താരാരാധികയുടെ മോഹൻലാൽ
സിനിമ താരങ്ങളെ കേന്ദ്രീകരിച്ച് സഞ്ചരിക്കാൻ തുടങ്ങിയതോടെ താരാധനയും അതിന്റെ ഭാഗമായി തുടർന്നുപോന്നു. ഇന്ത്യൻ സിനിമയെ സംബന്ധിച്ച് താരാരാധന പല കാലഘട്ടങ്ങളിൽ വ്യത്യസ്ത തലങ്ങളലേക്ക് വളർന്നു പടരുകയാണുണ്ടായത്. ഇതിൽ ഒരു കാലത്തും മാറ്റമുണ്ടായിട്ടില്ല. ഇന്ത്യൻ സിനിമയുടെ സുവർണ്ണകാലം ബോളിവുഡിനെ കേന്ദ്രീകരിച്ച് നിലകാണ്ടെങ്കിലും പിന്നീട് താരങ്ങളെ കേന്ദ്രീകരിച്ചുള്ള സിനിമകളും തീവ്രാരാധനയും ദക്ഷണേന്ത്യയിലാണ് പ്രബലമായത്. പിൽക്കാലത്ത് നിർമ്മിക്കപ്പെട്ട അതിമാനുഷ, അമാനുഷിക സിനിമകളാണ് ഇതിന് പ്രചോദനമായത്. തമിഴ്, തെലുങ്ക്, കന്നട ഭാഷകളിൽ തുടർച്ചയായി സൃഷ്ടിക്കപ്പെട്ട താരകേന്ദ്രീകൃത സിനിമകൾ നായകന്റെ അമാനുഷിക, ദൈവിക ചെയ്തികളെ ചുറ്റിപ്പറ്റിയുള്ളവയായിരുന്നു. ഈ നായകന്മാരെല്ലാം പ്രേക്ഷകമനസ്സിൽ ദൈവിക പരവേഷമുള്ളവരും സാധാരണ മനുഷ്യന് ചെയ്യാനാകാത്തതും സ്വപ്നം കാണാനാകാത്തതുമായ പ്രവൃത്തികൾ അനായാസം സാധിച്ചുകൂട്ടുന്നവരായി. ഇതോടെ താരാരാധകർ രസികർ മൺട്രമെന്നും ഫാൻസ് അസോസയേഷനുകളെന്നും വിളപ്പേരുകളിൽ അറിയപ്പെട്ടുതുടങ്ങി. ഒരു തരം സംഘടനാ സ്വഭാവം കൂടി ഇവയ്ക്ക് കൈവന്നതോടെ പൊതുജനങ്ങൾക്കിടയിലും ഇത്തരമൊരു പുതിയ വിഭാഗത്തിന് സ്വീകാര്യത ലഭിച്ചു.
തമിഴ്നാട്ടിലും ആന്ധ്രയിലുമെല്ലാം സജീവമായതിനു ശേഷമാണ് കേരളത്തിൽ ഫാൻസ് അസോസയേഷനുകൾ രൂപംകൊള്ളുന്നതും താരകേന്ദ്രീകൃത സിനിമാ സംസ്‌കാരം ഉടലെടുക്കുന്നതും. കൃത്യമായ കാലഗണനയോടെ പറഞ്ഞാൽ 2000 ജനുവരി 26ന് നായകസങ്കൽപ്പങ്ങളുടെ പരിപൂർണ്ണത എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ ഷാജി കൈലാസ്‌മോഹൻലാൽ ടീമിന്റെ നരസിംഹം എന്ന സിനിമയാണ് കേരളത്തിലെ താരാരാധനാ സമ്പ്രദായത്തെ തന്നെ വഴി തിരിച്ചുവിട്ടത്. അതിനുമുമ്പ് ഒട്ടേറെ അമാനുഷിക കഥാപാത്രങ്ങൾ പല നായക നടന്മാരും ചെയ്തിട്ടുണ്ടെങ്കിലും ഈ സിനിമ അതിനെല്ലാം മുകളിലായി ആരാധകരെ കൈയ്യിലെടുത്തു. ഇതിനുശേഷം കേരളത്തിൽ നൂറുകണക്കിന് ഫാൻസ് അസോസയേഷൻ യൂണിറ്റുകൾ രൂപംകൊണ്ടു. തയേറ്ററുകളുടെ മുന്നിലും തെരുവുകളിലും നായകനടന്മാരുടെ കട്ടൗട്ടുകളും ബോർഡുകളും ഹോർഡിംഗ്സുകളും നിറഞ്ഞു. മോഹൻലാൽ, മമ്മൂട്ടി എന്നീ രണ്ട് നടന്മാരെ കേന്ദ്രീകരിച്ചായിരുന്നു കേരളത്തിലെ ഫാൻസ് അസോസയേഷനുകൾ ഭൂരിഭാഗവും നിലകൊണ്ടത്. മറ്റു നടന്മാർക്കും ഫാൻസ് യൂണിറ്റുകൾ ഉണ്ടായെങ്കിലും അവ ഇത്രകണ്ട് സജീവമായില്ല.
