Monday, 28 March 2022

ദി പ്രിന്‍സ്, യുവതുര്‍ക്കി, ദുബായ്, കാസനോവ.. വന്‍ പ്രതീക്ഷ നല്‍കി തിയേറ്ററില്‍ കൂപ്പുകുത്തിയ സിനിമകള്‍


വലിയ പ്രതീക്ഷയില്‍ വന്ന് തിയേറ്ററില്‍ അമ്പേ പരാജയപ്പെട്ടുപോകുന്ന ചില സിനിമകളുണ്ട്. പ്രീ പബ്ലിസിറ്റിയും താരമൂല്യവുമാണ് ഇത്തരം സിനിമകളുടെ പ്രതീക്ഷ വലുതാക്കുന്നത്. എന്നാല്‍ അതിനൊത്ത് ഉള്ളടക്കത്തില്‍ ഗുണം പുലര്‍ത്താന്‍ കഴിയാതെ പോകുന്നതോടെ ഇവ ബോക്‌സ് ഓഫീസ് ദുരന്തമാകുന്നു. നിര്‍മ്മാതാവിനും സാങ്കേതികപ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കുമൊപ്പം പ്രേക്ഷകരും ഈ സിനിമകളെ തങ്ങളുടെ നഷ്ടത്തിന്റെ പേരില്‍ മാത്രമായിരിക്കും പില്‍ക്കാലത്ത് ഓര്‍മ്മിക്കുക. 

മലയാള സിനിമ വ്യാവസായികമായി വളര്‍ന്ന എണ്‍പതുകളിലാണ് ബിഗ് ബജറ്റ് സിനിമകള്‍ കാര്യമായി നിര്‍മ്മിക്കപ്പെട്ടു തുടങ്ങിയത്. താരമൂല്യമുള്ള ഒന്നിലേറെ നായകനടന്മാര്‍ ഒന്നിച്ച് ഒരു സിനിമയില്‍ അണിനിരക്കുമ്പോഴുള്ള പ്രേക്ഷകപ്രീതിയും വിപണനസാധ്യതയും മുതലെടുക്കുന്നതായിരുന്നു ഈ ബിഗ് ബജറ്റ് സിനിമകളിലേറെയും. ബ്ലാക്ക് ആന്റ് വൈറ്റ് കാലം തൊട്ട് ഈ പതിവ് ഉണ്ടെങ്കില്‍ പോലും പിന്നീടിത് വിപണിമൂല്യം മാത്രം ലക്ഷ്യമിട്ടുള്ളതായി.

കച്ചവടം ലക്ഷ്യമിട്ടുള്ള താരകേന്ദ്രീകൃത സിനിമകള്‍ വലിയ കാന്‍വാസിലും മുതല്‍മുടക്കിലും നിര്‍മ്മിക്കപ്പെട്ടതോടെ പ്രമേയത്തിനും മുകളില്‍ താരങ്ങള്‍ സാന്നിധ്യങ്ങളായി മാറാന്‍ തുടങ്ങി. തൊണ്ണൂറുകള്‍ക്ക് മുമ്പുണ്ടായ മള്‍ട്ടിസ്റ്റാര്‍, ബിഗ് ബജറ്റ് സിനിമകള്‍ പ്രമേയത്തിലും കലാമൂല്യത്തിലും ശ്രദ്ധവച്ചെങ്കില്‍ അതിനുശേഷം പൂര്‍ണമായും താരകേന്ദ്രീകൃതമായി. താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ കൂടി രൂപപ്പെട്ടതോടെ ഇത്തരം സൂപ്പര്‍താര സിനിമകള്‍ക്കുള്ള പ്രീ റിലീസ് ഹൈപ്പിന്റെ സാധ്യത വലുതായി. ഇത്തരം വന്‍ ഹൈപ്പുകളാണ് പില്‍ക്കാലത്ത് പല സിനിമകളുടെയും പരാജയത്തിന്റെ ആക്കം കൂട്ടാനിടയാക്കിയത്.


