Tuesday, 13 February 2018

ഓർമ്മകളിന്നും പാടുന്നു

'വേർപിരിയാൻ മാത്രമൊന്നിച്ചുകൂടി നാം
വേദനകൾ പങ്കുവയ്ക്കുന്നു
കരളിലെഴുമീണങ്ങൾ ചുണ്ടു നുണയുന്നു
കവിതയുടെ ലഹരി നുകരുന്നു'


ആ നറുമൊഴിച്ചിന്തുകൾ കാറ്റിലലിഞ്ഞിട്ട് ഇന്നേയ്ക്ക് രണ്ടാണ്ടു തികയുന്നു. മരിക്കാത്ത കവനങ്ങളുടെ നറുതേൻ നിലാവൊട്ടു ചാലിച്ചുതന്ന് മണ്ണിൽനിന്ന് വിണ്ണേറിപ്പോയ കവിമാനസമിപ്പൊഴും മണ്ണിലെ കാഴ്ചകൾ കാണുന്നുണ്ടാകും. വാക്കിന്റെ അപാരത തേടിയ എട്ടു പതിറ്റാണ്ടു കാലം ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ് മലയാളത്തിനു തന്നത് കുടിച്ചു മധുരം വിട്ടുപോകാത്ത വലിയൊരു കാവ്യസാഗരം.
കവിയുടെ ശരീര സാന്നിദ്ധ്യമില്ലാതായ കാലം അദ്ദേഹത്തെക്കുറിച്ചുള്ള വീണ്ടെടുപ്പുകളുടെ സമയം കൂടിയായിരുന്നു. തന്റേതു മാത്രമായ ലോകത്ത് നിശ്ശബ്ദം ജീവിച്ച് മനുഷ്യദു:ഖങ്ങളറിഞ്ഞ് അപരനുവേണ്ടി എഴുതിയ കവി. തികഞ്ഞ മാനവിക ബോധ്യത്തോടെ എഴുതിയപ്പൊഴും വാഴ്ത്തുകളെയും ഉപജാപക സംഘങ്ങളെയും അദ്ദേഹം എപ്പൊഴും അകറ്റിനിർത്തി. തനിക്ക് ലോകത്തിനു മുന്നിൽ വയ്ക്കാനുള്ളത് ഒരുപിടി വാക്കുകളാണെന്ന് എന്നേ തിരിച്ചറിഞ്ഞ കവി കൂട്ടിരിപ്പുകളെക്കാൾ തനിച്ചിരിക്കൽ ഇഷ്ടപ്പെട്ടു. ആ തനിച്ചിരിക്കലുകളിൽ ചുറ്റുമുള്ള മനുഷ്യന്റെ വേദനകളും നിസ്സഹായതകളും തിരിച്ചറിഞ്ഞ് അവരുടെ നാവായി മാറി.
ജീവിതത്തോടു പൊരുതുന്ന മനുഷ്യരുടെ കഷ്ടപ്പാടുകളും യാതനകളും കണ്ടുവളർന്ന ചവറയിലെ കുട്ടിക്കാലത്തിൽ നിന്നാണ് ഒ.എൻ.വിയിലെ കവി ഉരുത്തിരിയുന്നത്. അപരന്റെ വേദന തന്റെ വേദനയായി കണ്ടുപോരാനുള്ള മാനവികചിന്ത കവിയിലുടലെടുത്തതും ആ ഭൂമികയിൽ നിന്നുതന്നെ. സാധാരണക്കാരന്റെ വേദനകൾ കണ്ട കണ്ണുകളിൽ നിന്നാണ് 'അന്യദു:ഖങ്ങളപാര സമുദ്രങ്ങൾ/ നിന്റെ ദു:ഖങ്ങൾ വെറും കടൽശംഖുകൾ' എന്നു കവി എഴുതിയത്.
ചങ്ങമ്പുഴയുടെ സ്വാധീനത്താൽ കവിതകളെഴുതിയെന്നു നിരൂപിച്ച് വയലാറിനെയും പി.ഭാസ്‌കരനെയും ഒ.എൻ.വിയെയും മാറ്റൊലിക്കവികളെന്ന് നിരൂപകർ വിളിച്ചുപോന്നതിൽനിന്ന് പെട്ടെന്നാണ് ഒ.എൻ.വി അതിനെ മറികടന്നത്. കാല്പനികതയല്ല, നവ കാല്പനികതയാണ് തന്റെ വഴിയെന്ന് എഴുത്തിലൂടെ തെളിയിച്ച ഒ.എൻ.വിക്കവിതകളിൽ വിപ്ലവവും പരിസ്ഥിതിയും മനുഷ്യനും ഒരുപോലെ കടന്നുവന്നു. മാനവികമോചനവും സ്വാതന്ത്ര്യപ്രഖ്യാപനവും മുന്നിൽനിന്ന ആദ്യകാല കവിതകളിൽനിന്നും നാടക ഗാനങ്ങളിൽനിന്നും വ്യത്യസ്തമായി കുറേയധികം മുന്നേറുകയും വൈവിദ്ധ്യം പുലർത്തുകയും ചെയ്ത കവിയെയാണ് പിന്നീട് കാണാനാകുക. അഗ്നിശലഭങ്ങൾ, ഉപ്പ്, കറുത്ത പക്ഷിയുടെ പാട്ട്, ശാർങ്ക പക്ഷികൾ, അപരാഹ്നം, ഉജ്ജയിനി, മൃഗയ, ഭൂമിക്കൊരു ചരമഗീതം തുടങ്ങി വേറിട്ട് അടയാളപ്പെടുത്തപ്പെട്ട പ്രധാന കവിതകളൊക്കെ അതിനുശേഷമുള്ള കാലത്താണ് ഒ.എൻ.വിയിൽനിന്ന് പുറത്തുവന്നത്. ഉജ്ജയിനി പോലൊരു കാവ്യം സംഭവിച്ചത് മലയാളത്തിന് എക്കാലത്തേക്കുമുള്ള അഭിമാനവും ഭാഗ്യവുമാണ്. മാറ്റൊലിക്കവികൾ കവിതയെക്കാൾ പാട്ടെഴുത്തിൽ അടയാളപ്പെടുത്തപ്പെട്ടപ്പോൾ കവിയെന്ന രീതിയിൽ ഒ.എൻ.വിക്ക് മറ്റു രണ്ടുപേരെക്കാൾ ബഹുകാതം മുന്നിലെത്താനായത് ഇത്തരം കനപ്പെട്ട കവനങ്ങളുടെ കരുത്തുകൊണ്ടു തന്നെയാണ്.
കവിതയിൽ അത്രകണ്ട് അഭിരമിക്കുകയും ആഭിമുഖ്യം പുലർത്തുകയും ചെയ്യാത്തവർക്കിടയിൽ ഒ.എൻ.വി നിലയ്ക്കാത്ത മറ്റൊരു ഗാനമാണ്. അത് ഇന്ദുപുഷ്പം ചൂടിനിൽക്കുന്ന രാത്രിയായി, ഒരു ദലം മാത്രം വിടർന്ന ചെമ്പനീർ മുകുളമായി, ശ്യാമസുന്ദരപുഷ്പമായി, നെറ്റിയിൽചാർത്തിയ മഞ്ഞൾപ്രസാദമായി, ശരദിന്ദുമലർദീപ നാളമായി, വാതിൽപ്പഴുതിലൂടെ മുന്നിലെത്തുന്ന തൃസന്ധ്യയായി, കൈവള ചാർത്തിയെത്തുന്ന ഓർമ്മകളായി അങ്ങനെ തുടരുകയാണ്.
ഭാഷയാണ് മനുഷ്യന്റെ സ്വാതന്ത്ര്യമെന്ന് ഒ.എൻ.വി പറഞ്ഞിരുന്നു. ഭാഷ നശിക്കുന്നിടത്ത് മനുഷ്യൻ മരിക്കും. മനുഷ്യൻ, ഭാഷ, പ്രകൃതി ഇതു മൂന്നും പരസ്പരം ബന്ധപ്പെട്ടുനിൽക്കേണ്ടതാണെന്ന് അദ്ദേഹം വിശ്വസിച്ചുപോന്നു. ഇടവേളകളില്ലാത്ത എഴുത്തായിരുന്നു ഒ.എൻ.വിയുടേത്. എല്ലാക്കാലവും ഒ.എൻ.വി കവിതയെഴുതിയിരുന്നു. കവിതകളിൽ ഒ.എൻ.വിക്ക് വിശ്രമമില്ലായിരുന്നുവെന്ന് പറഞ്ഞത് എം.ടി വാസുദേവൻ നായരാണ്. ഏറെ അവശനായിരുന്നിട്ടും ഒ.എൻ.വിയിൽ നിന്ന് പുതിയ കവിതകൾ വന്നുകൊണ്ടേയിരുന്നു.
നിലപാടുകളിലും വിശ്വസിക്കുന്ന രാഷ്ട്രീയ ആശയത്തിലും ഉറച്ചുനിൽക്കാനും അത് എഴുത്തിലേക്കു കൊണ്ടുവരാനും ഒ.എൻ.വിക്കായി. എന്നും ഇടതുപക്ഷ സഹയാത്രികനായിരുന്ന ഒ.എൻ.വി പാർട്ടിയിലെ ബിംബവത്കരണങ്ങളെക്കാൾ മനുഷ്യപക്ഷ ആശയങ്ങളിൽ ഉറച്ചുനിന്ന് അഭിപ്രായങ്ങൾ പറയാനും എഴുതാനുമാണ് ശ്രമിച്ചത്. രോഗാതുരനായിരുന്ന അന്ത്യനാളുകളിലും ആ നിലപാടുകൾ നമ്മൾ കണ്ടു. അവസാന നാളുകളിൽ ഇറോം ശർമ്മിളയ്ക്കും ഗുലാം അലിക്കും രോഹിത് വെമുലയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒ.എൻ.വി എഴുതി. ഗുലാം അലി തിരുവനന്തപുരം നിശാഗന്ധിയിൽ പാടാനെത്തിയ ചടങ്ങായിരുന്നു ഒ.എൻ.വി പങ്കെടുത്ത അവസാന പരിപാടി. ഗുലാം അലിയുടെ ഇന്ത്യയിലേക്കുള്ള വരവുകൊണ്ട് വിവാദമായിരുന്നു ആ ഗസൽസന്ധ്യ. ഗസലുകളെ സ്‌നേഹിച്ച, നിരന്തരം ഗസലുകളെഴുതിയ കവി വീൽചെയറിലാണ് ഗുലാം അലിയെ കേൾക്കാനെത്തിയത്. സംഗീതത്തിന് രാജ്യാതിർത്തിയുടെയോ രാഷ്ട്രീയത്തിന്റെയോ മതത്തിന്റെയോ അതിർവരമ്പുകളില്ലെന്ന് ഒ.എൻ.വി ആ വേദിയിൽ ഗുലാം അലിക്ക് ഒപ്പമിരുന്നുകൊണ്ട് പറഞ്ഞത് സദസ്സ് സഹർഷം ഏറ്റെടുക്കുകയുണ്ടായി. പിന്നീട് ഒ.എൻ.വി ഇങ്ങനെ എഴുതി. 'ആർക്കു തടുക്കാനാകുമവറ്റയെ, പാടൂ ഗുലാം അലി/നിൻ സംഗീതമാധുരി പെയ്യും നിലാമഴയെന്നപോൽ...' ശാരീരിക അവശത കൂടിക്കൂടിവന്ന കവിക്ക് പിന്നീടൊരു പൊതുചടങ്ങിൽ പങ്കെടുക്കാനായില്ല. എങ്കിലും, ഗുലാം അലിക്ക് ആതിഥേയത്വമരുളിയ കേരളത്തിന്റെ മതേതരമണ്ണിൽ മനുഷ്യ കഥാനുഗായികളായി ഒരുമിച്ചുനിൽക്കാനായ ചാരിതാർത്ഥ്യം കവിക്കുണ്ടായിരുന്നിരിക്കണം.
കവി ഇന്ന് ഉണ്ടായിരുന്നെങ്കിൽ രാജ്യം നേരിടുന്ന പ്രതിസന്ധിഘട്ടത്തിൽ കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി ഉയർന്നുകേൾക്കുമായിരുന്ന ഉറച്ച ശബ്ദങ്ങളിലൊന്ന് ഒ.എൻ.വിയുടേത് ആകുമായിരുന്നുവെന്ന് നിശ്ചയം. എങ്കിലും എക്കാലവും ഉയർന്നുനിൽക്കുന്ന മാനവമോചന ഗീതികൾ എന്നേ പാടിയ കവിവാക്കുകൾ അനശ്വരമായിത്തന്നെ തുടരും.

