ഏതാണ്ട് 20 വര്‍ഷം മുമ്പ് വയനാട്ടില്‍ ഒരു ആദിവാസി പെണ്‍കുട്ടിയെ ഉപദ്രവിച്ച ശേഷം കുടുംബത്തോടെ കടന്നുകളഞ്ഞ പ്രതിയെ തേടി കര്‍ണാടകയിലെ കാട്ടിലേക്ക് പോകുന്ന രണ്ട് പോലീസുകാര്‍. ഇന്റര്‍നെറ്റും മൊബൈല്‍ഫോണും സിസിടിവി ക്യാമറയും കേരളത്തില്‍ സജീവമല്ലാതിരുന്ന കാലത്ത് ഒരു തെളിവും അവശേഷിപ്പിക്കാതെ പോയ പ്രതിയെ ഈ പോലീസുകാര്‍ സാഹസികമായി കണ്ടെത്തുകയായിരുന്നു. കണിച്ചാര്‍ സ്വദേശിയായ ജോസ് ജോസഫ് എന്ന എസ്‌ഐ ആയി വിരമിച്ച ഉദ്യോഗസ്ഥനും ജോസഫ് എന്ന വയനാട് സ്വദേശിയായ മറ്റൊരു പോലീസുകാരനുമായിരുന്നു കാട്ടിനകത്ത് വ്യാപകമായി ഇഞ്ചികൃഷി നടക്കുന്ന ഗ്രാമത്തില്‍ ജോലിയന്വേഷിച്ച് വന്നവര്‍ എന്ന വ്യാജേന കേസന്വേഷണത്തിന് എത്തിയത്. ജോസ് ജോസഫ് യാദൃശ്ചികമായി കഥാകൃത്ത് വിനോയ് തോമസിനോട് ഈ അനുഭവം പറയുകയായിരുന്നു. പിന്നീട് വിനോയ് തോമസ് 'കളിഗെമിനാറിലെ കുറ്റവാളികള്‍' എന്ന പേരില്‍ ഇത് കഥയായി എഴുതുകയും ചെയ്തു. ഈ കഥ വായിച്ച ലിജോ ജോസ് പെല്ലിശ്ശേരി ഇതിന്റെ സിനിമാസാധ്യതയെപ്പറ്റി ആലോചിച്ചു. ലിജോയുടെ ആലോചനയെ എസ്.ഹരീഷ് മിസ്റ്റിക് തലത്തിലുള്ള തിരക്കഥയാക്കി മാറ്റി. ലിജോ ജോസ് പെല്ലിശ്ശേരി അതിന് ദൃശ്യഭാഷ നല്‍കിയപ്പോള്‍ കേവലമൊരു കുറ്റാന്വേഷണ കഥ സാര്‍വൈക മാനമുള്ള സിനിമയായി. ഇതാണ് ചുരുളി എന്ന ഏറെ ചര്‍ച്ചചെയ്യപ്പെട്ട സിനിമയുണ്ടായ കഥ.
ഓരോ പ്രേക്ഷകനു മുന്നിലും വ്യത്യസ്ത തരത്തിലുള്ള കാഴ്ചയും വ്യാഖ്യാനവും വിതാനവും രൂപപ്പെടുത്താന്‍ ഉതകുന്നുവെന്നതാണ് ചുരുളി തുറന്നിടുന്ന സാധ്യത. മലയാളത്തില്‍ നിന്ന് മറ്റൊരു ലോകസിനിമ കൂടി എന്ന് ചുരുളിയെ ഏറ്റവും ചുരുക്കി വിവക്ഷിക്കാം. ഭാഷയുടെ കേവലപരിധിക്കുള്ളില്‍ നില്‍ക്കുന്ന സിനിമയല്ല ചുരുളി. സിനിമ പ്രാഥമികമായും ആത്യന്തികമായും ദൃശ്യകലയാണെന്ന നിര്‍വചനത്തെയാണ് ചുരുളി ശരിവയ്ക്കുന്നത്. ദൃശ്യങ്ങളിലൂടെയാണ് ഈ സിനിമ കാണിയോടു സംസാരിച്ചു മുന്നോട്ടു പോകുന്നത്. ലോകകാണികള്‍ക്കു മുന്നിലേക്കാണ് അതിന്റെ പ്രവേശവും ലക്ഷ്യവും. അത്തരമൊരു കാഴ്ചയുടെ വിശാലതയും സാധ്യതയുമാണ് ഈ സിനിമ തുറന്നിടുന്നത്. കഥ സിനിമയ്ക്ക് മേലലങ്കാരം മാത്രമാണ്. അതില്ലാതെ തന്നെ കേവല ജീവിത സന്ദര്‍ഭങ്ങളും ഫാന്റസിയും