Monday, 15 March 2021

മെലഡികളുടെ തിരുമല /അഭിമുഖം: ബിച്ചു തിരുമല/ എന്‍.പി.മുരളീകൃഷ്ണന്‍


1970ല്‍ 'ഭജഗോവിന്ദം' എന്ന സിനിമയിലെ 'ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രാണസഖീ പല്ലവി പാടിയ നേരം...' എന്ന ശ്രദ്ധേയ ഗാനത്തിലൂടെ സിനിമാ രംഗത്തേക്കുവന്ന ബിച്ചു തിരുമല പാട്ടെഴുത്തിന്റെ അമ്പതാണ്ട് പൂര്‍ത്തിയാക്കിയിരിക്കുന്നു. ഇക്കാലയളവില്‍ മലയാള സിനിമാഗാന ശാഖയിലെ ഏറ്റവും ജനപ്രിയ പേരായി ബിച്ചു തിരുമല വളര്‍ന്നു. 420 ലേറെ സിനിമകള്‍. മൂവായിരത്തിലേറെ പാട്ടുകള്‍. ജനപ്രിയ സിനിമകളുടെ താത്പര്യത്തിനുസരിച്ച് ഏതു രീതിയിലും എഴുതാനുള്ള വഴക്കവും സമ്പന്നമായ പദസമ്പത്തും എഴുത്തിലെ പുതുമയുമാണ് ബിച്ചു തിരുമലയെ ജനപ്രിയ ഗാനരചയിതാവെന്ന നിലയിലേക്ക് വളര്‍ത്തിയത്. മെലഡിയും ഫാസ്റ്റ് നമ്പറും ഒരേപോലെ വഴങ്ങിയ ബിച്ചു ഏറ്റവും വേഗത്തില്‍ പാട്ടെഴുതിക്കൊണ്ടും സിനിമാ മേഖലയുടെ അഭിനന്ദനം നേടിയെടുത്തു. 1970കളില്‍ തുടങ്ങി തുടര്‍ച്ചയായ മൂന്നു പതിറ്റാണ്ടുകളില്‍ മലയാളത്തിലെ ഏറ്റവും തിരക്കുള്ള ഗാനരചയിതാവും ഏറ്റവുമധികം ഹിറ്റുകള്‍ സമ്പാദിച്ച പാട്ടെഴുത്തുകാരനുമായി ബിച്ചു തിരുമല മാറി. സിനിമയ്ക്കു പുറമേ ലളിതഗാനങ്ങളും ഭക്തിഗാനങ്ങളും ഓണപ്പാട്ടുകളുമായി വേറെയും നൂറുകണക്കിന് ഹിറ്റുകള്‍. 

പല തലമുറയില്‍പെട്ട മലയാളികള്‍ ഹൃദയത്തോടു ചേര്‍ത്ത് മൂളുന്ന ഒട്ടനവധി മെലഡികളുടെ രചയിതാവായ ശിവശങ്കരന്‍ നായര്‍ എന്ന ബിച്ചു തിരുമല ഫെബ്രുവരി 13 ന് 80 വയസ്സിലേക്ക് പ്രവേശിച്ചു. ഈ മഹനീയ ഘട്ടത്തില്‍ സുദീര്‍ഘമായ കരിയറിലേക്കും ജീവിതത്തിലേക്കും തിരിഞ്ഞുനോക്കുകയാണ് അദ്ദേഹം.


100 ശതമാനം തൃപ്തനാണ്

തിരിഞ്ഞുനോക്കുമ്പോള്‍ 100 ശതമാനം തൃപ്തനാണ്. നാനൂറിലധികം സിനിമകളില്‍ പാട്ടെഴുതി. ആയിരക്കണക്കിനു പാട്ടുകള്‍. ഇതൊന്നും ഒരിക്കലും വിചാരിച്ചതല്ല. ആരോടും അവസരം ചോദിച്ചു ചെന്നില്ല. എല്ലാം ഇങ്ങോട്ടു തേടിവന്നതാണ്. അതു തന്നെയാണ് സിനിമ എനിക്ക് തന്ന വലിയ അംഗീകാരം. ജനങ്ങള്‍ ഇപ്പോഴും എന്റെ പാട്ടുകള്‍ ഇഷ്ടപ്പെടുന്നു. ഇരുപതും മുപ്പതും വര്‍ഷം മുമ്പ് എഴുതിയ പാട്ടുകള്‍ ഏറ്റവും പുതിയ തലമുറയുടെ വരെ പ്രിയപ്പെട്ടവയാണ്. ആള്‍ക്കാരുടെ ഈ അംഗീകാരം തന്നെയാണ് ഏത് അവാര്‍ഡുകളെക്കാളും വലുത്. പാട്ടെഴുതാന്‍ അവസരം ചോദിച്ചു ചെന്നിട്ടില്ലാത്തതു പോലെ അവാര്‍ഡുകള്‍ക്കു പിറകേയും ഞാന്‍ പോയിട്ടില്ല.


