Saturday, 29 January 2022

കുറുക്കന്‍മൂല, ദേശം, ചുരുളി, പെരുവണ്ണാപുരം, ചേക്ക്, മുള്ളന്‍കൊല്ലി; മലയാള സിനിമയിലെ ദേശങ്ങള്‍


ഏറെക്കുറെ ഒറ്റഗ്രാമമെന്ന വിശേഷണത്തിലേക്ക് മാറിയെങ്കിലും ഉള്ളില്‍ സ്വന്തം ഗ്രാമത്തേയും ഗ്രാമീണ സങ്കല്‍പ്പങ്ങളേയും ഗൃഹാതുരതയോടെ സൂക്ഷിക്കുന്നവരാണ് കേരളീയര്‍. സിനിമയില്‍ കഥപറയാന്‍ പശ്ചാത്തലമാക്കുന്ന ഗ്രാമങ്ങളെ ഈ വൈകാരികതയുടെ പിന്‍ബലത്തിലാണ് മലയാളി കാണുന്നത്. സിനിമയിലെ നഗരകേന്ദ്രീകൃത പശ്ചാത്തലങ്ങളേക്കാള്‍ ഗ്രാമങ്ങളോട് തെല്ല് താത്പര്യക്കൂടുതല്‍ പ്രകടിപ്പിക്കുന്നതിനു പിന്നിലും ഗ്രാമങ്ങളില്‍ ഉണ്ടെന്ന് ഉള്ളില്‍ സൂക്ഷിച്ചുപോരുന്ന നന്മകളെ പുല്‍കാനുള്ള വെമ്പലാണ്. സിനിമയിലെ ഗ്രാമങ്ങള്‍/ദേശങ്ങള്‍ എഴുത്തുകാരന്‍ സൃഷ്ടിക്കുന്ന സാങ്കല്‍പ്പിക നാമങ്ങള്‍ കൊണ്ടാണ് അടയാളപ്പെടുത്തപ്പെടാറ്. അങ്ങനെയുള്ള ഗ്രാമങ്ങള്‍ പലപ്പോഴും യഥാര്‍ഥ ദേശങ്ങളേക്കാള്‍ പ്രശസ്തമാകാറുമുണ്ട്. ഇത് എന്റെ നാടു തന്നെയല്ലേ, യഥാര്‍ഥത്തില്‍ ഉള്ളതു തന്നെയല്ലേ എന്നെല്ലാമുള്ള സന്ദേഹങ്ങള്‍ ഒരുവേള കാണിയില്‍ ഉടലെടുക്കുന്നു.

ബേസില്‍ ജോസഫിന്റെ മിന്നല്‍ മുരളി ഇത്തരത്തിലൊരു ദേശത്തെ വ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട്. കുറുക്കന്‍മൂല എന്ന ഗ്രാമത്തിലാണ് മിന്നല്‍മുരളിയുടെ കഥ നടക്കുന്നത്. മനുഷ്യര്‍ക്കൊപ്പം ദേശത്തേയും ഒരു കഥാപാത്രമായിത്തന്നെ അടയാളപ്പെടുത്തുന്നതില്‍ മിന്നല്‍മുരളി വിജയിക്കുന്നു. ഏതൊരു ഗ്രാമത്തിലേയും പോലെ സാധാരണ ജീവിതവൃത്തികളുമായി കഴിഞ്ഞുപോരുന്നവരാണ് കുറുക്കന്‍മൂലയിലെ മനുഷ്യരും. ഈ ദേശത്തെ രണ്ടുപേര്‍ക്ക് മിന്നലേറ്റ് അമാനുഷികശക്തി കൈവരുന്നതിലൂടെയാണ് സാധാരണത്വം വിട്ട് കുറുക്കന്‍മൂലയ്ക്ക് ദിവ്യത്വം കൈവരുന്നത്. അതിലൂടെയാണ് ഈ കഥാപാത്രങ്ങളെപ്പോലെകുറുക്കന്‍മൂലയെന്ന ദേശവും കാണികളിലേക്ക് എളുപ്പം കടന്നുചെല്ലുന്നത്. അതോടെ ജെയ്‌സണും ഷിബുവും ഉഷയും ബ്രൂസ്ലി ബിജിയും സിബി പോത്തനുമെല്ലാമുള്ള കുറുക്കന്‍മൂല യഥാര്‍ഥത്തില്‍ ഉള്ളതെന്നോണം പരിചിതവട്ടത്തിലെ ഒരു സ്ഥലമായി മാറുന്നു. അവര്‍ ഇടപഴകുന്ന കുറുക്കന്‍മൂലയിലെ ഓരോ വ്യവഹാര ഭൂമികകളോടും കാണികള്‍ക്ക് എളുപ്പത്തില്‍ താദാത്മ്യം പ്രാപിക്കാനാകുന്നു. ഇത് കുറുക്കന്‍മൂലയെന്ന നാട് പുലര്‍ത്തുന്ന ലാളിത്യം കൊണ്ടാണ്. എല്ലാ ഗ്രാമങ്ങളും പുറംകാഴ്ചയില്‍ ഈ ലാളിത്യം സൂക്ഷിക്കുന്നവയാണ്.

