ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ ഏകാന്തവിസ്മയം
'ജീവിതം ഒരു ചൂതുകളിയാണ്. ചിലർ നേടുന്നു. ചിലർ നഷ്ടപ്പെടുന്നു. നോക്ക്, ഏതു ജീവിതത്തിലും സംഭവിക്കുന്നത് അതല്ലേ? ജീവിതത്തിന്റെ ദൂരം താണ്ടി ഒടുവിലത്തെ വഴിയമ്പലത്തിന്റെ തിണ്ണയിൽ ഒരു സന്ധ്യയ്ക്കു ചെന്നിരുന്ന് മനുഷ്യൻ കണക്കുനോക്കുന്നു. ജീവിതം നഷ്ടമോ ലാഭമോ? ആ അർത്ഥത്തിൽ ചിന്തിച്ചു നോക്കുമ്പോൾ ജീവിതം ഒരു ചൂതുകളി തന്നെയല്ലേ? അതിനകത്ത് ഭ്രാന്തുണ്ട്. അതിനകത്ത് ആനന്ദമൂർച്ഛയുണ്ട്. വാശിയുണ്ട്. പകയുണ്ട്. സ്‌നേഹമുണ്ട്. സഹതാപമുണ്ട്. വഞ്ചനയുണ്ട്. കെണികളുണ്ട്. വ്യാമോഹങ്ങളുണ്ട്. നിരാശയുണ്ട്. ശത്രുതയുണ്ട്. നാശമുണ്ട്. മരണമുണ്ട്. എന്താണില്ലാത്തത്? ജീവിതത്തിലുള്ളതു മുഴുവൻ ചൂതുകളിയിലുണ്ട്. ജീവിതത്തിലെന്നപോലെ ചൂതുകളിയിലും നമ്മൾ കണക്കുകൂട്ടുന്നു. സംഖ്യവച്ച് നമ്മൾ ചക്രം തിരിക്കുന്നു. സൂചി കറങ്ങി ഏതു കളത്തിൽ ചെന്നു നിൽക്കുന്നുവെന്ന് ആർക്കറിയാം! അതു നിശ്ചയിക്കുന്നത് നമ്മളാണോ?'
കൈവശമുണ്ടായിരുന്ന കാശെല്ലാം ചൂതുകളി കേന്ദ്രത്തിൽ നഷ്ടപ്പെടുത്തിയ ശേഷം നേർത്ത മഞ്ഞും നിലാവും പെയ്യുന്ന രാത്രിയിൽ വീട്ടിലേക്കു മടങ്ങുമ്പോൾ ദസ്തയേവ്സ്‌കി ദൈവത്തോടു സംസാരിക്കുകയാണ്.
'ഓർത്തുനോക്കുമ്പോൾ എന്റെ കാര്യം മഹാകഷ്ടമാണ്. ദരിദ്രനും നിസ്സഹായനും പരാജിതനും ആർക്കും വേണ്ടാത്തവനുമായി ഞാനീ ജന്മം മുഴുവൻ കഴിയണമെന്നാണോ ദൈവം വിചാരിക്കുന്നത്? നിസ്സഹായനായ ഒരു മനുഷ്യൻ ജീവിതത്തിൽ ഇത്രയൊക്കെ സഹിക്കേണ്ടി വരുന്നതിന്റെ യുക്തിയെന്താണ്? എവിടെയും പരാജയപ്പെടുകയാണ് എന്റെ അനുഭവം. ഒടുവിൽ ഹൃദയത്തിൽ മുറിവുകൾ മാത്രം ബാക്കിയാകുന്നു. ലോകം കുറേക്കൂടി നന്നായി സൃഷ്ടിക്കാമായിരുന്നു എന്ന് സത്യത്തിൽ ഇപ്പോൾ അങ്ങേയ്ക്കു തോന്നുന്നില്ലേ? മനുഷ്യൻ തിന്മ ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ കാരണത്തിൽ നിന്നും ഉത്തരവാദത്തിൽ നിന്നും ഒഴിഞ്ഞുമാറുവാൻ അങ്ങേയ്ക്കു കഴിയുമോ?'ആ സംസാരം ഇങ്ങനെ തുടരുന്നു.
