Saturday, 29 January 2022

കുറുക്കന്‍മൂല, ദേശം, ചുരുളി, പെരുവണ്ണാപുരം, ചേക്ക്, മുള്ളന്‍കൊല്ലി; മലയാള സിനിമയിലെ ദേശങ്ങള്‍


ഏറെക്കുറെ ഒറ്റഗ്രാമമെന്ന വിശേഷണത്തിലേക്ക് മാറിയെങ്കിലും ഉള്ളില്‍ സ്വന്തം ഗ്രാമത്തേയും ഗ്രാമീണ സങ്കല്‍പ്പങ്ങളേയും ഗൃഹാതുരതയോടെ സൂക്ഷിക്കുന്നവരാണ് കേരളീയര്‍. സിനിമയില്‍ കഥപറയാന്‍ പശ്ചാത്തലമാക്കുന്ന ഗ്രാമങ്ങളെ ഈ വൈകാരികതയുടെ പിന്‍ബലത്തിലാണ് മലയാളി കാണുന്നത്. സിനിമയിലെ നഗരകേന്ദ്രീകൃത പശ്ചാത്തലങ്ങളേക്കാള്‍ ഗ്രാമങ്ങളോട് തെല്ല് താത്പര്യക്കൂടുതല്‍ പ്രകടിപ്പിക്കുന്നതിനു പിന്നിലും ഗ്രാമങ്ങളില്‍ ഉണ്ടെന്ന് ഉള്ളില്‍ സൂക്ഷിച്ചുപോരുന്ന നന്മകളെ പുല്‍കാനുള്ള വെമ്പലാണ്. സിനിമയിലെ ഗ്രാമങ്ങള്‍/ദേശങ്ങള്‍ എഴുത്തുകാരന്‍ സൃഷ്ടിക്കുന്ന സാങ്കല്‍പ്പിക നാമങ്ങള്‍ കൊണ്ടാണ് അടയാളപ്പെടുത്തപ്പെടാറ്. അങ്ങനെയുള്ള ഗ്രാമങ്ങള്‍ പലപ്പോഴും യഥാര്‍ഥ ദേശങ്ങളേക്കാള്‍ പ്രശസ്തമാകാറുമുണ്ട്. ഇത് എന്റെ നാടു തന്നെയല്ലേ, യഥാര്‍ഥത്തില്‍ ഉള്ളതു തന്നെയല്ലേ എന്നെല്ലാമുള്ള സന്ദേഹങ്ങള്‍ ഒരുവേള കാണിയില്‍ ഉടലെടുക്കുന്നു.

ബേസില്‍ ജോസഫിന്റെ മിന്നല്‍ മുരളി ഇത്തരത്തിലൊരു ദേശത്തെ വ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട്. കുറുക്കന്‍മൂല എന്ന ഗ്രാമത്തിലാണ് മിന്നല്‍മുരളിയുടെ കഥ നടക്കുന്നത്. മനുഷ്യര്‍ക്കൊപ്പം ദേശത്തേയും ഒരു കഥാപാത്രമായിത്തന്നെ അടയാളപ്പെടുത്തുന്നതില്‍ മിന്നല്‍മുരളി വിജയിക്കുന്നു. ഏതൊരു ഗ്രാമത്തിലേയും പോലെ സാധാരണ ജീവിതവൃത്തികളുമായി കഴിഞ്ഞുപോരുന്നവരാണ് കുറുക്കന്‍മൂലയിലെ മനുഷ്യരും. ഈ ദേശത്തെ രണ്ടുപേര്‍ക്ക് മിന്നലേറ്റ് അമാനുഷികശക്തി കൈവരുന്നതിലൂടെയാണ് സാധാരണത്വം വിട്ട് കുറുക്കന്‍മൂലയ്ക്ക് ദിവ്യത്വം കൈവരുന്നത്. അതിലൂടെയാണ് ഈ കഥാപാത്രങ്ങളെപ്പോലെകുറുക്കന്‍മൂലയെന്ന ദേശവും കാണികളിലേക്ക് എളുപ്പം കടന്നുചെല്ലുന്നത്. അതോടെ ജെയ്‌സണും ഷിബുവും ഉഷയും ബ്രൂസ്ലി ബിജിയും സിബി പോത്തനുമെല്ലാമുള്ള കുറുക്കന്‍മൂല യഥാര്‍ഥത്തില്‍ ഉള്ളതെന്നോണം പരിചിതവട്ടത്തിലെ ഒരു സ്ഥലമായി മാറുന്നു. അവര്‍ ഇടപഴകുന്ന കുറുക്കന്‍മൂലയിലെ ഓരോ വ്യവഹാര ഭൂമികകളോടും കാണികള്‍ക്ക് എളുപ്പത്തില്‍ താദാത്മ്യം പ്രാപിക്കാനാകുന്നു. ഇത് കുറുക്കന്‍മൂലയെന്ന നാട് പുലര്‍ത്തുന്ന ലാളിത്യം കൊണ്ടാണ്. എല്ലാ ഗ്രാമങ്ങളും പുറംകാഴ്ചയില്‍ ഈ ലാളിത്യം സൂക്ഷിക്കുന്നവയാണ്.

കഥപറഞ്ഞുപോകാനുള്ള പശ്ചാത്തലം മാത്രമായിട്ടാണ് പലപ്പോഴും സിനിമ അതിലെ പ്രദേശങ്ങളെ ഉപയോഗിക്കുന്നത്. കഥാപാത്രങ്ങള്‍ക്കും കഥയ്ക്കുമാകും സിനിമയില്‍ കൂടുതല്‍ പ്രാമുഖ്യം. ഇതു രണ്ടിനോടും ഇടപഴകും വിധം പ്രദേശത്തെ കൂടി പരിഗണിക്കുമ്പോഴാണ് ഒരു പ്രധാന കഥാപാത്രത്തോടു തോന്നുന്ന അതേ ഇഴയടുപ്പം കാണിക്ക് ദേശത്തോടും തോന്നുന്നത്. ഷിബുവിനും ജെയ്‌സനും അമാനുഷികത കൈവരുന്നതിനും ഷിബുവിന്റേയും ഉഷയുടേയും പ്രണയത്തിനും സാക്ഷിയാകുന്നതും കുറുക്കന്‍മൂലയാണ്. ഈ സന്ദര്‍ഭങ്ങളിലെല്ലാം കുറുക്കന്‍മൂലയെന്ന ദേശത്തിന്റെ പശ്ചാത്തലത്തിന് വലിയ പ്രാധാന്യം കൈവരുന്നതായി കാണാം. കുറുക്കന്‍മൂലയിലെ മനുഷ്യര്‍, വീടുകള്‍, തയ്യല്‍ക്കട, ചായക്കട, പുഴ, കുങ്ഫു പഠനകേന്ദ്രം, പോലീസ് സ്‌റ്റേഷന്‍, ക്രിസ്മസ് കാരോള്‍ എന്നിവയെല്ലാം ആ ദേശത്തിനോട് ചെറുതല്ലാത്ത വിധം ഇഴചേര്‍ന്നുനില്‍ക്കുന്നവയാണ്.  


കുറുക്കന്‍മൂലയില്‍ നിന്ന് ദേശം എന്ന സ്ഥലത്തേക്ക് ബസ് റൂട്ട് ഉള്ളതായി മിന്നല്‍ മുരളിയില്‍ കാണിക്കുന്നുണ്ട്. ദേശം എന്നത് ബേസില്‍ ജോസഫിന്റെ തന്നെ കുഞ്ഞിരാമായണത്തിലെ ഗ്രാമമാണ്. ഇത് ദേശം എന്ന ഗ്രാമത്തിന്റെയും അവിത്തുകാരുടേയും കഥയാണ് എന്നു പരിചയപ്പെടുത്തിക്കൊണ്ടാണ് കുഞ്ഞിരാമായണം ആരംഭിക്കുന്നത്. സവിശേഷമായ സ്വഭാവവിശേഷങ്ങളും സ്വാഭാവികമായ നിഷ്‌കളങ്കതയും സ്ഥായിയായ മണ്ടത്തരങ്ങളുമെല്ലാമുള്ള തനിനാടന്‍ മനുഷ്യരാണ് കുഞ്ഞിരാമായണത്തിലേത്. അങ്ങനെയുള്ള ദേശവും കുറുക്കന്‍മൂലയും ഒരു ഗ്രാമീണ ബസ റൂട്ട് തുടങ്ങിയവസാനിക്കുന്ന രണ്ട് ചെറിയ ദൂരങ്ങളാണെന്ന് ഈ രണ്ട് സിനിമകളിലെയും സൂചനകളില്‍ നിന്ന് അനുമാനിക്കാം. കുറുക്കന്‍മൂലയില്‍നിന്നുള്ള ബസ് കണ്ണാടിക്കല്‍ വഴിയാണ് ദേശത്തേക്കു പോകുന്നതെന്ന് ബോര്‍ഡില്‍ കാണാം. കണ്ണാടിക്കല്‍ ബേസിലിന്റെ ഗോദ എന്ന സിനിമയിലെ ഗ്രാമമാണ്. കണ്ണാടിക്കല്‍ ഗ്രാമത്തില്‍ നിന്നുള്ള ബസ്സും കുഞ്ഞിരാമായണത്തിലെ ദേശത്തിലൂടെ കടന്നുപോകുന്നുണ്ട്. ഗോദയില്‍ ബസ്സിലെ ക്ലീനര്‍ വിളിച്ചുപറയുന്നത് 'ദേശം ദേശം' എന്നാണ്. ബേസിലിന്റെ മൂന്ന് സിനിമകളിലേയും ഗ്രാമങ്ങള്‍ പരസ്പരബന്ധിതമാണ്. 

മിന്നല്‍മുരളിയിലെ ബസ് റൂട്ട് ബോര്‍ഡാണ് ദേശം എന്ന അയല്‍ഗ്രാമത്തിന്റെ സൂചന നല്‍കുന്നതെങ്കില്‍ കുഞ്ഞിരാമായണത്തില്‍ ദേശം, കുറുക്കന്‍മൂല എന്നീ സൂചനാബോര്‍ഡുകള്‍ നാട്ടുവഴിയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരുപക്ഷേ ദേശത്തെ കുഞ്ഞിരാമനും കുട്ടനും കുഞ്ഞൂട്ടനും കുറുക്കന്‍മൂലയിലെ ജെയ്‌സനും ഷിബുവും ദാസനും കണ്ണാടിക്കലിലെ ക്യാപ്റ്റനും ആഞ്ജനേയദാസും വിജയനും ബാലനുമെല്ലാം ദീര്‍ഘകാല പരിചയക്കാര്‍ പോലുമാകാം. ദേശത്തെ ഡേയ്ഞ്ചര്‍ ബോയ്‌സ് ക്ലബ്ബുമായി അടുത്തയാഴ്ച മത്സരമുണ്ടെന്നും കുഞ്ഞിരാമന്റെ നമ്മളെ വെല്ലുവിളിച്ചിട്ടുണ്ടെന്നുമാണ് ഗോദയിലെ വിജയന്‍ എന്ന കഥാപാത്രം പറയുന്നത്. ഈ കഥാപാത്രം തന്നെ ഒരു സംഘര്‍ഷ രംഗത്തിനുമുമ്പ് ' ആ ദേശത്തെ പിള്ളേരെ കൂടി വിളിച്ചോ' എന്നും പറയുന്നുണ്ട്.

'ഈ പെരുവണ്ണാപുരത്തു നിന്ന്, അല്ല ദേശത്തുനിന്ന് ഇനി എനിക്ക് മടങ്ങാം' എന്നാണ് കുഞ്ഞിരാമായണത്തിന്റെ ക്ലൈമാക്‌സ് രംഗത്തില്‍ ബിജുമേനോന്റെ മനോഹരന്‍ എന്ന കഥാപാത്രം പറയുന്നത്. മലയാള സിനിമയിലെ അതിപ്രശസ്തമായ ഒരു ദേശത്തക്കുള്ള സൂചനയാണിത്. പ്രേക്ഷകര്‍ക്ക് ചിരപരിചിതമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് കുഞ്ഞിരാമായണത്തില്‍ പെരുവണ്ണാപുരം എന്ന ദേശത്തിന്റെ സൂചന നല്‍കുന്നത്. പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന കമല്‍ സിനിമയിലൂടെ പെരുവണ്ണാപുരം എന്ന ദേശത്തിന്റെ പേരും അവിടത്തെ മനുഷ്യരും മലയാളിക്ക് പരിചിതമാണ്. ഏതൊരു നാട്ടിന്‍പുറത്തും കാണുന്ന ചില മനുഷ്യരായിരുന്നു പെരുവണ്ണാപുരത്തെ കഥാപാത്രങ്ങളായത്. ഒരു ഗ്രാമീണപ്രണയത്തിന്റെ ഫലപ്രാപ്തിക്കുവേണ്ടി ഈ തനിനാട്ടിന്‍പുറത്തുകാരെല്ലാം ഒന്നിക്കുന്നതിലൂടെയാണ് പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ മലയാളിയുടെ എക്കാലത്തെയും രസികത്തവും ഗൃഹാതുരതയും നിറഞ്ഞ സ്മരണകളിലൊന്നായി മാറിയത്. ഈ സിനിമയുടെ ക്ലൈമാക്‌സില്‍ അച്ചു എന്ന മോഹന്‍ലാല്‍ കഥാപാത്രം പെരുവണ്ണാപുരത്തേക്ക് തിരിച്ചുവരുന്നതിനെ ഓര്‍മ്മിപ്പിക്കുന്നതാണ് കുഞ്ഞിരാമായണത്തില്‍ അപ്രതീക്ഷിത അതിഥിയായി ബിജുമേനോന്റെ മനോഹരന്‍ ദേശത്തേക്ക് വരുന്നതും.


തങ്ങളുടെ പരിചിതപ്രദേശവും മനുഷ്യരുമായി കാണികള്‍ക്ക് ഈ ദേശങ്ങളേയും മനുഷ്യരേയും കാണാനാകുന്നതുകൊണ്ടാണ് അവര്‍ എളുപ്പത്തില്‍ ഇത്തരം സിനിമകളുമായി താദാത്മ്യം പ്രാപിക്കുന്നതും വര്‍ഷങ്ങള്‍ കഴിഞ്ഞും പെരുവണ്ണാപുരം പോലുള്ള ഗ്രാമീണസിനിമകളെ താത്പര്യത്തോടെ കാണുന്നതും. പേരില്‍തന്നെ ഗ്രാമീണദേശ സൂചനയാണ് സിബിമലയിലിന്റെ മുത്താരംകുന്ന് പി.ഒ നല്‍കുന്നത്. മുത്താരംകുന്ന് പോസ്റ്റ് ഓഫീസിലേക്ക് പുതുതായി എത്തുന്ന പോസ്റ്റ്മാനെ കേന്ദ്രീകരിച്ചുള്ളതാണ് ഈ സിനിമ. എണ്‍പതുകളിലാണ് ഈ സിനിമ റിലീസ് ചെയ്യുന്നത്. ആ കാലഘട്ടത്തില്‍ ആശയവിനിമയത്തിനായി ജനങ്ങള്‍ ആശ്രയിക്കുന്ന പ്രധാന മാര്‍ഗം എന്ന നിലയില്‍ പോസ്റ്റ് ഓഫീസ് എന്ന സ്ഥാപനവും പോസ്റ്റ്മാന്‍ എന്ന തസ്തികയും ഏതൊരു ഗ്രാമത്തിലും സവിശേഷ പരിഗണനയര്‍ഹിക്കുന്നയാളാണ്. ഇതു തന്നെയാണ് പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടുത്തിയുള്ള പേരു മുതല്‍ക്കുള്ള പുതുമ നല്‍കിയ ഈ സിനിമയോടും മുത്താരംകുന്ന് എന്ന ദേശത്തോടും മലയാളി കാത്തുസൂക്ഷിക്കുന്ന അടുപ്പവും.

