Thursday, 30 June 2022

പട.. മുഖ്യധാരാ സിനിമ ജനകീയ വിഷയം സംസാരിക്കുമ്പോള്‍


ആദിവാസി ജനതയ്ക്കും അവര്‍ക്ക് അവകാശപ്പെട്ട ഭൂമിക്കും മേലുള്ള കടന്നുകയറ്റത്തിന്റെ അനീതി നിറഞ്ഞ ചരിത്രത്തെ അടയാളപ്പെടുത്തുകയാണ് കമല്‍ കെ.എം. പട എന്ന സിനിമയില്‍. ആദിവാസി ഭൂമി കൈയേറിയത് തിരിച്ചുപിടിക്കാനായി 1975 ല്‍ കേരളം നിയമം പാസ്സാക്കിയെങ്കിലും നിയമം നടപ്പാക്കുന്നതിന്  രണ്ട് പതിറ്റാണ്ട് കാലം അധികാര കേന്ദ്രങ്ങള്‍ തന്നെ തടയിട്ടു. 1996ല്‍ ഈ നിയമം അട്ടിമറിക്കാന്‍ പുതിയൊരു ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. അതിനെതിരായ പ്രതിഷേധമെന്ന നിലയിലാണ് അയ്യങ്കാളിപ്പട പാലക്കാട് കളക്ടറെ ബന്ധിയാക്കിയത്. ആ സംഭവം നടന്നിട്ട് 25 വര്‍ഷം കഴിഞ്ഞെങ്കിലും അതിന് ഇന്നും പ്രസക്തിയുണ്ട്. മുഖ്യധാരാ സമൂഹവും രാഷ്ട്രീയപാര്‍ട്ടികളും എളുപ്പത്തില്‍ മറന്നുപോയ ആ സംഭവത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് പട. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി എന്ന അനീതിയും ആദിവാസി ജീവിതത്തിന്മേലുള്ള കടന്നുകയറ്റവും ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇതു തന്നെയാണ് പട ചര്‍ച്ചചെയ്യുന്ന വിഷയത്തിന്റെ പ്രസക്തിയും.

ഇത്തരമൊരു വിഷയം അവതരിപ്പിക്കുന്ന രീതിയാണ് പടയുടെ സവിശേഷത. മുഴുവന്‍ സമയവും ചലനാത്മകമാണ് ഈ സിനിമ. അതുവഴി വിഷയത്തിന്റെ തീവ്രത പ്രേക്ഷകന് അനുഭവിക്കാനാകുന്നു. സമാന്തര സിനിമകള്‍ കൈകാര്യം ചെയ്തുപോരുന്ന ഇത്തരമൊരു വിഷയത്തെ മുഖ്യപ്രമേയമാക്കുന്നതിലൂടെ പട വാണിജ്യ സിനിമയിലെ വേറിട്ടൊരു ചുവടുവയ്പിന് കളമൊരുക്കുന്നു. 


