മലയാളത്തിലെ ഏറ്റവും വലിയ സിനിമയെന്ന ഖ്യാതിയോടെയാണ് പ്രിയദര്‍ശന്റെ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. റിലീസിനു മുമ്പ് ഇത്രയധികം പബ്ലിസിറ്റി ലഭിച്ച മറ്റൊരു സിനിമ മലയാളത്തിലുണ്ടായിട്ടില്ല. മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്ന് ആഗോള കാണികള്‍ക്കു മുന്നിലേക്ക് ഒരു സിനിമ എന്ന വിശേഷണത്തോടെ വിവിധ ഭാഷകളിലായി റെക്കോര്‍ഡ് സ്‌ക്രീനുകളിലും രണ്ടാഴ്ചയ്ക്കു ശേഷം ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്ത മരക്കാര്‍ പരസ്യവരുമാനം കൊണ്ടും പ്രീ ബുക്കിംഗ് കൊണ്ടും മാത്രം മുടക്കുമുതലായ 100 കോടി തിരിച്ചുപിടിച്ചെന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്. എന്തു തന്നെയായാലും റിലീസിനു മുമ്പ് ഇത്തരത്തില്‍ മാധ്യമ, ആരാധക ശ്രദ്ധയാല്‍ ആഘോഷിക്കപ്പെട്ട സിനിമയെക്കരുതിയുള്ള കാത്തിരിപ്പും അത്രതന്നെ വലിയതായിരുന്നു.
കോവിഡ് പ്രതിസന്ധിയില്‍ റിലീസ് ഒന്നര വര്‍ഷത്തിലേറെ നീളുകയും പ്രതിസന്ധിക്ക് അയവു വന്നപ്പോള്‍ ലാഭനഷ്ടങ്ങളുടെ കണക്കുകള്‍ നിരത്തി ഒടിടിയിലേക്കോ, തിയേറ്ററിലേക്കോ എന്ന ചര്‍ച്ചയും മരക്കാറിനെ ചൊല്ലിയുണ്ടായി. മരക്കാര്‍ പോലെ ഇത്രയും പ്രീ പബ്ലിസിറ്റി ഏറ്റുവാങ്ങിയ ഒരു ബിഗ് ബഡ്ജറ്റ് ചിത്രം ഒടിടിയില്‍ പോകുന്നതോടെ മലയാള സിനിമയുടെ ഭാവി ഇനി ഒടിടിയിലായിരിക്കും എന്നതു വരെയെത്തി ചര്‍ച്ച. ഒടുവില്‍ മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി സാംസ്‌കാരിക വകുപ്പ് മന്ത്രി തന്നെ ഒരു സിനിമയുടെ റിലീസ് വിഷയത്തില്‍ ഇടപെടുന്നതും കണ്ടു. മന്ത്രിയും സിനിമയുടെ നിര്‍മ്മാതാവുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് മരക്കാര്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നുള്ള തീരുമാനമെത്തി. മരക്കാറിനെ പോലെ വിഷ്വല്‍ ഇഫക്ട്‌സിനു പ്രാധാന്യമുള്ള സിനിമ ബിഗ് സ്‌ക്രീനില്‍ തന്നെ അനുഭവിക്കാനുള്ളതാണെന്ന സംവിധായകന്റെയുള്‍പ്പെടെയുള്ള പ്രീ റിലീസിംഗ് പ്രസ്താവനകളില്‍ അഭിരമിച്ചിരുന്ന പ്രേക്ഷകരിലും ഈ തീരുമാനം അത്യധികം ആഹ്ലാദമുണ്ടാക്കി. ഒരു സിനിമയെച്ചൊല്ലിയുള്ള അത്യധികമായ ആകാംക്ഷയ്ക്കും കാത്തിരിപ്പിനും വിരാമമിട്ട് ഡിസംബര്‍ രണ്ടിന് പാതിരാത്രി തന്നെ മരക്കാര്‍ തിയേറ്ററുകളിലെത്തി.