വന്‍കിട താരങ്ങള്‍ ഒരു ചെറിയ കാന്‍വാസിലുള്ള സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ പ്രതീക്ഷയാണ് ബിഗ് ബജറ്റ് സിനിമയുടെ ഭാഗമാകുമ്പോള്‍ ആരാധകര്‍ക്ക് സ്വാഭാവികമായും ഉണ്ടാകുക. ഒരു സൂപ്പര്‍താരത്തിന്റെ താരമൂല്യത്തിനനുസരിച്ച് പണം മുടക്കാന്‍ എക്കാലത്തും നിര്‍മ്മാണക്കമ്പനികള്‍ തയ്യാറാണ്. ഒരാളുടെ വിപണിമൂല്യം എത്രത്തോളം ഉയര്‍ന്നു നില്‍ക്കുന്നുവോ മുടക്കുന്ന പണത്തിന്റെ തോത് അത്രതന്നെ ഉയരും. പണത്തിന്റെ ഈ മൂല്യം സിനിമയുടെ പ്രഖ്യാപനവും പ്രീ പ്രൊഡക്ഷന്‍ ഘട്ടവും തൊട്ട് പ്രചാരണ വേലകളെയും സ്വാധീനിക്കും. പ്രേക്ഷകപ്രതീക്ഷയെ അത്രമേല്‍ ഉന്നതിയിലെത്തിക്കുന്ന പബ്ലിസിറ്റിയായിരിക്കും ഇത്തരം സിനിമകള്‍ക്ക് റിലീസിനു മുമ്പ് ലഭിക്കുക. ഇങ്ങനെ അമിതമായ പ്രതീക്ഷാഭാരവുമായി എത്തി ആദ്യ ദിവസങ്ങളില്‍ തന്നെ പ്രേക്ഷകരെ ആകര്‍ഷിക്കാനാകാതെ തിയേറ്ററില്‍ തകര്‍ന്ന നിരവധി ചിത്രങ്ങളാണ് മലയാളത്തിലുള്ളത്. 

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെട്ട കടത്തനാടന്‍ അമ്പാടി, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ ചരിത്ര സിനിമകള്‍ക്കിടയില്‍ കടന്നുപോയ മൂന്ന് പതിറ്റാണ്ട് കാലത്ത് ഒട്ടനവധി താരകേന്ദ്രീകൃത സിനിമകളാണ് ഇങ്ങനെ തിയേറ്ററില്‍ പിടികിട്ടാതെ നിലയില്ലാക്കയത്തില്‍ മുങ്ങിപ്പോയത്. താരങ്ങള്‍ക്ക് വലിയ പോറല്‍ ഏല്‍ക്കാറില്ലെങ്കിലും സിനിമയുടെ വന്‍പരാജയത്തോടെ പല നിര്‍മ്മാതാക്കളും സിനിമാ മേഖലയില്‍നിന്ന് പൂര്‍ണമായോ ഭാഗികമായോ തൂത്തുകളയപ്പെടാറുണ്ടെന്നതാണ് ചരിത്രം.

1990 ല്‍ പുറത്തിറങ്ങിയ പ്രിയദര്‍ശന്‍-േമാഹന്‍ലാല്‍ കൂട്ടുകെട്ടിലെ കടത്തനാടന്‍ അമ്പാടിയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് പ്രേംനസീറിന്റെ മരണശേഷം പുറത്തിറങ്ങിയ സിനിമയെന്നതായിരുന്നു. തിയേറ്റര്‍ റിലീസിന് നാലു വര്‍ഷം മുമ്പ് ഷൂട്ടിംഗ് ആരംഭിക്കുകയും ഇടയ്ക്ക് മുടങ്ങുകയും കോടതിയുടെ നൂലാമാലകളില്‍ പെടുകയും ചെയ്ത സിനിമയുടെ ഗതി ഏറെക്കുറെ നേരത്തെ തന്നെ നിര്‍ണയിക്കപ്പെട്ടതായിരുന്നു. വടക്കന്‍പാട്ടിലെ വീരചരിതങ്ങളെ കേന്ദ്രമാക്കി മലയാളത്തിലിറങ്ങിയ സിനിമകളില്‍ ഏറ്റവും മികച്ചതെന്ന ഖ്യാതി നേടിയ ഒരു വടക്കന്‍ വീരഗാഥ റിലീസ് ചെയ്തതിനു ശേഷമായിരുന്നു കടത്തനാടന്‍ അമ്പാടിയുടെ റിലീസ് സാധ്യമായത്. പഴയ വടക്കന്‍പാട്ട് സിനിമാ പ്രമേയ സങ്കേതങ്ങളെ മാതൃകയാക്കി നിര്‍മ്മിക്കപ്പെട്ട കടത്തനാടന്‍ അമ്പാടിക്ക് വടക്കന്‍ വീരഗാഥ ഉണ്ടാക്കിയ വഴിത്തിരിവിനു ശേഷം പിടിച്ചുനില്‍ക്കുക തീര്‍ത്തും അസാധ്യമായിരുന്നു. കാലം തെറ്റിയിറങ്ങേണ്ടി വന്ന ഈ സിനിമയ്ക്ക് മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പര്‍താരമായ പ്രേംനസീറിന്റെ സാന്നിധ്യവും മോഹന്‍ലാലിന്റെ സൂപ്പര്‍താര പരിവേഷവും കൊണ്ട് ആദ്യദിവസങ്ങളില്‍ ആളുകളെ തിയേറ്ററിലെത്തിക്കാനായെങ്കിലും പഴകിപ്പതിഞ്ഞ പ്രമേയ പരിസരവും ആഖ്യാനശൈലിയും സിനിമയെ പ്രേക്ഷകരില്‍ നിന്ന് അകറ്റി. ഫലമോ ബിഗ് ബജറ്റില്‍ രണ്ടു തലമുറ സൂപ്പര്‍താരങ്ങളുടെ സാന്നിധ്യവുമായി വന്‍ പ്രതീക്ഷകളുമായി എത്തിയ ചിത്രം ബോക്‌സ ഓഫീസ് ദുരന്തമായി. കടത്തനാടന്‍ അമ്പാടിയുടെ പരാജയത്തോടെ തൊണ്ണൂറുകളില്‍ വടക്കന്‍പാട്ട് സിനിമകളില്‍ കൈവയ്ക്കാന്‍ മുന്‍നിര താരങ്ങളോ സാങ്കേതികപ്രവര്‍ത്തകരോ തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്.


