സമൂഹത്തോടും വ്യക്തിയോടും ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വിഷയവത്കരിക്കുമ്പോഴാണ് കലാരൂപങ്ങള്‍ സാമൂഹികപ്രതിബദ്ധത നിറവേറ്റുന്നതും വ്യാപകമായ ചര്‍ച്ചയ്ക്കു വിധേയമാകുന്നതും. അടുത്തിടെ വലിയ ആസ്വാദകവൃന്ദത്തെ ആകര്‍ഷിക്കാന്‍ കഴിഞ്ഞ ഒരു സിനിമയാണ് റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം. പുതിയ കാലത്തെ ഗൃഹാന്തരീക്ഷം വ്യത്യാസം കൂടാതെ സ്‌ക്രീനില്‍ പറിച്ചുനട്ടത് കാണാനായി എന്നതാണ് ഹോമിലേക്ക് പ്രേക്ഷകരെ ആകര്‍ഷിച്ചത്.
ജിയോ ബേബിയുടെ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമ ശ്രദ്ധിക്കുക. വലിയ പരസ്യപ്രചാരണങ്ങളുടെ അകമ്പടി കൂടാതെ കോവിഡ് കാലത്ത് ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ വളരെ പെട്ടെന്നാണ് മൗത്ത് പബ്ലിസിറ്റിയിലൂടെ ആളുകളിലേക്ക് പടര്‍ന്നു കയറിയത്. ആ സിനിമ ചര്‍ച്ച ചെയ്ത പ്രമേയം അവനവന്റെ അടുക്കളപ്പുറത്തു തന്നെയുള്ളതായിരുന്നു. ഈയൊരു സമീപസ്ഥസാമിപ്യം തന്നെയാണ് ഹോമിന്റെ കാര്യത്തിലും സംഭവിക്കുന്നത്.
ഹോമിലെ ഒലിവര്‍ ട്വിസ്റ്റിന്റെ വീട് അവരവരുടെ വീടായി ഓരോ പ്രേക്ഷകനും അനുഭവപ്പെടുന്നിടത്താണ് സിനിമ മുന്നോട്ടുവയ്ക്കുന്ന പ്രമേയത്തിന് പ്രാധാന്യമേറുന്നത്. ഡിജിറ്റല്‍ യുഗത്തിന്റെയും പ്രത്യേകിച്ച് സ്മാര്‍ട്ട് ഫോണിന്റെയും വരവോടെ മുഖത്തു നോക്കി സംസാരിക്കാതായ ആളുകളെപ്പറ്റി നമ്മള്‍ നിരന്തരം ചര്‍ച്ചചെയ്യാറുണ്ട്. കേവല ചര്‍ച്ചയ്ക്കപ്പുറത്ത് ഈ പ്രശ്‌നത്തിന് ആരും അത്രകണ്ട് പ്രാധാന്യം നല്‍കാറില്ലെന്നത് മറ്റൊരു സത്യം. ഇത്തരമൊരു പ്രശ്‌നത്തെ അച്ഛനുമമ്മയും രണ്ടു മക്കളും അപ്പച്ചനുമുള്ള ഒരു വീടിന്റെ പശ്ചാത്തലത്തില്‍ ഹൃദ്യമായി അവതരിപ്പിക്കുകയാണ് റോജിന്‍ തോമസ്. രണ്ടു തലമുറകള്‍ക്കിടയിലെ ബന്ധങ്ങളിലെ ഊഷ്മളതയും ഇഴച്ചേര്‍ച്ചക്കുറവും തിരിച്ചറിവും സിനിമയില്‍ കടന്നുവരുന്നു.
