Friday, 21 January 2022

അനുതാപം അര്‍ഹിക്കുന്ന പ്രതിനായക രൂപങ്ങള്‍


സര്‍വഗുണസമ്പന്നനായ നായകനും ദോഷങ്ങളും ദുര്‍ചെയ്തികളും മാത്രം കൈമുതലായുള്ള പ്രതിനായകനും. ഇവര്‍ തമ്മിലുള്ള പോരിനൊടുവില്‍ നന്മയുടെ പ്രതിനിധിയായ നായകന്‍ അന്തിമവിജയം കൈവരിക്കുകയും തിന്മ മണ്ണടിയുകയും ചെയ്യുന്നു. ഈ നന്മ, തിന്മ ദ്വന്ദ്വങ്ങള്‍ക്കിടയില്‍ കാലങ്ങളായി നിലനിന്നുപോരുന്ന ശീതസമരങ്ങളാണ് പുരാണേതിഹാസങ്ങളും മുത്തശ്ശിക്കഥകളും അടിസ്ഥാന വിഷയമാക്കിയത്. സ്വാഭാവികമായും ഇത്തരം കഥകളെ പിന്‍പറ്റി സിനിമാക്കഥളുടെയും അടിസ്ഥാന പ്രമേയം അത്തരത്തിലുള്ളതായി. ഭൂരിഭാഗം സിനിമകള്‍ക്കും നായകനും വില്ലനും, നന്മയും തിന്മയും പശ്ചാത്തലമായി.

നന്മ തന്നെയാണ് ആത്യന്തികമായി വിജയം കാണേണ്ടതെങ്കിലും തിന്മകള്‍ക്കു പിന്നിലുണ്ടായേക്കാവുന്ന ആര്‍ദ്രമായ അടരുകളും മാനുഷികതലവും തേടിയുള്ള അന്വേഷണം ഇടയ്‌ക്കൊക്കെ സംഭവിച്ചുകൊണ്ടിരുന്നു. സിനിമകളുടെ പ്രമേയത്തിലെ ഈ വേറിട്ട അന്വേഷണത്തെ പ്രേക്ഷകര്‍ എപ്പോഴും പുതുമയോടെ വീക്ഷിക്കാന്‍ ശ്രദ്ധിച്ചു. ഏറ്റവുമൊടുവില്‍ ബേസില്‍ ജോസഫിന്റെ മിന്നല്‍ മുരളിയിലെ പ്രതിനായകനിലാണ് കാണികള്‍ ഇത്തരത്തിലുള്ള ഗുണവിശേഷം കണ്ടത്. 

നായകനോളം പോന്ന സ്വഭാവ വിശേഷതകളോ മാനുഷികാംശങ്ങളോ ഉള്ള പ്രതിനായകരെയാണ് പ്രേക്ഷകര്‍ എപ്പോഴും സ്വീകരിച്ചു പോന്നിട്ടുള്ളതെന്നു കാണാം. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ സുഭാഷ് ഗായിയുടെ ഖല്‍നായകിന്റെ പ്രമേയത്തില്‍ ഈ സവിശേഷത കാണാം. ഈ സിനിമയില്‍ സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന പ്രതിനായകനെയാണ് ജാക്കി ഷറോഫിന്റെ നായകനെക്കാളും പ്രേക്ഷകര്‍ അന്നുമിന്നും സ്‌നേഹിക്കുന്നത്. പ്രതിനായകന്റെ ജീവിതവും മാതൃസ്‌നേഹവും നന്മയും വിശദമായി പ്രതിപാദിച്ചുകൊണ്ടാണ് ഖല്‍നായകിലെ സഞ്ജയ് ദത്തിന്റെ കഥാപാത്രം പ്രീതി നേടുന്നത്. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന പ്രതിനായകന്‍ ഒടുവില്‍ അതിന് കീഴടങ്ങുന്നതിലൂടെ യഥാര്‍ഥ നായക പരിവേഷം ആര്‍ജ്ജിക്കുന്നുമുണ്ട്. 


