Wednesday, 7 February 2018

വിവാദമല്ല, പദ്മാവത് കാഴ്ചയുടെ ആകാശമാണ്
ഒരു കാലത്തുമില്ലാത്ത വിധം നമ്മുടെ രാജ്യത്ത് കലയ്ക്കും കലാകാരന്മാർക്കും നേരെ അതിക്രമങ്ങളും വിലക്കുകളും സംഭവിച്ചുകൊണ്ടിരിക്കുന്നു. സ്വതന്ത്രാവിഷ്‌കാരങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത വിധം അധ:പതിച്ചിരിക്കുന്ന മത, രാഷ്ട്രീയബോധമാണ് ഇന്ന് ഇന്ത്യയിലുള്ളത്. ജനാധിപത്യമോ മതേതരമോ ആയി അത് അനുഭവിക്കുകയും ലോകത്തിനുമുന്നിൽ തലയുയർത്തി നിന്നും പോന്നിരുന്ന എല്ലാ സ്വാതന്ത്ര്യങ്ങളും ഹനിക്കപ്പെട്ട് രാജ്യം വികൃതമാക്കപ്പെട്ടിരിക്കുന്നു. തിരിച്ചുപോകാനാകാത്ത വിധം ഭീകരമാണ് രാജ്യത്തിന്റെ പല കോണുകളിലുമുള്ള അധ:പതനം. കലയ്ക്കും കലാകാരനും ആവിഷ്‌കാരസ്വാതന്ത്ര്യമില്ലാത്ത രാജ്യത്തിന് ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്നോ ശക്തമായ ഭരണഘടനാടിത്തറയുള്ള രാജ്യമെന്നോ അവകാശപ്പെടാനാവുമെന്ന് തോന്നുന്നില്ല.
    ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള ഭരണകൂടത്തിന്റെയും സ്ഥാപിത താത്പര്യക്കാരുടെയും കടന്നുകയറ്റം നിത്യവാർത്തയാകുമ്പോൾ രാഷ്ട്രീയപരമായോ വിപ്ലവകരമായോ പുത്തനുണർവ്വ് നൽകുന്ന യാതൊന്നും സംഭവിക്കാത്ത പ്രദേശമായി നമ്മൾ മാറാനിടയുണ്ട്. ഭരണകൂടത്തിനും ജാതി,മത സംഘടനകൾക്കും അടിപ്പെട്ട് അതിന്റെ താത്പര്യങ്ങൾക്കനുസൃതമായി സെൻസർ ചെയ്യപ്പെട്ടുവരുന്ന സൃഷ്ടികൾ വേരുറപ്പിക്കാതെ തറനിരപ്പിൽ നിന്നുയർന്നു നടക്കുന്നവയായി മാറും. അവയിൽ സർഗ്ഗാത്മകതയുടെ വേവോ ചൂരോ ഉണ്ടാകില്ല.
    അടുത്ത കാലത്തായി നിരവധി സംഭവങ്ങളാണ് കലയിലും സാഹിത്യത്തിലും സിനിമയിലുമായി ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു നേരെ ഉയർന്ന വെടിയൊച്ചകളും വാൾമുനകളും അഗ്നിഗോളങ്ങളുമായി നമ്മൾ കണ്ടനുഭവിച്ചത്. അവയെല്ലാം നമ്മുടെ തന്നെ നെഞ്ചിൽ തറഞ്ഞുകയറിയ വെടിയുണ്ടകളും മുറിവുകളുമായിരുന്നു. സ്വയം സെൻസർ ചെയ്യപ്പെട്ടു കഴിയുന്നൊരു തലമുറയായി ഉടൻ നമ്മൾ മാറ്റപ്പെട്ടേക്കാം എന്നതിന്റെ വ്യക്തമായ സൂചന നൽകുന്ന കാലത്തിലൂടെ കടന്നുപോകുമ്പോൾ ചുറ്റും നിറയുന്നത് കടും ഇരുട്ടല്ലാതെ മറ്റൊന്നുമല്ല.

