സ്ഥിരമായി ചെയ്തുപോന്ന ഒരേ ജനുസ്സിലുള്ള ജനപ്രിയ കഥാപാത്രങ്ങളില്‍ നിന്നുള്ള പ്രേംനസീറിന്റെ വ്യതിചലിക്കലായിരുന്നു എം.ടിയുടെ തിരക്കഥയില്‍ പി.ഭാസ്‌കരന്‍ സംവിധാനം ചെയ്ത ഇരുട്ടിന്റെ ആത്മാവിലെ (1966) വേലായുധന്‍. സൂപ്പര്‍താര പദവിയില്‍ അപ്രമാദിത്വത്തോടെ നിലകൊണ്ടിരുന്ന പ്രേംനസീറിന്റെ ഡീഗ്ലാമറൈസ് കഥാപാത്രം പ്രേക്ഷകര്‍ക്ക് പുതുമയായിരുന്നു. കഥാപാത്രങ്ങളിലെ പ്രകടനസാധ്യതയേക്കാള്‍ ആരാധകരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് തന്നിലെ താരബിംബത്തെ പ്രതിഫലിപ്പിക്കാന്‍ നിര്‍ബന്ധിതനായ നായകന്റെ വേട്ടയാടപ്പെടുകയും ഒറ്റപ്പെടുത്തപ്പെടുകയും പരാജയപ്പെട്ടു പോകുകയും ചെയ്യുന്ന വേലായുധന്‍ അതുവരെയുണ്ടായിരുന്ന പ്രേംനസീര്‍ കഥാപാത്രങ്ങളില്‍നിന്ന് വ്യക്തമായ അകലം പാലിച്ചു. ഈ കഥാപാത്രത്തിനു മുമ്പോ ശേഷമോ വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളെ അവതരിപ്പിച്ചു ഫലിപ്പിക്കാന്‍ മെനക്കെടാത്ത സൂപ്പര്‍താരത്തിന് മറ്റൊരു മുഖം സാധ്യമാണെന്ന ഓര്‍മ്മപ്പെടുത്തലായി ഇരുട്ടിന്റെ ആത്മാവും വേലായുധനും കൂട്ടത്തില്‍നിന്ന് മാറിനില്‍ക്കുന്നു.
ഇതേ മാതൃകയില്‍ വാര്‍പ്പുമാതൃകാ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരില്‍ സ്ഥായിയായൊരു മുഖം പതിഞ്ഞുപോയ ഒട്ടേറെ അഭിനേതാക്കളുണ്ട്. ഈ മുഖത്തെ മുറിച്ചുകടക്കുകയെന്നതാണ് അവര്‍ നേരിടുന്ന വലിയ വെല്ലുവിളി. എന്നാല്‍ പ്രേംനസീറിനെ തുടര്‍ന്നുവന്ന മമ്മൂട്ടിയും മോഹന്‍ലാലുമടക്കമുള്ള സൂപ്പര്‍താരങ്ങള്‍ക്ക് ഒരേ മാതൃകയിലുള്ള കഥാപാത്രങ്ങളെ സ്ഥിരമായി അവതരിപ്പിക്കേണ്ടിവരുന്ന ബാധ്യതയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനായി. വളര്‍ച്ചയുടെ തുടക്കദശകങ്ങളിലെ മലയാള സിനിമാ വ്യവസായത്തെ മുന്നോട്ടുനയിച്ച നിര്‍ണായക ചാലകശക്തി എന്ന നിലയില്‍ പ്രേംനസീറിന്റെ ഉത്തരവാദിത്വം പില്‍ക്കാല താരങ്ങളേക്കാള്‍ വലുതായിരുന്നു. അതുകൊണ്ടു തന്നെയായിരിക്കണം അദ്ദേഹം വ്യത്യസ്തതയ്ക്കു വേണ്ടിയുള്ള പരിശ്രമങ്ങള്‍ക്ക് പിറകേ അധികം പോകാതിരുന്നത്.
മുന്‍നിര താരങ്ങളേക്കാള്‍ പ്രതിനായക, ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്തുപോരുന്ന അഭിനേതാക്കള്‍ക്കായിരിക്കും വ്യത്യസ്തതയ്ക്കു വേണ്ടിയുള്ള ഇത്തരമൊരു മുറിച്ചുകടക്കല്‍ പലപ്പോഴും ആവശ്യമായി വരുന്നത്. സൂപ്പര്‍താരങ്ങള്‍ക്കും മുന്‍നിര അഭിനേതാക്കള്‍ക്കും വ്യത്യസ്തതയ്ക്കായുള്ള തെരഞ്ഞെടുപ്പിന് കുറേക്കൂടി തുറന്ന അവസരങ്ങളുണ്ട്. സ്ഥിരമായി വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒരു നടന്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുമ്പൊഴേ അയാളില്‍ നിന്ന് വില്ലത്തരങ്ങളാണ് കാണികള്‍ പ്രതീക്ഷിക്കുക. കോമഡി ചെയ്യുന്ന അഭിനേതാക്കളുടെ കാര്യവുമതേ. അവര്‍ വരുമ്പൊഴേ ചിരിച്ചു തുടങ്ങാന്‍ തയ്യാറെടുക്കുകയാണ് കാണികള്‍. ഗൗരവ വേഷങ്ങള്‍ ചെയ്യുന്ന ഒരു സ്വഭാവ നടന്‍/നടിയില്‍ നിന്ന് സ്ഥായിയായ മെലോഡ്രാമയായിരിക്കും പ്രതീക്ഷിക്കുക. ഇത്തരം കഥാപാത്രങ്ങളില്‍ അകപ്പെട്ടു പോയ ചില അഭിനേതാക്കള്‍ തീര്‍ത്തും അപ്രതീക്ഷിതമായി സ്വയം മുറിച്ചു കടക്കാറുണ്ട്. ഇത്തരമൊരു പരിവര്‍ത്തനം അഭിനേതാക്കള്‍ക്ക് സാധ്യമാക്കുന്നതിനു സഹായിക്കുന്ന പ്രേരകശക്തി എഴുത്തുകാരനും സംവിധായകനും കൂടിയാണ്.
