്ക് കടന്നുവരുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്നതിന്റെ പ്രതിഫലനം മേളയിലും പ്രകടമാകുന്നുണ്ട്. ലോകസിനിമയിലെ മാറ്റങ്ങളും പരീക്ഷണങ്ങളും സസൂക്ഷ്മം വീക്ഷിക്കുന്ന ഒരു തലമുറ രൂപപ്പെടുന്നത് ഏറെ ആശാവഹമായ കാര്യമാണ്. വരുംവർഷങ്ങളിലും ഇതിന്റെ തുടർച്ചയായിരിക്കും മേളയിൽ കാണാനാകുക.
 
സ്ത്രീശബ്ദം, 2018 ജനുവരി
പ്രണയവും പ്രതിരോധവും ഒഴുകുന്ന പൈപ്പിൻചുവട്
സിനിമ സാമൂഹികമാനം കൈവരിക്കുമ്പോൾ അത് സമാന്തരവഴി സഞ്ചരിക്കുന്നതാകണമെന്ന ധാരണ നമ്മുടെ സിനിമയിൽ കാലങ്ങളായി നിലനിന്നു പോരുന്നുണ്ട്. എല്ലാ മനുഷ്യരെയും ബാധിക്കുന്ന സാമൂഹികപ്രശ്നങ്ങളാണ് ചർച്ച ചെയ്യുന്നതെങ്കിൽപ്പോലും വെള്ളിത്തിരയിൽ അതു കണ്ടു രസിക്കാൻ പ്രേക്ഷകർ വലിയ താത്പര്യം കാണിക്കാറില്ല. ഇത്തരം ചിത്രങ്ങളെ ബൗദ്ധികവ്യാപാരങ്ങളായാണ് അവർ കാണുന്നത്. ജീവിതപ്രശ്നങ്ങൾക്കിടയിൽനിന്ന് തെല്ലുനേരം ചിരിക്കാനും രസിക്കാനുമായാണ് കൂടുതൽ പേരും തീയേറ്ററിലെത്തുന്നത്. അതുകൊണ്ടുതന്നെപ്രേക്ഷകരുടെ അഭിരുചി തിരിച്ചറിഞ്ഞുകൊണ്ടുള്ള സിനിമകളാണ്  ചലച്ചിത്രകാരന്മാർ അവർക്ക് കൊടുക്കുന്നതിൽ ഏറിയ പങ്കും.
    പ്രേക്ഷകാഭിരുചിക്കും ജനപ്രിയ താത്പര്യങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടുതന്നെ തങ്ങൾക്ക് പറയാനുള്ള രാഷ്ട്രീയവും സാമൂഹികതയും അവതരിപ്പിക്കുകയും പ്രേക്ഷകർ അത് ഉൾക്കൊള്ളുകയും ചെയ്യുന്നിടത്ത് സിനിമ കലയിലും കച്ചവടത്തിലും വിജയം വരിക്കുന്നു. അപൂർവ്വം അവസരങ്ങളിൽ മാത്രമാണ് ഇങ്ങനെ സംഭവിക്കാറുള്ളത്. നവാഗതനായ ഡൊമിൻ ഡിസിൽവയുടെ പൈപ്പിൻചുവട്ടിലെ പ്രണയം ഇത്തരത്തിൽ ചെറിയ ആഖ്യാനത്തിലെ വലിയ സാധ്യതകൾ തേടുന്ന സിനിമയാണ്.