കൂടുതല്‍ പാട്ടുകള്‍ ശ്യാമിനൊപ്പം 

ദക്ഷിണാമൂര്‍ത്തി, ജി.ദേവരാജന്‍, ശ്യാം, എ.ടി. ഉമ്മര്‍, രവീന്ദ്രന്‍, ഇളയരാജ, ജെറി അമല്‍ദേവ് തുടങ്ങി പ്രഗത്ഭരടക്കം അറുപതിലധികം സംഗീത സംവിധായകരുമൊത്ത് പ്രവര്‍ത്തിക്കാനായി. തുടക്കകാലത്ത് എ.ടി. ഉമ്മറിനും പിന്നീട് ശ്യാമിനു വേണ്ടിയുമാണ് കൂടുതല്‍ പാട്ടെഴുതിയത്. എണ്ണം വച്ചു നോക്കുമ്പോള്‍ ശ്യാമിന്റെയൊപ്പമായിരിക്കും കൂടുതല്‍ വര്‍ക്ക് ചെയ്തത്. അസാധ്യ പ്രതിഭയാണ് അദ്ദേഹം. നമ്മള്‍ എങ്ങനെ എഴുതിയാലും സംഗീതം കൊണ്ട് ശ്യാം അത് കൂടുതല്‍ മികച്ചതാക്കി മാറ്റും. അതിനു ശേഷമുള്ള തലമുറയില്‍ എസ്.പി. വെങ്കിടേഷിനും ജോണ്‍സണുമൊപ്പം കുറേ പാട്ടുകള്‍ എഴുതി. ഐ.വി. ശശിയുടെ മുപ്പതോളം സിനിമകളില്‍ പാട്ടെഴുതി. അതും വലിയ അംഗീകാരമാണ്. ആളുകള്‍ ഇപ്പോഴും ഇഷ്ടപ്പെടുന്ന പല പാട്ടുകളും എഴുതാന്‍ കഴിഞ്ഞത് എഴുപതുകളിലും എണ്‍പതുകളിലുമാണ്. പല തലമുറ കഴിഞ്ഞിട്ടും ആ പാട്ടുകള്‍ നിലനില്‍ക്കുന്നു. 

യേശുദാസുമായി അടുപ്പം

ഗായകന്മാരില്‍ ഏറ്റവുമടുപ്പം യേശുദാസിനോടാണ്. എന്റെ കൂടുതല്‍ പാട്ടുകള്‍ പാടിയിട്ടുള്ളത് യേശുദാസാണ്. തരംഗിണിയുടെ കാസെറ്റുകള്‍ക്കു വേണ്ടിയുള്ള ഗാനരചനയും ബന്ധം വളരാന്‍ കാരണമായി. 

'മാമാങ്കം പലകുറി കൊണ്ടാടി'

സംഗീതസംവിധായകന്‍ രവീന്ദ്രനൊപ്പം പ്രവര്‍ത്തിച്ച തരംഗിണിയുടെ രണ്ടാമത്തെ കാസറ്റിലാണ് ഏറെ പ്രശസ്തമായ 'മാമാങ്കം പലകുറി കൊണ്ടാടി' എന്ന ലളിതഗാനം ചേര്‍ത്തിട്ടുള്ളത്. ഈ ഗാനത്തിന് മലയാളി ആസ്വാദകരില്‍ നിന്നും യുവജനോത്സവ വേദികളില്‍ നിന്നും കിട്ടിയ സ്വീകാര്യത അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഇപ്പോഴും മലയാളികളുടെ പ്രിയപ്പെട്ട നൊസ്റ്റാള്‍ജിയയാണ് ഈ ഗാനം.



