Monday, 25 July 2022

പാന്‍ ഇന്ത്യന്‍ മുഖമാകുന്ന ദക്ഷിണേന്ത്യന്‍ സിനിമ


അത്യാകര്‍ഷകമായ ഹീറോയിക് ഇമേജുകള്‍ സൃഷ്ടിച്ചാണ് അടുത്ത കാലത്ത് ദക്ഷിണേന്ത്യന്‍ സിനിമ ബോളിവുഡിന്റെ സജീവ ശ്രദ്ധ നേടിയെടുത്തത്. അമാനുഷിക നായകന്മാര്‍ കേന്ദ്രമാകുന്ന സിനിമകള്‍ നേരത്തെയും നിരന്തരം സൃഷ്ടിക്കപ്പെട്ടിരുന്നെങ്കിലും ഇതിന് ഭാഷയുടെയും ദേശത്തിന്റെയും അതിര് ഭേദിക്കുന്ന ഒരു വിനിമയസാധ്യത കൈവരുന്നത് ഇപ്പോഴാണ്. പല ഭാഷകളില്‍ സംസാരിക്കുന്ന സിനിമകള്‍ (ഒരു മേജര്‍ ഇന്ത്യന്‍ റിലീസ് ഇപ്പോള്‍ സംസാരിക്കുന്നത് ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, മലയാളം ഭാഷകളിലാണ്) ആണ് ഇപ്പോള്‍ ഇന്ത്യന്‍ സിനിമാ വിപണിയെ നയിക്കുന്നത്. 

ബാഹുബലിയുടെ ആദ്യ ചാപ്റ്ററില്‍ തുടങ്ങി ഇതേ സിനിമയുടെ രണ്ടാം ഭാഗം, കെജിഎഫ് ഒന്ന്, രണ്ട് ചാപ്റ്ററുകള്‍, പുഷ്പ, ആര്‍ആര്‍ആര്‍ തുടങ്ങിയവയിലൂടെ തുടര്‍ന്നു പോരുന്നതാണ് ഇന്ത്യന്‍ സിനിമയിലെ ദക്ഷിണേന്ത്യന്‍ തരംഗം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രൂപപ്പെട്ട ഈ മാറ്റത്തിലൂടെ ഇന്ത്യന്‍ സിനിമയുടെ സിരാകേന്ദ്രമായ ബോളിവുഡിന് ഉള്‍പ്പെടെ അവഗണിക്കാന്‍ കഴിയാത്ത സാന്നിധ്യമായി ദക്ഷിണേന്ത്യന്‍ സിനിമകള്‍ മാറി. പാന്‍ ഇന്ത്യന്‍ എന്ന പുതിയ വാക്പ്രയോഗം രൂപപ്പെടുന്നതു തന്നെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള വന്‍കിട സിനിമകളുടെ വിജയത്തെയും അത് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയിലും ആരാധകരിലും ഉണ്ടാക്കിയ സ്വാധീനത്തെ തുടര്‍ന്നാണ്. നേരത്തെ ഹിന്ദി സിനിമകള്‍ മാത്രമാണ് ഈ പാന്‍ ഇന്ത്യന്‍ റീച്ചില്‍ അടയാളപ്പെടുത്തപ്പെട്ടിരുന്നത്. ഹിന്ദി സിനിമകളും താരങ്ങളും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും സിനിമാ പ്രേമികളുടെ ശ്രദ്ധ ഒരുപോലെ നേടിയിരുന്നതായിരുന്നു പതിവെങ്കില്‍ തെലുങ്ക്, കന്നട, തമിഴ്, മലയാളം ഇന്‍ഡസ്ട്രികളില്‍ നിന്നുണ്ടാകുന്ന വന്‍ മുതല്‍മുടക്കുമുള്ള ഹീറോയിക് സിനിമകളെ അവഗണിക്കാന്‍ ഇപ്പോള്‍ അവര്‍ക്കുമാകുന്നില്ല. തിയേറ്ററിനൊപ്പം ഒടിടി പ്ലാറ്റ്‌ഫോമിന്റെ സാധ്യത കൂടി ഇതില്‍ നിര്‍ണായകമാണെന്ന് പറയാതെ വയ്യ. എല്ലാത്തരം പ്രേക്ഷകരെയും പരിഗണിക്കുന്ന പ്രമേയ പശ്ചാത്തലത്തിലുള്ള ഈ എന്റര്‍ടെയിന്‍മെന്റുകള്‍ ഏതെങ്കിലും സംസ്ഥാനങ്ങളുടെയോ പ്രാദേശിക ഭാഷകളുടെയോ അതിരുകളില്‍ ഒതുങ്ങിനില്‍ക്കുന്നവയല്ല.


ബോളിവുഡ് കഴിഞ്ഞാല്‍ ഇന്ത്യയിലെ ശക്തമായ ചലച്ചിത്ര വിപണികളായ തെലുങ്കും തമിഴും സാന്നിധ്യമറിയിച്ചതിനു ശേഷമാണ് ഇന്ത്യന്‍ സിനിമാ വ്യവസായത്തില്‍ അത്രയൊന്നും പ്രാമുഖ്യമില്ലാതിരുന്ന കന്നടയുടെ മുഖ്യധാരാ പ്രവേശം സാധ്യമായത്. ഇതിന് നിമിത്തമായത് പ്രശാന്ത് നീലിന്റെ കെജിഎഫ് ആയിരുന്നു. കന്നടയില്‍ നിന്നുള്ള പതിവ് മാസ് മസാല ചിത്രമെന്ന മുന്‍ധാരണയില്‍ റിലീസ് വേളയില്‍ ഇതര സംസ്ഥാന പ്രേക്ഷകര്‍ ശ്രദ്ധിക്കാതിരുന്ന സിനിമ കൂടിയായിരുന്നു ഇത്. പാന്‍ ഇന്ത്യ റിലീസും സിനിമയ്ക്ക് സാധ്യമായിരുന്നില്ല. എന്നാല്‍ ഈ സിനിമ അതിന്റെ അവതരണ ശൈലിയുടേതിനു സമാനമായി ബോക്‌സോഫീസിലും പതിയെ കത്തിപ്പിടിക്കുകയായിരുന്നു. മേക്കിംഗിലെ മികച്ച നിലവാരവും ചടുലവും ആകര്‍ഷണീയവുമായ ആഖ്യാനവും കെജിഎഫിനെ കള്‍ട്ട് സ്റ്റാറ്റസിലേക്കുയര്‍ത്തി. ഈ സിനിമയോടെ കന്നട ഇന്‍ഡസ്ട്രിയെ ഇന്ത്യന്‍ വാണിജ്യ സിനിമയുടെ മുഖ്യധാരയിലേക്ക് പ്രവേശിപ്പിക്കാനും യഷിന് സാധിച്ചു. ഇതോടെ ഇന്ത്യന്‍ സിനിമാ വിപണി കാലങ്ങളായി അടക്കിവാഴുന്ന ബോളിവുഡിന് ദക്ഷിണേന്ത്യന്‍ താര സിനിമകള്‍ തീര്‍ക്കുന്ന ബോക്‌സോഫീസ് ഭീഷണി കണ്ടില്ലെന്നു നടിക്കാതിരിക്കാനായില്ല.

ബോക്‌സോഫീസിലെ ഈ പുതിയ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിലെ ദക്ഷിണേന്ത്യന്‍ മുന്നേറ്റം കൂടുതല്‍ ശ്രദ്ധേയമാകുന്നത്. 68-ാമത് ദേശീയ പുരസ്‌കാര പട്ടികയിലെ പ്രധാന അവാര്‍ഡുകളില്‍ 23 ല്‍ 15 ഉം സ്‌പെഷ്യല്‍ ജൂറിയില്‍ പകുതിയിലേറെയും ദക്ഷിണേന്ത്യന്‍ ചിത്രങ്ങളാണ് നേടിയത്. ഈ കണക്കുകള്‍ ദക്ഷിണേന്ത്യന്‍ സിനിമകളുടെ അവഗണിക്കാനാകാത്ത ഇടത്തെ സൂചിപ്പിക്കുന്നു. ഫീച്ചര്‍ വിഭാഗത്തില്‍ മാത്രം മലയാളത്തിന് എട്ട് പുരസ്‌കാരങ്ങളാണുള്ളത്.


