Tuesday, 28 June 2022

സ്‌ക്രീനിലും പുറത്തും അതിജീവനത്തിന്റെ പ്രത്യാശ നിറച്ച ചലച്ചിത്രമേള



രണ്ട് അതിജീവിതകളുടെ സാന്നിധ്യമായിരുന്നു 26 ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ മുഖ്യ ആകര്‍ഷണം. ഐഎസ് ആക്രമണത്തെ അതിജീവിച്ച കുര്‍ദിഷ്സംവിധായിക ലിസ ചലാനും തെന്നിന്ത്യന്‍ നടി ഭാവനയുമാണ് ചലച്ചിത്ര മേളയുടെ വേദിയില്‍ ഒന്നിച്ചെത്തിയത്. ഇതുവഴി സമൂഹത്തിനു മുന്നില്‍ മികച്ചൊരു സന്ദേശം മുന്നോട്ടുവയ്ക്കാനും മേളയുടെ സംഘാടകര്‍ക്കായി.
2015ലെ തുര്‍ക്കിയിലെ അമേദ് ബോംബാക്രമണത്തിലാണ് ലിസയ്ക്ക് ഇരുകാലുകളും നഷ്ടപ്പെട്ടത്. ചികിത്സയ്ക്കായി അവര്‍ രണ്ട് വര്‍ഷത്തോളം അങ്കാറയില്‍ താമസിച്ചു. ജര്‍മ്മനിയിലും ഓസ്ട്രേലിയയിലും ചികിത്സ തേടി. അമേഡ് മിഡില്‍ ഈസ്റ്റ് ഫിലിം അക്കാദമിയില്‍ ജോലി ചെയ്യുകയും തിരക്കഥാകൃത്ത് എന്ന നിലയില്‍ നിരവധി ചലച്ചിത്രമേളകളില്‍ പങ്കെടുക്കുകയും ചെയ്ത ലിസ 2014-ല്‍ കുര്‍ദിഷ് ഭാഷയുടെ സ്വാംശീകരണത്തിന് ഊന്നല്‍ നല്‍കുന്ന സിമാന സിയ എന്ന സിനിമ സംവിധാനം ചെയ്തു. 2015-ല്‍ പുറത്തിറങ്ങിയ വെസാര്‍ട്ടി എന്ന സിനിമയിലെ നടിയും കലാസംവിധായികയും കൂടിയാണ് ലിസ. ഐഎസ് ആക്രമണത്തിന് ഇരയായതിനു ശേഷം തിരികെയെത്തി ദ ബട്ടര്‍ഫ്‌ളൈ ദാറ്റ് ക്രിയേറ്റ്‌സ് ഇറ്റ്‌സെല്‍ഫ്, സിസബന്‍ എന്നീ സിനിമകളിലൂടെ സാന്നിധ്യമറിയിച്ച ലിസ അതിജീവനത്തിന്റെ മികച്ച ഉദാഹരണമായി മാറുന്നു. ലിസ ചലാനെ അടയാളപ്പെടുത്തുന്നത് തീവ്രവാദത്തിന് മുന്നില്‍ മുട്ടുമടങ്ങാത്ത ആദര്‍ശവതികളായ കുര്‍ദിഷ് വനിതകളുടെ പ്രതിനിധിയായിട്ടാണ്. ''എന്റെ ശരീരത്തെ മാത്രമേ അവര്‍ക്ക് പരിക്കേല്‍പ്പിക്കാനായുള്ളൂ, എന്റെ ആശയത്തെ തോല്‍പ്പിക്കാനായിട്ടില്ല'' എന്നാണ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം നല്‍കി ആദരിക്കപ്പെട്ടപ്പോള്‍ ലിസയുടെ വാക്കുകള്‍.
ചലച്ചിത്ര മേളയുടെ ഉദ്ഘാടനവേദിയില്‍ എത്തിയ നടി ഭാവനയെ എഴുന്നേറ്റു നിന്നാണ് സദസ്സ് സ്വീകരിച്ചത്. ഭാവനയുടെ പേര് വേദിയില്‍ ഉയര്‍ന്നപ്പോള്‍ കേട്ട നിലയ്ക്കാത്ത കൈയ്യടിയില്‍ അവള്‍ക്കൊപ്പമെന്ന തീര്‍ച്ച വ്യക്തമായിരുന്നു. ''നല്ല സിനിമകള്‍ സൃഷ്ടിക്കുന്നവര്‍ക്കും നല്ല സിനിമകള്‍ ആസ്വദിക്കുന്നവര്‍ക്കും ലിസയെപ്പൊലെ ഒഴുക്കിനെതിരെ പൊരുതുന്നവര്‍ക്കും ആശംസകള്‍'' എന്നായിരുന്നു ഒറ്റവാചകത്തിലുള്ള ഭാവനയുടെ പ്രസംഗം.
കോവിഡ് കാലം തീര്‍ത്ത പ്രതിസന്ധിക്കു ശേഷമെത്തുന്ന മേള എന്നതായിരുന്നു ഇത്തവണത്തെ വലിയ പ്രത്യേകതകളിലൊന്ന്. മുഴുവന്‍ സീറ്റുകളിലും കാണികളെ അനുവദിച്ചു. കഴിഞ്ഞ തവണ നാല് വ്യത്യസ്ത സ്ഥലങ്ങളിലായി നടന്ന മേള അതിന്റെ മുഴുവന്‍ ആസ്വാദകരെയും സ്ഥിരം കേന്ദ്രമായ തിരുവനന്തപുരത്തേക്ക് തിരികെയെത്തിച്ചു. സിനിമയ്‌ക്കൊപ്പം ഇതര കലകള്‍ മേളപ്പറമ്പില്‍ തീര്‍ക്കുന്ന ആരവങ്ങള്‍ ചലച്ചിത്രമേള തിരിച്ചുപിടിച്ചു. കോവിഡിന്റെ പിടിയിലമര്‍ന്ന ആഘോഷങ്ങളും സൗഹൃദങ്ങളും പഴയ ഊര്‍ജ്ജം ആവാഹിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ നിറഞ്ഞു. ഒപ്പം വിവിധ ലോക രാജ്യങ്ങളിലെ ചലച്ചിത്രകാരന്മാര്‍ കോവിഡ് കാലത്ത് സര്‍ഗാത്മകമായി എങ്ങനെ ചിന്തിച്ചു എന്നതിന്റെ ദൃഷ്ടാന്തമായി വെള്ളിത്തിരയിലെ കാഴ്ചകളിലേക്കും..