"നിന്റെ വാക്കുകളിൽ കൂടി
നീയുയിർത്തെഴുന്നേൽക്കുക
മൃത്യുവെന്നു നീയെന്നും
മർത്ത്യദു:ഖങ്ങളാറ്റുക' 



കേരള കൗമുദി എഡിറ്റോറിയൽ 2018 ഫെബ്രുവരി 13


ഹൃദയത്തിൽത്തൊടുന്ന പാഡ്മാൻ വിപ്ലവം

അരുതാത്തതെന്നും തൊട്ടുകൂടാത്തതെന്നും പറഞ്ഞ് സമൂഹം മാറ്റിനിർത്തിയിരിക്കുന്ന ചിലതുണ്ട്. അതിൽ കുറെ കാര്യങ്ങളിലൊക്കെ മാറ്റം വന്നെങ്കിലും ഇപ്പൊഴും മാറാത്ത പലതുമുണ്ട്. ചില വാക്കുകൾ പറയാൻ പോലും നമുക്ക് മടിയും ലജ്ജയുമാണ്. അക്കൂട്ടത്തിൽപ്പെട്ട ഒരു വസ്തു തന്നെ ഒരു മുഖ്യധാരാ ബോളിവുഡ് സിനിമയ്ക്ക് വിഷയമായിരിക്കുകയാണ്.
       സ്ത്രീകളിലെ ആർത്തവവും സാനിറ്ററി പാഡും വിഷയമാക്കി ആർ.ബാൽകി സംവിധാനം ചെയ്ത 'പാഡ്മാൻ ഇത്തരത്തിലൊരു പ്രമേയം കൈകാര്യം ചെയ്യാൻ കാണിച്ച ധൈര്യം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. ഏറെ സാമൂഹികപ്രസക്തമായ ഒരു വിഷയത്തെ ഫാമിലി എന്റർടെയ്നർ ഡ്രാമ രീതിയിൽ അവതരിപ്പിച്ചു വിജയിക്കുമ്പോൾ നിറഞ്ഞ കൈയ്യടികളോടെ മാത്രമേ പാഡ്മാൻ കണ്ടവസാനിപ്പിക്കാനാകൂ. സാനിറ്ററി നാപ്കിനുകൾ നിർമ്മിക്കുന്ന കോയമ്പത്തൂരിലെ അരുണാചലം മുരുഗാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് പാഡ്മാൻ ഒരുക്കിയിരിക്കുന്നത്.
       സാമൂഹികപ്രസക്തിയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകൾക്കുനേരെ തലതിരിക്കുന്ന പ്രേക്ഷകരുടെ പതിവുസ്വഭാവം പാഡ്മാന്റെ കാര്യത്തിൽ മാറാനാണ് സാദ്ധ്യത. ജനപ്രിയ താരങ്ങളുടെ സാന്നിദ്ധ്യം കൊണ്ടും ജനപ്രിയ ശൈലിയിൽ കഥ പറഞ്ഞിരിക്കുന്നതുകൊണ്ടും ചിത്രം പ്രേക്ഷകർക്ക് രസിക്കും. മാത്രമല്ല, പോപ്പുലർ കഥപറച്ചിലിലൂടെ മുന്നോട്ടുവയ്ക്കുന്ന ആശയം ജനങ്ങളിലെത്തിക്കാനും സംവിധായകന് കഴിയുന്നു.
   
