Monday, 6 June 2022

ചിരിയും ഗൗരവവും പകര്‍ത്തിയ ഇന്ദ്രന്‍സിന്റെ രണ്ട് കാലങ്ങള്‍


മെലിഞ്ഞുനീണ്ട കഴുത്ത് മതില്‍ വിടവിലൂടെ അകത്തേക്കിട്ട് കാമുകിക്ക് കവിത ചൊല്ലിക്കൊടുക്കുന്ന കാമുകന്‍. ഇതുകേട്ട് അങ്ങോട്ട് വരുന്ന പെണ്‍കുട്ടിയുടെ ഭീമാകാരനായ അച്ഛന്‍ കാമുകനെ പുറത്തേക്കു വലിക്കുന്നു. ശരീരത്തില്‍ ശക്തമായ ഒരു പിടി വീണതറിഞ്ഞ കാമുകന്റെ കവിത തുടരുന്നതിങ്ങനെയാണ്..''ആരോ പിടിച്ചു വലിക്കുന്നു പിന്നില്‍നിന്ന് ശക്തമായി അസ്ഥികള്‍ ഞടുങ്ങുന്നു ഞരമ്പുകള്‍ കുരുങ്ങുന്നു ബല കരകരാള ഹസ്തങ്ങളില്‍ ആരോ ഒടിക്കുന്നു എല്ലുകള്‍ അസ്ഥി ഞുറുങ്ങുന്നു അച്ചോ കടിക്കുന്നു കടിപ്പട്ടി പോലെ അയ്യോ'' തിയേറ്ററുകളില്‍ ചിരിയല തീര്‍ത്ത ഈ രംഗം സുനില്‍ സംവിധാനം ചെയ്ത് 1994 ല്‍ പുറത്തിറങ്ങിയ മാനത്തെ കൊട്ടാരം എന്ന സിനിമയിലേതാണ്. ഇന്ദ്രന്‍സാണ് കാമുക വേഷത്തില്‍, കാമുകിയുടെ അച്ഛനായി എന്‍.എല്‍.ബാലകൃഷ്ണനും. ശരീരത്തിന്റെ അമിതവലുപ്പവും വലുപ്പക്കുറവും കൊണ്ട് ക്യാമറയ്ക്കു മുന്നില്‍ ശ്രദ്ധ നേടിയ രണ്ട് അഭിനേതാക്കള്‍. സാമാന്യ വിജയം നേടിയ ഈ ചിത്രത്തിലെ വലിയ ആകര്‍ഷണം അക്കാലത്ത് സൂപ്പര്‍താരപ്പകിട്ടിലേക്ക് ഉയര്‍ന്ന സുരേഷ് ഗോപിയുടെ അതിഥിവേഷമായിരുന്നു. എന്നാല്‍ മാനത്തെ കൊട്ടാരത്തിന്റെ വിജയത്തില്‍ നിര്‍ണായകമായത് ദിലീപിനും ഹരിശ്രീ അശോകനും നാദിര്‍ഷയ്ക്കുമൊപ്പം ഇന്ദ്രന്‍സ് തീര്‍ത്ത വലിയ ചിരിയായിരുന്നു. മാനത്തെ കൊട്ടാരത്തിനു മുമ്പ് അതേ വര്‍ഷം പുറത്തിറങ്ങിയ സി.ഐ.ഡി ഉണ്ണികൃഷ്ണനില്‍ ജയറാമിന്റെ നായകകഥാപാത്രത്തിന്റെ അസിസ്റ്റന്റ് വേഷത്തിലായിരുന്നു ഇന്ദ്രന്‍സ്. ഈ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെയാണ് മുന്‍പ് വസ്ത്രാലങ്കാരകനായും പ്രാധാന്യമില്ലാത്ത ഒന്നോ രണ്ടോ സീനുകളിലെ ചെറുവേഷങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്ന ഇന്ദ്രന്‍സിലെ ചിരിപ്പിക്കുന്ന നടന്‍ ജനിക്കുന്നത്. 

