Monday, 1 March 2021

ഞാന്‍ സംതൃപ്തനാണ് - അഭിമുഖം ശ്രീകുമാരന്‍ തമ്പി/ എന്‍.പി. മുരളീകൃഷ്ണന്‍


'ഇറ്റ് ഈസ് റിയലി എ വണ്ടര്‍, ഒരു മനുഷ്യന്‍ ഇത്രയും കാര്യങ്ങള്‍ ചെയ്യുന്നത് ഞങ്ങള്‍ക്കൊന്നും സ്വപ്നം കാണാന്‍ പറ്റില്ല.' എഴുന്നേറ്റു നിന്ന് സാദരം കൈയടിച്ചുകൊണ്ടിരുന്ന സദസ്സിനോടായി വിഖ്യാത ഇന്ത്യന്‍ സംവിധായകന്‍ ശ്യാം ബെനഗല്‍ പറഞ്ഞു. ഹൈദരാബാദില്‍ നടന്ന ഒരു ഫിലിം അവാര്‍ഡ് നൈറ്റ് ആയിരുന്നു വേദി. കൈയടികള്‍ക്കൊടുവില്‍ ആദരമേറ്റു വാങ്ങിയ മനുഷ്യന്റെ മറുപടി. 

' ഞാന്‍ ഒരു കര്‍മ്മയോഗിയാണ്. ഞാനെന്റെ കര്‍മ്മം ചെയ്യുന്നു. മറ്റൊരു അവകാശവാദവും ഇല്ല. അവാര്‍ഡ് കിട്ടണമെന്നോ, ഗിന്നസ് ബുക്കില്‍ പേരു വരണമെന്നോ അങ്ങനെ യാതൊരു ആഗ്രഹവും എനിക്കില്ല. പക്ഷേ ഒന്നുറപ്പാണ്. ഇത്രയധികം മേഖലകളില്‍ ഒരുപോലെ പ്രവര്‍ത്തിക്കുകയും അതിലെല്ലാം വിജയിക്കുകയും ചെയ്തവര്‍ അധികം പേരില്ല. ഏറ്റവുമധികം സിനിമ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ സിനിമയില്‍ ഇല്ലെന്ന് ഉറപ്പാണ്. ഒരുപക്ഷേ ലോക സിനിമയില്‍ തന്നെ ഉണ്ടാകില്ല.'

270 സിനിമകളുടെ ഗാനരചയിതാവ്, ആയിരക്കണക്കിന് പാട്ടുകള്‍, 29 സിനിമകളുടേയും 42 ഡോക്യുമെന്ററികളുടെയും 13 ടെലിവിഷന്‍ പരമ്പരകളുടേയും സംവിധായകന്‍, 85 സിനിമകളുടെ തിരക്കഥാകാരന്‍, 26 സിനിമകളുടെ നിര്‍മ്മാതാവ്, രണ്ടു സിനിമകള്‍ക്കും 42 ഡോക്യുമെന്ററികള്‍ക്കും 13 പരമ്പരകള്‍ക്കും സംഗീത സംവിധാനം, നോവലുകളും കവിതാ സമാഹാരങ്ങളുമായി സാഹിത്യസംഭാവനകള്‍ വേറെയും. വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത ചലച്ചിത്രകാരനാണ് ശ്രീകുമാരന്‍ തമ്പി. മലയാളത്തിന്റെ ശ്രീ. 

    സ്വപ്നതുല്യമായ ഈ നേട്ടങ്ങളൊന്നും ശ്രീകുമാരന്‍ തമ്പിയെ ഭരിക്കുന്നേയില്ല. 80-ാം വയസ്സിലും കൂടുതല്‍ കര്‍മ്മനിരതനാകാനുള്ള ഊര്‍ജ്ജമാണ് അദ്ദേഹത്തിന് നേട്ടങ്ങളുടെ ഈ വലിയ പട്ടിക.

സിനിമയിലെ ഒറ്റയാനായ ശ്രീകുമാരന്‍ തമ്പി തിരുവനന്തപുരം പേയാട് പള്ളിമുക്കിലെ വീട്ടിലും തനിച്ചാണ് താമസം. വീടിനോടു ചേര്‍ന്നുള്ള ഓഫീസ് കെട്ടിടത്തിന്റെ കാവല്‍ക്കാരനായി ഒരാളുണ്ട്. അല്ലാതെ വീട്ടില്‍ മറ്റാരും കൂട്ടിനില്ല. ഈ ഏകാന്തവാസം തുടങ്ങിയിട്ട് 25 വര്‍ഷമായി. കോവിഡ് കാലമായതിനാല്‍ പൊതുപരിപാടികളിലും പങ്കെടുക്കുന്നില്ല. മുഴുവന്‍ സമയവും വീട്ടില്‍ തന്നെ. എഴുത്തും വായനയുമായി സ്വസ്ഥം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വരുന്ന 'ജീവിതം ഒരു പെന്‍ഡുലം' എന്ന ആത്മകഥയും കവിതകളുമാണ് കോവിഡ് കാലത്തെ പ്രധാന രചനകള്‍. അതിനിടയില്‍ സോഷ്യല്‍ മീഡിയയിലെ എഴുത്തുകളുമായി അല്പസമയം ചെലവിടും. മനസ്സില്‍ ഒരു സ്വപ്ന സിനിമയുടെ എഴുത്തുപണികളും നടക്കുന്നുണ്ട്. പ്രായം വെറും നമ്പറാണെന്ന പറച്ചില്‍ ശ്രീകുമാരന്‍ തമ്പിയുടെ കാര്യത്തില്‍ പൂര്‍ണമായും ശരിയാണ്. നടപ്പിലും പ്രവൃത്തിയിലും സംസാരത്തിലും ചെറുപ്പക്കാരന്റെ ഊര്‍ജ്ജം. പ്രായത്തിന്റെ കിതപ്പ് എങ്ങും കാണാനില്ല. സംസാരിച്ചു തുടങ്ങുമ്പോള്‍ ഊര്‍ജ്ജം പിന്നെയും കൂടും. നന്നേ ചെറുപ്പത്തില്‍ സിനിമയിലെത്തിയ ആ ചെറുപ്പക്കാരന്‍ പെട്ടെന്ന് ആവേശിക്കും. പിന്നെ സിനിമയുടെ തീരാക്കൗതുകങ്ങളുടെ കഥകള്‍ പെരുമഴയായി പെയ്തു തുടങ്ങുകയാണ്.


തനിച്ചുള്ള ജീവിതം മടുപ്പില്ല

സിനിമയില്‍ സജീവമായിരുന്നപ്പോള്‍ ചെന്നൈയിലായിരുന്നു താമസം. സിനിമ വിട്ട് സീരിയല്‍ എടുക്കാന്‍ തുടങ്ങിയപ്പോഴാണ് തിരുവനന്തപുരത്തേക്കു വരേണ്ടിവന്നത്. പക്ഷേ ഭാര്യക്കും മക്കള്‍ക്കും ചെന്നൈയില്‍ നില്‍ക്കാനായിരുന്നു താത്പര്യം. ജനാധിപത്യം പറഞ്ഞാല്‍ പോരാ, പ്രവര്‍ത്തിച്ചു കാണിക്കണമെന്നു വിശ്വസിക്കുന്ന ആളാണു ഞാന്‍. അവര്‍ക്ക് മൂന്നുപേര്‍ക്കും ചെന്നൈയില്‍ തുടരണം. എനിക്കാണെങ്കില്‍ നാട്ടില്‍ വന്നേ തീരൂ. ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തെ മാനിക്കേണ്ടേ. അങ്ങനെ ഞാന്‍ തനിച്ച് തിരുവനന്തപുരത്തേക്ക് പോന്നു. ഭാര്യ 25 വര്‍ഷമായി ചെന്നൈയിലാണ്. ഇടയ്ക്ക് അവരെ കാണാന്‍ ഞാന്‍ അങ്ങോട്ടു പോകും. കൊച്ചുമക്കളൊക്കെ അവിടെയല്ലേ. ഇടയ്ക്ക് അവരെയൊക്കെ കാണാന്‍ തോന്നും. അപ്പോള്‍ പെട്ടെന്നു തന്നെ ചെന്നൈയ്ക്കുള്ള വണ്ടി പിടിക്കും. അങ്ങനെ കഴിഞ്ഞ 25 വര്‍ഷമായി ഞാന്‍ ചെന്നെയിലും തിരുവനന്തപുരത്തുമായി കഴിഞ്ഞുപോരുന്നു. മാസത്തില്‍ പകുതി അവിടെയും പകുതി ഇവിടെയും എന്നതായിരിക്കും ചിലപ്പോഴത്തെ സ്ഥിതി. കോവിഡ് ലോക്ക് ഡൗണ്‍ ആയതോടെ ചെന്നൈയിലേക്കുള്ള യാത്ര നിലച്ചു. ഇപ്പോള്‍ വീട്ടിനു പുറത്തിറങ്ങി എങ്ങോട്ടെങ്കിലും യാത്ര ചെയ്തിട്ടു മാസങ്ങളായി.

