ഒരേ ഉച്ചാരണ ശൈലിയില്‍ മലയാളം സംസാരിക്കുന്നവരായിരുന്നു ആദ്യകാല മലയാള സിനിമാഭിനേതാക്കളെല്ലാം. ആറു നാട്ടില്‍ നൂറു ഭാഷ എന്ന പ്രാദേശിക വഴക്കം നിലനില്‍ക്കുമ്പോള്‍ തന്നെ നാടകത്തിന്റെയും സാഹിത്യത്തിന്റെയും സ്വാധീനത്തില്‍ സിനിമ അച്ചടിഭാഷ പറയാനാണ് ശ്രമിച്ചത്. സ്റ്റുഡിയോ ഫ്‌ളോറില്‍ അരങ്ങേറിപ്പോന്ന ഒരു കലാരൂപത്തെ സംബന്ധിച്ച് നാടക വേദിയിലേതു പോലുള്ള ഭാഷ ഒരര്‍ഥത്തില്‍ ഉചിതം തന്നെയായിരുന്നു. സിനിമ സ്റ്റുഡിയോ വിട്ട് മണ്ണിലേക്കിറങ്ങിയതോടെയാണ് പ്രാദേശികതയുടെയും നാട്ടുവഴക്കത്തിന്റെയും സാധ്യത അന്വേഷിച്ചു തുടങ്ങിയത്.
മലയാളസിനിമയില്‍ നാട്ടുഭാഷാ ശൈലിക്ക് പ്രചാരം കൊടുത്ത ആദ്യകാല നടന്‍മാരിലൊരാള്‍ കുതിരവട്ടം പപ്പു എന്ന പദ്മദളാക്ഷനാണ്. തന്റെ സ്വതസിദ്ധമായ കോഴിക്കോടന്‍ ഭാഷാശൈലി കൊണ്ടാണ് പപ്പു പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയത്. തനിമലയാളം പറയുന്ന നടീനട•ാര്‍ക്കിടയിലേക്കാണ് തനിനാട്ടുവഴക്കവുമായി പപ്പു കയറിച്ചെല്ലുന്നത്. അതുകൊണ്ടുതന്നെ പപ്പുവിലെ വാചികാഭിനേതാവാണ് പെട്ടെന്ന് സ്വീകരിക്കപ്പെട്ടത്. അഭിനയത്തിന്റെ തുടക്കകാലത്തെ ഈ സ്ഥിതി സിനിമയില്‍ ചിരപ്രതിഷ്ഠ നേടിയിട്ടും മരണശേഷവും തുടര്‍ന്നുപോരുന്നു. സവിശേഷമായ ഭാഷാശൈലിയും പ്രയോഗങ്ങളും കൊണ്ടാണ് പപ്പുവിനെ പ്രേക്ഷകര്‍ ഇപ്പോഴും ഓര്‍ത്തുപോരുന്നത്.
പതിനേഴാം വയസ്സില്‍ നാടകത്തില്‍ അഭിനയിച്ചു തുടങ്ങിയ പപ്പു നാടകവേദിയില്‍ ശ്രദ്ധിക്കപ്പെടുന്നത് കോഴിക്കോടന്‍ ഗ്രാമ്യഭാഷയും നാടകീയതയില്ലാത്ത അഭിനയശൈലി കൊണ്ടുമാണ്. നെല്ലിക്കോട് ഭാസ്‌കരന്‍, കെ.ടി. മുഹമ്മദ്, തിക്കോടിയന്‍, കുഞ്ഞാണ്ടി, വാസു പ്രദീപ് തുടങ്ങി അക്കാലത്തെ കോഴിക്കോടന്‍ നാടകക്കളരിയിലെ അഗ്രഗണ്യന്‍മാര്‍ തെളിച്ച പാതയിലൂടെയായിരുന്നു പപ്പു അരങ്ങിലെത്തിയത്. സവിശേഷമായ ഭാഷാ പ്രയോഗവും തനി സാധാരണക്കാരനായ ഗ്രാമീണ മനുഷ്യന്റെ ചേഷ്ടകളും നാടകവേദികളില്‍ പപ്പുവിനെ ജനപ്രിയനാക്കി. ഈ ജനപ്രിയതയുടെ തുടര്‍ച്ചയാണ് പപ്പു സിനിമയിലും കണ്ടെത്തുന്നത്.