കഥപറഞ്ഞുപോകാനുള്ള പശ്ചാത്തലം മാത്രമായിട്ടാണ് പലപ്പോഴും സിനിമ അതിലെ പ്രദേശങ്ങളെ ഉപയോഗിക്കുന്നത്. കഥാപാത്രങ്ങള്‍ക്കും കഥയ്ക്കുമാകും സിനിമയില്‍ കൂടുതല്‍ പ്രാമുഖ്യം. ഇതു രണ്ടിനോടും ഇടപഴകും വിധം പ്രദേശത്തെ കൂടി പരിഗണിക്കുമ്പോഴാണ് ഒരു പ്രധാന കഥാപാത്രത്തോടു തോന്നുന്ന അതേ ഇഴയടുപ്പം കാണിക്ക് ദേശത്തോടും തോന്നുന്നത്. ഷിബുവിനും ജെയ്‌സനും അമാനുഷികത കൈവരുന്നതിനും ഷിബുവിന്റേയും ഉഷയുടേയും പ്രണയത്തിനും സാക്ഷിയാകുന്നതും കുറുക്കന്‍മൂലയാണ്. ഈ സന്ദര്‍ഭങ്ങളിലെല്ലാം കുറുക്കന്‍മൂലയെന്ന ദേശത്തിന്റെ പശ്ചാത്തലത്തിന് വലിയ പ്രാധാന്യം കൈവരുന്നതായി കാണാം. കുറുക്കന്‍മൂലയിലെ മനുഷ്യര്‍, വീടുകള്‍, തയ്യല്‍ക്കട, ചായക്കട, പുഴ, കുങ്ഫു പഠനകേന്ദ്രം, പോലീസ് സ്‌റ്റേഷന്‍, ക്രിസ്മസ് കാരോള്‍ എന്നിവയെല്ലാം ആ ദേശത്തിനോട് ചെറുതല്ലാത്ത വിധം ഇഴചേര്‍ന്നുനില്‍ക്കുന്നവയാണ്.  


കുറുക്കന്‍മൂലയില്‍ നിന്ന് ദേശം എന്ന സ്ഥലത്തേക്ക് ബസ് റൂട്ട് ഉള്ളതായി മിന്നല്‍ മുരളിയില്‍ കാണിക്കുന്നുണ്ട്. ദേശം എന്നത് ബേസില്‍ ജോസഫിന്റെ തന്നെ കുഞ്ഞിരാമായണത്തിലെ ഗ്രാമമാണ്. ഇത് ദേശം എന്ന ഗ്രാമത്തിന്റെയും അവിത്തുകാരുടേയും കഥയാണ് എന്നു പരിചയപ്പെടുത്തിക്കൊണ്ടാണ് കുഞ്ഞിരാമായണം ആരംഭിക്കുന്നത്. സവിശേഷമായ സ്വഭാവവിശേഷങ്ങളും സ്വാഭാവികമായ നിഷ്‌കളങ്കതയും സ്ഥായിയായ മണ്ടത്തരങ്ങളുമെല്ലാമുള്ള തനിനാടന്‍ മനുഷ്യരാണ് കുഞ്ഞിരാമായണത്തിലേത്. അങ്ങനെയുള്ള ദേശവും കുറുക്കന്‍മൂലയും ഒരു ഗ്രാമീണ ബസ റൂട്ട് തുടങ്ങിയവസാനിക്കുന്ന രണ്ട് ചെറിയ ദൂരങ്ങളാണെന്ന് ഈ രണ്ട് സിനിമകളിലെയും സൂചനകളില്‍ നിന്ന് അനുമാനിക്കാം. കുറുക്കന്‍മൂലയില്‍നിന്നുള്ള ബസ് കണ്ണാടിക്കല്‍ വഴിയാണ് ദേശത്തേക്കു പോകുന്നതെന്ന് ബോര്‍ഡില്‍ കാണാം. കണ്ണാടിക്കല്‍ ബേസിലിന്റെ ഗോദ എന്ന സിനിമയിലെ ഗ്രാമമാണ്. കണ്ണാടിക്കല്‍ ഗ്രാമത്തില്‍ നിന്നുള്ള ബസ്സും കുഞ്ഞിരാമായണത്തിലെ ദേശത്തിലൂടെ കടന്നുപോകുന്നുണ്ട്. ഗോദയില്‍ ബസ്സിലെ ക്ലീനര്‍ വിളിച്ചുപറയുന്നത് 'ദേശം ദേശം' എന്നാണ്. ബേസിലിന്റെ മൂന്ന് സിനിമകളിലേയും ഗ്രാമങ്ങള്‍ പരസ്പരബന്ധിതമാണ്. 