ഉള്‍ച്ചേര്‍ത്ത് മികച്ച സിനിമയുണ്ടാക്കാം. ചുരുളി അത്തരത്തില്‍ ഒരു അനുഭവമാണ്. കാണികള്‍ക്ക് അവരുടെ യുക്തിക്കനുസരിച്ച് പൂരിപ്പിച്ച് കണ്ടു പോകാവുന്ന ഒട്ടേറെ ഇടങ്ങള്‍ ഈ സിനിമ ബാക്കിയാക്കുന്നുണ്ട്. പൂരിപ്പിക്കാനുള്ള ഈ തുറന്ന ഇടങ്ങള്‍ തന്നെയാണ് ചുരുളിയുടെ വന്യസൗന്ദര്യവും. ദൃശ്യങ്ങളുടെ സാധ്യതയും സമ്പന്നതയും ബിംബങ്ങളും അടയാളവാക്യങ്ങളും ഉപയോഗിച്ചാണ് ചുരുളിയുടെ സഞ്ചാരം. പ്രേക്ഷകര്‍ക്ക് അതിനൊപ്പം യാത്രചെയ്ത് തങ്ങളുടെ അനുമാനത്തില്‍ എത്തിച്ചേരാം.
പ്രതിയെ അന്വേഷിച്ച് പണിക്കാരുടെ വേഷത്തില്‍ കാട്ടിനകത്തെ ചുരുളിയെന്ന പ്രദേശത്തെത്തുന്ന ഷാജീവന്‍, ആന്റണി എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ പ്രവേശിക്കുന്നത് മറ്റൊരു ലോകത്താണ്. മറ്റൊരു ഗ്രഹം എന്ന സാധ്യതയെ വേണമെങ്കിലും മുന്നോട്ടുവയ്ക്കാം. സ്ഥലകാലസമയ ധാരണകള്‍ മറഞ്ഞ് എവിടെയാണെന്നോ എന്താണെന്നോ ഉള്ള ആശയക്കുഴപ്പത്തില്‍ അകപ്പെട്ടുപോകുന്ന അനുഭവമാണ് ഇവിടെ സംജാതമാകുന്നത്. ടൈം ലൂപ്പ് എന്ന സങ്കേതത്തിന്റെ സാധ്യതയാണ് സിനിമ ഇത്തരുണത്തില്‍ പ്രയോഗിക്കുന്നത്. ടൈം ലൂപ്പ് അല്ലെങ്കില്‍ ടെമ്പറല്‍ ലൂപ്പ് എന്നത് ഫിക്ഷനിലെ ഒരു പശ്ചാത്തല ഉപകരണമാണ്. അതിലൂടെ കഥാപാത്രങ്ങള്‍ ആവര്‍ത്തിച്ചുള്ള ഒരു കാലയളവ് വീണ്ടും അനുഭവിക്കുന്നു. ചിലപ്പോള്‍ ഒന്നിലധികം തവണ. ഈ ആവര്‍ത്തന ചക്രത്തില്‍ നിന്ന് പുറത്തുകടക്കാമെന്ന പ്രതീക്ഷയോടെയാണ് സഞ്ചാരം.
ചുരുളിയുടെ തുടക്കത്തില്‍ പെരുമാടന്‍ വഴിതെറ്റിക്കുന്ന തിരുമേനിയുടെ കഥയും കാട്ടില്‍നിന്ന് തിരിച്ചിറങ്ങാന്‍ സാധിക്കാത്ത പോലീസുകാരുടെ അനുഭവവും ടൈം ലൂപ്പുമായി ചേര്‍ത്തുവായിക്കാവുന്നതാണ്. തിരുമേനി ഇപ്പോഴും പലവഴി പൊയ്‌ക്കൊണ്ടിരിക്കുകയാണെന്നു പറഞ്ഞുകൊണ്ടാണ് ആ കഥ അവസാനിക്കുന്നത്. നമ്മള്‍ ഇവിടെ വന്നിട്ട് ഒരുപാട് ദിവസമായതു പോലെ എന്നാണ് കാട്ടിലെത്തിയതിന്റെ രണ്ടാം ദിവസം ഷാജീവന്‍ പറയുന്നത്. നിന്നെയിവിടെ മുമ്പും കണ്ടിട്ടുണ്ടല്ലോ എന്നാണ് ഷാജീവനോട് അവിടത്തെ സ്ഥിരതാമസക്കാര്‍ പരിചയം നടിക്കുന്നത്. ആ പ്രദേശത്തേക്കുള്ള ഷാജീവന്റെ ആദ്യവരവല്ലെന്നും പുറത്തുകടക്കാനാകാതെ അകപ്പെട്ടിരിക്കാമെന്നുമുള്ള സൂചന ഇതിലുണ്ട്.