ചിരിപ്പിക്കാനായി ഒന്നുരണ്ട് ഹാസ്യനടന്മാരെ തിരക്കഥയില്‍ ഉള്‍പ്പെടുത്തുകയും കഥയോട് ബന്ധമില്ലെങ്കില്‍ പോലും അവരെ നിശ്ചിത സീനുകളില്‍ പ്രത്യക്ഷപ്പെടുത്തുകയും ചെയ്യുന്ന രീതി മലയാള സിനിമയുടെ ആദ്യകാലം തൊട്ട് നിലനിന്നുപോന്ന പതിവായിരുന്നു. മുതുകുളം രാഘവന്‍ പിള്ളയും എസ്.പി പിള്ളയും തുടര്‍ന്ന് ബഹദൂറും അടൂര്‍ ഭാസിയും അതിനെ തുടര്‍ന്നുള്ള തലമുറയില്‍ പപ്പുവും മാളയും ജഗതിയും മാമുക്കോയയുമെല്ലാം സിനിമയില്‍ ചിരിതരംഗം തീര്‍ത്തു. ഈ ഹാസ്യനടന്മാര്‍ക്ക് ചിരിപ്പൂരം തീര്‍ക്കാന്‍ അവസരം നല്‍കുന്ന സീനുകള്‍ തിരക്കഥയില്‍ പ്രത്യേകം എഴുതിച്ചേര്‍ക്കപ്പെട്ടിരുന്നു. തിരക്കഥയില്‍ ഇല്ലാത്ത ഹാസ്യരംഗങ്ങളും ഇവരുടെ മനോധര്‍മ്മത്തിനനുസരിച്ച് ചിത്രീകരണത്തിനിടെ സിനിമയിലേക്ക് ചേര്‍ക്കപ്പെട്ടു. ഇവര്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതോടെ കാണികള്‍ ചിരിക്കാന്‍ തയ്യാറെടുത്തു തുടങ്ങി. ഹാസ്യരംഗങ്ങളും ഹാസ്യനടന്മാരും സിനിമയുടെ വാണിജ്യവിജയത്തില്‍ അവിഭാജ്യഘടകങ്ങളായി. തൊള്ളായിരത്തി എണ്‍പതുകളുടെ പകുതിയോടെ തമാശ പറയുന്ന നായകന്മാര്‍ കൂടി സൃഷ്ടിക്കപ്പെടുകയുണ്ടായെങ്കിലും ഹാസ്യനടന്മാരുടെ പ്രസക്തി കുറയുകയുണ്ടായില്ല.


തൊണ്ണൂറുകളില്‍ മലയാളത്തിലെ ഹാസ്യപരമ്പര തുടര്‍ച്ച കണ്ടെത്തുന്നത് ഇന്ദ്രന്‍സും പ്രേംകുമാറും ഹരിശ്രീ അശോകനും കലാഭവന്‍ മണിയും ഉള്‍പ്പെടുന്ന ഹാസ്യതാരങ്ങളിലൂടെയാണ്. ജഗതി ശ്രീകുമാറിനെ പോലെ ഭാവങ്ങളില്‍ക്കൂടി ഹാസ്യരസം പകരുന്നൊരു മഹാനടന്റെ സജീവസാന്നിധ്യം ഉണ്ടായിരുന്നിട്ടുകൂടി ഇന്ദ്രന്‍സിലെ ഹാസ്യനടന് വ്യക്തമായൊരു സ്ഥാനം തൊണ്ണൂറുകളിലെ മലയാള സിനിമ നല്‍കി. ശരീരമായിരുന്നു ഇന്ദ്രന്‍സിലെ നടനിലെ ചിരിക്ക് മലയാള സിനിമ കണ്ടെത്തിയ സാധ്യത. ശരീരത്തിന്റെ കുറവുകളെ എങ്ങനെ ചിരിയാക്കി മാറ്റാം എന്നതില്‍ മലയാള സിനിമയുടെ അന്നോളമുള്ള വലിയ കണ്ടെത്തലായിരുന്നു ഇന്ദ്രന്‍സ് എന്ന നടന്റേത്. സവിശേഷ സംഭാഷണ ശൈലി കൊണ്ടും മുഖത്തെ ഭാവപ്രകടനങ്ങളും കോപ്രായങ്ങള്‍ കൊണ്ടും വീഴ്ചകളും മണ്ടത്തരങ്ങളും ശബ്ദഘോഷങ്ങള്‍ കൊണ്ടുമാണ് അന്നോളമുള്ള ഹാസ്യനടന്മാര്‍ കാണികളെ ചിരിപ്പിച്ചത്. ഇന്ദ്രന്‍സ് ഉപയോഗിക്കാന്‍ ശ്രമിച്ചതും ഇത്തരം ഘടകങ്ങള്‍ തന്നെയെങ്കിലും അദ്ദേഹത്തിന്റെ ശരീരത്തിന്റെ കുറവുകളായിരുന്നു സിനിമാലോകം ആഘോഷമാക്കിയത്. ഇന്ദ്രന്‍സ് സജീവമായ തൊണ്ണൂറുകളിലും അതിനു മുന്‍ പതിറ്റാണ്ടിലും സെന്തിലിന്റെ കറുത്ത് പൊക്കം കുറഞ്ഞ തടിച്ച രൂപത്തിലൂടെ തമിഴ് സിനിമ കണ്ടെത്തിയത് ഇതേ മാതൃകയില്‍ ശരീരത്തിന്റെ ഹാസ്യസാധ്യതയായിരുന്നു.