പെരുവണ്ണാപുരവും മുത്താരംകുന്നും പോലെ പേരില്‍ ദേശസൂചനയില്ലെങ്കില്‍ പോലും ഗ്രാമം തന്നെ കഥാപാത്രമായി മാറുന്ന സിനിമകളാണ് പൊന്മുട്ടയിടുന്ന താറാവും ഡോ.പശുപതിയും പ്രാദേശിക വാര്‍ത്തകളും പഞ്ചവടിപ്പാലവും ഗോളാന്തരവാര്‍ത്തയും മഹേഷിന്റെ പ്രതികാരവും. ഇതില്‍ പഞ്ചവടിപ്പാലം എക്കാലത്തും പ്രസക്തമായ സാമൂഹികവിഷയം ഒരു ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ പ്രധാന കഥാപാത്രങ്ങളാകുന്ന പശ്ചാത്തലത്തില്‍ അവതരിപ്പിച്ചെങ്കില്‍ മറ്റു സിനിമകളില്‍ ഗ്രാമത്തിന്റെ നിഷ്‌കളങ്കതയുള്ള ചിരപരിചിതരായ മനുഷ്യരാണ് കേന്ദ്രമാകുന്നത്. ഈ സിനിമകളിലെല്ലാം ഗ്രാമം ഒരു മുഴുനീള സാന്നിധ്യം തന്നെയായി മാറുന്നു. കഥ പറയാനുള്ള പശ്ചാത്തലമെന്നതിലുപരി ദേശവും അവിടത്തെ മനുഷ്യരും അത്രമാത്രം ഇഴചേര്‍ക്കപ്പെട്ടിരിക്കുന്നു. ചായക്കടക്കാരന്‍, ഹാജ്യാര്, വെളിച്ചപ്പാട്, ജോത്സ്യന്‍, ഗള്‍ഫുകാരന്‍, സ്വര്‍ണപ്പണിക്കാരന്‍, പഞ്ചായത്ത് മെമ്പര്‍, കൃഷിക്കാരന്‍, വിവാഹ ദല്ലാള്‍, അധ്യാപകന്‍ തുടങ്ങി ഗ്രാമാന്തരീക്ഷത്തില്‍ നിരന്തരം കാണുന്നവരായിരുന്നു ഈ സിനിമകളിലെ കഥാപാത്രങ്ങളെല്ലാം. ഇവരെല്ലാം ശരീരത്തില്‍ തന്നെ തങ്ങളുടെ ദേശത്തെ ആവാഹിച്ചവരോ ദേശം ഇവരെ ഉള്‍ക്കൊണ്ടതോ ആണ്. ദേശാതിര് വിട്ട് ഇവരാരും പുറത്തേക്കു പോകാന്‍ താത്പര്യപ്പെടുന്നുമില്ല. 

ഇടുക്കിയില്‍ ഗ്രാമങ്ങളെ സിറ്റി എന്നു ചേര്‍ത്ത് വിളിക്കുന്ന പതിവുണ്ട്. ആളുകളുടെ പേരുകള്‍ക്കൊപ്പമാണ് പല സ്ഥലങ്ങളിലും സിറ്റി ചേര്‍ക്കുന്നത്. മഹേഷിന്റെ പ്രതികാരത്തില്‍ ഇത് പ്രകാശ് സിറ്റിയാണ്. സ്വഭാവികമായ ഗ്രാമാന്തരീക്ഷവും കഥാപാത്രങ്ങളുമാണ് പ്രകാശ് സിറ്റിയിലുള്ളത്. എല്ലാവര്‍ക്കും പരസ്പരം അറിയാം. ആരും അതിമാനുഷരല്ല. സാധാരണ ജോലിയെടുത്ത് ഏറ്റവും സാധാരണീയരായി ജീവിക്കുന്നു. ഈ സാധാരണീയരാണ് പ്രകാശ് സിറ്റിയെന്ന ഗ്രാമത്തെ പ്രേക്ഷകര്‍ക്ക് തങ്ങളുടെ നാട്ടിലെ ഒരു ചെറുകവലയോ പ്രദേശമോ ആയും ഭാവനാ സ്റ്റുഡിയോയും ബേബി ആര്‍ട്‌സുമെല്ലാം തങ്ങളുടെ നാട്ടിലെ ചെറുസ്ഥാപനങ്ങളുമായും തോന്നിപ്പിക്കുന്നതിനു പിന്നിലെ രസതന്ത്രം മെനയുന്നത്.

കള്ളന്‍ മാധവന്റെ കഥപറഞ്ഞ മീശമാധവന്‍ ചേക്ക് ഗ്രാമത്തിന്റെ കഥ കൂടിയാണ്. മേല്‍പ്പറഞ്ഞ പോലെ ഗ്രാമത്തിന്റെ സ്ഥിരംപ്രതിപാദ്യങ്ങളായ മറ്റു കഥാപാത്രങ്ങളെല്ലാം ചേക്കിലുമുണ്ട്. എന്നാല്‍ കള്ളനെയാണ് ഇവിടെ കേന്ദ്രമാക്കുന്നതെന്നാണ് വ്യത്യാസം. ചേക്ക് ഗ്രാമത്തിന്റെ കള്ളന്‍ എന്ന നിലയ്ക്കാണ് മാധവനെ പരിചയപ്പെടുത്തുന്നതു തന്നെ. മാധവന്റെ ഗുരുവായ മുള്ളാണി പപ്പനും ചേക്കിന്റെ തസ്‌കര ചരിത്രത്തിന്റെ ഭാഗമാണ്. ഒരു ദേശത്തിന്റെ പാത്രസൃഷ്ടി പൂര്‍ണമാകുന്നത് മുഖ്യധാരയ്ക്കു പിറകേ നിര്‍ത്താന്‍ അവര്‍ താത്പര്യപ്പെടുന്ന കള്ളനും വേശ്യയും പലിശക്കാരനുമെല്ലാം അതിന്റെ ഭാഗമാകുമ്പോഴാണ്.


ഒരു കൂട്ടം മനുഷ്യരിലൂടെയല്ലാതെ അസാധാരണ കൈക്കരുത്തും മെയ്വഴക്കവും തന്റേടവും അമാനുഷികതയും ഒത്തുചേരുന്ന ഒറ്റ മനുഷ്യന്റെ പേരില്‍ അടയാളപ്പെടുത്തുന്ന ദേശവും പുരുഷനാമവുമാണ് മുള്ളന്‍കൊല്ലിയും മുള്ളന്‍കൊല്ലി വേലായുധനും. മുള്ളന്‍കൊല്ലി എന്ന ദേശം പാലിക്കേണ്ട നിയമങ്ങള്‍ തന്നെയും ചിട്ടപ്പെടുത്തിയിട്ടുള്ള ആളാണ് വേലായുധന്‍. ഇത് തെറ്റിക്കുന്നവര്‍ക്കുള്ള ശിക്ഷയും വേലായുധന്‍ വിധിക്കുന്നു. വേലായുധന് മുള്ളന്‍കൊല്ലിപ്പുഴ അമ്മയും അന്നവുമാകുമ്പോള്‍ അടര്‍ത്തിമാറ്റാനാകാത്ത പൊക്കിള്‍ക്കൊടി ബന്ധമാണ് ഈ ദേശവും മനുഷ്യനും തമ്മില്‍. മേല്‍പ്പറഞ്ഞ മറ്റു സിനിമകളെപ്പോലെത്തന്നെ മുള്ളന്‍കൊല്ലിയുടെ അതിരുകടന്ന് പുറത്തുള്ള ഒരു ദേശത്തേയോ ലോകത്തേയോ അടയാളപ്പെടുത്താന്‍ വേലായുധന്റെ കഥപറഞ്ഞ നരന്‍ എന്ന ഈ സിനിമയും ശ്രമിക്കുന്നില്ല. മുത്താരംകുന്നാകട്ടെ, പെരുവണ്ണാപുരമാകട്ടെ, കുഞ്ഞിരാമായണമാകട്ടെ, പൊന്മുട്ടയിടുന്ന താറാവാകട്ടെ, നരനാകട്ടെ സ്വന്തം മുരിങ്ങാമരച്ചോട്ടിലെ ആകാശം എന്നു ചെറുകാട് മുന്നോട്ടുവച്ച അതിമനോഹരവും അതിവിശാലവുമായ സങ്കല്‍പ്പത്തിന്റെ അര്‍ഥപൂര്‍ത്തീകരണത്തിനാണ് പരിശ്രമിക്കുന്നത്.

ഐവി ശശിയുടെ ദേവാസുരം തുടക്കമിടുകയും ആറാംതമ്പുരാന്‍, നരസിംഹം, ചന്ദ്രോത്സവം തുടങ്ങിയവയിലൂടെ പ്രബലമായി തുടര്‍ന്നുപോരുകയും ചെയ്ത തമ്പുരാന്‍ സിനിമകള്‍ക്കെല്ലാം ഏറെക്കുറെ ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍, മായന്നൂര്‍ ദേശങ്ങളായിരുന്നു പശ്ചാത്തലമായത്. ഭാരതപ്പുഴയുടെ തീരഗ്രാമങ്ങള്‍ കഥയ്ക്ക് പശ്ചാത്തലമായപ്പോള്‍ ഏഴിലക്കര, കണിമംഗലം തുടങ്ങിയ സാങ്കല്‍പ്പിക ദേശനാമങ്ങള്‍ മലയാള സിനിമയിലെ പ്രബല സാന്നിധ്യങ്ങളായി മാറി. ഈ സിനിമകളുടെ ജനകീയത കൊണ്ടുതന്നെ അവിടത്തെ ദേശങ്ങളും പ്രേക്ഷകര്‍ക്ക് ചിരപരിതമായി. ഈ സിനിമകളുടേയും മോഹന്‍ലാല്‍ കഥാപാത്രങ്ങളുടേയും വലിയ അളവിലുള്ള ജനകീയതയും ആരാധനയും കാരണം ഈ വള്ളുവനാടന്‍ ഗ്രാമങ്ങള്‍ക്കു തന്നെ പില്‍ക്കാലത്ത് സിനിമയിലെ ദേശങ്ങളുടെ മുഖം കൈവന്നു. മോഹന്‍ലാലിനോടുള്ള പ്രേക്ഷകാരാധനയ്ക്ക് ഒരു ആരാധനാമൂര്‍ത്തിയുടേയോ ദേശത്തിന്റെ രക്ഷകന്റേയോ പരിവേഷം കൈവരുന്നത് ദേവാസുരം മുതല്‍ക്കുള്ള ഈ വിഭാഗം സിനിമകളിലൂടെയാണ്. വള്ളുവനാടന്‍ ഭാഷ, ദേശം, സവര്‍ണ തറവാടുകള്‍, ഉത്സവാചാരങ്ങള്‍, ഭാരതപ്പുഴ തുടങ്ങിയവ ഇതോടെ ബിംബവത്കരിക്കപ്പെടുകയായിരുന്നു.

വെള്ളത്താല്‍ ചുറ്റപ്പെട്ട തുരുത്ത്, കായലിന് മുന്നില്‍ തലയെടുപ്പോടെ ഉയര്‍ന്നുനില്‍ക്കുന്ന ഗീവര്‍ഗീസ് പുണ്യാളന്റെ പള്ളി, കായല്‍തീരത്തെ ഷാപ്പ്, വെള്ളവസ്ത്രങ്ങളുടുത്ത മനുഷ്യര്‍.. ഇതെല്ലാമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേനിലെ കുമരങ്കരി എന്ന സാങ്കല്‍പ്പിക ഗ്രാമത്തിന് വൈവിധ്യമേറ്റിയത്. പള്ളിയും ആരാധനയും കുശുമ്പും കുന്നായ്മയും പ്രണയവും പകയും വെല്ലുവിളിയും മത്സരവീര്യവുമെല്ലാമുള്ള സാധാരണ മനുഷ്യരുടേതാണെങ്കിലും ഫാന്റസിയോടും മാജിക്കല്‍ റിയലിസത്തോടും ചേര്‍ന്നുനില്‍ക്കുന്നതാണ് കുമരങ്കരിയെന്ന ദേശവും അവിടത്തെ മനുഷ്യരും. പൊടുന്നനെ ദിവ്യത്വം കൈവരുന്ന ഷാപ്പിലെ എടുത്തുകൊടുപ്പുകാരിയും ഗീവര്‍ഗീസ് പുണ്യാളന്‍ തന്നെയാണോ എന്നു തോന്നിയേക്കാവുന്ന പാത്രസൃഷ്ടിയും പള്ളിയങ്കണത്തില്‍ സംഭവിക്കുന്ന അത്ഭുതങ്ങളുമെല്ലാം സൃഷ്ടിക്കുന്ന കുമരങ്കരിക്ക് ഫാന്റസിയോടാണ് തെല്ല് ആഭിമുഖ്യക്കൂടുതല്‍.


പത്മരാജന്റെ അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ മാളുവമ്മയുടെ ഗ്രാമവും ഏതാണ്ട് ഫാന്റസിയോടു ചേര്‍ത്തുനിര്‍ത്താവുന്ന ദേശമാണ്. സക്കറിയയും ഹിലാലും ഗോപിയും ഏറെ ദൂരം സഞ്ചരിച്ചെത്തുന്ന ഗ്രാമത്തിനും അവിടെ മാളുവമ്മയുടെ വീടിനും പത്മരാജന്‍ കഥകളിലെ വിചിത്രഭൂമികകളോടു സാമ്യപ്പെടുത്താവുന്ന പശ്ചാത്തലമാണുള്ളത്. വിചിത്രമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും തങ്ങളുടെ ഗ്രാമത്തിന്റേതു മാത്രമായ നിയമങ്ങളും പുതിയ കാലത്തും തുടരുന്ന സ്വപ്നഭൂമി എന്ന സാങ്കല്‍പ്പിക ഗ്രാമമാണ് മുരളീകൃഷ്ണന്റെ സുന്ദരക്കിലാഡിയിലുള്ളത്.

കാടിനു നടുവിലെ പാലം കടക്കുന്നതോടെ പെരുമാറ്റത്തില്‍ തന്നെ മാറ്റം വരുന്ന മനുഷ്യരാണ് ചുരുളിയില്‍. കൊല്ലും കൊലയും മോഷണവുമടക്കം എല്ലാ സാമൂഹ്യവിരുദ്ധതയും ശീലമാക്കിയ മനുഷ്യര്‍ ചെന്നെത്തിപ്പെട്ട് അവര്‍ പടുത്തുയര്‍ത്തുന്ന ദേശമാണ് ചുരുളിയിലേത്. പുറമേ സദാചാരസംരക്ഷകരും അകമേ പ്രാകൃതവികാരം പേറുന്നവരും അനുകൂല സാഹചര്യത്തില്‍ അതു പുറത്തെടുക്കുകയും ചെയ്യുന്ന സകല മനുഷ്യരും ഉള്‍ക്കൊള്ളുന്ന ദേശങ്ങളുടെ പ്രതിനിധാനം കൂടിയാണ് ചുരുളിയിലെ ദേശം.