1970കള്‍ തൊട്ട് ചെറിയ വേഷങ്ങളും പ്രതിനായക വേഷങ്ങളും ചെയ്തുപോന്ന ജനാര്‍ദ്ദനന് തന്നിലെ സ്റ്റീരിയോടൈപ്പ് അഭിനേതാവിനെ മറികടക്കാന്‍ രണ്ടു പതിറ്റാണ്ടോളം വേണ്ടിവന്നു. ഒരു സിബിഐ ഡയറിക്കുറിപ്പിലെ (1988) കഥാപാത്രത്തില്‍ സ്ഥിരം പ്രതിനായകത്വത്തില്‍ നിന്ന് വ്യതിചലിക്കുന്നതിന്റെ സൂചനകള്‍ നല്‍കുന്ന ജനാര്‍ദ്ദനന്‍ രാജസേനന്റെ മേലേപ്പറമ്പില്‍ ആണ്‍വീട്ടിലെ (1993) കണ്ണപ്പന്‍ എന്ന അമ്മാവന്‍ വേഷത്തിലൂടെ രണ്ടര പതിറ്റാണ്ടോളം ചെന്ന തന്നിലെ പ്രതിനായകത്വത്തെ പൂര്‍ണമായി അഴിച്ചുവച്ച് ഹാസ്യാത്മകമായ മേലങ്കിയെടുത്തണിയുകയായിരുന്നു. ഒരു ജനാര്‍ദ്ദനന്‍ കഥാപാത്രം ആദ്യമായി കാണികളെ ചിരിപ്പിച്ചപ്പോള്‍ ഈ നടനിലെ മറ്റൊരു പ്രകടനസാധ്യതയ്ക്ക് അവസരമൊരുങ്ങുകയായിരുന്നു. തുടര്‍ന്നുള്ള ഒരു ദശകം ജനാര്‍ദ്ദനനെ മലയാള സിനിമ അടയാളപ്പെടുത്തിയത് ഹാസ്യനടന്‍ എന്ന വിശേഷണത്തിലായിരുന്നു. സിഐഡി ഉണ്ണികൃഷ്ണനിലെ (1994) ഋഷികേശന്‍ നായരും, മാന്നാര്‍ മത്തായി സ്പീക്കിങ്ങിലെ (1995) ഗര്‍വാസിസ് ആശാനും ഈ ഹാസ്യസഞ്ചാരത്തിന്റെ തുടക്കത്തിലെ വഴിത്തിരിവായ കഥാപാത്രങ്ങളായി മാറി.
രണ്ടു പതിറ്റാണ്ടോളം നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങള്‍ മാത്രം ചെയ്തുപോന്ന ഒരു നടന്റെ നേരിയ വ്യതിയാനമായിരുന്നു സിബിമലയിലിന്റെ കിരീടത്തിലെ (1989) കൊച്ചിന്‍ ഹനീഫയുടെ ഹൈദ്രോസില്‍ കണ്ടത്. പില്‍ക്കാലത്ത് ഹാസ്യനടനെന്ന നിലയിലേക്കുള്ള കൊച്ചിന്‍ ഹനീഫയുടെ വളര്‍ച്ചയുടെ സൂചന നല്‍കുന്നതായിരുന്നു കിരീടത്തിലെ കഥാപാത്രം. മാന്നാര്‍ മത്തായി സ്പീക്കിങ്ങിലെ എല്‍ദോ എന്ന കഥാപാത്രത്തില്‍ ഹാസ്യനടന്റെ ശരീരഭാഷ എളുപ്പത്തില്‍ ഉള്‍ക്കൊള്ളുന്ന കൊച്ചിന്‍ ഹനീഫയെ കാണാനാകും. പഞ്ചാബിഹൗസിലെ (1998) ഗംഗാധരന്‍ മുതലാളി ഹാസ്യവേഷങ്ങളില്‍ കൊച്ചിന്‍ ഹനീഫയുടെ അപാരമായ മികവിനെ അടയാളപ്പെടുത്താന്‍ പോന്നതായിരുന്നു. ഈ കഥാപാത്രം സൃഷ്ടിച്ച ജനപ്രീതി തന്റെ പൂര്‍വ്വകാല പ്രതിനായക വേഷങ്ങളെയെല്ലാം പിറകോട്ടടിപ്പിക്കാന്‍ പോന്നതും സ്വാഭാവിക നര്‍മ്മഭാവങ്ങളുടെ പ്രകാശനം അനായാസം സാധ്യമാകുന്ന ഒരു നടന്റെ ജനനത്തിന് വഴിതെളിക്കുകയും ചെയ്തു.