തിരുവനന്തപുരത്തെ വീട്ടില്‍ തനിച്ചു തന്നെയാണ് താമസം. അതില്‍ മടുപ്പൊന്നുമില്ല. ഇവിടെ വന്ന കാലത്തൊക്കെ സീരിയലിന്റെ തിരക്ക് ഉണ്ടായിരുന്നു. പിന്നീട് സീരിയല്‍ വിട്ടപ്പോഴാണ് ഇവിടെ ആളൊഴിഞ്ഞത്. അയല്‍പക്കത്തുള്ള വീട് വാടകയ്‌ക്കെടുത്ത് ഓഫീസാക്കി. അവിടെയാണ് സീരിയലിന്റെ വര്‍ക്കൊക്കെ നടന്നിരുന്നത്. അവിടെ ഇപ്പോഴും ഒരു ഓഫീസ് പോലെ സൂക്ഷിക്കുന്നു. പഴയ സിനിമകളുടെ തിരക്കഥകളും ഫിലിം റീലുകളും നിര്‍മ്മാണ സാധന സാമഗ്രികളുമൊക്കെ അവിടെയുണ്ട്. വിലപ്പെട്ട രേഖകളാണ്. പലതും അലങ്കോലപ്പെട്ടു കിടക്കുകയാണ്. ഞാനിതിലൊന്നും അത്ര ശ്രദ്ധ വയ്ക്കുന്ന കൂട്ടത്തിലല്ല.

പാചകത്തില്‍ താത്പര്യമുള്ളതുകൊണ്ട് തനിയെ വച്ചു കഴിക്കും. അല്ലെങ്കില്‍ ഹോട്ടലില്‍ പോയി കഴിക്കും. ഭക്ഷണകാര്യത്തില്‍ എനിക്കങ്ങനെ നിബന്ധനകളൊന്നുമില്ല. പണ്ടു മുതല്‍ക്കേ വെജിറ്റേറിയനാണ്. ഇപ്പോള്‍ ലോക്ക് ഡൗണ്‍ സമയത്ത് ഒരു ബന്ധു കൂടെയുണ്ട്. അവര്‍ ഭക്ഷണം വച്ചു തരും. 


ആരോഗ്യത്തിനു കാരണം അച്ചടക്കമുള്ള ജീവിതം

പണ്ടു മുതല്‍ക്കേ ജീവിതത്തിന് കൃത്യമായ ഒരു ചിട്ടയുണ്ടായിരുന്നു. അച്ചടക്കമുള്ള ജീവിതമായിരുന്നു എന്റേത്. മദ്യപിക്കില്ല, പുക വലിക്കില്ല. മത്സ്യവും മാംസവും കഴിക്കില്ല. സിനിമയില്‍ വരുന്നതിനു മുമ്പേയുള്ള ശീലങ്ങള്‍ സിനിമയില്‍ വന്നിട്ടും മാറിയില്ല. മദ്യപിക്കാത്തതു കൊണ്ടും തോന്നിയതു പോലെ നടക്കാത്തതു കൊണ്ടും സിനിമയിലെ പലര്‍ക്കും എന്നെ കണ്ടുകൂടാ. 'അയാള്‍ ഒരു വലിയ നല്ലപിള്ള വന്നിരിക്കുന്നു' എന്നും 'ആ തമ്പിയെ കൂട്ടത്തില്‍ കൂട്ടാന്‍ കൊള്ളില്ല' എന്നുമൊക്കെ മദ്യപ സദസ്സിലുള്ളവര്‍ പറയുമായിരുന്നു. ഞാനതൊന്നും കാര്യമാക്കിയിരുന്നില്ല. ജീവിതത്തില്‍ പുലര്‍ത്തുന്ന ചിട്ട സിനിമാ സെറ്റിലും വേണമെന്ന നിബന്ധന എനിക്കുണ്ടായിരുന്നു. എന്റെ സെറ്റിലെ ഇത്തരം നിബന്ധനകള്‍ കാരണമാണ് ഞാന്‍ ഗൗരവക്കാരനാണെന്നും പിടിവാശിക്കാരനാണെന്നുമൊക്കെ ആളുകള്‍ പറയുന്നത്. അതൊന്നും മാറ്റാന്‍ പറ്റില്ല. ഇത്തരം ചിട്ടകള്‍ കൂടി ചേര്‍ന്നതാണ് ശ്രീകുമാരന്‍ തമ്പി. എന്റെ പ്രായത്തിലുള്ളവര്‍ പലരും ഇപ്പോള്‍ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ചിട്ടയായി ജീവിച്ചതുകൊണ്ട് എനിക്കിപ്പൊഴും ആരുടെയും ആശ്രയമില്ലാതെ തനിച്ചു ജീവിക്കാന്‍ കഴിയുന്നു. 


എല്ലാ മേഖലയിലും തൃപ്തനാണ്

സാഹിത്യമാണോ സിനിമയാണോ പ്രിയപ്പെട്ടത്, അല്ലെങ്കില്‍ പാട്ടെഴുത്താണോ സംവിധാനമാണോ കൂടുതല്‍ താത്പര്യം എന്നൊന്നും പറയാന്‍ പറ്റില്ല. എല്ലാ മേഖലയും എനിക്ക് തൃപ്തി തന്നിട്ടുണ്ട്. ഇഷ്ടപ്പെട്ടാണ് ഓരോ മേഖലയിലും ഞാന്‍ കൈവച്ചത്. അതെല്ലാം എന്റെ ഉള്ളിലുണ്ടായിരുന്നതാണ്. എന്നെ സംബന്ധിച്ചിടത്തോളം എല്ലാം ഒരുപോലെയാണ്. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ നോക്കിയാല്‍ ഇരുപതാമത്തെ വയസ്സില്‍ ആദ്യ കവിതാസമാഹാരമിറക്കി. ഇരുത്തൊന്നാമത്തെ വയസ്സില്‍ കഥാസമാഹാരമിറക്കി. തൊട്ടടുത്ത വര്‍ഷം നാടകമിറക്കി. അതാണ് ശ്രീകുമാരന്‍ തമ്പി. ഇപ്പോള്‍ തുടങ്ങിയതല്ല. പണ്ടും പല മേഖലയിലും ഒരുപോലെ ശ്രദ്ധ കാട്ടാന്‍ സാധിച്ചിരുന്നു. ഏതെങ്കിലുമൊരു മേഖലയോട് പ്രത്യേക ആഭിമുഖ്യമില്ല. അടിസ്ഥാനപരമായി ഞാന്‍ കവിയാണ്. അതുപോലെ സംഗീതവും ഉള്ളിലുണ്ട്. ഞാന്‍ കവിതയെഴുതുമ്പോഴും പാട്ടെഴുതുമ്പോഴും അതിനൊരു താളം എന്റെ മനസ്സിലുണ്ടാകും. എന്തും ഞാന്‍ സംഗീതത്തിലാണ് എഴുതുന്നത്. എം.എസ്. വിശ്വനാഥന്‍ ഒരിക്കല്‍ അതിനെപ്പറ്റി പറഞ്ഞതിങ്ങനെയാണ് 'ഞാന്‍ തമ്പിയുടെ പാട്ട് ട്യൂണ്‍ ചെയ്യാറില്ല. വരികളിലെ സംഗീതം കണ്ടെത്തുക മാത്രമാണ് ചെയ്യാറ്' ഇങ്ങനെ ഉള്ളിലുള്ള സംഗീതത്തെ ഞാന്‍ പരീക്ഷിച്ചു നോക്കിയതാണ് ബന്ധുക്കള്‍ ശത്രുക്കള്‍ എന്ന സിനിമയില്‍. ആ സിനിമയിലെ പാട്ടുകളൊക്കെ ഹിറ്റായി. ഒരാഴ്ച കൊണ്ട് ഒരു ലക്ഷം കോപ്പി വിറ്റു. അന്നത്തെ കാസറ്റ് വില്പനയില്‍ റെക്കോര്‍ഡ് ആയിരുന്നു അത്. 



ഹൃദയരാഗങ്ങളുടെ കവി

പ്രണയഗാനങ്ങള്‍ കൂടുതലെഴുതിയിട്ടുണ്ട്. അതങ്ങനെ സംഭവിച്ചതാണ്. ബോധപൂര്‍വ്വമല്ല. പ്രണയമുണ്ടായിരുന്നു. പ്രണയിനിയെ ഓര്‍ത്ത് കൗമാര പ്രായത്തില്‍ എഴുതിയ വരികള്‍ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും അത്ഭുതമാണ്. പ്രണയത്തിന്റെ തീവ്രതയിലാണ് അന്ന് വരികള്‍ക്കും മൂര്‍ച്ചയുണ്ടായത്. 'മംഗളം നേരുന്നു ഞാന്‍ മനസ്വിനി' എന്ന പാട്ടൊക്കെ ആദ്യപ്രണയത്തിന്റെ നഷ്ടത്തില്‍ നിന്നുണ്ടായതാണ്. എന്റേത് പ്രണയ വിവാഹമായിരുന്നു. ജീവിതത്തില്‍ നിര്‍ണായകമായ പല കാര്യങ്ങളും പെട്ടെന്ന് എടുത്ത തീരുമാനങ്ങളില്‍ നിന്നായിരുന്നു. വിവാഹവും അങ്ങനെയായിരുന്നു. സിനിമയില്‍ പേരും പ്രശസ്തിയും ഉണ്ടാരുന്നതിനു മുമ്പേ പ്രേമിച്ച പെണ്ണിനെ ഞാന്‍ സ്വന്തമാക്കി. അന്ന് ഞാന്‍ സംവിധായകനായിട്ടില്ല.