        തന്റെ ഭാര്യയുൾപ്പടെ ചുറ്റുമുള്ള സ്ത്രീകൾ ആർത്തവകാലത്ത് അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കണ്ടാണ് ലക്ഷ്മികാന്ത് ചൗഹാൻ (യഥാർത്ഥ ജീവിതത്തിലെ അരുണാചലം മുരുഗാനന്ദൻ) സാനിറ്ററി പാഡിനെപ്പറ്റി ആലോചിച്ചത്. സാനിറ്ററി നാപ്കിനുകൾ വിദൂരസ്വപ്നം മാത്രമായിരുന്ന, ആർത്തവസമയത്ത് കീറത്തുണികളും പഴയ പത്രങ്ങളും ഉപയോഗിച്ചിരുന്ന ഇന്ത്യയിലെ നാട്ടിൻപുറങ്ങളിലെ സ്ത്രീജനങ്ങളുടെ ദുരിതമകറ്റാനായി ഇറങ്ങിത്തിരിച്ച ലക്ഷ്മികാന്തിന് പക്ഷേ ലഭിച്ചത് അവഗണനകളും കളിയാക്കലുകളുമായിരുന്നു. ഭ്രാന്തൻ എന്നും ലൈംഗിക രോഗിയെന്നുമുള്ള വിളപ്പേരു വീണപ്പോഴും സ്വന്തം ഭാര്യയും അമ്മയുമടക്കം ഉപേക്ഷിച്ചുപോയപ്പോഴും അയാൾ തളർന്നില്ല. അടിസ്ഥാന വിദ്യാഭ്യാസമില്ലെങ്കിലും നിരന്തര പരിശ്രമവും ഉത്സാഹവും കൊണ്ട് കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള സാനിറ്ററി പാഡ് എന്ന സ്വപ്നം യാഥാർത്ഥ്യത്തിലെത്തിക്കുന്ന ലക്ഷ്മികാന്തിന്റെ കണ്ടെത്തലിന് ദേശീയ അംഗീകാരവും പേറ്റന്റും ലഭിക്കുന്നു. രാജ്യം പത്മഭൂഷൺ നൽകി അയാളെ ആദരിക്കുകയും ചെയ്യുന്നു.
      
     സിനിമാക്കഥ പോലുള്ള അരുണാചലത്തിന്റെ ജീവിതത്തെ സിനിമാറ്റിക് ആയിത്തന്നെയാണ് ബാൽകി അവതരിപ്പിച്ചിരിക്കുന്നത്. ബാൽകി തന്നെയാണ് പാഡ്മാന്റെ തിരക്കഥയും ഒരുക്കിയിട്ടുള്ളത്. ആദ്യപകുതി കുടുംബാന്തരീക്ഷത്തിലൂടെയും രണ്ടാംപകുതി ലക്ഷ്മികാന്തിന്റെ ലക്ഷ്യത്തലേക്കുള്ള പരിശ്രമത്തിന്റെയും വിജയത്തിന്റെയും വഴികളിലൂടെയുമാണ് സിനിമ സഞ്ചരിക്കുന്നത്. മുഴുവൻ സമയവും പ്രേക്ഷകരെ സ്‌ക്രീനിൽ സജീവമായി നിർത്താനും ക്ലൈമാക്സ് സീനുകളിൽ ആവേശം കൊള്ളിച്ച് ഒരു 'ഇൻസ്പരേഷണൽ മൂവി' എന്ന് പറയിപ്പിക്കാനും ബാൽകിക്ക് സാധിക്കുന്നുണ്ട്.
      ലക്ഷ്മികാന്ത് എന്ന പ്രധാന കഥാപാത്രമാകുന്ന അക്ഷയ്കുമാറിന്റെ മികവുറ്റ പ്രകടനമാണ് പാഡ്മാന്റെ ഹൈലൈറ്റ്. അക്ഷയ്കുമാറിലെ നടനെ ചൂഷണം ചെയ്യുന്നുണ്ട് സിനിമ. ഒരു ആക്ഷൻ സീൻ പോലുമില്ലാത്ത ഈ അക്ഷയ്കുമാർ ചിത്രത്തിൽ വേണ്ടുവോളമുള്ളത് സ്വാഭാവികഹാസ്യവും ബന്ധങ്ങളിലെ ഇഴയടുപ്പവും വികാരതീവ്രതയും മനുഷ്യന്റെ പരിശ്രമവും സാമൂഹികബോധവുമാണ്. ഈ മുഹൂർത്തങ്ങളിലെല്ലാം ഒരു മികവുറ്റ അഭനേതാവായി മാറാൻ അക്ഷയ്കുമാറിന് കഴിഞ്ഞു. അനായാസവും സ്വതസിദ്ധവുമായ ശൈലിയിലൂടെ ഈ ജീവചരിത്ര സിനിമയിലെ നായകന് പുതിയ മുഖം നൽകാൻ അക്ഷയിനായി. രാധികാ ആപ്‌തെയാണ് അക്ഷയ്കുമാറിന്റെ ഭാര്യാവേഷത്തിലെത്തുന്നത്. വിശ്വാസങ്ങളും ആചാരങ്ങളും പാലിച്ചുപോരുന്നതിൽ തികഞ്ഞ ശ്രദ്ധയും ദൈവഭയവുമുള്ള ഗ്രാമീണയുവതിയുടെ ഈ വേഷം രാധികയുടെ ശരീരഭാഷയിൽ ഭദ്രം. ലക്ഷ്മികാന്തിനെ ലക്ഷ്യത്തലേക്ക് ആത്മവിശ്വാസത്തോടെ നയിക്കുകയും കൂടെ നിൽക്കുകയും ചെയ്യുന്ന സോനം കപൂറിന്റെ പാരിയെന്ന തികഞ്ഞ എനർജി ലെവൽ സൂക്ഷിക്കുന്ന കഥാപാത്രം സിനിമയ്ക്ക് നൽകുന്ന എക്സ്ടാ മൈലേജും വലുതാണ്. അതിഥി കഥാപാത്രമായി അമിതാഭ് ബച്ചനുമെത്തുന്നുണ്ട്.അമിത് ത്രവേദി ഈണമിട്ട പാട്ടുകളെല്ലാം മികച്ച നിലവാരമുള്ളതും സിനിമയുടെ കഥാപശ്ചാത്തലത്തോടും പ്രമേയത്തോടും ചേർന്നുനിൽക്കുന്നതുമാണ്. മിഴിവും മികവുമുള്ള പി.സി ശ്രീരാമിന്റെ ക്യാമറ പാഡ്മാനെ പൂർണ്ണതയുള്ള ചലനചിത്ര കാഴ്ചയാക്കിമാറ്റുന്നു.
     
      രാജ്യവും ലോകവും അംഗീകരിച്ച അരുണാചലം മുരുഗാനന്ദനെന്ന പാഡ്മാന്റെ സാമൂഹിക ഉത്തരവാദിത്തം നിറഞ്ഞ മാതൃകാജീവിതം ഒരിക്കൽക്കൂടി ജനങ്ങൾക്കിടയലേക്ക് തുറന്നിടുകയാണ് ബാൽക്കി. സാനിറ്ററി പാഡ് വിപ്ലവം ഇനിയുമെത്താത്ത ഇന്ത്യൻ ഗ്രാമങ്ങളലേക്ക് തുറന്നുവയ്ക്കുന്ന കണ്ണാടിയാണ് ഈ സിനിമ.

കേരള കൗമുദി ഓൺലൈൻ, 2018 ഫെബ്രുവരി 9

Wednesday, 7 February 2018

വിവാദമല്ല, പദ്മാവത് കാഴ്ചയുടെ ആകാശമാണ്
ഒരു കാലത്തുമില്ലാത്ത വിധം നമ്മുടെ രാജ്യത്ത് കലയ്ക്കും കലാകാരന്മാർക്കും നേരെ അതിക്രമങ്ങളും വിലക്കുകളും സംഭവിച്ചുകൊണ്ടിരിക്കുന്നു. സ്വതന്ത്രാവിഷ്‌കാരങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത വിധം അധ:പതിച്ചിരിക്കുന്ന മത, രാഷ്ട്രീയബോധമാണ് ഇന്ന് ഇന്ത്യയിലുള്ളത്. ജനാധിപത്യമോ മതേതരമോ ആയി അത് അനുഭവിക്കുകയും ലോകത്തിനുമുന്നിൽ തലയുയർത്തി നിന്നും പോന്നിരുന്ന എല്ലാ സ്വാതന്ത്ര്യങ്ങളും ഹനിക്കപ്പെട്ട് രാജ്യം വികൃതമാക്കപ്പെട്ടിരിക്കുന്നു. തിരിച്ചുപോകാനാകാത്ത വിധം ഭീകരമാണ് രാജ്യത്തിന്റെ പല കോണുകളിലുമുള്ള അധ:പതനം. കലയ്ക്കും കലാകാരനും ആവിഷ്‌കാരസ്വാതന്ത്ര്യമില്ലാത്ത രാജ്യത്തിന് ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്നോ ശക്തമായ ഭരണഘടനാടിത്തറയുള്ള രാജ്യമെന്നോ അവകാശപ്പെടാനാവുമെന്ന് തോന്നുന്നില്ല.
    ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള ഭരണകൂടത്തിന്റെയും സ്ഥാപിത താത്പര്യക്കാരുടെയും കടന്നുകയറ്റം നിത്യവാർത്തയാകുമ്പോൾ രാഷ്ട്രീയപരമായോ വിപ്ലവകരമായോ പുത്തനുണർവ്വ് നൽകുന്ന യാതൊന്നും സംഭവിക്കാത്ത പ്രദേശമായി നമ്മൾ മാറാനിടയുണ്ട്. ഭരണകൂടത്തിനും ജാതി,മത സംഘടനകൾക്കും അടിപ്പെട്ട് അതിന്റെ താത്പര്യങ്ങൾക്കനുസൃതമായി സെൻസർ ചെയ്യപ്പെട്ടുവരുന്ന സൃഷ്ടികൾ വേരുറപ്പിക്കാതെ തറനിരപ്പിൽ നിന്നുയർന്നു നടക്കുന്നവയായി മാറും. അവയിൽ സർഗ്ഗാത്മകതയുടെ വേവോ ചൂരോ ഉണ്ടാകില്ല.
    അടുത്ത കാലത്തായി നിരവധി സംഭവങ്ങളാണ് കലയിലും സാഹിത്യത്തിലും സിനിമയിലുമായി ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു നേരെ ഉയർന്ന വെടിയൊച്ചകളും വാൾമുനകളും അഗ്നിഗോളങ്ങളുമായി നമ്മൾ കണ്ടനുഭവിച്ചത്. അവയെല്ലാം നമ്മുടെ തന്നെ നെഞ്ചിൽ തറഞ്ഞുകയറിയ വെടിയുണ്ടകളും മുറിവുകളുമായിരുന്നു. സ്വയം സെൻസർ ചെയ്യപ്പെട്ടു കഴിയുന്നൊരു തലമുറയായി ഉടൻ നമ്മൾ മാറ്റപ്പെട്ടേക്കാം എന്നതിന്റെ വ്യക്തമായ സൂചന നൽകുന്ന കാലത്തിലൂടെ കടന്നുപോകുമ്പോൾ ചുറ്റും നിറയുന്നത് കടും ഇരുട്ടല്ലാതെ മറ്റൊന്നുമല്ല.

പദ്മാവത്- പ്രീ റിലീസിംഗ് കാലത്തെ വിവാദങ്ങളും അക്രമങ്ങളും
പ്രദർശനത്തിനെത്തുന്നതിനു മുമ്പു തന്നെ പദ്മാവത് വിവാദങ്ങൾകൊണ്ട് ദേശീയശ്രദ്ധ നേടിയിരുന്നു. രജപുത്ര റാണി പദ്മാവതിയെ മോശമായി ചിത്രീകരിച്ചുവെന്നും സമുദായത്തെ അപമാനിക്കും വിധം ചരിത്രം വളച്ചൊടിച്ചുവെന്നും ആരോപിച്ചുകൊണ്ട് രാജസ്ഥാനിലെ രജപുത് കർണിസേന ഉൾപ്പടെയുള്ള സംഘടനകൾ ചിത്രത്തിനെതിരെ രംഗത്തുവന്നു. 2017 ജനുവരിയിൽ ജയ്പൂർ കോട്ടയിൽ വച്ചുള്ള ചിത്രീകരണത്തിനിടെ സംവിധായകൻ സജ്ഞയ് ലീല ബൻസാലിക്കെതിരെ കർണി സേനാംഗങ്ങളുടെ ആക്രമണമുണ്ടായി. അദ്ദഹത്തെ ക്രൂരമായി തല്ലിയ അക്രമികൾ അദ്ദഹത്തിന്റെ തലമുടി പറിച്ചെടുത്തു. ഉപകരണങ്ങൾ നശിപ്പിച്ചുകൊണ്ട് ചിത്രീകരണം തടസ്സപ്പെടുത്തി. 2017 മാർച്ചിൽ മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ ചിത്രത്തിന്റെ സെറ്റിനു നേരെ പെട്രോൾ ബോംബ് ആക്രമണമുണ്ടായി. 50000 ചതുരശ്ര അടി വിസ്തൃതിയിൽ ഒരുക്കിയിരുന്ന സെറ്റ് പൂർണ്ണമായും കത്തിനശിച്ചു.
 
