Saturday, 26 May 2018

ടി.എൻ സർഗ്ഗവഴിയിലെ ബഹുമുഖപ്രതിഭ
പൂർവ്വപിതാമഹന്മാരുടെ സർഗ്ഗാനുഗ്രഹം ലഭിച്ച ബാല്യകൗമാരങ്ങൾ ഒരു പ്രതിഭയുടെ വളർച്ചയിൽ പുതുവഴി വെട്ടാൻ പ്രചോദനാമാകാറുണ്ട്. സാഹിത്യത്തിലും നാടകത്തിലും പ്രക്ഷേപണ കലയിലും വേറിട്ട ശബ്ദം കേൾപ്പിച്ച ടി.എൻ ഗോപിനാഥൻ നായർ ഇത്തരമൊരു ഭാഗ്യം ലഭിച്ചയാളാണ്. പിൽക്കാലത്ത് വിഭിന്ന മേഖലകളിൽ തന്റെ പ്രതിഭയെ കരുപ്പിടിപ്പിക്കാൻ ടി.എന്നിന് വെളളവും വളവുമേകിയത് ഈ സർഗ്ഗപാരമ്പര്യത്തിന്റെ കരുത്താണ്.
    സാഹിത്യപഞ്ചാനൻ പി.കെ.നാരായണപിള്ളയുടെ മകനായി പിറന്ന ഗോപിനാഥൻ നായർക്ക് സാഹിത്യവാസനയും കലാരസികത്വവും അച്ഛനിൽനിന്ന് ആവോളം ലഭിച്ചപ്പോൾ അമ്മ പാറുക്കുട്ടിയമ്മയിൽനിന്ന് ജീവിതാദർശവും ഉന്നതബോധവും പകർന്നുകിട്ടി. ഒരു കുട്ടിയിൽ സവിശേഷ വ്യക്തിത്വം രൂപപ്പെടുന്നതിന് ഇത് മതിയാകുമായിരുന്നു.
    തിരുവനന്തപുരത്ത് ജനിച്ചെങ്കിലും അച്ഛന്റെ നാടായ അമ്പലപ്പുഴയിലെ ബാല്യകാലമാണ് ടി.എന്നിനെ ഏറെ സ്വാധീനിച്ചത്. അമ്പലപ്പുഴ ക്ഷേത്രവും ഉത്സവവും കച്ചവടത്തിരക്കും കലാപ്രകടനങ്ങളും കാഴ്ചകൾക്ക് കൗതുകം പകർന്നു. ചാലക്കുടിയിൽ മുത്തച്ഛന്റെ വീട്ടിലെ അവധിക്കാല കേളികളും കൂട്ടുകാരും ചാലക്കുടിപ്പുഴയും പകർന്നുനൽകിയത് മറ്റൊരു ബാല്യകാലാനുഭൂതി. ഇവിടെനിന്നാണ് നാടകരചനയിലേക്കും നാടകാവതരണത്തിലേക്കും ടി.എൻ പ്രവേശിക്കുന്നത്. അവധിക്കാലത്ത് കുട്ടികളെല്ലാം ഒത്തുചേരുമ്പോൾ അവതരിപ്പിക്കാനായി എഴുതിത്തയ്യാറാക്കുന്ന നാടകത്തിൽ ഭാവിയിലെ പ്രതിഭാധനനായ ഒരു നാടകകാരൻ ഒളിഞ്ഞിരിപ്പുണ്ടെന്ന് കണ്ടെത്തിയത് സാക്ഷാൽ ഇ.വി കൃഷ്ണപ്പിള്ളയാണ്. ഇ.വിയുടെ അഭിനന്ദനവും മലയാളരാജ്യത്തിൽ എഴുതിയ 'വളർന്നുവരുന്ന കലാകാരൻ' എന്ന കുറിപ്പും സ്‌കൂൾ വിദ്യാർത്ഥിയായ ഗോപിനാഥൻ നായരിൽ ഉണ്ടാക്കിയത് വലിയ ആത്മവിശ്വാസമാണ്. ഇത് മുന്നോട്ടുള്ള നാടകവഴിക്ക് പ്രചോദനമായി.