   
കുടിവെള്ളത്തിനു വേണ്ടിയായിരിക്കും അടുത്ത ലോക മഹായുദ്ധമെന്ന പ്രയോഗം മുൻപൊക്കെ തെല്ല് അതിശയോക്തിയായി തോന്നുമായിരുന്നു. എന്നാൽ കുടിവെള്ളം കുപ്പികളിലായിത്തുടങ്ങിയ കാലമെത്തിയപ്പോൾ ആ പറച്ചിലിൽ കാര്യമുണ്ടെന്ന് മനസ്സിലായിത്തുടങ്ങി. ശുദ്ധമായ ജലമെന്ന അവകാശത്തിനുവേണ്ടി സമരം ചെയ്യുന്ന നാടായി കേരളം മാറിയിരിക്കുന്നു. സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചിയിലെ നിരവധിയായ കായൽതുരുത്തുകളിലെ മനുഷ്യർ കാലങ്ങളായി ശുദ്ധജലത്തിനു വേണ്ടി പോരാടി മടുത്തും സഹിച്ചും കഴിഞ്ഞുകൂടുന്നവരാണ്.                                      
    അതിരൂക്ഷമായ ഈ പ്രശ്നത്തിലേക്ക് ജനപ്രിയ സിനിമയുടെ കഥപറച്ചിൽ ശൈലിയിലൂടെ സമീപിക്കുകയാണ് പൈപ്പിൻ ചുവട്ടിലെ പ്രണയത്തിൽ. പൈപ്പിൻ ചുവട്ടിലാണ് പണ്ടാരതുരുത്തുകാരുടെ ദിവസം പുലരുന്നതും ഒടുങ്ങുന്നതും. അവരുടെ സങ്കടങ്ങളും പിണക്കങ്ങളും കൂടിച്ചേരലുമെല്ലാം കേന്ദ്രീകരിക്കുന്നത് പൈപ്പിൻചുവട്ടിലെ കാത്തിരിപ്പുകളിലാണ്. അവിടെ പ്രണയങ്ങൾ പോലും സംഭവിക്കുന്നുണ്ട്. ഗോവിന്ദൻകുട്ടിയുടെയും ടീനയുടെയും പ്രണയത്തെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ടുപോകുന്നത്. പണ്ടാരതുരുത്തിലെ  അച്ഛനമ്മമാർ പെൺമക്കളെ തുരുത്തിനു പുറത്ത് കല്യാണം കഴിച്ചയക്കാനാണ് ആഗ്രഹിക്കുന്നത്. ജോലിയെക്കാളും വിദ്യാഭ്യാസത്തെക്കാളും കുടിവെള്ളം മുടങ്ങാതെ കിട്ടുന്ന നാടിനാണ് മുൻഗണന. തിരിച്ച് തുരുത്തിലെ ചെറുപ്പക്കാർക്ക് പെണ്ണു കിട്ടാനും വെള്ളം തന്നെയാണ് തടസ്സം. തുരുത്തിലെ താമസക്കാരായ ഗോവിന്ദൻകുട്ടിക്കും ടീനയ്ക്കും  വ്യത്യസ്ത മതക്കാരാണെന്നതിനെക്കാൾ വെള്ളം കിട്ടാതെ പൈപ്പിൻചുവട്ടിൽ കുടവുമായി നിന്ന് പെണ്ണിന് നര കിക്കേണ്ടി വരുമല്ലോ എന്നതാണ് പ്രണയസാഫല്യത്തിനും വിവാഹത്തിനും മുന്നിലുള്ള തടസ്സം. നാട്ടിൽ കുടിവെള്ളമെത്താൻ തുരുത്തുകാർക്ക് ഒരു ജീവൻ തന്നെ പകരം നൽകേണ്ടി വരുന്നു. വ്യവസ്ഥിതിയോടുള്ള കടുത്ത പ്രതിഷേധമായി മാറുന്നു ഇത്. കേവലം ധർണ കൊണ്ടും സമരം കൊണ്ടും ഭരിക്കുന്നവരുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ കിട്ടില്ലെന്ന വാസ്തവം തിരിച്ചറിഞ്ഞ് വ്യത്യസ്തമായ സമരമാർഗമാണ് തുരുത്തുകാർ സ്വീകരിക്കുന്നത്. ഇത് ശ്രദ്ധിക്കപ്പെടുകയും സർക്കാർ തലത്തിൽ കുടിവെള്ളമെത്തിക്കാനുള്ള നടപടി ഉണ്ടാകുകയും ചെയ്യുതോടെയാണ് പൈപ്പിൻചുവട്ടിലെ പ്രണയത്തിന് ഗ്രീൻ സിഗ്നൽ കിട്ടുന്നത്. അടുത്തിടെ കേരളത്തിൽ സംഭവിച്ച ചില ജനകീയ സമരങ്ങളുമായി സിനിമയുടെ പ്രമേയത്തെ ചേർത്തു വായിക്കാനാകും.                                                     
   
കുത്തകകളുടെ കടന്നുകയറ്റത്തിൽ ശുദ്ധജലവും പരിസ്ഥിതിയും പാർപ്പിടവും നഷ്ടമാകുന്നവന്റെ ജീവിതചിത്രങ്ങൾ പകർത്തുന്ന ഒട്ടേറെ സിനിമകൾ മലയാളത്തിൽ സംഭവിച്ചിട്ടുണ്ട്. അതിൽ ഏറിയ പങ്കും സമാന്തര സിനിമയുടെ ആഖ്യാനശൈലി ഉൾക്കൊളളുന്നവയായിരുന്നു. സങ്കീർണ്ണമായൊരു കാലിക യാഥാർഥ്യം പറയാൻ പുതുകാലത്തിന്റെ മാറിയ കാഴ്ചാഭിരുചി ഉപയോഗിച്ചു വിജയിച്ചുവെന്നതാണ് പൈപ്പിൻ ചുവട്ടിലെ പ്രണയത്തെ മികച്ച സിനിമയാക്കി മാറ്റുന്നത്. നാടകീയ സംഭാഷണത്തിനോ പ്രകടനങ്ങൾക്കോ സിനിമയിൽ സ്ഥാനമില്ല. കൊച്ചിയിലെ ഒരു തുരുത്തിൽ ജീവിക്കുന്ന മനുഷ്യരുടെ നേർ പരിച്ഛേദമായി മാറുന്നു കഥാപാത്രങ്ങളെല്ലാം. പരുഷ യാഥാർഥ്യങ്ങളിലും ജീവിതത്തിലെ കുടിച്ചേരലുകളിലും ആഘോഷങ്ങളിലും രസം കണ്ടെത്തുന്നവരാണിവർ. അതുകൊണ്ടുതന്നെ സിനിമയിലുടനീളം ശുദ്ധമായ ഹാസ്യവും ചിരിയും  നിലനിൽക്കുന്നുണ്ട്. നീരജ് മാധവ്, ധർമ്മജൻ,  സുധി കോപ്പ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, സേതുലക്ഷ്മി, റീബാ ജോൺ, തെസ്നി ഖാൻ , ഋഷികുമാർ, ശ്രീനാഥ്,   അപ്പാനി രവി (ശരത് കുമാർ), നാരായണൻകുട്ടി തുടങ്ങിയ താരങ്ങൾക്കെല്ലാം തുരുത്തിലെ സാധാരണ മനുഷ്യരുടെ പ്രതിനിധികളായി മാറാൻ കഴിയുന്നു.
           തുരുത്ത് വിട്ട് മറ്റെങ്ങും ക്യാമറ സഞ്ചരിക്കാത്ത രണ്ടു മണിക്കൂറിൽ ഒരു നിമിഷം പോലും വിരസമാകുന്നില്ല. തുരുത്തും അതിനു ചുറ്റുമുള്ള കായൽപരപ്പും സൂര്യനും ആകാശവും കായലും ചേരുമ്പോഴുള്ള നിറവ്യതിയാനങ്ങളും ചിത്രങ്ങളും അനുഭവവേദ്യമാക്കുന്ന വി.കെ.പവനിന്റെ ക്യാമറ പൈപ്പിൻചുവട്ടിലെ പ്രണയത്തിന് നൽകുന്ന ബോണസ് വലുതാണ്. പ്രമേയം ആവശ്യപ്പെടുന്ന തരത്തിലുള്ള ചടുലവും വേഗക്കുറവുമുള്ള ഷോട്ടുകൾ സിനിമയുടെ സംവേദനത്തിൽ മികവായിമാറുന്നു.                     
