Saturday, 26 May 2018

സമൂഹവും കാലവും ആവശ്യപ്പെടുന്ന അങ്കിൾ
ആറുവർഷം മുമ്പ് ഷട്ടർ എന്ന സിനിമ വന്നത് വലിയ അവകാശവാദങ്ങളോ പ്രീ പബ്ലിസിറ്റിയോ ഒന്നുമില്ലാതെയാണ്. മൗത്ത് പബ്ലിസിറ്റി കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഷട്ടർ ജനപ്രീതിയിലും കലാമേന്മയിലും ഒരുപോലെ മുന്നിലെത്തിയിരുന്നു. ജോയ് മാത്യുവിന്റെ പേര് ആ സിനിമയിലൂടെയാണ് കേരളത്തിലെ സിനിമാസ്വാദകർക്കിടയിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. ഒറ്റ രാത്രിയിൽ ഒരു കടമുറിയിൽ നടക്കുന്ന സംഭവങ്ങളിലൂടെ മലയാളികളുടെ കപട സദാചാരബോധത്തിലേക്കും ആൺനോട്ടങ്ങളിലേക്കും ക്യാമറ ചലിപ്പിച്ച ഷട്ടർ ഉണ്ടാക്കിയ ഞെട്ടലിനുശേഷം സാമൂഹികപ്രതിബദ്ധത വെളിവാക്കുന്ന തിരക്കഥയുമായി തന്നെയാണ് ജോയ് മാത്യുവിന്റെ രണ്ടാംവരവും. സമൂഹവും കാലവും ആവശ്യപ്പെടുന്ന പ്രമേയവും അതിന്റെ മികച്ച രീതിയിലുള്ള ആഖ്യാനവുമാണ് ജോയ് മാത്യുവിന്റെ തിരക്കഥയിൽ നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത അങ്കിളിനുള്ളത്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ സിനിമയെന്ന രീതിയിലല്ല, മമ്മൂട്ടിയെന്ന നടൻ അഭിനയിച്ച മികച്ച സിനിമകളിലൊന്ന് എന്ന രീതിയിലായിരിക്കും അങ്കിൾ വരുംനാളുകളിൽ അടയാളപ്പെടുത്തുക.
        ഷട്ടറിനുള്ളിലെ ലോകത്തുനിന്ന് ഇത്തവണ പുറംലോകത്തേക്കാണ് യാത്ര. തമിഴ്നാട്ടിൽ ഹർത്താൽ നടക്കുന്ന ദിവസം ഊട്ടിയിൽനിന്ന് ഗൂഡല്ലൂർവയനാട് വഴി കോഴിക്കോട്ടേക്കുള്ള വിദ്യാർത്ഥിനിയായ ഒരു പെൺകുട്ടിയുടെ രാത്രിയാത്രയാണിത്. അച്ഛന്റെ സുഹൃത്തായ അങ്കിളിന്റെ കൂടെ കാറിലാണ് ഈ യാത്ര. ഒരു പെൺകുട്ടിയുടെ യാത്രയിൽ കാത്തിരിക്കുന്ന വീട്ടുകാരുടെ ആശങ്ക, ആരൊക്കെ സഹായിക്കും, ആരെ വിശ്വസിക്കാം, ആരെ അവിശ്വസിക്കാം, ആര് മിത്രം, ആര് ശത്രു എന്നിങ്ങനെയുള്ള ചോദ്യങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നു. കാടിന്റെയും മനുഷ്യന്റെയും വന്യതയ്ക്കും കുളിർമ്മയ്ക്കുമിടയിലൂടെയുള്ള ഈ യാത്രയിലുടനീളം കാണികളെയും കൂടെക്കൂട്ടാനാകുന്നുവെന്നതാണ് അങ്കിളിന്റെ പ്ലസ് പോയിന്റ്. ഒരു ട്രാവൽ മൂവി ആവശ്യപ്പെടുന്ന വേഗവും വേഗക്കുറവും അങ്കിൾ ഒരുപോലെ ശ്രദ്ധിക്കുന്നുണ്ട്. ഗിരീഷ് ദാമോദർ തുടക്കം മോശമാക്കിയില്ല. മമ്മൂട്ടിയും കാർത്തിക മുരളീധരനുമാണ് കൃഷ്ണകുമാർ എന്ന അങ്കിളും ശ്രുതിയെന്ന പെൺകുട്ടിയുമായെത്തുന്നത്. അമൽ നീരദിന്റെ സി.ഐ.എയ്ക്കു ശേഷം കാർത്തിക നായികയാകുന്ന ചിത്രമാണിത്. മുഴുനീള കഥാപാത്രമായി കാർത്തിക സ്‌ക്രീൻ സ്‌പേസ് നന്നായി ഉപയോഗിച്ചു.
    