ചെറുപ്പക്കാരികളായ നടിമാര്‍ ഹാസ്യം ചെയ്യാന്‍ മടിക്കുമ്പോഴാണ് കല്‍പ്പന വളരെ സ്വാഭാവികമായി അത്തരം കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തത്. ഒട്ടേറെ ഹാസ്യനടന്മാര്‍ക്കൊപ്പം ഒരേയൊരു ഹാസ്യനായികയായി കല്‍പ്പനയിലെ നടി ദീര്‍ഘകാലം മലയാള സിനിമയില്‍ നിറഞ്ഞുനിന്നു. കല്‍പ്പന എന്ന പേര് നിറഞ്ഞ ചിരിയോടെ മലയാളി തിരിച്ചറിഞ്ഞു. ജഗതി ശ്രീകുമാറിനൊപ്പമുള്ള കല്‍പ്പനയുടെ ഹിറ്റ് കോമ്പോ വരെ രൂപപ്പെട്ടു. അതേസമയം ഇന്നസെന്റ്, ഹരിശ്രീ അശോകന്‍ എന്നിവര്‍ക്കൊപ്പവും സ്വതന്ത്രമായും കല്‍പ്പന ചിരി തീര്‍ത്തു. സുകുമാരിയെ പോലുള്ള നടിമാര്‍ അടൂര്‍ ഭാസി മുതല്‍ക്കുള്ള നടന്‍മാര്‍ക്കൊപ്പം ചിരി തീര്‍ത്തിരുന്നെങ്കിലും കല്‍പ്പനയുടേതു പോലെ നന്നേ ചെറുപ്പത്തിലെ ചിരിപ്പിക്കുന്ന നടിയാകുകയും കരിയിലുടനീളം ഹാസ്യനടി എന്നു ലേബലൈസ് ചെയ്യപ്പെടുകയും ചെയ്തിരുന്നില്ല. ബാബു തിരുവല്ലയുടെ തനിച്ചല്ല ഞാന്‍ (2012) എന്ന സിനിമയിലാണ് കല്‍പ്പനയിലെ അഭിനേത്രി മറിച്ചൊരു മുഖം കാണിക്കുന്നത്. വിജയിച്ച ഒരു അഭിനേതാവിനെ വിജയമാതൃകാ കഥാപാത്രങ്ങളില്‍ സുരക്ഷിതമായി അവതരിപ്പിക്കാനാണ് സിനിമ എപ്പോഴും ശ്രമിക്കുക. കല്‍പ്പനയിലെ സ്ഥായിയായ നര്‍മ്മബോധമായിരുന്നു ജനപ്രിയമായിരുന്നത്. സ്വാഭാവികമായും കല്‍പ്പനയിലെ ഹാസ്യതാരത്തെ കേന്ദ്രമാക്കി നിരന്തരം കഥാപാത്രങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. 'തനിച്ചല്ല ഞാനി'ലാകട്ടെ താന്‍ മുദ്ര ചെയ്യപ്പെട്ടുപോയ കഥാപാത്രങ്ങളെ പാടേ നിരാകരിക്കുന്ന അഭിനേത്രിയെയാണ് കാണാനാകുക. ചെല്ലമ്മ എന്ന വൃദ്ധയ്ക്ക് തുണയാകുന്ന റസിയാ ബീവി എന്ന കഥാപാത്രത്തെയാണ് കല്‍പ്പന അവതരിപ്പിക്കുന്നത്. അതീവഗൗരവ സ്വഭാവം സൂക്ഷിക്കുന്ന ഒരു കഥാപാത്രമായി പ്രേക്ഷകര്‍ തന്നെ എങ്ങനെ ഉള്‍ക്കൊള്ളുമെന്ന് സംശയം തോന്നിയിരുന്ന കല്‍പ്പന ഈ കഥാപാത്രമാകാന്‍ ഉര്‍വ്വശിയെ നിര്‍ദേശിക്കുക പോലും ചെയ്തു. എന്നാല്‍ തന്നിലെ അഭിനേത്രിയിലെ വ്യത്യസ്തയെ പുറത്തെടുക്കാനുള്ള അവസരം കല്‍പ്പനയില്‍ തന്നെ വന്നുചേരുകയും അതവര്‍ പൂര്‍വ്വമാതൃകയില്ലാത്ത വിധം അവിസ്മരണീയമാക്കുകയും ചെയ്തു. കല്‍പ്പനയിലെ നടിയുടെ തിരിച്ചറിയപ്പെടാതെ പോയ വ്യാപ്തി അടയാളപ്പെടുത്തുന്ന കഥാപാത്രമായി റസിയ മാറി. തമാശയും രസികത്തവും നിറഞ്ഞ ഭാവം ആര്‍ദ്രതയുടേയും കനിവിന്റേതുമായി മാറി. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരമാണ് ഈ കഥാപാത്രത്തിലൂടെ കല്‍പ്പനയെ തേടിയെത്തിയത്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് രഞ്ജിത്തിന്റെ സ്പിരിറ്റിലും (പങ്കജം), ദീപന്റെ ഡോള്‍ഫിന്‍സിലും (വാവ), മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ചാര്‍ലിയിലും (മരിയ) കല്‍പ്പനയ്ക്ക് ജീവിതത്തോട് തൊട്ടുനില്‍ക്കുന്ന കാമ്പുള്ള കഥാപാത്രങ്ങള്‍ ലഭിക്കുന്നത്.
മിമിക്രി വേദിയില്‍ നിന്ന് സിനിമയിലെത്തി ശബ്ദാനുകരണം കൊണ്ടും ഹാസ്യരംഗത്തെ സവിശേഷമായ മെയ്വഴക്കം കൊണ്ടും തൊണ്ണൂറുകളില്‍ നിറസാന്നിധ്യമായ കലാഭവന്‍ മണി വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും (1999) എന്ന വിനയന്‍ ചിത്രത്തിലെ അന്ധഗായകനായി മാറിയത് ഒരു നടന്റെ വിശേഷപ്പെട്ട പരിവര്‍ത്തനമായി കാണാവുന്നതാണ്. ഹാസ്യവേഷങ്ങള്‍ മാത്രം ചെയ്തിരുന്ന കലാഭവന്‍ മണിയെ നായകനാക്കി വിനയന്‍ നടത്തിയ പരീക്ഷണം തന്നിലെ അഭിനേതാവിനെ പുറത്തെടുക്കാന്‍ ലഭിച്ച സുവര്‍ണാവസരമായി മണി പ്രയോജനപ്പെടുത്തി. നടനെന്ന നിലയിലുള്ള മണിയുടെ വളര്‍ച്ചയെ അടയാളപ്പെടുത്തിയ കരുമാടിക്കുട്ടന്‍, ആകാശത്തിലെ പറവകള്‍ (2001), വാല്‍ക്കണ്ണാടി (2002) തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ക്കെല്ലാം അടിത്തറ പാകിയത് രാമു എന്ന അന്ധഗായക കഥാപാത്രമാണ്. വിനയന്റെ രാക്ഷസരാജാവി(2001)ലെ ഗുണശേഖരന്‍ എന്ന രാഷ്ട്രീയക്കാരനായ പ്രതിനായക കഥാപാത്രം ഹാസ്യ, സ്വഭാവ വേഷങ്ങളില്‍ നിന്നുള്ള മണിയുടെ വ്യതിയാനത്തെ അടയാളപ്പെടുത്തുന്നു. ഒരേ അച്ചില്‍ വാര്‍ക്കപ്പെട്ടതെന്നു തോന്നിപ്പിക്കുന്ന കഥാപാത്രങ്ങള്‍ മാത്രം ചെയ്തുപോന്ന ഒരു നടന്റെ ഇമേജിനെ എങ്ങനെ മാറ്റി പ്രതിഷ്ഠിക്കാം എന്നതിന്റെ ഉത്തമോദാഹരണങ്ങളാണ് കലാഭവന്‍ മണിയുടെ ഈ വേഷപ്പകര്‍ച്ചകള്‍. തമിഴിലെയും തെലുങ്കിലെയും കന്നടയിലെയും സൂപ്പര്‍താര സിനിമകളിലെ ശക്തമായ പ്രതിനായക കഥാപാത്രങ്ങളിലേക്കുള്ള മണിയുടെ വളര്‍ച്ചയ്ക്ക് പ്രചോദനമാകുന്നത് രാക്ഷസരാജാവിലെ ഗുണശേഖരനാണ്.
