Sunday, 14 January 2018

വൈവിദ്ധ്യക്കാഴ്ചകളുടെ ചലച്ചിത്രമേള 

ലോകസിനിമയിലെ പുതിയ മാറ്റങ്ങളും പ്രവണതകളും അറിയാനെത്തിയ പ്രേക്ഷകർക്ക് തൃപ്തി പകരുന്നതായിരുന്നു 22-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള. പ്രതിഷേധങ്ങൾക്കും പരാതികൾക്കും മുകളിൽ സിനിമ നിലകൊണ്ട മേളയിൽ തിരഞ്ഞെടുക്കാൻ മികച്ച ചിത്രങ്ങളുണ്ടായെന്നതുകൊണ്ടുതന്നെ തിയേറ്ററുകളിൽനിന്ന് തിയേറ്ററുകളിലേക്ക് നിരന്തരം സഞ്ചരിക്കുന്ന ഡെലിഗേറ്റുകളായിരുന്നു മേളനഗരത്തിലെങ്ങും. അതിശയിപ്പിക്കുന്ന ചിത്രങ്ങളെക്കാളും ശരാശരി നിലവാരമുള്ള ഒട്ടനവധി ചിത്രങ്ങൾ കൊണ്ടായരുന്നു മേള സമ്പന്നമായത്.
    മത്സരവിഭാഗത്തിൽ അസർബൈജാൻ ചിത്രം പൊംഗ്രനേറ്റ് ഓർച്ചാഡ്, കസാക്കിസ്ഥാൻ ചിത്രം റിട്ടേണീ, ഇറാൻ ചിത്രം വൈറ്റ് ബ്രിഡ്ജ്, പലസ്തീൻ ചിത്രം വാജീബ്, കൊളംബിയ-ജർമൻ ചിത്രം കാൻഡലേറിയ, ഇന്ത്യൻ ചിത്രങ്ങളായ ഡാർക്ക് വിൻഡ്, ന്യൂട്ടൺ, അൾജീരിയൻ ചിത്രം ഐ സ്റ്റിൽ ഹൈഡ് ടു സ്‌മോക്ക് എന്നിവയാണ് പ്രേക്ഷകാഭിപ്രായത്തിൽ മുമ്പിലെത്തിയവ.
    ലോകസിനിമാ വിഭാഗത്തിൽ വില്ലാ ഡ്വല്ലേഴ്‌സ്, ദി ഡസേർട്ട് ബ്രൈഡ്, കേക്ക് മേക്കർ, ദി യംഗ് കാൾമാക്‌സ്, കിംഗ് ഓഫ് പെകിംഗ്, ഹാപ്പിനസ്, ഫ്രീഡം, ഓൺ ബോഡി ആന്റ് സോൾ, എ മാൻ ഓഫ് ഇന്റഗ്രിറ്റി, ഇൻ സിറിയ, ഹോളി എയർ തുടങ്ങിയ ചിത്രങ്ങൾ മികച്ച പ്രതികരണം നേടിയവയാണ്. മേളയിൽ പ്രേക്ഷകപ്രീതിയിലും നിരൂപകശ്രദ്ധയിലും മുൻപന്തിയിലെത്തിയ ചിത്രങ്ങളിലേക്ക്..