ഷാരൂഖ് ഖാനെ ബോളിവുഡിലെ ഒന്നാംനിരയില്‍ എത്തിച്ച അബ്ബാസ് മസ്താന്റെ ബാസിഗറിലെ നായകന്‍ പ്രതിനായക പ്രതിച്ഛായ ഉള്ളയാളാണ്. തന്റെ പ്രണയം പോലും അയാള്‍ പ്രതികാരത്തിനുള്ള മറയാക്കുന്നുണ്ട്. അയാളുടെ ഭൂതകാലം ചുരുളഴിയുന്നതോടെ പ്രതിനായകച്ഛായ മറനീക്കി നായക പരിവേഷം കൈവരികയും ചെയ്യുന്നു. യാഷ് ചോപ്രയുടെ ഡറില്‍ സണ്ണി ഡിയോളിന്റെ നായക കഥാപാത്രത്തേക്കാള്‍ ഷാരൂഖ് ഖാന്റ് പ്രതിനായകനാണ് പ്രേക്ഷക അനുതാപം നേടിയത്. വലിയ പ്രേക്ഷകപ്രീതി നേടിയ ഈ പ്രതിനായക കഥാപാത്രം ഷാരൂഖ് ഖാന്റെ കരിയറില്‍ വഴിത്തിരിവാകുകയും ചെയ്തു.

തന്നെയോ സമൂഹത്തെയോ ബാധിക്കുന്ന ഒരു പ്രശ്‌നത്തിനു പരിഹാരം കാണുന്നതിനായിട്ടാണ് പലപ്പോഴും പ്രതിനായക കഥാപാത്രങ്ങള്‍ വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതും. ഇത്തരം കഥാപാത്രങ്ങളെ പ്രേക്ഷകര്‍ നായകര്‍ക്കു തുല്യരായി തന്നെ കാണുന്നുണ്ട്. അതേസമയം നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടുള്ള ചെയ്തികളെ ന്യായീകരിക്കാന്‍ അവര്‍ മെനക്കെടുന്നുമില്ല.

മിന്നല്‍മുരളിയിലെ ഷിബു വലിയൊരു ഇഷ്ടത്തിന്റെ സഫലീകരണത്തിനു വേണ്ടിയാണ് ഒരു സാധാരണ മനുഷ്യനില്‍ നിന്ന് പ്രതിനായകന്റെ വേഷമണിയുന്നത്. ജീവിതത്തില്‍ ഉടനീളം ഒറ്റപ്പെടുത്തലും വേട്ടയാടലും മാത്രം ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള ഷിബുവിന് ലക്ഷ്യബോധത്തിലേക്ക് വഴികാട്ടിയ ഏക വെളിച്ചമായിരുന്നു ഉഷ. കുട്ടിക്കാലത്തേ അനാഥനായ ഷിബുവിനു മുന്നില്‍ അന്നത്തിന്റെ രൂപത്തില്‍ കരുണ കാണിച്ചവള്‍. ആ സ്‌നേഹം പിന്നീട് ഷിബുവിന്റെ വളര്‍ച്ചയോളം പടര്‍ന്നുപന്തലിക്കുന്നു. അവള്‍ക്കു വേണ്ടിയായിരുന്നു അയാളുടെ കാത്തിരിപ്പത്രയും. ഏറെ വൈകി അവളത് തിരിച്ചറിയുന്ന വേളയില്‍ തന്നെ വിധി മറ്റൊന്നാകുമ്പോള്‍ ജീവിതത്തിലെ അവശേഷിക്കുന്ന ഒരേയൊരു നാളമാണ് ഷിബുവില്‍നിന്ന് അണഞ്ഞുപോകുന്നത്. അതോടെയാണ് അയാള്‍ ഒരു നാടിനെ തന്നെ നശിപ്പിക്കുന്ന പ്രതിനായക സ്വത്വമണിയുന്നത്. ഷിബുവിനോട് ഒരിക്കലും കരുണ കാണിക്കാതെയും ഭ്രാന്തനെന്ന ചുട്ടി ചാര്‍ത്തിനല്‍കുകയും ചെയ്ത നാടും നാട്ടുകാരുമാണ് യഥാര്‍ഥത്തില്‍ അയാളെ പ്രതിനായകനാക്കുന്നത്. എന്നാല്‍ നിരപരാധികളെ നശിപ്പിക്കുന്ന ചെയ്തികളിലേക്ക് വളരുന്നയാളെ ഏത് ആര്‍ദ്രഭാവത്തിന്റെ പേരിലായാലും സാധൂകരിക്കാനും വയ്യ.