ഏതു കഥാപാത്രവും തന്റേതായ ശൈലിയില്‍ ആവാഹിച്ചു പൊലിപ്പിക്കാന്‍ കെല്‍പ്പുള്ള നടനായ തിലകന്‍, ടി.കെ.രാജീവ് കുമാറിന്റെ കണ്ണെഴുതി പൊട്ടും തൊട്ട് (1999) എന്ന സിനിമയില്‍ ശൃംഗാരരസപ്രദായിയായ എട്ടുവീട്ടില്‍ നടേശന്‍ മുതലാളി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. തിലകന് വെല്ലുവിളിയാകുന്ന കഥാപാത്രമല്ലെങ്കില്‍ പോലും അത്രനാള്‍ ചെയ്തുപോന്ന വേഷങ്ങളില്‍ നിന്ന് വലിയ വ്യത്യാസമുണ്ടായിരുന്നു നടേശന്‍ മുതലാളിയായുള്ള പരകായപ്രവേശത്തിന്. കഥാപാത്രം ആവശ്യപ്പെടുന്ന ഏതു ഭാവവും പകര്‍ന്നുനല്‍കുകയെന്ന പൂര്‍ണതയുള്ള നടന്റെ കര്‍മ്മം നിറവേറ്റുകയായിരുന്നു തിലകന്‍ ഈ കഥാപാത്രത്തിലൂടെ. അത് പ്രേക്ഷകനിലുണ്ടാക്കിയ പുതുമ ഏറെ വലുതായിരുന്നു.
സ്വഭാവ നടന്‍ എന്ന ലേബലിലും നന്മ നിറഞ്ഞ കഥാപാത്രങ്ങളിലും നിറഞ്ഞുനിന്ന നെടുമുടി വേണുവിന്റെ പ്രതിനായകത്വത്തെക്കുറിച്ച് ചിന്തിക്കാന്‍ കാണികള്‍ക്കാകുമായിരുന്നില്ല. അങ്ങനെയൊരു മുഖമായിരുന്നില്ല നെടുമുടിക്കുണ്ടായിരുന്നതും. പല കഥാപാത്രങ്ങളും അദ്ദേഹത്തിന് ഒരു സാത്വിക പരിവേഷം കൂടി നല്‍കുകയും ചെയ്തു. പ്രിയദര്‍ശന്‍ വന്ദനത്തിലൂടെ (1989)യും കമല്‍ ചമ്പക്കുളം തച്ചനി (1992)ലൂടെയും ഈ പ്രതിച്ഛായയാണ് പൊളിച്ചു കളയുന്നത്. ഈ രണ്ടു സിനിമകളിലെയും പ്രതിനായക സ്വഭാവമുള്ള കഥാപാത്രങ്ങള്‍ നെടുമുടിയുടെ കരിയറിലെ തന്നെ മികച്ചവയുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. പില്‍ക്കാലത്ത് ഒരു സെക്കന്റ് ക്ലാസ് യാത്ര (2015)യില്‍ ചമ്പക്കുളം തച്ചനിലെ കഥാപാത്രത്തിന്റെ വിദൂരഛായ പേറുന്ന നെടുമുടി കഥാപാത്രത്തെ കാണാം. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ബെസ്റ്റ് ആക്ടറി (2010)ലെ ഡെന്‍വര്‍ ആശാനാകട്ടെ ഈ നടനിലെ ഹാസ്യത്തിന്റെ വേറിട്ട മുഖവും കാണിച്ചുതരുന്നു.
പ്രതിനായക കഥാപാത്രങ്ങളിലെ പൂര്‍ണതയുടെ ആള്‍രൂപമായിരുന്നു രാജന്‍ പി.ദേവ്. തമ്പി കണ്ണന്താനത്തിന്റെ ഇന്ദ്രജാലത്തിലെ (1990) കാര്‍ലോസ് എന്ന വില്ലന്‍ കഥാപാത്രത്തിന്റെ പേര് കൊണ്ടാണ് ഏറെക്കാലം രാജന്‍ പി.ദേവ് അറിയപ്പെട്ടതു പോലും. രാജസേനന്റെ അനിയന്‍ ബാവ ചേട്ടന്‍ ബാവ (1995)യിലെ പ്രതിനായകത്വവും രസികത്തവും നിറഞ്ഞ ടൈറ്റില്‍ കഥാപാത്രം രാജന്‍ പി.ദേവിലെ ഹാസ്യം കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന നടനിലേക്കുള്ള ചൂണ്ടുപലകയായി. ഷാഫിയുടെ തൊമ്മനും മക്കളും (2005) രാജന്‍ പി.ദേവിലെ ഹാസ്യതാരത്തെ ചൂഷണം ചെയ്ത സിനിമയാണ്. ഒരേസമയം ഭാവം കൊണ്ടും ശബ്ദം കൊണ്ടും സാന്നിധ്യമാകാന്‍ പോന്ന അപൂര്‍വ്വപ്രതിഭയായ രാജന്‍ പി.ദേവ് പ്രതിനായക വേഷങ്ങള്‍ക്ക് നല്‍കിയ പൂര്‍ണത അതേപടി ഉള്‍ക്കൊള്ളാന്‍ ഹാസ്യകഥാപാത്രങ്ങള്‍ക്കുമായി എന്നതാണ് സവിശേഷത. അന്‍വര്‍ റഷീദിന്റെ ഛോട്ടാ മുംബൈയിലെ (2007) പാമ്പ് ചാക്കോച്ചന്‍ എന്ന കഥാപാത്രം രസികത്തം അടിമുടി ഉള്‍ക്കൊണ്ട രാജന്‍ പി.ദേവ് കഥാപാത്രമായിരുന്നു.