ഞാന്‍ പാട്ടെഴുതിത്തുടങ്ങിയ കാലത്ത് വയലാറും പി.ഭാസ്‌കരനും ഒ.എന്‍.വിയും പാട്ടെഴുതുന്നുണ്ട്. ഒ.എന്‍.വി അന്ന് അധികം പടങ്ങളിലൊന്നും എഴുതിയിട്ടില്ല. എങ്കിലും ഗാനരചനാ രംഗത്തുണ്ട്. അന്ന് പ്രധാന സംവിധായകരൊന്നും അവരുടെ സിനിമയിലേക്ക് എന്നെ വിളിച്ചിരുന്നില്ല. മിക്കപ്പോഴും സ്റ്റണ്ട് പടങ്ങളിലും തട്ടിക്കൂട്ട് പടങ്ങളിലുമൊക്കെ പാട്ടെഴുതേണ്ടി വന്നിട്ടുണ്ട്. പടം വളരെ മോശമായിരിക്കും. പാട്ടുകളുടെ ഗുണം കൊണ്ട് പലപ്പോഴും പടം ശ്രദ്ധിക്കപ്പെട്ട അവസരവുമുണ്ടായിട്ടുണ്ട്. ഒന്നാന്തരം പ്രണയഗാനങ്ങളുണ്ടായത് അത്ര മികച്ച സിനിമകളിലായിരുന്നില്ല. ആളുകള്‍ ആ പടങ്ങളൊക്കെ ഇപ്പോള്‍ മറന്നു പോയിട്ടുണ്ടാകും. പക്ഷേ പാട്ട് മറക്കില്ല. ഡെയ്ഞ്ചര്‍ ബിസ്‌കറ്റ്, റസ്റ്റ് ഹൗസ്, ലോട്ടറി ടിക്കറ്റ്, നൃത്തശാല, പിക്‌നിക്ക് തുടങ്ങിയ പടങ്ങളൊക്കെ പാട്ടുകള്‍ കൊണ്ട് ഓര്‍ത്തിരിക്കുന്ന പടങ്ങളാണ്. 


സിനിമയുടെ ആര്‍ഭാടം ബാധിച്ചിട്ടില്ല

ചെറുപ്പത്തിലേ സിനിമയില്‍ വന്നു. പേരും പ്രശസ്തിയും കാശുമുണ്ടായി. 35-ാമത്തെ വയസ്സില്‍ മൂന്നു കാറുണ്ടായിരുന്നു. ഒരു ഫോര്‍ഡും രണ്ട് അംബാസിഡറും. പിന്നെ എല്ലാം വിറ്റു. ഇപ്പോള്‍ ചെന്നൈയില്‍ ഒരു വണ്ടിയുണ്ട്. അത് അവിടെ വീട്ടാവശ്യത്തിനാണ്. തിരുവനന്തപുരത്തെ എന്റെ യാത്രകള്‍ ഓട്ടോയിലും ടാക്‌സിയിലുമാണ്. അന്നുമിന്നും ആഡംബര ജീവിതം എന്നെ ഭ്രമിപ്പിച്ചിട്ടില്ല. ഞാന്‍ കോടീശ്വരനല്ല. 20-ാമത്തെ വയസ്സില്‍ കവിതയെഴുതിത്തുടങ്ങിയ ശ്രീകുമാരന്‍ തമ്പി എവിടെ നില്‍ക്കുന്നോ അവിടെ തന്നെയാണ് ഞാന്‍ ഇന്നുമുള്ളത്. ഞാന്‍ എന്റെ സിനിമയില്‍ ക്യാരക്ടര്‍ റോള്‍ കൊടുത്തു വളര്‍ത്തിയ മമ്മൂട്ടിയും മോഹന്‍ലാലും ഇന്ന് കോടീശ്വരന്‍മാരാണ്. മുന്നേറ്റത്തില്‍ മമ്മൂട്ടിക്കും എനിക്കും ഒരു ദിവസം എന്ന സിനിമയില്‍ മോഹന്‍ലാലിനും ഞാന്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അവസരം നല്‍കി. പിന്നീട് അവര്‍ വലിയ താരങ്ങളായപ്പോള്‍ എനിക്ക് കാള്‍ഷീറ്റ് തന്നില്ല. സിനിമയില്‍ നിന്ന് കിട്ടിയതെല്ലാം ഞാന്‍ സിനിമയ്ക്ക് തന്നെ നല്‍കി. തിരുവനന്തപുരത്ത് ആദ്യം വാടകയ്ക്കായിരുന്നു താമസം. സീരിയലില്‍ നിന്നു കിട്ടിയ കാശ് കൊണ്ടാണ് ഇപ്പോള്‍ താമസിക്കുന്ന വീടു വാങ്ങിച്ചത്. 


ആദ്യ ഷോട്ടില്‍ ജയഭാരതിയുടെ ഉടക്ക്

എന്റെ ആദ്യ സിനിമയായ ചന്ദ്രകാന്തത്തിലെ ആദ്യ ഷോട്ട്. ജയഭാരതിയാണ് സീനില്‍ വരേണ്ടത്. യൂണിറ്റ് എല്ലാം ഓക്കെ. പക്ഷേ ഷൂട്ട് തുടങ്ങാന്‍ നേരം ജയഭാരതി ക്യാമറയ്ക്കു മുന്നില്‍ വരാന്‍ തയ്യാറാകാതെ മാറിനിന്നു. ഒരു പാവാടയായിരുന്നു പ്രശ്‌നം. ഹാഫ് സാരിയാണ് ജയഭാരതിയുടെ വേഷം. അതിനൊപ്പം ഉടുക്കേണ്ട പാവാട അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് അത് ധരിക്കില്ല എന്ന് വാശി. അസിസ്റ്റന്റ് ഡയറക്ടര്‍ ഇക്കാര്യം എന്നോടു വന്നു പറഞ്ഞു. ഞാന്‍ മേക്കപ്പ് റൂമില്‍ ചെന്ന് കാര്യം അന്വേഷിച്ചു. പാവാട ഇഷ്ടപ്പെട്ടില്ലെന്ന് ജയഭാരതി പറഞ്ഞു. 'ഞാന്‍ പറഞ്ഞു. ഭാരതീ, ഇത് എന്റെ സിനിമയാണ്. എന്റെ കഥാപാത്രം ഏത് പാവാട ഇടണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. നിങ്ങള്‍ ആദ്യം ജയഭാരതിയെ ഉള്ളില്‍ നിന്ന് എടുത്തുകളഞ്ഞ് എന്റെ കഥാപാത്രമാകൂ.' ഇത്രയും പറഞ്ഞ് ഞാന്‍ ഷോട്ടിനു റെഡിയായി തിരിച്ചുപോന്നു. അധികം വൈകാതെ ജയഭാരതിയും വന്നു. ഷൂട്ട് തുടങ്ങി. ഞാന്‍ പറഞ്ഞുവരുന്നത് സംവിധായകന് നട്ടെല്ല് വേണം. സംവിധായകനായിരിക്കണം സിനിമയുടെ സര്‍വ്വാധിപതി. ചന്ദ്രകാന്തം എന്റെ ആദ്യസിനിമയായിരുന്നു എന്നോര്‍ക്കണം. ജയഭാരതി അന്നേ വലിയ സ്റ്റാറുമായിരുന്നു. എന്നിട്ടും എന്റെ സിനിമയില്‍ എങ്ങനെ അഭിനയിക്കണമെന്ന് നിര്‍ബന്ധം പിടിക്കാന്‍ എനിക്കായി. 