തൊണ്ണൂറുകളില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം തുല്യ താരമൂല്യമുണ്ടായിരുന്ന സുരേഷ് ഗോപിക്കു വേണ്ടി ബിഗ് ബജറ്റ് സിനിമകള്‍ നിര്‍മ്മിക്കാന്‍ വന്‍കിട നിര്‍മ്മാണക്കമ്പനികള്‍ തയ്യാറായിരുന്നു. ഏകലവ്യനും മാഫിയയും കമ്മീഷണറും ബോക്‌സ് ഓഫീസില്‍ തീര്‍ത്ത തരംഗത്തിന്റെ വെളിച്ചത്തില്‍ സുരേഷ് ഗോപിയുടെ വമ്പിച്ച ജനപ്രീതിയും തിയേറ്ററുകളെ ഇളക്കിമറിക്കാന്‍ പോന്ന ഗാംഭീര്യവും കൈമുതലാക്കിയായിരുന്നു ഭദ്രന്‍ യുവതുര്‍ക്കി ഒരുക്കിയത്. സ്ഫടികത്തിനു ശേഷം ഭദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമ, തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ വിജയശാന്തിയുടെ സാന്നിധ്യം, അമിതാഭ് ബച്ചന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് നിര്‍മ്മാണ പങ്കാളിയായ ഏക മലയാള സിനിമ തുടങ്ങിയ വലിയ പ്രത്യേകതകളോടെയായിരുന്നു യുവതുര്‍ക്കി 1996ലെ ഓണത്തിന് റിലീസ് ചെയ്തത്. കേരളത്തിലെ പ്രേക്ഷകര്‍ക്ക് അത്രകണ്ട് പരിചിതമല്ലാത്ത ഉത്തരേന്ത്യന്‍ രാഷ്ട്രീയവും പ്രത്യേകിച്ച് അന്നത്തെ ഡല്‍ഹി രാഷ്ട്രീയത്തിലെ സംഭവ വികാസങ്ങളും വിവാദ കഥാപാത്രങ്ങളുമായിരുന്നു യുവതുര്‍ക്കിക്ക് പ്രമേയമായത്. ഭൂരിഭാഗവും ന്യൂഡല്‍ഹിയിലെ മര്‍മ്മപ്രധാന സ്ഥലങ്ങളില്‍ ഷൂട്ട് ചെയ്യുകയും പൂര്‍ണതയ്ക്കു വേണ്ടി നിര്‍മ്മാണക്കമ്പനി വിട്ടുവീഴ്ച ചെയ്യുകയും ചെയ്തതോടെ വന്‍ ബജറ്റിലേക്കേ് യുവതുര്‍ക്കിയുടെ നിര്‍മ്മാണച്ചെലവ് നീങ്ങി. മികച്ച ഗുണനിലവാരം പുലര്‍ത്തുന്ന സിനിമയായിട്ടാണ് യുവതുര്‍ക്കി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. കാലത്തിന് മുമ്പേ സഞ്ചരിച്ച, മലയാള സിനിമയ്ക്ക് അത്രകണ്ട് പരിചിതമല്ലാത്ത മേക്കിംഗ് രീതി ഒരു വിഭാഗം പ്രേക്ഷകരെ മാത്രം ആകര്‍ഷിച്ചപ്പോള്‍ ആദ്യദിവസങ്ങളിലെ ആരവം കെട്ടടങ്ങി. മികച്ച നിലവാരത്തിലും ബജറ്റിലും നിര്‍മ്മിക്കപ്പെട്ട സിനിമയുടെ കളക്ഷന്‍ കുത്തനെ താഴേക്കായി. സെവന്‍ ആര്‍ട്‌സിനും അമിതാഭ് ബച്ചന്‍ കോര്‍പ്പറേഷനും ചിത്രം വന്‍ നഷ്ടം വരുത്തി. 