ഭിന്ന രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ നിലനിന്നുപോരുന്ന കൊലപാതക രാഷ്ട്രീയത്തെയും കേരളത്തിലെ അത്തരം ദേശങ്ങളെയും അടയാളപ്പെടുത്തുന്നുണ്ട് ബി.അജിത്കുമാറിന്റെ ഈട, ജയരാജിന്റെ ശാന്തം, കെ.കെ.ഹരിദാസിന്റെ കണ്ണൂര്‍, വീണ്ടും കണ്ണൂര്‍ തുടങ്ങിയ സിനിമകള്‍. മറ്റ് ജനാധിപത്യ, രാഷ്ട്രീയ സംഘടനകള്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിക്കാത്ത ജനാധിപത്യവിരുദ്ധമായ പാര്‍ട്ടി ഗ്രാമങ്ങള്‍ എന്ന ഫാസിസ്റ്റ് സങ്കല്‍പ്പത്തെയാണ് ഈ സിനിമകള്‍ ചോദ്യംചെയ്യുന്നത്. ഇത്തരം ജനാധിപത്യവിരുദ്ധ ദേശങ്ങളെ സിനിമയിലൂടെ അടയാളപ്പെടുത്തുന്നത് സര്‍ഗാത്മകതയ്‌ക്കൊപ്പം കലാകാരന്റെ സാമൂഹിക ഉത്തരവാദിത്വത്തെക്കൂടി വിളിച്ചോതുന്നു. അതേസമയം ജിബു ജേക്കബ്ബിന്റെ രാഷ്ട്രീയ സാമൂഹിക ആക്ഷേപഹാസ്യ സിനിമയായ വെള്ളിമൂങ്ങയില്‍ പ്രതിപാദിക്കുന്ന ഇരിക്കൂര്‍ പോലെയുള്ള ഗ്രാമങ്ങള്‍ ഇത്തരത്തില്‍ ഇരുളടഞ്ഞതാകുന്നില്ല, മറിച്ച് മറു രാഷ്ട്രീയ പാര്‍ട്ടികളോടും പ്രവര്‍ത്തകരോടും ബഹുമാനം വച്ചു പുലര്‍ത്തുകയും ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നവരാണ് ഇരിക്കൂരിലെ രാഷ്ട്രീയപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള മനുഷ്യര്‍.

വികസനം വരുമ്പോള്‍ ഇല്ലാതെയാകുന്ന നാട്ടിന്‍പുറങ്ങളേയും അവിടത്തെ കളിസ്ഥലങ്ങളേയുമാണ് രഞ്ജന്‍ പ്രമോദ് രക്ഷാധികാരി ബൈജുവില്‍ ഓര്‍മ്മിപ്പിക്കുന്നത്. കൂടിയിരിക്കുകയും വര്‍ത്തമാനം പറയുകയും ഒരുമിച്ച് കളിക്കുകയും ചെയ്യുന്നതിലൂടെയാണ് ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാകുന്നതും വളരുന്നതും. ഇത് നഷ്ടപ്പെടരുതെന്നാണ് രക്ഷാധികാരി ബൈജുവിലെ ഗ്രാമവും കൂടിയിരിപ്പിടവും ഓര്‍മ്മപ്പെടുത്തുന്നത്. ഗ്രാമത്തേയും ദേശത്തേയും ഉള്ളില്‍ മുറുകെപ്പിടിക്കുന്ന മലയാളിക്ക് ഈ സിനിമ നോവായി അവശേഷിക്കുന്നതും അതുകൊണ്ടുതന്നെ.

മാതൃഭൂമി ഓണ്‍ലൈന്‍, 2022 ജനുവരി 21, ഷോ റീല്‍ -3

Tuesday, 25 January 2022

ഉത്തമപുരുഷ സങ്കല്‍പ്പങ്ങളില്‍നിന്ന് വഴിമാറുന്ന നായകന്‍


ധീരോദാത്തനതിപ്രതാപ ഗുണവാന്‍ വിഖ്യാതവംശന്‍ ധരാപാലന്‍ നായകന്‍ എന്ന പ്രഖ്യാത ലക്ഷണങ്ങളെ അനുശീലിച്ചുപോരുന്ന നായകശരീരങ്ങളെയാണ് സിനിമ കാലങ്ങളായും ഭൂരിപക്ഷരൂപേണയും പിന്തുടരുന്നത്. ഈ ലക്ഷണയുക്തനായ നായകനെയും അയാളുടെ വീരോചിത ചെയ്തികളെയും വിജയങ്ങളെയും കണ്ട് ആഘോഷിക്കുന്നതാണ് പ്രേക്ഷകന്റെ കേവലാസ്വാദനവും. കാണിയെ നിരാശനാക്കാതെ അവന്റെ സ്വപ്‌നകാമനകളെ തൃപ്തിപ്പെടുത്തി, സാധാരണ ജീവിതത്തില്‍ ഒരിക്കലും സാധ്യമാകാത്ത അതിമാനുഷ, അതീന്ദ്രിയ പ്രവൃത്തികള്‍ ചെയ്തുപോരുന്ന സത്ഗുണസമ്പന്ന നായകനെ നിരന്തരം ചിട്ടപ്പെടുത്തുന്നതില്‍ ചലച്ചിത്രകാരന്മാരും ശ്രദ്ധിച്ചുപോന്നിട്ടുണ്ട്. 

ഇത്തരം രചനാകൗശലങ്ങളില്‍നിന്ന് വേറിട്ടുള്ള സഞ്ചാരം അപൂര്‍വ്വമായിട്ടെങ്കിലും സാധ്യമാകുമ്പോഴാണ് ജീവിതത്തിന്റെ നേരടയാളങ്ങളും തങ്ങളുടെ പരിചിതവട്ടത്തിലുള്ള മനുഷ്യനായും നായകനെ കാണിക്ക് അനുഭവിക്കാന്‍ സാധിക്കുന്നത്. തറയില്‍ കാലുറപ്പിച്ച് പരാജിത ഭാവങ്ങളുടെ ഭാരമേറ്റ് കുറവുകളും തെറ്റുകളും സംഭവിച്ച്, പരിഹാസത്തിനും വെറുപ്പിനും ഇരയാകുന്ന സാധാരണ മനുഷ്യന്റെ പ്രതിനിധിയായി നായകനെ അനുഭവിക്കാനാകുമ്പോള്‍ ഉത്തമപുരുഷ സങ്കല്‍പ്പങ്ങള്‍ ഊര്‍ന്നുവീഴുന്നു.

അഷ്‌റഫ് ഹംസയുടെ ഭീമന്റെ വഴി എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബന്റെ ഭീമന്‍ എന്നു വിളിപ്പേരുള്ള സഞ്ജീവ് ശങ്കര്‍ എന്ന കഥാപാത്രം പതിവുപടി നാട്ടുകാര്‍ക്ക് ഉപകാരിയായിട്ടുള്ള ഉത്തമപുരുഷ സൗന്ദര്യ ഗുണഗണങ്ങള്‍ ഒത്തിണങ്ങിയിട്ടുള്ള ആളാണ്. എന്നാല്‍ അയാളുടെ അകമേയ്ക്കു നോക്കുവാന്‍ കൂടി സിനിമ തയ്യാറാകുമ്പോഴാണ് ഉത്തമപുരുഷ സങ്കല്‍പ്പങ്ങളില്‍ നിന്ന് വ്യതിചലിക്കുന്ന നായകനെ കാണാനാകുക. ഒരു സാധാരണ പുരുഷന്റെ മാനസികസഞ്ചാര വഴിയേ തന്നെയാണ് ഭീമന്റെയും വഴിനടപ്പ്. പുറമേയ്ക്ക് സ്ത്രീകളോട് ബഹുമാനാദി വികാരങ്ങളും ഉത്തരവാദിത്തങ്ങളും പ്രകടിപ്പിക്കുമ്പോഴും കാമാസക്തനായൊരു പുരുഷന്‍ അയാളില്‍ ഒളിഞ്ഞിരിപ്പുണ്ട്. അനുകൂല സാഹചര്യങ്ങളില്‍ അത് മറനീക്കി പുറത്തുവരികയും ചെയ്യുന്നു. പ്രണയം വിവാഹത്തിലേക്കല്ല, ശരീരത്തിലേക്കുള്ള താക്കോലായിട്ടാണ് ഭീമന്‍ കാണുന്നത്. ഇത് കാമുകിമാരോട് തുറന്നുസമ്മതിക്കാന്‍ അയാള്‍ മടിക്കുന്നുമില്ല. ഭീമനെപ്പോലുള്ള പാത്രസൃഷ്ടികളെ സമൂഹത്തിന്റെ പ്രബലമായ സദാചാരക്കണ്ണിലൂടെ നോക്കുമ്പോള്‍ തെറ്റുകാരനായി കാണാനായിരിക്കും വ്യഗ്രത. ഉത്തമനായി ജീവിക്കാമെന്ന് അയാള്‍ എവിടെയും വാക്കുനല്‍കുന്നില്ല, അയാള്‍ക്ക് സ്വന്തം ശരികളും ന്യായീകരണങ്ങളുമുണ്ടു താനും.

മലയാളി ജീവിതത്തില്‍ വര്‍ഷങ്ങളായി പ്രതിനായകരൂപം പേറി നിലകൊള്ളുന്ന സുകുമാരക്കുറുപ്പിനെ നായകനാക്കുമ്പോള്‍ ഉത്തമപുരുഷ സങ്കല്‍പ്പങ്ങളെ കൈവെടിയാന്‍ തന്നെയാണ് സിനിമ തയ്യാറാകുന്നത്. ധനസാമ്പാദനത്തിനു വേണ്ടി അപരനെ കൊന്നു കടന്നയാളാണ് സുകുമാരക്കുറുപ്പ്. അങ്ങനെയൊരാളെ ഏതു വിധേനയും വെള്ളപൂശാനാകില്ല. മരണം കൊണ്ടാണെങ്കില്‍ പോലും യഥാര്‍ഥ ജീവിതത്തില്‍ ചാക്കോയാണ് നായകസ്ഥാനത്തു നില്‍ക്കേണ്ടത്. കുറുപ്പ് എക്കാലത്തും പ്രതിസ്ഥാനത്തും പ്രതിനായക സ്ഥാനത്തുമായിരിക്കണം. ഈ പ്രതിനായകനിലെ പ്രകടനസാധ്യത കണ്ടെത്താനാണ് ശ്രീനാഥ് രാജേന്ദ്രന്‍ തന്റെ സിനിമയിലൂടെ പരിശ്രമിക്കുന്നത്. കുറുപ്പിന്റെ ചെയ്തികളെ ന്യായീകരിക്കാനോ നായകസ്ഥാനത്തേക്ക് കുടിയിരുത്താനോ ശ്രമിക്കുന്നില്ല. തെറ്റു ചെയ്യുകയും ഒളിജീവിതം നയിക്കുന്നതിലൂടെ തെറ്റ് ആവര്‍ത്തിക്കുകയും ചെയ്യുന്നയാളാകുന്നു ഇവിടെ നായകന്‍. നിയമത്തിനു പിടികൊടുക്കാതെയുള്ള ഒളിച്ചോട്ടവും അതിനായി സുകുമാരക്കുറുപ്പ് നടത്തിയെന്നു കുപ്രസിദ്ധി നേടിയിട്ടുള്ള വീരസാഹസിക മുഖംമൂടിക്കഥകളും ജനത്തിനിടയില്‍ ഒരു ഹീറോ ഇമേജ് സൃഷ്ടിക്കാന്‍ പോന്നതായിരുന്നു. സിനിമയില്‍ ഉപയോഗപ്പെടുത്തുന്നതും ഇതാണ്. എന്നാലത് അയാളിലെ ഇരുണ്ട വശങ്ങള്‍ വിട്ടുകളഞ്ഞു കൊണ്ടുള്ളതല്ല.


ജോജിയിലേക്ക് എത്തുമ്പോള്‍ ഇരട്ടമുഖമുള്ളതും സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ക്കായി ഏതറ്റം വരെയും പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്നവനുമായ ഒരുവനെയാണ് കാണാനാകുക. മെലിഞ്ഞൊട്ടി കാഴ്ചയില്‍ ഒന്നിനും പോരാത്തവന്റെ ശരീരഭാഷയാണയാള്‍ക്ക്. എന്നാല്‍ അകമേ സകല കാലുഷ്യവുമായി കുശാഗ്രബുദ്ധി പേറുന്നവന്‍. ഈ ബുദ്ധികൂര്‍മ്മത മറ്റുള്ളവര്‍ക്ക് (കൂടെ ജീവിക്കുന്നവര്‍ക്കടക്കം) എളുപ്പം പിടികിട്ടുകയുമില്ല. സ്വന്തം നിലനില്‍പ്പിനും നേട്ടത്തിനും വേണ്ടി എന്തു ചെയ്യാനും മടിക്കാത്ത അയാള്‍ക്ക് കായബലം കൊണ്ട് ഒരാളെ നേരിടാനാകില്ലെന്നുറപ്പാണ്. ഈ ബലഹീനതയെ മറികടക്കാനുതകുന്ന മനോബലവും കൂര്‍മ്മബുദ്ധിയും ഈ നായകനില്‍ ചാര്‍ത്തിനല്‍കുന്നുണ്ട്. ഏതവസ്ഥയും മറികടക്കാന്‍ ഈ വിശിഷ്ടവിശേഷം അയാളെ പ്രാപ്തനാക്കുന്നു. നേട്ടത്തിനായി സ്വപിതാവിനെയും സഹോദരങ്ങളെയും ചതിക്കാനും കൊലചെയ്യാനും മടിക്കാത്ത നായകരൂപത്തിന് ഉത്തമഗുണങ്ങള്‍ യാതൊന്നും അവകാശപ്പെടാനില്ല. പക്ഷേ നേട്ടങ്ങള്‍ക്കായി ചെയ്തുകൂട്ടുന്ന പ്രവൃത്തികള്‍ അയാളുടെ ശരികള്‍ തന്നെയാകുന്നു. അതില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും അയാള്‍ തയ്യാറാകുന്നുമില്ല. 

സിനിമയ്ക്കുള്ളിലെ സിനിമ പ്രമേയമാക്കുന്ന ഷൈലോക്കില്‍, ആ പേരിലുള്ള ഷേക്‌സ്പിയറിന്റെ വിഖ്യാത കഥാപാത്രത്തെപ്പോലെ പലിശക്കാരനും ദുഷ്ടനുമായ കഥാപാത്രമാണ് നായകന്‍. ദേവന്‍ എന്ന ഒരു അപരമുഖമുണ്ടെങ്കില്‍ പോലും നിര്‍മ്മാതാക്കള്‍ക്ക് പലിശയ്ക്ക് പണം കൊടുക്കുന്ന അയാള്‍ അറിയപ്പെടുന്നത് ബോസ് എന്നാണ്. പലിശയും മുതലും മുടക്കുന്ന നിര്‍മ്മാതാക്കളുടെ സിനിമാ ചിത്രീകരണ സ്ഥലത്തേക്ക് എത്തി യാതൊരു ദാക്ഷിണ്യവുമില്ലാതെ ഷൂട്ടിംഗ് മുടക്കുകയും അക്രമം അഴിച്ചുവിടുന്നയാളുമായാണ് നായകനെ ചിത്രീകരിക്കുന്നത്. പരുന്ത് എന്ന സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന പലിശക്കാരന്‍ പുരുഷുവിനെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് ഈ കഥാപാത്രവും. പലിശക്കാശിനായി എന്തു പ്രവൃത്തിക്കും തയ്യാറാകുന്നയാളാണ് പുരുഷു. 