യൂറോപ്യൻ ഭൂഖണ്ഡത്തിന്റെ അങ്ങേയറ്റത്തൊരു നാട്ടിൽ അരാജകവാദിയും അഴിഞ്ഞാട്ടക്കാരനുമെന്ന് ചുറ്റുമുള്ളവരും നിന്ദിതനും പീഡിതനുമെന്ന് സ്വയമേവയും കൽപ്പിച്ച് ജീവിച്ച ഫയോദോർ ദസ്തയേവ്സ്‌കിയെന്ന എഴുത്തുകാരന്റെ ആത്മസംഘർഷങ്ങൾ കടലാസിലേക്കു പകർത്തുമ്പോൾ പെരുമ്പടവം ശ്രീധരനെന്ന മലയാളി എഴുത്തുകാരൻ അനുഭവിച്ചതും സർഗ്ഗാത്മകമായ മറ്റൊരു ആത്മപീഡയായിരുന്നു.
'തോരാതെ പെയ്യുന്ന ഒരു പെരുമഴയിൽ എന്റെ മനസ്സിലെ പച്ചക്കാടുകൾ കത്തിക്കൊണ്ടിരുന്നു...' രണ്ടര പതിറ്റാണ്ടു മുൻപ് മഴയുള്ള ആ രാത്രിയിൽ ദസ്തയേവ്സ്‌കിയെ അക്ഷരങ്ങളിലേക്കു പകർത്തിയ എഴുത്തുപുരയിലെ ആളിക്കത്തലിനെ പിന്നീടൊരിക്കൽ പെരുമ്പടവം ശ്രീധരൻ വിശേഷിപ്പിച്ചതിങ്ങനെയാണ്. പീഡിതനായ എഴുത്തുകാരന്റെ ജീവിതം നോവലാക്കി മാറ്റുമ്പോൾ മലയാള സാഹിത്യത്തിൽ പുതിയൊരു ചരിത്രത്തിന്റെ പിറവിയായിരുന്നു അതെന്ന് പെരുമ്പടവം കരുതിയിരുന്നില്ല. അതിൽപ്പിന്നെ രണ്ടു വ്യാഴവട്ടക്കാലം കഴിഞ്ഞിരിക്കുന്നു. വൻകരകളും കടലും കടന്നുചെന്ന പെരുമയോടെ 'മലയാള നോവലിലെ ഏകാന്തവിസ്മയ'മായ 'ഒരു സങ്കീർത്തനം പോലെ'നൂറാം പതിപ്പിലുമെത്തിയിരിക്കുന്നു.
റഷ്യൻ നോവലിസ്റ്റായ ഫയോദോർ ദസ്തയേവ്സ്‌കിയുടെയും അദ്ദേഹത്തിന്റെ പ്രണയിനി അന്നയുടെയും കഥപറഞ്ഞ നോവൽ വളരെപ്പെട്ടെന്നാണ് വായനക്കാരെ ആകർഷിച്ചത്. 1993 സെപ്തംബറിൽ സങ്കീർത്തനം പബ്ലിക്കേഷൻസിന്റെ ആദ്യപുസ്തകമായി നോവൽ പുറത്തിറങ്ങിയതോടെ ആശ്രാമം ഭാസിയെന്ന പ്രസാധകന്റെയും പെരുമ്പടവം ശ്രീധരനെന്ന എഴുത്തുകാരനുമൊത്തുള്ള കൂട്ടുകെട്ടിന്റെയും തുടക്കമാകുകയായിരുന്നു അത്. പിന്നീട് പെരുമ്പടവത്തിന്റെ 59 പുസ്തകങ്ങളുടെയും പ്രസാധകർ സങ്കീർത്തനം ബുക്സ് ആയിരുന്നുവെന്നത് മലയാള പുസ്തകപ്രസാധന രംഗത്തെ പുതുചരിത്രവും നേട്ടവും. 'ഒരു വായനക്കാരനും എഴുത്തുകാരനും തമ്മിലുള്ള പരിചയമാണ് സങ്കീർത്തനം പോലെ എന്ന പുസ്തകത്തിന്റെ പ്രസാധനത്തിലേക്ക് എത്തിച്ചത്. നൂറു പതിപ്പിൽ എത്തുമെന്ന് ഒരിക്കലും വിചാരിച്ചതല്ല.'-ആശ്രാമം ഭാസിയുടെ വാക്കുകൾ.