ഉയരം കുറഞ്ഞ് തീരെ മെലിഞ്ഞ പ്രകൃതവും നീണ്ട കഴുത്തും ചെറിയ മുഖവും അതിനു ചേരുന്ന പ്രത്യേകതയുള്ള ശബ്ദവും സവിശേഷ ഭാവഹാവാദികളും ചേര്‍ന്ന ഇന്ദ്രന്‍സിന്റെ ശരീര, ശബ്ദസാധ്യതയെ തൊണ്ണൂറുകളിലെ മലയാള വാണിജ്യ സിനിമ ആഘോഷമാക്കുകയായിരുന്നു. പോസ്റ്ററില്‍ ഇന്ദ്രന്‍സിന്റെ മുഖമുണ്ടെങ്കില്‍ തിയേറ്ററില്‍ ആളുകയറുമെന്ന സ്ഥിതിയായി. എണ്‍പതുകളിലെ സുവര്‍ണദശകം പിന്നിട്ട് തൊണ്ണൂറുകളില്‍ നിലവാരത്തകര്‍ച്ച നേരിട്ട മലയാള സിനിമ ഒറ്റയ്ക്കും തെറ്റയ്ക്കും സംഭവിക്കുന്ന മികച്ച ചിത്രങ്ങള്‍ക്കിടയില്‍ ചിരിപ്പിച്ച് വാണിജ്യവിജയം നേടി പിടിച്ചുനില്‍ക്കാനാണ് ശ്രമിച്ചത്. അതിന് ഇന്ദ്രന്‍സിനെ പോലൊരു ചിരിപ്പിക്കുന്ന നടന്റെ സാന്നിധ്യം അനിവാര്യമായിരുന്നു. അതോടെ തൊണ്ണൂറുകളുടെ മധ്യത്തിലും രണ്ടാം പകുതിയിലും വര്‍ഷത്തില്‍ മുപ്പതും നാല്‍പ്പതും സിനിമകളില്‍ ഇന്ദ്രന്‍സിന്റെ സാന്നിധ്യമുണ്ടായി. എല്ലാം ചിരിപ്പിക്കാന്‍ വേണ്ടിയുള്ള ഒരേ വാര്‍പ്പുമാതൃകാ കഥാപാത്രങ്ങള്‍. പക്ഷേ ഇന്ദ്രന്‍സിന്റെ ശരീരസാന്നിധ്യമൊന്നു കൊണ്ടുതന്നെ ആളുകള്‍ ചിരിച്ചുതുടങ്ങി. വിജയഘടകം എന്ന നിലയില്‍ അതതു കാലത്ത് ഉയര്‍ന്നുവരുന്ന താരസാന്നിധ്യങ്ങളെ ഉപയോഗപ്പെടുത്തി മുതല്‍മുടക്ക് തിരിച്ചുപിടിക്കാനുള്ള വിപണിയുടെ പരിശ്രമത്തില്‍ തൊണ്ണൂറുകള്‍ ലൊക്കേഷനില്‍നിന്ന് ലൊക്കേഷനിലേക്കുള്ള തുടര്‍യാത്രകളാണ് ഇന്ദ്രന്‍സിലെ ഹാസ്യനടന്റെ കരിയറില്‍ സംഭവിച്ചത്. ഇന്ദ്രന്‍സിന്റെ രൂപത്തെ കൊടക്കമ്പി (അനിയന്‍ ബാവ ചേട്ടന്‍ ബാവ) നത്തെലി (വധു ഡോക്ടറാണ്), ആരോഗ്യസ്വാമി (കുസൃതിക്കാറ്റ്), ബ്ലാക്ക്‌ബെല്‍റ്റ് കുമാരന്‍ (പാര്‍വ്വതീപരിണയം), ബാഷ സുരേന്ദ്രന്‍ (ത്രീമെന്‍ ആര്‍മി), നീര്‍ക്കോലി നാരായണന്‍ (മാന്‍ ഓഫ് ദ മാച്ച്), ഇടിയന്‍ വിക്രമന്‍ (ദി കാര്‍), കുഞ്ഞുണ്ണി (സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്‍), വിളക്കൂതി വാസു (സ്വസ്ഥം ഗൃഹഭരണം) തുടങ്ങിയ പേരുകളിട്ടാണ് അക്കാലത്തെ സിനിമ ഉള്‍ക്കൊണ്ടത്.