വലിയ ആരാധകവൃന്ദവും കുടുംബപ്രേക്ഷക പിന്തുണയുമുള്ള നായകശരീരങ്ങള്‍ പ്രതിനായക വേഷമണിയുമ്പോള്‍ അവരോടുള്ള മമതയ്ക്കും യശസ്സിനും കളങ്കം വന്നേക്കുമെന്ന തെറ്റിദ്ധാരണ പ്രബലമായിരുന്നു. ഇതുകാരണം ഉത്തമഗുണങ്ങള്‍ വെടിഞ്ഞുള്ള പ്രവൃത്തിക്ക് തയ്യാറാകാത്തവരായിരുന്നു നായകന്മാരില്‍ ഏറിയ പങ്കും. ഇന്‍ഡസ്ട്രിയില്‍ വലിയ താരമൂല്യത്തോടെ നിലകൊള്ളുന്ന വേളയിലാണെങ്കില്‍ പ്രത്യേകിച്ചും. ഇത്തരം അവസരങ്ങളില്‍ നായകന് പ്രതിനായകത്വം ഉണ്ടെങ്കില്‍ തന്നെ അതിനെ സാധൂകരിക്കത്തക്ക ഭൂതകാലം കൂടി പിന്‍പറ്റി നല്‍കാന്‍ തിരക്കഥാകാരന്മാര്‍ ശ്രദ്ധിച്ചിരുന്നു. ഏറെ ശ്രദ്ധേയമായ ഭദ്രന്റെ സ്ഫടികം എന്ന ചിത്രം നോക്കുക. അപഥസഞ്ചാരിയും താന്തോന്നിയും നിയമ, കുടുംബ, ആരാധനാലയ വ്യവസ്ഥകള്‍ക്ക് പുറംതിരിഞ്ഞു നില്‍ക്കുന്നയാളുമായ ആടുതോമ മലയാളിയുടെ എക്കാലത്തേയും ആരാധനയര്‍ഹിക്കുന്ന പാത്രസൃഷ്ടികളിലൊന്നാണ്. ആടുതോമ സമൂഹത്തിന്റെ നടപ്പുവ്യവസ്ഥയ്ക്ക് ചേരാത്തയാളാകുവാന്‍ കാരണമാകുന്നൊരു ഭൂതകാലം അയാളിലുണ്ട്. ഈ ഭൂതകാലത്തെ കൂടിയാണ് പ്രേക്ഷകര്‍ ആരാധിക്കുന്നതും സിനിമ സാധൂകരിക്കുന്നതും. പില്‍ക്കാലത്ത് ആടുതോമയെ പിന്‍പറ്റി ഒട്ടേറെ നായക സൃഷ്ടികള്‍ പിറവിയെടുക്കുകയുണ്ടായി. അവയിലെ നെഗറ്റീവ് ഷേഡുകള്‍ക്കെല്ലാം ഈ ഇരുണ്ട ഭൂതകാലത്തിന്റെ പിന്തുണ നല്‍കുവാന്‍ മറക്കുന്നില്ല. 

മുള്ളന്‍കൊല്ലി വേലായുധന്‍ (നരന്‍), ഗോപാലകൃഷ്ണപിള്ള (മാടമ്പി), സേതുമാധവന്‍ (ചെങ്കോല്‍), നവതീത് കൃഷ്ണന്‍ (രണ്ടാംഭാവം), ശങ്കര്‍ദാസ് (അഴകിയ രാവണന്‍) തുടങ്ങിയ ശ്രദ്ധേയ കഥാപാത്രങ്ങളുടെയെല്ലാം ഭൂതകാലം അത്രകണ്ട് തരളസ്മൃതികളുടേതല്ല. ഭൂതകാലത്തെ/കുട്ടിക്കാലത്തെ തിക്താനുഭവങ്ങളും പ്രസന്നതയില്ലായ്മയുമാണ് യൗവനത്തിലെത്തുമ്പോള്‍ അവരെ വഴിപിഴച്ചു പോകുന്നവരും അടിതടക്കാരും നാട്യക്കാരും ഗൗരവക്കാരുമെല്ലാമാക്കി മാറ്റുന്നത്.


ഈ നായക കഥാപാത്രങ്ങളില്‍ നിന്ന് തെല്ല് സഞ്ചരിച്ച് ജോജിയും കുറുപ്പും ഭീമനുമടങ്ങുന്ന കാലത്തിലേക്ക് എത്തുമ്പോള്‍ മേല്‍പ്പറഞ്ഞ ചിന്തയ്ക്കും ഉത്തമഗുണ ബിംബങ്ങള്‍ക്കും തെല്ല് അയവു കല്‍പ്പിച്ചാണ് നായകന്മാര്‍ വാര്‍ക്കപ്പെടുന്നത്. ഇൗ ഗണത്തിലെ പ്രതിനിധിയാണ് കുമ്പളങ്ങി നൈറ്റ്‌സിലെ നായകന്‍. സദാചാരവാദിയായ, വീട്ടില്‍ സര്‍വ്വാധികാരിയായ, പുരുഷമേധാവിത്വ സമൂഹത്തിന്റെ നേരടയാളമാണ് ഷമ്മി. സദാ അണിഞ്ഞൊരുങ്ങി നടക്കുന്ന, മാന്യമായി പെരുമാറുന്ന, സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ ശ്രദ്ധിക്കുന്ന 'കംപ്ലീറ്റ് മാന്‍' ആയിട്ടാണ് ഷമ്മി സ്വയംവിലയിരുത്തുന്നത്. എന്നാല്‍ അവസരം കിട്ടുമ്പോള്‍ മറ്റുള്ളവരുടെ സ്വകാര്യതയിലോക്ക് ഒളിഞ്ഞുനോക്കുന്ന, സ്ത്രീകള്‍ വീട്ടില്‍ പുരുഷന്റെ പിറകില്‍ ഒതുങ്ങിജീവിക്കണമെന്നു ശഠിക്കുന്ന, വീട്ടിലെ സ്ത്രീകളോട് അപമര്യദയായി പെരുമാറുന്ന, ഇടുങ്ങിയ ചിന്താഗതിക്കാരനാണ് ഷമ്മി. തന്റെ സൗന്ദര്യത്തിലും വസ്ത്രധാരണത്തിലും ബദ്ധശ്രദ്ധനായ ഷമ്മിയുടെ പുറംമോടികളാണ് താന്‍ സൂക്ഷിച്ചുപോരുന്ന സങ്കുചിത ചിന്താഗതികളില്‍നിന്ന് അയാള്‍ക്ക് രക്ഷയാകുന്നത്. ഇതോടെ മുഖ്യധാരയ്ക്ക് ചേരുന്നവനായി കണക്കാക്കപ്പെടുന്ന ഷമ്മിക്ക് കല്യാണവീട്ടിലാകട്ടെ, ബന്ധുവീട്ടിലാകട്ടെ, പൊതു ഇടങ്ങളിലാകട്ടെ മാന്യതയും സ്വീകാര്യതയും ലഭിക്കുന്നുണ്ട്.

സ്വവര്‍ഗപ്രണയിയായ പോലീസ് നായക കഥാപാത്രത്തെ റോഷന്‍ ആന്‍ഡ്രൂസിന്റെ മുംബൈ പോലീസില്‍ കാണാം. ഇത് നിലനില്‍ക്കുന്ന പുരുഷ, നായക ബിംബങ്ങളുടെ പൊളിച്ചെഴുത്താകുന്നു. സിനിമാ വ്യവസായത്തില്‍ സൂപ്പര്‍താര പദവിയുള്ള നായകനാണ് ആകാരത്തിലും ഔദ്യോഗിക പദവിയിലും ബഹുമാനമര്‍ഹിക്കുന്ന പോലീസ് ഓഫീസറായ സ്വവര്‍ഗാനുരാഗിയായി മാറുന്നത്. സ്വവര്‍ഗാനുരാഗിയായ ആന്റണി മോസസ് കൃത്യനിര്‍വ്വഹണവുമായി അതിനെ ബന്ധിപ്പിക്കാന്‍ തയ്യാറല്ല. അയാള്‍ വിട്ടുവീഴ്ചകളില്ലാത്ത, മിടുക്കനായ പോലീസ് ഓഫീസറാണ്. പക്ഷേ തന്റെയുള്ളിലെ മനുഷ്യന്റെ ശരികള്‍ക്കും അഭിലാഷത്തിനും തടയിടാനും തയ്യാറല്ല. പുറമേ സാധാരണനും ഉള്ളടരുകളില്‍ വിചിത്രവേഷധാരികളുമായ മനുഷ്യന്റെ പ്രതിനിധിയാകുന്നു ആന്റണി മോസസ്. സിനിമയ്‌ക്കൊടുവില്‍ അയാളുടെ ഉള്ളടരുകള്‍ അഴിഞ്ഞുവീഴുമ്പോള്‍ ഒരേസമയം നിസ്സഹായനും പ്രണയിയും സ്വാര്‍ഥനുമെല്ലാമായി മാറുകയാണയാള്‍.

ലാല്‍ജോസിന്റെ ചാന്ത്‌പൊട്ട്, രഞ്ജിത് ശങ്കറിന്റെ ഞാന്‍ മേരിക്കുട്ടി എന്നീ സിനിമകളിലെ നായകന്മാര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രങ്ങളാണ്. സ്ത്രീയായി ജീവിക്കാന്‍ താത്പര്യപ്പെടുന്നയാളാണ് മേരിക്കുട്ടി. ആ രീതിയില്‍ സമൂഹത്തില്‍ ഇടപെടുകയും തൊഴിലെടുത്ത് ജീവിക്കുകയും ചെയ്യുന്നു. അവിടെ വിലങ്ങുതടിയാകുന്നത് ഉത്തമപുരുഷ സങ്കല്‍പ്പങ്ങള്‍ പുലര്‍ത്തിപ്പോരുന്ന ആണ്‍സമൂഹത്തിന്റെ ഇടപെടലുകളാണ്. ചാന്ത്‌പൊട്ടില്‍ സ്ത്രീയായി ജീവിക്കുന്നയാളല്ല രാധാകൃഷ്ണന്‍. അയാളില്‍ തുടര്‍ന്നുപോരുന്നത് കുട്ടിക്കാലം മുതല്‍ക്ക് താന്‍ പുലര്‍ത്തിപ്പോരുന്ന സ്‌ത്രൈണതയാണ്. ഈ കഥാപാത്രം പക്ഷേ സമൂഹത്തിനോട് എതിരിട്ട് തനിക്കിഷ്ടമുള്ള രീതിയില്‍ ജീവിക്കാനല്ല, സമൂഹത്തിന്റെ ആഗ്രഹാര്‍ഥം പുരുഷലക്ഷണങ്ങളിലേക്ക് പ്രവേശിക്കാനാണ് പരിശ്രമിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടും ഭരണകൂടങ്ങളുടെ ട്രാന്‍സ്‌ജെന്‍ഡര്‍ നയവും ഇത്രകണ്ട് പുരോഗതി പ്രാപിച്ചിട്ടില്ലാത്ത കാലത്താണ് ചാന്ത്‌പൊട്ട് പുറത്തിറങ്ങുന്നത്. അതുതന്നെയാണ് രാധയില്‍ നിന്ന് മേരിക്കുട്ടിയിലേക്കുള്ള ദൂരവും.

സമൂഹത്തിന്റെ നേര്‍നടപ്പിന് ചേരാതെ ഭോഗാസക്തനായി മദ്യത്തിലും സ്ത്രീയിലും വൈവിധ്യം തേടുന്നയാണ് ലീലയിലെ നായക കഥാപാത്രമായ കുട്ടിയച്ചന്‍. വിചിത്ര ചിന്താഗതിയുടെ സൂക്ഷിപ്പുകാരനുമാകുന്നു അയാള്‍. ആനക്കൊമ്പില്‍ നിര്‍ത്തി ഒരു സ്ത്രീയെ ഭോഗിക്കണമെന്ന കുറേക്കൂടി അസാധാരണ ചിന്തയാണ് കുട്ടിയപ്പനെ ഭരിക്കുന്നത്. 


ഐ.വി. ശശിയുടെ ഉയരങ്ങളില്‍, ജോഷിയുടെ കുട്ടേട്ടന്‍, അടൂരിന്റെ വിധേയന്‍, രഞ്ജിത്തിന്റെ പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ, സമീര്‍ താഹിറിന്റെ ചാപ്പാ കുരിശ്, ആഷിഖ് അബുവിന്റെ 22 ഫീമെയില്‍ കോട്ടയം, ജോയ് മാത്യുവിന്റെ അങ്കിള്‍ തുടങ്ങിയ സിനിമകളിലെ നായകന്മാര്‍ ഭീമനെയും കുട്ടിയച്ചനെയും പോലെ പല വിധേനയുള്ള സ്ത്രീചിന്തകളും താത്പര്യവും ഭോഗാസക്തിയും ചതിയും ശീലമാക്കിയവരാണ്. ഈ നായകന്മാരിലൊന്നും ഉത്തമപുരുഷ പരിഗണന കല്‍പ്പിച്ചുനല്‍കാന്‍ സ്രഷ്ടാക്കള്‍ മെനക്കെടുന്നില്ല. സ്വന്തം നേട്ടങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കുമായി പണവും സ്വാധീനവും ഉപയോഗപ്പെടുത്തുകയും വഞ്ചനയ്ക്കും കൊലയ്ക്കും മടിക്കാത്തവരുമാണ് ഉയരങ്ങളിലെ ജയരാജനും വിധേയനിലെ ഭാസ്‌കര പട്ടേലരും പാലേരിമാണിക്യത്തിലെ മുരിക്കിന്‍കുന്നത്ത് അഹമ്മദ് ഹാജിയും. ഈ കഥാപാത്രങ്ങള്‍ മലയാളത്തിലെ എണ്ണപ്പെട്ട നായകസൃഷ്ടികളായി നിലകൊള്ളുന്നത് ഇവരിലെ ക്രൗര്യഭാവങ്ങളുടെ മിഴിവു കൊണ്ടുതന്നെയാണ്. കുട്ടേട്ടനും അങ്കിളും ഇത്തരം ക്രൗര്യമുഖമില്ലാത്തവരും സൗമ്യരും രസികത്വമുള്ളവരുമാണ്. ഇവര്‍ക്ക് ഭീമനെപ്പോലെ നവ സ്ത്രീശരീരാന്വേഷണത്തിലാണ് വ്യഗ്രത. ചാപ്പാ കുരിശിലെയും 22 ഫീമെയില്‍ കോട്ടയത്തിലെയും നായകരാകട്ടെ സ്വന്തം താത്പര്യങ്ങളിലും നേട്ടങ്ങളിലും മാത്രം കണ്ണുവച്ച് പ്രണയിയെ നിഷ്‌കരുണം തള്ളിക്കളയുന്നവരാണ്. 