മിന്നല്‍മുരളിയിലെ ബസ് റൂട്ട് ബോര്‍ഡാണ് ദേശം എന്ന അയല്‍ഗ്രാമത്തിന്റെ സൂചന നല്‍കുന്നതെങ്കില്‍ കുഞ്ഞിരാമായണത്തില്‍ ദേശം, കുറുക്കന്‍മൂല എന്നീ സൂചനാബോര്‍ഡുകള്‍ നാട്ടുവഴിയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരുപക്ഷേ ദേശത്തെ കുഞ്ഞിരാമനും കുട്ടനും കുഞ്ഞൂട്ടനും കുറുക്കന്‍മൂലയിലെ ജെയ്‌സനും ഷിബുവും ദാസനും കണ്ണാടിക്കലിലെ ക്യാപ്റ്റനും ആഞ്ജനേയദാസും വിജയനും ബാലനുമെല്ലാം ദീര്‍ഘകാല പരിചയക്കാര്‍ പോലുമാകാം. ദേശത്തെ ഡേയ്ഞ്ചര്‍ ബോയ്‌സ് ക്ലബ്ബുമായി അടുത്തയാഴ്ച മത്സരമുണ്ടെന്നും കുഞ്ഞിരാമന്റെ നമ്മളെ വെല്ലുവിളിച്ചിട്ടുണ്ടെന്നുമാണ് ഗോദയിലെ വിജയന്‍ എന്ന കഥാപാത്രം പറയുന്നത്. ഈ കഥാപാത്രം തന്നെ ഒരു സംഘര്‍ഷ രംഗത്തിനുമുമ്പ് ' ആ ദേശത്തെ പിള്ളേരെ കൂടി വിളിച്ചോ' എന്നും പറയുന്നുണ്ട്.

'ഈ പെരുവണ്ണാപുരത്തു നിന്ന്, അല്ല ദേശത്തുനിന്ന് ഇനി എനിക്ക് മടങ്ങാം' എന്നാണ് കുഞ്ഞിരാമായണത്തിന്റെ ക്ലൈമാക്‌സ് രംഗത്തില്‍ ബിജുമേനോന്റെ മനോഹരന്‍ എന്ന കഥാപാത്രം പറയുന്നത്. മലയാള സിനിമയിലെ അതിപ്രശസ്തമായ ഒരു ദേശത്തക്കുള്ള സൂചനയാണിത്. പ്രേക്ഷകര്‍ക്ക് ചിരപരിചിതമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് കുഞ്ഞിരാമായണത്തില്‍ പെരുവണ്ണാപുരം എന്ന ദേശത്തിന്റെ സൂചന നല്‍കുന്നത്. പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന കമല്‍ സിനിമയിലൂടെ പെരുവണ്ണാപുരം എന്ന ദേശത്തിന്റെ പേരും അവിടത്തെ മനുഷ്യരും മലയാളിക്ക് പരിചിതമാണ്. ഏതൊരു നാട്ടിന്‍പുറത്തും കാണുന്ന ചില മനുഷ്യരായിരുന്നു പെരുവണ്ണാപുരത്തെ കഥാപാത്രങ്ങളായത്. ഒരു ഗ്രാമീണപ്രണയത്തിന്റെ ഫലപ്രാപ്തിക്കുവേണ്ടി ഈ തനിനാട്ടിന്‍പുറത്തുകാരെല്ലാം ഒന്നിക്കുന്നതിലൂടെയാണ് പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ മലയാളിയുടെ എക്കാലത്തെയും രസികത്തവും ഗൃഹാതുരതയും നിറഞ്ഞ സ്മരണകളിലൊന്നായി മാറിയത്. ഈ സിനിമയുടെ ക്ലൈമാക്‌സില്‍ അച്ചു എന്ന മോഹന്‍ലാല്‍ കഥാപാത്രം പെരുവണ്ണാപുരത്തേക്ക് തിരിച്ചുവരുന്നതിനെ ഓര്‍മ്മിപ്പിക്കുന്നതാണ് കുഞ്ഞിരാമായണത്തില്‍ അപ്രതീക്ഷിത അതിഥിയായി ബിജുമേനോന്റെ മനോഹരന്‍ ദേശത്തേക്ക് വരുന്നതും.