കാൻഡലേറിയ
മത്സരവിഭാഗത്തിൽ ജനങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റിയ ചിത്രങ്ങളിൽ ഏറെ മുന്നിലാണ് കാൻഡലേറിയയുടെ സ്ഥാനം. കൊളംബിയ, ജർമ്മനി, നോർവേ എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ കാൻഡലേറിയ ജോണി ഹെൻഡ്രിക്‌സ് ആണ് സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
    തൊണ്ണൂറുകളിൽ ക്യൂബയുടെ മേൽ വ്യാവസായിക നിരോധനം നിലനിന്ന കാലത്ത് ആഴമേറിയ സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലായ രാജ്യത്ത് എഴുപതുകൾ പിന്നിട്ട വിക്ടർ ഹ്യൂഗോയുടെയും ഭാര്യ കാൻഡലേറിയയുടെയും ജീവിതമാണ് ചിത്രം കേന്ദ്രമാക്കുന്നത്. വിക്ടർ ഒരു സിഗാർ ഫാക്ടറിയിലെ ജോലിക്കാരനാണ്. കാൻഡലേറിയ ഹോട്ടലിൽ അലക്കുജോലി ചെയ്യുന്നു. ആകസ്മികമായി കാൻഡലേറിയക്ക് ഒരു വീഡിയോ ക്യാമറ ലഭിക്കുന്നതോടെയാണ് വിരസമായി നീങ്ങിയ ഇവരുടെ ജീവിതം മാറുന്നത്.
ജീവിതത്തിന്റെ അസ്തമയകാലത്ത് അത് പരസ്പരപ്രണയത്തിന്റെ പുതിയ തുടക്കമായി മാറുന്നു. ജീവിതദുരിതങ്ങളിൽ നിന്നും കരകയറാൻ അത് കരുത്തായി. കാൻഡലേറിയക്കുള്ള അർബുദരോഗം പോലും മറക്കാൻ അവർക്ക് കഴിഞ്ഞു. 90കളിലെ ക്യൂബൻ രാഷ്ട്രീയ സാമൂഹികാവസ്ഥയിൽ ജനജീവിതത്തിന്റെ വിവിധ മുഖങ്ങളിലേക്കാണ് കാൻസലേറിയ സഞ്ചരിക്കുന്നത്. ഒപ്പം ജീവിതാവസാനത്തിലും എങ്ങനെ സമൃദ്ധമായി പ്രണയജീവിതം നയിക്കാമെന്നും. രണ്ടുപേരുടെ ജീവിതത്തിലൂടെ നിലനിൽക്കുന്ന സാമൂഹ്യക്രമത്തെ ചിത്രം കാണിച്ചുതരുന്നു. ക്യൂബൻ നിറങ്ങളും സംഗീതവും ചിത്രത്തിന് കൂടുതൽ വൈകാരികത പകരുന്നു.

ഐ സ്റ്റിൽ ഹൈഡ് ടു സ്‌മോക്ക്

രാജ്യാന്തര ചലച്ചിത്രമേളയിലെ ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ റെ റെയ്ഹാനിയുടെ അൾജീരിയൻ ചിത്രം ഐ സ്റ്റിൽ ഹൈഡ് ടു സ്‌മോക്ക് ആഭ്യന്തര സംഘർഷങ്ങളിൽ സ്ത്രീശരീരങ്ങൾ എങ്ങനെ പ്രതിരോധിക്കുന്നുവെന്ന്  തീവ്രതയോടെ ആവിഷ്‌കരിച്ചിരിക്കുന്നു. റെയ്ഹാന തന്നെ എഴുതിയ നാടകത്തെ ആസ്പദമാക്കിയുള്ളതാണ്  ഐ സ്റ്റിൽ ഹൈഡ് ടു സ്‌മോക്ക്. തൊണ്ണൂറുകളിലെ അൾജീരിയയയും അവിടുത്തെ സ്ത്രീജീവിതവുമാണ് ചിത്രത്തിലെ കേന്ദ്രപ്രമേയം.
കുളിപ്പുരയുടെ നാല് ചുവരുകളുടെ സ്വകാര്യ ഇടത്തിൽ സ്ത്രീത്വത്തിന്റെ ആഘോഷമാവുകയാണീ സിനിമ.