നിലവാരമുള്ളതും സമാന്തര ശ്രേണിയിലുള്ളതുമായ സിനിമകള്‍ സൃഷ്ടിക്കപ്പെടുന്ന പ്രദേശം എന്ന നിലയ്ക്കാണ് മലയാളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രിയെ നേരത്തെ ബോളിവുഡ് അടക്കം അടയാളപ്പെടുത്തിയിരുന്നത്. അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ പങ്കെടുക്കുകയും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമാകുകയും ചെയ്യുന്ന സിനിമകളില്‍നിന്നാണ് മലയാളം പോലുള്ള പ്രാദേശിക ഭാഷയെ ശ്രദ്ധിച്ചിരുന്നതു തന്നെ. ഇവിടത്തെ കച്ചവട സിനിമകളില്‍ അത്യപൂര്‍വ്വമായി മാത്രമാണ് മറ്റ് സംസ്ഥാനങ്ങളിലെ ചലച്ചിത്ര പ്രവര്‍ത്തകരുടെ ശ്രദ്ധ പതിഞ്ഞിരുന്നത്. എന്നാല്‍ ദക്ഷിണേന്ത്യന്‍ വാണിജ്യ സിനിമകളുടെ പ്രമേയ നിലവാരം തിരിച്ചറിയുകയും അത് റീമേക്ക് ചെയ്യാനും അതേ മാതൃക പിന്തുടരാനുമുള്ള സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്ന തലത്തിലേക്കാണ് ബോളിവുഡിന്റെ ഇപ്പോഴത്തെ മാറ്റം. ബാഹുബലിയുടെ വിജയത്തെ തുടര്‍ന്നാണ് ഇടക്കാലത്തിനു ശേഷം ചരിത്രസിനിമകള്‍ നിര്‍മ്മിക്കുന്ന രീതിയിലേക്ക് ബോളിവുഡ് വീണ്ടും നിര്‍ബന്ധിതമാകുന്നത്. 

ബോളിവുഡ് ചലച്ചിത്ര വ്യവസായത്തിലെ ഈ പുതിയ ചുവടുമാറ്റത്തിനൊപ്പം ദേശീയ ചലച്ചിത്ര പുരസ്‌കാര പട്ടികയിലെ ദക്ഷിണേന്ത്യന്‍ സിനിമകളുടെ നേട്ടം ഇതിന് അടിവരയിടാന്‍ പോന്നതാണ്. നേരത്തെ വ്യവസ്ഥാപിത, സമാന്തര സിനിമകള്‍ക്കാണ് പുരസ്‌കാര നിര്‍ണയത്തില്‍ പ്രാമുഖ്യം ലഭിച്ചിരുന്നതെങ്കില്‍ വാണിജ്യ സിനിമകളിലെ മികച്ച നിലവാരം കൂടി പരിഗണനയ്ക്ക് വരുന്ന തലത്തിലേക്കാണ് പുതിയ മാറ്റം. ഇത്തവണത്തെ നാല് വീതം പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായ സച്ചിയുടെ അയ്യപ്പനും കോശിയും, സുധ കൊങ്ങറയുടെ സുരറൈ പോട്ര് എന്നീ സിനിമകളുടെ നേട്ടം ഇതിനെ സാധൂകരിക്കുന്നു. അയ്യപ്പനും കോശിയും തിയേറ്ററില്‍ വന്‍വിജയമായിരുന്നു. സുരറൈ പ്രോട്ര് ആകട്ടെ ഒടിടി റിലീസിലൂടെ വലിയ പ്രേക്ഷകപ്രീതി നേടിയ സിനിമയും. അയ്യപ്പനും കോശിയും ഹിന്ദി നിര്‍മ്മാണം പുരോഗമിക്കുന്ന വേളയിലാണ് ഈ പുരസ്‌കാര നേട്ടം.


കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടിയ അയ്യപ്പനും കോശിയുടെയും സുരറൈ പോട്രിന്റെയും, പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ട മറ്റ് ദക്ഷിണേന്ത്യന്‍ സിനിമകളുടെയും നിലവാരത്തിലുള്ള സിനിമകള്‍ ബോളിവുഡില്‍ നിന്ന് ഇക്കുറി ഉണ്ടായില്ല. മേല്‍ സൂചിപ്പിച്ച പോലെ ദക്ഷിണേന്ത്യന്‍ വിജയ ചിത്രങ്ങളുടെ അനുകരണങ്ങളുടെയും ചരിത്ര കഥകളുടെയും സ്ഥിരം ആക്ഷന്‍, ഡ്രാമ ജോണര്‍ ഫോര്‍മാറ്റുകളുടെയും പിറകെയാണ് ബോളിവുഡിന്റെ ഇപ്പോഴത്തെ സഞ്ചാരം. ഇതിനു തൊട്ടു മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായ പിങ്ക്, കോര്‍ട്ട്, ആര്‍ട്ടിക്കിള്‍ 15, മുള്‍ക്ക്, പങ്ക, എന്‍എച്ച് 10 പോലുള്ള നിരൂപക ശ്രദ്ധ ലഭിച്ച സിനിമകള്‍ ബോളിവുഡില്‍ നിന്ന് മത്സരരംഗത്ത് ഉണ്ടായതുമില്ല. നിലവാരമുള്ള സിനിമകള്‍ നിര്‍മ്മിക്കപ്പെടുകയും പുരസ്‌കാര വേദിയില്‍ സാന്നിധ്യമാകുകയും ചെയ്യാറുള്ള മറാത്തി, ബംഗാളി സിനിമകളുടെ പ്രാതിനിധ്യവും ഇത്തവണ കുറവായിരുന്നു. ബിഭൂതിഭൂഷന്‍ ബന്ദോപാധ്യായയുടെ അപരാജിതോയെ അടിസ്ഥാനമാക്കിയും സത്യജിത് റേയുടെ അപു ത്രയത്തിന്റെ സീക്വല്‍ എന്ന നിലയ്ക്കും നിര്‍മ്മിക്കപ്പെട്ട് മത്സരത്തിനെത്തിയ സുബ്രജിത് മിത്രയുടെ അവിജാന്ത്രിക് ആണ് ഇതിന് അപപവാദം. മികച്ച ഛായാഗ്രാഹണത്തിനുള്ള പുരസ്‌കാരമാണ് ബ്ലാക്ക് ആന്റ് വൈറ്റ് പശ്ചാത്തലത്തിലുള്ള അവിജാന്ത്രിക് നേടിയത്. 

വിജയ് സേതുപതി, ധനുഷ് എന്നിവരിലൂടെ പോയ വര്‍ഷം മികച്ച അഭിനേതാക്കളുടെ പട്ടികയില്‍ ദക്ഷിണേന്ത്യ ഇടം പിടിച്ചപ്പോള്‍ സൂര്യ, അപര്‍ണ ബാലമുരളി, ബിജുമേനോന്‍ എന്നിവരിലൂടെയാണ് ഇത്തവണ സാന്നിധ്യമറിയിക്കുന്നത്. ദേശീയ തലത്തിലെ മികച്ച ചിത്രം സുരറൈ പോട്ര് ആണ്. തമിഴ് സിനിമക്കൊപ്പം ദക്ഷിണേന്ത്യക്കാകെ അഭിമാനിക്കാവുന്ന നേട്ടമാണിത്. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലൂടെ സാങ്കേതിക മേഖലയിലെ പുരസ്‌കാര ലബ്ധിയാല്‍ മലയാള സിനിമ ശ്രദ്ധിക്കപ്പെട്ട വര്‍ഷം കൂടിയായിരുന്നു കടന്നുപോയത്.