അവസരം ചോദിച്ചു ചെന്നിട്ടില്ല

സിനിമയില്‍ ഇപ്പോള്‍ അവസരം കുറഞ്ഞുവെന്നത് വാസ്തവമാണ്. പക്ഷേ ഞാന്‍ പറഞ്ഞല്ലോ, ഒരു കാലത്തും അവസരം ചോദിച്ചു ചെന്നിട്ടില്ല. എല്ലാം തേടി വന്നതാണ്. ഇടക്കാലത്ത് അപകടം പറ്റിയപ്പോള്‍ അനാരോഗ്യം കാരണം പാട്ടെഴുത്ത് കുറച്ചിരുന്നു. ഇപ്പോള്‍ പഴയതുപോലെ പാട്ടെഴുതാന്‍ ആരും വിളിക്കുന്നില്ല. വിളിച്ചാല്‍ എഴുതാന്‍ തയ്യാറാണ്. ഇപ്പോള്‍ സിനിമയില്‍ പണ്ടത്തേതുപോലെ പാട്ടിന് പ്രാധാന്യവുമില്ലല്ലോ. പണ്ട് പാട്ടു കൊണ്ട് മാത്രം രക്ഷപ്പെട്ട പടങ്ങളുണ്ടായിരുന്നു. പാട്ടുകള്‍ കാണാന്‍ വേണ്ടി മാത്രം ആള്‍ക്കാര്‍ സിനിമയ്ക്ക് പോയിരുന്നു. എനിക്ക് ആദ്യത്തെ സംസ്ഥാന അവാര്‍ഡ് കിട്ടിയ തേനും വയമ്പും എന്ന സിനിമയൊന്നും വലിയ വിജയമായിരുന്നില്ല. പക്ഷേ ആ സിനിമയിലെ ഒറ്റക്കമ്പി നാദം, തേനും വയമ്പും പോലുള്ള പാട്ടുകള്‍ ഇപ്പോഴും ആള്‍ക്കാര്‍ ഓര്‍മ്മിക്കുന്നു. 

മൂന്നാലു പേര്‍ക്കൊപ്പം പാട്ടെഴുതാന്‍ താത്പര്യമില്ല

ഒരു സിനിമയില്‍ മൂന്നും നാലും പേര്‍ക്കൊപ്പം പാട്ടെഴുത്തുകാരനായി ഇരിക്കാന്‍ താത്പര്യമില്ല. പണ്ട് ഒരു സിനിമയിലെ എല്ലാ പാട്ടുകളും ഒരാള്‍ തന്നെയായിരുന്നു എഴുതിയിരുന്നത്. നാലും അഞ്ചും ചിലപ്പോള്‍ അതില്‍ കൂടുതലും പാട്ടെഴുതേണ്ടി വരും. ഒരു എഴുത്തുകാരന് തിരക്കോ അസൗകര്യമോ ഉണ്ടെങ്കില്‍ മാത്രമേ മറ്റൊരാളെക്കൂടി എഴുതാന്‍ വിളിക്കാറുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ സ്ഥിതി അതല്ല. ഒരു സിനിമയില്‍ നാലു പാട്ടുണ്ടെങ്കില്‍ നാലു പേരാണ് എഴുതുന്നത്. അതില്‍ ഒരാളായി ചെന്ന് പാട്ടെഴുതാന്‍ താത്പര്യമില്ല. പുതുതായി തേടിവരുന്ന പല സിനിമകളും ഇങ്ങനെ ഒഴിവാക്കേണ്ടി വരുന്നുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് ഇതുപോലെ ഒരു പ്രൊജക്ട് വന്നിരുന്നു. ആ സിനിമയില്‍ മൂന്നു പേരാണ് പാട്ടെഴുതുന്നത്. അതില്‍ ഒരു പാട്ട് ഞാനുമെഴുതണം. അത് വേണ്ടെന്നു വച്ചു. എഴുതുകയാണെങ്കില്‍ എല്ലാ പാട്ടും ഞാന്‍ തന്നെ എഴുതും. അതല്ല, ഇനി എനിക്ക് വല്ല അസൗകര്യമോ തിരക്കോ ഉണ്ടെങ്കില്‍ ഒന്നോ രണ്ടോ പാട്ടെഴുതാന്‍ ഞാന്‍ തന്നെ ഒരാളെ നിര്‍ദേശിക്കും. ഇത് അനുസരിക്കാന്‍ സംഗീത സംവിധായകര്‍ തയ്യാറാകണം.