നിദ്ര, തനിയാവര്‍ത്തനം, പാദമുദ്ര, സൂര്യമാനസം, സല്ലാപം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍ തുടങ്ങിയ സിനിമകളില്‍ നിസ്സഹായതയുടെ പ്രതിരൂപങ്ങളായിട്ടാണ് നായകന്മാരെ അവതരിപ്പിക്കുന്നത്. കുറവുകളും അപകര്‍ഷതകളുമാണ് ഇവര്‍ക്ക് സമൂഹം ചാര്‍ത്തിനല്‍കുന്നത്. ഇവരെ ഭരിച്ചുപോരുന്നതും ആത്യന്തികമായ വിധി നിര്‍ണയിക്കുന്നതും ഇതല്ലാതെ മറ്റൊന്നല്ല.

പരുഷഭാവമുള്ളവരും നിയമലംഘകരും സ്വയം വിധികര്‍ത്താക്കളുമായ നായകരുണ്ട്. സമൂഹത്തിന്റെ നല്ലനടപ്പിന് ഇടംതിരിഞ്ഞു നില്‍ക്കുന്ന പ്രവൃത്തികളാണ് ഇവര്‍ക്ക് നായകപരിവേഷം നല്‍കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ ഗണത്തില്‍ പെട്ടവരുടെ ക്ലാസിക്ക് പാത്രസൃഷ്ടിയായി കണക്കാക്കപ്പെടുന്നത് മംഗലശ്ശേരി നീലകണ്ഠനെയാണ്. 'എന്റെ ഭീഷണിയെന്നത് ചില ഊച്ചാളി രാഷ്ട്രീയക്കാര്‍ പറയുന്നതുപോലെ സ്ഥലം മാറ്റിക്കളയുമെന്നല്ല, കൊന്നുകളയും' എന്നു പോലീസുകാരനോടുള്ള നീലകണ്ഠന്റെ ഭീഷണിനിറഞ്ഞ താക്കീതില്‍ ഉള്ളടങ്ങിയിരിക്കുന്നു അയാളിലെ പരുഷപൗരുഷവും നിഷേധ സമീപനവും. നീലകണ്ഠന്റെ കൊള്ളരുതായ്മകളും താന്തോന്നിത്തരങ്ങളും മാതൃകയാക്കി നിരവധിയായ പ്രബല പാത്രസൃഷ്ടികളാണ് പിന്നീടുണ്ടായത്. 

രാക്ഷസരാജാവ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, കസബ തുടങ്ങിയ സിനിമകളിലെ പോലീസ് കഥാപാത്രങ്ങള്‍ ഇതേപടി നിഷേധികളും കൈക്കൂലിക്കാരും മറ്റു പല താത്പര്യങ്ങളുടെയും ഉടമകളും സംരക്ഷകരുമാണ്. ഉത്തമപുരുഷന്മാരായി തങ്ങളെ അടയാളപ്പെടുത്തണമെന്ന നിഷ്‌കര്‍ഷ ഇവരാരും വച്ചുപുലര്‍ത്തുന്നില്ല. തങ്ങളുടെ ശരികള്‍ക്കു മീതെയാണ് ഇവരുടെയെല്ലാം അപഥസഞ്ചാരങ്ങള്‍.

മാതൃഭൂമി ഓണ്‍ലൈന്‍, 2022 ജനുവരി 13, ഷോ റീല്‍ -2

Friday, 21 January 2022

അനുതാപം അര്‍ഹിക്കുന്ന പ്രതിനായക രൂപങ്ങള്‍


സര്‍വഗുണസമ്പന്നനായ നായകനും ദോഷങ്ങളും ദുര്‍ചെയ്തികളും മാത്രം കൈമുതലായുള്ള പ്രതിനായകനും. ഇവര്‍ തമ്മിലുള്ള പോരിനൊടുവില്‍ നന്മയുടെ പ്രതിനിധിയായ നായകന്‍ അന്തിമവിജയം കൈവരിക്കുകയും തിന്മ മണ്ണടിയുകയും ചെയ്യുന്നു. ഈ നന്മ, തിന്മ ദ്വന്ദ്വങ്ങള്‍ക്കിടയില്‍ കാലങ്ങളായി നിലനിന്നുപോരുന്ന ശീതസമരങ്ങളാണ് പുരാണേതിഹാസങ്ങളും മുത്തശ്ശിക്കഥകളും അടിസ്ഥാന വിഷയമാക്കിയത്. സ്വാഭാവികമായും ഇത്തരം കഥകളെ പിന്‍പറ്റി സിനിമാക്കഥളുടെയും അടിസ്ഥാന പ്രമേയം അത്തരത്തിലുള്ളതായി. ഭൂരിഭാഗം സിനിമകള്‍ക്കും നായകനും വില്ലനും, നന്മയും തിന്മയും പശ്ചാത്തലമായി.

നന്മ തന്നെയാണ് ആത്യന്തികമായി വിജയം കാണേണ്ടതെങ്കിലും തിന്മകള്‍ക്കു പിന്നിലുണ്ടായേക്കാവുന്ന ആര്‍ദ്രമായ അടരുകളും മാനുഷികതലവും തേടിയുള്ള അന്വേഷണം ഇടയ്‌ക്കൊക്കെ സംഭവിച്ചുകൊണ്ടിരുന്നു. സിനിമകളുടെ പ്രമേയത്തിലെ ഈ വേറിട്ട അന്വേഷണത്തെ പ്രേക്ഷകര്‍ എപ്പോഴും പുതുമയോടെ വീക്ഷിക്കാന്‍ ശ്രദ്ധിച്ചു. ഏറ്റവുമൊടുവില്‍ ബേസില്‍ ജോസഫിന്റെ മിന്നല്‍ മുരളിയിലെ പ്രതിനായകനിലാണ് കാണികള്‍ ഇത്തരത്തിലുള്ള ഗുണവിശേഷം കണ്ടത്. 

നായകനോളം പോന്ന സ്വഭാവ വിശേഷതകളോ മാനുഷികാംശങ്ങളോ ഉള്ള പ്രതിനായകരെയാണ് പ്രേക്ഷകര്‍ എപ്പോഴും സ്വീകരിച്ചു പോന്നിട്ടുള്ളതെന്നു കാണാം. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ സുഭാഷ് ഗായിയുടെ ഖല്‍നായകിന്റെ പ്രമേയത്തില്‍ ഈ സവിശേഷത കാണാം. ഈ സിനിമയില്‍ സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന പ്രതിനായകനെയാണ് ജാക്കി ഷറോഫിന്റെ നായകനെക്കാളും പ്രേക്ഷകര്‍ അന്നുമിന്നും സ്‌നേഹിക്കുന്നത്. പ്രതിനായകന്റെ ജീവിതവും മാതൃസ്‌നേഹവും നന്മയും വിശദമായി പ്രതിപാദിച്ചുകൊണ്ടാണ് ഖല്‍നായകിലെ സഞ്ജയ് ദത്തിന്റെ കഥാപാത്രം പ്രീതി നേടുന്നത്. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന പ്രതിനായകന്‍ ഒടുവില്‍ അതിന് കീഴടങ്ങുന്നതിലൂടെ യഥാര്‍ഥ നായക പരിവേഷം ആര്‍ജ്ജിക്കുന്നുമുണ്ട്. 


ഷാരൂഖ് ഖാനെ ബോളിവുഡിലെ ഒന്നാംനിരയില്‍ എത്തിച്ച അബ്ബാസ് മസ്താന്റെ ബാസിഗറിലെ നായകന്‍ പ്രതിനായക പ്രതിച്ഛായ ഉള്ളയാളാണ്. തന്റെ പ്രണയം പോലും അയാള്‍ പ്രതികാരത്തിനുള്ള മറയാക്കുന്നുണ്ട്. അയാളുടെ ഭൂതകാലം ചുരുളഴിയുന്നതോടെ പ്രതിനായകച്ഛായ മറനീക്കി നായക പരിവേഷം കൈവരികയും ചെയ്യുന്നു. യാഷ് ചോപ്രയുടെ ഡറില്‍ സണ്ണി ഡിയോളിന്റെ നായക കഥാപാത്രത്തേക്കാള്‍ ഷാരൂഖ് ഖാന്റ് പ്രതിനായകനാണ് പ്രേക്ഷക അനുതാപം നേടിയത്. വലിയ പ്രേക്ഷകപ്രീതി നേടിയ ഈ പ്രതിനായക കഥാപാത്രം ഷാരൂഖ് ഖാന്റെ കരിയറില്‍ വഴിത്തിരിവാകുകയും ചെയ്തു.

തന്നെയോ സമൂഹത്തെയോ ബാധിക്കുന്ന ഒരു പ്രശ്‌നത്തിനു പരിഹാരം കാണുന്നതിനായിട്ടാണ് പലപ്പോഴും പ്രതിനായക കഥാപാത്രങ്ങള്‍ വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതും. ഇത്തരം കഥാപാത്രങ്ങളെ പ്രേക്ഷകര്‍ നായകര്‍ക്കു തുല്യരായി തന്നെ കാണുന്നുണ്ട്. അതേസമയം നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടുള്ള ചെയ്തികളെ ന്യായീകരിക്കാന്‍ അവര്‍ മെനക്കെടുന്നുമില്ല.

മിന്നല്‍മുരളിയിലെ ഷിബു വലിയൊരു ഇഷ്ടത്തിന്റെ സഫലീകരണത്തിനു വേണ്ടിയാണ് ഒരു സാധാരണ മനുഷ്യനില്‍ നിന്ന് പ്രതിനായകന്റെ വേഷമണിയുന്നത്. ജീവിതത്തില്‍ ഉടനീളം ഒറ്റപ്പെടുത്തലും വേട്ടയാടലും മാത്രം ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള ഷിബുവിന് ലക്ഷ്യബോധത്തിലേക്ക് വഴികാട്ടിയ ഏക വെളിച്ചമായിരുന്നു ഉഷ. കുട്ടിക്കാലത്തേ അനാഥനായ ഷിബുവിനു മുന്നില്‍ അന്നത്തിന്റെ രൂപത്തില്‍ കരുണ കാണിച്ചവള്‍. ആ സ്‌നേഹം പിന്നീട് ഷിബുവിന്റെ വളര്‍ച്ചയോളം പടര്‍ന്നുപന്തലിക്കുന്നു. അവള്‍ക്കു വേണ്ടിയായിരുന്നു അയാളുടെ കാത്തിരിപ്പത്രയും. ഏറെ വൈകി അവളത് തിരിച്ചറിയുന്ന വേളയില്‍ തന്നെ വിധി മറ്റൊന്നാകുമ്പോള്‍ ജീവിതത്തിലെ അവശേഷിക്കുന്ന ഒരേയൊരു നാളമാണ് ഷിബുവില്‍നിന്ന് അണഞ്ഞുപോകുന്നത്. അതോടെയാണ് അയാള്‍ ഒരു നാടിനെ തന്നെ നശിപ്പിക്കുന്ന പ്രതിനായക സ്വത്വമണിയുന്നത്. ഷിബുവിനോട് ഒരിക്കലും കരുണ കാണിക്കാതെയും ഭ്രാന്തനെന്ന ചുട്ടി ചാര്‍ത്തിനല്‍കുകയും ചെയ്ത നാടും നാട്ടുകാരുമാണ് യഥാര്‍ഥത്തില്‍ അയാളെ പ്രതിനായകനാക്കുന്നത്. എന്നാല്‍ നിരപരാധികളെ നശിപ്പിക്കുന്ന ചെയ്തികളിലേക്ക് വളരുന്നയാളെ ഏത് ആര്‍ദ്രഭാവത്തിന്റെ പേരിലായാലും സാധൂകരിക്കാനും വയ്യ.


ത്രില്ലര്‍ സിനിമകളിലെ സൈക്കോ, സോഷ്യോപാത്ത് കഥാപാത്രങ്ങളില്‍ പലര്‍ക്കും ഇത്തരമൊരു ഭൂതകാലം ഉണ്ടായിരിക്കും. ഇന്ത്യന്‍ സിനിമയിലെ ശ്രദ്ധേയമായ സൈക്കോളജിക്കല്‍ ത്രില്ലറുകളിലൊന്നായ ഭാരതീരാജയുടെ സിഗപ്പു റോജാക്കളില്‍ കമല്‍ഹാസന്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രം പ്രതിനായകനാകുന്നത് അയാളുടെ ഭൂതകാല പശ്ചാത്തലത്തിലാണ്. സ്ത്രീകളെ പ്രണയിച്ചു വശത്താക്കുകയും കൊലപാതകത്തിന് ഇരയാക്കുകയും ചെയ്യുന്ന നായക കഥാപാത്രത്തിന് ബാല്യത്തിലും കൗമാരത്തിലും വ്യത്യസ്ത സ്ത്രീകളില്‍ നിന്ന് ഉണ്ടാകുന്ന ദുരനുഭവങ്ങളാണ് സ്ത്രീകളെ വേട്ടയാടുന്ന പ്രതിനായക രൂപത്തിലേക്ക് വളര്‍ത്തുന്നത്. ഈ സിനിമയുടെ പ്രമേയത്തെ പിന്‍പറ്റി ഒട്ടേറെ സൈക്കോളജിക്കല്‍ ത്രില്ലറുകള്‍ പിന്നീടുണ്ടായി. ഒട്ടുമിക്ക ത്രില്ലര്‍, ഹൊറര്‍ സിനിമകളിലെ പ്രതിനായക കഥാപാത്രങ്ങളുടെ പ്രതികാരേച്ഛയ്ക്കു പിന്നിലും ഭൂതകാലത്തിലെ വേട്ടയാടപ്പെട്ട അനുഭവങ്ങളുണ്ടായിരിക്കും. ഹൊറര്‍ സിനിമകളില്‍ ഗതികിട്ടാത്ത ആത്മാക്കളായി അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ജീവിതകാലത്ത് നീതി ലഭിക്കാത്തവരും വേട്ടയാടപ്പെട്ടവരുമായിരിക്കും. പ്രേക്ഷകര്‍ക്ക് ഇവരോട് അനുതാപം തോന്നുക സ്വാഭാവികം. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ടെക്‌നോഹൊറര്‍ ചിത്രം ചതുര്‍മുഖത്തിലെ പ്രതിനായക കഥാപാത്രവും ഇത്തരത്തില്‍ വഞ്ചനയ്ക്ക് ഇരയാക്കപ്പെടുന്നയാളാണ്.

അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട മിഥുന്‍ മാനുവല്‍ തോമസിന്റെ ത്രില്ലര്‍ ചിത്രം അഞ്ചാം പാതിരയില്‍ ഷറഫുദ്ദീന്‍ അവതരിപ്പിക്കുന്ന ബെഞ്ചമിന്‍ ലൂയിസ് എന്ന കഥാപാത്രത്തിന്റെ ഭൂതകാലം അത്യധികം വേട്ടയാടപ്പെട്ടവന്റെയാണ്. പരമ്പര കൊലപാതകങ്ങളുടെ കാരണം തേടി അന്വേഷണം ബെഞ്ചമിനിലേക്ക് എത്തുമ്പോഴാണ് അയാളും കുടുംബവും അനുഭവിച്ച തിക്ത യാഥാര്‍ഥ്യങ്ങള്‍ പ്രേക്ഷകര്‍ തിരിച്ചറിയുന്നത്. ഇത് ബെഞ്ചമിനോടുള്ള അനുതാപത്തിന് കാരണമാക്കുന്നു. എന്നാല്‍ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചും കണ്ണുവെട്ടിച്ചും കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നയാള്‍ സമൂഹത്തിനു മുന്നില്‍ കുറ്റവാളി തന്നെയാണ് എന്ന യാഥാര്‍ഥ്യം പ്രേക്ഷകര്‍ അംഗീകരിക്കുകയും ചെയ്യുന്നു. ജീത്തു ജോസഫിന്റെ മെമ്മറീസിലെ പ്രതിനായക ചെയ്തികള്‍ക്കു പിന്നിലുള്ള കാരണവും പ്രേക്ഷക അനുതാപം പിടിച്ചുപറ്റാന്‍ പോന്നതാണ്.

