Tuesday, 26 October 2021

മഹത്തായ ഭാരതീയ അടുക്കളയിലെ പെണ്ണുങ്ങള്‍


കുടുംബത്തിന്റെ സകല മനുഷ്യ, ജന്തുജാലങ്ങള്‍ക്കും രാവെളുക്കുമ്പോള്‍ തൊട്ട് പാതിരാവെത്തുവോളം ദിനംപ്രതി വച്ചൂട്ടുന്ന സ്ത്രീ വീടിന്റെ ഐശ്വര്യമാണെന്നാണ് സമൂഹം ചാര്‍ത്തിക്കൊടുത്തിരിക്കുന്ന പട്ടം. എന്നും ഒരേപടി പുലര്‍ന്നിരുട്ടുന്ന അവളുടെ ജീവിതത്തെക്കുറിച്ച് കുടുംബത്തിലെ ആണുങ്ങള്‍ക്കോ സമൂഹത്തിനോ യാതൊരാശങ്കയും തോന്നാറില്ല. എല്ലാ ദിവസവും അതിരാവിലെ വീട്ടിലെ മറ്റുള്ളവര്‍ എഴുന്നല്‍ക്കുന്നതിനു മുന്‍പ് എണീറ്റ് പതിവുപടി അടുക്കളയിലേക്ക് പോകുന്നതില്‍ തുടങ്ങുന്നു അവളുടെ ജീവിതം. ഒരുപോലെ തുടരുന്ന ഇങ്ങനെയുള്ളൊരു ജീവിതത്തെപ്പറ്റി പരാതിപ്പെടാത്തവരാണ് ഭൂരിഭാഗം സ്ത്രീകളും. അതുകൊണ്ടുതന്നെ അവളുടെ ബുദ്ധിമുട്ടുകളെപ്പറ്റി ആരുമൊട്ടു ചിന്തിക്കാറുമില്ല. ഇങ്ങനെ സമൂഹം അപ്രസക്തമായി കണക്കാക്കുന്നൊരു ചിന്ത പങ്കുവയ്ക്കുന്നിടത്താണ് ജിയോ ബേബിയുടെ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമ പ്രസക്തമാകുന്നത്.

ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ഒരു സൂപ്പര്‍താര ബ്ലോക്ക്ബസ്റ്റര്‍ സിനിമയ്ക്കു ലഭിച്ചേക്കാവുന്ന പ്രേക്ഷകശ്രദ്ധയാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ നേടിയെടുത്തത്. ഈ സിനിമ ചര്‍ച്ചചെയ്യുന്ന വിഷയത്തിന്റെ ഗൗരവം തന്നെയാണ് അതിനു കാരണം. ചെറിയ കാര്യമെന്നു കരുതി പുരുഷസമൂഹവും ആണ്‍കോയ്മയെ സാഷ്ടാംഗം അംഗീകരിച്ചുപോരുന്ന ഒരു വിഭാഗം സ്ത്രീജനങ്ങളും അവഗണിച്ചുപോരുന്ന ഒരു പ്രശ്‌നത്തിന്റെ നേര്‍ക്കാഴ്ചയിലേക്കാണ് ജിയോ ബേബി വാതില്‍ തുറന്നിടുന്നത്.

കെ.ജി. ജോര്‍ജ് ചിത്രങ്ങളായ ആദാമിന്റെ വാരിയെല്ല്, മറ്റൊരാള്‍, അക്കു അക്ബറിന്റെ വെറുതേ ഒരു ഭാര്യ തുടങ്ങിയവ മറ്റെല്ലാ സ്വാതന്ത്ര്യബോധങ്ങളും നഷ്ടമായി അടുക്കളയിലൊതുങ്ങേണ്ടിവരുന്ന സ്ത്രീകളെ അടയാളപ്പെടുത്തിയവയാണ്. ഈ മൂന്നു സിനിമകളിലും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അടുക്കളയിലെയും വീട്ടിലെയും അസ്വാതന്ത്ര്യങ്ങളില്‍ നിന്ന് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുന്ന സ്ത്രീകളെ കാണാം. ഈ പൊതുധാരയില്‍ കൂടി തന്നെയാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിലെ പേരില്ലാത്ത പ്രധാന സ്ത്രീകഥാപാത്രവും സഞ്ചരിക്കുന്നത്. നൃത്തം അഭ്യസിക്കുകയും അത് കരിയറായി സ്വീകരിക്കണമെന്നും ആഗ്രഹിക്കുന്ന പെണ്‍കുട്ടി വിവാഹത്തോടെ അടുക്കളയില്‍ ഒതുക്കപ്പെടുകയാണ്. അവളെ ജോലിക്കു പറഞ്ഞയക്കാന്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കും താത്പര്യമില്ല. കുടുംബത്തിന്റെ ഇച്ഛയ്ക്കനുസരിച്ച് അവള്‍ പരമാവധി സഹകരിച്ച് മുന്നോട്ടു പോകുന്നുണ്ടെങ്കിലും തിരിച്ച് അങ്ങനെയൊരു പരിഗണന ലഭിക്കുന്നില്ല. പകല്‍ മുഴുക്കെ വച്ചുണ്ടാക്കി വിളമ്പി കൊടുക്കുന്നവളും രാത്രിയില്‍ കിടപ്പറയില്‍ കിടന്നു കൊടുക്കുന്നവളും മാത്രമായി അവള്‍ ഒതുങ്ങുന്നു. സഹനത്തിന്റെ പരിധി വിടുമ്പോള്‍ മാത്രമാണ് അവള്‍ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുന്നത്. ആ ഒരവസരത്തില്‍ ഭര്‍ത്താവിന്റെയും അച്ഛന്റെയും നേര്‍ക്കൊഴിക്കുന്ന അടുക്കളയിലെ അഴുക്കുവെള്ളം മഹത്തായ ഭാരതീയ കുടുംബ വ്യവസ്ഥിതിയിലെ കണ്ണികളായ എല്ലാ പുരുഷന്‍മാരുടെയും മുഖത്താണ്. 