   
  കലാലയം ടി.എന്നിന്റെ രണ്ടാം തറവാടായിരുന്നു. 'പൂക്കൾക്ക് പുഷ്ടിയും നിറപ്പകിട്ടും നൽകാൻ മണ്ണിലെ വളക്കൂറിനും വായുവിലെ സവിശേഷതകൾക്കും പങ്കുള്ളതുപോലെ ഒരുവന്റെ ജീവിതത്തെ കരുപ്പിടിപ്പിക്കുന്നതിൽ കോളേജ് ജീവിതത്തിനും കരുത്തുണ്ട്'ടി.എൻ തന്നെ ഒരിക്കൽ അഭിപ്രായപ്പെട്ടതാണിത്. തിരുവനന്തപുരം ആർട്സ് കോളേജിലെ പഠനകാലത്ത് നാടകമെഴുത്തിലും അഭിനയത്തിലും ടി.എൻ സജീവമായി. ഇതേ കാലത്താണ് കവിതയെഴുത്തിലേക്കും തിരിഞ്ഞത്. 1930കളിൽ ചങ്ങമ്പുഴ, ഇടപ്പളളി കവിതകൾ ചെറുപ്പക്കാരെ അടിമുടി വശംവദരാക്കി നിലകൊണ്ടിരുന്ന കാലത്ത് കവിതയെഴുതിയതു കൊണ്ടുതന്നെ ആ സ്വാധീനം ടി.എന്നിലുമുണ്ടായി. പ്രത്യേകിച്ച് ചങ്ങമ്പുഴയുടെ. ചങ്ങമ്പുഴക്കവിതയുടെ പ്രേതബാധയിൽനിന്ന് സ്വയം മുറിച്ചുകടക്കാൻ പാടുപെട്ട കവികളുടെ കൂട്ടത്തിൽ പെടരുതെന്ന ഉത്തമബോദ്ധ്യത്തോടെ എഴുതിയ ടി.എൻ നിരാശയുടെ പടുകുഴിയിൽനിന്നും പ്രത്യാശാനിർഭരമായ ജീവിതത്തിന്റെ സുവർണ്ണരശ്മികൾ കണ്ടെടുത്തു.  ടി.എന്നിന്റെ എല്ലാ കവിതകളിലും ജീവിതപ്രതീക്ഷകൾ അവശേഷിപ്പിച്ചിരുന്നു. കലാലയകാലത്ത് പുറത്തിറങ്ങിയ 'മുകുളാഞ്ജലി'യും 'കളിത്തോണി'യും പോലുള്ള കവിതാസമാഹാരങ്ങൾ ഏറെ നിരൂപകപ്രശംസയും ആസ്വാദകശ്രദ്ധയും നേടിയെടുക്കുകയുണ്ടായി. എഴുത്തിൽ പ്രായത്തിൽ കവിഞ്ഞ പക്വതയുണ്ടെന്നാണ് പല മുതിർന്ന എഴുത്തുകാരും നിരൂപകരും ഈ കവിതകളെ വിലയിരുത്തിയത്. ചങ്ങമ്പുഴയുടെയും ടി.എന്നിന്റെയും കവിതകൾ അക്കാലത്തെ പ്രണയികൾക്ക് ഒരുപോലെ പ്രിയപ്പെട്ടതായി മാറി. ചങ്ങമ്പുഴക്കവിതകൾ പ്രണയികൾ പ്രണയിനികൾക്ക് കുറിപ്പുകളായി അയക്കുകയും പ്രത്യാഖ്യാനമായി ടി.എന്നിന്റെ കവിതാശകലങ്ങൾ പ്രണയിനികൾ പ്രണയികൾക്ക് അയയ്ക്കുന്നതും അന്ന് പതിവായിരുന്നു. കാലം ചിലത് തീരുമാനിച്ചിട്ടുണ്ടെന്ന പോലെ ചങ്ങമ്പുഴയിലെ കവി ആഘോഷിക്കപ്പെടുകയും ടി.എന്നിന്റെ കവിതകൾ ആ കാലഘട്ടത്തെ മറികടന്ന് വായനക്കാരിലേക്ക് വേണ്ടത്ര എത്തുകയും ചെയ്തില്ല.