ഇന്ദ്രന്‍സിന്റെ ശരീരത്തിന്റെ കുറവുകളെ എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താമെന്നും കളിയാക്കാമെന്നുമാണ് അന്നത്തെ മുഖ്യധാരാ വാണിജ്യ സിനിമാ എഴുത്തുകാരും സംവിധായകരും ചിന്തിച്ചത്. അക്കാലത്തെ ഹാസ്യപ്രധാനമായ സിനിമകളിലെ ക്ലൈമാക്‌സ് സീനുകളില്‍ അനിവാര്യമായിരുന്ന കൂട്ടത്തല്ലുകളില്‍ ഇന്ദ്രന്‍സിന്റെ ശരീരം നിലംതൊടാതെ പറന്നുനടന്നു. അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന സിനിമയില്‍ പായസത്തില്‍ മുക്കിയെടുക്കപ്പെടുന്ന ഇന്ദ്രന്‍സിനെ കണ്ടാണ് കാണികള്‍ ആര്‍ത്തുചിരിച്ചത്. ആദ്യത്തെ കണ്‍മണിയില്‍ രാത്രിയില്‍ മറ്റുള്ളവരുടെ ശല്യം ഒഴിവാക്കാന്‍ പ്രേതഗാനം പാടി കാമുകിയെ വിളിക്കുന്ന ഇന്ദ്രന്‍സ് കൈയടി നേടുമ്പോള്‍ മലപ്പുറം ഹാജി മഹാനായ ജോജിയില്‍ കളരിയഭ്യാസിയും പാര്‍വ്വതീപരിണയത്തില്‍ കുങ്ഫു പരിശീലനം നേടിയയാളുമാണ്. ഇത്തരം കായികവൃത്തികള്‍ ഇന്ദ്രന്‍സിന്റെ ചെറിയ ശരീരത്തില്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ പ്രതീക്ഷിക്കുന്നതും ചിരിയല്ലാതെ മറ്റൊന്നല്ല. ഇന്ദ്രന്‍സിന്റെ അസാമാന്യമായ ജനപ്രീതിയെ ചൂഷണം ചെയ്യാനായിരുന്നു അക്കാലത്തെ ഇന്ത്യന്‍ സിനിമയിലെ വലിയ ഹിറ്റുകളിലൊന്നായ ബാഷയിലെ രജനീകാന്തിന്റെ കഥാപാത്രത്തിന്റെ മാതൃകയില്‍ ത്രീമെന്‍ ആര്‍മി എന്ന സിനിമയില്‍ ഇന്ദ്രന്‍സിന്റെ നായക കഥാപാത്രം സൃഷ്ടിക്കപ്പെടുന്നത്. മാന്നാര്‍ മത്തായി സ്പീക്കിങില്‍ കുപ്പിയുടെ അടപ്പില്‍ മദ്യം നല്‍കി ഇതു തന്നെ നിന്റെ ശരീരത്തിന് ഓവറാണെന്നാണ് ഇന്ദ്രന്‍സിനോട് ഇന്നസെന്റിന്റെ കഥാപാത്രം പറയുന്നത്. ഇതിന്റെ തുടര്‍ച്ചയെന്നു തോന്നിക്കുന്ന ഒരു രംഗം പില്‍ക്കാലത്ത് റാഫി മെക്കാര്‍ട്ടിന്റെ പാണ്ടിപ്പടയിലുണ്ട്. രാജന്‍ പി. ദേവിന്റെ മുതലാളി കഥാപാത്രം മദ്യപിക്കുന്നതിനു മുമ്പ് ആത്മാക്കളെ ധ്യാനിച്ച് മദ്യം നല്‍കുന്നത് ജോലിക്കാരനായ ഇന്ദ്രന്‍സിന്റെ കഥാപാത്രത്തിനാണ്. എന്താ എല്ലാ ദിവസവും ആത്മാക്കള്‍ക്കെന്നു പറഞ്ഞ് എനിക്കു തരുന്നതെന്ന ചോദ്യത്തിന്, നിനക്ക് ശരീരമില്ലല്ലോ ആത്മാവ് മാത്രമല്ലേയുള്ളൂ എന്നാണ് മുതലാളിയുടെ ഉത്തരം.

2000ല്‍ തുടങ്ങുന്ന പതിറ്റാണ്ടില്‍ ഇന്ദ്രന്‍സിന്റെ ശരീരം കൊണ്ടുള്ള തമാശ രംഗങ്ങളുടെ പ്രസക്തി കുറഞ്ഞു. അതിനു മുന്‍ പതിറ്റാണ്ടില്‍ അത്രയധികം കഥാപാത്രങ്ങളാണ് ഈ മാതൃകയില്‍ ഇന്ദ്രന്‍സ് ചെയ്തതെന്നതു തന്നെയാണ് ഈ പ്രസക്തിക്കുറവിന് ഇടയാക്കിയത്. ഇക്കാലയളവില്‍ ഇന്ദ്രന്‍സിന്റെ ശരീരത്തിലും ശബ്ദത്തിലും പ്രായം തെല്ല് മാറ്റം വരുത്തിയിരുന്നു. അതോടെ തൊണ്ണൂറുകളുടെ ഇന്ദ്രന്‍സിലെ നടന്റെ സജീവത തുടര്‍ന്നുള്ള പതിറ്റാണ്ടില്‍ കണ്ടില്ല. 2004 ല്‍ പുറത്തിറങ്ങിയ ടി.വി. ചന്ദ്രന്റെ കഥാവശേഷന്‍ എന്ന ചിത്രത്തിലെ കള്ളന്റെ വേഷവും 'കണ്ണുനട്ട് കാത്തിരുന്നിട്ടും' എന്ന കള്ളന്‍ കഥാപാത്രം പാടുന്ന പാട്ടും ഇന്ദ്രന്‍സിലെ സ്വഭാവ നടന്റെ സാധ്യതയെ ശ്രദ്ധിക്കാന്‍ പോന്നതായിരുന്നു. ഇതേ പതിറ്റാണ്ടിന്റെ തുടക്കത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നിഴല്‍ക്കുത്തിലെ (2002) ബാര്‍ബര്‍ വേഷം, ഒരു പെണ്ണും രണ്ടാണും (2008) എന്ന ചിത്രത്തിലെ മത്തായി തുടങ്ങിയ കഥാപാത്രങ്ങള്‍ നല്‍കി ഇന്ദ്രന്‍സിന് മറ്റൊരു മുഖം സാധ്യമാണെന്ന ചിന്ത ഉളവാക്കി.