പദ്മാവത്- പ്രീ റിലീസിംഗ് കാലത്തെ വിവാദങ്ങളും അക്രമങ്ങളും
പ്രദർശനത്തിനെത്തുന്നതിനു മുമ്പു തന്നെ പദ്മാവത് വിവാദങ്ങൾകൊണ്ട് ദേശീയശ്രദ്ധ നേടിയിരുന്നു. രജപുത്ര റാണി പദ്മാവതിയെ മോശമായി ചിത്രീകരിച്ചുവെന്നും സമുദായത്തെ അപമാനിക്കും വിധം ചരിത്രം വളച്ചൊടിച്ചുവെന്നും ആരോപിച്ചുകൊണ്ട് രാജസ്ഥാനിലെ രജപുത് കർണിസേന ഉൾപ്പടെയുള്ള സംഘടനകൾ ചിത്രത്തിനെതിരെ രംഗത്തുവന്നു. 2017 ജനുവരിയിൽ ജയ്പൂർ കോട്ടയിൽ വച്ചുള്ള ചിത്രീകരണത്തിനിടെ സംവിധായകൻ സജ്ഞയ് ലീല ബൻസാലിക്കെതിരെ കർണി സേനാംഗങ്ങളുടെ ആക്രമണമുണ്ടായി. അദ്ദഹത്തെ ക്രൂരമായി തല്ലിയ അക്രമികൾ അദ്ദഹത്തിന്റെ തലമുടി പറിച്ചെടുത്തു. ഉപകരണങ്ങൾ നശിപ്പിച്ചുകൊണ്ട് ചിത്രീകരണം തടസ്സപ്പെടുത്തി. 2017 മാർച്ചിൽ മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ ചിത്രത്തിന്റെ സെറ്റിനു നേരെ പെട്രോൾ ബോംബ് ആക്രമണമുണ്ടായി. 50000 ചതുരശ്ര അടി വിസ്തൃതിയിൽ ഒരുക്കിയിരുന്ന സെറ്റ് പൂർണ്ണമായും കത്തിനശിച്ചു.
 
  2017 നവംബറിൽ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് രാജ്യത്തെ പല സംസ്ഥാനങ്ങളിലും തീയറ്ററുകൾക്കു നേരെ ആക്രമണമുണ്ടായി. ചിത്രം പുറത്തിറക്കുന്നതിനെതിരെ ഉത്തർപ്രദേശിൽ കോലം കത്തിക്കൽ, മുദ്രാവാക്യം വിളിച്ചുള്ള റാലി, പോസ്റ്ററുകൾ നശിപ്പിക്കൽ എന്നിവയുണ്ടായി. കൊൽക്കത്തയിൽ ഭാരത് ക്ഷത്രിയ സമാജ് സംഘാംഗങ്ങൾ സംവിധായകന്റെ കോലം കത്തിച്ചു. ചിത്രം പ്രദർശിപ്പിക്കുന്ന ദിവസം ഭാരത് ബന്ദ് നടത്തുമെന്ന് രാജ്പുത് കർണി സേന പ്രഖ്യാപിച്ചു. ചിത്രത്തിലെ നായിക ദീപിക പദുകോണിനെ അധിക്ഷേപിച്ചുകൊണ്ട് രാജ്പുത് കർണി സേനാ മേധാവി ലോകേന്ദ്ര സിങ് കാൽവി വിവാദ പ്രസ്താവന നടത്തി. സുബ്രഹ്മണ്യൻ സ്വാമിയെപ്പോലുള്ള ബി.ജെ.പി. നേതാക്കളും ദീപികയ്ക്കും ചിത്രത്തിനുമെതിരെ രംഗത്തെത്തി. സംവിധായകൻ സജ്ഞയ് ലീല ബൻസാലിയുടെ തല കൊയ്യുന്നവർക്ക് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച രാജ്പുത് കർണി സേനാംഗങ്ങൾ ദീപികാ പദുകോണിന്റെ മൂക്ക് ചെത്തിക്കളയുമെന്നും ഭീഷണി ഉയർത്തിയിരുന്നു. ദീപികയുടെയും ബൻസാലിയുടെയും തല വെട്ടുന്നവർക്ക് ബി.ജെ.പി. നേതാവ് സൂരജ് പാൽ അമു 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചതിനെതിരെ പോലീസ് കേസെടുത്തു. മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ചിത്രം പ്രദർശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രിമാർ പ്രഖ്യാപിച്ചു. പിന്നീട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഈ തീരുമാനത്തിൽ നിന്നു പിന്മാറുകയും ചിത്രത്തിന് പ്രദർശനാനുമതി നൽകുകയും ചെയ്തു.