    കവിതയല്ല, നാടകം തന്നെയാണ് തന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞ് കവിത ഉള്ളിൽ സൂക്ഷിച്ചുകൊണ്ടുതന്നെ സജീവ നാടകമെഴുത്തിലേക്ക് പ്രവേശിക്കുകയാണ് ടി.എൻ പിന്നീടു ചെയ്തത്. ഡിഗ്രിപഠനം കഴിഞ്ഞപ്പോഴേക്ക് ടി.എൻ അറിയപ്പെടുന്ന നാടകകൃത്തായി മാറിയിരുന്നു. അക്കാലത്ത് തിരുവനന്തപുരത്തെ ലൈബ്രറി വാർഷികങ്ങളിലും കോളേജ് ആഘോഷ പരിപാടികളിലും ടി.എന്നിന്റെ നാടകങ്ങൾ നിർബന്ധമായിരുന്നു. തിരുവിതാംകൂർ റേഡിയോ നിലയം ഇക്കാലത്താണ് ആരംഭിച്ചത്. ഇതിലും ടി.എന്നിന്റെ നാടകങ്ങൾ വന്നുതുടങ്ങി. ഇതിനിടെ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി തുടങ്ങിയ വക്കീൽപഠനം, തന്റെ വഴി ഇതല്ലെന്ന് തിരിച്ചറിഞ്ഞ് ഇടയ്ക്കുവച്ച് ടി.എൻ അവസാനിപ്പിച്ചു.
    വക്കീൽപഠനം പാതിവഴിയിൽ നിതോടെ തനിക്ക് എക്കാലത്തും പ്രിയപ്പെട്ട പത്രപ്രവർത്തന മേഖലയിലേക്കാണ് ടി.എൻ തിരിഞ്ഞത്. മലയാളരാജ്യം പത്രത്തിലും പിന്നീട് അതിന്റെ വാരികയിലുമായിരുന്നു തുടക്കം. തുടർന്ന് മലയാളി പത്രത്തിന്റെ പത്രാധിപസ്ഥാനത്തേക്കുമെത്തി. വഴുതക്കാട് പി.കെ മെമ്മോറിയൽ പ്രസ് സ്വന്തം നിലയ്ക്ക് തുടങ്ങിയ ശേഷമാണ് വീരകേസരി പത്രവും സഖി വാരികയും തുടങ്ങിയത്. നല്ല നിലയിൽ മുന്നോട്ടുപോയെങ്കിലും സാമ്പത്തികബാദ്ധ്യതകൾ കാരണം ഇടയ്ക്കുവച്ച് നിർത്തേണ്ടിവന്നു.

 
നാടകരചനയും പ്രക്ഷേപണകലയും
സി.വിയുടെ പ്രഹസനവും ഇ.വിയുടെ ലഘുഹാസ്യ നാടകങ്ങളും അരങ്ങുവാണിരുന്നതിനിടയിലേക്കാണ് ടി.എൻ എത്തുന്നത്. നാടക രചനയെന്നാൽ ചിരിപ്പിക്കുകയാണെന്ന് അന്ന് നിലനിന്നിരുന്ന സാമൂഹ്യബോധത്തെ ഗൗരവപൂർണ്ണമായ ഇതിവൃത്തങ്ങൾ സ്വീകരിച്ചുകൊണ്ടുള്ള രചനാശൈലികൊണ്ടാണ് ടി.എൻ മറികടന്നത്. ബോധപൂർവ്വം വരുത്തുന്ന ചിരികളല്ല, കഥാപാത്രങ്ങളുടെ മനോധർമ്മത്തിനനുസരിച്ച് വന്നുപോകുന്ന ചിരികളാണ് ടി.എൻ രചനയിൽ സ്വീകരിച്ചത്. രംഗപ്രയോഗ സാഫല്യം പൂർണ്ണമായി പ്രയോഗിക്കുകയെന്ന നാടകധർമ്മവും അദ്ദേഹം നിറവേറ്റി. പ്രക്ഷേപണത്തിനായി എഴുതുന്ന ടി.