'തിരക്കിനിടയില്‍ നമ്മുടെ മാതാപിതാക്കള്‍ക്കായി അഞ്ചു മിനിറ്റ് നമ്മള്‍ ചെലവഴിക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന സന്തോഷമുണ്ടല്ലോ. ആ സന്തോഷമായിരുന്നു എന്റെ സിനിമയുടെ പ്രചോദനം. നമ്മുടെ സമൂഹത്തില്‍ ഡിജിറ്റല്‍ വിപ്ലവം പെട്ടെന്നായപ്പോള്‍ അതുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുന്ന ഒരുപാടു പേരുണ്ട്. നമ്മളെ ക്ഷമയോടെ അക്ഷരം പഠിപ്പിച്ച് ഇത്രത്തോളം ആക്കിയ അച്ഛനമ്മമാര്‍ക്കു വേണ്ടി അല്‍പ്പസമയം ചെലവഴിക്കാന്‍ ഞാനുള്‍പ്പെടുന്ന പുതിയ തലമുറയ്ക്കു ക്ഷമയില്ല.' സംവിധായകന്റെ ഈ വാക്കുകളിലുണ്ട് ഹോം എന്ന സിനിമയുടെ സത്ത. സ്മാര്‍ട്ട് ഫോണിനു മുമ്പ് ജനിച്ചവരും സ്മാര്‍ട്ട് ഫോണ്‍ കണ്ടുവളരുന്നവരുമായ രണ്ടു തലമുറയുടെ പെരുമാറ്റത്തില്‍ തന്നെ വലിയ വ്യത്യാസമുണ്ട്. മുഖത്തു നോക്കി സംസാരിക്കുന്ന ഒരു വിഭാഗവും സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീനില്‍ നോക്കി സംസാരിക്കുന്ന മറ്റൊരു വിഭാഗവുമായിട്ടാണ് ഇതിനെ സമൂഹം പൊതുവെ കണക്കാക്കിപ്പോരുന്നത്.
മക്കളുടെ സ്‌നേഹവും സാമിപ്യവും പരിഗണനയും പ്രതീക്ഷിക്കുന്നവരാണ് ഹോമിലെ മാതാപിതാക്കളായ കുട്ടിയമ്മയും ഒലിവര്‍ ട്വിസ്റ്റും. എന്നാല്‍ മക്കള്‍ രണ്ടുപേരും അവരവര്‍ സൃഷ്ടിച്ച സോഷ്യല്‍ മീഡിയയുടെ സമാന്തര ലോകത്ത് ജീവിക്കുന്നവരാണ്. അവര്‍ ദിവസത്തിലെ ഭൂരിഭാഗം സമയവും അതില്‍ ചെലവിടുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ പോലും ഫോണില്‍ നോക്കിയിരിക്കുന്നവരാണവര്‍. വീട്ടിലെ സന്തോഷസന്താപങ്ങളിലൊന്നും അവര്‍ പങ്കാളികളാകുന്നില്ല. അവരുടെ വികാരവിക്ഷോഭ പ്രകടനങ്ങളെല്ലാം സോഷ്യല്‍ മീഡിയയുടെ നാലതിരുകളില്‍ ഒതുങ്ങിപ്പോകുന്നു. എത്ര വിശാലമെന്നു തോന്നുമെങ്കിലും അത്രമേല്‍ ചുരുക്കപ്പെട്ടൊരു ലോകമാണതെന്ന് അവര്‍ തിരിച്ചറിയുന്നേയില്ല.