    പദ്മാവത് ചലച്ചിത്രത്തിനു സർട്ടിഫിക്കറ്റ് നൽകുന്നതു സംബന്ധിച്ച അപേക്ഷ 2017 നവംബറിൽ നിർമ്മാതാക്കൾ സെൻസർ ബോർഡിനു സമർപ്പിച്ചു. അപേക്ഷയിൽ ചലച്ചിത്രം സാങ്കൽപിക കഥയാണോ ചരിത്രമാണോ എന്നു രേഖപ്പെടുത്തേണ്ട ഭാഗം പൂരിപ്പിച്ചിട്ടില്ല എന്ന കാരണത്താൽ ചിത്രം സർട്ടിഫിക്കേഷനില്ലാതെ തിരിച്ചയച്ചു. സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു മുമ്പ് മാധ്യമ പ്രവർത്തകർക്കായി ചിത്രം പ്രദർശിപ്പിച്ചതിനെതിരെ സെൻസർ ബോർഡ് അധ്യക്ഷൻ പ്രസൂൻ ജോഷി രംഗത്തെത്തിയിരുന്നു.
    ചിത്രത്തിലെ വിവാദ ഭാഗങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെടുന്ന ഹർജി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി. 2017 ഡിസംബർ 1ന് പ്രദർശനത്തിനെത്തുമെന്നു തീരുമാനിച്ചിരുന്നുവെങ്കിലും സെൻസർ ബോർഡിന്റെ അനുമതി ലഭിക്കുന്നതു വരെ ചിത്രത്തിന്റെ റിലീസ് നീട്ടി വയ്ക്കുന്നതായി നിർമ്മാതാക്കൾ അറിയിച്ചു. ഇതേ സമയം ബ്രിട്ടനിൽ ചിത്രത്തിനു പ്രദർശനാനുമതി ലഭിക്കുകയുണ്ടായി. ബ്രിട്ടീഷ് ബോർഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷൻ ചിത്രത്തിനു 12 എ സർട്ടിഫിക്കറ്റാണു നൽകിയത്. അതായത് ചിത്രം കാണുന്ന 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കൊപ്പം മുതിർന്നവരും ഉണ്ടാകണം.
    2017 ഡിസംബറിൽ സെൻസർ ബോർഡ് അധ്യക്ഷൻ പ്രസൂൻ ജോഷിയും ചരിത്രകാരന്മാരും ഉൾപ്പെട്ട വിദഗ്ദ്ധസമിതി പദ്മാവത് ചിത്രത്തിനു പ്രദർശനാനുമതി നൽകി. സെൻസർ ബോർഡ് തീരുമാനത്തിനെതിരെ രാജസ്ഥാൻ, മധ്യപ്രദേശ് സർക്കാരുകൾ സുപ്രീം കോടതിയെ സമീപിച്ചു. ചിത്രത്തിന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെടുന്ന എല്ലാ ഹർജികളും സുപ്രീം കോടതി തള്ളി. ചിത്രത്തിനെതിരെയുള്ള പ്രതിഷേധം ശക്തമായിരുന്നിട്ടും 2018 ജനുവരി 25ന് തന്നെ ചിത്രം പ്രദർശനത്തിനെത്തി.