സിനിമ വിട്ടത് സൂപ്പര്‍താരങ്ങളുടെ ഭരണം മടുത്തിട്ട്

മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ വലിയ സ്റ്റാറുകളായതോടെയാണ് സിനിമയില്‍ സൂപ്പര്‍താരങ്ങളുടെ ഭരണം തുടങ്ങിയത്. അതിനു മുമ്പ് നമ്മുടെ സിനിമയില്‍ അങ്ങനെയൊരു പതിവില്ലായിരുന്നു. സൂപ്പര്‍താരങ്ങളെപ്പോലെ ചെറുകിട താരങ്ങളും തലപൊക്കിത്തുടങ്ങിയതോടെയാണ് സിനിമ മടുത്ത് സീരിയലിലേക്കു വന്നത്. സീരിയലിലും ഇതേ സ്ഥിതി വന്നപ്പോഴാണ് അതും നിര്‍ത്തിയത്. ഒന്നുരണ്ട് സിനിമകളില്‍ തലകാണിച്ച് വന്നവര്‍ സീരിയലിലും ആളാകാന്‍ തുടങ്ങി. ഗണേഷ് കുമാറൊക്കെ അങ്ങനെ സീരിയലില്‍ സൂപ്പര്‍ താരം കളിക്കാന്‍ മെനക്കെട്ടവരാണ്. അത് വച്ചുപൊറുപ്പിക്കാനാകില്ല. ഞാന്‍ ഇടപ്പെട്ട് പല സീരിയലുകളില്‍ നിന്നും കട്ട് ചെയ്തിട്ടുണ്ട്. 

സിനിമയിലായാലും സീരിയലിലായാലും ഏറ്റവും ഉന്നതന്‍ സംവിധായകന്‍ തന്നെയാണെന്നാണ് ഞാന്‍ അന്നും ഇന്നും വിശ്വസിക്കുന്നത്. സംവിധായകന്‍ താരങ്ങളെ നിര്‍ണയിക്കുന്ന ഒരു കാലത്താണ് ഞാന്‍ സിനിമയില്‍ വന്നത്. കഥാപാത്രങ്ങള്‍ക്ക് ചേരുന്നവരെ സംവിധായകന്‍ നിശ്ചയിക്കും. പക്ഷേ ഇന്ന് ആ സ്ഥിതി മാറിയിട്ട് താരങ്ങള്‍ സംവിധായകരെ തീരുമാനിക്കും. അന്ന് താരങ്ങള്‍ സംവിധായകരെ അനുസരിക്കുമായിരുന്നു. പ്രേംനസീറോ സത്യന്‍ മാഷോ പോലും അനുസരിക്കുമായിരുന്നു. സേതുമാധവന്‍ സാറോ വിന്‍സെന്റ് മാസ്റ്ററോ പി.ഭാസ്‌കരനോ പറയുന്നതിന് ഒരു എതിരഭിപ്രായം സത്യന്‍ മാഷോ നസീറോ മധുവോ പറഞ്ഞിട്ടില്ല. മധു സംവിധായകനായതിനു ശേഷം പോലും ഇടപെട്ടിട്ടില്ല. അവര്‍ക്കെല്ലാം അവരുടെ സംവിധായകനെ വിശ്വാസമായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ സംവിധാനത്തില്‍ ഇടപെടില്ല. ഇന്ന് താരത്തെയാണ് നിര്‍മ്മാതാവ് ആദ്യം പോയി കാണേണ്ടത്. താരമാണ് ആരെ സംവിധായകനാക്കണമെന്ന് നിര്‍ദേശിക്കുന്നത്. അപ്പോള്‍ സംവിധായകന്‍ സൂപ്പര്‍താരങ്ങളുടെ വിടുവേല ചെയ്യുന്നവാനായി അധ:പതിക്കും. അതിന് ശ്രീകുമാരന്‍ തമ്പിയെ കിട്ടില്ല. അതുകൊണ്ട് സംവിധാനം ചെയ്യുന്നില്ല. സിനിമ കൊണ്ട് സാമ്പത്തിക പ്രയോജനം താരങ്ങള്‍ക്കും അവര്‍ക്ക് വിടുവേല ചെയ്യുന്ന സംവിധായകര്‍ക്കും മാത്രമാണ്. അഭിമാനമുള്ള സംവിധായകന് ഇന്നത്തെ സിനിമ പറ്റില്ല.


പുതിയ സൂപ്പര്‍താരങ്ങളും എനിക്ക് ഡേറ്റ് തരില്ല


അപമാനം സഹിച്ച് സദ്യ ഉണ്ണുന്നതിനേക്കാള്‍ അഭിമാനത്തോടെ കഞ്ഞി കുടിക്കുന്നതാണ് ശ്രീകുമാരന്‍ തമ്പിക്ക് ഇഷ്ടം. അതുകൊണ്ടാണ് മമ്മൂട്ടിയും മോഹന്‍ലാലും വലിയ താരങ്ങളായപ്പോള്‍ കാള്‍ഷീറ്റ് ചോദിച്ച് അവരുടെ പിറകെ പോകാത്തത്. സിനിമ പിടിക്കാനായി താരങ്ങളുടെ കാലു പിടിക്കാന്‍ വയ്യ. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വഴിയില്‍ തന്നെയാണ് പുതിയ സൂപ്പര്‍ താരങ്ങളും. അവരും സ്വന്തം സിനിമയില്‍ സംവിധായകരേക്കാള്‍ മുകളില്‍ നില്‍ക്കാന്‍ താത്പര്യപ്പെടുന്നവരാണ്. ക്യാമറാ ആംഗിളുകള്‍ തീരുമാനിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സൂപ്പര്‍ താരങ്ങളായ പൃഥ്വിരാജും നിവിന്‍ പോളിയുമൊന്നും എനിക്ക് ഡേറ്റ് തരില്ല.


ഫാന്‍സ് സിനിമയെ വളര്‍ത്തില്ല

സിനിമയില്‍ താരാധിപത്യം തുടങ്ങിയതോടെ ഞാനതിനെ വെറുത്തു. താരാധിപത്യം വളര്‍ന്നതോടെ ഫാന്‍സ് അസോസിയേഷനുകളുണ്ടായി. ഫാന്‍സ് എന്ന വര്‍ഗത്തെ ഞാന്‍ വെറുക്കുന്നു. ഈ ഫാന്‍സ് അസോസിയേഷനുകള്‍ക്ക് സിനിമയെ വളര്‍ത്താനൊന്നും പറ്റില്ല. പക്ഷേ ഫാന്‍സിനെ സൂപ്പര്‍ താരങ്ങള്‍ പണം കൊടുത്ത് വളര്‍ത്തുന്നു. സൂപ്പര്‍ താരങ്ങളുടെ അടിമകള്‍ മാത്രമാണ് ഈ വിഭാഗം.


ഏറ്റവും വലിയ സൂപ്പര്‍താരം പ്രേംനസീര്‍

മലയാള സിനിമയിലെ ഏറ്റവും വലിയ സൂപ്പര്‍താരം പ്രേംനസീര്‍ ആണ്. അക്കാര്യത്തില്‍ ഒരു തര്‍ക്കത്തിന് പ്രസക്തിയില്ല. ഇപ്പോഴത്തെ സൂപ്പര്‍താരങ്ങളൊക്കെ ശീര്‍ഷാസനത്തില്‍ ഇരുന്നാല്‍ പോലും പ്രേംനസീറിനോളം വരില്ല. എഴുന്നൂറോളം പടങ്ങളില്‍ നായകനായി അഭിനയിച്ചവര്‍ വേറെയാരുണ്ട്. അത്രയും വലിയ സ്റ്റാര്‍ ആയിരുന്ന പ്രേംനസീര്‍ പോലും സംവിധായകന്‍ വരുന്നതിനു മുമ്പ് മേക്കപ്പ് റൂമില്‍ വന്നിരിക്കും. മേക്കപ്പ് ഇടാതെ സംവിധായകന്‍ വരുന്നതും കാത്തിരിക്കും. സംവിധായകന്‍ വന്നാല്‍ എന്താണ് വേഷമെന്നു ചോദിക്കും. അതറിഞ്ഞിട്ടാണ് മേക്കപ്പ് തുടങ്ങുന്നത്. 'തമ്പീ, എന്താ എന്റെ വേഷം, മേക്കപ്പ് എങ്ങനെയാണ്. വിഗ്ഗുണ്ടോ, മീശ എങ്ങനെ വേണം' ഇങ്ങനെയൊക്കെയാണ് അദ്ദേഹം എന്നോടു ചോദിച്ചിരുന്നത്. ഈ ചോദ്യം അദ്ദേഹത്തിനു ഷൂട്ടുള്ള എല്ലാ ദിവസവും ആവര്‍ത്തിച്ചു കൊണ്ടിരിക്കും. അത്രയും എളിമയാണ്. അങ്ങനെയൊരു സൂപ്പര്‍താരം ഇനി ഉണ്ടാകാനിടയില്ല.