  2017 നവംബറിൽ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് രാജ്യത്തെ പല സംസ്ഥാനങ്ങളിലും തീയറ്ററുകൾക്കു നേരെ ആക്രമണമുണ്ടായി. ചിത്രം പുറത്തിറക്കുന്നതിനെതിരെ ഉത്തർപ്രദേശിൽ കോലം കത്തിക്കൽ, മുദ്രാവാക്യം വിളിച്ചുള്ള റാലി, പോസ്റ്ററുകൾ നശിപ്പിക്കൽ എന്നിവയുണ്ടായി. കൊൽക്കത്തയിൽ ഭാരത് ക്ഷത്രിയ സമാജ് സംഘാംഗങ്ങൾ സംവിധായകന്റെ കോലം കത്തിച്ചു. ചിത്രം പ്രദർശിപ്പിക്കുന്ന ദിവസം ഭാരത് ബന്ദ് നടത്തുമെന്ന് രാജ്പുത് കർണി സേന പ്രഖ്യാപിച്ചു. ചിത്രത്തിലെ നായിക ദീപിക പദുകോണിനെ അധിക്ഷേപിച്ചുകൊണ്ട് രാജ്പുത് കർണി സേനാ മേധാവി ലോകേന്ദ്ര സിങ് കാൽവി വിവാദ പ്രസ്താവന നടത്തി. സുബ്രഹ്മണ്യൻ സ്വാമിയെപ്പോലുള്ള ബി.ജെ.പി. നേതാക്കളും ദീപികയ്ക്കും ചിത്രത്തിനുമെതിരെ രംഗത്തെത്തി. സംവിധായകൻ സജ്ഞയ് ലീല ബൻസാലിയുടെ തല കൊയ്യുന്നവർക്ക് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച രാജ്പുത് കർണി സേനാംഗങ്ങൾ ദീപികാ പദുകോണിന്റെ മൂക്ക് ചെത്തിക്കളയുമെന്നും ഭീഷണി ഉയർത്തിയിരുന്നു. ദീപികയുടെയും ബൻസാലിയുടെയും തല വെട്ടുന്നവർക്ക് ബി.ജെ.പി. നേതാവ് സൂരജ് പാൽ അമു 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചതിനെതിരെ പോലീസ് കേസെടുത്തു. മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ചിത്രം പ്രദർശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രിമാർ പ്രഖ്യാപിച്ചു. പിന്നീട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഈ തീരുമാനത്തിൽ നിന്നു പിന്മാറുകയും ചിത്രത്തിന് പ്രദർശനാനുമതി നൽകുകയും ചെയ്തു.
    പദ്മാവത് ചലച്ചിത്രത്തിനു സർട്ടിഫിക്കറ്റ് നൽകുന്നതു സംബന്ധിച്ച അപേക്ഷ 2017 നവംബറിൽ നിർമ്മാതാക്കൾ സെൻസർ ബോർഡിനു സമർപ്പിച്ചു. അപേക്ഷയിൽ ചലച്ചിത്രം സാങ്കൽപിക കഥയാണോ ചരിത്രമാണോ എന്നു രേഖപ്പെടുത്തേണ്ട ഭാഗം പൂരിപ്പിച്ചിട്ടില്ല എന്ന കാരണത്താൽ ചിത്രം സർട്ടിഫിക്കേഷനില്ലാതെ തിരിച്ചയച്ചു. സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു മുമ്പ് മാധ്യമ പ്രവർത്തകർക്കായി ചിത്രം പ്രദർശിപ്പിച്ചതിനെതിരെ സെൻസർ ബോർഡ് അധ്യക്ഷൻ പ്രസൂൻ ജോഷി രംഗത്തെത്തിയിരുന്നു.
    ചിത്രത്തിലെ വിവാദ ഭാഗങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെടുന്ന ഹർജി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി. 2017 ഡിസംബർ 1ന് പ്രദർശനത്തിനെത്തുമെന്നു തീരുമാനിച്ചിരുന്നുവെങ്കിലും സെൻസർ ബോർഡിന്റെ അനുമതി ലഭിക്കുന്നതു വരെ ചിത്രത്തിന്റെ റിലീസ് നീട്ടി വയ്ക്കുന്നതായി നിർമ്മാതാക്കൾ അറിയിച്ചു. ഇതേ സമയം ബ്രിട്ടനിൽ ചിത്രത്തിനു പ്രദർശനാനുമതി ലഭിക്കുകയുണ്ടായി. ബ്രിട്ടീഷ് ബോർഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷൻ ചിത്രത്തിനു 12 എ സർട്ടിഫിക്കറ്റാണു നൽകിയത്. അതായത് ചിത്രം കാണുന്ന 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കൊപ്പം മുതിർന്നവരും ഉണ്ടാകണം.
    2017 ഡിസംബറിൽ സെൻസർ ബോർഡ് അധ്യക്ഷൻ പ്രസൂൻ ജോഷിയും ചരിത്രകാരന്മാരും ഉൾപ്പെട്ട വിദഗ്ദ്ധസമിതി പദ്മാവത് ചിത്രത്തിനു പ്രദർശനാനുമതി നൽകി. സെൻസർ ബോർഡ് തീരുമാനത്തിനെതിരെ രാജസ്ഥാൻ, മധ്യപ്രദേശ് സർക്കാരുകൾ സുപ്രീം കോടതിയെ സമീപിച്ചു. ചിത്രത്തിന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെടുന്ന എല്ലാ ഹർജികളും സുപ്രീം കോടതി തള്ളി. ചിത്രത്തിനെതിരെയുള്ള പ്രതിഷേധം ശക്തമായിരുന്നിട്ടും 2018 ജനുവരി 25ന് തന്നെ ചിത്രം പ്രദർശനത്തിനെത്തി.


റിലീസിനുശേഷം നമ്മൾ കണ്ട പദ്മാവത്

എല്ലാ പ്രീ റിലീസിംഗ് വിവാദവും റിലീസിനു ശേഷം ആറിത്തണുക്കാറാണ് പതിവ്. പദ്മാവതിന്റെ കാര്യത്തിലും ആദ്യദിനങ്ങളിലെ പ്രതിഷേധങ്ങൾക്കുശേഷം ഇത് മറ്റൊന്നാകാനിടയില്ല. സെൻസറിംഗ് വെട്ടുകൾക്കുശേഷം നമുക്ക് കാണാൻ കിട്ടിയ പദ്മാവതിൽ വെറുതെയെങ്കിലും വിവാദമാക്കേണ്ട യാതൊന്നും കണ്ടുകിട്ടിയേക്കില്ല.
അലാവുദ്ദീൻ ഖിൽജി പദ്മാവതിയെ സ്വപ്നം കാണുന്ന ഗാനരംഗത്തിൽ ദീപികയും രൺവീറും ഇഴുകിച്ചേർന്ന് അഭിനയിക്കുന്നതും പദ്മാവതി രാജ്ഞി ഒരു ഗാനരംഗത്തിൽ ചെറിയ വസ്ത്രങ്ങളണിഞ്ഞതും വെട്ടിമാറ്റിപ്പെട്ടതിൽ പെടുന്നു. രജപുത്ര സ്ത്രീകൾ ആത്മാഹൂതി വരിക്കുന്ന ദൃശ്യങ്ങളുടെ ഡീറ്റെയ്ൽസും മുറിച്ചുമാറ്റപ്പെട്ടതായി പറയുന്നു. ഇത്തരത്തിൽ വൻവിവാദങ്ങൾക്ക് ചെറുസാധ്യതപോലുമില്ലാത്ത കാരണങ്ങളാണ് കർണിസേന ഉൾപ്പടെയുള്ള പ്രതിഷേധക്കാർ ഉയർത്തിക്കൊണ്ടുവന്നത്. ഒരു വംശത്തെ അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളോ രംഗങ്ങളോ ചിത്രത്തിലില്ല. അപ്പോൾ എന്തിനായിരിക്കും ഇത്തരം വിവാദങ്ങളെന്നത് ജലരേഖകളായി തുടരുക തന്നെ ചെയ്യും. വിവാദങ്ങൾ എപ്പൊഴും സിനിമയ്ക്ക് നൽകുന്ന മൈലേജ് അതിന്റെ കളക്ഷന് അനുഗുണമായി തീരാറുണ്ട്. വിവാദങ്ങൾക്കിടയിൽ റെക്കോർഡ് കളക്ഷനിലേക്കാണ് പദ്മാവത് കുതിക്കുന്നതെന്ന് ആദ്യദിനത്തിലെയും ആദ്യ ആഴ്ചകളിലെയും കണക്കുകൾ വെളിവാക്കുന്നു.

.................
  
നമ്മൾ കൗതുകത്തോടെ കേട്ടിരുന്ന, വായിച്ചറിഞ്ഞ രാജകുമാരിയുടെയും രാജകുമാരന്റെയും രാക്ഷസന്റെയും കഥ പോലെ കണ്ടനുഭവിക്കാനാകുന്ന കാഴ്ചയാണ് പദ്മാവതിലുള്ളത്. ബാഹുബലിയൊക്കെ തീർക്കുന്ന വിസ്മയക്കാഴ്ചകളല്ല പദ്മാവതിന്റെ ബലം; ഇത് കുറെക്കൂടി വികാരത്തിന്റെയും മാനസികസഞ്ചാരത്തിന്റെയും അനുഭവമാണ്. അതുകൊണ്ടുതന്നെ ശബ്ദങ്ങളുടെയും സംഭവപരമ്പരകളുടെയും തുടർച്ചകളെക്കാളും കഥയോടു ചേർന്നു നിൽക്കുന്ന സംഭവത്തുടർച്ചകളാണ് പദ്മാവതിൽ കാണാനാകുക.
    മേവാറിലെ രാജാവായ രത്തൻ സിംഗിന്റെ ഭാര്യ പദ്മാവതിയോട് അലാവുദ്ദീൻ ഖിൽജിക്കുണ്ടായ തീവ്രാനുരാഗവും, പ്ദമാവതിയെ സ്വന്തമാക്കാനായി ഖിൽജി നടത്തുന്ന യുദ്ധവും ഖിൽജിക്ക് കീഴടങ്ങാൻ കൂട്ടാക്കാത്ത പദ്മാവതിയുടെയും രജപുത്ര സ്ത്രീകളുടെയും വീര്യവും പ്രമേയമാകുന്ന സിനിമ ചരിത്രതിഹാസ കഥകൾ പറയുന്നതിൽ സഞ്ജയ് ലീല ബൻസാലിക്കുള്ള മികവ് ഒന്നുകൂടി ഉറപ്പിക്കുന്നുണ്ട്. ചരിത്രത്തെ ഉപകഥകളായി കെട്ടുപിണച്ച് ചിന്തയെ ആയാസപ്പെടുത്താതെ ഖിൽജിയുടെ പ്രണയസഞ്ചാരത്തിനൊപ്പം സഞ്ചരിക്കുക മാത്രമാണ് ബൻസാലിയുടെ തിരക്കഥ ചെയ്യുന്നത്.
    ദീപികയുടെ പദ്മാവതിയെക്കാളും ഷാഹിദിന്റെ രത്തൻ സിംഗിനെക്കാളും രൺവീറിന്റെ അലാവുദ്ദീൻ ഖിൽജിയാണ് പദ്മാവതിനെ നയിക്കുന്നതും വിസ്മയമാക്കുന്നതും. ഗ്ലോബലി ആക്‌സെപറ്റഡ് ഫേസ് സ്വന്തമായുള്ള ഈ മൂന്നു താരങ്ങളാണ് പദ്മാവത് ഒരുക്കുമ്പോൾ ബൻസാലിക്ക് കിട്ടിയ ഏറ്റവും വലിയ കൈമുതൽ.
 