രോഹിത് വി.എസ്സിന്റെ കളയില്‍ നായക, പ്രതിനായക ബിംബങ്ങള്‍ കീഴ്‌മേല്‍ മറിയുന്ന അനുഭവമാണുള്ളത്. സിനിമ മുന്നോട്ടുപോകുന്തോറും നായകനേക്കാളും പ്രതിനായകനോടാകും പ്രേക്ഷകന് പ്രതിപത്തി. എപ്പോള്‍ വേണമെങ്കിലും പുറത്തെത്താന്‍ പാകത്തില്‍ മനുഷ്യനില്‍ ഉള്ളടങ്ങിയിരിക്കുന്ന മൃഗതൃഷ്ണയും കീഴ്‌പെടുത്തല്‍ ത്വരയും നായകനിലും പ്രതിനായകനിലും മറനീക്കി പുറത്തുവരുമ്പോള്‍ അവര്‍ തീര്‍ത്തും അപരിഷ്‌കൃതരായി മാറുന്നു. എന്നാല്‍ പ്രതിനായകനിലാണ് കൂടുതല്‍ സത്യസന്ധമായ ന്യായമെന്ന് പ്രേക്ഷകനു തോന്നുന്നതോടെ അവര്‍ ആ പന്തിയില്‍ അണിചേരാന്‍ നിര്‍ബന്ധിതരായി മാറുന്നു.

സച്ചിയുടെ അയ്യപ്പനും കോശിയിലും ആരാണ് നായകന്‍, പ്രതിനായകന്‍ എന്ന തര്‍ക്കത്തിന് പ്രസക്തിയുണ്ട്. തറവാട്ടു മഹിമയും ഉന്നത ബന്ധങ്ങളും നായക ഗുണസൗന്ദര്യങ്ങളും തന്റേടവും ഒത്തിണങ്ങിയ കോശി കുര്യനേക്കാള്‍ അല്‍പ്പം പ്രതിനായകച്ഛായ തോന്നിക്കുന്ന എസ്.ഐ അയ്യപ്പന്‍ നായര്‍ക്കൊപ്പം നില്‍ക്കാനായിരിക്കും പ്രേക്ഷകര്‍ക്ക് തെല്ല് താത്പര്യക്കൂടുതല്‍. കാരണം ന്യായത്തിന്റെ തട്ട് അയാളുടെ ഭാഗത്തേക്കാണ് ചായുന്നത്.


രൂപം കൊണ്ടും ഗാംഭീര്യം കൊണ്ടും ഇവര്‍ തന്നെ സിനിമയിലെ വില്ലന്‍ എന്ന് പ്രേക്ഷകരെക്കൊണ്ട് പറയിപ്പിക്കുന്ന പ്രതിനായകന്മാര്‍ പുതിയകാല സിനിമയില്‍ അധികമില്ല. അവര്‍ കഥയില്‍ അല്‍പ്പം പ്രതിനായക സ്വഭാവം പുലര്‍ത്തുന്ന സാധാരണ കഥാപാത്രങ്ങള്‍ മാത്രമാണ്. അതുകൊണ്ടുതന്നെ കഥയില്‍ ബോധപൂര്‍വ്വം കൊണ്ടുവരുന്ന നായക, പ്രതിനായക വേര്‍തിരിവിന് പുതിയ ചലച്ചിത്രകാരന്മാര്‍ അധികം മെനക്കെടാറില്ലെന്നു കാണാം.

മനു അശോകന്റെ ഉയരെയില്‍ ആസിഫ് അലി അവതരിപ്പിച്ച ഗോവിന്ദ് എന്ന കഥാപാത്രം ഒറ്റനോട്ടത്തില്‍ നായകനാണ്. എന്നാല്‍ മുഖ്യ കഥാപാത്രമായ പല്ലവിയുടെ സ്വതന്ത്രജീവിതത്തിനും സ്വപ്‌നങ്ങള്‍ക്കും വിലങ്ങുതടിയാകുന്നതും ഇതേ നായകനാണ്. സ്വാര്‍ഥപ്രണയം കൊണ്ട് കണ്ണുകാണാതാകുന്നയാളാണ് ഗോവിന്ദ്. താനും പ്രണയിനിയും മാത്രമുള്ള ജീവിതം ആഗ്രഹിക്കുന്ന ഗോവിന്ദ് പ്രണയിനിയിലെ വ്യക്തിയെ കാണാന്‍ തയ്യാറാകുന്നേയില്ല. അവള്‍ കൂടുതല്‍ ഉയരങ്ങളിലെത്തുമ്പോള്‍ തങ്ങളുടെ പ്രണയത്തിന്റെ തീവ്രത കുറയുമെന്നും, അവള്‍ക്ക് തന്നിലുള്ള ശ്രദ്ധ കുറയുമെന്നുമുള്ള സ്വാര്‍ഥത വച്ചു പുലര്‍ത്തുന്നയാളാണ് ഗോവിന്ദ്. തങ്ങള്‍ മാത്രമുള്ള ലോകം, മറ്റൊന്നും, മറ്റാരും അതിന് തടസ്സമാകരുത് എന്ന് ചിന്തിക്കുന്ന ഒരുപാട് പേരുടെ പ്രതിനിധിയാണ് ഗോവിന്ദ്. അന്ധമായ പ്രണയം കൊണ്ട് ഗോവിന്ദ് ചെയ്യുന്ന പ്രവൃത്തികള്‍ അയാളെ നായകസ്വത്വത്തില്‍ നിന്ന് പ്രതിനായകനിലേക്ക് പറിച്ചുനടുന്നു. ഏകാകിയായ ഗോവിന്ദ് അടിസ്ഥാനപരമായി ഉള്ളുനിറയെ സ്‌നേഹം സൂക്ഷിക്കുന്ന നല്ല മനുഷ്യനാണ്. ഇടയ്ക്കിടെ സജലമാകുന്ന അയാളുടെ കണ്ണുകളില്‍ അതു കാണാം. ഈയൊരു അനുതാപം ഗോവിന്ദിനോട് പ്രേക്ഷകര്‍ക്ക് തോന്നുകയും ചെയ്യും. എന്നാല്‍ പ്രണയത്താല്‍ അന്ധനാക്കപ്പെടുന്ന അയാളുടെ ചെയ്തിക്ക് മാപ്പുനല്‍കാന്‍ പല്ലവിയെപ്പോലെ പ്രേക്ഷകരും തയ്യാറായേക്കില്ല.

കുമ്പളങ്ങി നൈറ്റ്‌സിലെ സൈക്കോ ഷമ്മി പുറമേക്ക് വൃത്തിയായി അണിഞ്ഞൊരുങ്ങി പരിഷ്‌കാരിയായി നടിക്കുകയും അകമേ ഇടുങ്ങിയ ചിന്ത ഭരിച്ചുപോരുകയും ചെയ്യുന്ന ഭൂരിപക്ഷ മലയാളിയുടെ പ്രതിനിധിയാണ്. മലയാളി പുരുഷജീവിതത്തിന്റെ നേര്‍പരിച്ഛേദമെന്ന നിലയ്ക്കു തന്നെ ഈ കഥാപാത്രത്തിലെ പ്രതിനായകത്വം നമുക്കത്ര അപരിചതമല്ല. അയാളെയൊരു വില്ലന്‍ സ്ഥാനത്തു പ്രതിഷ്ഠിക്കുന്നതിനു പകരം കുടുംബം, കുലം, ജാതി, തൊഴില്‍മഹിമ തുടങ്ങിയവയ്ക്ക് മനുഷ്യത്വത്തേക്കാളും സ്‌നേഹത്തേക്കാളും സ്ഥാനം നല്‍കുന്ന മലയാളി ജീവിത പ്രതിനിധിയായി കണക്കാക്കുന്നതായിരിക്കും ഉചിതം.

മാതൃഭൂമി ഓണ്‍ലൈന്‍, 2022 ജനുവരി 6, ഷോ റീല്‍ -1

Tuesday, 18 January 2022

മരക്കാര്‍ എന്ന മലയാളത്തിലെ വലിയ സിനിമയും പ്രേക്ഷകരും


മലയാളത്തിലെ ഏറ്റവും വലിയ സിനിമയെന്ന ഖ്യാതിയോടെയാണ് പ്രിയദര്‍ശന്റെ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. റിലീസിനു മുമ്പ് ഇത്രയധികം പബ്ലിസിറ്റി ലഭിച്ച മറ്റൊരു സിനിമ മലയാളത്തിലുണ്ടായിട്ടില്ല. മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്ന് ആഗോള കാണികള്‍ക്കു മുന്നിലേക്ക് ഒരു സിനിമ എന്ന വിശേഷണത്തോടെ വിവിധ ഭാഷകളിലായി റെക്കോര്‍ഡ് സ്‌ക്രീനുകളിലും രണ്ടാഴ്ചയ്ക്കു ശേഷം ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്ത മരക്കാര്‍ പരസ്യവരുമാനം കൊണ്ടും പ്രീ ബുക്കിംഗ് കൊണ്ടും മാത്രം മുടക്കുമുതലായ 100 കോടി തിരിച്ചുപിടിച്ചെന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്. എന്തു തന്നെയായാലും റിലീസിനു മുമ്പ് ഇത്തരത്തില്‍ മാധ്യമ, ആരാധക ശ്രദ്ധയാല്‍ ആഘോഷിക്കപ്പെട്ട സിനിമയെക്കരുതിയുള്ള കാത്തിരിപ്പും അത്രതന്നെ വലിയതായിരുന്നു. 

കോവിഡ് പ്രതിസന്ധിയില്‍ റിലീസ് ഒന്നര വര്‍ഷത്തിലേറെ നീളുകയും പ്രതിസന്ധിക്ക് അയവു വന്നപ്പോള്‍ ലാഭനഷ്ടങ്ങളുടെ കണക്കുകള്‍ നിരത്തി ഒടിടിയിലേക്കോ, തിയേറ്ററിലേക്കോ എന്ന ചര്‍ച്ചയും മരക്കാറിനെ ചൊല്ലിയുണ്ടായി. മരക്കാര്‍ പോലെ ഇത്രയും പ്രീ പബ്ലിസിറ്റി ഏറ്റുവാങ്ങിയ ഒരു ബിഗ് ബഡ്ജറ്റ് ചിത്രം ഒടിടിയില്‍ പോകുന്നതോടെ മലയാള സിനിമയുടെ ഭാവി ഇനി ഒടിടിയിലായിരിക്കും എന്നതു വരെയെത്തി ചര്‍ച്ച. ഒടുവില്‍ മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി സാംസ്‌കാരിക വകുപ്പ് മന്ത്രി തന്നെ ഒരു സിനിമയുടെ റിലീസ് വിഷയത്തില്‍ ഇടപെടുന്നതും കണ്ടു. മന്ത്രിയും സിനിമയുടെ നിര്‍മ്മാതാവുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് മരക്കാര്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നുള്ള തീരുമാനമെത്തി. മരക്കാറിനെ പോലെ വിഷ്വല്‍ ഇഫക്ട്‌സിനു പ്രാധാന്യമുള്ള സിനിമ ബിഗ് സ്‌ക്രീനില്‍ തന്നെ അനുഭവിക്കാനുള്ളതാണെന്ന സംവിധായകന്റെയുള്‍പ്പെടെയുള്ള പ്രീ റിലീസിംഗ് പ്രസ്താവനകളില്‍ അഭിരമിച്ചിരുന്ന പ്രേക്ഷകരിലും ഈ തീരുമാനം അത്യധികം ആഹ്ലാദമുണ്ടാക്കി. ഒരു സിനിമയെച്ചൊല്ലിയുള്ള അത്യധികമായ ആകാംക്ഷയ്ക്കും കാത്തിരിപ്പിനും വിരാമമിട്ട് ഡിസംബര്‍ രണ്ടിന് പാതിരാത്രി തന്നെ മരക്കാര്‍ തിയേറ്ററുകളിലെത്തി. 

വന്‍ പരസ്യ, അവകാശവാദ ഘോഷങ്ങളോടെ തിയേറ്ററിലെത്തിയ സിനിമയുടെ പെരുമയ്ക്കു ചേരും വിധമുള്ള വരവേല്പ് തന്നെ പ്രേക്ഷകര്‍ നല്‍കി. കേരളത്തിലെ 90 ശതമാനത്തിലേറെ തിയേറ്ററുകളിലും മരക്കാര്‍ ആയിരുന്നു റിലീസ്. മറ്റു സിനിമകള്‍ മരക്കാറിനു വേണ്ടി വഴിമാറിക്കൊടുത്തു. മിക്ക തിയേറ്ററുകളിലും പാതിരാത്രി തന്നെ ആദ്യ പ്രദര്‍ശനം തുടങ്ങി. കോവിഡ് പ്രതിസന്ധിക്കു ശേഷം തിയേറ്ററുകള്‍ തുറക്കുമ്പോഴത്തെ ഏറ്റവും പ്രത്യാശാകരമായ കാഴ്ച തന്നെയായിരുന്നു ഇത്.


എന്നാല്‍ ഉറക്കമൊഴിച്ച് ആദ്യ പ്രദര്‍ശനം കണ്ടുതീര്‍ത്ത പ്രേക്ഷകരില്‍ മരക്കാര്‍ പ്രതീക്ഷിച്ച ചലനമുണ്ടാക്കിയില്ലെന്നു മാത്രമല്ല, കടുത്ത നിരാശയും കൂടിയാണ് സമ്മാനിച്ചത്. ആദ്യദിവസത്തെ മൂന്നോ നാലോ പ്രദര്‍ശനങ്ങള്‍ കഴിഞ്ഞതോടെ ഇതായിരുന്നില്ല, തങ്ങള്‍ പ്രതീക്ഷിച്ച മലയാളത്തിലെ ഏറ്റവും വലിയ സിനിമയെന്ന് പ്രേക്ഷകരില്‍ നിന്ന് ഭൂരിപക്ഷ അഭിപ്രായം ഉയര്‍ന്നു. വളരെ ഉയര്‍ന്ന പ്രതീക്ഷയാണ് നിരാശയുടെ ആഴം വര്‍ധിപ്പിച്ചതെന്ന് പൊടുന്നനെ വിലയിരുത്താമെങ്കിലും പ്രേക്ഷകരില്‍ ഉണ്ടാക്കിയ തണുത്ത പ്രതികരണത്തിന് കാരണം സിനിമയുടെ നിലവാരക്കുറവ് തന്നെയായിരുന്നു.