യുവതുര്‍ക്കിക്കൊപ്പം പുറത്തിറങ്ങിയ മറ്റൊരു സൂപ്പര്‍താര ചിത്രമായ ദി പ്രിന്‍സിനും തിയേറ്ററില്‍ നിന്ന് വന്‍തിരിച്ചടിയാണ് നേരിട്ടത്. യുവതുര്‍ക്കി ഇപ്പോഴും ഒരു വിഭാഗം പ്രേക്ഷകരുടെ കാഴ്ചയിലും ചര്‍ച്ചയിലും നിലനില്‍ക്കുന്ന സിനിമയാണെങ്കില്‍ ദി പ്രിന്‍സ് ആരാധകര്‍ മറക്കാന്‍ ആഗ്രഹിക്കുന്ന സിനിമയാണ്. ആകര്‍ഷകമായ പേരു മുതല്‍ മോഹന്‍ലാലിന്റെ ഒരു ആക്ഷന്‍ ത്രില്ലര്‍ പ്രതീക്ഷിച്ചവര്‍ക്ക് ലഭിച്ച തിയേറ്റര്‍ അനുഭവം തീര്‍ത്തും നനഞ്ഞുകുതിര്‍ന്നൊരു പടക്കമായിരുന്നു. രജനീകാന്തിന്റെ ബാഷ എന്ന പാന്‍ ഇന്ത്യന്‍ സൂപ്പര്‍ ഹിറ്റിനു ശേഷം സുരേഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന സിനിമയെന്നതായിരുന്നു ദി പ്രിന്‍സിന്റെ വലിയ ആകര്‍ഷണം. പക്ഷേ ബാഷയില്‍ രജനീകാന്തിനൊപ്പം തീര്‍ത്ത അപാരമായ കാഴ്ചാനുഭവം മോഹന്‍ലാലിനൊപ്പം തീര്‍ക്കാന്‍ സുരേഷ് കൃഷ്ണയ്ക്കായില്ല. ചെന്നെ ആയിരുന്നു കഥാപശ്ചാത്തലം. കഥാപാത്രങ്ങള്‍ മിക്കതും മലയാളത്തിനു പുറത്തുള്ളവര്‍. മറ്റു കഥാപാത്രങ്ങളോടും പശ്ചാത്തലത്തിനോടും സാമ്യത കിട്ടാനായി മിക്‌സിംഗില്‍ മോഹന്‍ലാലിന്റെ ശബ്ദത്തില്‍ വരുത്തിയ വ്യത്യാസം കാണികള്‍ക്ക് രസിച്ചില്ല. മോഹന്‍ലാലിന്റെ കരിയറിലെ തന്നെ മോശം സിനിമകളിലൊന്നായിട്ടാണ് കാണികള്‍ പ്രിന്‍സിനെ വിലയിരുത്തിയത്. തിയേറ്ററില്‍ യാതൊരു ചലനവുമുണ്ടാക്കാന്‍ ഈ ബിഗ് ബജറ്റ് ചിത്രത്തിനായില്ല.

പുതിയ സഹസ്രാബ്ദത്തില്‍ അതേ പേരു കടംകൊണ്ടുള്ള ജയരാജിന്റെ മള്‍ട്ടിസ്റ്റാര്‍ ബിഗ് ബജറ്റ് സിനിമ മില്ലേനിയം സ്റ്റാര്‍സ് തിയേറ്ററില്‍ അമ്പേ പരാജയമായ സിനിമയാണ്. പ്രമേയപരിസരത്തിലും ആഖ്യാനത്തിലും പുതുമ നിലനിര്‍ത്തിയ ഈ മ്യൂസിക്കല്‍ ത്രില്ലറിനെ ഉള്‍ക്കൊള്ളാന്‍ കാണികള്‍ തയ്യാറായില്ല. സുരേഷ്‌ഗോപി, ജയറാം, ബിജുമേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ സിനിമ മുംബൈ നഗരപ്രദേശങ്ങളിലാണ് ചിത്രീകരിച്ചത്.