മേള ശ്രദ്ധിച്ച സ്ത്രീപക്ഷ സിനിമകളിലൂടെ..

അമീറ

ഇസ്രയേല്‍ തടവിലാക്കിയ പലസ്തീനിയന്‍ തടവുകാരുടെ ബീജം പുറത്തെത്തിച്ച് ഭാര്യമാര്‍ ഗര്‍ഭിണികളാകുന്നതും അതുണ്ടാക്കുന്ന സങ്കീര്‍ണതകളുമാണ് മുഹമ്മദ് ദിയാബിന്റെ ഈജിപ്ഷ്യന്‍ ചിത്രം അമീറ പ്രമേയമാക്കുന്നത്. 
പതിനേഴുകാരിയായ പലസ്തീനിയന്‍ പെണ്‍കുട്ടി അമീറയാണ് കേന്ദ്രകഥാപാത്രം. ചെറുപ്പം മുതല്‍ ജയില്‍ വഴി മാത്രം കണ്ടിരുന്ന നവാറാണ് അമീറയുടെ പിതാവ്. ജയിലില്‍ നിന്നും കള്ളക്കടത്ത് വഴി കടത്തിയ നവാറിന്റെ ബീജത്തില്‍ നിന്നാണ് അവളുടെ അമ്മ വാര്‍ദ ഗര്‍ഭിണിയാകുന്നത്. ജയില്‍ സന്ദര്‍ശനങ്ങളിലൂടെ മാത്രമാണ് കണ്ടുമുട്ടുന്നതെങ്കിലും അമീറയുടെ ആരാധ്യപുരുഷനാണ് പിതാവ് അമീര്‍. എന്നാല്‍ ബീജം കടത്താന്‍ കൂട്ടുനിന്ന ഒരു ഇസ്രായേല്‍ പോലീസ് ഗാര്‍ഡാണ് തന്റെ പിതാവെന്നറിയുമ്പോള്‍ അമീറയുടെ ജീവിതം കീഴ്‌മേല്‍ മറിയുന്നു. അവളുടെ അസ്ഥിത്വം തന്നെ ചോദ്യംചെയ്യപ്പെടുന്നു.
അടിച്ചമര്‍ത്തപ്പെടുന്ന ജനതയുടെ നിസ്സഹായതയ്ക്കും അതിജീവന ശ്രമങ്ങള്‍ക്കുമൊപ്പം സ്ത്രീപക്ഷത്തു നിന്ന് കൃത്യമായി സംസാരിക്കുന്നുണ്ട് ഈ ചിത്രം. തടവിലാക്കപ്പെട്ട പലസ്തീനികളുടെ ബീജക്കള്ളക്കടത്തുവഴി നൂറിലധികം കുട്ടികള്‍ ജനിച്ചിട്ടുണ്ടെന്ന് വെനീസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെലില്‍ വേള്‍ഡ് പ്രീമിയര്‍ ആയി പ്രദര്‍ശിപ്പിച്ച ഈ അറബിക് ചിത്രം പറയുന്നു.