ആഗോള സിനിമകള്‍ കണ്ടു ശീലിച്ചവരാണ് പുതിയ കാലത്തെ പ്രേക്ഷകര്‍. അവര്‍ക്കു മുന്നിലേക്കാണ് പഴയ വീഞ്ഞും, അതേ കുപ്പിയുമായി പ്രിയദര്‍ശനും കൂട്ടരും വരുന്നത്. ഹോളിവുഡിലേതടക്കമുള്ള യുദ്ധകഥകളും ആയോധനവീര•ാരുടെ ചരിത്രാഖ്യാനങ്ങളും കണ്ടു പരിചയിച്ച പ്രേക്ഷകരെ പരിഗണിക്കുന്നതായിരുന്നില്ല മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ. പ്രേക്ഷകരെ വിലകുറച്ചു കണ്ടു എന്നതു തന്നെയാണ് ഈ സിനിമയ്ക്കു പറ്റിയ വലിയ വീഴ്ച. ഡേവിഡ് ബെനിയോഫിന്റെ വിഖ്യാത സിനിമ ട്രോയ് അടക്കമുള്ളവയുടെ പേരു നിരത്തിയാണ് മരക്കാര്‍ കണ്ട പ്രേക്ഷകര്‍ സിനിമക്കെതിരെ പ്രതികരിച്ചത്. പല ഹോളിവുഡ് വാര്‍ സ്‌റ്റോറികളുടെയും അവതരണരീതിയും കഥാമുന്നേറ്റവും പശ്ചാത്തലവും അതേപടി പിന്തുടരുകയോ അനുകരിക്കുകയോ ആയിരുന്നു മരക്കാര്‍. 

എങ്ങനെയാണോ മരക്കാറിന്റെ റിലീസിനു മുമ്പ് പ്രേക്ഷകര്‍ ഈ സിനിമയെ ആഘോഷിച്ചത്, അതിനു നേര്‍ വിപരീത പ്രതികരണമായിരുന്നു റിലീസിംഗിനു ശേഷമുണ്ടായത്. ഇത് കേവലം പ്രതീക്ഷകളില്‍ നിന്നുമുടലെടുത്ത നിരാശ മാത്രമായിരുന്നില്ല. ശരാശരിയിലും താഴെയുള്ള, ഒട്ടും വെല്ലുവിളിയുയര്‍ത്താത്ത തിരക്കഥയുമായി വിഷ്വല്‍ ഇഫക്ട്‌സിലും കലാസംവിധാനത്തിലും മാത്രം പ്രതീക്ഷ വച്ച് പടച്ചെടുത്ത ഒരു സിനിമയാണ് തങ്ങള്‍ക്കു മുന്നിലെത്തിയിരിക്കുന്നതെന്ന് പ്രേക്ഷകര്‍ക്ക് എളുപ്പത്തില്‍ ബോധ്യമായി. അവര്‍ ആ നിരാശ സോഷ്യല്‍ മീഡിയ ഡീഗ്രേഡിംഗ് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ കൊണ്ട് പ്രകടിപ്പിക്കുകയും ചെയ്തു. ഒരു നല്ല സിനിമയെ/കലാസൃഷ്ടിയെ എന്തെങ്കിലും പ്രത്യേക കാരണത്താലോ ഉദ്ദേശത്താലോ ബോധപൂര്‍വ്വം ഇകഴ്ത്തി കാണിക്കുകയെന്നത് സൃഷ്ടിയോടും അതിന്റെ സ്രഷ്ടാക്കളോടുമുള്ള പൊറുക്കാനാകാത്ത പാതകമാണ്. എന്നാല്‍ തങ്ങളെ വിഡ്ഢികളാക്കുന്ന ആഖ്യാനത്തോടാണ് ഇവിടെ പ്രേക്ഷകര്‍ അവരുടെ ആസ്വാദനസ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിയത്.

ചരിത്രസിനിമകളില്‍ കണ്ടുമടുത്ത പ്രമേയപരിസരവും ആഖ്യാനവുമാണ് മരക്കാറിലുള്ളത്. കഥാതന്തുവിലോ കഥാഗതിയിലോ മാറ്റമോ പുതുമയോ കൊണ്ടുവരുന്നതില്‍ സിനിമ പൂര്‍ണമായും പരാജയപ്പെടുന്നു. കാലവും പശ്ചാത്തലവും സാങ്കേതികമായി അവതരിപ്പിക്കുന്നതില്‍ മരക്കാര്‍ വിജയിക്കുന്നുണ്ടെങ്കിലും പഴുതുകള്‍ മാത്രമുള്ള തിരക്കഥയാണ് തിരിച്ചടിയാകുന്നത്. ഇതാണ് ആസ്വാദനത്തിന്റെ തുടര്‍ച്ചയെ പിന്നോട്ടടിപ്പിക്കുകയും വിരസതമാക്കുന്നതും. സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന വ്യവഹാര ഭാഷ, ലിപി എന്നിവ പലയിടത്തും ചരിത്രത്തോട് നീതി പുലര്‍ത്തുന്നില്ല.


കാലാപാനി പോലെയൊരു ചരിത്രസിനിമയെടുത്ത പ്രിയദര്‍ശന്‍ എന്ന ഒന്നാന്തരം ക്രാഫ്റ്റ്മാന്‍ വലിയ ബഡ്ജറ്റിന്റെ പിന്തുണയോടെ എത്തുമ്പോള്‍ മലയാളത്തില്‍ നിന്ന് ആഗോളനിലവാരമുള്ള ഒരു ചരിത്രസിനിമയാണ് സ്വാഭാവികമായും പ്രേക്ഷകര്‍ പ്രതീക്ഷിക്കുക. അത്തരമൊരു സിനിമയൊരുക്കാന്‍ മലയാളത്തില്‍ മറ്റാരെക്കാളും ക്രാഫ്റ്റുള്ളത് പ്രിയദര്‍ശനിലെ സംവിധായകനു തന്നെയാണെന്നതിലും ആസ്വാദകര്‍ക്ക് സംശയമുണ്ടാകില്ല. തികവുറ്റ സാങ്കേതികനിരയും അഭിനേതാക്കളുടെ വലിപ്പവും ഇതില്‍ പ്രിയദര്‍ശനെ പിന്തുണയ്ക്കാന്‍ തക്ക ശേഷിയുള്ളതുമായിരുന്നു. എന്നാല്‍ കാലത്തെയോ, ചരിത്രത്തെയോ, പശ്ചാത്തലത്തെയോ, കഥാപാത്രങ്ങളെയോ നേരായി അടയാളപ്പെടുത്താന്‍ പാങ്ങില്ലാത്ത ഒരു തിരക്കഥയെ രക്ഷപ്പെടുത്താന്‍ പ്രിയദര്‍ശന്റെ ക്രാഫ്റ്റിനോ മറ്റ് സാങ്കേതിക മികവുകള്‍ക്കോ ആകുന്നില്ല. വലിയ ഗവേഷണം കൂടാതെ രൂപപ്പെടുത്തുന്ന തിരക്കഥകള്‍ ചരിത്ര സിനിമകളുടെ പരാജയത്തിന് പ്രഥമ കാരണമാണ്. നേരത്തെ റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണി എന്ന സിനിമയുടെ ആസ്വാദനത്തില്‍ സംഭവിച്ച കല്ലുകടിയുടെ കാരണവും മറ്റൊന്നായിരുന്നില്ല. 

മരക്കാറിന് ചരിത്രപരമായ ആധികാരികത ഇല്ല. കേട്ടുകേള്‍വിയിലുള്ള കഥാപശ്ചാത്തലത്തില്‍ അല്പം ഫിക്ഷന്‍ കൂട്ടിച്ചേര്‍ക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. പ്രതീക്ഷിത കഥാസന്ദര്‍ഭങ്ങളില്‍ വന്നുപോകുന്നവര്‍ മാത്രമാകുന്നു കഥാപാത്രങ്ങള്‍. മോഹന്‍ലാല്‍ അടക്കമുള്ള അഭിനേതാക്കള്‍ കഥാപാത്രത്തിന് മിഴിവേകുന്നതില്‍ പരാജയപ്പെട്ടുപോകുന്നു. സുനില്‍ഷെട്ടി (ചന്ദ്രോത്ത് പണിക്കര്‍), മഞ്ജു വാര്യര്‍ (സുബൈദ) അടക്കമുള്ളവരുടെ താരമൂല്യത്തിന് ഒത്ത കഥാപാത്രങ്ങള്‍ സൃഷ്ടിക്കുന്നതില്‍ തിരക്കഥ പരാജയപ്പെടുമ്പോള്‍ ഇവര്‍ കേവലം ഫ്രെയിമുകളില്‍ വന്നുനില്‍ക്കുന്നവര്‍ മാത്രമായി ഒടുങ്ങുന്നു. ഹരീഷ് പേരടിയുടെ മങ്ങാട്ടച്ചന്‍ കഥാപാത്രമാണ് മരക്കാര്‍ എന്ന ചരിത്ര സിനിമയില്‍ അല്‍പ്പമെങ്കിലും നീതി പുലര്‍ത്തുന്ന പാത്രസൃഷ്ടിയായി അനുഭവപ്പെടുക. ഇന്നസെന്റ്, മാമുക്കോയ, ബാബുരാജ്, ഗണേഷ് തുടങ്ങിയവരുടെ കഥാപാത്രങ്ങള്‍ പതിനാറാം നൂറ്റാണ്ടിലെ കഥാപാത്രങ്ങളുടെ ശരീര, ശാരീര ഭാഷ തീര്‍ക്കുന്നതില്‍ തികഞ്ഞ പരാജയമാകുമ്പോള്‍ പ്രഭുവിന്റെ തടിച്ചുരുണ്ട ശരീരത്തെ ഹാസ്യാത്മകമായി ചിത്രീകരിക്കാനാണ് സിനിമ ശ്രമിക്കുന്നത്. ഇതിലൊന്നും ചരിത്രനീതി പോയിട്ട് ഉദ്ദേശശുദ്ധി പോലും ഫലവത്താകുന്നില്ല. കുഞ്ഞാലി മരക്കാര്‍ നാലാമന്‍ എന്ന കരയിലും കടലിലും ഒരുപോലെ യുദ്ധപ്രാവീണ്യവും കരുത്തും തന്ത്രവും ഒത്തുചേരുന്ന കഥാപാത്രം പക്ഷേ മോഹന്‍ലാലിലെത്തുമ്പോള്‍ തീരെ നനഞ്ഞു വീര്യം ചോര്‍ന്ന സ്‌ഫോടകവസ്തുവായി മാറുന്നു. പ്രായത്തിന്റെ ആവലാതിയുള്ള, ശരീരത്തിന് വഴക്കവും ബലവുമില്ലാത്ത, വാക്കുകളിലോ പ്രവൃത്തിയിലോ വീര്യമില്ലാത്ത, നേതൃപാടവവും യുദ്ധമുഖത്തെ ആജ്ഞകളും നല്‍കുമ്പോള്‍ അതു വാക്കുകളിലും കണ്ണുകളിലും ശരീരത്തിലും പ്രകടമാകാതെ വൈഷമ്യത്തിലാകുന്ന കുഞ്ഞാലിയെയാണ് മോഹന്‍ലാലില്‍ കാണാനാകുന്നത്. മോഹന്‍ലാലിലെ വിസ്മയിപ്പിക്കുന്ന നടന്റെ അനുരണനം ചെറിയൊരു ഫ്രെയിമില്‍ പോലും ഈ സിനിമ അനുഭവിപ്പിക്കുന്നില്ല. തത്ഫലമായി സിനിമയുടെ അന്ത്യരംഗത്തില്‍ കുഞ്ഞാലിയെ പോര്‍ച്ചുഗീസ് പട കീഴടക്കി തല വിച്ഛേദിച്ച് കൊലപ്പെടുത്തുന്നതു പോലും പ്രേക്ഷകരില്‍ തെല്ലു വികാരത്തള്ളിച്ചയുണ്ടാക്കിയേക്കില്ല. അതേസമയം കുഞ്ഞാലി നാലാമന്റെ ചെറുപ്പകാലം അവതരിപ്പിച്ച പ്രണവ്, ചിന്നാലി എന്ന ചൈനീസ് പോരാളിയായെത്തിയ ജയ് ജക്രിത് എന്നിവര്‍ ചെറുപ്പത്തിന്റെ ഊര്‍ജ്ജസ്വലതയുമായി സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.


രാജഭരണകാലത്തെ നാവികനും പടത്തലവനുമായ ഒരു വീരന്റെ കഥ പറയുന്ന സിനിമയ്ക്ക് വേണ്ട ഊര്‍ജ്ജം മരക്കാറില്‍ ഒരിടത്തും കടന്നുവരുന്നില്ല. ഇമോഷണല്‍ ഡ്രാമ എന്ന രീതിയിലാണ് ഈ സിനിമ അടയാളപ്പെടുത്തുന്നതായി കാണുന്നത്. അതാകട്ടെ കാണികളില്‍ ആവേഗമുണ്ടാക്കാന്‍ തക്ക ഫലപ്രാപ്തിയില്‍ ചെന്നെത്തുന്നുമില്ല. ഫലം, ഇത്രയധികം ഘോഷപ്രചാരങ്ങളോടെ അവതരിപ്പിച്ച ഒരു സിനിമ ഓര്‍ത്തെടുക്കാന്‍ യാതൊന്നും അവശേഷിപ്പിക്കാതെ പോകുന്നു എന്നതായി മാറുന്നു.

സ്ത്രീശബ്ദം, 2022 ജനുവരി

Monday, 17 January 2022

ചുരുളി വിനിമയം ചെയ്യുന്ന ദൃശ്യഭാഷ


ഏതാണ്ട് 20 വര്‍ഷം മുമ്പ് വയനാട്ടില്‍ ഒരു ആദിവാസി പെണ്‍കുട്ടിയെ ഉപദ്രവിച്ച ശേഷം കുടുംബത്തോടെ കടന്നുകളഞ്ഞ പ്രതിയെ തേടി കര്‍ണാടകയിലെ കാട്ടിലേക്ക് പോകുന്ന രണ്ട് പോലീസുകാര്‍. ഇന്റര്‍നെറ്റും മൊബൈല്‍ഫോണും സിസിടിവി ക്യാമറയും കേരളത്തില്‍ സജീവമല്ലാതിരുന്ന കാലത്ത് ഒരു തെളിവും അവശേഷിപ്പിക്കാതെ പോയ പ്രതിയെ ഈ പോലീസുകാര്‍ സാഹസികമായി കണ്ടെത്തുകയായിരുന്നു. കണിച്ചാര്‍ സ്വദേശിയായ ജോസ് ജോസഫ് എന്ന എസ്‌ഐ ആയി വിരമിച്ച ഉദ്യോഗസ്ഥനും ജോസഫ് എന്ന വയനാട് സ്വദേശിയായ മറ്റൊരു പോലീസുകാരനുമായിരുന്നു കാട്ടിനകത്ത് വ്യാപകമായി ഇഞ്ചികൃഷി നടക്കുന്ന ഗ്രാമത്തില്‍ ജോലിയന്വേഷിച്ച് വന്നവര്‍ എന്ന വ്യാജേന കേസന്വേഷണത്തിന് എത്തിയത്. ജോസ് ജോസഫ് യാദൃശ്ചികമായി കഥാകൃത്ത് വിനോയ് തോമസിനോട് ഈ അനുഭവം പറയുകയായിരുന്നു. പിന്നീട് വിനോയ് തോമസ് 'കളിഗെമിനാറിലെ കുറ്റവാളികള്‍' എന്ന പേരില്‍ ഇത് കഥയായി എഴുതുകയും ചെയ്തു. ഈ കഥ വായിച്ച ലിജോ ജോസ് പെല്ലിശ്ശേരി ഇതിന്റെ സിനിമാസാധ്യതയെപ്പറ്റി ആലോചിച്ചു. ലിജോയുടെ ആലോചനയെ എസ്.ഹരീഷ് മിസ്റ്റിക് തലത്തിലുള്ള തിരക്കഥയാക്കി മാറ്റി. ലിജോ ജോസ് പെല്ലിശ്ശേരി അതിന് ദൃശ്യഭാഷ നല്‍കിയപ്പോള്‍ കേവലമൊരു കുറ്റാന്വേഷണ കഥ സാര്‍വൈക മാനമുള്ള സിനിമയായി. ഇതാണ് ചുരുളി എന്ന ഏറെ ചര്‍ച്ചചെയ്യപ്പെട്ട സിനിമയുണ്ടായ കഥ.