ദി പ്രിന്‍സ് പോലെ സിനിമയുടെ പേര് പ്രഖ്യാപിച്ചതു മുതല്‍ക്കുള്ള പ്രതീക്ഷയും മമ്മൂട്ടി-ജോഷി-രഞ്ജിപണിക്കര്‍ കൂട്ടുകെട്ടിന്റെ സാന്നിധ്യവും മമ്മൂട്ടിയുടെ അതിഗംഭീര ഫസ്റ്റ് ലുക്ക് പോസ്റ്ററുമെല്ലാം ദുബായ് എന്ന സിനിമയ്ക്ക് മലയാളത്തില്‍ അതുവരെ മറ്റൊരു സിനിമയ്ക്കും കിട്ടാത്ത പ്രീ പബ്ലിസിറ്റിയാണ് ഉണ്ടാക്കിയത്. പൂര്‍ണമായും യുഎഇയില്‍ ചിത്രീകരിച്ച ചിത്രം മലയാളത്തില്‍ അതുവരെയുള്ളതില്‍ ഏറ്റവും ചെലവേറിയതായിരുന്നു. എന്നാല്‍ പ്രേക്ഷകരെ ഒരു തരത്തിലും ആകര്‍ഷിക്കാന്‍ ഈ സിനിമക്കായില്ല. തിയേറ്റര്‍ കളക്ഷനില്‍ വന്‍ തിരിച്ചടി നേരിട്ടതോടെ ഏറ്റവും വലിയ സാമ്പത്തിക നഷ്ടങ്ങളിലൊന്നായി ഈ ചിത്രം മാറി.

അതിരാത്രം, ആവനാഴി എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെ മമ്മൂട്ടി കഥാപാത്രങ്ങള്‍ നേര്‍ക്കുനേര്‍ വന്ന ബല്‍റാം v/s ്താരാദാസ് എന്ന ഐവി ശശി ചിത്രം റിലീസിനു മുമ്പ് ഏറ്റവും പ്രതീക്ഷയുണര്‍ത്തിയ ചിത്രങ്ങളിലൊന്നാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച രണ്ട് ആക്ഷന്‍ ത്രില്ലറുകളിലെ കഥാപാത്രങ്ങള്‍ രംഗത്തെത്തുകയും ഈ ചിത്രങ്ങളുടെ സംവിധായകനും നായകനും തിരക്കഥാകൃത്തും വീണ്ടും ഒന്നിച്ചണിനിരക്കുകയും ചെയ്യുമ്പോഴത്തെ പ്രതീക്ഷ വാനോളമുയരുമെന്ന് തീര്‍ച്ച. റിലീസ് ദിവസം തലേന്ന് രാത്രി തന്നെ ആരാധകര്‍ തിയേറ്ററിലെത്തി. പാതിരാത്രി പിന്നിട്ടതോടെ പലയിടങ്ങളിലും ഷോ ആരംഭിക്കേണ്ടി വന്നു. എന്നാല്‍ കള്‍ട്ട് പദവിനേടിയ സിനിമകളുടെയും കഥാപാത്രങ്ങളുടെയും ചൂടും ചൂരും പുതിയ സിനിമയില്‍ ആവര്‍ത്തിച്ചില്ല. ഫലം, വലിയ പ്രതീക്ഷ പുലര്‍ത്തി പ്രേക്ഷകര്‍ ഒരിക്കല്‍കൂടി കാണാന്‍ താത്പര്യപ്പെടാത്ത സിനിമകളുടെ കൂട്ടത്തില്‍ ഒന്നുകൂടി ചേര്‍ക്കപ്പെടുക മാത്രമുണ്ടായി.

ഈ സിനിമയുടെ ആവര്‍ത്തനം പോലെയായിരുന്നു ഷാജി കൈലാസ് ചിത്രം ദി കിംഗ് ആന്റ് ദി കമ്മീഷണറിന്റെയും വിധി. മലയാളത്തില്‍ കള്‍ട്ട് സ്റ്റാറ്റസ് ഉള്ള രണ്ട് നായക കഥാപാത്രങ്ങളും സിനിമകളും പേരുള്‍പ്പടെ ആവര്‍ത്തിക്കുകയായിരുന്നു ഈ ചിത്രത്തില്‍. സ്വാഭാവികമായും ആരാധകപ്രതീക്ഷ ഉയര്‍ന്നു. എന്നാല്‍ രണ്ട് കഥാപാത്രങ്ങള്‍ക്കും തുല്യപ്രാധാന്യം ലഭിക്കത്തക്ക രീതിയില്‍ ബോധപൂര്‍വ്വം എഴുതിയുണ്ടാക്കിയ തിരക്കഥയില്‍ പാളിച്ചകള്‍ ഏറെയായിരുന്നു. ഇത് പ്രേക്ഷകരില്‍ യാതൊരു തരത്തിലും ഉദ്വേഗം ജനിപ്പിക്കുന്നതായിരുന്നില്ല. രണ്ട് സൂപ്പര്‍താരങ്ങള്‍ കേന്ദ്രമായ ബിഗ് ബജറ്റ് ചിത്രം തിയേറ്ററില്‍ ആദ്യദിവസങ്ങളിലെ ഓളത്തോടെ കെട്ടടങ്ങി.