മാതൃഭൂമി ഓണ്‍ലൈന്‍, 2022 ജൂലൈ 23, ഷോ റീല്‍ 29

Thursday, 21 July 2022

കുറ്റവും ശിക്ഷയും രാജിവ് രവിയെന്ന റിയലിസ്റ്റിക്ക് ക്രാഫ്റ്റ്മാന്റെ സൃഷ്ടി


തന്റെ മുന്നിലുള്ള സിനിമയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള സംവിധായകനാണ് രാജീവ് രവി. സിനിമയില്‍ നിലനില്‍ക്കുന്ന സമകാലിക ധാരകളോ തരംഗങ്ങളോ അദ്ദേഹത്തെ സ്വാധീനിക്കുകയോ അലട്ടുകയോ ചെയ്യുന്നില്ല. അതുകൊണ്ടു തന്നെ എല്ലായ്‌പോഴും തന്റെതു മാത്രമായ സിനിമ സൃഷ്ടിക്കാന്‍ രാജീവ് രവിക്കാകുന്നു. ഈ മാതൃക അവലംബിക്കുന്ന അപൂര്‍വ്വം ചില സംവിധായകരെയേ മലയാളത്തില്‍ കാണാനാകൂ. ബോളിവുഡിലെ പേരെടുത്ത ഛായാഗ്രാഹകനില്‍ നിന്ന് മലയാളത്തില്‍ സ്വതന്ത്ര സംവിധാന മേഖലയിലേക്ക് എത്തി, അന്നയും റസൂലും എന്ന ആദ്യസിനിമ മുതല്‍ രാജീവ് രവി തുറന്നിടുന്ന ഈ വേറിട്ട പാത തെളിഞ്ഞുകാണാം. രാജീവ് രവിയുടേതായി പിന്നീട് പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം എന്നീ സിനിമകളിലും പ്രമേയപരിസരത്തോട് ഇണങ്ങിച്ചേരുകയും യാഥാര്‍ഥ്യത്തോട് ചേര്‍ന്നുനില്‍ക്കുകയും ചെയ്യുന്ന മന്ദതാളത്തിലുള്ള ആവിഷ്‌കാരഭംഗി കാണാനാകും. കുറ്റവും ശിക്ഷയുമെന്ന ഏറ്റവും പുതിയ സിനിമയിലും സംവിധായകന്‍ പിന്തുടരുന്ന വഴി മറ്റൊന്നല്ല. 

പ്രേക്ഷകരെ രസിപ്പിക്കുന്ന സിനിമാറ്റിക് എലമെന്റെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചടുലത വഴിമാറി നില്‍ക്കുന്നുവെങ്കിലും രാജീവ് രവിയുടെ സിനിമകളിലെ മന്ദതാളത്തിന് വളരെ സ്വാഭാവികമായ ഒഴുക്കാണുള്ളത്. ഇത് സിനിമയുടെ പ്രമേയവും പശ്ചാത്തലവും ആവശ്യപ്പെടുന്നതാണ്. താന്‍ ആവിഷ്‌കരിക്കുന്ന ജീവിതത്തിന്റെ യഥാതഥമായ വേഗതക്കുറവുള്ള ചിത്രം തന്നെയാണ് രാജീവ് രവി പകര്‍ത്തിയിടുന്നതും. വലിയൊരു ജനക്കൂട്ടത്തെ സൃഷ്ടിക്കുകയോ രസിപ്പിക്കുകയോ ചെയ്യുകയെന്ന ലക്ഷ്യത്തേക്കാളുപരി നിശ്ചിത പങ്ക് ആസ്വാദകരെ ലക്ഷ്യം വയ്ക്കുകയും ഈ വിഭാഗത്തിന് അതൊരു പാഠപുസ്തകമാക്കാന്‍ ഉതകുകയും ചെയ്യുന്നതാണ് രാജീവ് രവി സിനിമകള്‍. നിശ്ചിത കാലത്തിനു ശേഷവും ദേശ, ഭാഷാതിരുകള്‍ക്കു പുറത്തും ആസ്വാദകരെ ആകര്‍ഷിക്കാനും നിലനിര്‍ത്താനുമാകുമെന്നതാണ് ഇൗ സിനിമകള്‍ മുന്നോട്ടുവയ്ക്കുന്ന മറ്റൊരു സാധ്യത. 


2015 ല്‍ കേരളത്തില്‍ നടന്ന കുപ്രസിദ്ധമായ ഒരു ജ്വല്ലറി മോഷണവും ഇതിലെ കുറ്റവാളികളായവരെ തേടി അഞ്ചംഗ പൊലീസ് സംഘത്തിന്റെ രാജസ്ഥാനിലെ ധനാഗഞ്ചിലേക്കുള്ള സഞ്ചാരവുമാണ് കുറ്റവും ശിക്ഷയും എന്ന സിനിമ പറയുന്നത്. ഈ കൃത്യവുമായി ബന്ധപ്പെട്ട കേസന്വേഷണത്തില്‍ പങ്കാളിയായിരുന്ന പോലീസ് ഉദ്യോഗസ്ഥനും നടനുമായ സിബി തോമസ് ശ്രീജിത്ത് ദിവാകരനുമായി ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിന്റെ ചടുലമായ ആഖ്യാനസാധ്യത മുന്നില്‍നില്‍ക്കെ തന്നെ അതില്‍നിന്ന് കൃത്യമായി വ്യതിചലിച്ച് തനത് രാജീവ് രവി മേക്കിംഗ് പാറ്റേണ്‍ ആണ് സിനിമ പിന്തുടരുന്നത്. കേസന്വേഷണത്തിന്റെ ഓരോ ഘട്ടവും വിശ്വസനീയമായും തുടര്‍ച്ചയോടു കൂടിയും അവതരിപ്പിക്കുന്നുവെന്നതാണ് ശ്രദ്ധേയം. കുറ്റകൃത്യം നടക്കുന്ന രാത്രിയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ശീര്‍ഷകങ്ങള്‍ തെളിയുന്ന സിനിമയുടെ തുടര്‍ന്നുള്ള ഓരോ ഘട്ടവും കേസന്വേഷണം എങ്ങനെ മുന്നോട്ടു പോകാമെന്നതുമായി ഇഴ ചേര്‍ത്തുള്ള ആവിഷ്‌കാരമാണ്. സംഭവം നടന്ന ജ്വല്ലറിയിലെ പ്രാഥമിക പരിശോധന, വിശദമായ പോലീസ്, ഫോറന്‍സിക് പരിശോധനകള്‍, തെളിവെടുപ്പ്, ചോദ്യംചെയ്യല്‍, ലഭ്യമായ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന, ഊഹങ്ങളിലേക്കും നിഗമനങ്ങളിലേക്കുമുള്ള സഞ്ചാരം, പ്രതികളാരെന്ന വ്യക്തമാകല്‍, പ്രതികളെ അന്വേഷിച്ചുള്ള യാത്ര, പ്രതികളെ കണ്ടെത്തി നിയമത്തിനു മുന്നിലെത്തിക്കല്‍ തുടങ്ങി കൃത്യമായ ഘട്ടങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.

കുറ്റാന്വേഷണത്തിനൊപ്പം വളരെ സ്വാഭാവികമായി പെരുമാറുന്നവരാണ് ഈ സിനിമയിലെ കഥാപാത്രങ്ങള്‍. അമാനുഷികമായ ചെയ്തികളോ സംസാരമോ പോലീസ് കഥാപാത്രങ്ങള്‍ക്ക് ബാധ്യതയാകുന്നില്ല. സിനിമയിലെ കേന്ദ്രപ്രമേയത്തിനോടു ബന്ധമില്ലാത്ത ഒരു സംഭാഷണം പോലും എഴുതിച്ചേര്‍ത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കഥാപാത്രങ്ങളുടെ മനോവ്യാപാരത്തിലേക്കും സിനിമ സഞ്ചരിക്കുന്നുണ്ട്. സമരത്തിനിടെ ഒരാളെ വെടിവെച്ച് കൊല്ലേണ്ടിവന്നതിലെ ശരിതെറ്റുകളെക്കുറിച്ചുള്ള ആവലാതികള്‍ ആസിഫ് അലി അവതരിപ്പിക്കുന്ന സിഐ സാജന്‍ ഫിലിപ്പിനെ സര്‍വീസിലും ജീവിതത്തിലും വേട്ടയാടുന്നുണ്ട്. പിന്നീട് ധനാഗഞ്ചിലെ ഓപ്പറേഷനിടെ കുറ്റവാളിയെ അടുത്തു കിട്ടിയിട്ടും വെടിവയ്ക്കാതെ സാജന്‍ വിട്ടുകളയുന്നുമുണ്ട്. ഈ ശരിതെറ്റുകളുടെ വിശകലനവും കുറ്റവും ശിക്ഷയും എന്ന ശീര്‍ഷകത്തിന് പ്രധാന പ്രമേയത്തിനു പുറത്തുള്ള അര്‍ഥസാധ്യത നല്‍കുന്നുണ്ട്. സാജന്‍ ഫിലിപ്പിനു പുറമേ അലന്‍സിയറിന്റെ എസ്‌ഐ ബഷീറിന്റെ ആത്മസംഘര്‍ഷങ്ങള്‍ക്കും ഓപ്പറേഷനില്‍ ഉള്‍പ്പെടുന്ന മറ്റു പോലീസ് കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷതകള്‍ക്കും പ്രദേശങ്ങള്‍ക്കും അവശ്യ വിശദീകരണങ്ങള്‍ നല്‍കുന്നതിലും കുറ്റവും ശിക്ഷയും പിന്നോട്ടുപോകുന്നില്ല.


