ഓർമ്മകളിന്നും പാടുന്നു
'വേർപിരിയാൻ മാത്രമൊന്നിച്ചുകൂടി നാം
വേദനകൾ പങ്കുവയ്ക്കുന്നു
കരളിലെഴുമീണങ്ങൾ ചുണ്ടു നുണയുന്നു
കവിതയുടെ ലഹരി നുകരുന്നു'
ആ നറുമൊഴിച്ചിന്തുകൾ കാറ്റിലലിഞ്ഞിട്ട് ഇന്നേയ്ക്ക് രണ്ടാണ്ടു തികയുന്നു. മരിക്കാത്ത കവനങ്ങളുടെ നറുതേൻ നിലാവൊട്ടു ചാലിച്ചുതന്ന് മണ്ണിൽനിന്ന് വിണ്ണേറിപ്പോയ കവിമാനസമിപ്പൊഴും മണ്ണിലെ കാഴ്ചകൾ കാണുന്നുണ്ടാകും. വാക്കിന്റെ അപാരത തേടിയ എട്ടു പതിറ്റാണ്ടു കാലം ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ് മലയാളത്തിനു തന്നത് കുടിച്ചു മധുരം വിട്ടുപോകാത്ത വലിയൊരു കാവ്യസാഗരം.
കവിയുടെ ശരീര സാന്നിദ്ധ്യമില്ലാതായ കാലം അദ്ദേഹത്തെക്കുറിച്ചുള്ള വീണ്ടെടുപ്പുകളുടെ സമയം കൂടിയായിരുന്നു. തന്റേതു മാത്രമായ ലോകത്ത് നിശ്ശബ്ദം ജീവിച്ച് മനുഷ്യദു:ഖങ്ങളറിഞ്ഞ് അപരനുവേണ്ടി എഴുതിയ കവി. തികഞ്ഞ മാനവിക ബോധ്യത്തോടെ എഴുതിയപ്പൊഴും വാഴ്ത്തുകളെയും ഉപജാപക സംഘങ്ങളെയും അദ്ദേഹം എപ്പൊഴും അകറ്റിനിർത്തി. തനിക്ക് ലോകത്തിനു മുന്നിൽ വയ്ക്കാനുള്ളത് ഒരുപിടി വാക്കുകളാണെന്ന് എന്നേ തിരിച്ചറിഞ്ഞ കവി കൂട്ടിരിപ്പുകളെക്കാൾ തനിച്ചിരിക്കൽ ഇഷ്ടപ്പെട്ടു. ആ തനിച്ചിരിക്കലുകളിൽ ചുറ്റുമുള്ള മനുഷ്യന്റെ വേദനകളും നിസ്സഹായതകളും തിരിച്ചറിഞ്ഞ് അവരുടെ നാവായി മാറി.
ജീവിതത്തോടു പൊരുതുന്ന മനുഷ്യരുടെ കഷ്ടപ്പാടുകളും യാതനകളും കണ്ടുവളർന്ന ചവറയിലെ കുട്ടിക്കാലത്തിൽ നിന്നാണ് ഒ.എൻ.വിയിലെ കവി ഉരുത്തിരിയുന്നത്. അപരന്റെ വേദന തന്റെ വേദനയായി കണ്ടുപോരാനുള്ള മാനവികചിന്ത കവിയിലുടലെടുത്തതും ആ ഭൂമികയിൽ നിന്നുതന്നെ. സാധാരണക്കാരന്റെ വേദനകൾ കണ്ട കണ്ണുകളിൽ നിന്നാണ് 'അന്യദു:ഖങ്ങളപാര സമുദ്രങ്ങൾ/ നിന്റെ ദു:ഖങ്ങൾ വെറും കടൽശംഖുകൾ' എന്നു കവി എഴുതിയത്.