എല്ലാവരും ഒരേപടി അച്ചടിമലയാളം സംസാരിക്കുമ്പോള്‍ പ്രാദേശിക വഴക്കവുമായി എത്തിയ ഈ നടനെ പ്രേക്ഷകര്‍ക്കും നന്നേ രസിച്ചു. പിന്നീട് പല അഭിനേതാക്കള്‍ക്കും തങ്ങളുടെ പ്രാദേശിക ഭാഷാ ശൈലി പിന്തുടരാനും തിരക്കഥാകാരന്‍മാര്‍ക്ക് പ്രാദേശിക ഭാഷാ വഴക്കങ്ങള്‍ തിരക്കഥയില്‍ സ്വതന്ത്രമായി ഉപയോഗിക്കാനുമുള്ള ആത്മവിശ്വാസം നല്‍കുന്നതായിരുന്നു പപ്പുവിന്റെ കോഴിക്കോടന്‍ ശൈലി. തിരക്കഥാകാരന്‍മാര്‍ കഥ നടക്കുന്ന പ്രദേശവുമായി ബന്ധപ്പെട്ട ഭാഷയില്‍ എഴുതാനും അഭിനേതാക്കളെക്കൊണ്ട് അതുപ്രകാരം പറയിപ്പിക്കാനും തുടങ്ങി. പപ്പുവിനു വേണ്ടി എഴുതപ്പെട്ടതു കൂടുതലും കോഴിക്കോടന്‍ വേഷങ്ങളായിരുന്നു. അതല്ലെങ്കില്‍ നാടേതെന്ന് വ്യക്തമാക്കാതെ പപ്പുവിന്റെ സ്വതസിദ്ധമായ ശൈലീപ്രയോഗങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്ന കഥാപാത്രങ്ങള്‍. അങ്ങനെ ഏതു നാട്ടില്‍ നടക്കുന്ന കഥയായാലും പപ്പു സ്വന്തം ഭാഷയിലും ശൈലിയും യഥേഷ്ടം വിഹരിച്ചു.
സ്വാഭാവികവും അനുകരിക്കാന്‍ സാധിക്കാത്തതുമായ ശൈലിയാണ് ഈ നടന്റേത്. മുഖത്തു വരുന്ന ഭാവങ്ങള്‍, ചിരി, ഇളി, മൂളല്‍, നോട്ടം, സവിശേഷമായ ശബ്ദ വ്യതിയാനങ്ങള്‍, പ്രയോഗങ്ങള്‍, ശൈലികള്‍, കൈയിന്റെയും ശരീരത്തിന്റേയും ചലനങ്ങള്‍, ഗോഷ്ടികള്‍, തിരക്കഥയ്ക്കു പുറത്തേക്കു വളരുന്ന വാചിക, ആംഗിക പ്രയോഗസാധ്യത തുടങ്ങിയ ശേഷികള്‍ പപ്പുവിനെ അനിതരസാധാരണനും അനുകരിക്കാന്‍ അപ്രാപ്യനുമായ നടനാക്കി മാറ്റാന്‍ പോന്നതായിരുന്നു.
ഗ്രാമീണ ഭാഷാശൈലിക്കൊപ്പം സാധാരണക്കാരന്റെ മുഖവും ഭാവങ്ങളുമാണ് പപ്പുവിന്റേത്. നമുക്ക് തൊട്ടടുത്തു തന്നെയുള്ള ഒരാള്‍, നാട്ടിന്‍പുറത്തെ റോഡുവക്കത്തും ചായക്കടയിലും തൊഴിലിടങ്ങളിലും കണ്ടുമുട്ടുന്ന പരിചയക്കാരന്‍ എന്നൊക്കെ തോന്നും വിധം സാധാരണീയമാണ് ആ ശരീരവും ഭാഷയും. ചിലപ്പോള്‍ ആധുനിക വേഷധാരിയും പ്രൊഫഷണലുമായി പപ്പുവിനെ കാണാം. അപ്പോഴും സ്വാഭാവിക ചേഷ്ടകളില്‍ തെല്ലും കലര്‍പ്പു പകരുന്നില്ല.