സിനിമയുടെ വേഗതയിലും കളര്‍ടോണിലും പശ്ചാത്തല സംഗീതത്തിലും കഥാപാത്ര, പശ്ചാത്തല രൂപകല്‍പ്പനയിലും രാജിവ് രവി പിന്തുടര്‍ന്നുപോരുന്ന ശൈലി ഈ പോലീസ് സ്‌റ്റോറിയിലും നിലനിര്‍ത്തുമ്പോള്‍ തന്നെ സിസ്റ്റത്തിന്റെയും നിയമവ്യവസ്ഥയുടെയും ശരിതെറ്റുകളിലേക്കും കണ്ണയക്കുന്നുണ്ട്. വിശദീകരണങ്ങളിലേക്ക് പോകാതെ തന്നെ പോലീസുകാരുടെ നിസ്സഹായത സൂചിപ്പിക്കുന്ന ക്ലൈമാക്‌സിലെ സംഭാഷണങ്ങളില്‍ ഇതിന്റെ സൂചന നല്‍കുകയാണ് ചെയ്യുന്നത്.

കേരളത്തില്‍ നിന്ന് രാജസ്ഥാനിലേക്കുള്ള അന്വേഷണ സംഘത്തിന്റെ യാത്രയില്‍ ഭൂമികകള്‍ മാറുന്നത് ട്രെയിനിന്റെ സഞ്ചാരത്തിലുടെയാണ് കാണിക്കുന്നത്. കഥാപശ്ചാത്തലം മാറിയെന്നതിന്റെ പതിവ് പ്രദേശ സൂചക ബിംബങ്ങളോ, തനത് പ്രദേശിക സംഗീതമോ, പ്രകൃതി ദൃശ്യങ്ങളോ കാണിക്കാതെ തന്നെ ട്രെയിനിന്റെ സഞ്ചാരഗതിയുടെ കട്ട് ഷോട്ടുകളിലൂടെ മറ്റൊരു പ്രദേശത്തേക്ക് സഞ്ചരിച്ചെത്തുന്നുവെന്ന് വെളിവാക്കുന്ന ദൃശ്യങ്ങള്‍ പുതുമയാര്‍ന്നതായി അനുഭവപ്പെടുന്നുണ്ട്. ഉത്തരേന്ത്യന്‍ പ്രദേശത്തെയും പോലീസ് സ്‌റ്റേഷനെയും പോലീസുകാരെയും ജനങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത് ഇതുവരെ മലയാള സിനിമ പിന്തുടര്‍ന്നുപോന്ന മാതൃകയിലല്ലെന്നതും, കുറേക്കൂടി വിശ്വസനീയമായിട്ടാണെന്നതും രാജിവ് രവിയിലെ ക്രാഫ്റ്റ്മാനെ അടയാളപ്പെടുത്താന്‍ പോന്ന ഘടകമാണ്.

സ്ത്രീശബ്ദം, 2022 ജൂലൈ

Sunday, 17 July 2022

പുഴു സഞ്ചരിച്ചെത്തുന്ന ഇടങ്ങള്‍


പുഴുവിന്റെ സഞ്ചാരം തീരെ പതുക്കെയാണ്. പക്ഷേ അത് ദേഹത്ത് കയറി ഇഴഞ്ഞാല്‍ ആകെ ചൊറിയും. കൈ തൊടുന്നിടത്തെല്ലാം ചൊറിച്ചില്‍ വ്യാപിക്കും. ആ ചൊറിച്ചിലും തിണര്‍പ്പും അത്ര പെട്ടെന്നൊന്നും വിട്ടുപോകുകയുമില്ല. പുഴു എന്നു പേരായ സിനിമ പേരു കൊണ്ടും പ്രമേയം കൊണ്ടും പറഞ്ഞുവയ്ക്കാന്‍ ഉദ്ദേശിക്കുന്നതും മറ്റൊന്നല്ല. 

സമൂഹത്തിനാകെ ബാധകമായ ഒരു തരം സഞ്ചാരമാണ് ഇവിടെ പുഴുവിന്റേത്. ഒരു കേന്ദ്രപ്രമേയത്തില്‍ നിലകൊണ്ട് അതിന് ഉത്തരം കാണാന്‍ ശ്രമിക്കുന്നില്ല തികഞ്ഞ സാമൂഹികാവബോധം പുലര്‍ത്തുന്ന പുഴു എന്ന സിനിമ. പകരം വ്യക്തിയിലും അയാള്‍ ഭാഗഭക്കാകുന്ന സമൂഹത്തിലും നിലനില്‍ക്കുന്ന ജാതിബോധം, ദുരഭിമാനം, അതുമൂലമുണ്ടാകുന്ന ഹത്യ, നിറത്തിന്റെ രാഷ്ട്രീയം, ടോക്‌സിക് പാരന്റിംഗ്, അധികാരധുര തുടങ്ങി വിവിധ ഇടങ്ങളിലേക്ക് പുഴു സഞ്ചരിച്ചെത്തുന്നുണ്ട്. ഈ സഞ്ചാരപഥങ്ങളെല്ലാം നമ്മള്‍ ഉള്‍ക്കൊള്ളുന്ന സമൂഹത്തിന് ചിരപരിചിതമാണ്.

ജാതിബോധം വ്യക്ത്യധിഷ്ഠിതമാണെങ്കിലും അത് ഇനിയും പരിഹാരം കണ്ടെത്തിയിട്ടില്ലാത്തതും പരിഹാരം കാണാന്‍ ഇടയില്ലാത്തതുമായ ഒരു സാമൂഹികപ്രശ്‌നമാണ്. 'മനുഷ്യന്‍ പോയി റോബോട്ടിന്റെ കാലം വന്നാലും ഇതങ്ങനെയൊന്നും മാറില്ലെടോ, ഫാന്‍സിഡ്രസ് കളിച്ചു കൊണ്ടിരിക്കും' എന്ന് സിനിമയിലെ കീഴ്ജാതിക്കാരനായ കഥാപാത്രം പറയുന്നുണ്ട്. തനിക്ക് ഒരു കുഞ്ഞുണ്ടാകുന്നുവെന്ന് അറിയുമ്പോള്‍ വര്‍ഷങ്ങളായുള്ള പുകവലി ശീലം ഉപേക്ഷിക്കുന്ന അയാള്‍ ഭാര്യയോട് പറയുന്നത്, ഈ ശീലമൊക്കെ എളുപ്പത്തില്‍ മാറ്റാം, പക്ഷേ മാറാത്തത് ജാതിചിന്തയും വര്‍ണവെറിയും സവര്‍ണബോധവുമൊക്കെയാണെന്നാണ്.


