കോവിഡ് കാലത്ത് ആള്‍ക്കൂട്ടമൊഴിവാക്കി ഷൂട്ട് ചെയ്യുന്നതിന്റെയും ഒടിടി പ്ലാറ്റ്ഫോമിന്റെയും സാധ്യത കൃത്യമായി ഉപയോഗപ്പെടുത്തുന്ന സിനിമയാണ് രഞ്ജിത് ശങ്കറിന്റെ സണ്ണി. ഒരാള്‍ മാത്രം കഥാപാത്രമാകുന്ന സണ്ണിയില്‍ ജയസൂര്യയുടെ താരമൂല്യം ഉപയോഗപ്പെടുത്തി തന്റെ സിനിമ മുന്‍നിര ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തിച്ച് കാഴ്ചക്കാരെ ആകര്‍ഷിക്കുന്നതില്‍ വിജയിക്കുന്നുണ്ട് രഞ്ജിത് ശങ്കറിലെ സംവിധായകന്‍. കോവിഡ് പ്രതിസന്ധി വിട്ടുപോയിട്ടില്ലാത്ത വേളയില്‍ കോവിഡ് കാല ജീവിതം തന്നെ ഇതിവൃത്തമാക്കുന്നുവെന്ന പ്രത്യേകതയും ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത സണ്ണിക്കുണ്ട്. ഒരാള്‍ മാത്രം കഥാപാത്രമായി മാനുഷിക വികാരങ്ങള്‍ക്കും വിചാരങ്ങള്‍ക്കും പ്രാമുഖ്യം നല്‍കുന്ന ഒരു സിനിമയൊരുക്കണമെന്ന തന്റെ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണം കൂടിയാണ് സണ്ണിയിലൂടെ രഞ്ജിത് ശങ്കര്‍ സാധ്യമാക്കുന്നത്.
കോവിഡ് കാലത്ത് ദുബായില്‍ നിന്ന് കേരളത്തിലെത്തി ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയുന്നയാളാണ് സണ്ണിയില്‍ ജയസൂര്യ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രം. അയാളുടെ ക്വാറന്റൈന്‍ ദിവസങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ക്വാറന്റൈന്‍ എന്നത് തനിച്ചു പൂര്‍ത്തിയാക്കേണ്ട ഒരു പ്രവര്‍ത്തനമായതു കൊണ്ടു തന്നെ സിനിമയില്‍ മറ്റു കഥാപാത്രങ്ങളെ അയാള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നില്ല. ഫോണ്‍ കോളുകളിലെയും ഹോട്ടലിലെ അയല്‍മുറിയിലെയും ഹോട്ടല്‍ ജീവനക്കാരുടെയും ശബ്ദസാന്നിധ്യങ്ങളായി മറ്റു മനുഷ്യര്‍ സിനിമയില്‍ കഥാപാത്രങ്ങളാകുന്നുണ്ട്. ഒരു ക്വാറന്റൈന്‍ കാല കഥപറച്ചില്‍ അല്ലായിരുന്നു സിനിമ പശ്ചാത്തലമാക്കിയിരുന്നതെങ്കില്‍ ഇതില്‍ പലതും പൂര്‍ണ കഥാപാത്രങ്ങളായി സാന്നിധ്യമറിയിക്കേണ്ടവയായിരുന്നു. ഈ കഥാപാത്രങ്ങളെ ഫോണ്‍ കോളില്‍ മികച്ച സാന്നിധ്യങ്ങളാക്കി നിലനിര്‍ത്തുന്നതു തന്നെയാണ് സണ്ണിയുടെ തിരക്കഥയില്‍ രഞ്ജിത് ശങ്കര്‍ പുലര്‍ത്തുന്ന മിടുക്കും.