1990കളുടെ ആദ്യപകുതിയിലെ ജനപ്രിയ ഹാസ്യതാരങ്ങളിലൊരാളായി നിലകൊള്ളുമ്പോള്‍ തന്നെ കാരക്ടര്‍ റോളുകളില്‍ മികവ് തെളിയിക്കാനായ സിദ്ധിഖിന്റെ അതുവരെ കാണാത്ത മുഖം കാണിച്ചുതന്ന സിനിമയായിരുന്നു വിജിതമ്പിയുടെ സത്യമേവ ജയതേ (2000). ഈ സിനിമയിലെ ബാലുഭായ് എന്ന പ്രതിനായക വേഷം തുടര്‍ന്നുള്ള രണ്ട് ദശകങ്ങളിലെ സജീവമായ ഒട്ടനവധി പ്രതിനായക, സ്വഭാവ കഥാപാത്രങ്ങളിലേക്കുള്ള സിദ്ധിഖിന്റെ വളര്‍ച്ചയ്ക്ക് വഴിതെളിച്ചു. സത്യമേവ ജയതേയില്‍ സുരേഷ്‌ഗോപിയുടെ നായകനോളം പോന്ന പ്രതിനായക വേഷത്തില്‍ സവിശേഷമായ മാനറിസങ്ങളും ഡയലോഗ് ഡെലിവറിയും കൊണ്ട് സിദ്ധിഖ് സാന്നിധ്യമായി.
ശരീരത്തിന്റെ കുറവുകളെ ഹാസ്യമാക്കി മാറ്റി ആളുകളെ ചിരിപ്പിച്ചുകൊണ്ടിരുന്ന ഇന്ദ്രന്‍സും പ്രാദേശികമായ സംഭാഷണ ശൈലിയെ ഹാസ്യാത്മകമാക്കി അവതരിപ്പിച്ച് കൈയടി നേടിയ സുരാജ് വെഞ്ഞാറമൂടും മറ്റൊരു തലത്തിലുള്ള ഭാവപ്രകടനങ്ങള്‍ തങ്ങള്‍ക്ക് സാധ്യമാണെന്നു തെളിയിച്ച് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയാണുണ്ടായത്. ഇന്ദ്രന്‍സിന് ശരീരത്തിന്റെ വലുപ്പക്കുറവ് കൊണ്ടും സുരാജിന് തിരുവനന്തപുരത്തെ ചില പ്രദേശങ്ങളിലെ വ്യവഹാര ഭാഷയെ പ്രയോജനപ്പെടുത്തിയും ചിരി സൃഷ്ടിക്കാമെന്നല്ലാതെ ഇവരിലെ നടനെ എങ്ങനെ വേറിട്ട് പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നതില്‍ പ്രേക്ഷകര്‍ അത്രകണ്ട് പ്രതീക്ഷ വച്ചതല്ല. എന്നാല്‍ മാധവ് രാദാസ് അപ്പോത്തിക്കിരി (2014) എന്ന സിനിമയിലൂടെ ഇന്ദ്രന്‍സിന് നല്‍കിയത് അത്തരമൊരു വെല്ലുവിളിയാണ്. നേര്‍ത്തൊരു ചിരി പോലുമില്ലാതെ വല്ലായ്കകളും ഗതികേടും മാത്രം കൈമുതലായി അസുഖക്കാരനായ മകനുമായി ആശുപത്രിയിലെത്തുന്ന ജോസഫ് എന്ന ഇന്ദ്രന്‍സ് കഥാപാത്രം പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമായിരുന്നു. ചിരിയില്ലാത്ത ഗൗരവക്കാരനായ ഇന്ദ്രന്‍സ് കഥാപാത്രങ്ങളുടെ തുടക്കം ഇവിടെ നിന്നായിരുന്നു. അതിനുമുമ്പ് അടൂരും ടി.വി ചന്ദ്രനും ഉള്‍പ്പെടെയുള്ള സംവിധായകര്‍ സമാന്തര സിനിമകളില്‍ ഇന്ദ്രന്‍സിലെ അഭിനേതാവിന്റെ സാധ്യത പരീക്ഷിക്കാന്‍ തയ്യാറായിരുന്നുവെന്നതും ശ്രദ്ധേയമാണ്. എബ്രിഡ് ഷൈനിന്റെ ആക്ഷന്‍ ഹീറോ ബിജു (2016) വില്‍ കേവലം രണ്ട് സീനുകളിലെത്തി അസാമാന്യമായ മനോവികാര പ്രകടനം കൊണ്ട് ആ സിനിമയുടെ കാഴ്ചയെ തന്നെ വേറിട്ടൊരു തലത്തിലേക്ക് ഉയര്‍ത്തിയാണ് സുരാജ് വിസ്മയം സൃഷ്ടിക്കുന്നത്. അതുവരെ ഭാഷയിലെ വികല, സവിശേഷ പ്രയോഗങ്ങളെ ആഘോഷമാക്കിയ ഒരു നടന്റെ പരിവര്‍ത്തനത്തിന്റെ വിളംബരമായിരുന്നു ഈ കഥാപാത്രത്തില്‍ സാധ്യമായത്. അതിനു മുമ്പ് ഡോ.ബിജുവിന്റെ പേരറിയാത്തവര്‍ (2014) എന്ന സിനിമയിലൂടെ ദേശീയ പുരസ്‌കാരം നേടിയ സുരാജിലെ നടന്‍ അടയാളപ്പെടുത്തപ്പെട്ടിരുന്നെങ്കിലും മുഖ്യധാരാ സിനിമയുടെ കാണികള്‍ ആദ്യമായി സുരാജിലെ അഭിനേതാവിനെ കണ്ട് വിസ്മയം കൂറുന്നത് ആക്ഷന്‍ ഹീറോ ബിജുവിനെ പവിത്രന്‍ എന്ന കഥാപാത്രത്തിലൂടെയാണ്.