ഹാസ്യനടനായിട്ടാണ് പപ്പുവിനെ മലയാള സിനിമയും പ്രേക്ഷകരും അടയാളപ്പെടുത്തിയിട്ടുള്ളത്. അഭിനയ പ്രകാശനത്തില്‍ ഫലിപ്പിക്കാന്‍ ഏറെ പ്രയാസകരമായ ഹാസ്യം ഒരേസമയം ശരീരത്തിന്റെയും ശബ്ദത്തിന്റെയും സാധ്യതകള്‍ ഉപയോഗിച്ച് ഏറ്റവും അനായാസമായിട്ടാണ് പപ്പു പ്രകടിപ്പിക്കുന്നത്. പ്രാദേശിക ശബ്ദശൈലി കൊണ്ട് ശ്രദ്ധിക്കപ്പെട്ട അഭിനേതാവ് എന്നു പേരെടുക്കുമ്പോഴും അഭിനയപ്രക്രിയയില്‍ ശരീരത്തെ പൂര്‍ണമായി ഉപയോഗിക്കുന്ന നടന്‍ കൂടിയാണ് പപ്പു.
പപ്പുവിന്റെ ഏറ്റവും ജനപ്രിയമായ വെള്ളാനകളുടെ നാട് എന്ന സിനിമയിലെ സുലൈമാന്‍ എന്ന റോഡ് റോളര്‍ ഡ്രൈവര്‍ കഥാപാത്രത്തെ ഓര്‍മ്മിക്കുക. താമരശ്ശേരി ചുരത്തില്‍ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട അമ്മായിവണ്ടി(റോഡ് റോളര്‍)യുടെ കഥ സുലൈമാന്‍ അവതരിപ്പിക്കുന്നത് സ്വയം ഒരു വണ്ടിയായി മാറിക്കൊണ്ടാണ്. ചുരത്തിലൂടെയുള്ള അമ്മായിവണ്ടിയുടെ യാത്രയുടെ തുടക്കത്തിലെ മന്ദതയും പിന്നെ നിയന്ത്രണം വിടലും ഒടുക്കം 'പടച്ചോനേ ഇങ്ങള് കാത്തോളീ' എന്ന വിട്ടുകൊടുക്കല്‍ വിളിയുമാകുമ്പോള്‍ ആ അവസ്ഥയുടെ മുഴുവന്‍ കയറ്റിറക്കങ്ങളും ആവേഗവുമായി പ്രേക്ഷകരും താമരശ്ശേരി ചുരത്തിലൂടെ സഞ്ചരിക്കുകയാണ്.
കോട്ടയം കുഞ്ഞച്ചനിലെ പപ്പുവിന്റെ ഇന്‍ട്രോ സീനില്‍ കാറില്‍ നിന്ന് പുറത്തേക്കു തലയിട്ട് സൈനുദ്ധീനെ നോക്കിയുള്ള ആ ചിരി. മുഖത്തു വരുത്തുന്ന സവിശേഷമായ ഒറ്റ ഇളിയില്‍ നിന്ന് കാണികളിലുണ്ടാകുന്ന വലിയ ചിരിയായി അത് മാറുന്നു. വെള്ളാനകളുടെ നാട്ടില്‍ സംസാരവും പ്രവൃത്തിയും കൊണ്ടാണ് ചിരി ഉണ്ടാക്കിയതെങ്കില്‍ ഇവിടെ ഒറ്റ ഇളി ഒരു വലിയ ചിരിയുടെ തുടക്കമാകുന്നു. ഇപ്പോള്‍ ട്രോളുകളിലും മീമുകളിലും ഉപയോഗിക്കുന്ന പപ്പുവിന്റെ ജനപ്രിയ മുഖങ്ങളിലൊന്ന് കോട്ടയം കുഞ്ഞച്ചനിലെ ഈ ചിരിയാണ്.
മലയാളി ദിവസ ജീവിതത്തില്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന ചില പ്രയോഗങ്ങള്‍ പപ്പു കഥാപാത്രങ്ങളുടെ സംഭാവനയാണ്. 'ഇപ്പൊ ശരിയാക്കിത്തരാം','മ്മടെ താമരശ്ശേരി ചുരം', 'ഇത് ചെറ്ത്', 'പടച്ചോനേ ഇങ്ങള് കാത്തോളീ', 'മൊയ്തീനേ ആ ചെറിയ സ്പീനറിങ്ങെടുക്ക്', 'അപ്പോത്തന്നെ വിളിച്ച് ഒരവാര്‍ഡും തന്ന്', 'പഹയാ, ഇയ്യ് വല്ലാത്തൊരു സംഭവം തന്നെ' തുടങ്ങിയ പ്രയോഗങ്ങളുടെയെല്ലാം ഉടമസ്ഥാവകാശം വെള്ളാനകളുടെ നാട്ടിലെ സുലൈമാനാണ്. ഒരു കഥാപാത്രം ഇത്രയും പ്രയോഗ ശൈലികള്‍ സൃഷ്ടിച്ച് ജനപ്രിയമാക്കുകയും അത് കാലാതീതമാകുകയും ചെയ്യുന്ന അത്യപൂര്‍വതയാണ് വെള്ളാനകളുടെ നാട് എന്ന സിനിമയില്‍ സംഭവിച്ചത്.