    സങ്കീർണ്ണമായ വിഷയങ്ങളുടെയും ബൃഹദാഖ്യാനങ്ങളുടെയും പേടിപ്പെടുത്തലുകളെക്കാൾ ഒരു ചെറിയ കാര്യത്തെ ഏറ്റവും മികച്ചതായി പറയുന്നതിൽ തന്നെയാണ് അഴകും ആസ്വാദനവും ഉൾച്ചേർന്നിരിക്കുന്നതെന്ന് തെളിയിക്കുന്ന സിനിമകളുടെ കൂട്ടത്തിലാണ് പൈപ്പിൻ ചുവട്ടിലെ പ്രണയത്തിന്റെ ഇടം.
സ്ത്രീശബ്ദം, 2017 ഡിസംബർ
ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ ഏകാന്തവിസ്മയം


'ജീവിതം ഒരു ചൂതുകളിയാണ്. ചിലർ നേടുന്നു. ചിലർ നഷ്ടപ്പെടുന്നു. നോക്ക്, ഏതു ജീവിതത്തിലും സംഭവിക്കുന്നത് അതല്ലേ? ജീവിതത്തിന്റെ ദൂരം താണ്ടി ഒടുവിലത്തെ വഴിയമ്പലത്തിന്റെ തിണ്ണയിൽ ഒരു സന്ധ്യയ്ക്കു ചെന്നിരുന്ന് മനുഷ്യൻ കണക്കുനോക്കുന്നു. ജീവിതം നഷ്ടമോ ലാഭമോ? ആ അർത്ഥത്തിൽ ചിന്തിച്ചു നോക്കുമ്പോൾ ജീവിതം ഒരു ചൂതുകളി തന്നെയല്ലേ? അതിനകത്ത് ഭ്രാന്തുണ്ട്. അതിനകത്ത് ആനന്ദമൂർച്ഛയുണ്ട്. വാശിയുണ്ട്. പകയുണ്ട്. സ്‌നേഹമുണ്ട്. സഹതാപമുണ്ട്. വഞ്ചനയുണ്ട്. കെണികളുണ്ട്. വ്യാമോഹങ്ങളുണ്ട്. നിരാശയുണ്ട്. ശത്രുതയുണ്ട്. നാശമുണ്ട്. മരണമുണ്ട്. എന്താണില്ലാത്തത്? ജീവിതത്തിലുള്ളതു മുഴുവൻ ചൂതുകളിയിലുണ്ട്. ജീവിതത്തിലെന്നപോലെ ചൂതുകളിയിലും നമ്മൾ കണക്കുകൂട്ടുന്നു. സംഖ്യവച്ച് നമ്മൾ ചക്രം തിരിക്കുന്നു. സൂചി കറങ്ങി ഏതു കളത്തിൽ ചെന്നു നിൽക്കുന്നുവെന്ന് ആർക്കറിയാം! അതു നിശ്ചയിക്കുന്നത് നമ്മളാണോ?'       
    കൈവശമുണ്ടായിരുന്ന കാശെല്ലാം ചൂതുകളി കേന്ദ്രത്തിൽ നഷ്ടപ്പെടുത്തിയ ശേഷം നേർത്ത മഞ്ഞും നിലാവും പെയ്യുന്ന രാത്രിയിൽ വീട്ടിലേക്കു മടങ്ങുമ്പോൾ ദസ്തയേവ്സ്‌കി ദൈവത്തോടു സംസാരിക്കുകയാണ്.