         മമ്മൂട്ടിയിലെ താരത്തെ കണ്ടുകിട്ടാനാകാത്ത സിനിമയാണ് അങ്കിൾ. കൃഷ്ണകുമാർ എന്ന കഥാപാത്രം മാത്രമായാണ് മമ്മൂട്ടി ഈ സിനിമയിൽ നിലകൊള്ളുന്നത്. താരപരിവേഷമോ ആരാധകർക്കായുള്ള അസാമാന്യ പ്രകടനങ്ങളോ ഇല്ലാതെ തിരക്കഥ ആവശ്യപ്പെടുന്നതു മാത്രം ചെയ്യുന്ന നടനെ അങ്കിളിൽ കാണാനാകും. അതുകൊണ്ടുതന്നെ ഏറെ നാളുകൾക്കുശേഷം മമ്മൂട്ടിയിലെ അഭിനേതാവിനെയും കാണികൾക്കു വിട്ടുകിട്ടുന്നുണ്ട്. മിതത്വമാർന്ന അഭിനയം കൊണ്ടും സ്‌ക്രീനിൽ നിറയുന്ന മമ്മൂട്ടിയെന്ന കരിസ്മ കൊണ്ടുമാണ് അദ്ദേഹം ഇത്തവണ ആകർഷിക്കുന്നത്. ക്ലൈമാക്സ് സീനുകളിൽ പോലും കഥാപാത്രത്തിന്റെ സ്വാഭാവിക തുടർച്ച മാത്രമാണ് മമ്മൂട്ടിക്കുള്ളത്. സിനിമയുടെ പ്രമേയം ആവശ്യപ്പെടുന്നതുപോലെ ക്ലൈമാക്സിൽ കാവ്യനീതിയെന്നോണം സ്ത്രീകഥാപാത്രത്തിന് പെർഫോം ചെയ്യാനുള്ള സ്‌പേസ് വിട്ടുകൊടുക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനും ചെയ്യുന്നത്. ശ്രുതിയുടെ അമ്മയുടെ വേഷത്തിൽ മുത്തുമണി ഈ സീനുകളിൽ തകർത്തഭിനയിക്കുന്നുമുണ്ട്. അത് കേരളത്തിലെ പൊലിസിംഗിനോടും സദാചാര പൊലിസിംഗിനോടും ആൺവർഗ്ഗത്തിനോടാകെയുമുള്ള ഒരു പെണ്ണിന്റെയും അമ്മയുടെയും പ്രതിഷേധമായി മാറുന്നു. ഈ ക്ലൈമാക്സ് സീനുകൾക്ക് അങ്കിൾ സിനിമയുടെ ഉള്ളടക്കത്തിനാകെ കരുത്തു പകരാനാകുന്നുണ്ട്.
           
             ഒരുപാട് കഥാപാത്രങ്ങളുടെയോ ഉപകഥകളുടെയോ സാദ്ധ്യത ഉപയോഗിക്കാതെ ചെറിയൊരു ആശയത്തിൽ മാത്രം കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ടുപോകുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ഉണ്ടാകുന്ന പരിമിതികളെ ആഖ്യാനത്തിലെ മികവുകൊണ്ടും തികഞ്ഞ സാമൂഹിക പ്രതിബദ്ധത കൊണ്ടുമാണ് അങ്കിൾ മറികടക്കുന്നത്. ജോയ് മാത്യു പൊതുസമൂഹത്തിലും സമൂഹമാദ്ധ്യമങ്ങൾ വഴിയും പ്രകടിപ്പിക്കാറുള്ള നിലപാടുകൾ സിനിമയെന്ന മീഡിയത്തിലൂടെയും ശക്തമായി ഉപയോഗിക്കാൻ ശ്രദ്ധിക്കാറുണ്ട്. അങ്കിളിൽ ചില സന്ദർഭങ്ങളിൽ കഥ ആവശ്യപ്പെടാത്തിടത്തും അത് ബോധപൂർവ്വം എഴുതിച്ചേർത്തതായി തോന്നുമെങ്കിലും ഉദ്ദേശശുദ്ധി നല്ലതായതിനാൽ അരോചകമായി അനുഭവപ്പെടില്ല.
       മമ്മൂട്ടി, കാർത്തിക, ജോയ് മാത്യു, മുത്തുമണി എന്നിവരുടെ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് മുന്നോട്ടുപോകുന്ന സിനിമയിൽ അത്ര പ്രാധാന്യമില്ലാത്ത വേറെയും കഥാപാത്രങ്ങളുമുണ്ട്. മൂലപ്രമേയത്തെ സിനിമാറ്റിക് ആയി അവതരിപ്പിക്കുന്നതിലേക്കുള്ള കണ്ണികളാണിവർ. താരാധിപത്യമോ ഏച്ചുകൂട്ടലോ ഇല്ലാത്ത ഇത്തരം സിനിമകളുടെ ഭാഗമാകുന്നത് മമ്മൂട്ടിയുടെ കരിയറിന് ഗുണം ചെയ്യും. താരകേന്ദ്രീകൃതമല്ലാത്ത ഇത്തരമൊരു കഥാപാത്രം ചെയ്യാൻ തയ്യാറായ മമ്മൂട്ടി അഭിനന്ദനമർഹിക്കുന്നു. വയനാട് ചുരവും കാടും യാത്രയുമായി സിനിമയെ മുന്നോട്ടുപോകുന്ന അഴകപ്പന്റെ ക്യാമറയും അങ്കിളിന്റെ ആസ്വാദനത്തെ മികവുറ്റതാക്കുന്നു.

കേരളകൗമുദി ഓൺലൈൻ, 2018 ഏപ്രിൽ 27

No comments:

Post a Comment