അടുക്കളയില്‍ കറിക്കരിയുന്നതിന്റെയും തേങ്ങ ചിരകുന്നതിന്റെയും അരി തിളയ്ക്കുന്നതിന്റെയും പലഹാരം വേവുന്നതിന്റെയും പല നേരങ്ങളില്‍ വ്യത്യസ്ത ആഹാരങ്ങള്‍ ഒരുക്കുന്നതിന്റെയും വിളമ്പിക്കൊടുക്കുന്നതിന്റെയും എച്ചിലെടുക്കുന്നതിന്റെയും പാത്രം കഴുകുന്നതിന്റെയും അഴുക്കുവെള്ളത്തിന്റെയും ഇടയില്‍ തനിച്ചായി ശ്വാസം മുട്ടിപ്പോകുന്ന പെണ്ണിനെയാണ് ജിയോ ബേബി സിനിമയുടെ മുക്കാല്‍ പങ്കും അവതരിപ്പിക്കുന്നത്. ഇത്തരമൊരു വിഷയം കൈകാര്യം ചെയ്യുമ്പോള്‍ മറ്റ് ഉദ്‌ബോധനങ്ങളേക്കാള്‍ അടുക്കളയുടെ നേര്‍ക്കാഴ്ചയിലേക്കു ക്യാമറ വയ്ക്കാനുള്ള സംവിധായകന്റെ തീരുമാനം ഉചിതമാണ്. അടുക്കളയിലെ വേവും ചൂടും പുകയുമേറ്റ് തളരുന്ന പെണ്ണിന്റെ ശ്വാസംമുട്ടലുകള്‍ കാണികളിലേക്കു കൂടി പടരുന്നിടത്തു തന്നെയാണ് സംവിധായകന്റെ വിജയം.


ആണുങ്ങളുടെ വലിയ സ്വപ്‌നങ്ങള്‍ എളുപ്പത്തില്‍ സാധ്യമാകുകയും പെണ്ണുങ്ങളുടെ ചെറിയ ആഗ്രഹങ്ങള്‍ പോലും സാധ്യമാകാതെ പോകുകയും ചെയ്യുന്ന സാമൂഹിക ക്രമമാണ് നിലനിന്നുപോരുന്നത്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിലെ കേന്ദ്ര കഥാപാത്രത്തിന് ഡാന്‍സ് ടീച്ചര്‍ ആയി ജോലി ചെയ്യണമെന്ന തീരെ ചെറിയ ആഗ്രഹം പോലും അംഗീകരിക്കപ്പെടുന്നില്ല. ഇതുപോലെ തുടര്‍വിദ്യാഭ്യാസം നടത്താനോ ആഗ്രഹിച്ച ജോലിക്കു പോകാനോ സാധിക്കാത്ത നിരവധി പെണ്‍കുട്ടികള്‍ നമുക്കു ചുറ്റിലുമുണ്ട്. വലിയ ആഗ്രഹങ്ങള്‍ സാധിക്കപ്പെടുന്ന അപൂര്‍വം പെണ്‍കുട്ടികള്‍ക്ക് ജീവിതത്തില്‍ വെല്ലുവിളികള്‍ ഏറ്റെടുക്കേണ്ടി വരുന്നതായും കാണാം. അവര്‍ക്ക് വീട്ടുകാരുടെയോ ഭര്‍ത്താവിന്റെയോ സമൂഹത്തിന്റെയോ ഒക്കെ അസംതൃപ്തിക്കും ഇഷ്ടക്കേടിനും ഇരയാകേണ്ടിവരും. പുരുഷകേന്ദ്രീകൃത സമൂഹം സ്ത്രീക്ക് തീരുമാനിച്ചു വച്ചിട്ടുള്ള അതിര്‍വരമ്പുകള്‍ക്ക് അകത്തുനില്‍ക്കുന്നവളെയാണ് നല്ല സ്ത്രീയായി കണക്കാക്കുന്നത്. പുറത്തുകടക്കുന്നവള്‍ സമൂഹത്തിന്റെ കണ്ണില്‍ ശരിയല്ലാത്തവളും വഴിപിഴച്ച് സഞ്ചരിക്കുന്നവളുമായി മാറുന്നു.