സുലൈമാന്റെ തുടര്‍ച്ചയെന്നോണമുള്ള അനായാസത പപ്പുവിന്റെ മറ്റൊരു ഡ്രൈവര്‍ കഥാപാത്രമായ ഏയ് ഓട്ടോയിലെ മൊയ്തുവില്‍ കാണാം. ലുങ്കിയുടുക്കുന്നതിലും ഓട്ടോ ഡ്രൈവറുടെ കാക്കിക്കുപ്പായം അണിയുന്നതിലും പിന്‍കഴുത്തില്‍ ചുറ്റിവച്ചിരിക്കുന്ന തൂവാലയിലും തുടങ്ങുന്ന സ്വാഭാവികത പപ്പുവിനെ ചുറ്റും കാണുന്ന തനി ഓട്ടോ ഡ്രൈവറാക്കി മാറ്റുന്നു. അയാള്‍ ഓട്ടോ ഓടിക്കുന്നതും യാത്രക്കാരോട് സംസാരിക്കുന്നതും തനി സാധാരണക്കാരന്‍ ഓട്ടോ ഡ്രൈവറുടെ പ്രതിനിധിയായിട്ടാണ്. താരശരീരം ഇവിടെയൊന്നും പപ്പുവിനെ സ്പര്‍ശിക്കുന്നതേയില്ല.
തേ•ാവിന്‍ കൊമ്പത്തിലെ കുടിയനായ അമ്മാവനാണ് ടാസ്‌കി എന്ന പ്രയോഗം മലയാളികള്‍ക്കിടയിലേക്ക് കൊണ്ടുവന്നത്. 'ടാസ്‌കി വിളിയെടാ' എന്നാണ് അമ്മാവന്‍ ആവര്‍ത്തിക്കുന്നത്. 'താനാരാണെന്ന് 'തനിക്കറിയില്ലെങ്കില്‍ ഞാന്‍ പറയാം താനാരാണെന്ന്...' എന്ന രസികന്‍ ശൈലിയുടെ തുടക്കവും ഈ പ്രിയദര്‍ശന്‍ സിനിമയിലൂടെയാണ്.
മ്വേേേനേ...എന്ന വിളി ജനപ്രിയമായത് കപ്പടാ മീശയുള്ള മിഥുനത്തിലെ പലിശ പീതംബരനിലൂടെയാണ്. 'വാരിയംപള്ളിയിലെ മീനാക്ഷിയല്ലേ, എന്താ മോളേ സ്‌കൂട്ടറില്',' എന്നെ ഇപ്പോ ഒന്നു സൂക്ഷിച്ചു നോക്കിക്കേ, എനിക്കെന്തെങ്കിലും കൊഴപ്പണ്ടോ' എന്നു തുടങ്ങുന്ന മണിച്ചിത്രത്താഴിലെ കാട്ടുപറമ്പന്റെ പറച്ചിലുകളില്‍ ഹാസ്യത്തിന്റെ വേറിട്ട മാനം പ്രേക്ഷകര്‍ അനുഭവിക്കുന്നു. പ്രത്യേക ഭാവാഹാവാദികളോടെ ആലിന്‍തറയിലിരിക്കുന്ന, ചെവിയില്‍ ചെമ്പരത്തിപ്പൂവു വച്ച, വെള്ളത്തില്‍ ചവിട്ടാതെ മുണ്ടുപൊക്കി ചാടിപ്പോകുന്ന കാട്ടുപറമ്പന്റെ ചിത്രങ്ങള്‍ അനശ്വരമായി മാറുന്നു.
മിന്നാരത്തിലെ ട്യൂഷന്‍ മാസ്റ്റര്‍ മുടി, മീശ, കൈയിലെ വടി, വേഷം, ഇംഗ്ലീഷ് സംസാരശൈലി എന്നിവ കൊണ്ട് പ്രഥമദൃഷ്ട്യാ ചിരി സൃഷ്ടിക്കുന്നയാളാണ്.