ത്രില്ലര്‍ സിനിമകളിലെ സൈക്കോ, സോഷ്യോപാത്ത് കഥാപാത്രങ്ങളില്‍ പലര്‍ക്കും ഇത്തരമൊരു ഭൂതകാലം ഉണ്ടായിരിക്കും. ഇന്ത്യന്‍ സിനിമയിലെ ശ്രദ്ധേയമായ സൈക്കോളജിക്കല്‍ ത്രില്ലറുകളിലൊന്നായ ഭാരതീരാജയുടെ സിഗപ്പു റോജാക്കളില്‍ കമല്‍ഹാസന്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രം പ്രതിനായകനാകുന്നത് അയാളുടെ ഭൂതകാല പശ്ചാത്തലത്തിലാണ്. സ്ത്രീകളെ പ്രണയിച്ചു വശത്താക്കുകയും കൊലപാതകത്തിന് ഇരയാക്കുകയും ചെയ്യുന്ന നായക കഥാപാത്രത്തിന് ബാല്യത്തിലും കൗമാരത്തിലും വ്യത്യസ്ത സ്ത്രീകളില്‍ നിന്ന് ഉണ്ടാകുന്ന ദുരനുഭവങ്ങളാണ് സ്ത്രീകളെ വേട്ടയാടുന്ന പ്രതിനായക രൂപത്തിലേക്ക് വളര്‍ത്തുന്നത്. ഈ സിനിമയുടെ പ്രമേയത്തെ പിന്‍പറ്റി ഒട്ടേറെ സൈക്കോളജിക്കല്‍ ത്രില്ലറുകള്‍ പിന്നീടുണ്ടായി. ഒട്ടുമിക്ക ത്രില്ലര്‍, ഹൊറര്‍ സിനിമകളിലെ പ്രതിനായക കഥാപാത്രങ്ങളുടെ പ്രതികാരേച്ഛയ്ക്കു പിന്നിലും ഭൂതകാലത്തിലെ വേട്ടയാടപ്പെട്ട അനുഭവങ്ങളുണ്ടായിരിക്കും. ഹൊറര്‍ സിനിമകളില്‍ ഗതികിട്ടാത്ത ആത്മാക്കളായി അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ജീവിതകാലത്ത് നീതി ലഭിക്കാത്തവരും വേട്ടയാടപ്പെട്ടവരുമായിരിക്കും. പ്രേക്ഷകര്‍ക്ക് ഇവരോട് അനുതാപം തോന്നുക സ്വാഭാവികം. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ടെക്‌നോഹൊറര്‍ ചിത്രം ചതുര്‍മുഖത്തിലെ പ്രതിനായക കഥാപാത്രവും ഇത്തരത്തില്‍ വഞ്ചനയ്ക്ക് ഇരയാക്കപ്പെടുന്നയാളാണ്.

അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട മിഥുന്‍ മാനുവല്‍ തോമസിന്റെ ത്രില്ലര്‍ ചിത്രം അഞ്ചാം പാതിരയില്‍ ഷറഫുദ്ദീന്‍ അവതരിപ്പിക്കുന്ന ബെഞ്ചമിന്‍ ലൂയിസ് എന്ന കഥാപാത്രത്തിന്റെ ഭൂതകാലം അത്യധികം വേട്ടയാടപ്പെട്ടവന്റെയാണ്. പരമ്പര കൊലപാതകങ്ങളുടെ കാരണം തേടി അന്വേഷണം ബെഞ്ചമിനിലേക്ക് എത്തുമ്പോഴാണ് അയാളും കുടുംബവും അനുഭവിച്ച തിക്ത യാഥാര്‍ഥ്യങ്ങള്‍ പ്രേക്ഷകര്‍ തിരിച്ചറിയുന്നത്. ഇത് ബെഞ്ചമിനോടുള്ള അനുതാപത്തിന് കാരണമാക്കുന്നു. എന്നാല്‍ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചും കണ്ണുവെട്ടിച്ചും കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നയാള്‍ സമൂഹത്തിനു മുന്നില്‍ കുറ്റവാളി തന്നെയാണ് എന്ന യാഥാര്‍ഥ്യം പ്രേക്ഷകര്‍ അംഗീകരിക്കുകയും ചെയ്യുന്നു. ജീത്തു ജോസഫിന്റെ മെമ്മറീസിലെ പ്രതിനായക ചെയ്തികള്‍ക്കു പിന്നിലുള്ള കാരണവും പ്രേക്ഷക അനുതാപം പിടിച്ചുപറ്റാന്‍ പോന്നതാണ്.