പി.സുബ്രഹ്മണ്യത്തെ മക്കള്‍ മറന്നു, ഞാന്‍ മറന്നില്ല

എന്റെ 'അമ്മയ്‌ക്കൊരു താരാട്ട്' എന്ന സിനിമ തിരുവനന്തപുരത്ത് റിലീസ് ചെയ്തത് ന്യൂ തിയേറ്ററിലാണ്. അത് ഒരു സെന്റിമെന്റ്‌സ് കൊണ്ടാണ്. എന്നെ സിനിമയില്‍ കൊണ്ടുവന്നത് സുബ്രഹ്മണ്യം മുതലാളിയാണ്. എന്റെ ഗുരുനാഥനാണ് അദ്ദേഹം. പക്ഷേ എന്റെ സിനിമ റിലീസ് ചെയ്തപ്പോള്‍ ആ സെന്റിമെന്റ്‌സൊന്നും അദ്ദേഹത്തിന്റെ മക്കളില്‍ നിന്ന് ഉണ്ടായില്ല. സുബ്രഹ്മണ്യം മുതലാളിയുടെ മക്കളാണല്ലോ ഇപ്പോള്‍ തിയേറ്റര്‍ നോക്കുന്നത്. സിനിമ ഒരാഴ്ച കളിച്ചു. അതും തിയേറ്ററിലെ മൂന്നാമത്തെ സ്‌ക്രീനില്‍. അത് ചെറിയ തിയേറ്ററാണ്. ഒരാഴ്ച കൂടി കളിക്കാന്‍ അനുമതി ചോദിച്ചപ്പോള്‍ എന്റെ ഗുരുനാഥന്റെ മക്കള്‍ സമ്മതിച്ചില്ല. അത് എനിക്ക് വലിയ വിഷമമുണ്ടാക്കി. സുബ്രഹ്മണ്യം മുതലാളിയായിരുന്നെങ്കില്‍ ഒരിക്കലും ഇങ്ങനെ സംഭവിക്കില്ല.

പി.സുബ്രഹ്മണ്യത്തെ മക്കള്‍ ഓര്‍മ്മിച്ചില്ല. പക്ഷേ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി 'പി.സുബ്രഹ്മണ്യം-മലയാള സിനിമയിലെ ഭീഷ്മാചാര്യര്‍' എന്നൊരു പുസ്തകം ഞാനെഴുതി. അദ്ദേഹത്തെ അനുസ്മരിക്കാന്‍ മക്കള്‍ ഒരു വാര്‍ഷിക സമ്മേളനം സംഘടിപ്പിക്കുകയോ, ഒരു അവാര്‍ഡ് ഏര്‍പ്പെടുത്തുകയോ സ്മാരകം നിര്‍മ്മിക്കുകയോ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ പുസ്തകം എഴുതിയത് എന്റെ ഗുരുവിനുള്ള അര്‍ച്ചനയാണ്. അദ്ദേഹത്തെ ഞാന്‍ ഇന്നും ബഹുമാനിക്കുന്നു. 'തമ്പീ, ഇവര്‍ നിന്റെ സഹോദരങ്ങളാണ്. ഞാന്‍ മരിച്ചു കഴിഞ്ഞാലും നീ ഇവരെ സ്‌നേഹിക്കണം. ഇവരെ വന്നു കാണണം' എന്നാണ് സുബ്രഹ്മണ്യം മുതലാളി പറഞ്ഞത്. പക്ഷേ മുതലാളിയുടെ മക്കള്‍ ആ ബന്ധത്തിന് ഒരു വിലയും കല്‍പ്പിച്ചില്ല. 

സത്യം പറയട്ടെ, കോവിഡ് കാലത്ത് തിയേറ്ററുകള്‍ അടച്ചിട്ടതില്‍ എനിക്ക് സന്തോഷമാണുള്ളത്. വേറൊന്നും കൊണ്ടല്ല, ഒരുപാട് നിര്‍മ്മാതാക്കളെ കണ്ണീരു കുടിപ്പിച്ചവരാണ് തിയേറ്റര്‍ ഉടമകള്‍. ഒന്നും രണ്ടും ദിവസം കളിച്ച് പടം എടുത്തുമാറ്റി പല നിര്‍മ്മാതാക്കളെയും അവര്‍ സിനിമാ ഫീല്‍ഡില്‍ നിന്ന് ഔട്ടാക്കി. ഇപ്പോള്‍ അവരെ ഒരു പാഠം പഠിപ്പിക്കാന്‍ കൊറോണ വരേണ്ടി വന്നു. പണ്ടൊന്നും തിയേറ്റര്‍ ഉടമകള്‍ ഇങ്ങനെ പടം എടുത്തു മാറ്റിയിരുന്നില്ല. ഏത്ര മോശം പടം ആണേലും ഒന്നോ രണ്ടോ ആഴ്ച കളിക്കാന്‍ അവര്‍ തയ്യാറായിരുന്നു. ആ സംസ്‌കാരമൊന്നും ഇപ്പോഴത്തെ തലമുറയ്ക്കില്ല.


സിനിമ ചെയ്യുന്നെങ്കില്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍

ഞാന്‍ ഇനിയൊരു സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അത് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ആയിരിക്കും റിലീസ് ചെയ്യുക. അതായിരിക്കും എന്റെ ലാസ്റ്റ് ഫിലിം. എന്റെ ഡ്രീം ആണിത്. ഞാന്‍ ഇതുവരെ സംവിധാനം ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ ഒരു സിനിമ. അത് ഞാന്‍ പ്രാവര്‍ത്തികമാക്കും. അടുത്ത മാസം ആ സിനിമ ചെയ്യും അല്ലെങ്കില്‍ അടുത്ത വര്‍ഷം ചെയ്യും എന്നൊന്നും പറയാന്‍ പറ്റില്ല. ഞാന്‍ ഇനി എത്ര വര്‍ഷം അല്ലെങ്കില്‍ എത്ര മാസം ജീവിച്ചിരിക്കും എന്നു പോലും നിശ്ചയമില്ല. പക്ഷേ അങ്ങനെയൊരു സിനിമ മനസ്സില്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. അത് നടക്കും. എന്നും എന്റെ മനസ്സില്‍ സ്വപ്നമുണ്ട്. പതിന്നാലാമത്തെ വയസ്സില്‍ കണക്ക് നോട്ടുബുക്കില്‍ ഒരു ചതുരം വരച്ച് സംവിധാനം ഹരിപ്പാട്ട് ശ്രീകുമാരന്‍ തമ്പി എന്നെഴുതി അതില്‍ നോക്കിയിരിക്കുമായിരുന്നു. 14 വയസ്സില്‍ കണ്ട സ്വപ്നം സിനിമയിലേക്ക് കൊണ്ടുവന്നു. ഞാന്‍ സ്വപ്നം സഫലമാക്കി എന്ന് അഭിമാനത്തോടെ പറയാം. 

ഞാന്‍ സിനിമയെടുക്കാത്തതില്‍ ദു:ഖിക്കുന്നവര്‍ ഉണ്ട്. അതില്‍ ചിലര്‍ എന്നെ വിളിച്ചിട്ട് സാറെന്താ സിനിമയെടുക്കാത്തതെന്ന് ചോദിക്കുന്നുണ്ട്. അങ്ങനെയാണ് പുതിയൊരു സിനിമ എന്ന ചിന്തയിലേക്കെത്തിയത്. ഞാന്‍ പാട്ടെഴുതുമ്പോള്‍ അതിന്റെ ഈണം മനസ്സില്‍ വരുമെന്ന് പറഞ്ഞല്ലോ. അതുപോലെയാണ് സിനിമയും. എന്റെ സിനിമ ആദ്യം മനസ്സിലാണ് എഴുതുന്നത്. ഷോട്ടുകള്‍ പോലും ചിന്തയിലുണ്ടാകും. ഇത് പിന്നീട് കടലാസിലേക്കും ക്യാമറയിലേക്കും പകര്‍ത്തും. അതാണ് രീതി.


താരമൂല്യം ഒ.ടി.ടിയിലുമുണ്ട്

ഞാന്‍ പുതിയൊരു സിനിമ ചെയ്യുമ്പോള്‍ ഇപ്പോഴത്തെ സ്റ്റാറുകളൊന്നും ഡേറ്റ് തരില്ലെന്നുറപ്പാണ്. അതിന് ഞാന്‍ മെനക്കെടുന്നുമില്ല. പുതിയൊരാളെ വച്ച് സിനിമ ചെയ്യും. അപ്പോഴും പ്രശ്‌നമുണ്ട്. താരമൂല്യം തിയേറ്റര്‍ സിനിമയ്ക്ക് മാത്രമല്ല, ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിനുമുണ്ട്. ഒ.ടി.ടിയില്‍ പടം വില്‍ക്കണമെങ്കില്‍ താരം വേണ്ടേ. ഫഹദ് ഉണ്ടായതുകൊണ്ടല്ലേ സീ യു സൂണ്‍ വിറ്റു പോയത്. അപ്പോള്‍ വെല്ലുവിളികളുണ്ടാകും. എങ്കിലും ഞാന്‍ സിനിമ ചെയ്യും.


