വിഷ്വല്‍ മീഡിയ, ഓണ്‍ലൈന്‍ ജേണലിസത്തിന്റെ വസ്തുനിഷ്ഠമല്ലാത്തതും സത്യസന്ധമല്ലാത്തതുമായ വാര്‍ത്താലോകം ജനാധിപത്യത്തിന്റെ നാലാംതൂണിന്റെ പ്രസക്തിയെ തന്നെ ആശങ്കപ്പെടുത്തുന്നൊരു കാലത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. സമൂഹത്തിനും ജനത്തിനും വേണ്ടി നിലകൊള്ളേണ്ട മാധ്യമങ്ങള്‍ സെന്‍സേഷനിസത്തിനും റേറ്റിംഗിനും പിറകേ പായുമ്പോള്‍ മാധ്യമ മേഖലയുടെ ആധികാരികതയും നിലനില്‍പ്പും തന്നെ ചോദ്യം ചെയ്യപ്പെടുന്നു. അച്ചടിമാധ്യമങ്ങള്‍ മാത്രം സജീവമായിരുന്ന കാലത്ത് വാര്‍ത്തകള്‍ ഇത്രയധികം സെന്‍സേഷനലൈസ് ചെയ്യപ്പെടാന്‍ അവസരമുണ്ടായിരുന്നില്ല. ദിനപത്രങ്ങള്‍ തമ്മില്‍ കിടമത്സരവും നിലനിന്നിരുന്നില്ല. മറിച്ച് പരസ്പര ബഹുമാനം പുലരുന്ന ഒരു അന്തരീക്ഷവും സാധ്യമായിരുന്നു. വാര്‍ത്തകള്‍ അച്ചടിക്കുകയും പിറ്റേ ദിവസം പത്രങ്ങളിലൂടെ ജനങ്ങള്‍ ആ വാര്‍ത്തകള്‍ അറിയുകയും ചെയ്യുന്ന സാമൂഹിക പ്രതിബദ്ധതാ രീതിയായിരുന്നു നിലനിന്നിരുന്നത്.
ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവോടെ വാര്‍ത്തകള്‍ കുറേക്കൂടി നേരത്തെ അറിയാവുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി. ഇത് വളരെയധികം ഗുണപരമായ ഒരു മാറ്റമായിരുന്നു. എന്നാല്‍ ദൃശ്യമാധ്യമങ്ങള്‍ വിപണിവത്കരിക്കാനുള്ള അവസരം രൂപപ്പെട്ടതോടെ വാര്‍ത്താലോകത്ത് മത്സരം രൂപംകൊണ്ടു. കിടമത്സരത്തില്‍ മുന്‍പിലെത്തുകയെന്ന ലക്ഷ്യത്തോടെ ഏറ്റവുമാദ്യം വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കുവാനുള്ള മത്സരം വളര്‍ന്നതോടെ വാര്‍ത്തകളുടെ സത്യസന്ധതയും ആധികാരികതയും പിറകോട്ടുപോയി. ഒരു ദിവസം നടന്ന പ്രധാന വാര്‍ത്തകളുടെ തലക്കെട്ടുകള്‍ ജനങ്ങളെ അറിയിക്കുന്ന ബുള്ളറ്റിന്‍ വാര്‍ത്താവായനാ രീതിയില്‍ നിന്ന് ഒരു ബ്രേക്കിംഗ് ന്യൂസിനു പിറകെ എത്ര സമയം വേണമെങ്കിലും ചെലവഴിക്കുകയും അതില്‍നിന്ന് പരമാവധി പരസ്യവരുമാനം സാധ്യമാക്കുകയും ചെയ്യുന്ന തലത്തിലേക്ക് വാര്‍ത്തകള്‍ വാണിജ്യവത്കരിക്കപ്പെട്ടു. വിപണിയുടെയും കോര്‍പ്പറേറ്റുകളുടെയും കൈകടത്തല്‍ കൃത്യമായി മാധ്യമ വാര്‍ത്തകളെ സ്വാധീനിച്ചു.