യൂനി 

പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിക്ക് വീട്ടില്‍നിന്നും ചുറ്റുപാടില്‍ നിന്നും നേരിടേണ്ടി വരുന്ന ചോദ്യങ്ങളാണ് കമീല ആന്‍ഡിനി സംവിധാനം ചെയ്ത യൂനി എന്ന ഇന്തോനേഷ്യന്‍ ചിത്രം പറയുന്നത്. പതിനേഴുകാരിയായ വിദ്യാര്‍ഥിനിയാണ് യൂനി. യൂണിവേഴ്‌സിറ്റിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കുക എന്നതാണ് അവളുടെ ആഗ്രഹം. അതിനിടയില്‍ രണ്ട് വിവാഹാലോചനകളാണ് വരുന്നത്. രണ്ടും അവള്‍ തള്ളിക്കളയുന്നു. നാട്ടിലെ വിശ്വാസമനുസരിച്ച് മൂന്ന് ആലോചനകള്‍ തള്ളിക്കളഞ്ഞാല്‍ പിന്നെ വിവാഹം നടക്കില്ല എന്നാണ്. ഇതിനിടെ മൂന്നാമതൊരു വിവാഹാലോചന കൂടി യൂനിക്ക് വരുന്നു. വിവാഹമാണോ പഠനമാണോ വേണ്ടത് എന്ന ആശങ്കയിലാവുകയാണ് യൂനി. സാര്‍വലോക പ്രസക്തമാണ് ഈ ചിത്രത്തിന്റെ വിഷയം. 



രഹ്ന മറിയം നൂര്‍

ലോകമെമ്പാടുമുള്ള സ്ത്രീകള്‍ അനുദിനം നയിക്കുന്ന അതിജീവനത്തിന്റെ പോരാട്ടമാണ് രഹ്ന മറിയം നൂര്‍ എന്ന ബംഗ്ലാദേശി ചിത്രം പറയുന്നത്. ദേശങ്ങള്‍ മാറുമ്പോഴും സ്ത്രീകള്‍ അനുഭവിക്കേണ്ടിവരുന്ന മാനസിക പ്രശ്‌നങ്ങള്‍ക്കും അവരുടെ പ്രതിരോധങ്ങള്‍ക്കും ഒരേ സ്വഭാവമാണെന്ന യാഥാര്‍ഥ്യം അബ്ദുള്ള മുഹമ്മദ് സാദ്  സംവിധാനം ചെയ്ത രഹ്ന മറിയം നൂര്‍ പങ്കുവയ്ക്കുന്നു. 
ധാക്കയിലെ മെഡിക്കല്‍ കോളേജിലെ പ്രൊഫസര്‍ ആണ് രഹ്ന. ഭര്‍ത്താവിന്റെ തുണയില്ലാതെ മകള്‍ക്കൊപ്പം ഒറ്റയ്ക്ക് ജീവിക്കുന്ന യുവതിയാണവര്‍. വ്യക്തിജീവിതത്തിലും തൊഴിലിടത്തിലും താന്‍ നേരിടുന്ന പ്രശ്‌നങ്ങളോട് വിട്ടുവീഴ്ചകള്‍ ഇല്ലാതെ അവര്‍ പ്രതികരിക്കുന്നു. പ്രതികരിക്കുന്ന സ്ത്രീകള്‍ക്ക് സമൂഹത്തില്‍നിന്ന് നേരിടേണ്ടിവരുന്ന എതിര്‍പ്പുകളും ഒറ്റപ്പെടുത്തലുകളും ചിത്രം വ്യക്തമാക്കുന്നുണ്ട്. പുരുഷാധിപത്യ സമൂഹം തീര്‍ത്ത ചട്ടക്കൂടുകള്‍ തകര്‍ത്തെറിയാനുള്ള ലോകത്തിലെ നാനാഭാഗത്തു നിന്നുള്ള ശ്രമങ്ങളുടെ പ്രതീകമായി രഹ്ന മറിയം നൂര്‍ മാറുന്നു. വ്യവസ്ഥിതിക്കകത്തു പെട്ടുപോകുന്ന സ്ത്രീകളുടെ വേദനയും അമര്‍ഷവും ചിത്രത്തിലുടനീളം കാണാം.