വന്‍ പരസ്യ, അവകാശവാദ ഘോഷങ്ങളോടെ തിയേറ്ററിലെത്തിയ സിനിമയുടെ പെരുമയ്ക്കു ചേരും വിധമുള്ള വരവേല്പ് തന്നെ പ്രേക്ഷകര്‍ നല്‍കി. കേരളത്തിലെ 90 ശതമാനത്തിലേറെ തിയേറ്ററുകളിലും മരക്കാര്‍ ആയിരുന്നു റിലീസ്. മറ്റു സിനിമകള്‍ മരക്കാറിനു വേണ്ടി വഴിമാറിക്കൊടുത്തു. മിക്ക തിയേറ്ററുകളിലും പാതിരാത്രി തന്നെ ആദ്യ പ്രദര്‍ശനം തുടങ്ങി. കോവിഡ് പ്രതിസന്ധിക്കു ശേഷം തിയേറ്ററുകള്‍ തുറക്കുമ്പോഴത്തെ ഏറ്റവും പ്രത്യാശാകരമായ കാഴ്ച തന്നെയായിരുന്നു ഇത്.
എന്നാല്‍ ഉറക്കമൊഴിച്ച് ആദ്യ പ്രദര്‍ശനം കണ്ടുതീര്‍ത്ത പ്രേക്ഷകരില്‍ മരക്കാര്‍ പ്രതീക്ഷിച്ച ചലനമുണ്ടാക്കിയില്ലെന്നു മാത്രമല്ല, കടുത്ത നിരാശയും കൂടിയാണ് സമ്മാനിച്ചത്. ആദ്യദിവസത്തെ മൂന്നോ നാലോ പ്രദര്‍ശനങ്ങള്‍ കഴിഞ്ഞതോടെ ഇതായിരുന്നില്ല, തങ്ങള്‍ പ്രതീക്ഷിച്ച മലയാളത്തിലെ ഏറ്റവും വലിയ സിനിമയെന്ന് പ്രേക്ഷകരില്‍ നിന്ന് ഭൂരിപക്ഷ അഭിപ്രായം ഉയര്‍ന്നു. വളരെ ഉയര്‍ന്ന പ്രതീക്ഷയാണ് നിരാശയുടെ ആഴം വര്‍ധിപ്പിച്ചതെന്ന് പൊടുന്നനെ വിലയിരുത്താമെങ്കിലും പ്രേക്ഷകരില്‍ ഉണ്ടാക്കിയ തണുത്ത പ്രതികരണത്തിന് കാരണം സിനിമയുടെ നിലവാരക്കുറവ് തന്നെയായിരുന്നു.
ആഗോള സിനിമകള്‍ കണ്ടു ശീലിച്ചവരാണ് പുതിയ കാലത്തെ പ്രേക്ഷകര്‍. അവര്‍ക്കു മുന്നിലേക്കാണ് പഴയ വീഞ്ഞും, അതേ കുപ്പിയുമായി പ്രിയദര്‍ശനും കൂട്ടരും വരുന്നത്. ഹോളിവുഡിലേതടക്കമുള്ള യുദ്ധകഥകളും ആയോധനവീര•ാരുടെ ചരിത്രാഖ്യാനങ്ങളും കണ്ടു പരിചയിച്ച പ്രേക്ഷകരെ പരിഗണിക്കുന്നതായിരുന്നില്ല മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ. പ്രേക്ഷകരെ വിലകുറച്ചു കണ്ടു എന്നതു തന്നെയാണ് ഈ സിനിമയ്ക്കു പറ്റിയ വലിയ വീഴ്ച. ഡേവിഡ് ബെനിയോഫിന്റെ വിഖ്യാത സിനിമ ട്രോയ് അടക്കമുള്ളവയുടെ പേരു നിരത്തിയാണ് മരക്കാര്‍ കണ്ട പ്രേക്ഷകര്‍ സിനിമക്കെതിരെ പ്രതികരിച്ചത്. പല ഹോളിവുഡ് വാര്‍ സ്‌റ്റോറികളുടെയും അവതരണരീതിയും കഥാമുന്നേറ്റവും പശ്ചാത്തലവും അതേപടി പിന്തുടരുകയോ അനുകരിക്കുകയോ ആയിരുന്നു മരക്കാര്‍.