    'ഓർത്തുനോക്കുമ്പോൾ എന്റെ കാര്യം മഹാകഷ്ടമാണ്. ദരിദ്രനും നിസ്സഹായനും പരാജിതനും ആർക്കും വേണ്ടാത്തവനുമായി ഞാനീ ജന്മം മുഴുവൻ കഴിയണമെന്നാണോ ദൈവം വിചാരിക്കുന്നത്? നിസ്സഹായനായ ഒരു മനുഷ്യൻ ജീവിതത്തിൽ ഇത്രയൊക്കെ സഹിക്കേണ്ടി വരുന്നതിന്റെ യുക്തിയെന്താണ്? എവിടെയും പരാജയപ്പെടുകയാണ് എന്റെ അനുഭവം. ഒടുവിൽ ഹൃദയത്തിൽ മുറിവുകൾ മാത്രം ബാക്കിയാകുന്നു. ലോകം കുറേക്കൂടി നന്നായി സൃഷ്ടിക്കാമായിരുന്നു എന്ന് സത്യത്തിൽ ഇപ്പോൾ അങ്ങേയ്ക്കു തോന്നുന്നില്ലേ? മനുഷ്യൻ തിന്മ ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ കാരണത്തിൽ നിന്നും ഉത്തരവാദത്തിൽ നിന്നും ഒഴിഞ്ഞുമാറുവാൻ അങ്ങേയ്ക്കു കഴിയുമോ?'ആ സംസാരം ഇങ്ങനെ തുടരുന്നു.
   
യൂറോപ്യൻ ഭൂഖണ്ഡത്തിന്റെ അങ്ങേയറ്റത്തൊരു നാട്ടിൽ അരാജകവാദിയും അഴിഞ്ഞാട്ടക്കാരനുമെന്ന് ചുറ്റുമുള്ളവരും നിന്ദിതനും പീഡിതനുമെന്ന് സ്വയമേവയും കൽപ്പിച്ച്  ജീവിച്ച ഫയോദോർ ദസ്തയേവ്സ്‌കിയെന്ന എഴുത്തുകാരന്റെ ആത്മസംഘർഷങ്ങൾ കടലാസിലേക്കു പകർത്തുമ്പോൾ പെരുമ്പടവം ശ്രീധരനെന്ന മലയാളി എഴുത്തുകാരൻ അനുഭവിച്ചതും സർഗ്ഗാത്മകമായ മറ്റൊരു ആത്മപീഡയായിരുന്നു.
    'തോരാതെ പെയ്യുന്ന ഒരു പെരുമഴയിൽ എന്റെ മനസ്സിലെ പച്ചക്കാടുകൾ കത്തിക്കൊണ്ടിരുന്നു...' രണ്ടര പതിറ്റാണ്ടു മുൻപ് മഴയുള്ള ആ രാത്രിയിൽ ദസ്തയേവ്സ്‌കിയെ അക്ഷരങ്ങളിലേക്കു പകർത്തിയ എഴുത്തുപുരയിലെ ആളിക്കത്തലിനെ പിന്നീടൊരിക്കൽ പെരുമ്പടവം ശ്രീധരൻ വിശേഷിപ്പിച്ചതിങ്ങനെയാണ്. പീഡിതനായ എഴുത്തുകാരന്റെ ജീവിതം നോവലാക്കി മാറ്റുമ്പോൾ മലയാള സാഹിത്യത്തിൽ പുതിയൊരു ചരിത്രത്തിന്റെ പിറവിയായിരുന്നു അതെന്ന് പെരുമ്പടവം കരുതിയിരുന്നില്ല. അതിൽപ്പിന്നെ രണ്ടു വ്യാഴവട്ടക്കാലം കഴിഞ്ഞിരിക്കുന്നു. വൻകരകളും കടലും കടന്നുചെന്ന പെരുമയോടെ 'മലയാള നോവലിലെ ഏകാന്തവിസ്മയ'മായ 'ഒരു സങ്കീർത്തനം പോലെ'നൂറാം പതിപ്പിലുമെത്തിയിരിക്കുന്നു.