ഈ താരാരാധന ചൂഷണം ചെയ്തുകൊണ്ട് പല ഭാഷകളിലും സിനിമകൾ തന്നെ നിർമ്മിക്കപ്പെട്ടുവെന്ന പിൽക്കാല ചരിത്രത്തിൽനിന്ന് സ്വാഭാവികമായും മലയാള സിനിമയ്ക്കും മാറിനിൽക്കാനായില്ല. മമ്മൂട്ടി, മോഹൻലാൽ ഫാൻസ് അസോസയേഷൻ പ്രവർത്തകരുടെ കഥപറഞ്ഞ രസികൻ, മമ്മൂട്ടി ഫാൻസ് കേന്ദ്രകഥാപാത്രങ്ങളായ വൺവെ ടിക്കറ്റ്, വിജയ് ആരാധകരുടെ കഥപറഞ്ഞ പോക്കിരിസൈമൺ തുടങ്ങിയ സിനിമകൾ ഈ ജനുസ്സിൽ മലയാളത്തിൽ പുറത്തിറങ്ങിയ സിനിമകളാണ്. ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ ഉദാഹരണമാണ് സാജിദ് യഹിയ സംവിധാനം ചെയ്ത മഞ്ജുവാര്യർ ചിത്രം 'മോഹൻലാൽ. ' മറ്റു സിനിമകളിൽ നായകന്മാരുടെ ആരാധകരായി എത്തിയതെല്ലാം ആൺ കഥാപാത്രങ്ങളാണെങ്കിൽ 'മോഹൻലാൽ'ഒരു പെൺ ആരാധികയുടെ സിനിമയാണ്. മലയാളത്തിൽ ആദ്യമായാണ് സിനിമയുടെ പേരടക്കം ഒരു താരത്തിന്റെതായി ഒരു മുഴുനീള ഫാൻ ഫിലിം വരുന്നത്.
മോഹൻലാൽ എന്ന നടൻ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ എങ്ങനെ നിർണ്ണായകമായ സാന്നിദ്ധ്യമായിത്തീർന്നെന്ന കഥ ലാൽ സിനിമകളെയും കഥാപാത്രങ്ങളെയും ആരാധകരെയും കൂടി കണ്ണചേർത്ത് പറയുകയാണ് സാജിദ് യഹിയ. 'ചങ്കല്ല ചങ്കിടിപ്പാണ് ലാലേട്ടൻ' എന്ന ടാഗ് ലൈനോടെ വന്ന 'മോഹൻലാൽ' ലാൽ ആരാധകരെയും കുടുംബപ്രേക്ഷകരെയുമാണ് ലക്ഷ്യമിടുന്നത്. ഇക്കാര്യത്തിൽ ചിത്രം ഒരുപരിധി വരെ വിജയിക്കുകയും ചെയ്യുന്നുണ്ട്.
മോഹൻലാലിന്റെ കടുത്ത ആരാധികയാണ് മീനാക്ഷി. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മോഹൻലാൽ മലയാള സിനിമയലേക്ക് കടന്നുവന്ന അതേ ദിവസം തന്നെയാണ് മീനാക്ഷിയുടെയും ജനനം. മോഹൻലാലിന്റെ കരിയർ വളർച്ചയോടൊപ്പം മീനുവും വളരുന്നു. മോഹൻലാൽ കഥാപാത്രങ്ങളെ മീനു മറ്റുള്ളവരിലും കണ്ടുതുടങ്ങുന്നു.