പുതിയ സംഗീത സംവിധായകര്‍ വിളിക്കാറില്ല

പഴയ ആളുകളുമായി ഇടപെടാനുള്ള മടി കൊണ്ടാണോ മാറിയ ട്രെന്‍ഡുകള്‍ക്ക് നമ്മളെ വേണ്ടാഞ്ഞിട്ടാണോ എന്നറിയില്ല, പുതിയ സംഗീത സംവിധായകരും സിനിമാക്കാരും അങ്ങനെ വിളിക്കാറില്ല. വിളിച്ചാല്‍ തന്നെ ഒറ്റപ്പാട്ടായിരിക്കും അവര്‍ക്ക് ആവശ്യം. റമ്യൂണറേഷനിലും വിട്ടുവീഴ്ച ചെയ്യേണ്ടി വരും. അത്യാവശ്യം തരക്കേടില്ലാത്ത റമ്യൂണറേഷനില്‍ എഴുതിയിരുന്ന ഒരാളാണ് ഞാന്‍. അത് കിട്ടാതെ എഴുതുന്നതില്‍ കാര്യമില്ലല്ലോ.

ഇപ്പോള്‍ നല്ല പാട്ടുകളില്ല

പണ്ടത്തെ പോലെ ഇപ്പോള്‍ നല്ല പാട്ടുകള്‍ ഉണ്ടാകുന്നില്ല. കേരളീയമായിരുന്നു പണ്ടത്തെ പാട്ടുകള്‍. ശ്രീകുമാരന്‍ തമ്പിയുടെ പാട്ടുകളിലൊക്കെയാണ് കേരളീയത ഒടുവിലായി കാണാന്‍ കഴിയുന്നത്. വയലാര്‍ ഒക്കെ എഴുതിയിരുന്നപ്പോഴായിരുന്നു മലയാളിയെയും കേരളീയതയെയും ഏറ്റവും നന്നായി പാട്ടുകളില്‍ ആവിഷ്‌കരിച്ചിരുന്നത്. മലയാളികളുടെ ജീവിതത്തില്‍ വന്ന മാറ്റമായിരിക്കാം പാട്ടുകളിലും സംഭവിച്ചത്.


പാട്ടെഴുത്തുകാരോട് പറയാനുള്ളത്

ട്യൂണിനൊപ്പിച്ച് വാക്കുകള്‍ ചേര്‍ത്തു വയ്ക്കുന്നതിലല്ല കാര്യം. ഇപ്പോഴത്തെ പാട്ടുകളില്‍ അതു മാത്രമാണ് കാണുന്നത്. പാട്ടെഴുതുമ്പോള്‍ വാക്കുകളുടെ അര്‍ഥവും ആശയവും സിനിമയുടെ കഥാ ഘടനയും സന്ദര്‍ഭവും അറിഞ്ഞിരിക്കണം. ഒരു പാട്ടെഴുതുമ്പോള്‍ എന്തിനെപ്പറ്റിയാണ് നമ്മള്‍ എഴുതുന്നത് എന്നതിനെപ്പറ്റി നല്ല ധാരണയും ചരിത്രവും ഭൂമിശാസ്ത്രവുമെല്ലാം അറിഞ്ഞിരിക്കണം. അങ്ങനെ എഴുതുന്നവര്‍ നല്ല പാട്ടെഴുത്തുകാരും പ്രശസ്തരായ പാട്ടെഴുത്തുകാരുമായി മാറും.