ഹാസ്യവേഷങ്ങളില്‍ അനിഷേധ്യ സാന്നിധ്യമായി നിറഞ്ഞുനില്‍ക്കുമ്പോഴാണ് ലാല്‍ജോസ് അച്ഛനുറങ്ങാത്ത വീട് (2006) എന്ന ചിത്രത്തിലൂടെ സലിംകുമാറിനെ വികാര പ്രകടനങ്ങള്‍ക്ക് ഏറെ സാധ്യതയുള്ള സാമുവേല്‍ ആക്കുന്നത്. സാമുവേല്‍ എന്ന നിസ്സഹായനായ പിതാവിന്റെ ദു:ഖങ്ങള്‍ സലിംകുമാറിലെ അഭിനേതാവ് പൂര്‍ണമായി ഉള്‍ക്കൊണ്ടു. ഈ കഥാപാത്രം നല്‍കിയ ആത്മവിശ്വാസത്തില്‍ നിന്നാണ് ദേശീയ അംഗീകാരത്തോളമെത്തിയ സലിം അഹമ്മദിന്റെ ആദാമിന്റെ അബു (2011) ഉള്‍പ്പെടെയുള്ള പ്രകടനങ്ങള്‍ സലിംകുമാറില്‍ നിന്നുണ്ടാകുന്നത്.
സാള്‍ട്ട് ആന്റ് പെപ്പറി(2011)ല്‍ ആഷിഖ് അബു ബാബുരാജിനെ അവതരിപ്പിക്കുന്നത് ശ്രദ്ധിക്കുക. ഒരു മാര്‍ക്കറ്റാണ് പശ്ചാത്തലം. രംഗത്തില്‍ ഇറച്ചിവെട്ടുന്നതിന്റെയും കത്തിയുടെയും ക്ലോസപ്പ്. കട്ട് ചെയ്ത് കാണിക്കുന്നത് ബാബുരാജ് ഗൗരവത്തോടെ ചന്തയിലേക്ക് നടന്നുവരുന്നത്. ഒരു ഭീഷണിയോ സംഘട്ടനമോ ആയിരിക്കും സ്വാഭാവികമായും കാണികള്‍ തുടര്‍ന്ന് പ്രതീക്ഷിക്കുക. എന്നാല്‍ പ്രേക്ഷകരെ അമ്പരപ്പിച്ച് കടയുടെ മുന്നില്‍നിന്ന് സമാധാനപരമായി സാധനങ്ങള്‍ വാങ്ങുകയാണ് ലുങ്കിയും ടീഷര്‍ട്ടുമിട്ട സര്‍വ്വസാധാരണീയനായ ബാബുരാജിന്റെ കുക്ക് ബാബു. കടക്കാരനെ 'ശശ്യേട്ടാ' എന്നു വിളിച്ച് വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് പറയുന്നതിലെ എളിമയും ഒടുക്കം, 'രണ്ട് രാധാസ്' എന്ന പറച്ചിലിലെ ശൈലീവ്യതിയാനവുമാകുമ്പോള്‍ കാണികളില്‍നിന്ന് ആദ്യമായി ഒരു ബാബുരാജ് കഥാപാത്രത്തിന്റെ പ്രകടനത്തില്‍ തെല്ല് അമ്പരപ്പു കലര്‍ന്ന ചെറുചിരി വിടരുന്നു. ഈ ചിരിയും രസികത്തവും സിനിമയിലുടനീളം നിലനിര്‍ത്താന്‍ ബാബുരാജിനാകുന്നു. അതോടെ അടി കൊടുക്കുകയും വാങ്ങുകയും മാത്രം ചെയ്തിരുന്ന ഒരു നടന്റെ കരിയറില്‍ അടിമുടി മാറ്റംവരുന്നു. സാള്‍ട്ട് ആന്റ് പെപ്പറിനുശേഷം പിന്നീട് മലയാള സിനിമ കാണുന്നത് ചിരിപ്പിക്കുന്ന ബാബുരാജ് എന്ന നടനെയാണ്. അക്കാലത്തെ ഒട്ടുമിക്ക വാണിജ്യ സിനിമകളിലും ബാബുരാജ് ചിരിപ്പിക്കുന്ന സാന്നിധ്യമായി മാറി. അതിനിടെ കോമഡി നായക വേഷങ്ങള്‍ ബാബുരാജിനെ ഏല്‍പ്പിക്കാന്‍ വരെ ഇന്‍ഡസ്ട്രി തയ്യാറായി. ഇതിനെല്ലാം നിമിത്തമാകുന്നത് ബാബുരാജില്‍ ചിരിപ്പിക്കാനറിയാവുന്ന ഒരു അഭിനേതാവുണ്ടെന്ന സാള്‍ട്ട് ആന്റ് പെപ്പറിന്റെ സംവിധായകനിലെ തിരിച്ചറിവാണ്. പ്രതിനായക വേഷങ്ങള്‍ കടന്ന് ഹാസ്യവേഷങ്ങളില്‍ ആവര്‍ത്തനവിരസത ബാധിച്ച് നിന്ന ബാബുരാജിന് പിന്നീടൊരു വ്യത്യസ്തത നല്‍കുന്നത് ദിലീഷ് പോത്തന്‍ ജോജിയിലെ ജോമോന്‍ എന്ന കഥാപാത്രത്തിലൂടെയാണ്. ഈ കഥാപാത്രത്തിന് പ്രതിനായകന്റെയോ കൊമേഡിയന്റെയോ ഛായയില്ലാത്ത അനായാസതയാണ് ബാബുരാജ് പകര്‍ന്നു നല്‍കുന്നത്. ഇത് ഒരു നടന്റെ ആവര്‍ത്തിക്കുന്ന വീണ്ടെടുപ്പാണ്.