 
ന്യൂട്ടൻ
കാട്ടിനുള്ളിലെ ഗ്രാമത്തിൽ തെരഞ്ഞെടുപ്പ് ദൗത്യത്തിനായി നിയോഗിക്കപ്പെട്ട 'ന്യൂട്ടൻ കുമാർ' എന്ന ചെറുപ്പക്കാരന്റെ ജീവിതാനുഭവങ്ങളിലേക്ക് ക്യാമറ തിരിക്കുന്ന അമിത് വി. മസുർക്കറുടെ 'ന്യൂട്ടൻ' ഇന്ത്യയുടെ ഇത്തവണത്തെ ഔദ്യോഗിക ഓസ്‌കർ എൻട്രിയായിരുന്നു. സത്യസന്ധനായ തെരഞ്ഞെടുപ്പ് ഓഫീസർ ചത്തീസ്ഗഢിലെ സംഘർഷഭരിതമേഖലയിൽ നീതിയുക്തമായി ഡ്യൂട്ടി നിർവ്വഹിക്കുന്നതിനെ രാഷ്ട്രീയ ഹാസ്യ സിനിമയായാണ് ചിത്രീകരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ജനാധിപത്യമില്ലായ്മയും ഗ്രാമജനതയുടെ അറിവില്ലായ്മയും ജനാധിപത്യപ്രക്രിയയിൽ അവർ എങ്ങനെ വിദഗ്ധമായി കബളിപ്പിക്കപ്പെടുന്നുവെന്നും സിനിമ ചർച്ചചെയ്യുന്നു.


വൈറ്റ് ബ്രിഡ്ജ്
വികലാംഗയായ പെൺകുട്ടിയുടേയും അവളുടെ അമ്മയുടേയും അതിജീവനത്തിന്റെ കഥയാണ് അലി ഗാവിറ്റൻ സംവിധാനം ചെയ്ത ഇറാനിയൻ ചിത്രമായ 'വൈറ്റ് ബ്രിഡ്ജ്'. ആവിഷ്‌കാരത്തിലെ ലാളിത്യം കൊണ്ടാണ് ചിത്രം പ്രേക്ഷകശ്രദ്ധ നേടിയത്. കുട്ടികളെ കേന്ദ്രമാക്കി ലളിതമായ ആഖ്യാനത്തിൽ തീവ്രരാഷ്ട്രീയം പറയുന്ന മാതൃകയിലുള്ള ഇറാനിയൻ ചിത്രങ്ങൾക്ക് എക്കാലത്തുമുള്ള കാഴ്ചസാദ്ധ്യതയിലേക്കാണ് വൈറ്റ് ബ്രിഡ്ജും സഞ്ചരിക്കുന്നത്. ബഹ്ര എന്ന കുട്ടിക്ക് ഒരു അപകടം സംഭവിക്കുന്നു. അതോടെ സ്‌കൂളിലേക്ക് പോകാൻ തടസ്സമാകുന്നു. ഇതോടെ വിദ്യാഭ്യാസ വകുപ്പ് കുട്ടിയെ സ്‌പെഷ്യൽ സ്‌കൂളിലേക്ക് മാറ്റുന്നു. പക്ഷേ ഈ കുട്ടിക്ക് സ്‌പെഷ്യൽ സ്‌കൂളിൽ പോകാൻ താൽപര്യമില്ല. പഴയ സ്‌കൂളിൽ എത്തി തുടർന്നും തനിക്ക് അവിടെ തന്നെ പഠിക്കാനുള്ള താൽപര്യം അറിയിക്കുന്നു. എന്നാൽ നിയമം അതിന് എതിരായി നിൽക്കുകയാണ്. ഈ നിയമത്തിനെതിരെ പോരാടുകയാണ് കുട്ടിയും ഒപ്പം അമ്മയും.