ചങ്ങമ്പുഴയുടെ സ്വാധീനത്താൽ കവിതകളെഴുതിയെന്നു നിരൂപിച്ച് വയലാറിനെയും പി.ഭാസ്‌കരനെയും ഒ.എൻ.വിയെയും മാറ്റൊലിക്കവികളെന്ന് നിരൂപകർ വിളിച്ചുപോന്നതിൽനിന്ന് പെട്ടെന്നാണ് ഒ.എൻ.വി അതിനെ മറികടന്നത്. കാല്പനികതയല്ല, നവ കാല്പനികതയാണ് തന്റെ വഴിയെന്ന് എഴുത്തിലൂടെ തെളിയിച്ച ഒ.എൻ.വിക്കവിതകളിൽ വിപ്ലവവും പരിസ്ഥിതിയും മനുഷ്യനും ഒരുപോലെ കടന്നുവന്നു. മാനവികമോചനവും സ്വാതന്ത്ര്യപ്രഖ്യാപനവും മുന്നിൽനിന്ന ആദ്യകാല കവിതകളിൽനിന്നും നാടക ഗാനങ്ങളിൽനിന്നും വ്യത്യസ്തമായി കുറേയധികം മുന്നേറുകയും വൈവിദ്ധ്യം പുലർത്തുകയും ചെയ്ത കവിയെയാണ് പിന്നീട് കാണാനാകുക. അഗ്നിശലഭങ്ങൾ, ഉപ്പ്, കറുത്ത പക്ഷിയുടെ പാട്ട്, ശാർങ്ക പക്ഷികൾ, അപരാഹ്നം, ഉജ്ജയിനി, മൃഗയ, ഭൂമിക്കൊരു ചരമഗീതം തുടങ്ങി വേറിട്ട് അടയാളപ്പെടുത്തപ്പെട്ട പ്രധാന കവിതകളൊക്കെ അതിനുശേഷമുള്ള കാലത്താണ് ഒ.എൻ.വിയിൽനിന്ന് പുറത്തുവന്നത്. ഉജ്ജയിനി പോലൊരു കാവ്യം സംഭവിച്ചത് മലയാളത്തിന് എക്കാലത്തേക്കുമുള്ള അഭിമാനവും ഭാഗ്യവുമാണ്. മാറ്റൊലിക്കവികൾ കവിതയെക്കാൾ പാട്ടെഴുത്തിൽ അടയാളപ്പെടുത്തപ്പെട്ടപ്പോൾ കവിയെന്ന രീതിയിൽ ഒ.എൻ.വിക്ക് മറ്റു രണ്ടുപേരെക്കാൾ ബഹുകാതം മുന്നിലെത്താനായത് ഇത്തരം കനപ്പെട്ട കവനങ്ങളുടെ കരുത്തുകൊണ്ടു തന്നെയാണ്.
കവിതയിൽ അത്രകണ്ട് അഭിരമിക്കുകയും ആഭിമുഖ്യം പുലർത്തുകയും ചെയ്യാത്തവർക്കിടയിൽ ഒ.എൻ.വി നിലയ്ക്കാത്ത മറ്റൊരു ഗാനമാണ്. അത് ഇന്ദുപുഷ്പം ചൂടിനിൽക്കുന്ന രാത്രിയായി, ഒരു ദലം മാത്രം വിടർന്ന ചെമ്പനീർ മുകുളമായി, ശ്യാമസുന്ദരപുഷ്പമായി, നെറ്റിയിൽചാർത്തിയ മഞ്ഞൾപ്രസാദമായി, ശരദിന്ദുമലർദീപ നാളമായി, വാതിൽപ്പഴുതിലൂടെ മുന്നിലെത്തുന്ന തൃസന്ധ്യയായി, കൈവള ചാർത്തിയെത്തുന്ന ഓർമ്മകളായി അങ്ങനെ തുടരുകയാണ്.
ഭാഷയാണ് മനുഷ്യന്റെ സ്വാതന്ത്ര്യമെന്ന് ഒ.എൻ.വി പറഞ്ഞിരുന്നു. ഭാഷ നശിക്കുന്നിടത്ത് മനുഷ്യൻ മരിക്കും. മനുഷ്യൻ, ഭാഷ, പ്രകൃതി ഇതു മൂന്നും പരസ്പരം ബന്ധപ്പെട്ടുനിൽക്കേണ്ടതാണെന്ന് അദ്ദേഹം വിശ്വസിച്ചുപോന്നു. ഇടവേളകളില്ലാത്ത എഴുത്തായിരുന്നു ഒ.എൻ.വിയുടേത്. എല്ലാക്കാലവും ഒ.എൻ.വി കവിതയെഴുതിയിരുന്നു. കവിതകളിൽ ഒ.എൻ.വിക്ക് വിശ്രമമില്ലായിരുന്നുവെന്ന് പറഞ്ഞത് എം.ടി വാസുദേവൻ നായരാണ്. ഏറെ അവശനായിരുന്നിട്ടും ഒ.എൻ.വിയിൽ നിന്ന് പുതിയ കവിതകൾ വന്നുകൊണ്ടേയിരുന്നു.