സിനിമയിലെ മക്കള്‍ കഥാപാത്രങ്ങളില്‍ മൂത്തയാള്‍ ആദ്യ സിനിമ സൂപ്പര്‍ ഹിറ്റാക്കിയ യുവ സംവിധായകനാണ്. അയാള്‍ക്ക് രണ്ടാമത്തെ സിനിമയുടെ തിരക്കഥാ രചനയില്‍ പൂര്‍ണശ്രദ്ധ പുലര്‍ത്താനാകുന്നില്ല. അയാളുടെ സമയത്തില്‍ വലിയൊരു പങ്കും അപഹരിക്കുന്നത് സോഷ്യല്‍ മീഡിയയാണ്. അത് അയാളുടെ സര്‍ഗാത്മക ശേഷിയെ പോലും പിന്നോട്ടടിപ്പിക്കുന്നതു കാണാം. പഴയതുപോലെ എഴുത്തില്‍ ഒഴുക്കു കിട്ടുന്നില്ലെന്ന് അയാള്‍ തന്നെ സിനിമാരംഗത്തെ സഹപ്രവര്‍ത്തകനോട് സമ്മതിക്കുന്നുമുണ്ട്. വീട്ടുകാരോടും ഭാവിവധുവിനോടുമുള്‍പ്പെടെ അയാള്‍ക്ക് നീതിപൂര്‍വ്വം പെരുമാറാനാകുന്നില്ല. ഒലിവര്‍ ട്വിസ്റ്റിന്റെ രണ്ടാമത്തെ മകന്റെ കാര്യവും വ്യത്യസ്തമല്ല. ഇയാള്‍ പഠനത്തിലോ വീട്ടുകാര്യങ്ങളിലോ പൊതുവിഷയങ്ങളിലോ ശ്രദ്ധാലുവല്ല. എന്തെങ്കിലും തരത്തിലുള്ള സാമൂഹിക പ്രതിബദ്ധത ഉള്ളയാളുമല്ല. സദാസമയം സോഷ്യല്‍ മീഡിയയില്‍ കഴിയുകയും ജീവിതത്തിലെ എല്ലാ സന്ദര്‍ഭങ്ങളും സ്വന്തം യൂ ട്യൂബ് ചാനലില്‍ പങ്കുവയ്ക്കുകയും ചെയ്യുന്നു.
ഈ രണ്ട് കഥാപാത്രങ്ങളിലൂടെ ഡിജിറ്റല്‍ കാലത്തെ ഒരു ഗൃഹാന്തരീക്ഷത്തെ വ്യക്തമായി വരച്ചിടുകയാണ് സംവിധായകന്‍. ഒന്നുകില്‍ മക്കളെ തങ്ങളുടെ വഴിക്ക് നടത്താം, അല്ലെങ്കില്‍ അവരെ സ്വന്തം വഴിക്ക് വിടാം, അതുമല്ലെങ്കില്‍ മക്കളോടൊപ്പം ഡിജിറ്റലൈസേഷന്‍ തീര്‍ക്കുന്ന സമാന്തര ലോകത്തെത്താന്‍ ശ്രമിക്കാം. ഈ വഴികളാണ് മാതാപിതാക്കളുടെ മുമ്പിലുള്ളത്. ജീവിതത്തിലെ ശീലങ്ങളും ചിട്ടവട്ടങ്ങളും കൈവിടാതെ തന്നെ പുതിയ കാലത്തിന്റെ വേഗത്തിനൊപ്പമെത്താന്‍ പരിശ്രമിക്കുകയാണ് ഇവിടത്തെ ഗൃഹനാഥനായ ഒലിവര്‍ ട്വിസ്റ്റ്. നവമാധ്യമ വേഗത്തിനും തങ്ങളുടെ അഭിരുചികള്‍ക്കുമൊത്തു പെരുമാറാന്‍ പ്രാപ്തിയില്ലാത്തവരായി പഴയ തലമുറക്കാരെ കാണുന്ന പുത്തന്‍കൂറ്റുകാര്‍ക്ക് ഒലിവറിലെ മാറ്റം അത്യന്തം വിസ്മയമാണുണ്ടാക്കുന്നത്.
പുതിയ വേഗത്തിനും അഭിരുചിക്കും ചേരാത്തവര്‍ എന്ന രീതിയില്‍ രക്ഷിതാക്കളെ കാണുന്നതോടെ ബന്ധത്തില്‍ തന്നെ വിള്ളല്‍ ഉണ്ടാകുന്നുണ്ട്. മക്കളോട് അകൈതവമായ സ്‌നേഹം സൂക്ഷിക്കുന്നവരാണ് ഒലിവറും കുട്ടിയമ്മയും. തങ്ങളുടെ ശാരീരിക പരാധീനതയിലും വീട്ടിലെയും മക്കളുടെയും കാര്യങ്ങള്‍ അവര്‍ നോക്കിനടത്തുന്നു. മക്കള്‍ക്ക് അച്ഛനമ്മമാരോട് സ്‌നേഹമുണ്ടെങ്കിലും അത് പ്രകടിപ്പിക്കാന്‍ അവര്‍ സമയം കണ്ടെത്തുന്നില്ല. അവരുടെ വികാരങ്ങളെല്ലാം ഡിജിറ്റല്‍ ലോകവുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. ഒരു പ്രത്യേക വേളയില്‍ ബന്ധത്തിലെ ഊഷ്മളത തിരിച്ചറിയാന്‍ മക്കള്‍ക്ക് അവസരമൊരുങ്ങുകയും അവര്‍ തെറ്റു തിരുത്തുകയും ചെയ്യുന്നു. ബന്ധങ്ങളിലെ ഈ ഊഷ്മളത ഡിജിറ്റല്‍ വേഗത്തില്‍ കൈവിടരുതെന്നാണ് ഹോം ഓര്‍മ്മിപ്പിക്കുന്നതും.