റിട്ടേണീ
മാതൃരാജ്യമെന്ന വികാരവും മനുഷ്യന്റെ പൗരത്വ പ്രതിസന്ധിയും കസാക് ചിത്രം റിട്ടേണിയിൽ വിഷയമാകുന്നു. ആഭ്യന്തര സംഘർഷങ്ങൾക്കിടയിൽ സ്വന്തം ഇടം വിട്ട് പലായനം ചെയ്യേണ്ടി വരികയും തിരികെ  മാതൃരാജ്യത്തിലേക്കുള്ള തിരിച്ചുവരവെന്ന വൈകാരികാനുഭവം കാഴ്ചക്കാരനിലേക്ക് പകർന്നുനല്കുകയാണ് കസാകിസ്ഥാൻ സംവിധായകൻ സബിത്ത് കുർമൻ ബെക്കോവ് റിട്ടേനിയിലൂടെ. കസാക്‌സ്താനിലെ ആഭ്യന്തര സംഘർഷത്തെ തുടർന്ന് അയൽരാജ്യമായ അഫ്ഗാനിസ്ഥാനിലെ സ്പാർക്കൂളിലേക്ക് കുടിയേറിയ കുടുംബം മാറിയ സാഹചര്യത്തിൽ ഇവിടെ നിന്ന് സ്വന്തം നാട്ടിലേക്ക് യാത്രാ തിരിക്കുകയാണ്. മാതൃരാജ്യത്ത് നിന്ന് മാറിനില്‌ക്കേണ്ടിവരുന്ന അഭയാർത്ഥികളുടെ വേദന പങ്കുവെക്കുന്നുണ്ടെങ്കിലും ഇതിലെ രാഷ്ട്രീയത്തെ ഒരു കുടുംബത്തിലൂടെ പറയാനാണ് റിട്ടേണീ ശ്രമിക്കുന്നത്.


വാജിബ്
തലമുറകൾ തമ്മിലുളള ആശയസംഘട്ടനമാണ് ആൻമേരി ജാക്വിർ സംവിധാനം ചെയ്ത പലസ്തീനിയൻ ചിത്രമായ വാജിബിന്റെ പ്രമേയം.
കർത്തവ്യം എന്നാണ് വാജിബ് എന്ന വാക്കിനർഥം. പലസ്തീനിൽ താമസിക്കുന്ന പിതാവും ഇറ്റലിയിൽ താമസമാക്കിയ മകനും തമ്മിലുളള ആശയസംഘർഷങ്ങളിലൂടെയാണ് സിനിമമ സഞ്ചരിക്കുന്നത്. അച്ഛന്റെ ആശ്രിതമനോഭാവത്തെ ഉൾക്കൊള്ളാൻ ഉൽപതിഷ്ണുവായ മകന് കഴിയുന്നില്ല. ഇസ്രയേലിലെ രാഷ്ട്രീയ പ്രശ്‌നങ്ങളും ചിത്രത്തിൽ റേഡിയോ വാർത്താശകലമായി ഉൾക്കൊള്ളിക്കാൻ ചലച്ചിത്രകാരി ശ്രമിച്ചിട്ടുണ്ട്. മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം നേടിയ ചിത്രം അടുത്തിടെ നടന്ന ദുബായ് ചലച്ചിത്രമേളയിലും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയിരുന്നു.


പോംഗ്രനേറ്റ് ഓർച്ചാഡ്
ആന്റൺ ചെക്കോവിന്റെ ചെറി ഓർച്ചാഡ് എന്ന കഥയെ ആസ്പദമാക്കി ഇഗാർ നജാഫ് സംവിധാനവും തിരക്കഥയും നിർവഹിച്ച അസർബൈജാൻ ചിത്രമാണ് പോംഗ്രനേറ്റ് ഓർച്ചാഡ്. നാട് വിട്ടുപോയ ഒരാൾ (ഗാബിൽ) 12 വർഷങ്ങൾക്ക് ശേഷം തിരികെയെത്തുന്നതും തുടർന്ന് അയാളുടെ പിതാവിന്റെയും (ഷാമിൽ) ഭാര്യയുടെയും (സാറ) മകന്റെയും (ജലാൽ) ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളുമാണ് പറയുന്നത്. കാഴ്ചത്തകരാറും വർണാന്ധതയുമുള്ള ജലാലിന്റെ കാഴ്ചകളിലെ വർണങ്ങളിലൂടെയാണ് പോംഗ്രനേറ്റ് കഥ വികസിക്കുന്നത്. ചെറിയ കഥയുടെ വൈകാരികസൈന്ദര്യമാണ് 90 മിനുട്ടിൽ പോംഗ്രനേറ്റ് പറഞ്ഞവസാനിപ്പിച്ചത്. സൗന്ദര്യവും സ്‌നേഹവും വാത്സല്യവും വിശ്വാസ വഞ്ചനയും ചേർത്ത് ജീവിതത്തെ സംഘർഷഭരിതമാക്കുന്ന കഥ കൂടിയാണിത്.