കീഴ്ജാതിക്കാരന്റെ പ്രതിനിധിയാണ് ഈ സിനിമയിലെ കുട്ടപ്പന്‍ എന്ന കഥാപാത്രം. തന്നിലെ അസാധാരണമായ നടനസിദ്ധി കൊണ്ട് നാടക വേദിയില്‍ അംഗീകാരങ്ങള്‍ സ്വന്തമാക്കുന്നയാള്‍. എന്നാല്‍ അയാളുടെ നിറവും ജാതിയും കാരണം ഈ നേട്ടങ്ങളെയൊന്നും അംഗീകരിച്ചുകൊടുക്കാന്‍ സമൂഹം തയ്യാറല്ല. അവസരം കിട്ടുമ്പോഴെല്ലാം അയാളുടെ നിറം പറഞ്ഞും ജാതി പറഞ്ഞും ഇകഴ്ത്തിക്കാട്ടാനും ദ്രോഹിക്കാനുമാണ് സമൂഹം ശ്രമിക്കുന്നത്. എല്ലാത്തിനെയും ചെറുക്കാനും തന്റെ വഴി വെട്ടിത്തെളിക്കാനുമുള്ള കരുത്ത് അയാള്‍ അനുഭവം കൊണ്ട് ആര്‍ജ്ജിച്ചിട്ടുണ്ട്. എന്നാല്‍ ഭൂരിപക്ഷ സമൂഹത്തിന്റെ താത്പര്യങ്ങള്‍ വേറെയാണ്. ഈ ഭൂരിപക്ഷ സമൂഹത്തിന്റെ പ്രതിനിധിയാണ് കുട്ടന്‍ എന്ന കഥാപാത്രം. സവര്‍ണ ജാതിയില്‍പ്പെടുന്ന അയാള്‍ പാരമ്പര്യത്തിലും സവര്‍ണ ചിന്തയിലും ജാതിബോധത്തിലും അഭിരമിക്കുന്നയാളാണ്. മകനെ കുലമഹിമയോടെയും ചിട്ടയോടെയും വളര്‍ത്താനാണ് അയാള്‍ താത്പര്യപ്പെടുന്നത്. താന്‍ വരയ്ക്കുന്ന വൃത്തത്തിനുള്ളില്‍, താന്‍ പറയുന്നതു മാത്രം കേട്ട് അച്ചടക്കത്തോടെ കുട്ടി വളരണം എന്ന് അയാളിലെ അച്ഛന്‍ നിഷ്‌കര്‍ഷ പുലര്‍ത്തുന്നു. ഈ പട്ടാളച്ചിട്ട കുട്ടിയില്‍ മടുപ്പും അച്ഛനോട് വെറുപ്പുമാണ് ഉളവാക്കുന്നത്. ഒരു വേള അച്ഛന്റെ മരണം പോലും അവന്‍ ആഗ്രഹിക്കുന്നുണ്ട്. പെങ്ങള്‍ കീഴ്ജാതിക്കാരനായ നാടക നടന്റെ കൂടെ ഒളിച്ചോടി പോകുന്നത് കുട്ടന്റെ അഭിമാനത്തിനുണ്ടാക്കുന്ന ക്ഷതം എളിയതൊന്നുമല്ല. അയാളുടെ ദുരഭിമാനത്തിന് ഒരിക്കലും അംഗീകരിക്കാവതല്ല ഈ ചെയ്തി. പെങ്ങള്‍ എത്ര നന്നായി ജീവിച്ചാലും അത് അവന്റെ കൂടെയല്ലേ എന്നാണ് അയാളെ ഭരിക്കുന്ന ചിന്ത. പുറംമോടിയില്‍ അഭിരമിക്കുകയും അകമേ പ്രാകൃത ചിന്തകളും ജാതിബോധവും പേറുന്ന മലയാളി സാമൂഹിക ബോധത്തിന്റെ പ്രതിനിധിയാണ് കുട്ടന്‍. അവസരം കിട്ടുമ്പോള്‍ പെങ്ങളെയും ഭര്‍ത്താവിനെയും കൊലപ്പെടുത്താനും അയാളുടെ ദുരഭിമാനം തയ്യാറാകുന്നു.

പുഴുവിലെ രണ്ട് പ്രധാന കഥാപാത്രങ്ങളുടെ പേരു മുതല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതീയത പ്രകടമാകുന്നുണ്ട്. കുട്ടന്‍ എന്നാണ് മേല്‍ജാതി കഥാപാത്രത്തിന് നല്‍കിയിരിക്കുന്ന പേര്. കീഴ്ജാതിക്കാരന്റേത് കുട്ടപ്പനെന്നും. കുട്ടപ്പന്‍ എന്നത് താണ ജാതിക്കാര്‍ പ്രതിനിധാനം ചെയ്യുന്ന വിളിപ്പേരായിട്ടാണ് കേരള സമൂഹം ഉപയോഗിച്ചു പോന്നിട്ടുള്ളത്. 

പോലീസ് ഉദ്യോഗസ്ഥനായ കുട്ടന്‍ മകനോടൊപ്പം ഫ്‌ളാറ്റിലാണ് താമസിക്കുന്നത്. വിഭാര്യനായ അയാളെ മരണഭയം വേട്ടയാടുന്നുണ്ട്. തന്നെ ആരോ കൊല്ലാന്‍ ശ്രമിക്കുന്നതായി തോന്നിത്തുടങ്ങുന്നതോടെ അയാള്‍ എല്ലാവരേയും സംശയിക്കുന്നു. സഹോദരി കീഴ്ജാതിക്കാരനായ ഭര്‍ത്താവിനൊപ്പം ഫ്‌ളാറ്റില്‍ താമസിക്കാനെത്തുന്നതോടെയാണ് അയാളുടെ തോന്നലുകളും ഭ്രമാത്മക ചിന്തകളും കലശലാകുന്നത്. മരണത്തില്‍ നിന്ന് ഒളിക്കാനുള്ള പരീക്ഷിത്ത് രാജാവിന്റെ പരിശ്രമങ്ങള്‍ തക്ഷകനിലൂടെ പരാജയപ്പെടുന്നതിനു സമാനമായി ആത്യന്തികമായ അന്ത്യം കുട്ടനെ തേടിയെത്തുക തന്നെ ചെയ്യുന്നു.


കാലങ്ങളായി സ്വയം തേച്ചുമിനുക്കിയും നിരന്തര പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയും വളര്‍ത്തിയെടുത്ത മമ്മൂട്ടിയിലെ നടന്റെ വളര്‍ച്ചയ്ക്ക് ഉത്തമ ദൃഷ്ടാന്തമാണ് പുഴുവിലെ കുട്ടന്‍. സൂപ്പര്‍ താരങ്ങള്‍ക്ക് കഥാപാത്രങ്ങളുടെ ആവര്‍ത്തന സ്വഭാവത്താല്‍ സ്റ്റാര്‍ഡം ബാധ്യതയാകുകയും പലപ്പോഴും തന്നിലെ അഭിനേതാവിനെ പ്രതിഫലിപ്പിക്കാന്‍ അവസരം നിഷേധിക്കപ്പെടുകയും ചെയ്യാറുണ്ട്. ആരാധകര്‍ക്കു വേണ്ടിയുള്ള ക്ലിഷേ കഥാപാത്രങ്ങള്‍ എടുത്തണിയുമ്പോള്‍ താരാരാധന പോഷിക്കപ്പെടാനുള്ള സാധ്യത കൈവരുമെങ്കിലും നടനെന്ന നിലയില്‍ സൂപ്പര്‍താരം പിറകോട്ടു പോകും. വിപണിമൂല്യത്തിന് യാതൊന്നും സംഭവിക്കില്ലെങ്കിലും തന്നിലെ നടനെ മിനുക്കിയെടുക്കാന്‍ അവസരം ലഭിക്കാത്തതിലുള്ള സംഘര്‍ഷം ഏതൊരു സൂപ്പര്‍താരവും അഭിമുഖീകരിക്കുന്നുണ്ടാകാം. അതുകൊണ്ടുതന്നെ താരപ്പകിട്ടുള്ള കഥാപാത്രങ്ങളില്‍നിന്ന് ഇടയ്‌ക്കെങ്കിലും തന്നിലെ അഭിനേതാവിനെ മോചിപ്പിക്കാന്‍ സൂപ്പര്‍താരങ്ങള്‍ പരിശ്രമിക്കും. മമ്മൂട്ടിയിലെ സൂപ്പര്‍താരത്തിന് ഏറെക്കാലത്തിനു ശേഷം അതിന് ലഭിക്കുന്ന അവസരമാണ് കുട്ടന്‍ എന്ന കഥാപാത്രം. താരബാധ്യതയില്ലാതെ അടിമുടി നടനായി മാറാനുള്ള സാധ്യതയാണ് നെഗറ്റീവ് ഷേഡുള്ള ഈ കഥാപാത്രത്തിലൂടെ മമ്മൂട്ടിക്ക് കൈവരുന്നത്.