മലയാളത്തിലെ സമാന്തര സിനിമകളില്‍ നിരവധി തവണ ആദിവാസി ഭൂപ്രശ്‌നവും അവര്‍ക്കെതിരെ നിലനില്‍ക്കുന്ന അനീതികളും വിഷയമായെങ്കിലും അത് ഭൂരിഭാഗം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്. സാധാരണ പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ തക്ക ചലനാത്മകാന്‍ പരിമിതിയുള്ള സമാന്തര സിനിമകള്‍ക്ക് അവരുടെ ആസ്വാദനബോധത്തെയും നിലവാരത്തെയും പരിഗണിക്കാനാകാറില്ല. മന്ദതാളത്തില്‍ കഥപറയുന്ന സിനിമകളുടെ വേഗത്തിനോട് എല്ലാത്തരം പ്രേക്ഷകനും എളുപ്പത്തില്‍ സംവദിക്കാനാകില്ല. അവര്‍ കണ്ടുശീലിച്ചിട്ടുള്ളത് വാണിജ്യ സിനിമയുടെ വേഗതയുള്ള കഥപറച്ചില്‍ ശൈലിയാണ്. ജനകീയപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത സിനിമകള്‍ വലിയൊരു വിഭാഗം ജനത്തിലേക്ക് എത്താതെ പോയതിനു കാരണം ആഖ്യാനത്തിലെ ഈ രസച്ചേര്‍ച്ചയില്ലായ്മ തന്നെയാണ്. ഒരു ജനകീയ പ്രശ്‌നത്തിന്റെ തീവ്രത പൂര്‍ണമായി അനുഭവിപ്പിക്കുന്നതിന് ജീവിതത്തിന്റെ നേരടയാളമായ മന്ദതാളമാണ് ചേരുന്നതെന്ന് സമാന്തര സിനിമകള്‍ക്ക് പ്രസ്താവിക്കാനാകും. അത് നേരാണെങ്കില്‍ക്കൂടി സിനിമയെന്ന ആര്‍ട്ട് ഫോമിനെ ആസ്വദിക്കുകയെന്ന ലക്ഷ്യത്തില്‍ അതിനു മുന്നില്‍ എത്തുന്ന ഭൂരിഭാഗം വരുന്ന കാണികളില്‍ യാതൊരു വികാരവും ഉളവാക്കാന്‍ കഴിയാതെ പോന്ന ഒന്നായി അത് മാറുകയാണെങ്കില്‍ നിരാശരാകുന്നത് സ്വാഭാവികം. അവര്‍ ഇൗ രീതിയില്‍ ആഖ്യാനം നടത്തുന്ന സിനിമകളെ പിന്നീട് പരിഗണിച്ചേക്കില്ല. തങ്ങളുടെ ആസ്വാദന മൂല്യത്തെ പരിഗണിക്കാതെയും ബൗദ്ധികശേഷിയെ സദാ പരീക്ഷണ വിധേയമാക്കുകയും ചെയ്യുന്ന വൃഥാവ്യായാമങ്ങളെ അവാര്‍ഡ് പടമെന്നോ ആര്‍ട്ട് പടമെന്നോ ലേബലൈസ് ചെയ്ത് അവര്‍ തള്ളിക്കളഞ്ഞേക്കാം.

ജനങ്ങളെ സന്തോഷിപ്പിക്കുകയും ആസ്വദിപ്പിക്കുകയും ചെയ്യുകയെന്ന പ്രാഥമിക ഉത്തരവാദിത്തം നിറവേറ്റുന്ന മുഖ്യധാരാ സിനിമകള്‍ക്ക് ജനകീയ പ്രശ്‌നങ്ങള്‍ വിഷയമാകാറില്ല. അപൂര്‍വ്വം ചിലപ്പോള്‍ ഉപവിഷയങ്ങളിലൊന്നോ പരാമര്‍ശവിധേയമോ ആകാറുണ്ട്. അതുകൊണ്ടുതന്നെ ജനം കാലങ്ങളായി അനുഭവിക്കുന്ന തീവ്രവിഷയങ്ങള്‍ ജനപ്രിയ കലാരൂപമെന്ന നിലയില്‍ വാണിജ്യ സിനിമകളുടെ ചര്‍ച്ചാപരിസരത്ത് വരാതെ മാറിപ്പോകുകയാണ് പതിവ്. ഇവിടെയാണ് പട മുഖ്യധാരാ സിനിമയിലെ വേറിട്ട ആഖ്യാനസാധ്യതയാകുന്നത്. 


കേരളത്തിലെ ആദിവാസി സമൂഹം നേരിടുന്ന അതിതീവ്രമായ ഒരു പ്രശ്‌നത്തിലേക്കാണ് ഈ സിനിമ പ്രേക്ഷകന്റെ ശ്രദ്ധ ക്ഷണിക്കുന്നത്. സാധാരണ ഗതിയില്‍ സമാന്തര സിനിമ വിഷയവത്കരിക്കേണ്ടുന്ന ഈ പ്രമേയം ആര്‍ട്ട്, കൊമേഴ്‌സ്യല്‍ അളവുകോല്‍ വയ്ക്കാതെ പ്രശ്‌നത്തിന്റെ തീവ്രത കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ പട വിജയം കാണുന്നുണ്ട്. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ പൂര്‍ണമായും കാണികളുടെ ഉദ്വേഗത്തെയും ആസ്വാദനത്തെയും പരിഗണിച്ചുകൊണ്ടുള്ള ആഖ്യാനശൈലി കണ്ടെത്തുന്നു. എന്നാല്‍ ആഖ്യാനത്തില്‍ വലിയ പരീക്ഷണത്തിനോ പുതുമയ്‌ക്കോ മുതിരുന്നുമില്ല. ഇനിയും പരിഹാരം കാണാത്ത ഒരു വിഷയത്തെക്കുറിച്ചുള്ള ഓര്‍മ്മ പുതുക്കാനും ആ പ്രശ്‌നത്തെ സജീവമായി നിലനിര്‍ത്താനും കേരള സമൂഹത്തെ സജ്ജമാക്കുകയെന്ന ഉദ്ദേശം ഫലവത്താക്കാന്‍ പടയ്ക്കാകുന്നു. വാണിജ്യസിനിമയുടെ കഥാകഥന സങ്കേതത്തിന്റെയും താരസാന്നിധ്യത്തിന്റെയും സാധ്യതയാണ് ഈ സിനിമ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നത്. കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ തുടങ്ങി താരമൂല്യമുള്ളവരും വാണിജ്യ സിനിമയുടെ സുപ്രധാന സാന്നിധ്യങ്ങളുമായ താരങ്ങളാണ് പടയിലെ പ്രധാന കഥാപാത്രങ്ങളാകുന്നത്. കമല്‍ കെ.എം. തന്റെ മുന്‍സിനിമയായ ഐഡിയിലും പടയിലേതിനു സമാനമായി ഐഡന്റിറ്റി ക്രൈസിസ് എന്ന അതിതീവ്രമായ ഒരു വിഷയമാണ് പ്രമേയമാക്കുന്നത്. അത്തരമൊരു പൊള്ളുന്ന വിഷയത്തെ അവതരണത്തിലെ ചടുലത കൊണ്ടാണ് സംവിധായകന്‍ സവിശേഷമാക്കുന്നത്.

ജനകീയ പ്രശ്‌നങ്ങള്‍ കേന്ദ്ര പ്രമേയമാക്കുകയും സൂപ്പര്‍താരങ്ങളെ കഥാപാത്രങ്ങളാക്കുകയും ചെയ്തുകൊണ്ടുള്ള മുന്നേറ്റങ്ങളുമായി വെട്രിമാരനും പാ രഞ്ജിത്തും മാരി സെല്‍വരാജും ഉള്‍പ്പെടെയുള്ള ഒരു കൂട്ടം ചെറുപ്പക്കാരിലൂടെ സിനിമ സാമൂഹിക ഉന്നമനത്തിനുള്ള വഴിവെട്ടല്‍ കൂടിയായി തമിഴ് സിനിമ കണ്ടപ്പോള്‍ മലയാളത്തില്‍ ഇത്തരം പരിശ്രമങ്ങള്‍ക്ക് അത്രകണ്ട് മുഖ്യധാരയിലേക്കുള്ള പ്രവേശനം സാധ്യമായിരുന്നില്ല. ഒരു ജയ് ഭീമോ പരിയേറും പെരുമാളോ മലയാളത്തിലെ വാണിജ്യ സിനിമയുടെ ഭാഗമാകുന്നില്ല എന്ന ഈ നീണ്ടുപോകലിന്റെ ഉത്തരമാണ് പട. ഈ ചിന്തയിലേക്ക് വെളിച്ചം വീശാനും ഇത്തരത്തിലുള്ള കൂടുതല്‍ പരിശ്രമങ്ങള്‍ക്ക് മുതിരാന്‍ വാണിജ്യ സിനിമയ്ക്ക് പ്രേരണ നല്‍കാനും പട പോലൊരു സിനിമയ്ക്ക് സാധിച്ചേക്കും.

അക്ഷരകൈരളി, 2022 മേയ്‌

No comments:

Post a Comment