രഹസ്യ പോലീസ് (രവീന്ദ്രന്‍) പൊട്ടാസ് ബോംബ് (രായപ്പന്‍) തുടങ്ങി വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ സിനിമകള്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളില്‍ ഇന്ദ്രന്‍സിനെ അവതരിപ്പിച്ചു. മാധവ് രാംദാസിന്റെ അപ്പോത്തിക്കിരിയില്‍ (2014) ആയിരുന്നു ഇന്ദ്രന്‍സിലെ നടന്റെ മറ്റൊരു തലം വ്യക്തമായും ആവിഷ്‌കരിക്കപ്പെടുന്നത് കാണികള്‍ ആദ്യമായി ശ്രദ്ധിച്ചത്. നേര്‍ത്തൊരു ചിരി പോലുമില്ലാതെ വല്ലായ്കകളും ഗതികേടും മാത്രം കൈമുതലായി അസുഖക്കാരനായ മകനുമായി ആശുപത്രിയിലെത്തുന്ന വൃദ്ധനായ അച്ഛന്‍ കഥാപാത്രം ഇന്ദ്രന്‍സില്‍ പൂര്‍ണത നേടാന്‍ പോന്നതായിരുന്നു. ഈയൊരു കഥാപാത്രം നല്‍കിയ ആത്മവിശ്വാസവും അതിന് സംസ്ഥാന പുരസ്‌കാരത്തിന്റെ രൂപത്തിലുള്ള അംഗീകാരവുമാണ് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇന്ദ്രന്‍സിലെ നടനെ തിരിച്ചറിയാനും ഉപയോഗപ്പെടുത്താനും മലയാള സിനിമയ്ക്ക് പ്രചോദനമേകിയത്. അപ്പോത്തിക്കിരിക്കു മുമ്പ് ഷെറി ഗോവിന്ദിന്റെ ആദിമധ്യാന്തത്തില്‍ (2011) ചിരിയില്ലാത്ത കഥാപാത്രമായിരുന്നു ഇന്ദ്രന്‍സിന്റേത്. ഈ നടനില്‍ ഇങ്ങനെ ഉപയോഗപ്പെടുത്താവുന്ന ഒരു അഭിനേതാവുണ്ടായിരുന്നോ എന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു ആദിമധ്യാന്തത്തിലെ തെയ്യം കലാകാരനായ കഥാപാത്രം. സമാന്തര സിനിമാ ഗണത്തില്‍ പെടുന്നതായതു കൊണ്ടുതന്നെ ആദിമധ്യാന്തവും അതിലെ ഇന്ദ്രന്‍സിലെ പ്രകടനവും കാണികളിലെത്തുകയുണ്ടായില്ല.

അപ്പോത്തിക്കിരിയിലെ കഥാപാത്രം ഉണ്ടാക്കിയ സ്വാധീനത്തെ തുടര്‍ന്ന് ഇന്ദ്രന്‍സിന് പെട്ടെന്നൊരു ഗൗരവച്ഛായ കൈവന്നു. സമാന്തര സിനിമകളിലെ ഗൗരവ കഥാപാത്ര സാന്നിധ്യമായി നിരന്തരം ഈ നടന്‍ ഉപയോഗിക്കപ്പെടുന്നത് ഇതിനെ തുടര്‍ന്നാണ്. ഇക്കൂട്ടത്തില്‍ മനു പി.എസ്. സംവിധാനം ചെയ്ത മണ്‍റോ തുരുത്തിലെ (2016) മുത്തച്ഛന്റെ ആത്മസംഘര്‍ഷങ്ങള്‍ അനായാസവും അവിശ്വസനീയവുമായാണ് ഇന്ദ്രന്‍സ് പകര്‍ത്തിയത്. കാടുപൂക്കുന്ന നേരം, ഗോഡ് സേ, പാതി, ആളൊരുക്കം, ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു, മൊഹബത്തിന്‍ കുഞ്ഞബ്ദുള്ള, വേലുകാക്ക ഒപ്പ് കാ, വെയില്‍മരങ്ങള്‍ തുടങ്ങിയ ചിത്രങ്ങള്‍ ഇവ്വിധം ഇന്ദ്രന്‍സിനെ കുറേക്കൂടി ആഴവും പരപ്പുമുള്ള കഥാപാത്രങ്ങളെ നല്‍കി പരിഗണിച്ചവയാണ്.  