മോഹന്‍ലാല്‍-റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കാസനോവ മലയാളത്തില്‍ അതുവരെയുണ്ടായതില്‍ ഏറ്റവും വലിയ സിനിമയായിരുന്നു. മുടക്കുമുതല്‍ കൊണ്ടും വിദേശത്തെ ചിത്രീകരണം കൊണ്ടും പ്രണയസങ്കല്‍പ്പങ്ങളുടെ ഉദാത്ത രൂപത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നുവെന്നുമുള്ള പ്രതീക്ഷകള്‍ കാസനോവയെന്ന വലിയ ചിത്രത്തിന്റെ മാര്‍ക്കറ്റ് വലുതാക്കി. അതുവരെയുണ്ടായ വലിയ തിയേറ്റര്‍ റിലീസോടെ കാസനോവയെ വരവേറ്റെങ്കിലും മലയാളത്തിലെ ഏറ്റവും വലിയ പരാജയ ചിത്രമാകാനായിരുന്നു ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ വിധി. പ്രേക്ഷകരെ ആകര്‍ഷിക്കാനുള്ള ഘടകങ്ങളൊന്നും ഫലപ്രദമാകാതെ പോയതോടെ മോഹന്‍ലാല്‍ ആരാധകര്‍ പോലും മറക്കാന്‍ ആഗ്രഹിക്കുന്ന സിനിമയായി കാസനോവ മാറി.


മമ്മൂട്ടിയും തമിഴ് സൂപ്പര്‍താരം അര്‍ജുനും നായകന്മാരായ വന്ദേമാതരമാണ് പ്രേക്ഷകരെ ഒരു തരത്തിലും ആകര്‍ഷിക്കാനാകാതെ പോയ മറ്റൊരു ബിഗ് ബജറ്റ് ചിത്രം. രണ്ട് ഭാഷകളിലെ സൂപ്പര്‍താരങ്ങള്‍ക്കായി മള്‍ട്ടി ലാംഗ്വേജ് റിലീസടക്കം ഒരുക്കിയിട്ടും ദുര്‍ബലമായ തിരക്കഥയും അവതരണത്തിലെ പുതുമയില്ലായ്മയും വന്ദേമാതരത്തെ ആളുകളില്‍ നിന്നകറ്റി.

ജയരാജ് സംവിധാനം ചെയ്ത ചരിത്രസിനിമ വീരം 35 കോടി ബജറ്റിലാണ് നിര്‍മ്മിക്കപ്പെട്ടത്. ഈ സിനിമയുടെ റിലീസ് വേളയില്‍ മലയാളത്തിലെ ഏറ്റവും വലിയ മുതല്‍മുടക്കുള്ള ചിത്രമായിരുന്നു ഇത്. അന്യഭാഷാ നായകനെ മലയാളി പ്രേക്ഷകര്‍ അംഗീകരിച്ചില്ല. സിനിമ ആഖ്യാനശൈലി കൊണ്ട് ശ്രദ്ധേയമാണെങ്കിലും പ്രേക്ഷകരെ പിടിച്ചിരുത്തുന്നതില്‍ പരാജയമായി, ഫലം തിയേറ്റര്‍ റിലീസില്‍ ഏറ്റവും വലിയ നഷ്ടം സംഭവിച്ച സിനിമകളിലൊന്നായി വീരം അവശേഷിച്ചു.

മലയാള സിനിമയുടെ നിര്‍മ്മാണച്ചെലവ് 10 കോടിക്കു മുകളിലേക്ക് ഉയര്‍ന്നത് പോയ പതിറ്റാണ്ടിന്റെ തുടക്കത്തോടെയാണ്. ഈ കാലയളവില്‍ വന്‍ മുതല്‍മുടക്കില്‍ പുറത്തിറങ്ങി, തിയേറ്ററില്‍ നിന്ന് അത് തിരിച്ചുപിടിക്കാന്‍ കഴിയാതെ പോയ സൂപ്പര്‍താര ചിത്രങ്ങളാണ് ലൈലാ ഓ ലൈല, ലോക്പാല്‍, കമ്മാരസംഭവം, ജാക്ക് ഡാനിയല്‍ എന്നിവ. ഇതില്‍ കമ്മാരസംഭവം ആഖ്യാനശൈലി കൊണ്ട് ശ്രദ്ധിക്കപ്പെട്ടെങ്കിലും വന്‍ ബജറ്റിനെ സാധൂരിക്കുന്ന വിജയം തിയേറ്ററില്‍ നേടാനായില്ല.