എങ്ങനെയാണോ മരക്കാറിന്റെ റിലീസിനു മുമ്പ് പ്രേക്ഷകര്‍ ഈ സിനിമയെ ആഘോഷിച്ചത്, അതിനു നേര്‍ വിപരീത പ്രതികരണമായിരുന്നു റിലീസിംഗിനു ശേഷമുണ്ടായത്. ഇത് കേവലം പ്രതീക്ഷകളില്‍ നിന്നുമുടലെടുത്ത നിരാശ മാത്രമായിരുന്നില്ല. ശരാശരിയിലും താഴെയുള്ള, ഒട്ടും വെല്ലുവിളിയുയര്‍ത്താത്ത തിരക്കഥയുമായി വിഷ്വല്‍ ഇഫക്ട്‌സിലും കലാസംവിധാനത്തിലും മാത്രം പ്രതീക്ഷ വച്ച് പടച്ചെടുത്ത ഒരു സിനിമയാണ് തങ്ങള്‍ക്കു മുന്നിലെത്തിയിരിക്കുന്നതെന്ന് പ്രേക്ഷകര്‍ക്ക് എളുപ്പത്തില്‍ ബോധ്യമായി. അവര്‍ ആ നിരാശ സോഷ്യല്‍ മീഡിയ ഡീഗ്രേഡിംഗ് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ കൊണ്ട് പ്രകടിപ്പിക്കുകയും ചെയ്തു. ഒരു നല്ല സിനിമയെ/കലാസൃഷ്ടിയെ എന്തെങ്കിലും പ്രത്യേക കാരണത്താലോ ഉദ്ദേശത്താലോ ബോധപൂര്‍വ്വം ഇകഴ്ത്തി കാണിക്കുകയെന്നത് സൃഷ്ടിയോടും അതിന്റെ സ്രഷ്ടാക്കളോടുമുള്ള പൊറുക്കാനാകാത്ത പാതകമാണ്. എന്നാല്‍ തങ്ങളെ വിഡ്ഢികളാക്കുന്ന ആഖ്യാനത്തോടാണ് ഇവിടെ പ്രേക്ഷകര്‍ അവരുടെ ആസ്വാദനസ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിയത്.
ചരിത്രസിനിമകളില്‍ കണ്ടുമടുത്ത പ്രമേയപരിസരവും ആഖ്യാനവുമാണ് മരക്കാറിലുള്ളത്. കഥാതന്തുവിലോ കഥാഗതിയിലോ മാറ്റമോ പുതുമയോ കൊണ്ടുവരുന്നതില്‍ സിനിമ പൂര്‍ണമായും പരാജയപ്പെടുന്നു. കാലവും പശ്ചാത്തലവും സാങ്കേതികമായി അവതരിപ്പിക്കുന്നതില്‍ മരക്കാര്‍ വിജയിക്കുന്നുണ്ടെങ്കിലും പഴുതുകള്‍ മാത്രമുള്ള തിരക്കഥയാണ് തിരിച്ചടിയാകുന്നത്. ഇതാണ് ആസ്വാദനത്തിന്റെ തുടര്‍ച്ചയെ പിന്നോട്ടടിപ്പിക്കുകയും വിരസതമാക്കുന്നതും. സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന വ്യവഹാര ഭാഷ, ലിപി എന്നിവ പലയിടത്തും ചരിത്രത്തോട് നീതി പുലര്‍ത്തുന്നില്ല.