കേരളം മാറി; മലയാളിയും

സമൂഹത്തിലെ മാറ്റമാണ് കലയിലും വന്നത്. എന്തെഴുതിയിട്ടും എന്തു ഫലം എന്ന തോന്നല്‍ വന്നു പോയിട്ടുണ്ട്. മലയാളി സമൂഹം വല്ലാതെ മാറി. പ്രശ്‌നം ജാതിയും മതവും മാത്രമല്ല, മനസ്സിന്റേതു കൂടിയാണ്. മനസ്സ് നന്നാകണം. അതാണ് പ്രധാനം. ആള്‍ക്കാര്‍ക്ക് പരസ്പരം പകയാണ്. കൊലപാതകം നടത്താനൊന്നും യാതൊരു മടിയുമില്ലാത്തവരായി മാറി. വലിയ മനപ്രയാസമുണ്ടാക്കുന്നതാണ് കേരളത്തിന്റെ ഈ മാറ്റം. യാത്ര ചെയ്യാന്‍ പോലും പേടിയാണ്. വാഹനാപകടത്തെ മാത്രം പേടിച്ചാല്‍ പോരാ, എപ്പോഴാണ് ആരാണ് ആക്രമിക്കുന്നതെന്നു പറയാനാവാത്ത സ്ഥിതിയാണ്. സുന്ദരമായ നാടായിരുന്നു നമ്മുടേത്. ഇവിടത്തെ സസ്യജാലങ്ങള്‍ ഇല്ലാതായതുപോലെ മനസ്സും കൈമോശം വന്നിരിക്കുന്നു. കേരളത്തിലെ കേരം എന്നേ അപ്രത്യക്ഷമായി. ഇപ്പോള്‍ കാഴ്ചയിലും മനസ്സിലും പ്രവൃത്തിയിലും കേരളമില്ല. നന്മകളൊന്നും കാത്തുസൂക്ഷിക്കാന്‍ നമുക്കായില്ല. ഒരു മനം എന്നതാണ് പ്രധാനം. ഒരേ മനസ്സോടെ ചിന്തിക്കാന്‍ കഴിയുന്നൊരു നല്ല കാലത്തെ പ്രതീക്ഷിക്കുന്നു. 

ലോക്ക് ഡൗണിലും സജീവം

ഒന്നര വര്‍ഷം മുമ്പ് വീട്ടിലെ സിറ്റൗട്ടില്‍ വച്ച് കസേരയില്‍ തട്ടി വീണിരുന്നു. അതിന്റെ ശസ്ത്രക്രിയയ്ക്കു ശേഷം യാത്രകള്‍ ഒഴിവാക്കി. ലോക്ക് ഡൗണില്‍ പിന്നെ തീരെ പുറത്തുപോകാന്‍ പറ്റില്ലല്ലോ. ആശുപത്രിയിലേക്കല്ലാതെ ഇപ്പോള്‍ മറ്റു യാത്രകളൊന്നുമില്ല. എല്ലാ കാര്യങ്ങളിലും സഹായമായി ഭാര്യ പ്രസന്നയും മകന്‍ സുമനും ഒപ്പമുണ്ട്. ഭാര്യ വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് റിട്ടയര്‍ ചെയ്തു. മകന് സംഗീത സംവിധാനത്തിലാണ് താത്പര്യം. മല്ലനും മാതേവനും എന്ന സിനിമയ്ക്ക് സംഗീതം നല്‍കി. ഏതാനും തമിഴ് സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

   വീട്ടിലെ വിശ്രമവേളയില്‍ എഴുത്തിലും വായനയിലുമായി മുഴുകുന്നതാണ് എന്റെ പതിവ്. ധാരാളം വായിക്കും. ലിറ്റററി വര്‍ക്കിനേക്കാള്‍ ആത്മീയ പുസ്തകങ്ങളോടാണ് താത്പര്യം. എന്താണ് ഞാന്‍ അല്ലെങ്കില്‍ എന്താണ് മനുഷ്യന്‍ എന്ന അന്വേഷണം ഈ പുസ്തകങ്ങളിലുണ്ട്. ഇത്തരമൊരു അന്വേഷണം എനിക്ക് താത്പര്യമുള്ള കാര്യമാണ്. ടീവിയില്‍ സിനിമ കാണാറുണ്ട്. എങ്കിലും സിനിമ കാണാന്‍ തിയേറ്ററില്‍ പോകുന്നതാണ് ഇഷ്ടം.