മീനാക്ഷിയെ ഈ ലാൽ ആരാധനയലേക്ക് നയിക്കുന്നതിന് വ്യക്തമായൊരു കാരണമുണ്ട്. അഞ്ചാം വയസ്സിൽ അച്ഛൻ നഷ്ടപ്പെടുന്ന ഒരു പെൺകുട്ടിക്ക് സംഭവിക്കുന്ന അരക്ഷിതാവസ്ഥയും ചുറ്റുമുള്ള ഇരുട്ടും അവളെ വീർപ്പുമുട്ടിക്കുകയും വേട്ടയാടുകയും ചെയ്യുന്നു. അവളുടെ ഒറ്റപ്പെടലലേക്ക് കടന്നെത്തുന്ന വെളിച്ചവും രക്ഷകനുമാണ് മോഹൻലാൽ. ഒന്നു മുതൽ പൂജ്യം വരെ എന്ന സിനിമ കണ്ടതിനു ശേഷമാണ് മീനാക്ഷിയിൽ ഈ മാറ്റമുണ്ടാകുന്നത്. ആ സിനിമയിൽ അച്ഛൻ നഷ്ടപ്പെട്ട കുട്ടിയുടെ ഏകാന്തതയലേക്ക് കടന്നുവരുന്ന മോഹൻലാലിന്റെ ടെലഫോൺ അങ്കിൾ കഥാപാത്രമാണ് മീനാക്ഷിയിലും മാറ്റമുണ്ടാക്കിയത്. മോഹൻലാലിനു മാത്രമായൊരു സങ്കൽപ്പലോകം സൃഷ്ടിച്ചെടുക്കുകയാണ് അവൾ പിന്നീട് ചെയ്യുന്നത്. മോഹൻലാലിന്റെ സിനിമകളും കഥാപാത്രങ്ങളും അവൾക്ക് ആശ്വാസവും ആവേശവുമായി മാറുന്നു. വളർച്ചയുടെ ഓരോ ഘട്ടത്തിലും ലാലിന്റെ വിവിധ കഥാപാത്രങ്ങൾ അവളോടൊപ്പം കടന്നുവന്നു. അങ്ങനെ മോഹൻലാൽ മീനുവിന് മറ്റ് അരാധകരെപ്പോലെ, ഒരുപക്ഷേ മാനസികമായി അതിലുമെത്രേയോ അധികം ചങ്കും ചങ്കിടിപ്പുമായി മാറി. മീനുവിന്റെ ഉണർവ്വിലും ഉറക്കത്തിലും വിവാഹത്തിനു മുമ്പും ശേഷവുമെല്ലാം മോഹൻലാൽ മറനീക്കിയെത്തുന്ന നിത്യസാന്നിദ്ധ്യമായി മാറുമ്പോൾ അത് മാനസികമായ വിഭ്രാന്തിയലേക്കെത്തുന്ന വിധം വളർച്ച പ്രാപിക്കുന്ന ഒന്നായി മാറുന്ന. സൈ്വര്യമായ കുടുംബജീവിതത്തെ പോലും ഇത് ബാധിക്കുന്നുമുണ്ട്.
മോഹൻലാലിന്റെ കരിയറിലെ സുവർണ്ണകാലമായ എൺപതുകളുടെ രണ്ടാംപകുതിയിൽ ലാലനോട് ആരാധന തോന്നാത്ത പെൺകുട്ടികളും സ്ത്രീകളും കേരളത്തിൽ ഉണ്ടായിരുന്നില്ലെന്നു വേണം പറയാൻ. മോഹൻലാലിനെ പ്രണയിച്ചവർ, മോഹൻലാലിനെ കല്യാണം കഴിക്കാൻ ആഗ്രഹിച്ചവർ, മോഹൻലാലിനെ പോലൊരു മകൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച അമ്മമാർ, മോഹൻലാലിനെ പോലൊരു ചേട്ടൻ. മോഹൻലാലിനെ പോലൊരു കൂട്ടുകാരൻ, മോഹൻലാലിനെ പോലൊരു അങ്കിൾ അങ്ങനെയങ്ങനെ ഓരോ പ്രായക്കാർക്കും ലാൽ പലതായിരുന്നു. മലയാളത്തിൽ ഇത്തരമൊരു ആരാധനാഭാഗ്യം മോഹൻലാലിന് മുമ്പും ശേഷവും മറ്റാർക്കും ലഭിച്ചിട്ടില്ല. ഈ ആരാധനയെ തന്നെയാണ് സാജിദ് യഹിയ തന്റെ സിനിമയിൽ ചൂഷണം ചെയ്യുന്നതും. മോഹൻലാൽ എന്ന കേരളത്തിൽ ഏറ്റവുമധികം വിപണിമൂല്യമുള്ള ബ്രാൻഡിനെ എങ്ങനെ ലാൽ ഫാൻസ് അസോസയേഷനുകൾക്കും പ്രേക്ഷകർക്കും ഒരുപോലെ തൃപ്തിപ്പെടുത്തുന്നതാക്കാം എന്നതാണ് സിനിമയിൽ പരീക്ഷിച്ചിട്ടുള്ളത്. മോഹൻലാലിന്റെ സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും ഡയലോഗുകളിലൂടെയും കടന്നുപോകുകയും അതെല്ലാം ഓർമ്മയിൽ സൂക്ഷിക്കുകയും ചെയ്തിട്ടുള്ളവർക്ക് ഈ സിനിമ അലോസരപ്പെടുത്തുന്ന കാഴ്ചയാവില്ല.
സ്ത്രീശബ്ദം, 2018 മെയ്