സത്ഗുണസമ്പന്നനല്ലാത്ത, പല ദോഷങ്ങളുമുള്ള കഥാപാത്രമാണ് പുഴുവിലെ കുട്ടന്‍ എന്ന പോലീസ് കഥാപാത്രം. ഭാര്യയുടെ മരണത്തിനു ശേഷം മകനെ നോക്കാനുള്ള ഉത്തരവാദിത്വം പൂര്‍ണമായും കുട്ടനില്‍ വന്നു ചേരുകയാണ്. അതിയായ അച്ചടക്കം അടിച്ചേല്‍പ്പിക്കുന്ന കുട്ടന്റെ പാരന്റിംഗ് മകനില്‍ ബാധ്യതയും വെറുപ്പുമാണ് ഉളവാക്കുന്നത്. അച്ഛന്റെ മരണം പോലും മകന്‍ ആഗ്രഹിക്കുന്നുണ്ട്. സവര്‍ണ കുലത്തില്‍പെട്ട കുട്ടന്‍ തീവ്രമായ ജാതിബോധം പേറുന്നയാളുമാണ്. പെങ്ങള്‍ കീഴ്ജാതിയില്‍ പെടുന്നയാളുമൊത്ത് ജീവിക്കാന്‍ തീരുമാനിക്കുന്നതോടെ അയാളിലെ ജാതിബോധം മറനീക്കി പുറത്തുവരുന്നു. തന്നെ ആരോ വേട്ടയാടുന്നുണ്ടെന്ന തോന്നലും മരണഭയവും അയാളെ സംശയാലുവുമാക്കുന്നു. പുറംകാഴ്ചയില്‍ മറ്റുള്ളവര്‍ക്ക് നല്ലതായ ഒരു ധാരണയും സൃഷ്ടിക്കാന്‍ കുട്ടനെന്ന വ്യക്തിക്കാകുന്നില്ല. ഇങ്ങനെയുള്ള ഒരു മുഴുനീള വിപരീത കഥാപാത്രം ചെയ്യുന്നതിലൂടെയാണ് തന്നിലെ നടനെ സൂപ്പര്‍താരം പുറത്തെടുക്കുന്നത്. മമ്മൂട്ടിയിലെ അത്ഭുതപ്പെടുത്തുന്ന നടന്റെ പ്രകടനങ്ങള്‍ ഏറെത്തവണ കണ്ടിട്ടുള്ള പ്രേക്ഷകര്‍ക്കും ഏറെ അഭിനയ സാധ്യതയുള്ള പുഴുവിലെ കഥാപാത്രം വിസ്മയത്തിന് വക നല്‍കുന്നതാണ്. 


കുട്ടപ്പന്‍ എന്ന കഥാപാത്രത്തിലൂടെ അപ്പുണ്ണി ശശിയുടെ കരിയറിയില്‍ പുഴു നല്‍കുന്ന ബ്രേക്ക് ചെറുതല്ല. നായകനില്ലാത്ത സിനിമയില്‍ നായകതുല്യമായ ഗുണഗണങ്ങളുള്ളത് കുട്ടപ്പന്‍ എന്ന കഥാപാത്രത്തിനാണ്. അതിന് പൂര്‍ണമായി മിഴിവേകാന്‍ അപ്പുണ്ണി ശശിക്കാകുന്നു. പ്രതിനായകത്വമുള്ള കുട്ടന്‍ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് സിനിമയുടെ മുന്നോട്ടുപോക്കെങ്കിലും നേര്‍രേഖാ സഞ്ചാരം കുട്ടപ്പന് അവകാശപ്പെട്ടതാണ്. പാര്‍വതി തിരുവോത്തിന്റെ ഭാരതി എന്ന കഥാപാത്രം സ്വന്തം നിലപാടും ശരികളും മൂല്യങ്ങളുമുള്ള സ്ത്രീയുടെ പ്രതിനിധാനമാണ്. ഇഷ്ടപ്പെട്ട ആള്‍ക്കൊപ്പം ജീവിക്കാന്‍ ഭാരതിക്ക് കുലമോ ജാതിയോ നിറമോ തൊഴിലോ തടസ്സമാകുന്നില്ല. പരസ്പരം കൈകള്‍ കൊരുത്തും താങ്ങായി തോളുകള്‍ ചായ്ച്ചു നല്‍കിയും സധൈര്യത്തോടെയാണ് ഭാരതിയും കുട്ടപ്പനും സമൂഹത്തെ നേരിടുന്നത്.

സൂപ്പര്‍താരത്തിന്റെ ഡേറ്റ് ലഭിക്കുമ്പോള്‍ താരപരിവേഷവും വാണിജ്യവിജയ സാധ്യതയും ചേരുന്ന സിനിമയൊരുക്കാന്‍ ശ്രമിക്കുന്നവരാണ് ഭൂരിഭാഗം ചലച്ചിത്രകാരന്മാരും. ഇവിടെ നവാഗതയായ റതീന വ്യത്യസ്തയാകുന്നു. താന്‍ സമൂഹത്തോട് പറയാന്‍ താത്പര്യപ്പെടുന്ന ഒരു പ്രമേയമാണ് റതീന ആദ്യസിനിമയിലൂടെ അവതരിപ്പിക്കുന്നത്. ഹര്‍ഷദ്, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് കേരളീയ സമൂഹത്തിന് പുനരാലോചനയ്ക്ക് ഇട നല്‍കിയേക്കാന്‍ ഉതകുന്ന ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിട്ടുള്ളത്.

സ്ത്രീശബ്ദം, 2022 ജൂണ്‍

Saturday, 16 July 2022

യവനികയുടെ 40 വര്‍ഷങ്ങള്‍.. ത്രില്ലറുകളുടെ തിരയേറ്റത്തിലും ആ തട്ട് ഇപ്പൊഴും താഴ്ന്നു തന്നെ


മലയാളത്തില്‍ മുമ്പെങ്ങുമില്ലാത്തത്രയും ത്രില്ലര്‍ സിനിമകള്‍ നിര്‍മ്മിക്കപ്പെടുകയും പുറത്തിറങ്ങുകയും ചെയ്യുന്ന കാലമാണിത്. ഈ ജോണര്‍ സിനിമകള്‍ക്ക് പ്രേക്ഷകരില്‍ നിന്ന് വലിയ സ്വീകാര്യതയും ലഭിക്കുന്നുണ്ട്. ഒരു നിശ്ചിത വിഭാഗം കാണികള്‍ സജീവമായി നിലനില്‍ക്കുന്നുവെന്ന ബോധ്യത്തില്‍ നിന്നാണ് ത്രില്ലര്‍ സിനിമകളുടെ ഈ എണ്ണപ്പെരുക്കം സാധ്യമാകുന്നത്. തിയേറ്ററുകള്‍ക്കു പുറമേ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ കൂടി സിനിമാ വിപണിയില്‍ നിര്‍ണായക സാന്നിധ്യമായതോടെ അവയ്ക്കു വേണ്ടി നിര്‍മ്മിക്കപ്പെടുന്ന ഒരു വിഭാഗം സിനിമകള്‍ കൂടി രൂപപ്പെട്ടിട്ടുണ്ട്. ഇങ്ങനെ നിര്‍മ്മിക്കപ്പെടുന്നവയില്‍ വലിയൊരു പങ്കും ത്രില്ലര്‍ സിനിമകളാണെന്നതാണ് ശ്രദ്ധേയം. ഒാവര്‍ ദി ടോപ്പ് പ്ലാറ്റ്‌ഫോമുകള്‍ക്കായി നിര്‍മ്മിക്കപ്പെട്ട സിനിമകളെപ്പോലെ വെബ് സീരിസുകളില്‍ ഭൂരിഭാഗവും കാണികളുടെ ഉദ്വേഗത്തെ ചൂഷണം ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രമേയപരിസരത്തില്‍ നില്‍ക്കുന്നവയാണ്. കുറ്റകൃത്യം, കുറ്റവാളി, ഇര, കുറ്റാന്വേഷണം, ചുരുളഴിക്കല്‍, അന്വേഷണത്തിലെ കണ്ടെത്തല്‍ തുടങ്ങി മനുഷ്യമനസ്സിനെ എക്കാലവും മദിച്ചുപോരുന്ന ആകാംക്ഷകളെയും ത്വരകളെയും വികാരങ്ങളെയും ചൂഷണം ചെയ്യാനാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം കാലത്തെ വിഷ്വല്‍ എന്റര്‍ടെയ്ന്‍മെന്റ് വിപണി പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത്. പോയ പതിറ്റാണ്ടില്‍ ലോകസിനിമയിലാകെ രൂപപ്പെട്ട ഈ പ്രവണതയാണ് മലയാളവും പിന്തുടര്‍ന്നു പോരുന്നത്.