ലോക്ക് ഡൗണ്‍ സമയത്ത് ഒരു ഡിവോഷണല്‍ ആല്‍ബത്തിലെ മുഴുവന്‍ പാട്ടുകളുമെഴുതി. കവിതകള്‍ എഴുതി. കോവിഡ് ഭീതിയൊഴിഞ്ഞാല്‍ പുതിയ പുസ്തകം പുറത്തിറക്കാനുള്ള ആലോചനയും ഉണ്ട്. 

മോഹന്‍ലാല്‍ വിളിക്കാറുണ്ട്

സിനിമാക്കാരില്‍ ഇടയ്ക്ക് വിളിച്ച് വിശേഷം തിരക്കുന്നത് മോഹന്‍ലാലാണ്. ജഗതിയും വിളിക്കുമായിരുന്നു. ഇപ്പോള്‍ ജഗതിക്ക് വയ്യല്ലോ. മറ്റു സിനിമാക്കാരുമായി ബന്ധത്തിന് കുറവില്ല. ആവശ്യങ്ങള്‍ക്ക് വിളിക്കാറുണ്ട്. എപ്പോഴും വിളിക്കുന്ന ശീലമില്ല.


ഇഷ്ടപ്പെട്ട സ്വന്തം 10 പാട്ടുകള്‍

പ്രണയ സരോവര തീരം (ഇന്നലെ ഇന്ന്)

ഹൃദയം ദേവാലയം (തെരുവുഗീതം)

വാകപ്പൂമരം ചൂടും (അനുഭവം)

നീലജലാശയത്തില്‍ (അംഗീകാരം)

ഒറ്റക്കമ്പി നാദം (തേനും വയമ്പും)

നളദമയന്തി കഥയിലെ അരയന്നം (റൗഡി രാമു)

മിഴിയോരം നനഞ്ഞൊഴുകും (മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍)

മൈനാകം കടലില്‍ നിന്നുയരുന്നുവോ (തൃഷ്ണ)

ഒളിക്കുന്നുവോ മിഴിക്കുമ്പിളില്‍ (ചമ്പക്കുളം തച്ചന്‍)

പഴം തമിഴ് പാട്ടിഴയും (മണിച്ചിത്രത്താഴ്)


ജീവിതചിത്രം

1942 ഫെബ്രുവരി 13ന് തിരുവനന്തപുരം ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടില്‍ പാറുക്കുട്ടിയമ്മയുടെയും സി.ജി. ഭാസ്‌ക്കരന്‍ നായരുടെയും മൂത്ത മകനായി ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് ബി.എ ബിരുദം നേടി. 1962ല്‍ അന്തര്‍ സര്‍വ്വകലാശാലാ റേഡിയോ നാടകോത്സവത്തില്‍ 'ബല്ലാത്ത ദുനിയാവാണ്' എന്ന നാടകമെഴുതി അഭിനയിച്ച് ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടി. സംവിധായകന്‍ എം.കൃഷ്ണന്‍നായരുടെ സഹസംവിധായകനായി ശബരിമല ശ്രീധര്‍മ്മശാസ്താവ് എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്. സി.ആര്‍.കെ നായരുടെ ഭജഗോവിന്ദം എന്ന ചിത്രത്തിന് ഗാനങ്ങള്‍ എഴുതിയെങ്കിലും ചിത്രം റിലീസായില്ല. തുടര്‍ന്ന് പാട്ടെഴുതിയ സ്ത്രീധനം എന്ന സിനിമയും പുറത്തുവന്നില്ല. നടന്‍ മധു നിര്‍മ്മിച്ച 'അക്കല്‍ദാമ'യാണ് ബിച്ചു തിരുമല ഗാനമെഴുതി റിലീസായ ആദ്യചിത്രം. 1981ലും (തൃഷ്ണ, തേനും വയമ്പും), 1991ലും (കടിഞ്ഞുല്‍ കല്യാണം) മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. സിനിമ, ലളിതഗാനം, ഭക്തിഗാനം, ആല്‍ബങ്ങള്‍ എന്നിവയിലായി അയ്യായിരത്തിലേറെ പാട്ടുകള്‍. ആദ്യ കവിതാസമാഹാരമായ 'അനുസരണയില്ലാത്ത മനസ്സിന്' 1990ലെ വാമദേവന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

മാധ്യമം കുടുംബം, 2021 മാര്‍ച്ച്

No comments:

Post a Comment