ഡിജിറ്റല്‍ ലോകവും സോഷ്യല്‍ മീഡിയയും ചേര്‍ന്നു സൃഷ്ടിച്ചിട്ടുള്ള അപരലോകത്ത് വിഹരിക്കുന്നവരാണ് ഏറിയ പങ്ക് മനുഷ്യരുമെന്നും ഹോം ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഇക്കാര്യത്തില്‍ പുതിയ തലമുറയെന്നോ പഴയ തലമുറയെന്നോ വ്യത്യാസമില്ല. പലരും സര്‍ഗാത്മകവും ചലനാത്മകവുമായി ചെലവഴിക്കേണ്ട വലിയൊരു പങ്ക് സമയം സോഷ്യല്‍ മീഡിയയില്‍ തളച്ചിടുകയാണ്. 'നമുക്കൊപ്പം ഒരു കള്ളനുണ്ട്. സ്മാര്‍ട്ട് ഫോണ്‍ ആണത്. സെക്കന്റ് നേരത്തേക്ക് ഒരു നോട്ടിഫിക്കേഷന്‍ നോക്കാന്‍ ഫോണ്‍ എടുക്കുന്ന നമ്മള്‍ മിനിറ്റുകളും മണിക്കൂറുകളും ദിവസങ്ങളും ഫോണിലായി മാറുന്നു. അങ്ങനെ നമ്മുടെ വിലപ്പെട്ട സമയം ആ മോഷ്ടാവിന്റെ കൈയിലാകുന്നു എന്ന ഹോമില്‍ വിജയ് ബാബു അവതരിപ്പിക്കുന്ന സൈക്കോളജിസ്റ്റ് കഥാപാത്രം പറയുന്നുണ്ട്.
ബന്ധങ്ങളിലെ ഊഷ്മളതയും മനോഹാരിതയും ഓര്‍മ്മിപ്പിക്കുന്ന ഹോം അവതരണത്തിലെ ലാളിത്യം കൊണ്ടാണ് ആകര്‍ഷിക്കപ്പെടുന്നത്. സിനിമയുടെ മുക്കാല്‍ പങ്കും ഒലിവര്‍ ട്വിസ്റ്റിന്റെ വീട്ടില്‍ തന്നെയാണ് ക്യാമറ കേന്ദ്രീകരിക്കുന്നത്. അത് നമ്മുടെ വീടകങ്ങളായി അനുഭവപ്പെടുന്നതുകൊണ്ടു തന്നെ സിനിമയും നമ്മളും രണ്ടായി മാറുന്നില്ല. അതിസുന്ദരമായാണ് ഒലിവറിന്റെ വീടിനെ ആകര്‍ഷകമാക്കിയിരിക്കുന്നത്. ലാളിത്യമുള്ള ഗൃഹാന്തരീക്ഷത്തില്‍ ഇഴുകിച്ചേരുന്ന രാഹുല്‍ സുബ്രഹ്മണ്യന്റെ സുന്ദരമായ പശ്താത്തല സംഗീതം ഹോമിന്റെ മികവാണ്. ഹോമിനെ മികവുറ്റതാക്കുന്ന മറ്റൊരു ഘടകം അതിലെ കഥാപാത്രങ്ങളുടെ മികവുറ്റ പ്രകടനമാണ്. ഇതില്‍ ഒലിവര്‍ ട്വിസ്റ്റും കുട്ടിയമ്മയുമാകുന്ന ഇന്ദ്രന്‍സും മഞ്ജു പിള്ളയും മുന്നില്‍ നില്‍ക്കുന്നത്.