വലിയ പ്രീ പബ്ലിസിറ്റി ലഭിച്ച് തിയേറ്ററില്‍ കാര്യമായ ചലനമുണ്ടാക്കാനാകാതെ പോയ സിനിമകളുടെ പട്ടികയില്‍ ഏറ്റവുമൊടുവില്‍ ഇടം പിടിക്കുന്നവയാണ് മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിഹം, ആറാട്ട് എന്നീ ചിത്രങ്ങള്‍. 


മലയാളത്തിലെ ഏറ്റവും വലിയ സിനിമയെന്ന ഖ്യാതിയോടെയാണ് പ്രിയദര്‍ശന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. റിലീസിനു മുമ്പ് ഇത്രയധികം പബ്ലിസിറ്റി ലഭിച്ച മറ്റൊരു സിനിമ മലയാളത്തിലുണ്ടായിട്ടില്ല. മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്ന് ആഗോള കാണികള്‍ക്കു മുന്നിലേക്ക് ഒരു സിനിമ എന്ന വിശേഷണത്തോടെ വിവിധ ഭാഷകളിലായി റെക്കോര്‍ഡ് സ്‌ക്രീനുകളിലും രണ്ടാഴ്ചയ്ക്കു ശേഷം ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്ത മരക്കാര്‍ പരസ്യവരുമാനം കൊണ്ടും പ്രീ ബുക്കിംഗ് കൊണ്ടും മാത്രം മുടക്കുമുതലായ 100 കോടി തിരിച്ചുപിടിച്ചെന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്. 

വന്‍ പരസ്യ, അവകാശവാദ ഘോഷങ്ങളോടെ തിയേറ്ററിലെത്തിയ സിനിമയുടെ പെരുമയ്ക്കു ചേരും വിധമുള്ള വരവേല്പ് തന്നെ പ്രേക്ഷകര്‍ നല്‍കി. കേരളത്തിലെ 90 ശതമാനത്തിലേറെ തിയേറ്ററുകളിലും മരക്കാര്‍ ആയിരുന്നു റിലീസ്. മറ്റു സിനിമകള്‍ മരക്കാറിനു വേണ്ടി വഴിമാറിക്കൊടുത്തു. മിക്ക തിയേറ്ററുകളിലും പാതിരാത്രി തന്നെ ആദ്യ പ്രദര്‍ശനം തുടങ്ങി. കോവിഡ് പ്രതിസന്ധിക്കു ശേഷം തിയേറ്ററുകള്‍ തുറക്കുമ്പോഴത്തെ ഏറ്റവും പ്രത്യാശാകരമായ കാഴ്ച തന്നെയായിരുന്നു ഇത്.

എന്നാല്‍ ഉറക്കമൊഴിച്ച് ആദ്യ പ്രദര്‍ശനം കണ്ടുതീര്‍ത്ത പ്രേക്ഷകരില്‍ മരക്കാര്‍ പ്രതീക്ഷിച്ച ചലനമുണ്ടാക്കിയില്ലെന്നു മാത്രമല്ല, കടുത്ത നിരാശയും കൂടിയാണ് സമ്മാനിച്ചത്. ആദ്യദിവസത്തെ മൂന്നോ നാലോ പ്രദര്‍ശനങ്ങള്‍ കഴിഞ്ഞതോടെ ഇതായിരുന്നില്ല, തങ്ങള്‍ പ്രതീക്ഷിച്ച മലയാളത്തിലെ ഏറ്റവും വലിയ സിനിമയെന്ന് പ്രേക്ഷകരില്‍ നിന്ന് ഭൂരിപക്ഷ അഭിപ്രായം ഉയര്‍ന്നു. വളരെ ഉയര്‍ന്ന പ്രതീക്ഷയാണ് നിരാശയുടെ ആഴം വര്‍ധിപ്പിച്ചതെന്ന് പൊടുന്നനെ വിലയിരുത്താമെങ്കിലും പ്രേക്ഷകരില്‍ ഉണ്ടാക്കിയ തണുത്ത പ്രതികരണത്തിന് കാരണം സിനിമയുടെ നിലവാരക്കുറവ് തന്നെയായിരുന്നു.

ഹോളിവുഡിലേതടക്കമുള്ള യുദ്ധകഥകളും ആയോധനവീരന്മാരുടെ ചരിത്രാഖ്യാനങ്ങളും കണ്ടു പരിചയിച്ച പ്രേക്ഷകരെ പരിഗണിക്കുന്നതായിരുന്നില്ല മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ. പ്രേക്ഷകരെ വിലകുറച്ചു കണ്ടു എന്നതു തന്നെയാണ് ഈ സിനിമയ്ക്കു പറ്റിയ വലിയ വീഴ്ച. ഡേവിഡ് ബെനിയോഫിന്റെ വിഖ്യാത സിനിമ ട്രോയ് അടക്കമുള്ളവയുടെ പേരു നിരത്തിയാണ് മരക്കാര്‍ കണ്ട പ്രേക്ഷകര്‍ സിനിമക്കെതിരെ പ്രതികരിച്ചത്. പല ഹോളിവുഡ് വാര്‍ സ്‌റ്റോറികളുടെയും അവതരണരീതിയും കഥാമുന്നേറ്റവും പശ്ചാത്തലവും അതേപടി പിന്തുടരുകയോ അനുകരിക്കുകയോ ആയിരുന്നു മരക്കാര്‍. 