പ്രതിനായക, പോലീസ്, കാരക്ടര്‍ കഥാപാത്രങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ട അഭിനേതാവായി ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ട ബിജുമേനോന് തിരിച്ചുവരവും പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത മുഖവും നല്‍കിയ കഥാപാത്രമായിരുന്നു മേരിക്കുണ്ടൊരു കുഞ്ഞാടി (2010) ലെ ജോസ്. ഇന്‍ട്രോ സീനില്‍ പ്രതിനായകത്വം തോന്നിപ്പിക്കുന്ന ഈ കഥാപാത്രത്തെ പിന്നീട് കാണുന്നത് അതീവഗൗരവത്തോടെ തമാശകള്‍ പറയുന്നയാളായിട്ടാണ്. ഇത് ബിജുമേനോനിലെ നടന്റെ രണ്ടാംഘട്ടത്തിന് നിമിത്തമായി. തുടര്‍ന്ന് സുഗീതിന്റെ ഓര്‍ഡിനറി (2012) മുതല്‍ക്കുള്ള ഹാസ്യവേഷങ്ങള്‍ക്ക് വേറിട്ട മാനം നല്‍കാനും ജിബു ജേക്കബ്ബിന്റെ വെള്ളിമൂങ്ങ (2014) യിലൂടെ ഇന്‍ഡസ്ട്രിയിലെ താരമൂല്യമുള്ള നായകനിരയിലേക്ക് ഉയരാനും ബിജുമേനോനായി.
ജയരാജിന്റെ കളിയാട്ടവും റാഫി മെക്കാര്‍ട്ടിന്റെ പഞ്ചാബി ഹൗസും ലോഹിതദാസിന്റെ കന്മദവും ലെനിന്‍ രാജേന്ദ്രന്റെ മഴയും പോലുള്ള സിനിമകള്‍ സൃഷ്ടിച്ചെടുത്ത ഗൗരവം കലര്‍ന്ന മുഖത്തില്‍ നിന്ന് ലാല്‍ രക്ഷനേടുന്നത് തെങ്കാശിപട്ടണത്തിലെ ദാസന്‍ എന്ന കഥാപാത്രത്തിന്റെ പൊട്ടിച്ചിരിയിലൂടെയാണ്. വലിയ രൂപവും ഗൗരവ ഭാവവുമുള്ള ഒരു നടന്‍ തന്റെ സ്ഥായിയായ നര്‍മ്മബോധം പുറത്തെടുക്കാന്‍ ലഭിച്ച അവസരം വരുംകാല കഥാപാത്രങ്ങളിലൂടെ ആഘോഷമാക്കുകയായിരുന്നു.
അരുണ്‍കുമാര്‍ അരവിന്ദിന്റെ കോക്ക്‌ടെയിലി (2010)ലെ വെങ്കടേഷ് എന്ന കഥാപാത്രം ജയസൂര്യയുടെ കരിയറില്‍ വരുത്തുന്ന കളംമാറ്റം ഏറെ വലുതാണ്. കോമഡി ചെയ്യുന്ന നായകന്‍ എന്ന നിലയില്‍ ഒതുങ്ങിനിന്നിരുന്ന നടന്റെ കാരക്ടര്‍ റോളിലേക്കുള്ള പ്രവേശമായിരുന്നു പ്രതിനായകത്വം ഉളവാക്കുന്ന ഈ കഥാപാത്രം. ഇതിനു മുമ്പ് ക്ലാസ്‌മേറ്റ്‌സ്, കംഗാരു, ലോലിപോപ്പ് തുടങ്ങിയ സിനിമകളില്‍ നെഗറ്റീവ് ഷേഡ് കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും കോക്ക്‌ടെയില്‍ ജയസൂര്യയിലെ നടനെ പ്രേക്ഷകര്‍ക്കു മുന്നില്‍ വെളിവാക്കാന്‍ അവസരമൊരുക്കി.
ദീര്‍ഘകാലത്തെ ഇടവേളയ്ക്കു ശേഷം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട പ്രതാപ് പോത്തനെ ആഷിഖ് അബു തന്റെ സിനിമയില്‍ അവതരിപ്പിക്കുന്നത് പ്രതിനായകനായിട്ടാണ്. താന്‍ നിറഞ്ഞുനിന്ന തൊള്ളായിരത്തി എണ്‍പതുകളില്‍ പ്രതിനായക വേഷങ്ങള്‍ ചെയ്യാതിരിക്കുകയും സൗമ്യവും കുസൃതിയും നിറഞ്ഞ മുഖമുള്ളയാളുമായ പ്രതാപ് പോത്തനെ ഇത്തരമൊരു കഥാപാത്രത്തില്‍ അവതരിപ്പിച്ചതു തന്നെയായിരുന്നു വ്യത്യസ്തത.