  ദീപികയും ഷാഹിദും മെച്ച്വേർഡ് ആക്ടിംഗിന്റെ തികവുറ്റ വക്താക്കളായി സ്‌ക്രീൻ സ്‌പേസ് ഉപയോഗിക്കുമ്പോൾ കൂട്ടത്തിൽ മറ്റുള്ളവരെക്കൂടി വിസ്മയിപ്പിച്ച് ഖിൽജിയായി കണ്ണുകളും മാംസപേശികളും ശരീരമാകെയും ഉപയോഗിച്ചുകൊണ്ടുള്ള രൺവീറിന്റെ വന്യാഭിനയമാണ് സിനിമ കണ്ടിറങ്ങിയാലും കൂടെപ്പോരുന്നത്. നോട്ടത്തിലും ചിരിയിലും നടത്തത്തിലും ഓട്ടത്തിലും നിൽപ്പിലും തീൻമേശയിലും കിടപ്പുമുറിയിലും രാജസിംഹാസനത്തിലുമെല്ലാം അയാൾ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തും വിധം വിഭിന്നഭാവങ്ങൾ പ്രകടമാക്കുന്ന നടനായി മാറുന്നു.
    സഞ്ചിത് ബൽഹരയുടെ പശ്ചാത്തലസംഗീതം പദ്മാവതിന്റെ ആകെ ഒഴുക്കിന്റെ നട്ടെല്ലാകുന്നുണ്ട്. പശ്ചാത്തലത്തിൽ പതിയെ ഒഴുകുകയും ചിലപ്പോൾ ക്രമം തെറ്റിക്കുകയും ചെയ്ത് സിനിമ നമ്മളോടു ചേർക്കുന്നത് ഈ സംഗീതമാണ്. അനാവശ്യമായ യാതൊരു മുഴച്ചുനിൽക്കലുമില്ലാത്ത സെറ്റും ഗ്രാഫിക്സും പദ്മാവതിന്റെ ത്രീഡി കാഴ്ച അനുഭവമാക്കുന്നു.
167 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം പൂർണ്ണമായി ആസ്വാദകശ്രദ്ധ നിലിനിർത്തുന്നതിൽ വിജയിച്ചോ എന്നതിൽ സംശയമുണ്ട്. ദൈർഘ്യക്കൂടുതലിനെ ആഖ്യാനത്തിലെ മികവുകൊണ്ട് മറികടക്കുന്നതിൽ ചില നേരമെങ്കിലും സംവിധായകൻ പരാജയപ്പെട്ടു. ചരിത്ര സിനിമകളിൽ കാണുന്ന അത്ഭുതക്കാഴ്ചകൾ പദ്മാവതിൽ കുറവാണെന്നിരിക്കെ അത്തരം കാഴ്ചകൾ പ്രതീക്ഷിക്കുന്ന വലിയൊരു വിഭാഗം കാണികൾക്ക് മുഴുവൻ നേരവും കഥയോടും കഥാപാത്രങ്ങളോടുമൊപ്പം ചേർന്ന് സഞ്ചരിക്കേണ്ടിവരുന്നു. അടിസ്ഥാനപ്രമേയത്തോട് കൂടുതൽ അടുത്തുനിൽക്കുന്ന സിനിമ സിനിമാറ്റിക്കായ കാഴ്ചാത്ഭുതങ്ങൾ അധികമായി ചേർക്കുന്നതിൽനിന്ന് ബോധപൂർവ്വം വിട്ടുകളഞ്ഞതു തന്നെയായിരിക്കണം. എങ്കിൽക്കൂടി പദ്മാവത് നമുക്ക് തരുന്ന കാഴ്ചയുടെ ആകാശം അത്ര ചെറിയ വിതാനത്തിലുള്ളല്ല.
         പദ്മാവതി ചരിത്രത്തിലെ ധീരവനിതയായി അഗ്നിയിലേക്കും രത്തൻ സിംഗ് ഖിൽജിപ്പടയുടെ പോരാട്ടവീര്യത്തിനു മുന്നിൽ കീഴടങ്ങി മണ്ണിലേക്കും ചേരുമ്പോൾ പദ്മാവത് കണ്ടവസാനിപ്പിക്കുന്ന ആസ്വാദകനു മുന്നിൽ ഖിൽജി മറ്റൊരു പ്രതീകമായി അവസാനിക്കുകയാണ്. ചരിത്രത്തിന്റെ ശരിക്ക് വിപരീതമായി വന്യതയും ദേശാന്തരഗമനവും അലസജീവിതവും കൈമുതലാക്കിയ ഖിൽജിയുടെ പാത്രസൃഷ്ടിയോട് പ്രേക്ഷകന് കൂറു തോന്നിയെങ്കിൽ അത് ബൻസാലിയുടെയും രൺവീറിന്റെയും അസാധ്യപാടവം തന്നെയാണ്.ഒരു നോക്കെങ്കിലും പദ്മാവതിയെ കാണാനായിരുന്നെങ്കിൽ എന്ന ഖിൽജിയുടെ പ്രതീക്ഷ തന്നെയാണ് ബൻസാലിയുടെ പദ്മാവത് ഒടുവിൽ നമ്മളിലും ബാക്കിയാക്കുന്നത്.
 സ്ത്രീശബ്ദം, ഫെബ്രുവരി, 2018
ചിരിയും ചിന്തയും നിറച്ച് ഹേയ് ജൂഡ്