എന്നിന്റെ നാടകങ്ങളെല്ലാം സ്റ്റേജ് അവതരണത്തിനും യോഗ്യമായിരുന്നു. ചീന്തോദ്ദീപകമായ വിഷയങ്ങളും സാമൂഹികപ്രശ്നങ്ങളും പ്രയോഗിച്ച ടി.എന്നിന്റെ ശൈലിക്ക് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു. ഈ രീതിയിൽ എഴുതിയ 'പരീക്ഷ' കേരള നാടകചരിത്രത്തിലെ നാഴികക്കല്ലായി. ഇതിവൃത്തം, കഥാപാത്രവികാസം, സംഭാഷണം എന്നിവയിലെല്ലാം ശ്രദ്ധിച്ചുകൊണ്ട് എഴുതിയ അകവും പുറവും, മൃഗം, പൂക്കാരി, പ്രതിധ്വനി, രണ്ടു ജന്മം, നിഴൽക്കൂത്ത് തുടങ്ങിയ നാടകങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. എഴുതിയതൊക്കെ അരങ്ങേറുകയും അരങ്ങേറുന്നത് കാണാൻ ആളുണ്ടാകുകയും കണ്ടവരൊക്കെ പ്രശംസിക്കുകയും ചെയ്യുകയെന്ന നാടകകൃത്തിന് ലഭിക്കുന്ന സൗഭാഗ്യം ടി.എൻ ഗോപിനാഥൻ നായരുടെ നാടകങ്ങൾക്ക് ലഭിച്ചു.
    ശ്രോതാക്കളുടെ ഇടയിൽ ഏറ്റവും പ്രചാരമുള്ള സാഹിത്യശാഖയായി റേഡിയോ നാടകത്തെ രൂപാന്തരപ്പെടുത്തിയത് ടി.എൻ ഗോപിനാഥൻ നായരാണ്. കേരളത്തിൽ ആകാശവാണി സംസ്‌കാരം രൂപപ്പെടുകയും റേഡിയോ നാടകങ്ങൾ ജനപ്രിയമാകുകയും ചെയ്തതോടെ ടി.എൻ ഗോപിനാഥൻ നായർ എന്ന പേര് കേൾവിക്കാരിൽ രജിസ്റ്റർ ചെയ്യപ്പെട്ടു. തിരുവനന്തപുരം ആകാശവാണി നിലയത്തിൽ ഡ്രാമ പ്രൊഡ്യൂസറായി പ്രവേശിച്ചതോടെയാണ് ടി.എൻ തന്റെ പ്രവർത്തനമേഖല വൈപുല്യപ്പെടുത്തിയത്. കേരള നാടകവേദിയുടെ കുലപതി എന്ന നിലയിലേക്ക് ടി.എൻ ഉയരുന്നതും ആകാശവാണിയിലെ ഈ നാടക പ്രക്ഷേപണ കാലത്താണ്. ടോൾസ്‌റ്റോയിയുടെ 'അന്നാ കരിനീന'നാടകം ആകാശവാണിയിൽ സംപ്രേഷണം ചെയ്തത് റേഡിയോ നാടകമേഖലയ്ക്കും ടി.എന്നിന്റെ നാടകജീവിതത്തിലും വഴിത്തിരിവായി. ബൃഹദ് നോവലായ അന്നാ കരിനീനയ്ക്ക് ഒരു മണിക്കൂർ സമയദൈർഘ്യത്തിൽ റേഡിയോ നാടക രൂപാന്തരം ഒരുക്കുകയെന്ന വെല്ലുവിളി ടി.എൻ ഏറ്റെടുത്തു വിജയിപ്പിച്ചു. ഈ പുസ്തകത്തിന് മലയാളം പരിഭാഷ പോലും ലഭ്യമാകാത്ത കാലത്തായിരുന്നു ഇത്. സത്യൻ, മിസ് കുമാരി, തിക്കുറിശ്ശി സുകുമാരൻ നായർ തുടങ്ങി അന്നത്തെ ശ്രദ്ധേയ ചലച്ചിത്ര താരങ്ങൾ അന്നാ കരിനീനയിൽ അഭിനേതാക്കളായി.