കമില കംസ് ഔട്ട് ടുനൈറ്റ്

സ്വന്തം ശരീരത്തിലും ലൈംഗികതയിലുമുള്ള സ്ത്രീയുടെ തെരഞ്ഞെടുപ്പുകളിലെ സ്വാതന്ത്ര്യമാണ് അര്‍ജന്റീനിയന്‍ സംവിധായിക ഇനസ് ബരിയോനെവോയുടെ കമില കംസ് ഔട്ട് ടുനൈറ്റ് എന്ന ചിത്രം പ്രമേയവത്കരിക്കുന്നത്. സ്വവര്‍ഗരതിയും ലൈംഗിക സ്വാതന്ത്ര്യവും അടിച്ചമര്‍ത്തലുകളുടെ രാഷ്ട്രീയവും സിനിമ ചര്‍ച്ചചെയ്യുന്നു. രാജ്യത്തെ പൗരന്മാരുടെ സ്വാതന്ത്ര്യമില്ലായ്മയും സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തില്‍ നിയന്ത്രണമില്ലാതിരിക്കുകയും ചെയ്തിരുന്ന അര്‍ജന്റീനയുടെ മുഖം ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. അര്‍ജന്റീനയുടെ മുന്‍കാല രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.
മുത്തശ്ശിക്ക് സുഖമില്ലാതായതോടെയാണ് കമിലയ്ക്ക് വിവാഹമോചിതയായ അമ്മ വിക്ടോറിയയ്ക്കും സഹോദരി മാര്‍ട്ടിനയ്ക്കുമൊപ്പം മാര്‍ ഡേല്‍ പ്ലാറ്റയില്‍ നിന്ന് ബ്യൂണസ് ഐറിസിലേക്ക് താമസം മാറ്റേണ്ടി വരുന്നത്. അതോടെ പുരോഗമന ആശയങ്ങള്‍ മുന്നോട്ട് വച്ചിരുന്ന സ്‌കൂളില്‍ നിന്ന് തീര്‍ത്തും യാഥാസ്ഥിക ചിന്താഗതികള്‍ വച്ചുപുലര്‍ത്തുന്ന കത്തോലിക് സ്‌കൂളിലേക്ക് അവള്‍ പറിച്ചു നടപ്പെടുന്നു. കമിലയുടെ വിശ്വാസങ്ങള്‍ക്കും പുരോഗമന ആശയങ്ങള്‍ക്കും എതിരായിരുന്ന സ്‌കൂളിലെ രീതികള്‍ക്കെതിരെ അവള്‍ പ്രതികരിക്കുന്നുണ്ട്. ഇതോടെ അവള്‍ പലര്‍ക്കും കണ്ണിലെ കരടാവുന്നുണ്ട്. ഇതിലൊന്നും അവള്‍ ഭയപ്പെടുന്നില്ല, കാരണം ഇന്നത്തെ തലമുറയുടെ പ്രതീകമാണവള്‍. സ്‌കൂളില്‍ നടക്കുന്ന മതപരമായ പ്രമേയത്തിലുള്ള ബിരുദദാനച്ചടങ്ങില്‍ പുരുഷാധിപത്യത്തിനും മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും താത്പര്യങ്ങളെയും അടിച്ചമര്‍ത്തുന്ന സഭയ്ക്കും മീതേ കമിലയും സുഹൃത്തുക്കളും ചേര്‍ന്ന് പ്രതിഷേധിച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. 