കാലാപാനി പോലെയൊരു ചരിത്രസിനിമയെടുത്ത പ്രിയദര്‍ശന്‍ എന്ന ഒന്നാന്തരം ക്രാഫ്റ്റ്മാന്‍ വലിയ ബഡ്ജറ്റിന്റെ പിന്തുണയോടെ എത്തുമ്പോള്‍ മലയാളത്തില്‍ നിന്ന് ആഗോളനിലവാരമുള്ള ഒരു ചരിത്രസിനിമയാണ് സ്വാഭാവികമായും പ്രേക്ഷകര്‍ പ്രതീക്ഷിക്കുക. അത്തരമൊരു സിനിമയൊരുക്കാന്‍ മലയാളത്തില്‍ മറ്റാരെക്കാളും ക്രാഫ്റ്റുള്ളത് പ്രിയദര്‍ശനിലെ സംവിധായകനു തന്നെയാണെന്നതിലും ആസ്വാദകര്‍ക്ക് സംശയമുണ്ടാകില്ല. തികവുറ്റ സാങ്കേതികനിരയും അഭിനേതാക്കളുടെ വലിപ്പവും ഇതില്‍ പ്രിയദര്‍ശനെ പിന്തുണയ്ക്കാന്‍ തക്ക ശേഷിയുള്ളതുമായിരുന്നു. എന്നാല്‍ കാലത്തെയോ, ചരിത്രത്തെയോ, പശ്ചാത്തലത്തെയോ, കഥാപാത്രങ്ങളെയോ നേരായി അടയാളപ്പെടുത്താന്‍ പാങ്ങില്ലാത്ത ഒരു തിരക്കഥയെ രക്ഷപ്പെടുത്താന്‍ പ്രിയദര്‍ശന്റെ ക്രാഫ്റ്റിനോ മറ്റ് സാങ്കേതിക മികവുകള്‍ക്കോ ആകുന്നില്ല. വലിയ ഗവേഷണം കൂടാതെ രൂപപ്പെടുത്തുന്ന തിരക്കഥകള്‍ ചരിത്ര സിനിമകളുടെ പരാജയത്തിന് പ്രഥമ കാരണമാണ്. നേരത്തെ റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണി എന്ന സിനിമയുടെ ആസ്വാദനത്തില്‍ സംഭവിച്ച കല്ലുകടിയുടെ കാരണവും മറ്റൊന്നായിരുന്നില്ല.
മരക്കാറിന് ചരിത്രപരമായ ആധികാരികത ഇല്ല. കേട്ടുകേള്‍വിയിലുള്ള കഥാപശ്ചാത്തലത്തില്‍ അല്പം ഫിക്ഷന്‍ കൂട്ടിച്ചേര്‍ക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. പ്രതീക്ഷിത കഥാസന്ദര്‍ഭങ്ങളില്‍ വന്നുപോകുന്നവര്‍ മാത്രമാകുന്നു കഥാപാത്രങ്ങള്‍. മോഹന്‍ലാല്‍ അടക്കമുള്ള അഭിനേതാക്കള്‍ കഥാപാത്രത്തിന് മിഴിവേകുന്നതില്‍ പരാജയപ്പെട്ടുപോകുന്നു. സുനില്‍ഷെട്ടി (ചന്ദ്രോത്ത് പണിക്കര്‍), മഞ്ജു വാര്യര്‍ (സുബൈദ) അടക്കമുള്ളവരുടെ താരമൂല്യത്തിന് ഒത്ത കഥാപാത്രങ്ങള്‍ സൃഷ്ടിക്കുന്നതില്‍ തിരക്കഥ പരാജയപ്പെടുമ്പോള്‍ ഇവര്‍ കേവലം ഫ്രെയിമുകളില്‍ വന്നുനില്‍ക്കുന്നവര്‍ മാത്രമായി ഒടുങ്ങുന്നു. ഹരീഷ് പേരടിയുടെ മങ്ങാട്ടച്ചന്‍ കഥാപാത്രമാണ് മരക്കാര്‍ എന്ന ചരിത്ര സിനിമയില്‍ അല്‍പ്പമെങ്കിലും നീതി പുലര്‍ത്തുന്ന പാത്രസൃഷ്ടിയായി അനുഭവപ്പെടുക. ഇന്നസെന്റ്, മാമുക്കോയ, ബാബുരാജ്, ഗണേഷ് തുടങ്ങിയവരുടെ കഥാപാത്രങ്ങള്‍ പതിനാറാം നൂറ്റാണ്ടിലെ കഥാപാത്രങ്ങളുടെ ശരീര, ശാരീര ഭാഷ തീര്‍ക്കുന്നതില്‍ തികഞ്ഞ പരാജയമാകുമ്പോള്‍ പ്രഭുവിന്റെ തടിച്ചുരുണ്ട ശരീരത്തെ ഹാസ്യാത്മകമായി ചിത്രീകരിക്കാനാണ് സിനിമ ശ്രമിക്കുന്നത്. ഇതിലൊന്നും ചരിത്രനീതി പോയിട്ട് ഉദ്ദേശശുദ്ധി പോലും ഫലവത്താകുന്നില്ല. കുഞ്ഞാലി മരക്കാര്‍ നാലാമന്‍ എന്ന കരയിലും കടലിലും ഒരുപോലെ യുദ്ധപ്രാവീണ്യവും കരുത്തും തന്ത്രവും ഒത്തുചേരുന്ന കഥാപാത്രം പക്ഷേ മോഹന്‍ലാലിലെത്തുമ്പോള്‍ തീരെ നനഞ്ഞു വീര്യം ചോര്‍ന്ന സ്‌ഫോടകവസ്തുവായി മാറുന്നു. പ്രായത്തിന്റെ ആവലാതിയുള്ള, ശരീരത്തിന് വഴക്കവും ബലവുമില്ലാത്ത, വാക്കുകളിലോ പ്രവൃത്തിയിലോ വീര്യമില്ലാത്ത, നേതൃപാടവവും യുദ്ധമുഖത്തെ ആജ്ഞകളും നല്‍കുമ്പോള്‍ അതു വാക്കുകളിലും കണ്ണുകളിലും ശരീരത്തിലും പ്രകടമാകാതെ വൈഷമ്യത്തിലാകുന്ന കുഞ്ഞാലിയെയാണ് മോഹന്‍ലാലില്‍ കാണാനാകുന്നത്. മോഹന്‍ലാലിലെ വിസ്മയിപ്പിക്കുന്ന നടന്റെ അനുരണനം ചെറിയൊരു ഫ്രെയിമില്‍ പോലും ഈ സിനിമ അനുഭവിപ്പിക്കുന്നില്ല. തത്ഫലമായി സിനിമയുടെ അന്ത്യരംഗത്തില്‍ കുഞ്ഞാലിയെ പോര്‍ച്ചുഗീസ് പട കീഴടക്കി തല വിച്ഛേദിച്ച് കൊലപ്പെടുത്തുന്നതു പോലും പ്രേക്ഷകരില്‍ തെല്ലു വികാരത്തള്ളിച്ചയുണ്ടാക്കിയേക്കില്ല. അതേസമയം കുഞ്ഞാലി നാലാമന്റെ ചെറുപ്പകാലം അവതരിപ്പിച്ച പ്രണവ്, ചിന്നാലി എന്ന ചൈനീസ് പോരാളിയായെത്തിയ ജയ് ജക്രിത് എന്നിവര്‍ ചെറുപ്പത്തിന്റെ ഊര്‍ജ്ജസ്വലതയുമായി സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.
രാജഭരണകാലത്തെ നാവികനും പടത്തലവനുമായ ഒരു വീരന്റെ കഥ പറയുന്ന സിനിമയ്ക്ക് വേണ്ട ഊര്‍ജ്ജം മരക്കാറില്‍ ഒരിടത്തും കടന്നുവരുന്നില്ല. ഇമോഷണല്‍ ഡ്രാമ എന്ന രീതിയിലാണ് ഈ സിനിമ അടയാളപ്പെടുത്തുന്നതായി കാണുന്നത്. അതാകട്ടെ കാണികളില്‍ ആവേഗമുണ്ടാക്കാന്‍ തക്ക ഫലപ്രാപ്തിയില്‍ ചെന്നെത്തുന്നുമില്ല. ഫലം, ഇത്രയധികം ഘോഷപ്രചാരങ്ങളോടെ അവതരിപ്പിച്ച ഒരു സിനിമ ഓര്‍ത്തെടുക്കാന്‍ യാതൊന്നും അവശേഷിപ്പിക്കാതെ പോകുന്നു എന്നതായി മാറുന്നു.
സ്ത്രീശബ്ദം, 2022 ജനുവരി
No comments:
Post a Comment