തങ്ങളുടെ പരിചിതപ്രദേശവും മനുഷ്യരുമായി കാണികള്‍ക്ക് ഈ ദേശങ്ങളേയും മനുഷ്യരേയും കാണാനാകുന്നതുകൊണ്ടാണ് അവര്‍ എളുപ്പത്തില്‍ ഇത്തരം സിനിമകളുമായി താദാത്മ്യം പ്രാപിക്കുന്നതും വര്‍ഷങ്ങള്‍ കഴിഞ്ഞും പെരുവണ്ണാപുരം പോലുള്ള ഗ്രാമീണസിനിമകളെ താത്പര്യത്തോടെ കാണുന്നതും. പേരില്‍തന്നെ ഗ്രാമീണദേശ സൂചനയാണ് സിബിമലയിലിന്റെ മുത്താരംകുന്ന് പി.ഒ നല്‍കുന്നത്. മുത്താരംകുന്ന് പോസ്റ്റ് ഓഫീസിലേക്ക് പുതുതായി എത്തുന്ന പോസ്റ്റ്മാനെ കേന്ദ്രീകരിച്ചുള്ളതാണ് ഈ സിനിമ. എണ്‍പതുകളിലാണ് ഈ സിനിമ റിലീസ് ചെയ്യുന്നത്. ആ കാലഘട്ടത്തില്‍ ആശയവിനിമയത്തിനായി ജനങ്ങള്‍ ആശ്രയിക്കുന്ന പ്രധാന മാര്‍ഗം എന്ന നിലയില്‍ പോസ്റ്റ് ഓഫീസ് എന്ന സ്ഥാപനവും പോസ്റ്റ്മാന്‍ എന്ന തസ്തികയും ഏതൊരു ഗ്രാമത്തിലും സവിശേഷ പരിഗണനയര്‍ഹിക്കുന്നയാളാണ്. ഇതു തന്നെയാണ് പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടുത്തിയുള്ള പേരു മുതല്‍ക്കുള്ള പുതുമ നല്‍കിയ ഈ സിനിമയോടും മുത്താരംകുന്ന് എന്ന ദേശത്തോടും മലയാളി കാത്തുസൂക്ഷിക്കുന്ന അടുപ്പവും.

പെരുവണ്ണാപുരവും മുത്താരംകുന്നും പോലെ പേരില്‍ ദേശസൂചനയില്ലെങ്കില്‍ പോലും ഗ്രാമം തന്നെ കഥാപാത്രമായി മാറുന്ന സിനിമകളാണ് പൊന്മുട്ടയിടുന്ന താറാവും ഡോ.പശുപതിയും പ്രാദേശിക വാര്‍ത്തകളും പഞ്ചവടിപ്പാലവും ഗോളാന്തരവാര്‍ത്തയും മഹേഷിന്റെ പ്രതികാരവും. ഇതില്‍ പഞ്ചവടിപ്പാലം എക്കാലത്തും പ്രസക്തമായ സാമൂഹികവിഷയം ഒരു ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ പ്രധാന കഥാപാത്രങ്ങളാകുന്ന പശ്ചാത്തലത്തില്‍ അവതരിപ്പിച്ചെങ്കില്‍ മറ്റു സിനിമകളില്‍ ഗ്രാമത്തിന്റെ നിഷ്‌കളങ്കതയുള്ള ചിരപരിചിതരായ മനുഷ്യരാണ് കേന്ദ്രമാകുന്നത്. ഈ സിനിമകളിലെല്ലാം ഗ്രാമം ഒരു മുഴുനീള സാന്നിധ്യം തന്നെയായി മാറുന്നു. കഥ പറയാനുള്ള പശ്ചാത്തലമെന്നതിലുപരി ദേശവും അവിടത്തെ മനുഷ്യരും അത്രമാത്രം ഇഴചേര്‍ക്കപ്പെട്ടിരിക്കുന്നു. ചായക്കടക്കാരന്‍, ഹാജ്യാര്, വെളിച്ചപ്പാട്, ജോത്സ്യന്‍, ഗള്‍ഫുകാരന്‍, സ്വര്‍ണപ്പണിക്കാരന്‍, പഞ്ചായത്ത് മെമ്പര്‍, കൃഷിക്കാരന്‍, വിവാഹ ദല്ലാള്‍, അധ്യാപകന്‍ തുടങ്ങി ഗ്രാമാന്തരീക്ഷത്തില്‍ നിരന്തരം കാണുന്നവരായിരുന്നു ഈ സിനിമകളിലെ കഥാപാത്രങ്ങളെല്ലാം. ഇവരെല്ലാം ശരീരത്തില്‍ തന്നെ തങ്ങളുടെ ദേശത്തെ ആവാഹിച്ചവരോ ദേശം ഇവരെ ഉള്‍ക്കൊണ്ടതോ ആണ്. ദേശാതിര് വിട്ട് ഇവരാരും പുറത്തേക്കു പോകാന്‍ താത്പര്യപ്പെടുന്നുമില്ല. 