സമാന്തര സിനിമ ഇവ്വിധം പരിഗണിക്കുമ്പോള്‍ തന്നെ മുഖ്യധാരാ സിനിമയും ഇന്ദ്രന്‍സിലെ നടന്റെ ഭാവാഭിനയ സാധ്യതയെ കൃത്യമായി ഉപയോഗിച്ചു. മിഥുന്‍ മാനുവല്‍ തോമസിന്റെ ത്രില്ലര്‍ സിനിമയായ അഞ്ചാം പാതിരയിലെ റിപ്പര്‍ രവി ഇതിന് ഉദാഹരണമാണ്. അപ്രധാന കഥാപാത്രമായിട്ടും തീരെച്ചെറിയ സ്‌ക്രീന്‍ സ്‌പേസായിട്ടും ഈ സിനിമയില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടതും അഭിനന്ദനം നേടിയെടുത്തതുമായ ഒരു കഥാപാത്രം റിപ്പര്‍ രവിയാണ്. 

നിരന്തരം വ്യത്യസ്ത കഥാപാത്രങ്ങള്‍ ലഭിച്ചതോടെ ഏതു വേഷവും അനായാസം ചെയ്യുന്ന തലത്തിലേക്ക് ഇന്ദ്രന്‍സിലെ നടന്റെ ഗ്രാഫ് ഉയരുന്നതായി കാണാം. മഹേഷ് നാരായണന്റെ മാലിക്കിലെ പോലീസ് വേഷം സംഭാഷണത്തിലും ശരീരഭാഷയിലും പുലര്‍ത്തുന്ന അനായാസത ഇതിന് ഉദാഹരണമാണ്. അനുഗ്രഹീതന്‍ ആന്റണിയിലെ അച്ഛന്‍ കഥാപാത്രത്തെ നോക്കുക, പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നു തോന്നുന്ന അരിമില്ല് നടത്തുന്ന ഒരു സാധാരണക്കാരന്‍ കഥാപാത്രം. പക്ഷേ മകളുടെ ജീവിതത്തിലെ ഒരു സുപ്രധാന സന്ദര്‍ഭത്തില്‍ അച്ഛന്റെ ഇടപെടലും ഒന്നുരണ്ട് ചെറുവാചകങ്ങളും കൊണ്ട് അതിയായ വികാരവായ്പ് പ്രേക്ഷകനില്‍ ഉളവാക്കാന്‍ ഇന്ദ്രന്‍സിനാകുന്നു. ലീലയിലെ ദാസപാപ്പി എന്ന നാട്ടിന്‍പുറത്തുകാരന്‍ പിമ്പ് ഇന്ദ്രന്‍സിന്റെ മാനറിസങ്ങളില്‍ സുഭദ്രമായിരുന്നു. തന്റേതു മാത്രമായ രസികത്തം ഈ കഥാപാത്രത്തിന് ഇന്ദ്രന്‍സ് പകര്‍ന്നുനല്‍കുന്നതു കാണാം.