3000 കോപ്പിയായിരുന്നു ആദ്യപതിപ്പായി അച്ചടിച്ചത്. 2012ൽ അമ്പതാം പതിപ്പും കാൽ നൂറ്റാണ്ടാകുമ്പോൾ നൂറാം പതിപ്പിലേക്കുമെത്തി. 24 വർഷങ്ങൾക്കിടയിൽ രണ്ട് ലക്ഷത്തോളം കോപ്പികൾ വിറ്റുപോയി. ചുരുങ്ങിയ കാലംകൊണ്ട് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മലയാളകൃതിയായി. ഖസാക്കിന്റെ ഇതിഹാസത്തെയും രമണനെയും മറികടന്നു നേടിയ ഈ ബഹുമതി മലയാള പുസ്തകപ്രസാധന രംഗത്തെയും മലയാള സാഹിത്യത്തിലെയും നാഴികക്കല്ലാണ്. മരിച്ചുകൊണ്ടിരുന്ന വായനയെ തിരിച്ചെത്തിച്ച പുസ്തകം എന്ന നിലയ്ക്കാണ് തൊണ്ണൂറുകളിൽ നിരൂപകർ സങ്കീർത്തനം പോലെയെ അടയാളപ്പെടുത്തിയത്. തന്റെ സുഹൃത്തായ ആശ്രാമം ഭാസിക്ക് നോവൽ പ്രസിദ്ധീകരണത്തിനു നൽകുമ്പോൾ സുഹൃത്തിന് നഷ്ടം ഉണ്ടാകരുതെന്ന ആഗ്രഹമേ പെരുമ്പടവത്തിനുണ്ടായിരുന്നുള്ളു. എന്നാൽ ആദ്യ പ്രതി പുറത്തിറങ്ങി അതിന്റെ സ്വീകാര്യത കണ്ടതോടെ ആ സംശയം അസ്ഥാനത്തായെന്ന് പെരുമ്പടവം ഓർമ്മിക്കുന്നു. ഹിന്ദി, തമിഴ്, ഗുജറാത്തി, കന്നഡ, ആസാമീസ്, അറബിക്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലേക്ക് നോവൽ തർജമ ചെയ്തു. 1996ലെ വയലാർ അവാർഡ് ഉൾപ്പെടെ അനേകം പുരസ്‌കാരങ്ങൾക്ക് അർഹമായി.
പത്തൊമ്പതാം വയസ്സിൽ 'കുറ്റവും ശിക്ഷയും' വായിച്ചപ്പോൾ മുതൽ പെരുമ്പടവം ദസ്തയേവ്സ്‌കിയുടെ ആരാധകനായിരുന്നു. ഈ താത്പര്യം തന്നെയാണ് ദസ്തയേവ്സ്‌കിയെ കൂടുതൽ വായിക്കാനും ഒരു സങ്കീർത്തനം പോലെ എഴുതാനും ഇടയാക്കിയത്. 'ഹൃദയത്തിൽ ദൈവത്തിന്റെ വിരൽസ്പർശം പതിഞ്ഞ എഴുത്തുകാരൻ' എന്നാണ് ദസ്തയേവ്സ്‌കിയെ പെരുമ്പടവം വിശേഷിപ്പിച്ചത്. ഒരു സങ്കീർത്തനം പോലെ പുറത്തിറങ്ങിയശേഷം ആ വിശേഷണം പെരുമ്പടവത്തിനും വായനക്കാർ നൽകി.
'എനിക്ക് എളുപ്പം വഴങ്ങുന്ന കഥാപാത്രമായിരിക്കില്ല ദസ്തയേവ്സ്‌കി എന്ന് മറ്റാരെക്കാളും കൂടുതൽ എനിക്ക് അറിയാമായിരുന്നു. എഴുതുമ്പോൾ ആ ഭയാശങ്കകൾ ഉണ്ടായിരുന്നു. ഹൃദയത്തിനുമേൽ ദൈവത്തിന്റെ കയ്യൊപ്പുള്ള ഒരാൾ എന്നു ദസ്തയേവ്സ്‌കിയെ സങ്കൽപിക്കാൻ കഴിഞ്ഞപ്പോൾ ദിവ്യമായ ഒരു പ്രകാശംകൊണ്ട് എന്റെ ഹൃദയം നിറയുന്നതുപോലെ എനിക്കു തോന്നി. ആ നിമിഷങ്ങളിൽ എന്റെ ഹൃദയത്തിനുമേൽ ഒരു നക്ഷത്രം ഉദിച്ചു നിന്നിരുന്നുവെന്നാണ് എനിക്കു തോന്നിയത്. അതോടെ എഴുത്തിൽ വല്ലാത്ത വേഗം അനുഭവപ്പെട്ടു. ദസ്തയേവ്സ്‌കിയെ ഞാൻ അനുഭവിച്ചുതുടങ്ങി. '-പെരുമ്പടവം പറയുന്നു.