റിലീസിനുശേഷം നമ്മൾ കണ്ട പദ്മാവത്

എല്ലാ പ്രീ റിലീസിംഗ് വിവാദവും റിലീസിനു ശേഷം ആറിത്തണുക്കാറാണ് പതിവ്. പദ്മാവതിന്റെ കാര്യത്തിലും ആദ്യദിനങ്ങളിലെ പ്രതിഷേധങ്ങൾക്കുശേഷം ഇത് മറ്റൊന്നാകാനിടയില്ല. സെൻസറിംഗ് വെട്ടുകൾക്കുശേഷം നമുക്ക് കാണാൻ കിട്ടിയ പദ്മാവതിൽ വെറുതെയെങ്കിലും വിവാദമാക്കേണ്ട യാതൊന്നും കണ്ടുകിട്ടിയേക്കില്ല.
അലാവുദ്ദീൻ ഖിൽജി പദ്മാവതിയെ സ്വപ്നം കാണുന്ന ഗാനരംഗത്തിൽ ദീപികയും രൺവീറും ഇഴുകിച്ചേർന്ന് അഭിനയിക്കുന്നതും പദ്മാവതി രാജ്ഞി ഒരു ഗാനരംഗത്തിൽ ചെറിയ വസ്ത്രങ്ങളണിഞ്ഞതും വെട്ടിമാറ്റിപ്പെട്ടതിൽ പെടുന്നു. രജപുത്ര സ്ത്രീകൾ ആത്മാഹൂതി വരിക്കുന്ന ദൃശ്യങ്ങളുടെ ഡീറ്റെയ്ൽസും മുറിച്ചുമാറ്റപ്പെട്ടതായി പറയുന്നു. ഇത്തരത്തിൽ വൻവിവാദങ്ങൾക്ക് ചെറുസാധ്യതപോലുമില്ലാത്ത കാരണങ്ങളാണ് കർണിസേന ഉൾപ്പടെയുള്ള പ്രതിഷേധക്കാർ ഉയർത്തിക്കൊണ്ടുവന്നത്. ഒരു വംശത്തെ അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളോ രംഗങ്ങളോ ചിത്രത്തിലില്ല. അപ്പോൾ എന്തിനായിരിക്കും ഇത്തരം വിവാദങ്ങളെന്നത് ജലരേഖകളായി തുടരുക തന്നെ ചെയ്യും. വിവാദങ്ങൾ എപ്പൊഴും സിനിമയ്ക്ക് നൽകുന്ന മൈലേജ് അതിന്റെ കളക്ഷന് അനുഗുണമായി തീരാറുണ്ട്. വിവാദങ്ങൾക്കിടയിൽ റെക്കോർഡ് കളക്ഷനിലേക്കാണ് പദ്മാവത് കുതിക്കുന്നതെന്ന് ആദ്യദിനത്തിലെയും ആദ്യ ആഴ്ചകളിലെയും കണക്കുകൾ വെളിവാക്കുന്നു.

.................
  
നമ്മൾ കൗതുകത്തോടെ കേട്ടിരുന്ന, വായിച്ചറിഞ്ഞ രാജകുമാരിയുടെയും രാജകുമാരന്റെയും രാക്ഷസന്റെയും കഥ പോലെ കണ്ടനുഭവിക്കാനാകുന്ന കാഴ്ചയാണ് പദ്മാവതിലുള്ളത്. ബാഹുബലിയൊക്കെ തീർക്കുന്ന വിസ്മയക്കാഴ്ചകളല്ല പദ്മാവതിന്റെ ബലം; ഇത് കുറെക്കൂടി വികാരത്തിന്റെയും മാനസികസഞ്ചാരത്തിന്റെയും അനുഭവമാണ്. അതുകൊണ്ടുതന്നെ ശബ്ദങ്ങളുടെയും സംഭവപരമ്പരകളുടെയും തുടർച്ചകളെക്കാളും കഥയോടു ചേർന്നു നിൽക്കുന്ന സംഭവത്തുടർച്ചകളാണ് പദ്മാവതിൽ കാണാനാകുക.