വിഷയത്തെ സംബന്ധിച്ച വൈകാരികവും മിക്കവാറും അവാസ്തവവുമായ കാര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന സത്യാനന്തര (ുീേെൃtuവേ), വസ്തുതാനന്തര (ുീേെളമര)േ കാലത്തെ മാധ്യമപ്രവര്‍ത്തനത്തില്‍ വസ്തുതാന്വേഷണങ്ങള്‍ക്കോ, അതിനു വേണ്ടിയായുള്ള ശാസ്ത്രീയ രീതികള്‍ക്കോ പ്രസക്തിയില്ലാതെ വന്നിരിക്കുന്നു. ജീവിതത്തിലും സമൂഹത്തിലും രാഷ്ട്രീയത്തിലുമുള്‍പ്പെടെ വന്നുചേര്‍ന്നിരിക്കുന്ന ഈ അവസ്ഥയെയാണ് സ്വാഭാവികമായും മാധ്യമലോകത്തെയും ബാധിച്ചിരിക്കുന്നത്.
സത്യാനന്തരകാലത്തെ മാധ്യമലോകത്ത് നിലനില്‍ക്കുന്ന തെറ്റായ പ്രവണതകളെ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള സര്‍ഗാത്മക വിമര്‍ശനമാണ് ആഷിഖ് അബു തന്റെ പുതിയ സിനിമയായ നാരദനിലൂടെ ലക്ഷ്യമിടുന്നത്. ഫലപ്രദമായ മീഡിയ ക്രിട്ടിസിസം ആവശ്യമായി വന്നിരിക്കുന്ന ഒരു കാലത്ത് ഇത്തരമൊരു പ്രമേയം പങ്കുവയ്ക്കുന്ന സിനിമയ്ക്ക് ഏറെ പ്രസക്തിയുണ്ട്. മാധ്യമങ്ങള്‍ സ്വയംവിമര്‍ശനമായി എടുക്കേണ്ടതും സമൂഹത്തിന്റെയും നിയമത്തിന്റേയും കൃത്യമായ ഇടപെടലുണ്ടാകേണ്ടതുമായ നിരവധി വിഷയങ്ങളാണ് നാരദന്‍ മുന്നോട്ടുവയ്ക്കുന്നത്. സെന്‍സേഷണലിസം, ലൈംഗികച്ചുവയോയെുള്ള റിപ്പോര്‍ട്ടിംഗ്, ആര്‍ഷഭാരത സംസ്‌കാരത്തിന്റെ പേരില്‍ സദാചാരം അടിച്ചേല്‍പ്പിക്കുകയും ആ സംസ്‌കാരം കാത്തുസൂക്ഷിക്കണമെന്ന അജണ്ട വച്ചുപുലര്‍ത്തുകയും ചെയ്യുന്നത്, അന്ധവിശ്വാസവും അനാചാരവും അടിച്ചേല്‍പ്പിക്കുന്ന പ്രവണതകള്‍, അതിദേശീയത, ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളോടുള്ള ചായ്വ്, വ്യക്തിവൈരാഗ്യം തീര്‍ക്കല്‍, ചാനല്‍ റേറ്റിംഗിനായി നടത്തുന്ന ക്രിമിനല്‍ കുറ്റങ്ങള്‍, ബ്രേക്കിംഗ് ന്യൂസിനും എക്സ്‌ക്ലൂസീവിനും ടി.ആര്‍.പിക്കും പിന്നാലെ പാഞ്ഞ് മീഡിയ എത്തിക്സ് ഇല്ലാതാക്കുന്നത്, യഥാര്‍ഥ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പകരം വാര്‍ത്തകള്‍ സൃഷ്ടിക്കല്‍ തുടങ്ങിയ നടപ്പുകാലത്ത് ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പിന്തുടര്‍ന്നുപോരുന്ന വാര്‍ത്താ പ്രചരണ രീതികളെല്ലാം ഈ സിനിമയില്‍ പരാമര്‍ശവിധേയമാകുന്നുണ്ട്. ഇത്തരത്തില്‍ മാധ്യമവിമര്‍ശനം നടത്തുകയും സത്യസന്ധമായ മാധ്യമപ്രവര്‍ത്തനത്തിലൂടെ വേണം മാധ്യമങ്ങള്‍ സമൂഹത്തെ മുന്നോട്ടു നയിക്കേണ്ടതെന്നുമുള്ള സന്ദേശം മുന്നോട്ടുവയ്ക്കുന്ന ഒരു സിനിമ വലിയ രീതിയില്‍ കാണപ്പെടുകയും ചര്‍ച്ചയ്ക്ക് വഴിവയ്ക്കുകയും ചെയ്യേണ്ടുന്ന ഒരു സൃഷ്ടിയാകുമായിരുന്നു. എന്നാല്‍ ദുര്‍ബലമായ തിരക്കഥയും ഒഴുക്കില്ലാത്ത ആഖ്യാനവും അപക്വമായ സമീപനവും കാരണം നാരദന്‍ ഒരു മോശം കാഴ്ചയായി അവശേഷിക്കുകയാണുണ്ടായത്. ആഷിഖ് അബുവിന്റെയും ഉണ്ണി ആറിന്റെയും കരിയറിലെ മോശം സിനിമകളില്‍ ഒന്നായിട്ടായിരിക്കും നാരദന്‍ വിലയിരുത്തപ്പെടുക.
ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ചന്ദ്രപ്രകാശ് എന്ന ന്യൂസ് ചാനല്‍ ഫേസിനെ അവതരിപ്പിച്ച ടോവിനോ തോമസ് ഉള്‍പ്പെടെയുള്ളവരെല്ലാം മിസ് കാസ്റ്റിംഗ് ആയിട്ടാണ് അനുഭവപ്പെടുന്നത്. സാധാരണയില്‍ കവിഞ്ഞ പ്രാമുഖ്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ കേവലാനുകരണത്തില്‍ കവിഞ്ഞ് തന്റെയുള്ളിലെ അഭിനേതാവിനെ പുറത്തെടുക്കാനും സ്വന്തം സംഭാവനകള്‍ നല്‍കി കഥാപാത്രത്തെ മുനകൂര്‍പ്പിച്ചെടുക്കാനും സാധിക്കാത്തതാണ് ടോവിനോയുടെ ചന്ദ്രപ്രകാശിന് പ്രതികൂലമാകുന്നത്. ഒരു ഘട്ടത്തിലും ഒരു മീഡിയ ഐക്കണിനെ പ്രതിനിധീകരിക്കുന്നയാളാകാന്‍ ടോവിനോയുടെ ശരീരഭാഷയ്ക്ക് സാധിക്കുന്നില്ല. ഇതു തന്നെയാണ് മറ്റ് അഭിനേതാക്കളുടെയും സ്ഥിതി. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍ മെച്ചപ്പെടുത്താനും സ്വയം നവീകരിക്കാനും വളരെയളുപ്പത്തില്‍ സാധിക്കാറുള്ള ഷറഫുദ്ധീനെ പോലൊരു നടന് പോലും നാരദനിലെ കഥാപാത്രത്തെ സൂക്ഷ്മമായി അടയാളപ്പെടുത്താനായിട്ടില്ല. പല സീനുകളിലും മുന്‍ സിനിമകളിലെ തന്റെ തന്നെ നിഴലിനെ അനുകരിക്കുന്ന ഷറഫുദ്ധീനെ നാരദനില്‍ കാണാം. അന്ന ബെന്നിന്റെ അവസ്ഥയും മറിച്ചല്ല. കൊക്കിലൊതുങ്ങാത്ത കഥാപാത്രം പോലെയാണ് അന്നയുടെ വക്കീല്‍ കഥാപാത്രം ഉളവാക്കുന്ന വികാരം. ഇന്ദ്രന്‍സിന്റെ ജഡ്ജി കഥാപാത്രത്തിന് മാത്രമാണ് അഭിനയമികവിന്റെ മിന്നലാട്ടം കാണിക്കാനാകുന്നത്. സിനിമയുടെ നട്ടെല്ലാകേണ്ടിയിരുന്ന രഞ്ജി പണിക്കരും അന്ന ബെന്നും ചേര്‍ന്നുള്ള ക്ലൈമാക്‌സിലെ കോര്‍ട്ട് റൂം സീനുകളെല്ലാം വെറും വാചകക്കസര്‍ത്ത് മാത്രമായി ഒതുങ്ങുന്നു. വൈകാരികതയോ ഉദ്വേഗമോ സൃഷ്ടിക്കുന്നതില്‍ സംവിധായകനും പരാജയപ്പെടുന്നു. അടുത്തിടെ പുറത്തിറങ്ങിയ കോര്‍ട്ട്, മുള്‍ക്ക്, പിങ്ക്, ജയ് ഭീം തുടങ്ങിയ ഇന്ത്യന്‍ സിനിമകളെല്ലാം കോര്‍ട്ട് റൂം ഡ്രാമകളെന്ന നിലയ്ക്കു കൂടിയാണ് ശ്രദ്ധേയമായത.
ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടിവരുന്ന മാധ്യമപ്രവര്‍ത്തകരെക്കുറിച്ചും വാര്‍ത്തകള്‍ തെരഞ്ഞെടുക്കുന്നതില്‍ മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യമില്ലായ്മയും മാനേജ്മെന്റിന്റെ നിയന്ത്രണങ്ങളുമെല്ലാം നാരദനില്‍ കടന്നുവരുന്നുണ്ട്. പക്ഷേ ഈ വിഷയങ്ങളെയൊന്നും ഗൗരവമായോ ആഴത്തിലോ പരാമര്‍ശിക്കാന്‍ മെനക്കെടുന്നില്ല. മാധ്യമലോകത്തെ പല വിഷയങ്ങളും പരാമര്‍ശവിധേയമാക്കി ഒന്നിലും ഉറച്ചുനില്‍ക്കാത്ത അമച്വര്‍ സമീപനമാണ് സിനിമ പുലര്‍ത്തുന്നത്. പല വിഷയങ്ങള്‍ പറയാന്‍ ശ്രമിക്കുന്നതു കൊണ്ടു തന്നെ സീനുകള്‍ തമ്മിലുള്ള ഇഴചേര്‍ച്ച കുറവാണ്. ചില കാര്യങ്ങളെല്ലാം തിരക്കഥയില്‍ ഉള്‍പ്പെടുത്തണമെന്ന നിബന്ധനയില്‍ അത്തരം സീക്വന്‍സുകള്‍ യാന്ത്രികമായി സൃഷ്ടിച്ചെടുക്കുകയും അതെല്ലാം സംഭാഷണമാക്കുകയും ചെയ്യുമ്പോഴുള്ള നാടകീയതയും നാരദന് ബാധ്യതയാണ്. മാധ്യമ ലോകത്തെ സമകാലിക വിഷയങ്ങളെല്ലാം പറഞ്ഞ് മാധ്യമങ്ങളെ നിയന്ത്രിക്കാനും നല്ല നിലയ്ക്ക് നടത്താനും കോടതി ഇടപെടല്‍ അനിവാര്യമാണെന്നാണ് സിനിമ ആത്യന്തികമായി പറഞ്ഞു വയ്ക്കുന്നത്. മാധ്യമങ്ങളെ മുന്നറിയിപ്പില്ലാതെ നിയന്ത്രിക്കുകയും വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യുന്ന പ്രവണത നിലനില്‍ക്കുന്ന സമകാലിക ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥയില്‍ ഈ ഉദ്ദേശ ശുദ്ധിയും അത്രകണ്ട് നല്ലതല്ലെന്ന് പറയേണ്ടി വരും.
സ്ത്രീശബ്ദം, 2022 മേയ്
No comments:
Post a Comment