ഇടുക്കിയില്‍ ഗ്രാമങ്ങളെ സിറ്റി എന്നു ചേര്‍ത്ത് വിളിക്കുന്ന പതിവുണ്ട്. ആളുകളുടെ പേരുകള്‍ക്കൊപ്പമാണ് പല സ്ഥലങ്ങളിലും സിറ്റി ചേര്‍ക്കുന്നത്. മഹേഷിന്റെ പ്രതികാരത്തില്‍ ഇത് പ്രകാശ് സിറ്റിയാണ്. സ്വഭാവികമായ ഗ്രാമാന്തരീക്ഷവും കഥാപാത്രങ്ങളുമാണ് പ്രകാശ് സിറ്റിയിലുള്ളത്. എല്ലാവര്‍ക്കും പരസ്പരം അറിയാം. ആരും അതിമാനുഷരല്ല. സാധാരണ ജോലിയെടുത്ത് ഏറ്റവും സാധാരണീയരായി ജീവിക്കുന്നു. ഈ സാധാരണീയരാണ് പ്രകാശ് സിറ്റിയെന്ന ഗ്രാമത്തെ പ്രേക്ഷകര്‍ക്ക് തങ്ങളുടെ നാട്ടിലെ ഒരു ചെറുകവലയോ പ്രദേശമോ ആയും ഭാവനാ സ്റ്റുഡിയോയും ബേബി ആര്‍ട്‌സുമെല്ലാം തങ്ങളുടെ നാട്ടിലെ ചെറുസ്ഥാപനങ്ങളുമായും തോന്നിപ്പിക്കുന്നതിനു പിന്നിലെ രസതന്ത്രം മെനയുന്നത്.

കള്ളന്‍ മാധവന്റെ കഥപറഞ്ഞ മീശമാധവന്‍ ചേക്ക് ഗ്രാമത്തിന്റെ കഥ കൂടിയാണ്. മേല്‍പ്പറഞ്ഞ പോലെ ഗ്രാമത്തിന്റെ സ്ഥിരംപ്രതിപാദ്യങ്ങളായ മറ്റു കഥാപാത്രങ്ങളെല്ലാം ചേക്കിലുമുണ്ട്. എന്നാല്‍ കള്ളനെയാണ് ഇവിടെ കേന്ദ്രമാക്കുന്നതെന്നാണ് വ്യത്യാസം. ചേക്ക് ഗ്രാമത്തിന്റെ കള്ളന്‍ എന്ന നിലയ്ക്കാണ് മാധവനെ പരിചയപ്പെടുത്തുന്നതു തന്നെ. മാധവന്റെ ഗുരുവായ മുള്ളാണി പപ്പനും ചേക്കിന്റെ തസ്‌കര ചരിത്രത്തിന്റെ ഭാഗമാണ്. ഒരു ദേശത്തിന്റെ പാത്രസൃഷ്ടി പൂര്‍ണമാകുന്നത് മുഖ്യധാരയ്ക്കു പിറകേ നിര്‍ത്താന്‍ അവര്‍ താത്പര്യപ്പെടുന്ന കള്ളനും വേശ്യയും പലിശക്കാരനുമെല്ലാം അതിന്റെ ഭാഗമാകുമ്പോഴാണ്.