രോഹിത് വി.എസ്സിന്റെ കളയില്‍ നായക, പ്രതിനായക ബിംബങ്ങള്‍ കീഴ്‌മേല്‍ മറിയുന്ന അനുഭവമാണുള്ളത്. സിനിമ മുന്നോട്ടുപോകുന്തോറും നായകനേക്കാളും പ്രതിനായകനോടാകും പ്രേക്ഷകന് പ്രതിപത്തി. എപ്പോള്‍ വേണമെങ്കിലും പുറത്തെത്താന്‍ പാകത്തില്‍ മനുഷ്യനില്‍ ഉള്ളടങ്ങിയിരിക്കുന്ന മൃഗതൃഷ്ണയും കീഴ്‌പെടുത്തല്‍ ത്വരയും നായകനിലും പ്രതിനായകനിലും മറനീക്കി പുറത്തുവരുമ്പോള്‍ അവര്‍ തീര്‍ത്തും അപരിഷ്‌കൃതരായി മാറുന്നു. എന്നാല്‍ പ്രതിനായകനിലാണ് കൂടുതല്‍ സത്യസന്ധമായ ന്യായമെന്ന് പ്രേക്ഷകനു തോന്നുന്നതോടെ അവര്‍ ആ പന്തിയില്‍ അണിചേരാന്‍ നിര്‍ബന്ധിതരായി മാറുന്നു.

സച്ചിയുടെ അയ്യപ്പനും കോശിയിലും ആരാണ് നായകന്‍, പ്രതിനായകന്‍ എന്ന തര്‍ക്കത്തിന് പ്രസക്തിയുണ്ട്. തറവാട്ടു മഹിമയും ഉന്നത ബന്ധങ്ങളും നായക ഗുണസൗന്ദര്യങ്ങളും തന്റേടവും ഒത്തിണങ്ങിയ കോശി കുര്യനേക്കാള്‍ അല്‍പ്പം പ്രതിനായകച്ഛായ തോന്നിക്കുന്ന എസ്.ഐ അയ്യപ്പന്‍ നായര്‍ക്കൊപ്പം നില്‍ക്കാനായിരിക്കും പ്രേക്ഷകര്‍ക്ക് തെല്ല് താത്പര്യക്കൂടുതല്‍. കാരണം ന്യായത്തിന്റെ തട്ട് അയാളുടെ ഭാഗത്തേക്കാണ് ചായുന്നത്.


രൂപം കൊണ്ടും ഗാംഭീര്യം കൊണ്ടും ഇവര്‍ തന്നെ സിനിമയിലെ വില്ലന്‍ എന്ന് പ്രേക്ഷകരെക്കൊണ്ട് പറയിപ്പിക്കുന്ന പ്രതിനായകന്മാര്‍ പുതിയകാല സിനിമയില്‍ അധികമില്ല. അവര്‍ കഥയില്‍ അല്‍പ്പം പ്രതിനായക സ്വഭാവം പുലര്‍ത്തുന്ന സാധാരണ കഥാപാത്രങ്ങള്‍ മാത്രമാണ്. അതുകൊണ്ടുതന്നെ കഥയില്‍ ബോധപൂര്‍വ്വം കൊണ്ടുവരുന്ന നായക, പ്രതിനായക വേര്‍തിരിവിന് പുതിയ ചലച്ചിത്രകാരന്മാര്‍ അധികം മെനക്കെടാറില്ലെന്നു കാണാം.