മദ്യപനായി അഭിനയിക്കുമ്പോള്‍ അതേ അവസ്ഥ തന്നെ അനുഭവിപ്പിക്കാന്‍ പപ്പുവിനാകുന്നു. കോട്ടയം കുഞ്ഞച്ചന്‍, തേ•ാവിന്‍ കൊമ്പത്ത്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്നീ സിനിമകളിലെ കഥാപാത്രങ്ങളുടെ സംസാരം മാത്രമല്ല, മുഖവും ശരീരമാകെയും മദ്യപാനിയുടേതായി മാറുന്നതായി കാണാം.
ഹാസ്യനടന്‍ എന്ന നിലയില്‍ പേരെടുത്ത പപ്പുവിനെ എണ്‍പതുകളിലെ ജനപ്രിയ ഹാസ്യതാരമെന്ന നിലയിലേക്ക് വളര്‍ത്തുന്ന സംവിധായകരിലൊരാള്‍ പ്രിയദര്‍ശനാണ്. പൂച്ചക്കൊരു മൂക്കുത്തിയിലെ ചെറിയാന്‍ നായര്‍ എന്ന കുട്ടന്‍, ഓടരുതമ്മാവാ ആളറിയാമിലെ പാച്ചു പിള്ള, ധീം തരികിട തോമിലെ കരീം, അയല്‍വാസി ഒരു ദരിദ്രവാസിയിലെ വേലു, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നുവിലെ സര്‍ദാര്‍ കോമകുറുപ്പ്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നുവിലെ ഔസേപ്പച്ചന്‍, വന്ദനത്തിലെ റോഡ്രിഗസ് തുടങ്ങി പ്രിയദര്‍ശന്‍ ചിത്രങ്ങളിലെല്ലാം ചിരി പടര്‍ത്തുന്ന ശ്രദ്ധേയ കഥാപാത്രങ്ങളായിരുന്നു പപ്പുവിന്റേത്.
ഇവയെ തുടര്‍ന്നുവരുന്ന പ്രാദേശിക വാര്‍ത്തകളിലെ വെളിച്ചപ്പാട്, പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ പുഷ്പാംഗദന്‍, ഡോ.പശുപതിയിലെ ഉത്പലാക്ഷന്‍, ഏയ് ഓട്ടോയിലെ മൊയ്തു, ആമിനാ ടെയ്‌ലേഴ്‌സിലെ കുഞ്ഞലവി, മൂക്കില്ലാ രാജ്യത്തിലെ വാസു, ജോര്‍ജ്കുട്ടി ര/ീ ജോര്‍ജ്കുട്ടിയിലെ പൗലോസ്, വിയറ്റ്‌നാം കോളനിയിലെ എരുമേലി തുടങ്ങിയ കഥാപാത്രങ്ങളിലും പപ്പു തീര്‍ക്കുന്നത് വലിയ ചിരികളാണ്.
നാടകവേദിയിലെ ഹാസ്യകഥാപാത്രങ്ങളുടെ തുടര്‍ച്ചയായി ചിരിപ്പിക്കുന്ന നടനായിട്ടാണ് പപ്പു ജനപ്രിയതലത്തില്‍ വിലയിരുത്തപ്പെടുന്നതെങ്കിലും ചിരിക്കുള്ളില്‍ ഒളിപ്പിച്ചുവയ്ക്കുന്ന കരച്ചില്‍ പപ്പുവിന്റെ പല കഥാപാത്രങ്ങളിലും കാണാം. എം.ടിയുടെ തിരക്കഥയില്‍ യൂസഫലി കേച്ചേരി സംവിധാനം ചെയ്ത നീലത്താമരയിലെ ശങ്കരന്‍കുട്ടി മേനോന്‍ അത്തരത്തിലുള്ള ഒന്നാണ്. ഒരിക്കലും വിശപ്പ് കെടാത്ത ശങ്കരന്‍കുട്ടി മേനോന്‍ ചായക്കടയില്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്കും നടത്തിപ്പുകാരനും നേരംപോക്കും ബാധ്യതയുമാകുമ്പോള്‍ തന്നെ അയാളുടെ വിശപ്പിന്റെ വിളി കരച്ചിലോളമെത്തുന്നുമുണ്ട്.