ദി റേപ്പിസ്റ്റ്

ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെടുന്ന സ്ത്രീ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ നേരിടേണ്ടിവരുന്ന എതിര്‍പ്പുകളും പോരാട്ടങ്ങളും പ്രമേയമാക്കുകയാണ് അപര്‍ണാ സെന്നിന്റെ ദി റേപ്പിസ്റ്റ്. ഇന്ത്യയിലെ ലൈംഗികാതിക്രമങ്ങളുടെ വ്യാപനത്തിന് ആക്കം കൂട്ടുന്ന ഘടകങ്ങളെ കുറിച്ച് ആഴത്തിലുള്ള പരിശോധനയാകുന്നു ഈ ചിത്രം. കൊങ്കണ സെന്‍ ശര്‍മയുടെ ക്രിമിനല്‍ സൈക്കോളജി പ്രൊഫസറായ നൈനയാണ് കേന്ദ്ര കഥാപാത്രം. 
ഗാര്‍ഹിക പീഡനത്തിന്റെയും ശിശുഹത്യയുടെയും കേസില്‍ കുടുങ്ങിയ ഒരു സ്‌കൂള്‍ സൂക്ഷിപ്പുകാരിയുടെ മകളെ സഹായിക്കാന്‍ ചേരിയില്‍ എത്തിയ നൈന അതിക്രൂരമായമായി പീഡിപ്പിക്കപ്പെടുന്നു. നീതി ലഭിക്കാന്‍ നൈന നടത്തുന്ന പോരാട്ടവും അതിനുവേണ്ടി നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളിലേക്കുമാണ് ചിത്രം പിന്നീട് പ്രേക്ഷകശ്രദ്ധ ക്ഷണിക്കുന്നത്.. പീഡനത്തിന് ഇരയാക്കപ്പെടുകയും അതിജീവിക്കുകയും ചെയ്യുന്നവര്‍ക്കെതിരായ സമൂഹത്തിന്റെ കാഴ്ചപ്പാടിനെ ചിത്രം വ്യക്തമാക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും ചുറ്റുപാടുമുള്ളവരില്‍ നിന്നും നിരവധി ചോദ്യങ്ങളും അവഗണനയും നേരിടേണ്ടിവരുന്ന നൈനയെന്ന കഥാപാത്രം സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന പെണ്‍കുട്ടികളുടെ പ്രതിനിധിയാണ്.

ഡീപ് 6

സാമ്പത്തികമായി സ്വതന്ത്രയായ സ്ത്രീയുടെ തിരഞ്ഞെടുപ്പുകള്‍ക്കും തീരുമാനങ്ങളും പോരാട്ടവും പ്രമേയമാക്കുകയാണ് മധുജ മുഖര്‍ജിയുടെ ബംഗാളി ചിത്രം ഡീപ് 6. തിലോത്തമ ഷോം ആണ് പ്രധാന വേഷത്തിലെത്തുന്നത്. 
സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ അവിവാഹിതയായ സ്ത്രീ നേരിടുന്ന പ്രശ്‌നങ്ങളും അവളുടെ അതിജീവനവും മാധ്യമപ്രവര്‍ത്തകയായ കേന്ദ്ര കഥാപാത്രത്തിലൂടെ ആവിഷ്‌കരിക്കുയാണ് ഡീപ് 6 ല്‍. ഒരു മാധ്യമ സ്ഥാപനത്തില്‍ ലൈഫ് സ്‌റ്റൈല്‍ വിഭാഗത്തിലാണ് മിതുല്‍ ജോലി ചെയ്യുന്നത്. മുത്തശ്ശിയുടെ മരണത്തോടെ പൂര്‍ണമായും അവള്‍ ഒറ്റയ്ക്ക് ജീവിച്ചു തുടങ്ങുന്നു. അതില്‍ അവള്‍ ഏറെ സന്തോഷവതിയാണ്. തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന പ്രണയത്തെ സധൈര്യം വേണ്ടെന്നു വയ്ക്കാനും സ്വന്തം ഇഷ്ടങ്ങള്‍ കണ്ടെത്താനും അവള്‍ക്ക് കഴിയുന്നു. തിലോത്തമ ഷോമിന്റെ അഭിനയപാടവം ഒരിക്കല്‍കൂടി വെളിവാക്കുന്നുണ്ട് മിതുല്‍ എന്ന കഥാപാത്രം. മാധ്യമപ്രവര്‍ത്തക കൂടി ആയിരുന്ന മധുജ മുഖര്‍ജി സ്വന്തം ജീവിതാനുഭവങ്ങള്‍ കൂടി ഡീപ് 6 പകര്‍ത്തുന്നുണ്ട്. ഇത് ചിത്രത്തെ കൂടുതല്‍ സത്യസന്ധമായ ആവിഷ്‌കാരമാക്കി മാറ്റുന്നു.