മനു അശോകന്റെ ഉയരെയില്‍ ആസിഫ് അലി അവതരിപ്പിച്ച ഗോവിന്ദ് എന്ന കഥാപാത്രം ഒറ്റനോട്ടത്തില്‍ നായകനാണ്. എന്നാല്‍ മുഖ്യ കഥാപാത്രമായ പല്ലവിയുടെ സ്വതന്ത്രജീവിതത്തിനും സ്വപ്‌നങ്ങള്‍ക്കും വിലങ്ങുതടിയാകുന്നതും ഇതേ നായകനാണ്. സ്വാര്‍ഥപ്രണയം കൊണ്ട് കണ്ണുകാണാതാകുന്നയാളാണ് ഗോവിന്ദ്. താനും പ്രണയിനിയും മാത്രമുള്ള ജീവിതം ആഗ്രഹിക്കുന്ന ഗോവിന്ദ് പ്രണയിനിയിലെ വ്യക്തിയെ കാണാന്‍ തയ്യാറാകുന്നേയില്ല. അവള്‍ കൂടുതല്‍ ഉയരങ്ങളിലെത്തുമ്പോള്‍ തങ്ങളുടെ പ്രണയത്തിന്റെ തീവ്രത കുറയുമെന്നും, അവള്‍ക്ക് തന്നിലുള്ള ശ്രദ്ധ കുറയുമെന്നുമുള്ള സ്വാര്‍ഥത വച്ചു പുലര്‍ത്തുന്നയാളാണ് ഗോവിന്ദ്. തങ്ങള്‍ മാത്രമുള്ള ലോകം, മറ്റൊന്നും, മറ്റാരും അതിന് തടസ്സമാകരുത് എന്ന് ചിന്തിക്കുന്ന ഒരുപാട് പേരുടെ പ്രതിനിധിയാണ് ഗോവിന്ദ്. അന്ധമായ പ്രണയം കൊണ്ട് ഗോവിന്ദ് ചെയ്യുന്ന പ്രവൃത്തികള്‍ അയാളെ നായകസ്വത്വത്തില്‍ നിന്ന് പ്രതിനായകനിലേക്ക് പറിച്ചുനടുന്നു. ഏകാകിയായ ഗോവിന്ദ് അടിസ്ഥാനപരമായി ഉള്ളുനിറയെ സ്‌നേഹം സൂക്ഷിക്കുന്ന നല്ല മനുഷ്യനാണ്. ഇടയ്ക്കിടെ സജലമാകുന്ന അയാളുടെ കണ്ണുകളില്‍ അതു കാണാം. ഈയൊരു അനുതാപം ഗോവിന്ദിനോട് പ്രേക്ഷകര്‍ക്ക് തോന്നുകയും ചെയ്യും. എന്നാല്‍ പ്രണയത്താല്‍ അന്ധനാക്കപ്പെടുന്ന അയാളുടെ ചെയ്തിക്ക് മാപ്പുനല്‍കാന്‍ പല്ലവിയെപ്പോലെ പ്രേക്ഷകരും തയ്യാറായേക്കില്ല.

കുമ്പളങ്ങി നൈറ്റ്‌സിലെ സൈക്കോ ഷമ്മി പുറമേക്ക് വൃത്തിയായി അണിഞ്ഞൊരുങ്ങി പരിഷ്‌കാരിയായി നടിക്കുകയും അകമേ ഇടുങ്ങിയ ചിന്ത ഭരിച്ചുപോരുകയും ചെയ്യുന്ന ഭൂരിപക്ഷ മലയാളിയുടെ പ്രതിനിധിയാണ്. മലയാളി പുരുഷജീവിതത്തിന്റെ നേര്‍പരിച്ഛേദമെന്ന നിലയ്ക്കു തന്നെ ഈ കഥാപാത്രത്തിലെ പ്രതിനായകത്വം നമുക്കത്ര അപരിചതമല്ല. അയാളെയൊരു വില്ലന്‍ സ്ഥാനത്തു പ്രതിഷ്ഠിക്കുന്നതിനു പകരം കുടുംബം, കുലം, ജാതി, തൊഴില്‍മഹിമ തുടങ്ങിയവയ്ക്ക് മനുഷ്യത്വത്തേക്കാളും സ്‌നേഹത്തേക്കാളും സ്ഥാനം നല്‍കുന്ന മലയാളി ജീവിത പ്രതിനിധിയായി കണക്കാക്കുന്നതായിരിക്കും ഉചിതം.

മാതൃഭൂമി ഓണ്‍ലൈന്‍, 2022 ജനുവരി 6, ഷോ റീല്‍ -1

No comments:

Post a Comment