    മേവാറിലെ രാജാവായ രത്തൻ സിംഗിന്റെ ഭാര്യ പദ്മാവതിയോട് അലാവുദ്ദീൻ ഖിൽജിക്കുണ്ടായ തീവ്രാനുരാഗവും, പ്ദമാവതിയെ സ്വന്തമാക്കാനായി ഖിൽജി നടത്തുന്ന യുദ്ധവും ഖിൽജിക്ക് കീഴടങ്ങാൻ കൂട്ടാക്കാത്ത പദ്മാവതിയുടെയും രജപുത്ര സ്ത്രീകളുടെയും വീര്യവും പ്രമേയമാകുന്ന സിനിമ ചരിത്രതിഹാസ കഥകൾ പറയുന്നതിൽ സഞ്ജയ് ലീല ബൻസാലിക്കുള്ള മികവ് ഒന്നുകൂടി ഉറപ്പിക്കുന്നുണ്ട്. ചരിത്രത്തെ ഉപകഥകളായി കെട്ടുപിണച്ച് ചിന്തയെ ആയാസപ്പെടുത്താതെ ഖിൽജിയുടെ പ്രണയസഞ്ചാരത്തിനൊപ്പം സഞ്ചരിക്കുക മാത്രമാണ് ബൻസാലിയുടെ തിരക്കഥ ചെയ്യുന്നത്.
    ദീപികയുടെ പദ്മാവതിയെക്കാളും ഷാഹിദിന്റെ രത്തൻ സിംഗിനെക്കാളും രൺവീറിന്റെ അലാവുദ്ദീൻ ഖിൽജിയാണ് പദ്മാവതിനെ നയിക്കുന്നതും വിസ്മയമാക്കുന്നതും. ഗ്ലോബലി ആക്‌സെപറ്റഡ് ഫേസ് സ്വന്തമായുള്ള ഈ മൂന്നു താരങ്ങളാണ് പദ്മാവത് ഒരുക്കുമ്പോൾ ബൻസാലിക്ക് കിട്ടിയ ഏറ്റവും വലിയ കൈമുതൽ.
 
  ദീപികയും ഷാഹിദും മെച്ച്വേർഡ് ആക്ടിംഗിന്റെ തികവുറ്റ വക്താക്കളായി സ്‌ക്രീൻ സ്‌പേസ് ഉപയോഗിക്കുമ്പോൾ കൂട്ടത്തിൽ മറ്റുള്ളവരെക്കൂടി വിസ്മയിപ്പിച്ച് ഖിൽജിയായി കണ്ണുകളും മാംസപേശികളും ശരീരമാകെയും ഉപയോഗിച്ചുകൊണ്ടുള്ള രൺവീറിന്റെ വന്യാഭിനയമാണ് സിനിമ കണ്ടിറങ്ങിയാലും കൂടെപ്പോരുന്നത്. നോട്ടത്തിലും ചിരിയിലും നടത്തത്തിലും ഓട്ടത്തിലും നിൽപ്പിലും തീൻമേശയിലും കിടപ്പുമുറിയിലും രാജസിംഹാസനത്തിലുമെല്ലാം അയാൾ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തും വിധം വിഭിന്നഭാവങ്ങൾ പ്രകടമാക്കുന്ന നടനായി മാറുന്നു.