യംഗ് കാൾമാക്സ്
ജർമ്മൻ-ഫ്രാൻസ്-ഇംഗ്ലീഷ് സംയുക്ത സംരംഭമായ യംഗ് കാൾമാക്സ് മാക്സിന്റെ കുടുംബ ജീവിതവും എംഗൽസുമായുള്ള ബന്ധവും സൂക്ഷ്മമായി അവതരിപ്പിക്കുന്ന ചിത്രമാണ്. സംസാരങ്ങളിലൂടെ മുന്നോട്ടുപോകുന്ന ചിത്രം ആസ്വാദകരുമായി ഏറെ സംവദിക്കുന്ന തരത്തിലാണ് ഒരുക്കിയിട്ടുള്ളത്. മാർക്സിസ്റ്റ് ആശയത്തിന്റെ പ്രസക്തിയും ഈ ആശയം കെട്ടിപ്പടുക്കാനും ജനങ്ങളിലെത്തിക്കാനും മാർക്സ് സഹിച്ച യാതനകളും ജെനിയോടുള്ള ബന്ധവും ചിത്രത്തിൽ ആവിഷ്‌കരിക്കുന്നു. പുതിയ തലമുറയ്ക്ക് ഒരു ചരിത്രപഠന പുസ്തകം എന്ന തരത്തിലും യംഗ് കാൾമാക്സ് പ്രസക്തമാകുന്നു.
 

സിംഫണി ഫോർ അന
മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച സിംഫണി ഫോർ അന ഗാബി മൈക്കിന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയെടുത്ത സിനിമയാണ്. ഏർണസ്‌റ്റോ അർഡിറ്റോ സംവിധാനം ചെയ്ത ചിത്രം 1970കളിലെ അർജന്റിനയിലെ രാഷ്ട്രീയ, സാമൂഹികാന്തരീക്ഷത്തിന്റെ ഭൂമികയിലുള്ളതാണ്. ഭയവും ഏകാന്തതയും വിതയ്ക്കുന്ന രാഷ്ട്രീയാന്തരീക്ഷത്തിൽ ഒരു കൗമാരക്കാരി തന്റെ പ്രണയത്തിനും ജീവിതത്തിനുമായി നടത്തുന്ന ചെറുത്തുനില്പിന്റെ കഥ കൂടിയാണിത്.


വില്ലേജ് റോക്ക്‌സ്റ്റാർസ്
റിമ ദാസിന്റെ ആസാമീസ് ഭാഷ സംസാരിക്കുന്ന വില്ലേജ് റോക്ക്‌സ്റ്റാർസ് ഇന്ത്യൻ ഗ്രാമങ്ങളിലെ യാഥാസ്ഥിതിക വ്യവസ്ഥിതിയും ലിംഗഭേദവും  വിഷയമാക്കുന്നു. ഇന്ത്യൻ യാഥാസ്ഥിതിക സമൂഹം, പ്രത്യേകിച്ച് സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ഗ്രാമദേശങ്ങൾ ഒരു പെൺകുട്ടിക്കുമേൽ അടിച്ചേൽപ്പിക്കുന്ന നിയന്ത്രണങ്ങൾ ഈ സിനിമ ചർച്ചചെയ്യുന്നു. ആൺകുട്ടികളും താനും തുല്യരാണെന്ന് വിശ്വസിച്ചുപോരുന്ന പെൺകുട്ടി തനിക്കുമേൽ സമൂഹം ഏൽപ്പിക്കുന്ന വിലക്കുകൾ വൈകിയാണ് തിരിച്ചറിയുന്നത്. കുടുംബത്തിന്റെ പിന്തുണയുണ്ടെങ്കിൽ പോലും ഇന്ത്യൻ ഗ്രാമങ്ങളിലെ ഒരു പെൺകുട്ടിക്ക് മുഖ്യധാരയിലേക്ക് എത്തിപ്പെടാൻ എന്തുമാത്രം യാതനകൾ അനുഭവിക്കണമെന്ന യാഥാർത്ഥ്യം റിമാ ദാസ് രചനയും സംവിധാനവും നിർവ്വഹിച്ച വില്ലേജ് റോക്ക്‌സ്റ്റാർസ് ബോധ്യപ്പെടുത്തുന്നു.
   