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കു വേണ്ടി സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടു തുടങ്ങിയതോടെ ഒരു ചെറിയ പ്രദേശമോ വീടോ സ്ഥാപനമോ മാത്രം പശ്ചാത്തലമാകുന്ന ഉദ്വേഗഭരിതമായ കഥാപ്രമേയങ്ങള്‍ക്ക് പ്രസക്തിയേറി. കുറ്റാന്വേഷണ കഥകളില്‍ മാത്രമൊതുങ്ങാതെ സൈക്കോളജിക്കല്‍, മിസ്റ്ററി, സ്‌പൈ, ലീഗല്‍, ആക്ഷന്‍, സയന്‍സ് ഫിക്ഷന്‍ തുടങ്ങി ത്രില്ലറുകളിലെ അവാന്തര വിഭാഗങ്ങളിലൂടെ സഞ്ചരിക്കാനും ഇത്തരം സിനിമകള്‍ ശ്രദ്ധിച്ചു. ത്രില്ലറുകള്‍ കാണാനുള്ള പ്രേക്ഷകാഭിരുചിയെ ചൂഷണം ചെയ്തുകൊണ്ടായിരുന്നു ഈ സിനിമകളില്‍ ഭൂരിഭാഗവും രൂപപ്പെട്ടത്. പ്രേക്ഷകര്‍ക്ക് താത്പര്യമെന്താണോ, അത് നല്‍കുകയെന്ന വിപണി സമവാക്യത്തിന്റെ ഭാഗമായി ഈ ജോണര്‍ സിനിമകളുടെ ധാരാളിത്തം തന്നെ മലയാളത്തില്‍ കണ്ടു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി ലോകസിനിമയിലെ ത്രില്ലറുകള്‍ കാണാന്‍ അവസരം ലഭിച്ചതോടെ കാണികള്‍ മലയാളത്തിലെ ഈ ജോണര്‍ പരീക്ഷണങ്ങളോടും പ്രതിപത്തി കാണിക്കാന്‍ തയ്യാറാകുകയാണുണ്ടായത്.


സിനിമ-തിയേറ്റര്‍ വ്യവസായത്തെ പ്രതിസന്ധിയിലാക്കിയ കോവിഡും അതിനു സമാന്തരമായി ജനകീയമായ ഒടിടി കാഴ്ചസംസ്‌കാരവും ത്രില്ലര്‍ സിനിമകളുടെ വ്യാപകമായ രൂപപ്പെടലിന് വഴിയൊരുക്കി. ചുരുങ്ങിയ ബജറ്റില്‍, ചുരുക്കം കഥാപാത്രങ്ങളെ വച്ച് തീരെച്ചെറിയ ഭൂമികയില്‍ ഒരുങ്ങുന്ന ഒട്ടേറെ ത്രില്ലര്‍ സിനിമകള്‍ ഈ കാലയളവില്‍ കാണികളെ തേടി. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയ മലയാള സിനിമകളില്‍ നല്ലൊരു ശതമാനവും ത്രില്ലറുകളാണെന്നു കാണാം. എന്നാല്‍ ഈ സിനിമകള്‍ മിക്കതും വിജയസിനിമകളുടെ പശ്ചാത്തലവും പ്രമേയഘടനയും പിന്തുടര്‍ന്ന് എളുപ്പത്തില്‍ രൂപപ്പെടുത്തിയവയാണെന്നു മനസ്സിലാകും. അതോടെ പോയ പതിറ്റാണ്ടില്‍ മെമ്മറീസോ ദൃശ്യമോ അഞ്ചാം പാതിരയോ നല്‍കിയ ആസ്വാദനാനുഭവം നിലനിര്‍ത്തുന്നതില്‍ ഇവയെ തുടര്‍ന്നുവന്ന ത്രില്ലറുകള്‍ പിറകോട്ടു പോയി. പ്രമേയത്തിലെ പുതുമയില്ലായ്മയും ഉദ്വേഗം നിലനിര്‍ത്തുന്നതില്‍ പരാജയപ്പെടുന്നതും ഒരേ ആഖ്യാനമാതൃക പിന്തുടരുകയും ചെയ്യുന്നതാണ് ഈ സിനിമകളെ കാണികളില്‍ എന്തെങ്കിലും തരത്തിലുള്ള വികാരാവേഗം നിലനിര്‍ത്തുന്നതില്‍ നിന്ന് അകറ്റിയത്. ഇത്തരുണത്തിലാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച മിസ്റ്ററി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുകളിലൊന്നെന്ന വിശേഷണത്തില്‍ കെ.ജി ജോര്‍ജിന്റെ യവനിക ഇപ്പോഴും തുടരുന്നതും നാലു പതിറ്റാണ്ടിനിപ്പുറവും പ്രസക്തമാകുന്നതും.

ചില സിനിമകള്‍ക്ക് മാത്രമേ ഒരു ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്ന ജനപ്രിയ ചട്ടക്കൂടുകള്‍ക്കും സമ്പ്രദായങ്ങള്‍ക്കും പുറത്തുകടക്കാനും ഗതിമാറ്റാനും സാധിക്കാറുള്ളൂ. ഈ ഗണത്തിലാണ് യവനികയെ ഉള്‍പ്പെടുത്താനാകുക. പൂര്‍വ്വമാതൃകകളില്ലാത്ത സിനിമയായിരുന്നു ഇത്. അതുവരെ കണ്ടുശീലിച്ചതില്‍ നിന്ന് വേറിട്ട ഒരു പുതിയ അനുഭവമായിരുന്നു യവനികയിലൂടെ കാണികള്‍ക്ക് സാധ്യമായത്. ഈ പുതുമ അവര്‍ ഉള്‍ക്കൊണ്ടു. വാണിജ്യ, സമാന്തര പാതകളെക്കുറിച്ച് ആശങ്കകളില്ലാതെ തന്റേതു മാത്രമായ പുതിയ സിനിമ തീര്‍ക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്ന ഒരു സംവിധായകനില്‍ നിന്നുണ്ടായ നവംനവമായ സൃഷ്ടിയായിരുന്നു യവനിക. ഈ നവീനത ഒന്നുകൊണ്ടു തന്നെ നാല്‍പ്പതാണ്ട് പിന്നിടുമ്പോഴും ഒരു നവസൃഷ്ടിയായി യവനികയ്ക്ക് തുടരാനാകുന്നു.


1980 കളില്‍ സിനിമയോളം ജനപ്രിയമായിരുന്ന പ്രൊഫഷണല്‍ നാടകത്തിന്റെ സങ്കേതങ്ങള്‍ സസൂക്ഷ്മം തിരക്കഥയില്‍ ഉപയോഗപ്പെടുത്തിയുള്ള യവനികയുടെ ആഖ്യാനരീതി ഏറെ പുതുമയുള്ളതായിരുന്നു. നാടകവേദികള്‍ സിനിമയുടെ അവതരണ പശ്ചാത്തലത്തില്‍ അതിനു മുമ്പും കടന്നുവന്നിട്ടുണ്ടെങ്കിലും അതിന് കഥാഗതിയില്‍ ഇത്രയധികം പ്രാമുഖ്യമുണ്ടാകുകയും ഒരു കഥാപാത്രത്തോളം തന്നെ പ്രാധാന്യം കൈവരുകയും ചെയ്യുന്നത് ആദ്യമായിട്ടായിരുന്നു. സിനിമയുടെ തുടക്കത്തിലും പ്രധാന സന്ദര്‍ഭങ്ങളിലും ക്ലൈമാക്‌സിലും ഫലപ്രദമായി ഉപയോഗപ്പെടുത്തിയ നാടകരംഗങ്ങള്‍ക്ക് ഇപ്പോഴും പുതുമ ചോരുകയോ വിരസത കൈവരുകയോ ചെയ്യുന്നില്ലെന്നത് വസ്തുതയാണ്. ഇത്തരമൊരു നൂതന സങ്കേതമോ പുതുമയോ ആഖ്യാനത്തില്‍ കൊണ്ടുവരുന്നതിലാണ് പുതിയകാല ത്രില്ലറുകള്‍ പരാജയപ്പെട്ടു പോകുന്നതും.