ടൈം ലൂപ്പുകള്‍ നിരന്തരം പുനഃക്രമീകരിക്കപ്പെടുന്നുണ്ട്. ഒരു നിശ്ചിത വ്യവസ്ഥ പാലിക്കുമ്പോള്‍, ഉദാഹരണത്തിന് ഒരു കഥാപാത്രത്തിന്റെ മരണം അല്ലെങ്കില്‍ ക്ലോക്ക് ഒരു നിശ്ചിത സമയത്ത് എത്തുമ്പോള്‍ ലൂപ്പ് വീണ്ടും ആരംഭിക്കുന്നു. ഒരുപക്ഷേ ഒന്നോ അതിലധികമോ പ്രതീകങ്ങള്‍ മുമ്പത്തെ ലൂപ്പില്‍ നിന്നുള്ള ഓര്‍മ്മകള്‍ നിലനിര്‍ത്തുകയും ചെയ്യുന്നു. സാധാരണയായി ഒരു കഥാപാത്രം എന്തെങ്കിലും കാരണത്താല്‍ ഒരു ദിവസത്തെയോ അനുഭവത്തെയോ പുനരുജ്ജീവിപ്പിക്കുകയും അതില്‍നിന്ന് രക്ഷപ്പെടാന്‍ അവര്‍ എന്താണ് ചെയ്യേണ്ടതെന്ന് കണ്ടെത്തുകയും ചെയ്യുന്ന രീതിയിലാണ് ടൈം ലൂപ്പ് ഫിക്ഷനുകളും സിനിമകളും ആവിഷ്‌കരിക്കപ്പെടുന്നത്. ചുരുളിയിലെ കാടും മനുഷ്യരും ഒരുപോലെ നിഗൂഡത നിറഞ്ഞതാണ്. രണ്ടും എളുപ്പം പിടിതരികയില്ല, തിരിച്ചിറങ്ങാനാകാതെ വഴിതെറ്റിക്കുകയും ചെയ്യും. പ്രവൃത്തികളിലും വികാരങ്ങളിലും പ്രാകൃതരെന്നു തോന്നിക്കുന്ന ചുരുളിയിലെ കൊടുങ്കാടകത്തെ മനുഷ്യര്‍ ജല്ലിക്കട്ടിലെ ആദിമ ചോദനകള്‍ സൂക്ഷിക്കുന്ന ആധുനിക മനുഷ്യരില്‍ നിന്ന് ഒട്ടും വ്യത്യസ്തരല്ല.
ചുരുളിയിലെ കഥാപാത്രങ്ങള്‍ സാധാരണ സംഭാഷണത്തില്‍ മുഴുനീളെ തെറി പദങ്ങള്‍ പ്രയോഗിക്കുന്നവരാണ്. കൊല്ലും കൊലയും ബലാത്സംഗവും (പ്രകൃതിവിരുദ്ധതയടക്കം) തട്ടിപ്പും മോഷണവുമുള്‍പ്പെടെ സമൂഹത്തിന്റെ നല്ലനടപ്പിനു ചേരാത്ത വൃത്തികളിലേര്‍പ്പെട്ട് ജീവിതത്തില്‍ ഒരിക്കലും യാതൊരു സത്‌പ്പേരും കാംക്ഷിക്കാതെയും നാട്ടില്‍ നില്‍ക്കക്കള്ളിയില്ലാതെയും കാടുകയറിയവരുടെ തുടര്‍ജീവിതത്തിലും ഇത്തരം പ്രവൃത്തികളില്‍ കുറഞ്ഞതൊന്നുമുണ്ടാകാനിടയില്ല. തികഞ്ഞ പ്രാകൃത വികാരങ്ങളും ആസുര ഭാവങ്ങളുമാകും അവരിലും അവര്‍ ചെന്നുപെടുന്ന പരിസരത്തും നിറയുക. അവരുടെ ജീവിതം പോലെ തന്നെ നിരതെറ്റി തെന്നിത്തെറിച്ചതാകും അവരുടെ സംസാരവും. അവിടെ തെറിവാക്കുകള്‍ അടിസ്ഥാന വ്യവഹാര ഭാഷയും അലങ്കാരവുമാകും.