തുടക്കകാലത്ത് പപ്പുവിലെ നടനെ ഏറ്റവുമധികം ചൂഷണം ചെയ്തത് ഐ.വി. ശശിയാണ്. അവളുടെ രാവുകളിലെ കൂട്ടിക്കൊടുപ്പുക്കാരനായ ദാമു പപ്പുവിന്റെ കരിയറിലെ മികച്ച പാത്രസൃഷ്ടികളിലൊന്നാകുന്നു. ജീവിതത്തിന്റെ പരുഷ യാഥാര്‍ഥ്യങ്ങളോടു ചേര്‍ന്നുനില്‍ക്കുന്ന ഈ കഥാപാത്രത്തില്‍ പപ്പു പ്രകടിപ്പിച്ച അനായാസത തുടര്‍ന്നുള്ള ശക്തമായ വേഷങ്ങളിലേക്കുള്ള വഴിയായിരുന്നു. അങ്ങാടി എന്ന സിനിമയിലെ അബുവിന്റെ പാത്രസൃഷ്ടി അങ്ങനെയാണുണ്ടാകുന്നത്. സരസനായ കഥാപാത്രം ജീവിതമേല്‍പ്പിക്കുന്ന പൊള്ളുന്ന അനുഭവം കൊണ്ട് പെട്ടെന്ന് കരച്ചിലിലേക്ക് വഴിമാറുന്നത് അബുവില്‍ കാണാം. പ്രേക്ഷകനെ ചിരിയില്‍ നിന്ന് കരച്ചിലിലേക്ക് വഴിമാറ്റാന്‍ പെട്ടെന്ന് സാധിക്കുന്ന പപ്പുവിലെ നടന്റെ അസാധാരണ ശേഷിയെ അങ്ങാടിയില്‍ ഐ.വി ശശി കണ്ടെത്തുന്നു. വയറ്റത്തടിച്ച് വിശപ്പിന്റെ താളത്തില്‍ പാട്ട് പാടുന്ന വാര്‍ത്തയിലെ ഹംസ പപ്പുവിലെ സ്വാഭാവിക പ്രതിഭയുടെ മറ്റൊരു ദൃഷ്ടാന്തമാണ്.
ഷാജി കൈലാസിന്റെ ദി കിംഗില്‍ പ്രായത്തിന്റെ ദൈന്യതയില്‍ വലഞ്ഞ്, കാഴ്ചയ്ക്ക് മങ്ങല്‍ വന്ന്, എന്നാല്‍ രാജ്യസ്‌നേഹത്തില്‍ ഇതെല്ലാം പിറകിലേക്കു മാഞ്ഞുപോകുന്ന, ഇരുകവിളുകളും ഉള്ളിലേക്കു കുഴിഞ്ഞ്, കൈകള്‍ മുകളിലേക്കുയര്‍ത്തി പപ്പുവിന്റെ സ്വാതന്ത്രസമരസേനാനി 'ഭാരത് മാതാ കീ' എന്നു വിളിക്കുന്ന ആ ഒരൊറ്റ നിമിഷത്തില്‍ അനിതരസാധാരണ ശേഷിയുള്ള നടനെ പ്രേക്ഷകന് അനുഭവിക്കാനാകുന്നു.
ഹാസ്യവും, ഗൗരവ വേഷങ്ങളും ഇടവിട്ട് അവതരിപ്പിക്കുമ്പോഴും ഒരിക്കല്‍ പോലും ആവര്‍ത്തനവിരസമാകുന്നില്ല പപ്പുവിന്റെ അഭിനയം. ഹാസ്യനട•ാര്‍ ജനപ്രിയരാകുമ്പോള്‍ അവരെ ചേര്‍ത്ത് ഒരേ അച്ചില്‍ വാര്‍ത്ത കഥാപാത്രങ്ങള്‍ സൃഷ്ടിക്കാന്‍ സിനിമ നിര്‍ബന്ധിതമാകാറുണ്ട്. സ്വാഭാവികമായും പപ്പുവിനും ഈ ജനപ്രിയത ബാധ്യതയായിട്ടുണ്ട്. ഇത്തരം കഥാപാത്രങ്ങളെ സ്വന്തം നിലയ്ക്ക് മെച്ചപ്പെടുത്താനുള്ള ശേഷി ആര്‍ജിച്ചുകൊണ്ടാണ് പപ്പുവിലെ നടന്‍ മറികടക്കുന്നത്. അങ്ങനെയാണ് ഒരിക്കലും വിരസനാകാത്ത നടനായി പപ്പു പ്രേക്ഷകര്‍ക്കിടയില്‍ അവശേഷിക്കുന്നതും.
കളം ന്യൂസ് ഓണ്‍ലൈന്‍, തിരക്കാഴ്ച -5, 2021 ഫെബ്രുവരി
https://kalamnews.in/column-thirakkazhcha-np.muraleekrushnan-episode-5
No comments:
Post a Comment