കുടുംബത്തിന്റെ നല്ലതിനായി പ്രവര്‍ത്തിക്കുന്നവര്‍/കുലസ്ത്രീകള്‍ എന്ന വിശേഷണം ചാര്‍ത്തിക്കൊടുക്കപ്പെട്ടവര്‍ സ്വയമറിയാതെ കുടുംബത്തിനകത്ത് അകപ്പെട്ടുപോകുന്നവരാണ്. എല്ലാ ദിവസവും വച്ചുണ്ടാക്കിക്കൊടുത്ത് എല്ലാവരേയും ഊട്ടുന്ന ഉത്തമസ്ത്രീ വീടിന്റെ ഐശ്വര്യമാണെന്നും നിലവിളക്കാണെന്നുമുള്ള വിശേഷണത്തില്‍ അവര്‍ അറിയാതെയെങ്കിലും അഭിരമിച്ചുപോകുന്നു. തങ്ങള്‍ ഒരു വലയ്ക്കകത്ത് കുടുങ്ങിയതാണെണും തിരിച്ചുകയറാനാവില്ലെന്നും അവര്‍ തിരിച്ചറിയുന്നില്ല. ആണുങ്ങളുടെ സ്വതന്ത്രജീവിതത്തിനു വേണ്ടി ആണുങ്ങള്‍ തന്നെയാണ് ബോധപൂര്‍വ്വം ഇത്തരം സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിച്ചുപോരുന്നത്. ഇത് തലമുറകളിലേക്ക് പ്രേഷണം ചെയ്യപ്പെടുന്നു. ആണ്‍കുട്ടികളെക്കൊണ്ട് ചെറുപ്പം തൊട്ട് വീട്ടിലെ ഒരു പണിയും എടുപ്പിക്കാതിരിക്കുകയും പെണ്‍കുട്ടികളുടെ കൈയില്‍ പാത്രമോ ചൂലോ എടുത്തുകൊടുക്കുകയും ചെയ്യുന്നിടത്തു ലിംഗനീതിയുടെ ചരടു പൊട്ടിത്തുടങ്ങുന്നു. ഇരുവരും തുല്യരാണെന്ന ബോധം ചെറുപ്പത്തിലേ തല്ലിക്കെടുത്തുന്നതോടെ കുട്ടികള്‍ ഈ സിസ്റ്റത്തിനകത്ത് ജീവിക്കാന്‍ പ്രാപ്തരാകുന്നു. ആണ്‍കുട്ടികള്‍ അല്പം ഉന്നതരാണെന്നും തങ്ങള്‍ക്ക് എന്തൊക്കെയോ കുറവുകളുണ്ടെന്നുമുള്ള ബോധം പെണ്‍കുട്ടികളില്‍ വളരുകയും ചെയ്യുന്നു. ഇതില്‍നിന്ന് തിരിച്ചറിവു നേടി സ്വതന്ത്രരാകുന്നവര്‍ തുലോം തുച്ഛമാണ്.

സിനിമയെന്ന നിലയില്‍ പ്രേക്ഷകരോടു സംവദിക്കുന്നതിനൊപ്പം വലിയ ചര്‍ച്ചകള്‍ക്കു കൂടി അവരെ പ്രാപ്തമാക്കിയെന്നതാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ നേട്ടം. വലിയ രീതിയില്‍ കാണപ്പെട്ട ഈ സിനിമയെ തുടര്‍ന്ന് വെര്‍ച്വല്‍ ലോകത്തും അല്ലാതെയും ലിംഗനീതിയെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ രൂപപ്പെട്ടു. കലയെന്നത് സാമൂഹിക പ്രതിരോധം കൂടിയാണെന്ന തിരിച്ചറിവുള്ള സംവിധായകനാണ് ജിയോ ബേബി. സ്ത്രീകള്‍ക്കെതിരായുള്ള സമൂഹത്തിന്റെ ഇരട്ടനീതിക്കു പിന്നില്‍ ആണ്‍കോയ്മ മാത്രമല്ല, മതവും ആചാരങ്ങളും കൂടി പ്രവര്‍ത്തിക്കുന്നുണ്ടെന്നു പറഞ്ഞുവയ്ക്കാനും സംവിധായകന്‍ മടിക്കുന്നില്ല.

ഗ്രാമഭൂമി, 2021 മാര്‍ച്ച് -ഏപ്രില്‍

No comments:

Post a Comment