ഒരു കൂട്ടം മനുഷ്യരിലൂടെയല്ലാതെ അസാധാരണ കൈക്കരുത്തും മെയ്വഴക്കവും തന്റേടവും അമാനുഷികതയും ഒത്തുചേരുന്ന ഒറ്റ മനുഷ്യന്റെ പേരില്‍ അടയാളപ്പെടുത്തുന്ന ദേശവും പുരുഷനാമവുമാണ് മുള്ളന്‍കൊല്ലിയും മുള്ളന്‍കൊല്ലി വേലായുധനും. മുള്ളന്‍കൊല്ലി എന്ന ദേശം പാലിക്കേണ്ട നിയമങ്ങള്‍ തന്നെയും ചിട്ടപ്പെടുത്തിയിട്ടുള്ള ആളാണ് വേലായുധന്‍. ഇത് തെറ്റിക്കുന്നവര്‍ക്കുള്ള ശിക്ഷയും വേലായുധന്‍ വിധിക്കുന്നു. വേലായുധന് മുള്ളന്‍കൊല്ലിപ്പുഴ അമ്മയും അന്നവുമാകുമ്പോള്‍ അടര്‍ത്തിമാറ്റാനാകാത്ത പൊക്കിള്‍ക്കൊടി ബന്ധമാണ് ഈ ദേശവും മനുഷ്യനും തമ്മില്‍. മേല്‍പ്പറഞ്ഞ മറ്റു സിനിമകളെപ്പോലെത്തന്നെ മുള്ളന്‍കൊല്ലിയുടെ അതിരുകടന്ന് പുറത്തുള്ള ഒരു ദേശത്തേയോ ലോകത്തേയോ അടയാളപ്പെടുത്താന്‍ വേലായുധന്റെ കഥപറഞ്ഞ നരന്‍ എന്ന ഈ സിനിമയും ശ്രമിക്കുന്നില്ല. മുത്താരംകുന്നാകട്ടെ, പെരുവണ്ണാപുരമാകട്ടെ, കുഞ്ഞിരാമായണമാകട്ടെ, പൊന്മുട്ടയിടുന്ന താറാവാകട്ടെ, നരനാകട്ടെ സ്വന്തം മുരിങ്ങാമരച്ചോട്ടിലെ ആകാശം എന്നു ചെറുകാട് മുന്നോട്ടുവച്ച അതിമനോഹരവും അതിവിശാലവുമായ സങ്കല്‍പ്പത്തിന്റെ അര്‍ഥപൂര്‍ത്തീകരണത്തിനാണ് പരിശ്രമിക്കുന്നത്.

ഐവി ശശിയുടെ ദേവാസുരം തുടക്കമിടുകയും ആറാംതമ്പുരാന്‍, നരസിംഹം, ചന്ദ്രോത്സവം തുടങ്ങിയവയിലൂടെ പ്രബലമായി തുടര്‍ന്നുപോരുകയും ചെയ്ത തമ്പുരാന്‍ സിനിമകള്‍ക്കെല്ലാം ഏറെക്കുറെ ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍, മായന്നൂര്‍ ദേശങ്ങളായിരുന്നു പശ്ചാത്തലമായത്. ഭാരതപ്പുഴയുടെ തീരഗ്രാമങ്ങള്‍ കഥയ്ക്ക് പശ്ചാത്തലമായപ്പോള്‍ ഏഴിലക്കര, കണിമംഗലം തുടങ്ങിയ സാങ്കല്‍പ്പിക ദേശനാമങ്ങള്‍ മലയാള സിനിമയിലെ പ്രബല സാന്നിധ്യങ്ങളായി മാറി. ഈ സിനിമകളുടെ ജനകീയത കൊണ്ടുതന്നെ അവിടത്തെ ദേശങ്ങളും പ്രേക്ഷകര്‍ക്ക് ചിരപരിതമായി. ഈ സിനിമകളുടേയും മോഹന്‍ലാല്‍ കഥാപാത്രങ്ങളുടേയും വലിയ അളവിലുള്ള ജനകീയതയും ആരാധനയും കാരണം ഈ വള്ളുവനാടന്‍ ഗ്രാമങ്ങള്‍ക്കു തന്നെ പില്‍ക്കാലത്ത് സിനിമയിലെ ദേശങ്ങളുടെ മുഖം കൈവന്നു. മോഹന്‍ലാലിനോടുള്ള പ്രേക്ഷകാരാധനയ്ക്ക് ഒരു ആരാധനാമൂര്‍ത്തിയുടേയോ ദേശത്തിന്റെ രക്ഷകന്റേയോ പരിവേഷം കൈവരുന്നത് ദേവാസുരം മുതല്‍ക്കുള്ള ഈ വിഭാഗം സിനിമകളിലൂടെയാണ്. വള്ളുവനാടന്‍ ഭാഷ, ദേശം, സവര്‍ണ തറവാടുകള്‍, ഉത്സവാചാരങ്ങള്‍, ഭാരതപ്പുഴ തുടങ്ങിയവ ഇതോടെ ബിംബവത്കരിക്കപ്പെടുകയായിരുന്നു.