റോജിന്‍ തോമസിന്റെ ഹോമില്‍ ഒലിവര്‍ ട്വിസ്റ്റ് എന്ന കേന്ദ്ര കഥാപാത്രം വലിയ ജനപ്രീതിയാണ് ഇന്ദ്രന്‍സിന് നേടിക്കൊടുത്തത്. മുന്‍ധാരണയോടെ ഇന്ദ്രന്‍സിന്റെ കഥാപാത്രങ്ങളെ കാണേണ്ടതില്ല എന്നൊരു സൂചന കൂടി ഒലിവര്‍ ട്വിസ്റ്റ് നല്‍കുന്നുണ്ട്. ശരീരത്തിന്റെ കുറവുകളെ ഉപയോഗപ്പെടുത്തിയ ഹാസ്യനടന്‍, പിന്നീട് നിസ്സഹായതയുടെ സൂചകങ്ങളായ ഗൗരവ കഥാപാത്രങ്ങള്‍ എടുത്തണിഞ്ഞയാള്‍ എന്നിങ്ങനെ അടയാളപ്പെടുത്തപ്പെട്ട നടന്‍ ഇതു രണ്ടിനെയും മുറിച്ചുകടക്കുകയാണ് ഹോമില്‍. ചുറ്റുപാടില്‍ കുറേക്കൂടി സ്വാഭാവികമായി പെരുമാറുന്നയാളാണ് ഒലിവര്‍ ട്വിസ്റ്റ്. അയാള്‍ തമാശ പറയുകയും കുശലാന്വേഷണം നടത്തുകയും ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുകയും ചെയ്യുന്ന സാധാരണക്കാരനാണ്. അയാളുടെ ചെയ്തികളിലൊന്നും അസ്വാഭാവികതകളോ കൂട്ടിച്ചേര്‍പ്പുകളോ ഇല്ല. അതിലൂടെ പൂര്‍വഭാരങ്ങള്‍ ഒഴിഞ്ഞ നടന്‍ എന്ന നിലയിലേക്കു വളരാന്‍ ഇന്ദ്രന്‍സിനു സാധിക്കുന്നു. മക്കളോട് അതീവ വാത്സല്യവും സ്‌നേഹവും പരിഗണനയും സൂക്ഷിക്കുന്ന അച്ഛന്‍, മക്കളില്‍ നിന്നുള്ള പരിഗണനക്കുറവ്, തലമുറകളിലെ ബന്ധങ്ങളിലെ വിടവ് ഉണ്ടാക്കുന്ന നിസ്സഹായത, ഉത്തരവാദിത്വമുള്ള ഗൃഹനാഥന്‍, പുതിയ തലമുറയുടെ വേഗത്തിനൊപ്പം ചേരാനുള്ള പരിശ്രമം, തന്നിലെ മനുഷ്യന്റെ എക്‌സ്ട്രാ ഓര്‍ഡിനറി എന്താണെന്നുള്ള തിരിച്ചറിയല്‍ തുടങ്ങി ഭിന്നജീവിത പരിസരങ്ങള്‍ ഇന്ദ്രന്‍സിന്റെ ഒലിവര്‍ ടിസ്റ്റില്‍ അനായാസം ഉള്ളടങ്ങിയിരിക്കുന്നു. മനോഹരത്തിലെ വര്‍ഗീസേട്ടന്‍, പടയിലെ സഖാവ് കണ്ണന്‍ മുണ്ടൂര്‍, നാരദനിലെ ജഡ്ജി ചോതി തുടങ്ങിയവയെല്ലാം ഇതേ മാതൃകയില്‍ മുന്‍ധാരണകളില്ലാതെ വൈവിധ്യം തീര്‍ക്കുന്ന അഭിനേതാവിനെ കണ്ടെത്താനുള്ള ശ്രമങ്ങളാണ്.

ശരീരത്തിന്റെ പരിമിതി ആഘോഷമാക്കിയ ഒരു നടന്റെ പരകായപ്രവേശം 'ഉടലി'ലെ പ്രതികാരവൃത്തിയില്‍ ഏര്‍പ്പെടുന്ന വൃദ്ധകഥാപാത്രമായ കുട്ടിച്ചായനില്‍ എത്തിനില്‍ക്കുന്നു. വാര്‍ധക്യത്തിന്റെ അവശതയിലും പക ഉള്ളില്‍ സൂക്ഷിക്കുകയും അമാനുഷികത പ്രവൃത്തിക്കാന്‍ മനസ്സൊരുക്കം നടത്തുകയും ചെയ്യുന്നു കുട്ടിച്ചായന്‍ എന്ന കഥാപാത്രം. നിസ്സഹായനും ഹതാശനുമായ ഒരാളില്‍ നിന്ന് പക വീട്ടാനൊരുങ്ങുന്നയാളായുള്ള പരകായപ്രവേശത്തില്‍ ഇന്ദ്രന്‍സിലെ നിരന്തരം പരിവര്‍ത്തനത്തിന് വിധേയനാകുന്ന നടനെ കാണാം. ഇത്തരം റിവഞ്ച്, മാന്‍ലി കഥാപാത്രങ്ങള്‍ നല്‍കുമ്പോള്‍ ശാരീരികമായ പുഷ്ടിയെ സിനിമ ഒരു ഘടകമാക്കാറുണ്ട്. എന്നാല്‍ കഥാപാത്രത്തിന്റെ പ്രകടനത്തിലെ കരുത്തുകൊണ്ടാണ് ശരീരത്തിന്റെ കുറവുകളെ ഉടലില്‍ ഇന്ദ്രന്‍സിലെ നടന്‍ മറികടക്കുന്നതും പ്രേക്ഷകര്‍ക്ക് വിശ്വസനീയമാക്കി മാറ്റുന്നതും. തമാശനിറഞ്ഞ ആക്ഷന്‍ രംഗങ്ങള്‍ മുമ്പ് ധാരാളം ചെയ്തിട്ടുണ്ടെങ്കിലും ഗൗരവ സ്വഭാവമുള്ള ഒരു കഥാപാത്രം പകപോക്കുന്ന തരത്തില്‍ ദൈര്‍ഘ്യമേറിയ ആക്ഷന്‍ സീക്വന്‍സുകളില്‍ ഇന്ദ്രന്‍സ് പ്രത്യക്ഷപ്പെടുന്നത് ഉടലിലാണ്. ചെറിയ ശരീരമുള്ള ഒരാളുടെ പകപോക്കല്‍ എത്ര വിശ്വസനീയമാകാം എന്ന ചിന്ത ഇവിടെ പ്രസക്തമാകുന്നില്ല. സാഹചര്യങ്ങള്‍ ഒരാളെക്കൊണ്ട് ചെയ്യുന്ന പ്രവൃത്തികളില്‍ ശരീരം വിഷയമേയല്ല എന്ന ചിന്തയെ കുട്ടിച്ചായനിലൂടെ ഇന്ദ്രന്‍സ് ഉൗട്ടിയുറപ്പിക്കുന്നു. പണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുക മാത്രം ചെയ്തയാള്‍ ഗൗരവക്കാരനാകുകയും നെഗറ്റീവ് ഷേയ്ഡ് കഥാപാത്രമാകുകയും ഒരു വേള പേടിപ്പിക്കുക വരെ ചെയ്യുകയാണ്. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട ആളാണ് ഉടലിലെ കുട്ടിച്ചായന്‍. കാഴ്ച നഷ്ടപ്പെട്ട, വെളുത്ത നിറത്തിലുള്ള ഈ കണ്ണുകള്‍ പല ഫ്രെയിമുകളിലും ഭീതി സൃഷ്ടിക്കാന്‍ പോന്നതാണ്. 