ആവോളം ചിരിയും ചിന്തയും സമ്മാനിക്കുന്ന ചിത്രമാണ് ശ്യാമപ്രസാദിന്റെ ഹേയ് ജൂഡ്. സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും അഭിനേതാക്കളുടെയും കൈയൊപ്പ് ഒരുപോലെ പതിഞ്ഞ ജൂഡ് ദൃശ്യമികവുകൊണ്ടും കഥാപശ്ചാത്തലത്തിലെ വ്യത്യസ്തത കൊണ്ടും മികച്ചുനിൽക്കുന്നു. സംഭവിച്ച മലയാള സിനിമയിൽ അടുത്തിടെ സംഭവിച്ച ഒട്ടേറെ വേറിട്ട ചിത്രങ്ങളുടെ കൂട്ടത്തിലാണ് ഹേയ് ജൂഡിന്റെയും സ്ഥാനം. ചെറിയ കഥാതന്തുവിനെ മികച്ച രീതിയിൽ വികസിപ്പിക്കുകയും പ്രേക്ഷകർക്ക് ആസ്വാദ്യകരമാകുന്ന തരത്തിൽ അത് അവതരിപ്പിക്കുകയും ചെയ്യുന്നിടത്താണ് ജൂഡിന്റെ മികവ്. അതോടെ ശ്യാമപ്രസാദിന്റെ മികച്ച ചിത്രങ്ങളുടെ നിരയിലേക്ക് ഹേയ് ജൂഡും ഉയരുന്നു.
    ശ്യാമപ്രസാദ് അദ്ദേഹത്തിന്റെ ഏതൊരു സിനിമയ്ക്കും ഒരുക്കുന്ന വ്യത്യസ്തമായ പശ്ചാത്തലവും സവിശേഷ സ്വഭാവമുള്ള കഥാപാത്രങ്ങളും ഹേയ് ജൂഡിലും ആവർത്തിക്കുന്നു. മട്ടാഞ്ചേരിയിലെ ആംഗ്ലോ ഇന്ത്യൻ ക്രൈസ്തവ കുടുംബത്തിന്റെ കഥയാണ് ഹേയ് ജൂഡിൽ പറയുന്നത്. ആന്റ്വിക് ഷോപ്പ് നടത്തുന്ന, പണം സമ്പാദിക്കണമെന്ന ചിന്തയും കണക്കുകൂട്ടലുകളും പിശുക്കും കൈമുതലാക്കിയ ഡൊമിനിക്കാണ് കുടുംബനാഥൻ. സിദ്ധിഖ് അവതരിപ്പിക്കുന്ന ഡൊമിനികിന്റെ ഭാര്യ മറിയയായി നീനാകുറുപ്പും മക്കൾ കഥാപാത്രങ്ങളായി നിവിൻ പോളിയും അപൂർവ്വ ബോസുമെത്തുന്നു.
   
ശ്യാമപ്രസാദിന്റെ മുൻചിത്രങ്ങളിൽനിന്നു വ്യത്യസ്തമായി ശുദ്ധമായ ചിരിയുളള സിനിമയാണ് ഹേയ് ജൂഡ്. കഥാപാത്രങ്ങളിൽ നിന്നുള്ള സ്വാഭാവിക പ്രതികരണമായിട്ടാണ് ഹേയ് ജൂഡിൽ തമാശയുണ്ടാകുന്നത്. അതുകൊണ്ടുതന്നെ ഇത് ഏറെ ആസ്വാദ്യകരവുമാകുന്നു. നിവിൻ പോളിയുടെ ജൂഡ് എന്ന കഥാപാത്രത്തിന്റെ പ്രത്യേകതയും സംസാരശൈലിയും ചിരിയല തീർക്കുന്നുണ്ട്. ജൂഡിന്റെ അച്ഛനായ ഡൊമിനിക് ആയി സിദ്ധിഖിന്റെ കഥാപാത്രം സൃഷ്ടിക്കുന്ന ചിരി ഏറെ സ്വാഭാവികതയുള്ളതാണ്. നിർമൽ സഹദേവിന്റെതാണ് തിരക്കഥ.
    നടനെന്ന നിലയിൽ നിവിൻ പോളിയുടെ കരിയർ ബെസ്റ്റ് പ്രകടനമാണ് ഹേയ് ജൂഡിലേത്. താരപരിവേഷമോ നിവിന്റെ ജനപ്രിയ മാനറിസങ്ങളോ ഇല്ലാതെ തന്നെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന കഥാപാത്രമായി മാറാൻ ജൂഡെന്ന ടൈറ്റിൽ വേഷത്തിനായി. മൂന്നോ നാലോ മുൻനിര നായകന്മാർ മാത്രം ആധിപത്യം പുലർത്തിപ്പോരുകയെന്ന മലയാള സിനിമയുടെ ശീലത്തിൽനിന്ന് നായകപദവിയും സ്റ്റാർഡവുമുള്ള പതിനഞ്ചോളം നായകനടന്മാരിലേക്ക് മലയാള സിനിമ മാറിക്കഴിഞ്ഞു. ഇക്കൂട്ടത്തിൽ പിടിച്ചുനിൽക്കാൻ വലിയ മത്സരം വേണമെന്നിരിക്കെ ഭൂരിപക്ഷം പ്രേക്ഷകരുടെ ജനപ്രിയ അഭിരുചികൾ മാറ്റിവച്ച് ഇത്തരം കഥാപാത്രങ്ങൾ ചെയ്യാൻ ധൈര്യം കാണിക്കുന്നതിലൂടെ നിവിൻ പോളി മറ്റു നടന്മാരിൽനിന്ന് വ്യത്യസ്തനാകുകയാണ്. സ്വന്തം കഴിവിലും സംവിധായകനിലുമുള്ള വിശ്വാസം കൊണ്ടായിരിക്കണം ഇത്തരം കഥാപാത്രങ്ങൾ ഏറ്റെടുത്തുചെയ്യുകയെന്ന ഏറെ വെല്ലുവിളി നിറഞ്ഞ ജോലി നിവിൻ ഏറ്റെടുക്കുന്നത്. ജൂഡ് എന്ന കഥാപാത്രത്തിന് നിവിൻ ഫുൾ ഫിറ്റായിരുന്നുവെന്ന് സന്ദേഹമില്ലാതെ പറയാനാകും. കാഴ്ചക്കാരുടെ ശ്രദ്ധ മുഴുവൻ സമയവും തന്നിൽ നിലനിർത്താനും ഈ കഥാപാത്രത്തിലൂടെ നിവിനായി.
   
സിദ്ധിഖിന്റെ ഡൊമിനിക് എന്ന കഥാപാത്രമാണ് സിനിമയുടെ മറ്റൊരു ജീവൻ. ഹേയ് ജൂഡിനെ സജീവമായ സിനിമാകാഴ്ചയാക്കി മാറ്റുന്നതിൽ സിദ്ധിഖിന്റെ സാന്നിദ്ധ്യം വലിയ ഗുണം ചെയ്യുന്നുണ്ട്. മലയാള സിനിമയിലെ അരങ്ങേറ്റവേഷത്തിൽ ക്രിസ്റ്റൽ എന്ന ആംഗ്ലോ ഇന്ത്യൻ കഥാപാത്രമായി തൃഷ ഓർമ്മിക്കുന്ന പ്രകടനം കാഴ്ചവച്ചു. നീനാകുറുപ്പ്, വിജയ് മേനോൻ, അജു വർഗീസ്, അപൂർവ്വ ബോസ് എന്നിവരാണ് ജൂഡിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
    ഔസേപ്പച്ചൻ, എം.ജയചന്ദ്രൻ, ഗോപീസുന്ദർ, രാഹുൽരാജ് എന്നീ നാല് സംഗീതസംവിധായകരാണ് സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രത്തിനു പിന്നിലുള്ളത്. ഒരു ബാൻഡ് പെർഫോമൻസ് രംഗത്തിൽ ഗിത്താറുമായി ഔസേപ്പച്ചൻ പ്രത്യക്ഷപ്പെടുന്നുമുണ്ട്. ഗോവയും ആംഗ്ലോ ഇന്ത്യൻ കഥാപാത്രങ്ങളും പശ്ചാത്തലമാകുന്ന ചിത്രത്തിൽ അതിനോട് ചേർന്നുനിൽക്കുന്ന സംഗീതമാണ് ഒരുക്കിയിട്ടുള്ളത്.
   
നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, കലി, ഗപ്പി, അങ്കമാലി ഡയറീസ് തുടങ്ങി ഏറെ അഭിനന്ദനം നേടിയ ക്യാമറാക്കാഴ്ചകൾ സമ്മാനിച്ച ഗിരീഷ് ഗംഗാധരനാണ് ഹേയ് ജൂഡിന്റെ ക്യാമറ ചലിപ്പിക്കുന്നത്. കൊച്ചിയുടെയും ഗോവയുടെയും പശ്ചാത്തലം കഥയ്ക്കു ചേരുന്ന രീതിയിൽ മിഴിവുറ്റതാക്കാൻ ഗിരീഷിനായി. ചിത്രത്തിന്റെ കലാസംവിധാന മികവും എടുത്തുപറയേണ്ടതാണ്.
കേരള കൗമുദി ഓൺലൈൻ, ഫെബ്രുവരി 2, 2018
ആരാധകർക്കു മാത്രമുള്ളതല്ല സ്ട്രീറ്റ് ലൈറ്റ്സ്

ആരാധകർക്കു വേണ്ടി മാത്രമുള്ള സിനിമയല്ല സ്ട്രീറ്റ് ലൈറ്റ്സ്. മമ്മൂട്ടിയുടെ ആരാധകരെയും സാധാരണ കാഴ്ചക്കാരെയും ഒരുപോലെ പരിഗണിക്കുന്ന ചിത്രമൊരുക്കാനാണ് ഷാംദത്ത് സൈനുദ്ദീൻ സംവിധാന രംഗത്തേക്കുള്ള തന്റെ കാൽവെയ്പിൽ ശ്രദ്ധിച്ചിരിക്കുന്നത്. കഥയോടു ചേർന്നു നിൽക്കുന്ന താരപ്രകടനം മാത്രമേ ചിത്രത്തിൽ മമ്മൂട്ടി ചെയ്യുന്നുള്ളൂ. അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടിച്ചിത്രങ്ങളിൽ കഥയും കഥാപാത്രവും ആവശ്യപ്പെടുന്നില്ലെങ്കിൽ പോലും ആരാധകരെ ലക്ഷ്യമിട്ടുള്ള മാസ് ഡയലോഗുകളും മമ്മൂട്ടിയുടെ ആകാരസൗന്ദര്യം വെളിവാക്കുന്ന അൾട്രാ മോഷൻ രംഗങ്ങളും ഉൾപ്പെടുത്തുന്നതിൽ സംവിധായകരും എഴുത്തുകാരും ഒരുപോലെ ശ്രദ്ധിച്ചിരുന്നു. സ്ട്രീറ്റ് ലൈറ്റ്സിൽ തിരക്കഥയ്ക്കുപുറത്തെ അത്തരം ദൃശ്യങ്ങൾ കുറവാണ്. നവാഗതനായ ഫവാസ് മുഹമ്മദ് ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
    ഒരു ദിവസം നടക്കുന്ന ഇൻവെസ്റ്റിഗേഷൻ ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്സ്. ഫ്ളാഷ് ബാക്ക് രൂപത്തിലാണ് കഥാഘടന രൂപപ്പെടുത്തിയിരിക്കുന്നത്. ഒരു ദിവസം രാവിലെ മുതൽ പിറ്റേദിവസം രാവിലെ വരെയുള്ള ഒരു സംഭവമാണ് ചിത്രത്തിന് ആധാരം. ഇതിൽ അന്വേഷണത്തിന് കേന്ദ്രമായ സംഭവത്തിലേക്ക് പല കഥാപാത്രങ്ങളും അറിയാതെ കണ്ണികളാകുന്നു. ജെയിംസ് എന്ന ക്രൈം ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥനെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. പതിവു ത്രില്ലർ സിനിമകളുടെ മൂഡിൽ മുന്നോട്ടുപോകുന്ന ചിത്രത്തിൽ വ്യത്യസ്തതയ്ക്കു വേണ്ടി പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ല. ഇത് ചിത്രത്തിന് ഒരേസമയം ഗുണവും ദോഷവുമാകുന്നുണ്ട്. പുതുമ തേടിപ്പോകുന്ന പ്രേക്ഷകന് സ്ട്രീറ്റ് ലൈറ്റ്സിൽനിന്ന് പുതുതായി ഒന്നും കാണാൻ കിട്ടിയേക്കില്ല. ഒരു കുറ്റകൃത്യവും അതിനു പിറകെ സ്വാഭാവികമായി പുരോഗിക്കുന്ന അന്വേഷണവും പ്രതീക്ഷിക്കാവുന്ന അന്ത്യവുമാണ് ചിത്രത്തിനുള്ളത്. ആക്ഷൻ സീനുകളും വില്ലന്മാരെ അവതരിപ്പിക്കുന്നതും പൊലിസ് ഉദ്യോഗസ്ഥരും അന്വേഷണവഴികളുമെല്ലാം പരിചിതമായത്. നീതിന്യായ വ്യവസ്ഥിതിയെ മാറ്റിനിർത്തി ജെയിംസ് സ്വന്തം നിലയ്ക്ക് നടത്തുന്ന അന്വേഷണവും കുറ്റവാളിക്ക് അയാൾ നൽകുന്ന ശിക്ഷയും എത്രമാത്രം ലോജിക്കലാണെന്ന് കാണികൾ ന്യായമായും ചിന്തിച്ചേക്കാം. വലിയ പരീക്ഷണങ്ങൾക്ക് മുതിരാതെ പറയാനുള്ള കാര്യം വൃത്തിയായി പറയാനാണ് സംവിധായകൻ ശ്രമിച്ചിട്ടുള്ളത്.
   
      മമ്മൂട്ടിക്കൊപ്പം മറ്റു കഥാപാത്രങ്ങൾക്കും ചിത്രത്തിൽ പ്രാധാന്യം നൽകുന്നു. പ്രത്യേകിച്ച് സൗബിൻ അവതരിപ്പിക്കുന്ന കഥാപാത്രം സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. പതിവുപോലെ സൗബിൻ സ്‌ക്രീനിൽ എത്തുന്ന സീനുകളിലെല്ലാം കാണികൾ നന്നായി സിനിമ ആസ്വദിക്കുന്നുമുണ്ട്. മഹേഷിന്റെ പ്രതികാരത്തിനു ശേഷം സൗബിൻലിജോ മോൾ കോമ്പോയെയും സ്ട്രീറ്റ് ലൈറ്റ്സ് സ്‌ക്രീനിൽ എത്തിക്കുന്നു. ധർമ്മജൻഹരീഷ് കണാരൻ കോമ്പോയുടെ കോമഡി നമ്പറുകളും സ്ട്രീറ്റ് ലൈറ്റ്സിന്റെ പ്രേക്ഷകർക്ക് ആശ്വാസമാണ്.
    14 വർഷമായി വിവിധ ഭാഷാചിത്രങ്ങളിൽ ക്യാമറ ചലിപ്പിക്കുന്ന ഷാംദത്തിന്റെ ആദ്യസംവിധാന സംരംഭമാണ് സ്ട്രീറ്റ് ലൈറ്റ്സ്. ഈ അനുഭവപരിചയം കൈമുതലായി സൂക്ഷിക്കുന്നതുകൊണ്ടു തന്നെ അതിമാനുഷികത നൽകി മമ്മൂട്ടിയുടെ താരപ്പൊലിമ ചൂഷണം ചെയ്യുന്നതിനെക്കാൾ സംവിധായകന്റെ സാന്നിധ്യം കൂടി അറിയിക്കുന്ന ഒരു ചെറിയ സിനിമ ചെയ്യാനാണ് ഷാംദത്ത് ശ്രമിച്ചത്. രണ്ടു മണിക്കൂർ മാത്രം ദൈർഘ്യമുള്ള ചിത്രം അധികം വലിച്ചുനീട്ടലിനോ ഉപകഥകൾ പറയുന്നതിനോ മുതിരുന്നില്ല. ചെറിയൊരു ത്രെഡിൽനിന്ന് വിപുലപ്പെടുത്തിയ തിരക്കഥയാണ് സ്ട്രീറ്റ് ലൈറ്റ്സിനുള്ളത്.
    തമിഴ് നടന്മാർ ഉൾപ്പെടുന്ന വലിയ താരനിരയാണ് സ്ട്രീറ്റ് ലൈറ്റ്സിന്റെ മറ്റൊരു പ്രത്യേകത. ജോയ് മാത്യു, സ്റ്റണ്ട് സിൽവ, മൊട്ട രാജേന്ദ്രൻ, മനോബാല, ശ്രീറാം തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.


കേരളകൗമുദി ഓൺലൈൻ, ജനുവരി 26, 2018