കൂഴങ്കള്‍

ഭര്‍തൃഗൃഹത്തില്‍നിന്ന് ഇറക്കിവിട്ടപ്പോള്‍ 15 കിലോമീറ്റര്‍ നടന്ന് സ്വന്തം വീട്ടിലേക്കെത്തിയ തന്റെ പെങ്ങളുടെ നീറുന്ന അനുഭവത്തില്‍ നിന്നാണ് വിനോദ് രാജ് കൂഴങ്കള്‍ എന്ന സിനിമയിലേക്കെത്തിയത്. പുരുഷന്‍മാരുടെ മദ്യപാനം ശിഥിലമാക്കുന്ന കുടുംബങ്ങളും നിസ്സഹായതയും സ്ത്രീകളുടെ പൊള്ളുന്ന ജീവിതാവസ്ഥയും അതിതീവ്രമായി ആവിഷ്‌കരിച്ചാണ് ഈ തമിഴ് ചിത്രം കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ശ്രദ്ധേയമായ സാന്നിധ്യമായത്. നേരത്തെ ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ട കൂഴങ്കള്‍ റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ടൈഗര്‍ പുരസ്‌കാരം നേടിയിരുന്നു. നയന്‍താരയും വിഘ്നേഷും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ ചെല്ലപാണ്ടി, കറുത്തടയാന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍.

വുമണ്‍ വിത്ത് എ മൂവി കാമറ

ഐഎഫ്എഫ്കെയില്‍ മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമയാണ് വുമണ്‍ വിത്ത് എ മൂവി കാമറ. കാലടി ശ്രീ ശങ്കര കോളേജിലെ 20 പേരടങ്ങുന്ന വിദ്യാര്‍ഥി കൂട്ടായ്മയാണ് ഈ സിനിമയ്ക്കു പിന്നില്‍. 5000 രൂപ മുതല്‍മുടക്കില്‍ ചിത്രീകരിച്ച ഈ സിനിമ മൈക്രോ ബജറ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന മുഴുനീള ചിത്രമാണ്.
മാധ്യമ വിദ്യാര്‍ഥിയായ മഹിത കോളേജിലെ പ്രോജക്ടിന് വേണ്ടി തന്റെ സുഹൃത്തായ ആതിരയുടെ ഒരു ദിവസത്തെ ജീവിതം എ ഡേ ഇന്‍ എ വുമണ്‍'സ് ലൈഫ് എന്ന പേരില്‍ ഡോക്യുമെന്റ് ചെയ്യുന്നതാണ് ഈ സിനിമയുടെ പശ്ചാത്തലം. ഒരു വ്യക്തി അതിക്രമം നേരിടുന്ന സാഹചര്യത്തില്‍ എങ്ങനെ പ്രതികരിക്കുന്നു എന്നത് വലിയ ചര്‍ച്ചയാവുന്ന സാഹചര്യം സമൂഹത്തില്‍ നിലനില്‍ക്കുമ്പോള്‍ നിശബ്ദമായി സഹിക്കേണ്ടി വരുന്ന ഭൂരിഭാഗത്തിന്റെ കൂടെയാണ് ഈ സിനിമ. 

അക്ഷരകൈരളി, 2022 മേയ്‌

No comments:

Post a Comment