   
           സ്‌റ്റേജ് നാടകങ്ങൾക്കും നോവലിനും റേഡിയോ രൂപാന്തരം നൽകുകയെന്ന പതിവിന് മാറ്റം വരുത്തി റേഡിയോയ്ക്കു വേണ്ടി മാത്രം നാടകമെഴുതുക എന്ന പുതിയ പതിവ് ശീലമാക്കിയത് ടി.എന്നാണ്. ഇതിനുളള അംഗീകാരമായിരുന്നു 1979ൽ മികച്ച നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ടി.എന്നിന്റെ 'സാക്ഷി' എന്ന നാടകത്തിന് ലഭിച്ചത്. സായംസന്ധ്യ, നിരപരാധി, മാലയുടെ മാല, നേർവഴി, ആതിര നിലാവിൽ തുടങ്ങിയ റേഡിയോ നാടകങ്ങൾ ശ്രോതാക്കളുടെ അഭിനന്ദനം നേടിയെടുത്തവയിൽ ചിലതാണ്. തുടർനാടകം എന്ന പുതിയ സങ്കൽപ്പവും ടി.എൻ വിജയകരമായി അവതരിപ്പിച്ചു. ഇതിൽ 'വൈതരണി' എന്ന തുടർനാടകം ഇഷ്ടപ്പെട്ട് ശ്രോതാക്കൾ അയച്ച നൂറുകണക്കിന് അഭിനന്ദനകത്തുകൾ ടി.എന്നിനും ആകാശവാണിക്കും ഉണ്ടാക്കിയ ഉണവ്വ് ചെറുതൊന്നുമല്ല. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ദൂരദർശൻ ടി.വി സീരിയൽ എന്ന പുതിയ ആശയത്തിന് തുടക്കമിട്ടത്. ടി.എന്നിന്റെ മകൻ രവി വള്ളത്തോൾ ആദ്യമായി അഭിനയിക്കുന്ന സീരിയൽ 'വൈതരണി'യാണ്.
    'റേഡിയോ നാടകവാരം'എന്ന ശ്രോതാക്കളെ കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള നാടകാവതരണവും 'കണ്ടതും കേട്ടതും'എന്ന ജനപ്രിയ ലഘുചിത്രീകരണ പരമ്പരയും ആകാശവാണിയിൽ ടി.എന്നിന്റെ നേട്ടങ്ങളാണ്. റേഡിയോ നാടകങ്ങൾ സാഹിത്യരൂപം എന്ന നിലയിൽ വേണ്ടത്ര വികസിച്ചില്ല എന്ന സങ്കടം ടി.എന്നിന് ഉണ്ടായിരുന്നു. ഈ നാടകങ്ങളിൽ പുസ്തക രൂപത്തിൽ വിപണിയിൽ എത്തിയവ വളരെ കുറവായിരുന്നു.
    പരീക്ഷ എന്ന സിനിമയ്ക്ക് തിരക്കഥയെഴുതിക്കൊണ്ട് സിനിമയിൽ പ്രവേശിച്ച ടി.എൻ പക്ഷേ ദീർഘകാലം സിനിമയിൽ തുടർന്നില്ല. സ്വന്തം നാടകങ്ങളിൽ പലതും സിനിമയ്ക്കുവേണ്ടി അദ്ദേഹം തിരക്കഥയാക്കി. തിരമാലയിൽ സത്യന്റെ അച്ഛനായി അഭിനയിച്ച് നടനുമായി. നായരുപിടിച്ച പുലിവാല്,ആസാദീപം, പാടാത്ത പൈങ്കിളി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയവേഷം ചെയ്‌തെങ്കിലും തന്റെ തട്ടകം നാടകം തന്നെയാണെന്ന് തിരിച്ചറിഞ്ഞ് സിനിമ വിടുകയാണുണ്ടായത്. സംഗീത നാടക അക്കാദമി ചെയർമാൻ ആയിരുന്ന കാലത്ത് നാടക മേഖലയുടെയും നാടക കലാകാരന്മാരുടെയും പ്രോത്സാഹനത്തിനും ക്ഷേമത്തിനുമായി അദ്ദേഹം താത്പര്യത്തോടെ പ്രവർത്തിച്ചു.