    സഞ്ചിത് ബൽഹരയുടെ പശ്ചാത്തലസംഗീതം പദ്മാവതിന്റെ ആകെ ഒഴുക്കിന്റെ നട്ടെല്ലാകുന്നുണ്ട്. പശ്ചാത്തലത്തിൽ പതിയെ ഒഴുകുകയും ചിലപ്പോൾ ക്രമം തെറ്റിക്കുകയും ചെയ്ത് സിനിമ നമ്മളോടു ചേർക്കുന്നത് ഈ സംഗീതമാണ്. അനാവശ്യമായ യാതൊരു മുഴച്ചുനിൽക്കലുമില്ലാത്ത സെറ്റും ഗ്രാഫിക്സും പദ്മാവതിന്റെ ത്രീഡി കാഴ്ച അനുഭവമാക്കുന്നു.
167 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം പൂർണ്ണമായി ആസ്വാദകശ്രദ്ധ നിലിനിർത്തുന്നതിൽ വിജയിച്ചോ എന്നതിൽ സംശയമുണ്ട്. ദൈർഘ്യക്കൂടുതലിനെ ആഖ്യാനത്തിലെ മികവുകൊണ്ട് മറികടക്കുന്നതിൽ ചില നേരമെങ്കിലും സംവിധായകൻ പരാജയപ്പെട്ടു. ചരിത്ര സിനിമകളിൽ കാണുന്ന അത്ഭുതക്കാഴ്ചകൾ പദ്മാവതിൽ കുറവാണെന്നിരിക്കെ അത്തരം കാഴ്ചകൾ പ്രതീക്ഷിക്കുന്ന വലിയൊരു വിഭാഗം കാണികൾക്ക് മുഴുവൻ നേരവും കഥയോടും കഥാപാത്രങ്ങളോടുമൊപ്പം ചേർന്ന് സഞ്ചരിക്കേണ്ടിവരുന്നു. അടിസ്ഥാനപ്രമേയത്തോട് കൂടുതൽ അടുത്തുനിൽക്കുന്ന സിനിമ സിനിമാറ്റിക്കായ കാഴ്ചാത്ഭുതങ്ങൾ അധികമായി ചേർക്കുന്നതിൽനിന്ന് ബോധപൂർവ്വം വിട്ടുകളഞ്ഞതു തന്നെയായിരിക്കണം. എങ്കിൽക്കൂടി പദ്മാവത് നമുക്ക് തരുന്ന കാഴ്ചയുടെ ആകാശം അത്ര ചെറിയ വിതാനത്തിലുള്ളല്ല.
         പദ്മാവതി ചരിത്രത്തിലെ ധീരവനിതയായി അഗ്നിയിലേക്കും രത്തൻ സിംഗ് ഖിൽജിപ്പടയുടെ പോരാട്ടവീര്യത്തിനു മുന്നിൽ കീഴടങ്ങി മണ്ണിലേക്കും ചേരുമ്പോൾ പദ്മാവത് കണ്ടവസാനിപ്പിക്കുന്ന ആസ്വാദകനു മുന്നിൽ ഖിൽജി മറ്റൊരു പ്രതീകമായി അവസാനിക്കുകയാണ്. ചരിത്രത്തിന്റെ ശരിക്ക് വിപരീതമായി വന്യതയും ദേശാന്തരഗമനവും അലസജീവിതവും കൈമുതലാക്കിയ ഖിൽജിയുടെ പാത്രസൃഷ്ടിയോട് പ്രേക്ഷകന് കൂറു തോന്നിയെങ്കിൽ അത് ബൻസാലിയുടെയും രൺവീറിന്റെയും അസാധ്യപാടവം തന്നെയാണ്.ഒരു നോക്കെങ്കിലും പദ്മാവതിയെ കാണാനായിരുന്നെങ്കിൽ എന്ന ഖിൽജിയുടെ പ്രതീക്ഷ തന്നെയാണ് ബൻസാലിയുടെ പദ്മാവത് ഒടുവിൽ നമ്മളിലും ബാക്കിയാക്കുന്നത്.
 സ്ത്രീശബ്ദം, ഫെബ്രുവരി, 2018

No comments:

Post a Comment