വെള്ളത്താല്‍ ചുറ്റപ്പെട്ട തുരുത്ത്, കായലിന് മുന്നില്‍ തലയെടുപ്പോടെ ഉയര്‍ന്നുനില്‍ക്കുന്ന ഗീവര്‍ഗീസ് പുണ്യാളന്റെ പള്ളി, കായല്‍തീരത്തെ ഷാപ്പ്, വെള്ളവസ്ത്രങ്ങളുടുത്ത മനുഷ്യര്‍.. ഇതെല്ലാമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേനിലെ കുമരങ്കരി എന്ന സാങ്കല്‍പ്പിക ഗ്രാമത്തിന് വൈവിധ്യമേറ്റിയത്. പള്ളിയും ആരാധനയും കുശുമ്പും കുന്നായ്മയും പ്രണയവും പകയും വെല്ലുവിളിയും മത്സരവീര്യവുമെല്ലാമുള്ള സാധാരണ മനുഷ്യരുടേതാണെങ്കിലും ഫാന്റസിയോടും മാജിക്കല്‍ റിയലിസത്തോടും ചേര്‍ന്നുനില്‍ക്കുന്നതാണ് കുമരങ്കരിയെന്ന ദേശവും അവിടത്തെ മനുഷ്യരും. പൊടുന്നനെ ദിവ്യത്വം കൈവരുന്ന ഷാപ്പിലെ എടുത്തുകൊടുപ്പുകാരിയും ഗീവര്‍ഗീസ് പുണ്യാളന്‍ തന്നെയാണോ എന്നു തോന്നിയേക്കാവുന്ന പാത്രസൃഷ്ടിയും പള്ളിയങ്കണത്തില്‍ സംഭവിക്കുന്ന അത്ഭുതങ്ങളുമെല്ലാം സൃഷ്ടിക്കുന്ന കുമരങ്കരിക്ക് ഫാന്റസിയോടാണ് തെല്ല് ആഭിമുഖ്യക്കൂടുതല്‍.


പത്മരാജന്റെ അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ മാളുവമ്മയുടെ ഗ്രാമവും ഏതാണ്ട് ഫാന്റസിയോടു ചേര്‍ത്തുനിര്‍ത്താവുന്ന ദേശമാണ്. സക്കറിയയും ഹിലാലും ഗോപിയും ഏറെ ദൂരം സഞ്ചരിച്ചെത്തുന്ന ഗ്രാമത്തിനും അവിടെ മാളുവമ്മയുടെ വീടിനും പത്മരാജന്‍ കഥകളിലെ വിചിത്രഭൂമികകളോടു സാമ്യപ്പെടുത്താവുന്ന പശ്ചാത്തലമാണുള്ളത്. വിചിത്രമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും തങ്ങളുടെ ഗ്രാമത്തിന്റേതു മാത്രമായ നിയമങ്ങളും പുതിയ കാലത്തും തുടരുന്ന സ്വപ്നഭൂമി എന്ന സാങ്കല്‍പ്പിക ഗ്രാമമാണ് മുരളീകൃഷ്ണന്റെ സുന്ദരക്കിലാഡിയിലുള്ളത്.