മലയാളി ദിവസ ജീവിതത്തിലെ തെറിവാക്കുകളും പ്രയോഗങ്ങളും ശൈലികളും ഇത്ര സ്വാഭാവികമായി മറ്റൊരു സിനിമയിലും ഉപയോഗിച്ചു കണ്ടിട്ടില്ല. സ്ഥാനത്തും അസ്ഥാനത്തുമല്ല, വികാരവിക്ഷോഭങ്ങള്‍ പ്രകടിപ്പിക്കാന്‍ തക്ക സന്ദര്‍ഭങ്ങളില്‍ ഏറ്റവും സൂക്ഷ്മവും സ്വാഭാവികവുമായും തന്നെയാണ് ചുരുളിയിലെ കഥാപാത്രങ്ങള്‍ പരസ്പരം തെറിവാക്കുകള്‍ കൊണ്ട് അഭിസംബോധന ചെയ്യുന്നതും വന്യമായി വിറളി പിടിക്കുന്നതും. അപരനു മുന്നില്‍ സൂക്ഷിച്ചുപോരുന്ന പുറംമോടിക്കപ്പുറത്തെ എല്ലാ മനുഷ്യരുടെയും തത്സ്വരൂപമായിത്തന്നെ ഇതിനെ കാണാം. ചുരുളിയിലെ കഥാപാത്രങ്ങള്‍ക്ക് വെളിച്ചം പോലും തട്ടിത്തടഞ്ഞു മാത്രമെത്തുന്ന കാടിന്റെ മറവ് നല്‍കുന്ന ധൈര്യമുണ്ടെന്നു മാത്രം.
തന്റെ സിനിമാ സങ്കല്‍പ്പത്തെക്കുറിച്ച് ലിജോ ജോസ് പെല്ലിശ്ശേരി നടത്തിയ ഒരു പ്രസ്താവനയുണ്ട്. അതിങ്ങനെയാണ്, സിനിമകള്‍ രണ്ടു തരത്തിലാണ് നിര്‍മ്മിക്കപ്പെടുന്നത്. ഒന്ന്, പ്രേക്ഷകര്‍ എന്താണോ പ്രതീക്ഷിക്കുന്നത് അത് കൊടുക്കുക. രണ്ട്, എന്താണ് പ്രേക്ഷകര്‍ കാണേണ്ടത് എന്ന് സ്രഷ്ടാവ് തീരുമാനിക്കുക. ഇതില്‍ രണ്ടാമത്തെ ചിന്തയിലാണ് താന്‍ വിശ്വസിക്കുന്നത് എന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നത്. ഇൗ ഒരു മതമാണ് അദ്ദേഹത്തിന്റെ സിനിമകള്‍ കാണികള്‍ക്കു മുന്നില്‍ വയ്ക്കുന്ന സ്വതന്ത്ര്യവും വിനിമയസാധ്യതയും. ഒരു ജനപ്രിയ സിനിമകളുടെ ചേരുവകള്‍ സമംപടി ചേര്‍ത്ത് എല്ലാത്തരം കാണികളെയും ആകര്‍ഷിക്കാന്‍ ആ സിനിമകള്‍ക്കാവില്ല. എന്നാല്‍ ഭാഷയ്ക്കും ദേശത്തിനുമപ്പുറത്തെ കാഴ്ചയുടെ വലിയ ദൃശ്യവിതാനത്തെ ഉള്‍ക്കൊള്ളാന്‍ അവയ്ക്കാകുന്നുണ്ട്. അങ്ങനെയാണ് ആമേനിലെ കുമരങ്കരി എന്ന സാങ്കല്‍പ്പിക ഗ്രാമം അങ്കമാലി ഡയറീസിലെയും ഈമയൗവിലെയും സിറ്റി ഓഫ് ഗോഡിലെയും ഏറ്റവും സാധാരണീയരായ ആളുകളുടെ ജീവിതമായും അതേ സാധാരണീയതയെ ജല്ലിക്കട്ടിലെ പ്രാകൃതചിന്ത പേറുന്ന ആധുനികരും ചുരുളിയിലെ മറ്റേതോ ഗ്രഹത്തിലകപ്പെടുന്ന ജീവികള്‍ക്കു തുല്യരായും പരിവര്‍ത്തനം ചെയ്യപ്പെടുന്നതും ഉയര്‍ന്ന വിതാനങ്ങള്‍ പ്രാപ്യമാക്കുന്നതും.
സ്ത്രീശബ്ദം, 2021 ഡിസംബര്‍
No comments:
Post a Comment