രണ്ടു തരം ക്വാറന്റൈനിലൂടെയാണ് സണ്ണി കടന്നുപോകുന്നത്. ഒന്ന് കോവിഡ് മഹാമാരി തീര്‍ത്ത നിര്‍ബന്ധിത ക്വാറന്റൈനും. മറ്റൊന്ന് ജീവിതത്തിലെ തിക്താനുഭവങ്ങള്‍ നല്‍കിയ സ്വയം അടച്ചുപൂട്ടലും. ദുബായില്‍ ബിസിനസ് നഷ്ടത്തിലായി കടവും ബാധ്യതയുമായി നാട്ടിലേക്കു വരുന്ന സണ്ണിയുടെ കുടുംബ ജീവിതവും അത്ര നല്ല അവസ്ഥയിലല്ല. അയാളുടെ ഭാര്യ ഗര്‍ഭിണിയാണ്. അവര്‍ തമ്മില്‍ വിവാഹമോചനത്തിന്റെ വക്കിലാണ്. മാനസികമായി തകര്‍ന്ന ഈ അവസ്ഥയിലാണ് ഹോട്ടലില്‍ അയാള്‍ ക്വാറന്റൈനില്‍ കഴിയുന്നത്. പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന അയാള്‍ മദ്യത്തിലാണ് അഭയം പ്രാപിക്കുന്നത്. കൈയില്‍ സൂക്ഷിച്ചിരുന്ന മദ്യം തീരുന്നതോടെ അയാള്‍ മാനസികമായി കൂടുതല്‍ തകരുകയാണ്. അടച്ചുപൂട്ടലിന്റെ കാലമായതിനാല്‍ ഹോട്ടലിലും പുറത്തുനിന്നും മദ്യം കിട്ടാന്‍ വഴിയില്ല. ബിസിനസ് തകര്‍ച്ചയും പ്രിയപ്പെട്ടവരുമായുള്ള അകല്‍ച്ചയും പ്രാണനായിരുന്ന സംഗീതം ജീവിതത്തിന്റെ ഉലച്ചിലില്‍ നഷ്ടമായതുമെല്ലാം ജീവനൊടുക്കാന്‍ വരെ അയാളെ പ്രേരിപ്പിക്കുന്നുണ്ട്. ക്വാറന്റൈനില്‍ കഴിയുന്നവരുടെ മാനസികാരോഗ്യത്തിനായി സംസാരിക്കുന്ന ഡോക്ടറും അടുത്ത കൂട്ടുകാരനും ഉള്‍പ്പെടെയുള്ള ചിലരുടെ ഫോണ്‍ കോളുകള്‍ ചിലപ്പോഴെങ്കിലും അയാള്‍ക്ക് തെല്ല് ആശ്വസമാകുന്നുമുണ്ട്. ഹോട്ടലിലെ ക്വാറന്റൈന്‍ കാലം പൂര്‍ത്തിയാകുമ്പോള്‍ സണ്ണിയുടെ ജീവിതത്തിലെ പരുക്കന്‍ പ്രതലത്തില്‍ പ്രതീക്ഷയുടെ പുതുനാമ്പ് മുളയ്ക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.
സ്‌ക്രീനില്‍ ഒറ്റയ്ക്ക് ഒരു സിനിമയെ മുന്നോട്ടു നയിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിന് സവിശേഷമായ സ്‌ക്രീന്‍ പ്രസന്‍സും അഭിനയ ശേഷിയും വേണം. വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങള്‍ ഏറ്റെടുക്കുന്നതില്‍ മുമ്പും വിജയിച്ചിട്ടുള്ള ജയസൂര്യക്ക് ഇതത്ര ആയാസകരമായ പ്രവൃത്തിയായി മാറുന്നില്ല. ഏഴു ദിവസം ഒരു ഹോട്ടല്‍ മുറിയില്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വരുന്ന, അതും ജീവിതത്തിലെ പിന്നോട്ടടിപ്പിക്കുന്ന സാഹചര്യങ്ങള്‍ വേട്ടയാടുന്ന ഒരാളുടെ സ്വാഭാവിക ചെയ്തികളാണ് സണ്ണിയിലെ കേന്ദ്ര കഥാപാത്രത്തിനു വേണ്ടത്. അത് ജയസൂര്യയിലെ നടനില്‍ സുരക്ഷിതമായിരുന്നു എന്നു പറയാം.
ശബ്ദം കൊണ്ടാണെങ്കില്‍ പോലും ഇന്നസെന്റ്, ശ്രിത ശിവദാസ്, അജു വര്‍ഗീസ്, വിജയരാഘവന്‍, വിജയ് ബാബു എന്നിവരുടെ സാന്നിധ്യം പ്രേക്ഷകര്‍ക്ക് അനുഭവിക്കാന്‍ സാധിക്കുന്നുണ്ട്. ഈ കഥാപാത്രങ്ങളെക്കൂടി വിദഗ്ധമായി തിരക്കഥയില്‍ കൂട്ടിയോജിപ്പിക്കുന്നതില്‍ ചിത്രത്തിന്റെ തിരക്കഥാകൃത്തു കൂടിയായ സംവിധായകന്‍ വിജയിക്കുന്നു. ഇത്തരം കഥാപാത്രങ്ങളുടെ ശബ്ദസാന്നിധ്യം സിനിമയുടെ കഥാപരിസരത്തില്‍ കൂടുതല്‍ പേര്‍ ഭാഗഭക്കാകുന്നുവെന്ന തോന്നല്‍ ഉളവാക്കാനും ആസ്വാദനത്തിന്റെ ചലനാത്മകത നിലനിര്‍ത്താനും സഹായിക്കുന്നുണ്ട്. ഒരു ഹോട്ടല്‍ മുറിയില്‍ കഴിയുന്ന ഒരാളുടെ വികാരവിചാരങ്ങളിലൂടെ സഞ്ചരിക്കുന്നുവെന്നു കേള്‍ക്കുമ്പോള്‍ തോന്നിയേക്കാവുന്ന മന്ദഭാവം സിനിമയക്ക് ഒരിടത്തും ബാധ്യതയാകുന്നില്ല. മറിച്ച് ഒറ്റ കഥാപാത്രത്തില്‍ തളച്ചിടാതെ സിനിമ ആസ്വാദകരുടെയുള്ളിലേക്ക് വളര്‍ത്തുന്നതില്‍ തിരക്കഥ വിജയിക്കുന്നുണ്ട്.
സിനിമയുടെ സവിശേഷമായ പ്രമേയം കാരണം ഹോട്ടല്‍ മുറിയിലും അവിടെനിന്ന് കഥാപാത്രം കാണുന്ന പുറത്തെ കായലിലും ആകാശത്തും മാത്രമായി ഒതുങ്ങി സഞ്ചരിക്കേണ്ടി വരുന്ന ക്യാമറ കാണിയെ മുഷിപ്പിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം വലിയ ലാന്‍ഡ് സ്‌കേപ്പിന്റെ സാധ്യതകളില്ലാതെ ഇത്തിരവട്ടത്തില്‍ പുതുമ തീര്‍ക്കുന്നതില്‍ മധു നീലകണ്ഠന്റെ ക്യാമറ വിജയിക്കുന്നുമുണ്ട്. ഒറ്റ കഥാപാത്രത്തെ കേന്ദ്രീകരിക്കുന്ന കഥപറച്ചിലായതു കൊണ്ടുതന്നെ പശ്ചാത്തല സംഗീതത്തിനു സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തോളം തന്നെ പ്രാധാന്യമുണ്ട്. സിനിമയുടെ പ്രമേയം ആവശ്യപ്പെടുന്ന വൈകാരിക സംഘര്‍ഷങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടുള്ളതാണ് സണ്ണിയിലെ പശ്ചാത്തല സംഗീതം. കാണികളെ സണ്ണിക്കു മുന്നില്‍ പിടിച്ചിരുത്തുന്നതില്‍ ഇതും പ്രധാന ഘടകമാണ്.
ഒരു സിനിമ എന്ന നിലയിലെ മികവിനെക്കാള്‍ കോവിഡ് കാലത്തെ ചിത്രീകരണ പിരിമിതിയില്‍ നിന്നുകൊണ്ട് തീര്‍ത്തും ചെറിയ മനുഷ്യവിഭവ ശേഷിയില്‍ സിനിമ സാധ്യമാക്കുകയും അത് കാണികളിലെത്തിക്കുകയും ചെയ്യുന്നുവെന്നതാണ് സണ്ണി പോലൊരു സിനിമയുടെ പ്രസക്തി. കോവിഡ് വളര്‍ത്തിയ ഒടിടി പ്ലാറ്റ്‌ഫോമിന്റെ വ്യത്യസ്ത സാധ്യതയാണ് സണ്ണിയിലൂടെ രഞ്ജിത് ശങ്കര്‍ മറ്റു ചലച്ചിത്രകാരന്മാര്‍ക്ക് കാണിച്ചുകൊടുക്കുന്നത്. തീരെച്ചെറിയ മുതല്‍മുടക്കില്‍ ഒരു ഫ്‌ളാറ്റിന്റെയോ വീടിന്റെയോ അകത്തളങ്ങളില്‍ സിനിമ സാധ്യമാകുന്നു. കഥാപാത്രങ്ങള്‍ തമ്മില്‍ ചാറ്റ് റൂമില്‍ മാത്രം കാണുന്ന രീതിയില്‍ മഹേഷ് നാരായണന്‍ സീ യു സൂണ്‍ എന്ന സിനിമയില്‍ മുന്നോട്ടുവച്ച മാതൃക പോലെ സണ്ണിയിലെ പശ്ചാത്തലവും അനുകരണീയമാണ്.
സ്ത്രീശബ്ദം, 2021 ഒക്ടോബര്‍
No comments:
Post a Comment