   
റഷ്യൻ നോവലിസ്റ്റായ ഫയോദോർ ദസ്തയേവ്സ്‌കിയുടെയും അദ്ദേഹത്തിന്റെ പ്രണയിനി അന്നയുടെയും കഥപറഞ്ഞ നോവൽ വളരെപ്പെട്ടെന്നാണ് വായനക്കാരെ ആകർഷിച്ചത്. 1993 സെപ്തംബറിൽ സങ്കീർത്തനം പബ്ലിക്കേഷൻസിന്റെ ആദ്യപുസ്തകമായി നോവൽ പുറത്തിറങ്ങിയതോടെ ആശ്രാമം ഭാസിയെന്ന പ്രസാധകന്റെയും പെരുമ്പടവം ശ്രീധരനെന്ന എഴുത്തുകാരനുമൊത്തുള്ള കൂട്ടുകെട്ടിന്റെയും തുടക്കമാകുകയായിരുന്നു അത്. പിന്നീട് പെരുമ്പടവത്തിന്റെ 59 പുസ്തകങ്ങളുടെയും പ്രസാധകർ സങ്കീർത്തനം ബുക്സ് ആയിരുന്നുവെന്നത് മലയാള പുസ്തകപ്രസാധന രംഗത്തെ പുതുചരിത്രവും നേട്ടവും. 'ഒരു വായനക്കാരനും എഴുത്തുകാരനും തമ്മിലുള്ള പരിചയമാണ് സങ്കീർത്തനം പോലെ എന്ന പുസ്തകത്തിന്റെ പ്രസാധനത്തിലേക്ക് എത്തിച്ചത്. നൂറു പതിപ്പിൽ എത്തുമെന്ന് ഒരിക്കലും വിചാരിച്ചതല്ല.'-ആശ്രാമം ഭാസിയുടെ വാക്കുകൾ.
    3000 കോപ്പിയായിരുന്നു ആദ്യപതിപ്പായി അച്ചടിച്ചത്. 2012ൽ അമ്പതാം പതിപ്പും കാൽ നൂറ്റാണ്ടാകുമ്പോൾ നൂറാം പതിപ്പിലേക്കുമെത്തി. 24 വർഷങ്ങൾക്കിടയിൽ രണ്ട് ലക്ഷത്തോളം കോപ്പികൾ വിറ്റുപോയി. ചുരുങ്ങിയ കാലംകൊണ്ട് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മലയാളകൃതിയായി. ഖസാക്കിന്റെ ഇതിഹാസത്തെയും രമണനെയും മറികടന്നു നേടിയ ഈ ബഹുമതി മലയാള പുസ്തകപ്രസാധന രംഗത്തെയും മലയാള സാഹിത്യത്തിലെയും നാഴികക്കല്ലാണ്. മരിച്ചുകൊണ്ടിരുന്ന വായനയെ തിരിച്ചെത്തിച്ച പുസ്തകം എന്ന നിലയ്ക്കാണ് തൊണ്ണൂറുകളിൽ നിരൂപകർ സങ്കീർത്തനം പോലെയെ അടയാളപ്പെടുത്തിയത്. തന്റെ സുഹൃത്തായ ആശ്രാമം ഭാസിക്ക് നോവൽ പ്രസിദ്ധീകരണത്തിനു നൽകുമ്പോൾ സുഹൃത്തിന് നഷ്ടം ഉണ്ടാകരുതെന്ന ആഗ്രഹമേ പെരുമ്പടവത്തിനുണ്ടായിരുന്നുള്ളു. എന്നാൽ ആദ്യ പ്രതി പുറത്തിറങ്ങി അതിന്റെ സ്വീകാര്യത കണ്ടതോടെ ആ സംശയം അസ്ഥാനത്തായെന്ന് പെരുമ്പടവം ഓർമ്മിക്കുന്നു. ഹിന്ദി, തമിഴ്, ഗുജറാത്തി, കന്നഡ, ആസാമീസ്, അറബിക്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലേക്ക് നോവൽ തർജമ ചെയ്തു. 1996ലെ വയലാർ അവാർഡ് ഉൾപ്പെടെ അനേകം പുരസ്‌കാരങ്ങൾക്ക് അർഹമായി.