മക്കളോട് അതീവ വാത്സല്യവും സ്‌നേഹവും പരിഗണനയും സൂക്ഷിക്കുന്ന അച്ഛന്‍, മക്കളില്‍ നിന്നുള്ള പരിഗണനക്കുറവ്, തലമുറകളിലെ ബന്ധങ്ങളിലെ വിടവ് ഉണ്ടാക്കുന്ന നിസ്സഹായത, ഉത്തരവാദിത്വമുള്ള ഗൃഹനാഥന്‍, പുതിയ തലമുറയുടെ വേഗത്തിനൊപ്പം ചേരാനുള്ള പരിശ്രമം, തന്നിലെ മനുഷ്യന്റെ എക്‌സ്ട്രാ ഓര്‍ഡിനറി എന്താണെന്നുള്ള തിരിച്ചറിയല്‍ തുടങ്ങി ഭിന്ന ജീവിത പരിസരങ്ങള്‍ ഇന്ദ്രന്‍സിലെ അഭിനേതാവിന്‍ അനായാസം ഉള്ളടങ്ങിയിരിക്കുന്നു.
മുന്‍ധാരണയോടെ ഇന്ദ്രന്‍സിന്റെ കഥാപാത്രങ്ങളെ കാണേണ്ടതില്ല എന്നൊരു സൂചന കൂടി ഒലിവര്‍ ട്വിസ്റ്റ് നല്‍കുന്നുണ്ട്. മുന്‍പ് ശരീരത്തിന്റെ കുറവുകളെ ഉപയോഗപ്പെടുത്തിയ ഹാസ്യനടന്‍, പിന്നീട് നിസ്സഹായതയുടെ സൂചകങ്ങളായ ഗൗരവ കഥാപാത്രങ്ങള്‍ എന്നിങ്ങനെ അടയാളപ്പെടുത്തപ്പെട്ട നടന്‍ ഇതു രണ്ടിനെയും മുറിച്ചു കടക്കുന്നു. ഹോമിലെ ഒലിവര്‍ ട്വിസ്റ്റ് ചുറ്റുപാടില്‍ കുറേക്കൂടി സ്വാഭാവികമായി പെരുമാറുന്നയാളാണ്. അയാള്‍ തമാശ പറയുകയും കുശലാന്വേഷണം നടത്തുകയും ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുകയും ചെയ്യുന്ന സാധാരണക്കാരനാണ്. അയാളുടെ ചെയ്തികളിലൊന്നും അസ്വാഭാവികതകളോ കൂട്ടിച്ചേര്‍പ്പുകളോ ഇല്ല. അതിലൂടെ പൂര്‍വ ഭാരങ്ങള്‍ ഒഴിഞ്ഞ നടന്‍ എന്ന നിലയിലേക്കു വളരാന്‍ ഇന്ദ്രന്‍സിനു സാധിച്ചിരിക്കുന്നു.
ദീര്‍ഘകാല കരിയറില്‍ ഇതുപോലൊരു വേഷത്തിനായിരിക്കും മഞ്ജു പിള്ള കാത്തിരുന്നിട്ടുണ്ടാകുക. വീടിന്റെ സന്തോഷങ്ങളും സങ്കടങ്ങളും ആവലാതികളുമെല്ലാം കുട്ടിയമ്മയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഇതിന്റെ അനായാസമായ പരകായ പ്രവേശം മഞ്ജു പിള്ളയിലെ അഭിനേത്രിയിലും. ആന്റണി ഒലിവര്‍ ട്വിസ്റ്റും ചാള്‍സ് ഒലിവര്‍ ട്വിസ്റ്റുമായെത്തുന്ന ശ്രീനാഥ് ഭാസിയുടെയും നസ്ലീന്‍ കെ. ഗഫൂറിന്റെയും പ്രകടനങ്ങളും അഭിനന്ദനമര്‍ഹിക്കുന്നു.
സ്ത്രീശബ്ദം, 2021 സെപ്റ്റംബര്‍
No comments:
Post a Comment