പുതിയ സിനിമാക്കാരില്‍ പ്രതീക്ഷയുണ്ട്

പുതിയ സിനിമകളുടെ ക്രാഫ്റ്റിലെ മാറ്റത്തെ സ്വാഗതം ചെയ്യുന്ന ആളാണ് ഞാന്‍. പുതിയ സിനിമകളെല്ലാം കാണുന്നുണ്ട്. കലയും ക്രാഫ്റ്റും ചേര്‍ന്നതാണല്ലോ സിനിമ. പുതിയ സിനിമകളുടെ ക്രാഫ്റ്റ്, സ്‌ക്രിപ്റ്റ്, ഷോട്ട്, എഡിറ്റിംഗ് ഇതിലെല്ലാം വലിയ മാറ്റങ്ങള്‍ ഉണ്ട്. ഇതെല്ലാം നല്ലതാണ്. പക്ഷേ ആഴമുള്ള കഥകള്‍ ഇപ്പോഴത്തെ സിനിമകളില്‍ ഇല്ല. ഒരു വാഴ്‌വേ മായം ഇന്നുണ്ടാകുന്നില്ല. ഒരു മോഹിനിയാട്ടം ഇന്നുണ്ടാകുന്നില്ല. അമ്മയെ കാണാന്‍, ആദ്യകിരണങ്ങള്‍, അസുരവിത്ത് പോലുള്ള സിനിമകള്‍ ഉണ്ടാകുന്നില്ല. സമൂഹത്തെ മൊത്തമായി ഉള്‍ക്കൊള്ളുന്ന ആഴത്തിലുള്ള ഒരു സിനിമ ഉണ്ടാകുന്നില്ലെന്നത് വാസ്തവമാണ്. ഒന്നും സീരിയസായി കാണാത്ത ഒരു കാഴ്ചപ്പാട് പുതിയ തലമുറയ്ക്കുണ്ട്. പക്ഷേ ജീവിതം സീരിയസാണ്. അതു മനസ്സിലാക്കണം. പക്ഷേ നര്‍മ്മ സംഭാഷണങ്ങളിലൂടെയും സാധാരണ സംഭവങ്ങളിലൂടെയും തിരക്കഥ കൊണ്ടുപോയി ജനങ്ങളെ തൃപ്തിപ്പെടുത്താന്‍ ഇന്നത്തെ തിരക്കഥാകൃത്തുക്കള്‍ക്ക് സാധിക്കുന്നുണ്ട്. അത് അഭിനന്ദനാര്‍ഹമാണ്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍, സീ യു സൂണ്‍ തുടങ്ങി ഒരുപാട് നല്ല സിനിമകളെ ഇക്കൂട്ടത്തില്‍ പെടുത്താം. ഈ കൂട്ടത്തില്‍ പെടുത്താവുന്ന കുറേ സിനിമകളുണ്ട്. അവയെക്കുറിച്ചെല്ലാം എനിക്ക് നല്ല അഭിപ്രായമാണ്. ഇത്തരം സിനിമകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംവിധായകരെയും ടെക്‌നീഷ്യ•ാരെയുമൊക്കെയാണ് പുതിയ പ്രതീക്ഷയായി കാണുന്നത്. പുതിയ സിനിമകളില്‍ ബന്ധങ്ങളുടെ തീവ്രത എനിക്ക് അനുഭവപ്പെട്ടത് ഉസ്താദ് ഹോട്ടലില്‍ ആണ്.

ഇനി സീരിയല്‍ സംവിധാനമില്ല

ഇപ്പോഴത്തെ സീരിയലുകള്‍ക്ക് നിലവാരമില്ല. നമ്മള്‍ സീരിയലെടുക്കുകയാണെങ്കില്‍ ആ നിലവാരത്തിലേക്ക് താഴേണ്ടി വരും. അതു വയ്യ. അതുകൊണ്ട് ഇനി സീരിയല്‍ സംവിധാനം ചെയ്യില്ല. സീരിയല്‍ മേഖലയിലേക്ക് തിരിച്ചു വരികയാണെങ്കില്‍ അത് നിര്‍മ്മാതാവിന്റെ റോളില്‍ മാത്രമായിരിക്കും. 


ഇപ്പോള്‍ വരുമാനം അവാര്‍ഡില്‍ നിന്ന്

കുറച്ചു കാലമായി സിനിമയും സീരിയലുമില്ല. ഇടയ്ക്ക് ചില സിനിമാക്കാര്‍ പാട്ടെഴുതാന്‍ വിളിക്കും. എങ്കിലും പഴയ പോലെ തിരക്കില്ല. ഇപ്പോള്‍ പ്രധാന വരുമാനം അവാര്‍ഡുകളില്‍ നിന്നാണ്. വര്‍ഷം പത്തിരുപത് അവാര്‍ഡെങ്കിലും ഉണ്ടാകും. അതെല്ലാം ജനങ്ങള്‍ തരുന്നതാണ്. അതില്‍ നിന്നുള്ള പൈസ കൊണ്ട് ജീവിക്കാം. പിന്നെ ശ്രീകുമാരന്‍ തമ്പി നൈറ്റ് എന്നൊരു സംഗീത പരിപാടി സംഘടിപ്പിക്കാറുണ്ട്. എന്റെ പാട്ടുകളുടെ ഒരു അവതരണ വേദിയാണത്. വിദേശത്തൊക്കെ പ്രോഗ്രാം ഉണ്ടാകാറുണ്ട്. പക്ഷേ് ഒടുവില്‍ ബുക്ക് ചെയ്ത പരിപാടികളെല്ലാം കോവിഡില്‍ മുടങ്ങി.




പുരസ്‌കാരങ്ങള്‍ വൈകിപ്പോയി

പുരസ്‌കാരങ്ങള്‍ കിട്ടിയില്ലെന്ന പരാതി ഇപ്പോഴില്ല. ഒട്ടുമിക്ക സാഹിത്യ പുരസ്‌കാരങ്ങളും എനിക്ക് ലഭിച്ചുകഴിഞ്ഞു. പക്ഷേ പുരസ്‌കാരങ്ങള്‍ വൈകിപ്പോയെന്നു തോന്നിയിട്ടുണ്ട്. അതിന് ഒരു കാരണം, സിനിമയില്‍ ഒരുപാട് അംഗീകാരങ്ങളൊക്കെ കിട്ടിയില്ലേ. ഒരാള്‍ സിനിമയിലും സാഹിത്യത്തിലും ഒരുമിച്ചങ്ങനെ അംഗീകാരം മേടിക്കണ്ട എന്നൊരു തോന്നലായിരിക്കാം. എനിക്ക് 31 വയസ്സുള്ളപ്പോഴാണ് എന്‍ജിനീയറുടെ വീണയെന്ന കവിതാ സമാഹാരം കേരള സാഹിത്യ അക്കാദമി അവാര്‍ഡിന്റെ അവസാന റൗണ്ടിലെ മൂന്നു പുസ്തകങ്ങളില്‍ ഉള്‍പ്പെട്ടത്. അന്ന് എന്റെ പുസ്തകത്തെ വെട്ടിക്കളഞ്ഞത് പാട്ടെഴുത്തുകാരനായ ഒരു കവി തന്നെയാണ്. കാക്കത്തമ്പുരാട്ടി എന്ന എന്റെ നോവല്‍ അക്കാദമി അവാര്‍ഡ് പരിഗണനയ്ക്ക് വന്നപ്പോഴും ഇതു തന്നെയാണ് സംഭവിച്ചത്. സിനിമയില്‍ ലഭിക്കേണ്ട പല ബഹുമതിയും ലഭിച്ചില്ല. എങ്കിലും പരമോന്നത ബഹുമതിയായ ജെ.സി. ദാനിയേല്‍ പുരസ്‌കാരം വൈകിയാണെങ്കിലും ലഭിച്ചു. അത് വലിയ അംഗീകാരം തന്നെയാണ്. മറ്റ് ഏതു അവാര്‍ഡ് കിട്ടിയില്ലെങ്കിലും അതിനേക്കാളൊക്കെ പരമോന്നതമല്ലേ ഇത്. അതുകൊണ്ടു തന്നെ ഞാന്‍ തൃപ്തനാണ്. 