ഡാർക്ക് വിൻഡ്
കൊടുംവരൾച്ചയാൽ വലയുന്ന രാജസ്ഥാൻ ഗ്രാമത്തിന്റെയും, മഴയുടെയും ചുഴലിക്കാറ്റിന്റെയും ഭീഷണിയിലുള്ള ഒഡീഷയിലെ സതഭയ എന്ന തീരദേശഗ്രാമത്തിന്റെയും ജീവിതത്തിന്റെ നേർക്കാഴ്ച രണ്ടു കുടുംബങ്ങളുടെ പശ്ചാത്തലത്തിൽ പറയുന്ന ചിത്രമാണ് നിള മാധബ് പാണ്ഡെയുടെ ഡാർക്ക് വിൻഡ്. മത്സരവിഭാഗത്തിൽ നിന്നുള്ള ഇന്ത്യൻ സിനിമയായിരുന്നു ഇത്. ദുരന്തങ്ങളിലൂടെ പ്രകൃതി മുന്നറിയിപ്പ് തന്നുകൊണ്ടിരിക്കുമ്പൊഴും ആവർത്തിക്കുമ്പൊഴും മനുഷ്യന്റെ ദുര അവസാനിക്കുന്നില്ലെന്ന് ഡാർക്ക് വിൻഡ് ഓർമ്മിപ്പിക്കുന്നു.


ദി ഡസേർട്ട് ബ്രൈഡ്
ലാറ്റിൻ അമേരിക്കൻ ഭൂപ്രകൃതിയുടെ വന്യതയും വരൾച്ചയും സമ്പന്നമായ ഫ്രെയിമുകളിലാവിഷ്‌കരിച്ച ദി ഡസേർട്ട് ബ്രൈഡ് റോഡ് മൂവി ഗണത്തിൽ പെടുത്താവുന്ന സിനിമയാണ്. തെരേസ എന്ന മധ്യവയസ്‌ക ബ്യൂണസ് അയേഴ്‌സിൽനിന്ന് ഒരു ലക്ഷ്യത്തിനു പിറകെ സാൻ ജുവാനിലേക്ക് മരൂഭൂമിയിലൂടെ നടത്തുന്ന യാത്രയാണിത്. അർജന്റിനീയൻ മരുഭൂമിപകർത്തുന്ന ലോംഗ് ഷോട്ടുകളുടെ സമ്പന്നതയും ചിത്രം സൂക്ഷിക്കുന്ന നിഗൂഢതയുമാണ്  ദി ഡസേർട്ട് ബ്രൈഡിന്റെ സവിശേഷത.


ഡെലിഗേറ്റുകളിൽ പകുതിയിലേറെയും യുവാക്കളായി മാറിയെന്നതാണ് ഇരുപത്തിരണ്ടാമത് മേളയിലെ വലിയ മാറ്റം. സിനിമയെ ഗൗരവമായി കാണുന്ന മുതിർന്ന ആളുകളുടെതായിരുന്നു കേരള രാജ്യാന്തര മേളയുടെ ആദ്യ എഡിഷനുകൾ. അടുത്ത കാലത്തായി മലയാള സിനിമയിലേക്ക് കടന്നുവരുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്നതിന്റെ പ്രതിഫലനം മേളയിലും പ്രകടമാകുന്നുണ്ട്. ലോകസിനിമയിലെ മാറ്റങ്ങളും പരീക്ഷണങ്ങളും സസൂക്ഷ്മം വീക്ഷിക്കുന്ന ഒരു തലമുറ രൂപപ്പെടുന്നത് ഏറെ ആശാവഹമായ കാര്യമാണ്. വരുംവർഷങ്ങളിലും ഇതിന്റെ തുടർച്ചയായിരിക്കും മേളയിൽ കാണാനാകുക.
 
സ്ത്രീശബ്ദം, 2018 ജനുവരി

No comments:

Post a Comment