നിലപാടുകളിലും വിശ്വസിക്കുന്ന രാഷ്ട്രീയ ആശയത്തിലും ഉറച്ചുനിൽക്കാനും അത് എഴുത്തിലേക്കു കൊണ്ടുവരാനും ഒ.എൻ.വിക്കായി. എന്നും ഇടതുപക്ഷ സഹയാത്രികനായിരുന്ന ഒ.എൻ.വി പാർട്ടിയിലെ ബിംബവത്കരണങ്ങളെക്കാൾ മനുഷ്യപക്ഷ ആശയങ്ങളിൽ ഉറച്ചുനിന്ന് അഭിപ്രായങ്ങൾ പറയാനും എഴുതാനുമാണ് ശ്രമിച്ചത്. രോഗാതുരനായിരുന്ന അന്ത്യനാളുകളിലും ആ നിലപാടുകൾ നമ്മൾ കണ്ടു. അവസാന നാളുകളിൽ ഇറോം ശർമ്മിളയ്ക്കും ഗുലാം അലിക്കും രോഹിത് വെമുലയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒ.എൻ.വി എഴുതി. ഗുലാം അലി തിരുവനന്തപുരം നിശാഗന്ധിയിൽ പാടാനെത്തിയ ചടങ്ങായിരുന്നു ഒ.എൻ.വി പങ്കെടുത്ത അവസാന പരിപാടി. ഗുലാം അലിയുടെ ഇന്ത്യയിലേക്കുള്ള വരവുകൊണ്ട് വിവാദമായിരുന്നു ആ ഗസൽസന്ധ്യ. ഗസലുകളെ സ്‌നേഹിച്ച, നിരന്തരം ഗസലുകളെഴുതിയ കവി വീൽചെയറിലാണ് ഗുലാം അലിയെ കേൾക്കാനെത്തിയത്. സംഗീതത്തിന് രാജ്യാതിർത്തിയുടെയോ രാഷ്ട്രീയത്തിന്റെയോ മതത്തിന്റെയോ അതിർവരമ്പുകളില്ലെന്ന് ഒ.എൻ.വി ആ വേദിയിൽ ഗുലാം അലിക്ക് ഒപ്പമിരുന്നുകൊണ്ട് പറഞ്ഞത് സദസ്സ് സഹർഷം ഏറ്റെടുക്കുകയുണ്ടായി. പിന്നീട് ഒ.എൻ.വി ഇങ്ങനെ എഴുതി. 'ആർക്കു തടുക്കാനാകുമവറ്റയെ, പാടൂ ഗുലാം അലി/നിൻ സംഗീതമാധുരി പെയ്യും നിലാമഴയെന്നപോൽ...' ശാരീരിക അവശത കൂടിക്കൂടിവന്ന കവിക്ക് പിന്നീടൊരു പൊതുചടങ്ങിൽ പങ്കെടുക്കാനായില്ല. എങ്കിലും, ഗുലാം അലിക്ക് ആതിഥേയത്വമരുളിയ കേരളത്തിന്റെ മതേതരമണ്ണിൽ മനുഷ്യ കഥാനുഗായികളായി ഒരുമിച്ചുനിൽക്കാനായ ചാരിതാർത്ഥ്യം കവിക്കുണ്ടായിരുന്നിരിക്കണം.
കവി ഇന്ന് ഉണ്ടായിരുന്നെങ്കിൽ രാജ്യം നേരിടുന്ന പ്രതിസന്ധിഘട്ടത്തിൽ കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി ഉയർന്നുകേൾക്കുമായിരുന്ന ഉറച്ച ശബ്ദങ്ങളിലൊന്ന് ഒ.എൻ.വിയുടേത് ആകുമായിരുന്നുവെന്ന് നിശ്ചയം. എങ്കിലും എക്കാലവും ഉയർന്നുനിൽക്കുന്ന മാനവമോചന ഗീതികൾ എന്നേ പാടിയ കവിവാക്കുകൾ അനശ്വരമായിത്തന്നെ തുടരും.
"നിന്റെ വാക്കുകളിൽ കൂടി
നീയുയിർത്തെഴുന്നേൽക്കുക
മൃത്യുവെന്നു നീയെന്നും
മർത്ത്യദു:ഖങ്ങളാറ്റുക'
കേരള കൗമുദി എഡിറ്റോറിയൽ 2018 ഫെബ്രുവരി 13

No comments:
Post a Comment