ഉത്തരേന്ത്യയിലായിരുന്നുവെങ്കില്‍ ഫാല്‍ക്കെ അവാര്‍ഡ് കിട്ടുമായിരുന്നു

സൗത്തിനോട് എന്നും നോര്‍ത്തിന് ഒരു അവഗണനയുണ്ട്. ഫാല്‍ക്കേ അവാര്‍ഡ് എത്ര സൗത്ത് ഇന്ത്യന്‍സിന് കിട്ടി? എത്ര മലയാളികള്‍ക്ക് കിട്ടി? ഞാന്‍ മലയാള സിനിമയില്‍ ചെയ്ത കാര്യങ്ങള്‍ ഹിന്ദി സിനിമയില്‍ ചെയ്തിരുന്നെങ്കില്‍ 15 വര്‍ഷം മുമ്പ് എനിക്ക് ഫാല്‍ക്കേ അവാര്‍ഡ് കിട്ടുമായിരുന്നു. ഗുല്‍സറിന് കിട്ടിയില്ലേ. ഗുല്‍സര്‍ ചെയ്തതു തന്നെയല്ലേ ഞാനും ചെയ്തിട്ടുള്ളത്. പാട്ടെഴുതി, സിനിമയെഴുതി, സംവിധാനം ചെയ്തു. ഗുല്‍സര്‍ ചെയ്തതിന്റെ ഇരട്ടി കാര്യങ്ങള്‍ ഞാന്‍ മലയാള സിനിമയില്‍ ചെയ്തു. പക്ഷേ മലയാളം ആയതുകൊണ്ട് കേന്ദ്രം ശ്രദ്ധിക്കില്ല. കലയില്‍ മാത്രമല്ല രാഷ്ട്രീയത്തില്‍ പോലും ഈ അവഗണനയുണ്ടെന്നു ശ്രദ്ധിച്ചാല്‍ അറിയാം. കേരളത്തില്‍ നിന്ന് എത്ര നേതാക്കള്‍ കേന്ദ്ര രാഷ്ട്രീയത്തിലെത്തിയിട്ടുണ്ട്. എ.കെ. ആന്റണി ഉള്‍പ്പെടെയുള്ള കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ദേശീയ രാഷ്ട്രീയത്തില്‍ വന്നത് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് നല്ല നേതാക്കള്‍ ഇല്ലാതായപ്പോഴാണ്. അതുവരെ ഇവിടെ നിന്നുള്ളവരെ പരിഗണിച്ചില്ല. അതുപോലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലുമുണ്ട് നോര്‍ത്തിന്ത്യന്‍ ലോബി. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മലയാളികളാണ് വരേണ്ടത്. യഥാര്‍ഥത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ മാത്രമല്ലേ ഉള്ളൂ. മലയാളികളല്ലേ ഈ പാര്‍ട്ടിയെ നിലനിര്‍ത്തുന്നത്. അപ്പോള്‍ യച്ചൂരിയും കാരാട്ടുമല്ല, കേരളത്തില്‍ നിന്നുള്ള നേതാക്കളാണ് അഖിലേന്ത്യാ സെക്രട്ടറിയാകേണ്ടത്.


ഞാന്‍ കമ്യൂണിസ്റ്റാണ്; സ്വപ്നം കാണുന്ന ഇടതുപക്ഷം ഇന്നില്ല

കലാകാരന്‍ എപ്പോഴും കമ്മ്യൂണിസ്റ്റായിരിക്കും. കലാകാരന് ഒരിക്കലും വലതുപക്ഷത്ത് നില്‍ക്കാനാകില്ല. കാരണം കലാകാരന്‍ മാറ്റത്തിന്റെ കൂടെയാണ്. മാറ്റം അനിവാര്യമാണെന്ന് പറയാന്‍ കലാകാരനേ സാധിക്കൂ. ഇപ്പോഴത്തെ കമ്യൂണിസത്തിന് മാറ്റം വരണം. ഇതല്ല ഞാന്‍ സ്വപ്നം കണ്ട കമ്യൂണിസം. ഇപ്പോഴത്തെ ഇടതുപക്ഷം വലതുപക്ഷവത്കരിക്കപ്പെട്ടു കഴിഞ്ഞു. 

രണ്ട് അനുഭവങ്ങള്‍ പറയാം. ആദ്യത്തേത് ഒരു യാത്രയ്ക്കിടയില്‍ സംഭവിച്ചതാണ്. ഞാന്‍ ഒരിക്കല്‍ സിനിമാ ഷൂട്ടുമായി ബന്ധപ്പെട്ട് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ചെന്ന് ഇറങ്ങുമ്പോള്‍ അതേ ട്രെയിനിലെ സ്ലീപ്പര്‍ ക്ലാസ് കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് സി.അച്യുതമേനോനും ഇറങ്ങുന്നു. ഞാന്‍ സിനിമാക്കാരനായതുകൊണ്ട് എ.സി. കമ്പാര്‍ട്ട്‌മെന്റിലായിരുന്നു യാത്ര. അദ്ദേഹത്തിന്റെ കൈയില്‍ ചെറിയൊരു തലയിണയും പൊതിഞ്ഞെടുത്തിരിക്കുന്നു. അതും താങ്ങിപ്പിടിച്ചാണ് യാത്ര. രണ്ടു മാസം മുമ്പു വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ആളാണ്. ഞാന്‍ അദ്ദേഹത്തിന്റെ പിറകേ പോയി. എനിക്ക് പോകാനുള്ള കാര്‍ വന്നിരുന്നു. അദ്ദേഹം വാഹനത്തിനു കാത്തു നില്‍ക്കുകയാണ്. ഞാന്‍ പറഞ്ഞു, 'സാര്‍ എങ്ങോട്ടാണ് പോകേണ്ടത്. പറഞ്ഞാല്‍ ഞാന്‍ കൊണ്ടു വിടാം. ഇങ്ങനെ കാത്തു നില്‍ക്കേണ്ടല്ലോ'. അപ്പോഴാണ് അദ്ദേഹം എന്നെ ശ്രദ്ധിക്കുന്നത്. ' ആ , തമ്പി ട്രെയിനില്‍ ഉണ്ടായിരുന്നോ?, കൊണ്ടു വിടുകയൊന്നും വേണ്ട ഞാന്‍ പൊയ്‌ക്കോളാം, തമ്പി പൊയ്‌ക്കോ, തിരക്കുള്ളതല്ലേ' അങ്ങനെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന മനുഷ്യന്‍ വാഹനത്തിനു കാത്തു നില്‍ക്കുന്നതു കണ്ട് വിഷമത്തോടെ എനിക്ക് കാറില്‍ കയറി പോകേണ്ടി വന്നിട്ടുണ്ട്. അതാണ് സി.അച്യുതമേനോന്‍. മഹാനായ കമ്യൂണിസ്റ്റ്.

രണ്ടാമത്തെത് ഇ.എം.എസുമായാണ്. അതെനിക്ക് നേരിട്ടുള്ള അനുഭവമല്ല. എന്റെ ചേട്ടന്‍ പി.ഗോപാലകൃഷ്ണന്‍ തമ്പിയുടെ അനുഭവമാണ്. ഇ.എം.എസ് അന്ന് മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ മകള്‍ താമസിക്കുന്ന രണ്ട് ബെഡ് റൂം മാത്രമുള്ള വീടായിരുന്നു ഔദ്യോഗിക വസതി. തനിക്ക് ഔദ്യോഗിക വസതി വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ധാരാളിത്തം വരുമെന്നാണ് അതിനു കാരണമായി പറഞ്ഞത്. ചേട്ടനും രണ്ട് പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് കാണാന്‍ ചെന്നപ്പോള്‍ ഹാളില്‍ ഒരു പുല്‍പ്പായയില്‍ കിടക്കുകയാണ് ഇ.എം.എസ്. അതിഥികളെ കണ്ടപ്പോള്‍ എഴുന്നേറ്റു. വിശേഷം തിരക്കി. സംസാരിക്കുന്നതിനിടെ അകത്തേക്ക് വിളിച്ച് ചായയിടാന്‍ പറഞ്ഞു. ഭാര്യയുടെ അങ്കലാപ്പ് കണ്ടപ്പോള്‍ 'എന്താ പഞ്ചാരയില്ലേ' എന്ന് ഇ.എം.എസിന്റെ ചോദ്യം. അതും പറഞ്ഞ് അടുത്തിരുന്ന ഒരു പുസ്തകത്തിന്റെയകത്തു നിന്ന് അഞ്ചു രൂപ എടുത്തുകൊടുത്ത് പഞ്ചസാര വാങ്ങാന്‍ പറഞ്ഞു. ഒരു മുഖ്യമന്ത്രിയാണ് ഇതു ചെയ്യുന്നതെന്ന് ഓര്‍ക്കണം. ഇങ്ങനെയായിരുന്നു കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍. ഇതായിരുന്നു ഞാന്‍ സ്വപ്നം കണ്ട കമ്യൂണിസം. ഇന്നു നമ്മള്‍ കാണുന്നതെന്താണ്? ഇപ്പോള്‍ ഇടതുപക്ഷവും വലതുപക്ഷവും തമ്മില്‍ കാര്യമായ വ്യത്യാസമില്ല. 


രാഷ്ട്രീയക്കാരുടെ കാലുപിടിച്ചു കൊണ്ടുള്ള പത്മശ്രീ വേണ്ട

കലാകാരന് ഇടതുപക്ഷമാകാനേ കഴിയൂ എന്നു ഞാന്‍ പറഞ്ഞല്ലോ. അതിന് ഒരു പാര്‍ട്ടിയുടെ ഭാഗമാകുക എന്ന് അര്‍ഥമില്ല. അച്യുതമേനോന്റെയും ഇ.എം.എസിന്റയും കമ്യൂണിസത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്. അല്ലാതെ വലതുപക്ഷവത്കരിക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം ചേരാന്‍ പറ്റില്ല. അങ്ങനെ ചേര്‍ന്നാല്‍ ഒരുപക്ഷേ എനിക്ക് പത്മശ്രീ കിട്ടുമായിരിക്കും. രാഷ്ട്രീയക്കാരെ കണ്ട് ഇതൊക്കെ നേടിയെടുക്കുന്നവരുമുണ്ട്. അംഗീകാരത്തിനു വേണ്ടി കാലുപിടിക്കാന്‍ പോകാന്‍ ശ്രീകുമാരന്‍ തമ്പിയെ കിട്ടില്ല. 