   
പത്തൊമ്പതാം വയസ്സിൽ 'കുറ്റവും ശിക്ഷയും' വായിച്ചപ്പോൾ മുതൽ പെരുമ്പടവം ദസ്തയേവ്സ്‌കിയുടെ ആരാധകനായിരുന്നു. ഈ താത്പര്യം തന്നെയാണ് ദസ്തയേവ്സ്‌കിയെ കൂടുതൽ വായിക്കാനും ഒരു സങ്കീർത്തനം പോലെ എഴുതാനും ഇടയാക്കിയത്. 'ഹൃദയത്തിൽ ദൈവത്തിന്റെ വിരൽസ്പർശം പതിഞ്ഞ എഴുത്തുകാരൻ' എന്നാണ് ദസ്തയേവ്സ്‌കിയെ പെരുമ്പടവം വിശേഷിപ്പിച്ചത്. ഒരു സങ്കീർത്തനം പോലെ പുറത്തിറങ്ങിയശേഷം ആ വിശേഷണം പെരുമ്പടവത്തിനും വായനക്കാർ നൽകി.
    'എനിക്ക് എളുപ്പം വഴങ്ങുന്ന കഥാപാത്രമായിരിക്കില്ല ദസ്തയേവ്സ്‌കി എന്ന് മറ്റാരെക്കാളും കൂടുതൽ എനിക്ക് അറിയാമായിരുന്നു. എഴുതുമ്പോൾ ആ ഭയാശങ്കകൾ ഉണ്ടായിരുന്നു. ഹൃദയത്തിനുമേൽ ദൈവത്തിന്റെ കയ്യൊപ്പുള്ള ഒരാൾ എന്നു ദസ്തയേവ്സ്‌കിയെ സങ്കൽപിക്കാൻ കഴിഞ്ഞപ്പോൾ ദിവ്യമായ ഒരു പ്രകാശംകൊണ്ട് എന്റെ ഹൃദയം നിറയുന്നതുപോലെ എനിക്കു തോന്നി. ആ നിമിഷങ്ങളിൽ എന്റെ ഹൃദയത്തിനുമേൽ ഒരു നക്ഷത്രം ഉദിച്ചു നിന്നിരുന്നുവെന്നാണ് എനിക്കു തോന്നിയത്. അതോടെ എഴുത്തിൽ വല്ലാത്ത വേഗം അനുഭവപ്പെട്ടു. ദസ്തയേവ്സ്‌കിയെ ഞാൻ അനുഭവിച്ചുതുടങ്ങി. '-പെരുമ്പടവം പറയുന്നു.