കോമാളിത്തരം കാട്ടി ആളുകളെ ചിരിപ്പിക്കുകയല്ലാതെ ഈ ശരീരം കൊണ്ട് കൂടുതലെന്തു സാധിക്കാനെന്നു ചിന്തിച്ചിരുന്ന തൊണ്ണൂറുകളിലെ കാണികള്‍ ഇന്ദ്രന്‍സ് കഥാപാത്രങ്ങളുടെ രൂപാന്തരം കണ്ട് ഇപ്പോള്‍ തീര്‍ത്തും വിസ്മയത്തില്‍ അകപ്പെടുന്നുണ്ടാകണം. അഭിനയത്തോട് തീരാത്ത അഭിനിവേശമുള്ള ഒരു നടന് കാലാന്തരത്തില്‍ എത്തിച്ചേരാകുന്ന ഇടവും ഉയരവും എത്രത്തോളമാണെന്ന മാതൃകയാണ് ഇന്ദ്രന്‍സ് കാണിച്ചു കൊണ്ടിരിക്കുന്നത്. അഭിനയിക്കാന്‍ താത്പര്യമുള്ള കഥാപാത്രങ്ങള്‍ ഏതൊക്കെയാണെന്ന് ഒരിക്കല്‍ ചോദിച്ചപ്പോള്‍ ഇന്ദ്രന്‍സിന്റെ മറുപടി ഇങ്ങനെയായിരുന്നു, ''എന്റേത് തീരെ ചെറിയ ഒരു ശരീരമല്ലേ, മഹാഭാരതത്തിലെ കര്‍ണനും ഭീഷ്മരുമൊക്കെ ആകണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ ശരീരം അതിന് അനുവദിക്കുന്നില്ലല്ലോ. യോദ്ധാക്കളുടെ ശരീരമുള്ള ഒത്ത പുരുഷന്മാരായിട്ടാണ് അവരെയെല്ലാം ചിത്രീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാ കഥാപാത്രങ്ങളും ചെയ്യണമെന്ന് ആഗ്രഹിക്കുന്നതിലും എനിക്ക് പരിമിതിയുണ്ട്.'' ശരീരത്തിന്റെ ഭീമാകാരതയെ പിറകോട്ടടിപ്പിച്ച് ഇത്തരം കഥാപാത്രങ്ങള്‍ക്ക് മനോധര്‍മ്മം കൊണ്ട് കരുത്ത് പകര്‍ന്ന് അവതരിപ്പിക്കാന്‍ പൂര്‍ണതയുള്ള ഒരു നടനിലെ അനായാസതയ്ക്ക് സാധിക്കും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ ഇന്ദ്രന്‍സ് സാധ്യമാക്കുന്നത് അതാണ്. സ്വാഭാവികമായും ശരീരത്തിന്റെ പരിമിതിക്കപ്പുറത്ത് ഉള്‍ക്കരുത്തുള്ള കഥാപാത്രങ്ങള്‍ ഈ നടനെ അന്വേഷിച്ചെത്തുന്ന ദിവസങ്ങള്‍ വിദൂരമാകില്ല.

മാതൃഭൂമി ഓണ്‍ലൈന്‍, 2022 ജൂണ്‍ 2, ഷോ റീല്‍ 22

No comments:

Post a Comment