കാടിനു നടുവിലെ പാലം കടക്കുന്നതോടെ പെരുമാറ്റത്തില്‍ തന്നെ മാറ്റം വരുന്ന മനുഷ്യരാണ് ചുരുളിയില്‍. കൊല്ലും കൊലയും മോഷണവുമടക്കം എല്ലാ സാമൂഹ്യവിരുദ്ധതയും ശീലമാക്കിയ മനുഷ്യര്‍ ചെന്നെത്തിപ്പെട്ട് അവര്‍ പടുത്തുയര്‍ത്തുന്ന ദേശമാണ് ചുരുളിയിലേത്. പുറമേ സദാചാരസംരക്ഷകരും അകമേ പ്രാകൃതവികാരം പേറുന്നവരും അനുകൂല സാഹചര്യത്തില്‍ അതു പുറത്തെടുക്കുകയും ചെയ്യുന്ന സകല മനുഷ്യരും ഉള്‍ക്കൊള്ളുന്ന ദേശങ്ങളുടെ പ്രതിനിധാനം കൂടിയാണ് ചുരുളിയിലെ ദേശം.

ഭിന്ന രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ നിലനിന്നുപോരുന്ന കൊലപാതക രാഷ്ട്രീയത്തെയും കേരളത്തിലെ അത്തരം ദേശങ്ങളെയും അടയാളപ്പെടുത്തുന്നുണ്ട് ബി.അജിത്കുമാറിന്റെ ഈട, ജയരാജിന്റെ ശാന്തം, കെ.കെ.ഹരിദാസിന്റെ കണ്ണൂര്‍, വീണ്ടും കണ്ണൂര്‍ തുടങ്ങിയ സിനിമകള്‍. മറ്റ് ജനാധിപത്യ, രാഷ്ട്രീയ സംഘടനകള്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിക്കാത്ത ജനാധിപത്യവിരുദ്ധമായ പാര്‍ട്ടി ഗ്രാമങ്ങള്‍ എന്ന ഫാസിസ്റ്റ് സങ്കല്‍പ്പത്തെയാണ് ഈ സിനിമകള്‍ ചോദ്യംചെയ്യുന്നത്. ഇത്തരം ജനാധിപത്യവിരുദ്ധ ദേശങ്ങളെ സിനിമയിലൂടെ അടയാളപ്പെടുത്തുന്നത് സര്‍ഗാത്മകതയ്‌ക്കൊപ്പം കലാകാരന്റെ സാമൂഹിക ഉത്തരവാദിത്വത്തെക്കൂടി വിളിച്ചോതുന്നു. അതേസമയം ജിബു ജേക്കബ്ബിന്റെ രാഷ്ട്രീയ സാമൂഹിക ആക്ഷേപഹാസ്യ സിനിമയായ വെള്ളിമൂങ്ങയില്‍ പ്രതിപാദിക്കുന്ന ഇരിക്കൂര്‍ പോലെയുള്ള ഗ്രാമങ്ങള്‍ ഇത്തരത്തില്‍ ഇരുളടഞ്ഞതാകുന്നില്ല, മറിച്ച് മറു രാഷ്ട്രീയ പാര്‍ട്ടികളോടും പ്രവര്‍ത്തകരോടും ബഹുമാനം വച്ചു പുലര്‍ത്തുകയും ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നവരാണ് ഇരിക്കൂരിലെ രാഷ്ട്രീയപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള മനുഷ്യര്‍.

വികസനം വരുമ്പോള്‍ ഇല്ലാതെയാകുന്ന നാട്ടിന്‍പുറങ്ങളേയും അവിടത്തെ കളിസ്ഥലങ്ങളേയുമാണ് രഞ്ജന്‍ പ്രമോദ് രക്ഷാധികാരി ബൈജുവില്‍ ഓര്‍മ്മിപ്പിക്കുന്നത്. കൂടിയിരിക്കുകയും വര്‍ത്തമാനം പറയുകയും ഒരുമിച്ച് കളിക്കുകയും ചെയ്യുന്നതിലൂടെയാണ് ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാകുന്നതും വളരുന്നതും. ഇത് നഷ്ടപ്പെടരുതെന്നാണ് രക്ഷാധികാരി ബൈജുവിലെ ഗ്രാമവും കൂടിയിരിപ്പിടവും ഓര്‍മ്മപ്പെടുത്തുന്നത്. ഗ്രാമത്തേയും ദേശത്തേയും ഉള്ളില്‍ മുറുകെപ്പിടിക്കുന്ന മലയാളിക്ക് ഈ സിനിമ നോവായി അവശേഷിക്കുന്നതും അതുകൊണ്ടുതന്നെ.

മാതൃഭൂമി ഓണ്‍ലൈന്‍, 2022 ജനുവരി 21, ഷോ റീല്‍ -3

No comments:

Post a Comment