എങ്ങനെയാണോ മരക്കാറിന്റെ റിലീസിനു മുമ്പ് പ്രേക്ഷകര്‍ ഈ സിനിമയെ ആഘോഷിച്ചത്, അതിനു നേര്‍ വിപരീത പ്രതികരണമായിരുന്നു റിലീസിംഗിനു ശേഷമുണ്ടായത്. ഇത് കേവലം പ്രതീക്ഷകളില്‍ നിന്നുമുടലെടുത്ത നിരാശ മാത്രമായിരുന്നില്ല. ശരാശരിയിലും താഴെയുള്ള, ഒട്ടും വെല്ലുവിളിയുയര്‍ത്താത്ത തിരക്കഥയുമായി വിഷ്വല്‍ ഇഫക്ട്‌സിലും കലാസംവിധാനത്തിലും മാത്രം പ്രതീക്ഷ വച്ച് പടച്ചെടുത്ത ഒരു സിനിമയാണ് തങ്ങള്‍ക്കു മുന്നിലെത്തിയിരിക്കുന്നതെന്ന് പ്രേക്ഷകര്‍ക്ക് എളുപ്പത്തില്‍ ബോധ്യമായി. അവര്‍ ആ നിരാശ സോഷ്യല്‍ മീഡിയ ഡീഗ്രേഡിംഗ് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ കൊണ്ട് പ്രകടിപ്പിക്കുകയും ചെയ്തു. ഒരു നല്ല സിനിമയെ/കലാസൃഷ്ടിയെ എന്തെങ്കിലും പ്രത്യേക കാരണത്താലോ ഉദ്ദേശത്താലോ ബോധപൂര്‍വ്വം ഇകഴ്ത്തി കാണിക്കുകയെന്നത് സൃഷ്ടിയോടും അതിന്റെ സ്രഷ്ടാക്കളോടുമുള്ള പൊറുക്കാനാകാത്ത പാതകമാണ്. എന്നാല്‍ തങ്ങളെ വിഡ്ഢികളാക്കുന്ന ആഖ്യാനത്തോടാണ് ഇവിടെ പ്രേക്ഷകര്‍ അവരുടെ ആസ്വാദനസ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിയത്.

മരക്കാറിന്റെ അനുഭവം മുന്നിലുള്ളതിനാല്‍ വലിയ പ്രതീക്ഷകള്‍ വേണ്ട, ഇതൊരു മാസ് മസാല ചിത്രം മാത്രമാണെന്നു മുന്‍കൂര്‍ പറഞ്ഞുകൊണ്ടായിരുന്നു ആറാട്ടിന്റെ അണിയറപ്രവര്‍ത്തകര്‍ ട്രെയ്‌ലര്‍ അടക്കം പുറത്തുവിട്ടത്. വലിയ അവകാശവാദങ്ങള്‍ നടത്താന്‍ അണിയറക്കാര്‍ തയ്യാറായില്ലെങ്കിലും മോഹന്‍ലാലിന്റെ ആരാധകര്‍ ആവേശത്തോടെയാണ് ആറാട്ടിനെ വരവേറ്റത്. പുതുമകളില്ലാത്ത ചിത്രമെന്ന അണിയറപ്രവര്‍ത്തകരുടെ തുറന്നുപറച്ചില്‍ ഒരുപരിധി വരെ ആറാട്ടിന് ഗുണം ചെയ്യുകയാണുണ്ടായത്. സിനിമ നിലവാരമില്ലാതിരുന്നിട്ടും മരക്കാറിനുണ്ടായ ഡീഗ്രേഡിംഗില്‍ നിന്ന് ആറാട്ട് അങ്ങനെയാണ് രക്ഷപ്പെട്ടത്. ആദ്യദിവസങ്ങളിലെ ആരവത്തോടെ തിയേറ്റര്‍ വിടാനായിരുന്നു ഈ സൂപ്പര്‍താര ചിത്രത്തിന്റെയും വിധി.

മാതൃഭൂമി ഓണ്‍ലൈന്‍, 2022 മാര്‍ച്ച് 19, ഷോ റീല്‍ 11

No comments:

Post a Comment