കരിയറിന്റെ തുടക്കകാലത്ത് പ്രതിനായക വേഷങ്ങള്‍ മാത്രം ലഭിച്ചിരുന്ന ഇന്ദ്രജിത്തിനെ ഹാസ്യരംഗങ്ങള്‍ അനായാസം കൈകാര്യം ചെയ്യാനറിയാവുന്ന നടനാക്കി പരീക്ഷിക്കുന്നത് ലാല്‍ജോസിന്റെ ക്ലാസ്‌മേറ്റ്‌സിലെ (2006) പയസ് എന്ന കഥാപാത്രമാണ്. ഇന്ദ്രജിത്തിനെ പില്‍ക്കാലത്തെ ജനപ്രിയ താരങ്ങളിലൊരാളാക്കി മാറ്റുന്നതിന് വഴിയൊരുക്കുന്നതും ഈ കഥാപാത്രമാണ്. ഹരിഹരന്റെ നായകനായി (മയൂഖം) അരങ്ങേറാന്‍ ഭാഗ്യം ലഭിക്കുകയും എന്നാല്‍ പിന്നീട് വേണ്ടത്ര നല്ല വേഷങ്ങള്‍ ലഭിക്കാതെ പോകുകയും ചെയ്ത സൈജു കുറുപ്പിന് രക്ഷയാകുന്നതും ഹാസ്യമാണ്. വി.കെ പ്രകാശിന്റെ ട്രിവാന്‍ഡ്രം ലോഡ്ജില്‍ (2012) ഹാസ്യരസപ്രധാനമായ വേഷമായിരുന്നു സൈജുവിന്. ഈ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെയാണ് മിഥുന്‍ മാനുവല്‍ തോമസിന്റെ ആടിലെ (2015) അറയ്ക്കല്‍ അബു എന്ന കഥാപാത്രം സൈജുവില്‍ എത്തുന്നത്. ഇത് ഈ നടന്റെ ജനപ്രീതി വര്‍ധിപ്പിച്ചതിനൊപ്പം തിരക്കുള്ള താരവും നായക വേഷത്തിലേക്കുള്ള തിരിച്ചുപോക്ക് സാധ്യമാക്കുകയും ചെയ്തു.
പാസിംഗ് കഥാപാത്രങ്ങളിലും ഒന്നോ രണ്ടോ സീനിലും വില്ലന്മാരില്‍ ഒരാളായും പ്രത്യക്ഷപ്പെട്ടിരുന്ന ജോജു ജോര്‍ജ് അല്‍ഫോന്‍സ് പുത്രന്റെ നേര (2013)ത്തില്‍ നിവിന്‍ പോളിയുടെ നായക കഥാപാത്രത്തിന്റെ അളിയന്‍ വേഷത്തില്‍ എത്തുമ്പോഴാണ് ഈ നടനില്‍ ഒളിഞ്ഞിരുന്ന ഹാസ്യത്തിന്റെ സൂചന പുറത്തുവരുന്നത്. നേരത്തിന്റെ ട്രെയിലറിനൊടുവില്‍ 'വരണ്ണ്ട് ട്ടാ' എന്ന ജോജുവിന്റെ ഡയലോഗ് ശ്രദ്ധനേടുകയും ഇൗ കഥാപാത്രം കരിയറില്‍ നിര്‍ണായകമാകുകയും ചെയ്തു. പിന്നീട് പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തിലെ ചക്ക സുകു, മണിരത്‌നത്തിലെ ഹാസ്യസാധ്യതയുള്ള മകുടി ദാസ് എന്ന പ്രതിനായക വേഷം, ആക്ഷന്‍ ഹീറോ ബിജു മിനിമോന്‍ എന്ന പോലീസുകാരന്‍.. ഇത്രയും കഥാപാത്രങ്ങളിലെ രസികത്തത്തിലൂടെ കടന്നുപോയാണ് ജോസഫിലെ (2018) ടൈറ്റില്‍ കഥാപാത്രത്തിലേക്കും മുന്‍നിര നടനിലേക്കും ജോജു വളര്‍ച്ച പ്രാപിക്കുന്നത്.
ജോജുവിന്റേതു പോലൊരു വളര്‍ച്ചയാണ് വിനായകനുമുള്ളത്. ചെറിയ വേഷങ്ങളിലും ഹാസ്യ, പ്രതിനായക വേഷങ്ങളിലെയും സ്ഥിരം മുഖമായി നിലകൊണ്ടയാള്‍ രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിലെ (2016) ഗംഗയാകുമ്പോള്‍ ദീര്‍ഘകാലത്തെ പരിചയസമ്പത്തിന്റെ സ്വാഭാവികതയാണ് കൈമുതലാകുന്നത്. ഈ കഥാപാത്രത്തിലൂടെ യാഥാര്‍ഥ്യത്തോട് തൊട്ടുനില്‍ക്കുന്ന ജീവിതപരിസരത്തിന്റെയും സാധാരണ മനുഷ്യരുടെയും പ്രതിനിധിയെയാണ് രാജീവ് രവി കണ്ടെത്തി നല്‍കുന്നത്. അതാണ് പ്രേക്ഷകര്‍ തിരിച്ചറിയുന്നതും പില്‍ക്കാല മലയാള സിനിമ പ്രയോജനപ്പെടുത്തിയതും.
ജോസ് തോമസിന്റെ മായാമോഹിനിയില്‍ സ്ഫടികം ജോര്‍ജ് (ടൈഗര്‍ രാഘവന്‍ ഐപിഎസ്) രാജസേനന്റെ റോമിയോയില്‍ ഭീമന്‍ രഘു (അവറാന്‍), റിസബാവ (രാമനാഥന്‍), റാഫി മെക്കാര്‍ട്ടിന്റെ ഹലോയില്‍ മോഹന്‍രാജ് (പട്ടാമ്പി രവി), ഭീമന്‍ രഘു (ബത്തേരി ബാപ്പു), സ്ഫടികം ജോര്‍ജ് (വടക്കാഞ്ചേരി വക്കച്ചന്‍) തുടങ്ങിയ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെ സ്ഥിരം പ്രതിനായകര്‍ സ്വയം മുറിച്ചുകടക്കാനുള്ള ശ്രമം നടത്തുന്നതായി കാണാം.
മാതൃഭൂമി ഓണ്‍ലൈന്‍, 2022 ജൂണ്‍ 8, ഷോ റീല്‍ 23