    ടി.എന്നിലെ എഴുത്തുകാരനെ നാടകത്തിലാണ് ഏറെ അടയാളപ്പെടുത്തിയതെങ്കിലും അദ്ദേഹത്തിലെ ഗദ്യകാരനെ തിരിച്ചറിയാൻ ജീവചരിത്ര ഗ്രന്ഥങ്ങൾ, നോവൽ, നീണ്ടകഥ, യാത്രാവിവരണം, ഓർമ്മക്കുറിപ്പുകൾ എന്നിവയിലൂടെയെല്ലാം സഞ്ചരിക്കണം. എല്ലാ ഗദ്യത്തിലും കാവ്യഭാഷ നിർബന്ധമായിരുന്നു. ടി.എന്നിന്റെ യാത്രവിവരണത്തിലെ ഒരു ഭാഗം നോക്കൂ, 'ട എന്നും ഗ എന്നുമുള്ള മലയാള ലിപികളുടെ വടിവിൽ വളഞ്ഞും പുളഞ്ഞും നീങ്ങിയിരുന്ന ടാറിട്ട കാട്ടുവഴിയിലൂടെ പരിചയസമ്പന്നനായ ഡ്രൈവർ നല്ല വേഗതയിൽ ബസ് പായിച്ചു. വിജനമായ ആ വീഥിയുടെ ഒരു ഭാഗം ഉന്നതമായ കുന്നും മറുഭാഗം അഗാധമായ കുഴിയുമാണ്. മേലോട്ട് മേലോട്ട് നീങ്ങുന്തോറും നമ്മുടെ കാതടയുന്നതു പോലെ തോന്നും. മലനിരയുടെ പല ഭാഗവും ചെത്തിമിനുക്കിയ കോട്ടമതിൽ പോലെ പ്രകാശിച്ചതു കണ്ടപ്പോൾ പല കൊടുമുടികളും പാരസിക സുന്ദരിമാരെ പോലെ മഞ്ഞിന്റെ നേർമയുള്ള മുഖാവരണം നീക്കിക്കൊണ്ടിരുന്നു.'
    ടി.എന്നിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ടു സാന്നിദ്ധ്യങ്ങളായിരുന്നു ഭാര്യ സൗദാമിനിയും ആത്മീയാചാര്യയായ സദ്ഗുരു ശ്രീരമാദേവിയും. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം താങ്ങായി മാറിയത് ഈ രണ്ടു മഹാശക്തികളാണെന്ന് ടി.എൻ പറഞ്ഞിട്ടുണ്ട്. തന്റെ ജീവിതത്തിലും എഴുത്തിലും പ്രചോദനമായിരുന്ന ഭാര്യ മരിച്ചശേഷം നിരാശയിലാണ്ട ടി.എന്നിന് ശക്തിയും സമാധാനവും പകർന്ന സാന്നിദ്ധ്യമായിരുന്നു ശ്രീരമാദേവി.
    മലയാളികൾ വേണ്ടത്ര ആഘോഷിക്കാത്ത ചില സർഗ്ഗപ്രതിഭകളുണ്ട്. ടി.എൻ.ഗോപിനാഥൻ നായരുടെ കാര്യത്തിൽ ഇത് ചിലപ്പോൾ അർത്ഥവത്തായ ചിന്തയായേക്കും. ഒരു ജീവിതം മുഴുവൻ സർഗ്ഗവൃത്തിക്കായി മാറ്റിവച്ച ടി.എന്നിന്റെ പ്രതിഭയോട് പൂർണ്ണനീതി കാണിച്ചിട്ടുണ്ടോയെന്നത് സ്വയംവിമർശനമായി കാണേണ്ട ചോദ്യമായി അവശേഷിക്കുന്നു.

വാരാന്ത്യകൗമുദി, 2018 ഏപ്രിൽ 29

No comments:

Post a Comment