ചൂതാട്ടക്കാരൻ എന്ന നോവലിന്റെ രചനയിൽ ഏർപ്പെട്ടിരുന്ന ദസ്തയേവ്സ്‌കിയുടെ അരികിൽ അന്ന എന്ന യുവതിയെത്തുന്നതും തന്നെക്കാൾ വളരെ ചെറുപ്പമായ അന്നയോടു ദസ്തയേവ്സ്‌കിക്കു തീവ്രപ്രണയം തോന്നുന്നതും ഒടുവിൽ ഇരുവരും ജീവിതപങ്കാളികളാകുന്നതും അന്തർമുഖനായ ദസ്തയേവ്സ്‌കിയുടെ ആത്മസംഘർഷങ്ങളും ആശങ്കകളുമായിരുന്നു നോവലിൽ പെരുമ്പടവം ഇതിവൃത്തമാക്കിയത്. ബൈബിളിലെ ചില സങ്കീർത്തനങ്ങളിൽ ഉള്ളതുപോലെയുള്ള കുറ്റബോധത്തിന്റെയും അനുതാപത്തിന്റെയും സ്വരം ദസ്തയേവ്സ്‌കിയുടെ മിക്ക കൃതികളിലുമുള്ളതുകൊണ്ടാണ് അദ്ദേഹത്തെ മുഖ്യകഥാപാത്രമാക്കിയ തന്റെ നോവലിന് 'ഒരു സങ്കീർത്തനം പോലെ' എന്ന പേര് പെരുമ്പടവം നൽകിയത്. ശിൽപ്പഘടനയിലും വൈകാരികതയിലും മികച്ചുനിൽക്കുന്ന ഈ കൃതിയെ 'മലയാള നോവലിലെ ഒരു ഏകാന്തവിസ്മയം' എന്നാണ് മലയാറ്റൂർ രാമകൃഷ്ണൻ വിശേഷിപ്പിച്ചത്.
സ്വതന്ത്രമായ ഒരു കൃതി എന്നതിനെക്കാൾ മറ്റൊരു നാട്ടിൽ മറ്റൊരു കാലത്ത് ജീവിച്ചിരുന്ന ഒരു എഴുത്തുകാരന്റെ ജീവിതസംഘർഷങ്ങൾ പകർത്തിയെഴുതുകയായിരുന്നു പെരുമ്പടവം എന്നു പറയാം. എന്നാൽ ഇരുപത്തഞ്ചാണ്ടിനിടെ വിവിധ ഭാഷകളിലായി ലക്ഷക്കണക്കിന് വായനക്കാർ ഈ എഴുത്തിനെ ഹൃദയത്തോടു ചേർത്താണ് സ്വീകരിച്ചത്. 'അത്രമേൽ ആസ്വാദ്യകരം' എന്നാണ് ഈ സ്വീകാര്യതയെപ്പറ്റി വായനക്കാർക്ക് പറയാനുള്ളത്. വായിച്ചുതുടങ്ങുന്ന പുതിയൊരാളുടെ കൈകളിൽ ഏറ്റവുമെളുപ്പത്തിൽ തേടിയെത്തുന്ന ഒരു പുസ്തകമായി ഇപ്പൊഴും 'സങ്കീർത്തനം' തുടരുകയാണ്.
'നിലാവുദിക്കാത്ത എത്രയോ കർക്കടകരാത്രികളിൽ കുടിച്ചുതീർത്ത ആത്മസംഘർഷങ്ങളോട് ഞാൻ നന്ദി പറയുന്നു. ഒരു സങ്കീർത്തനംപോലെ നൂറുപതിപ്പുകൾ പിന്നിടുമ്പോൾ അത് ഒരെഴുത്തുകാരന്റെ വ്യക്തിപരമായ നേട്ടമായി ഞാൻ കാണുന്നില്ല. എന്റെ പ്രിയമലയാളം എത്രമേൽ കടുത്ത കാലത്തിലൂടെ കടന്നുപോയാലും അതിന്റെ അപൂർവ ചാരുതയും കരുത്തുമായി മലയാളിയുടെ ഹൃദയത്തിലുണ്ട് എന്നതിന്റെ തെളിവാണ് എന്റെ പുസ്തകമടക്കം നിരവധി പുസ്തകങ്ങൾക്ക് പല പതിപ്പുകൾ ഉണ്ടാകുന്നത്.' ഹൃദയത്തിൽ ദൈവത്തിന്റെ വിരൽസ്പർശമുള്ള എഴുത്തുകാരൻ സ്ഥായിയായ മന്ദതാളത്തിലും എന്നാൽ ഏറെ സുദൃഢമായ വാക്കുകളോടെയും മലയാളത്തെ നോക്കി നിറകൺചിരി പകരുകയാണ്.

2017 ഡിസംബർ 24, വാരാന്ത്യകൗമുദി
No comments:
Post a Comment