ഓരോ പ്രേക്ഷകനു മുന്നിലും വ്യത്യസ്ത തരത്തിലുള്ള കാഴ്ചയും വ്യാഖ്യാനവും വിതാനവും രൂപപ്പെടുത്താന്‍ ഉതകുന്നുവെന്നതാണ് ചുരുളി തുറന്നിടുന്ന സാധ്യത. മലയാളത്തില്‍ നിന്ന് മറ്റൊരു ലോകസിനിമ കൂടി എന്ന് ചുരുളിയെ ഏറ്റവും ചുരുക്കി വിവക്ഷിക്കാം. ഭാഷയുടെ കേവലപരിധിക്കുള്ളില്‍ നില്‍ക്കുന്ന സിനിമയല്ല ചുരുളി. സിനിമ പ്രാഥമികമായും ആത്യന്തികമായും ദൃശ്യകലയാണെന്ന നിര്‍വചനത്തെയാണ് ചുരുളി ശരിവയ്ക്കുന്നത്. ദൃശ്യങ്ങളിലൂടെയാണ് ഈ സിനിമ കാണിയോടു സംസാരിച്ചു മുന്നോട്ടു പോകുന്നത്. ലോകകാണികള്‍ക്കു മുന്നിലേക്കാണ് അതിന്റെ പ്രവേശവും ലക്ഷ്യവും. അത്തരമൊരു കാഴ്ചയുടെ വിശാലതയും സാധ്യതയുമാണ് ഈ സിനിമ തുറന്നിടുന്നത്. കഥ സിനിമയ്ക്ക് മേലലങ്കാരം മാത്രമാണ്. അതില്ലാതെ തന്നെ കേവല ജീവിത സന്ദര്‍ഭങ്ങളും ഫാന്റസിയും ഉള്‍ച്ചേര്‍ത്ത് മികച്ച സിനിമയുണ്ടാക്കാം. ചുരുളി അത്തരത്തില്‍ ഒരു അനുഭവമാണ്. കാണികള്‍ക്ക് അവരുടെ യുക്തിക്കനുസരിച്ച് പൂരിപ്പിച്ച് കണ്ടു പോകാവുന്ന ഒട്ടേറെ ഇടങ്ങള്‍ ഈ സിനിമ ബാക്കിയാക്കുന്നുണ്ട്. പൂരിപ്പിക്കാനുള്ള ഈ തുറന്ന ഇടങ്ങള്‍ തന്നെയാണ് ചുരുളിയുടെ വന്യസൗന്ദര്യവും. ദൃശ്യങ്ങളുടെ സാധ്യതയും സമ്പന്നതയും ബിംബങ്ങളും അടയാളവാക്യങ്ങളും ഉപയോഗിച്ചാണ് ചുരുളിയുടെ സഞ്ചാരം. പ്രേക്ഷകര്‍ക്ക് അതിനൊപ്പം യാത്രചെയ്ത് തങ്ങളുടെ അനുമാനത്തില്‍ എത്തിച്ചേരാം.

പ്രതിയെ അന്വേഷിച്ച് പണിക്കാരുടെ വേഷത്തില്‍ കാട്ടിനകത്തെ ചുരുളിയെന്ന പ്രദേശത്തെത്തുന്ന ഷാജീവന്‍, ആന്റണി എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ പ്രവേശിക്കുന്നത് മറ്റൊരു ലോകത്താണ്. മറ്റൊരു ഗ്രഹം എന്ന സാധ്യതയെ വേണമെങ്കിലും മുന്നോട്ടുവയ്ക്കാം. സ്ഥലകാലസമയ ധാരണകള്‍ മറഞ്ഞ് എവിടെയാണെന്നോ എന്താണെന്നോ ഉള്ള ആശയക്കുഴപ്പത്തില്‍ അകപ്പെട്ടുപോകുന്ന അനുഭവമാണ് ഇവിടെ സംജാതമാകുന്നത്. ടൈം ലൂപ്പ് എന്ന സങ്കേതത്തിന്റെ സാധ്യതയാണ് സിനിമ ഇത്തരുണത്തില്‍ പ്രയോഗിക്കുന്നത്. ടൈം ലൂപ്പ് അല്ലെങ്കില്‍ ടെമ്പറല്‍ ലൂപ്പ് എന്നത് ഫിക്ഷനിലെ ഒരു പശ്ചാത്തല ഉപകരണമാണ്. അതിലൂടെ കഥാപാത്രങ്ങള്‍ ആവര്‍ത്തിച്ചുള്ള ഒരു കാലയളവ് വീണ്ടും അനുഭവിക്കുന്നു. ചിലപ്പോള്‍ ഒന്നിലധികം തവണ. ഈ ആവര്‍ത്തന ചക്രത്തില്‍ നിന്ന് പുറത്തുകടക്കാമെന്ന പ്രതീക്ഷയോടെയാണ് സഞ്ചാരം. 


ചുരുളിയുടെ തുടക്കത്തില്‍ പെരുമാടന്‍ വഴിതെറ്റിക്കുന്ന തിരുമേനിയുടെ കഥയും കാട്ടില്‍നിന്ന് തിരിച്ചിറങ്ങാന്‍ സാധിക്കാത്ത പോലീസുകാരുടെ അനുഭവവും ടൈം ലൂപ്പുമായി ചേര്‍ത്തുവായിക്കാവുന്നതാണ്. തിരുമേനി ഇപ്പോഴും പലവഴി പൊയ്‌ക്കൊണ്ടിരിക്കുകയാണെന്നു പറഞ്ഞുകൊണ്ടാണ് ആ കഥ അവസാനിക്കുന്നത്. നമ്മള്‍ ഇവിടെ വന്നിട്ട് ഒരുപാട് ദിവസമായതു പോലെ എന്നാണ് കാട്ടിലെത്തിയതിന്റെ രണ്ടാം ദിവസം ഷാജീവന്‍ പറയുന്നത്. നിന്നെയിവിടെ മുമ്പും കണ്ടിട്ടുണ്ടല്ലോ എന്നാണ് ഷാജീവനോട് അവിടത്തെ സ്ഥിരതാമസക്കാര്‍ പരിചയം നടിക്കുന്നത്. ആ പ്രദേശത്തേക്കുള്ള ഷാജീവന്റെ ആദ്യവരവല്ലെന്നും പുറത്തുകടക്കാനാകാതെ അകപ്പെട്ടിരിക്കാമെന്നുമുള്ള സൂചന ഇതിലുണ്ട്.

ടൈം ലൂപ്പുകള്‍ നിരന്തരം പുനഃക്രമീകരിക്കപ്പെടുന്നുണ്ട്. ഒരു നിശ്ചിത വ്യവസ്ഥ പാലിക്കുമ്പോള്‍, ഉദാഹരണത്തിന് ഒരു കഥാപാത്രത്തിന്റെ മരണം അല്ലെങ്കില്‍ ക്ലോക്ക് ഒരു നിശ്ചിത സമയത്ത് എത്തുമ്പോള്‍ ലൂപ്പ് വീണ്ടും ആരംഭിക്കുന്നു. ഒരുപക്ഷേ ഒന്നോ അതിലധികമോ പ്രതീകങ്ങള്‍ മുമ്പത്തെ ലൂപ്പില്‍ നിന്നുള്ള ഓര്‍മ്മകള്‍ നിലനിര്‍ത്തുകയും ചെയ്യുന്നു. സാധാരണയായി ഒരു കഥാപാത്രം എന്തെങ്കിലും കാരണത്താല്‍ ഒരു ദിവസത്തെയോ അനുഭവത്തെയോ പുനരുജ്ജീവിപ്പിക്കുകയും അതില്‍നിന്ന് രക്ഷപ്പെടാന്‍ അവര്‍ എന്താണ് ചെയ്യേണ്ടതെന്ന് കണ്ടെത്തുകയും ചെയ്യുന്ന രീതിയിലാണ് ടൈം ലൂപ്പ് ഫിക്ഷനുകളും സിനിമകളും ആവിഷ്‌കരിക്കപ്പെടുന്നത്. ചുരുളിയിലെ കാടും മനുഷ്യരും ഒരുപോലെ നിഗൂഡത നിറഞ്ഞതാണ്. രണ്ടും എളുപ്പം പിടിതരികയില്ല, തിരിച്ചിറങ്ങാനാകാതെ വഴിതെറ്റിക്കുകയും ചെയ്യും. പ്രവൃത്തികളിലും വികാരങ്ങളിലും പ്രാകൃതരെന്നു തോന്നിക്കുന്ന ചുരുളിയിലെ കൊടുങ്കാടകത്തെ മനുഷ്യര്‍ ജല്ലിക്കട്ടിലെ ആദിമ ചോദനകള്‍ സൂക്ഷിക്കുന്ന ആധുനിക മനുഷ്യരില്‍ നിന്ന് ഒട്ടും വ്യത്യസ്തരല്ല. 

ചുരുളിയിലെ കഥാപാത്രങ്ങള്‍ സാധാരണ സംഭാഷണത്തില്‍ മുഴുനീളെ തെറി പദങ്ങള്‍ പ്രയോഗിക്കുന്നവരാണ്. കൊല്ലും കൊലയും ബലാത്സംഗവും (പ്രകൃതിവിരുദ്ധതയടക്കം) തട്ടിപ്പും മോഷണവുമുള്‍പ്പെടെ സമൂഹത്തിന്റെ നല്ലനടപ്പിനു ചേരാത്ത വൃത്തികളിലേര്‍പ്പെട്ട് ജീവിതത്തില്‍ ഒരിക്കലും യാതൊരു സത്‌പ്പേരും കാംക്ഷിക്കാതെയും നാട്ടില്‍ നില്‍ക്കക്കള്ളിയില്ലാതെയും കാടുകയറിയവരുടെ തുടര്‍ജീവിതത്തിലും ഇത്തരം പ്രവൃത്തികളില്‍ കുറഞ്ഞതൊന്നുമുണ്ടാകാനിടയില്ല. തികഞ്ഞ പ്രാകൃത വികാരങ്ങളും ആസുര ഭാവങ്ങളുമാകും അവരിലും അവര്‍ ചെന്നുപെടുന്ന പരിസരത്തും നിറയുക. അവരുടെ ജീവിതം പോലെ തന്നെ നിരതെറ്റി തെന്നിത്തെറിച്ചതാകും അവരുടെ സംസാരവും. അവിടെ തെറിവാക്കുകള്‍ അടിസ്ഥാന വ്യവഹാര ഭാഷയും അലങ്കാരവുമാകും.


മലയാളി ദിവസ ജീവിതത്തിലെ തെറിവാക്കുകളും പ്രയോഗങ്ങളും ശൈലികളും ഇത്ര സ്വാഭാവികമായി മറ്റൊരു സിനിമയിലും ഉപയോഗിച്ചു കണ്ടിട്ടില്ല. സ്ഥാനത്തും അസ്ഥാനത്തുമല്ല, വികാരവിക്ഷോഭങ്ങള്‍ പ്രകടിപ്പിക്കാന്‍ തക്ക സന്ദര്‍ഭങ്ങളില്‍ ഏറ്റവും സൂക്ഷ്മവും സ്വാഭാവികവുമായും തന്നെയാണ് ചുരുളിയിലെ കഥാപാത്രങ്ങള്‍ പരസ്പരം തെറിവാക്കുകള്‍ കൊണ്ട് അഭിസംബോധന ചെയ്യുന്നതും വന്യമായി വിറളി പിടിക്കുന്നതും. അപരനു മുന്നില്‍ സൂക്ഷിച്ചുപോരുന്ന പുറംമോടിക്കപ്പുറത്തെ എല്ലാ മനുഷ്യരുടെയും തത്സ്വരൂപമായിത്തന്നെ ഇതിനെ കാണാം. ചുരുളിയിലെ കഥാപാത്രങ്ങള്‍ക്ക് വെളിച്ചം പോലും തട്ടിത്തടഞ്ഞു മാത്രമെത്തുന്ന കാടിന്റെ മറവ് നല്‍കുന്ന ധൈര്യമുണ്ടെന്നു മാത്രം.

തന്റെ സിനിമാ സങ്കല്‍പ്പത്തെക്കുറിച്ച് ലിജോ ജോസ് പെല്ലിശ്ശേരി നടത്തിയ ഒരു പ്രസ്താവനയുണ്ട്. അതിങ്ങനെയാണ്, സിനിമകള്‍ രണ്ടു തരത്തിലാണ് നിര്‍മ്മിക്കപ്പെടുന്നത്. ഒന്ന്, പ്രേക്ഷകര്‍ എന്താണോ പ്രതീക്ഷിക്കുന്നത് അത് കൊടുക്കുക. രണ്ട്, എന്താണ് പ്രേക്ഷകര്‍ കാണേണ്ടത് എന്ന് സ്രഷ്ടാവ് തീരുമാനിക്കുക. ഇതില്‍ രണ്ടാമത്തെ ചിന്തയിലാണ് താന്‍ വിശ്വസിക്കുന്നത് എന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നത്. ഇൗ ഒരു മതമാണ് അദ്ദേഹത്തിന്റെ സിനിമകള്‍ കാണികള്‍ക്കു മുന്നില്‍ വയ്ക്കുന്ന സ്വതന്ത്ര്യവും വിനിമയസാധ്യതയും. ഒരു ജനപ്രിയ സിനിമകളുടെ ചേരുവകള്‍ സമംപടി ചേര്‍ത്ത് എല്ലാത്തരം കാണികളെയും ആകര്‍ഷിക്കാന്‍ ആ സിനിമകള്‍ക്കാവില്ല. എന്നാല്‍ ഭാഷയ്ക്കും ദേശത്തിനുമപ്പുറത്തെ കാഴ്ചയുടെ വലിയ ദൃശ്യവിതാനത്തെ ഉള്‍ക്കൊള്ളാന്‍ അവയ്ക്കാകുന്നുണ്ട്. അങ്ങനെയാണ് ആമേനിലെ കുമരങ്കരി എന്ന സാങ്കല്‍പ്പിക ഗ്രാമം അങ്കമാലി ഡയറീസിലെയും ഈമയൗവിലെയും സിറ്റി ഓഫ് ഗോഡിലെയും ഏറ്റവും സാധാരണീയരായ ആളുകളുടെ ജീവിതമായും അതേ സാധാരണീയതയെ ജല്ലിക്കട്ടിലെ പ്രാകൃതചിന്ത പേറുന്ന ആധുനികരും ചുരുളിയിലെ മറ്റേതോ ഗ്രഹത്തിലകപ്പെടുന്ന ജീവികള്‍ക്കു തുല്യരായും പരിവര്‍ത്തനം ചെയ്യപ്പെടുന്നതും ഉയര്‍ന്ന വിതാനങ്ങള്‍ പ്രാപ്യമാക്കുന്നതും.

സ്ത്രീശബ്ദം, 2021 ഡിസംബര്‍