വര്‍ഗീയത കൂടി; കാരണം രാഷ്ട്രീയ പാര്‍ട്ടികള്‍

കേരള സമൂഹത്തില്‍ വര്‍ഗീയത കൂടിയിട്ടുണ്ട്. ജാതിമത ചിന്തകളും ജനങ്ങളില്‍ വളര്‍ന്നിട്ടുണ്ട്. സംശയമില്ല. ഇക്കാര്യത്തില്‍ ഞാന്‍ കുറ്റപ്പെടുത്തുക രാഷ്ട്രീയ പാര്‍ട്ടികളെയും മാധ്യമങ്ങളെയുമാണ്. ഇതില്‍ ബി.ജെ.പിക്കും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും ഒരുപോലെ പങ്കുണ്ട്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, നമുക്ക് ജാതിയില്ല, മതമില്ല, വര്‍ഗീയതക്കെതിരെയാണ് എന്നൊക്കെ പറഞ്ഞാലും അവര്‍ ഇലക്ഷനില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതു പോലും മതം നോക്കിയാണ്. മുസ്ലീം ഭൂരിപക്ഷമുള്ളയിടത്ത് മുസ്ലീമിനെയും സവര്‍ണ ജാതി ഭൂരിപക്ഷമുള്ളയിടത്ത് സവര്‍ണനെയും നിര്‍ത്തും. പിന്നെയെങ്ങനെ വര്‍ഗീയതയെ നീക്കം ചെയ്യുമെന്നാണ് ഇവര്‍ പറയുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഇടതുപക്ഷവും വലതുപക്ഷ പാര്‍ട്ടികളും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്? 

സമൂഹത്തെ ഭരിക്കുന്നത് പണവും അധികാരവും തന്നെയാണ്. ഇതു തുടരുന്തോറും വര്‍ഗീയത നിലനില്‍ക്കും. നിലവില്‍ രാജ്യം ഭരിക്കുന്ന ഒറ്റ രാഷ്ട്രീയ പാര്‍ട്ടികളിലും വിശ്വാസമില്ല. അവരെല്ലാം മലീമസമായ രാഷ്ട്രീയ ദോഷങ്ങളില്‍ പെട്ടു പോയി. ഇന്ന് സമൂഹത്തെ നവീകരിക്കാന്‍ എ.കെ.ജിയെപ്പോലെ ഒരു തൊഴിലാളി നേതാവോ അച്യുതമേനോനെപ്പോലെയോ ഇ.എം.എസിനെപ്പോലെയോ ഒരു മുഖ്യമന്ത്രിയോ ഇല്ല. സമൂലമായ ഒരു മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. അതിന് സമയമെടുക്കും. 



പുതിയ അമ്മമാര്‍ക്ക് ഉത്തരവാദിത്തമില്ല 

രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെ സമൂഹവും ജീര്‍ണിച്ചിരിക്കുന്നു. നമ്മുടെ ചുറ്റുപാടില്‍ പഴയതിനേക്കാളേറെ മനോരോഗികളും മയക്കുമരുന്നിന് അടിപ്പെട്ടവരും കൂടിയിട്ടുണ്ട്. മക്കള്‍ ഇങ്ങനെ ആകുന്നതിനു കാരണം രക്ഷിതാക്കളാണ്. പ്രത്യേകിച്ചും അമ്മമാര്‍. കുട്ടിയുടെ മുഖമൊന്നു മാറിയാല്‍ പഴയ അമ്മമാര്‍ക്ക് തിരിച്ചറിയുമായിരുന്നു. ഇന്നത്തെ അമ്മമാര്‍ക്ക് അതിനു കഴിയുന്നില്ല. ഇന്ന് സ്വന്തം മകനെങ്ങനെ മയക്കുമരുന്നിന് അടിമപ്പെട്ടെന്ന് തിരിച്ചറിയാന്‍ അമ്മയ്ക്ക് സാധിക്കുന്നില്ല. പഴയ അമ്മമാര്‍ ത്യാഗം ചെയ്യാന്‍ തയ്യാറായിരുന്നു. അതുകൊണ്ടാണ് നല്ല മക്കളുണ്ടായത്. നല്ല തലമുറയുണ്ടായത്. കൂട്ടുകുടുംബ വ്യവസ്ഥയ്ക്ക് ഒരുപാട് ദോഷമുണ്ടെങ്കിലും മക്കളെ സദാചാര ഗുണങ്ങളും ന•കളും ശീലിപ്പിക്കാന്‍ അതിനു സാധിച്ചിരുന്നു. അമ്മയായിരുന്നു കുടുംബം ഭരിച്ചിരുന്നത്. ആ സംസ്‌കാരം നഷ്ടമായതോടെ ബന്ധങ്ങളും മൂല്യങ്ങളും തകര്‍ന്നു. 

'ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ചു' സ്ഥിരമായി കേള്‍ക്കുന്ന വാര്‍ത്തയല്ലേ ഇത്. പണ്ടാണെങ്കില്‍ ഇതു നടക്കില്ല. കുടുംബ സംവിധാനം തകര്‍ന്നതോടെയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. ഷെയറിംഗ് എന്ന മൂല്യബോധമേ ഇല്ലാതായി. ഇപ്പോള്‍ അച്ഛനും അമ്മയും മക്കളും സ്വാര്‍ഥരാണ്. എല്ലാവരും അവരവരെ കൂടുതല്‍ സ്‌നേഹിക്കുകയാണ്. കൂട്ടുകുടുംബത്തിലേക്ക് തിരിച്ചു പോകണമെന്നല്ല ഞാന്‍ പറയുന്നത്. നമ്മുടെ നഷ്ടങ്ങളെയാണ് ഓര്‍മ്മിപ്പിക്കുന്നത്. കുറേയൊക്കെ വീണ്ടെടുക്കാന്‍ ശ്രമിക്കണം. ഇപ്പോള്‍ അമ്മമാര്‍ ഉദ്യോഗസ്ഥരായിരിക്കാം, എങ്കിലും മക്കളോടുള്ള കടമയില്‍ വിട്ടുവീഴ്ച കാണിക്കരുത്. അമ്മയ്‌ക്കൊരു താരാട്ട് എന്ന എന്റെ സിനിമ സമൂഹത്തിലെ ഇത്തരം ജീര്‍ണതകളാണ് വിഷയമാക്കിയത്. പക്ഷേ മൂല്യബോധമുള്ള അച്ഛനമ്മമാരും അമ്മയെ സ്‌നേഹിക്കുന്ന മക്കളും ഇല്ലാത്തതിനാല്‍ ആരും ആ സിനിമ കാണാന്‍ പോയില്ല.



ഇഷ്ടപ്പെട്ട സ്വന്തം പാട്ടുകള്‍

1. എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ (ഉദയം)

2. ഹൃദയസരസ്സിലേ പ്രണയപുഷ്പമേ (പാടുന്ന പുഴ)

3. ഇലഞ്ഞിപ്പൂമണം ഒഴുകിവരും (അയല്‍ക്കാരി)

4. മലര്‍ക്കൊടി പോലെ (വിഷുക്കണി)

5. ഹൃദയവാഹിനീ ഒഴുകുന്നു നീ (ചന്ദ്രകാന്തം)

6. ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം (ഭാര്യമാര്‍ സൂക്ഷിക്കുക)

7. വാല്‍കണ്ണെഴുതി വനപുഷ്പം ചൂടി (പിക്‌നിക്)

8. മല്ലികപ്പൂവിന്‍ മധുരഗന്ധം (ഹണിമൂണ്‍)

9. താരകരൂപിണി നീയെന്നുമെന്നുടെ (ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു)

10. പൊന്‍വെയില്‍ മണിക്കച്ചയഴിഞ്ഞു വീണു (നൃത്തശാല)


ഇഷ്ടപ്പെട്ട 10 പാട്ടുകള്‍

1. താമസമെന്തേ വരുവാന്‍ (ഭാര്‍ഗവീനിലയം)

2. കാവ്യപുസ്തകമല്ലോ ജീവിതം (അശ്വതി)

3. ആയിരം പാദസരങ്ങള്‍ കിലുങ്ങി (നദി)

4. കാറ്റു ചെന്നു കളേഭരം തഴുകി (സമ്മാനം)

5. മാണിക്യവീണയുമായെന്‍ മനസ്സിന്റെ (കാട്ടുപൂക്കള്‍)

6. പതിന്നാലാം രാവുദിച്ചത് മാനത്തോ (മരം)

7. ഹൃദയം ദേവാലയം (തെരുവുഗീതം)

8. ശരറാന്തല്‍ തിരി താണു (കായലും കയറും)

9. ഒരു ചെമ്പനീര്‍ പൂവിറുത്തു (സ്ഥിതി)

10. ചന്ദനമണിവാതില്‍ പാതി ചാരി (മരിക്കുന്നില്ല ഞാന്‍)


ഗൃഹലക്ഷ്മി, 2021 ജനുവരി 1-15

No comments:

Post a Comment