    ചൂതാട്ടക്കാരൻ എന്ന നോവലിന്റെ രചനയിൽ ഏർപ്പെട്ടിരുന്ന ദസ്തയേവ്സ്‌കിയുടെ അരികിൽ അന്ന എന്ന യുവതിയെത്തുന്നതും തന്നെക്കാൾ വളരെ ചെറുപ്പമായ അന്നയോടു ദസ്തയേവ്സ്‌കിക്കു തീവ്രപ്രണയം തോന്നുന്നതും ഒടുവിൽ ഇരുവരും ജീവിതപങ്കാളികളാകുന്നതും അന്തർമുഖനായ ദസ്തയേവ്സ്‌കിയുടെ ആത്മസംഘർഷങ്ങളും ആശങ്കകളുമായിരുന്നു നോവലിൽ പെരുമ്പടവം ഇതിവൃത്തമാക്കിയത്. ബൈബിളിലെ ചില സങ്കീർത്തനങ്ങളിൽ ഉള്ളതുപോലെയുള്ള കുറ്റബോധത്തിന്റെയും അനുതാപത്തിന്റെയും സ്വരം ദസ്തയേവ്സ്‌കിയുടെ മിക്ക കൃതികളിലുമുള്ളതുകൊണ്ടാണ് അദ്ദേഹത്തെ മുഖ്യകഥാപാത്രമാക്കിയ തന്റെ നോവലിന് 'ഒരു സങ്കീർത്തനം പോലെ' എന്ന പേര് പെരുമ്പടവം നൽകിയത്. ശിൽപ്പഘടനയിലും വൈകാരികതയിലും മികച്ചുനിൽക്കുന്ന ഈ കൃതിയെ 'മലയാള നോവലിലെ ഒരു ഏകാന്തവിസ്മയം' എന്നാണ് മലയാറ്റൂർ രാമകൃഷ്ണൻ വിശേഷിപ്പിച്ചത്.
   
സ്വതന്ത്രമായ ഒരു കൃതി എന്നതിനെക്കാൾ  മറ്റൊരു നാട്ടിൽ മറ്റൊരു കാലത്ത് ജീവിച്ചിരുന്ന ഒരു എഴുത്തുകാരന്റെ ജീവിതസംഘർഷങ്ങൾ പകർത്തിയെഴുതുകയായിരുന്നു പെരുമ്പടവം എന്നു പറയാം. എന്നാൽ ഇരുപത്തഞ്ചാണ്ടിനിടെ വിവിധ ഭാഷകളിലായി ലക്ഷക്കണക്കിന് വായനക്കാർ ഈ എഴുത്തിനെ ഹൃദയത്തോടു ചേർത്താണ് സ്വീകരിച്ചത്. 'അത്രമേൽ ആസ്വാദ്യകരം' എന്നാണ് ഈ സ്വീകാര്യതയെപ്പറ്റി വായനക്കാർക്ക് പറയാനുള്ളത്. വായിച്ചുതുടങ്ങുന്ന പുതിയൊരാളുടെ കൈകളിൽ ഏറ്റവുമെളുപ്പത്തിൽ തേടിയെത്തുന്ന ഒരു പുസ്തകമായി ഇപ്പൊഴും 'സങ്കീർത്തനം' തുടരുകയാണ്.
    'നിലാവുദിക്കാത്ത എത്രയോ കർക്കടകരാത്രികളിൽ കുടിച്ചുതീർത്ത ആത്മസംഘർഷങ്ങളോട് ഞാൻ നന്ദി പറയുന്നു.  ഒരു സങ്കീർത്തനംപോലെ നൂറുപതിപ്പുകൾ പിന്നിടുമ്പോൾ അത് ഒരെഴുത്തുകാരന്റെ വ്യക്തിപരമായ നേട്ടമായി ഞാൻ കാണുന്നില്ല. എന്റെ പ്രിയമലയാളം എത്രമേൽ കടുത്ത കാലത്തിലൂടെ കടന്നുപോയാലും അതിന്റെ അപൂർവ ചാരുതയും കരുത്തുമായി മലയാളിയുടെ ഹൃദയത്തിലുണ്ട് എന്നതിന്റെ തെളിവാണ് എന്റെ പുസ്തകമടക്കം നിരവധി പുസ്തകങ്ങൾക്ക് പല പതിപ്പുകൾ ഉണ്ടാകുന്നത്.' ഹൃദയത്തിൽ ദൈവത്തിന്റെ വിരൽസ്പർശമുള്ള എഴുത്തുകാരൻ സ്ഥായിയായ മന്ദതാളത്തിലും എന്നാൽ ഏറെ സുദൃഢമായ വാക്കുകളോടെയും മലയാളത്തെ നോക്കി നിറകൺചിരി പകരുകയാണ്.
2017 ഡിസംബർ 24, വാരാന്ത്യകൗമുദി