1982 ഏപ്രിലിലെ അവസാന ദിനത്തില്‍ സൂപ്പര്‍താരമായ പ്രേംനസീറിന്റെ ഇവന്‍ ഒരു സിംഹം എന്ന ചിത്രത്തിനൊപ്പം പുറത്തിറങ്ങുകയും കേവലം നാല് തിയേറ്ററുകളില്‍ മാത്രം പ്രദര്‍ശിപ്പിച്ചു തുടങ്ങുകയും ചെയ്ത യവനിക തുടര്‍ന്നുള്ള ദിവസങ്ങളില്‍ സൃഷ്ടിച്ചത് ആസ്വാദനത്തിന്റെയും ജനപ്രിയതയുടെയും വേറിട്ട വിതാനമാണ്. കേവലം തിയേറ്റര്‍ വിജയത്തില്‍ മാത്രം ഒതുങ്ങിയൊടുങ്ങുന്നതായിരുന്നില്ല യവനിക സൃഷ്ടിച്ച കാഴ്ചയുടെ സാധ്യത. അതിന്റെ അവതരണം അത്ഭുതപ്പെടുത്തുന്നതും ആസ്വാദനം തുടര്‍ന്നുള്ള പതിറ്റാണ്ടുകളിലേക്കും തലമുറകളിലേക്കും പടര്‍ന്നുപരക്കാന്‍ പോന്നതുമായിരുന്നു. 


മലയാളത്തിലെ കുറ്റാന്വേഷണ സിനിമകള്‍ അതുവരെ പിന്തുടര്‍ന്നുപോന്ന കഥപറച്ചില്‍ രീതികളെ പാടേ മറികടക്കുന്നതായിരുന്നു യവനികയുടെ ആഖ്യാനം. അതിനു മുമ്പുണ്ടായിരുന്ന കുറ്റാന്വേഷണ സിനിമകളില്‍ കഥാസാഹചര്യം ആവശ്യപ്പെടാത്ത സന്ദര്‍ഭങ്ങളില്‍ പോലും പാട്ടുകളും തമാശ രംഗങ്ങളും ജനപ്രിയ ചേരുവകളും ചേര്‍ക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ യവനിക ഈ മുഖ്യധാരാ സങ്കല്‍പ്പങ്ങളില്‍ നിന്ന് വഴിമാറി തനതായ ഒരു വഴക്കം സൃഷ്ടിച്ചു. ആവശ്യമില്ലാത്ത ഒരു സന്ദര്‍ഭമോ സംഭാഷണമോ കഥാപാത്രമോ ഈ സിനിമയിലില്ല. തുടര്‍ന്നുവന്ന അന്വേഷണാത്മക കഥാസിനിമകള്‍ക്ക് യവനിക വെട്ടിയ വഴിയേ സഞ്ചരിക്കേണ്ടിവന്നു. അതല്ലെങ്കില്‍ അതിനെ മറികടന്ന് മുന്നോട്ടു പോകേണ്ടിവന്നു. മലയാളത്തിലെ മുഖ്യധാരാ സിനിമകളില്‍ പ്രബലമായിരുന്ന വഴി ജനപ്രിയ ചേരുവകളുമായി മാത്രം ബന്ധപ്പെടുത്തിയുള്ളതായിരുന്നു. അതില്‍ റിയലസ്റ്റിക് കഥാകഥന ശൈലിക്ക് പ്രസക്തി തീരെയില്ലായിരുന്നു. മുഖ്യധാരാ സിനിമ ഒഴിച്ചിട്ടിരുന്ന ഈ റിയലസ്റ്റിക്ക് ശൈലി കൂടിയാണ് യവനിക അവലംബിച്ചത്. 

മുഖ്യധാരാ സിനിമാ ശൈലിയോട് ചേര്‍ന്നുനില്‍ക്കുമ്പോള്‍ തന്നെ റിയലിസത്തിന്റെ ലക്ഷണങ്ങള്‍ യവനികയില്‍ പ്രകടമായിരുന്നു. പ്രമേയത്തെയും കഥാപാത്രങ്ങളെയും പുറംതലോടലിലും സംഭാഷണാഭിനയ പ്രക്രിയകളിലും മാത്രം ഒതുക്കിയിടാതെ ദാര്‍ശനികമായും മനശാസ്ത്രപരമായും സമീപിക്കാന്‍ യവനിക ശ്രദ്ധിച്ചു. തബലിസ്റ്റ് അയ്യപ്പന്‍, രോഹിണി, ബാലഗോപാലന്‍, വക്കച്ചന്‍, ജോസഫ് കൊല്ലപ്പള്ളി തുടങ്ങിയ കഥാപാത്രങ്ങളെ സിനിമ സമീപിച്ചിരിക്കുന്ന രീതി നിരീക്ഷിക്കുമ്പോള്‍ ഇത് വ്യക്തമാകും. ഈ കഥാപാത്രങ്ങളിലോരോന്നിലും സൂക്ഷ്മമായി ശ്രദ്ധവയ്ക്കുന്നുണ്ട് സിനിമ. എന്നാല്‍ ബോധപൂര്‍വ്വം അത്തരമൊരു ശ്രമം നടത്തുന്നതായി പ്രേക്ഷകന് അനുഭവപ്പെടുകയും ചെയ്യുന്നില്ല. വാക്കുകളേക്കാള്‍ വികാരങ്ങള്‍ക്കും ഭാവങ്ങള്‍ക്കും ആവിഷ്‌കരിക്കാത്ത സീക്വന്‍സുകള്‍ക്കും സിനിമ പ്രാധാന്യം നല്‍കുന്നു. അയ്യപ്പന്റെ മരണത്തിലേക്ക് നീളുന്ന സൂചകങ്ങള്‍ രോഹിണിയിലും കൊല്ലപ്പള്ളിയിലും ഇട്ടുപോകുന്നുണ്ടെന്നതിന് ഒരുപക്ഷേ ആവര്‍ത്തിച്ചുള്ള കാഴ്ചകളിലായിരിക്കും കൂടുതല്‍ തെളിച്ചം വരിക. നാടക അരങ്ങിലെയും അണിയറയിലെയും യഥാര്‍ഥ ജീവിതത്തിലെയും സംഭവങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍ കിട്ടുന്ന ഉത്തരങ്ങള്‍ക്കും ഏറെ പ്രസക്തിയുണ്ടെന്നു കാണാം. നാടകപശ്ചാത്തലവുമായി ചേര്‍ത്ത് അവതരിപ്പിച്ചിരിക്കുന്ന പാട്ടുകളിലെ കഥാപാത്ര ഭാവങ്ങള്‍ ഒരേസമയം ജീവിത സന്ദര്‍ഭങ്ങളോടു കൂടി വിളക്കി ചേര്‍ത്തിട്ടുള്ളതാണ്. ഇവിടെയെല്ലാം കെ.ജി ജോര്‍ജിലെ സംവിധായകനിലെയും തിരക്കഥാകാരനിലെയും സൃഷ്ടി, രചനാകൗശലങ്ങള്‍ പ്രകടമാക്കാന്‍ അവസരമൊരുങ്ങുന്നു.


നായകന്‍, നായിക, വില്ലന്‍ തുടങ്ങി കച്ചവട സിനിമ പിന്തുടര്‍ന്നു പോന്നിരുന്ന പരമ്പരാഗത സങ്കല്‍പ്പങ്ങള്‍ക്ക് യവനികയില്‍ പ്രസക്തിയില്ല. ഇവിടെ കഥാപാത്രങ്ങള്‍ മാത്രമാണുള്ളത്. അവര്‍ സാഹചര്യത്തോട് ഏറ്റവും സ്വാഭാവികമായി പെരുമാറുന്നവരാണ്. കഥാപ്രമേയത്തോട് ചേര്‍ന്ന് അവരുടെ പ്രാധാന്യം ഏറിയും കുറഞ്ഞുമിരിക്കുന്നു. ഒരു വേള വക്കച്ചന് കൈവരുന്ന പ്രാധാന്യം പിന്നീട് തബലിസ്റ്റ് അയ്യപ്പനിലേക്കും പിന്നീട് രോഹിണിയിലേക്കും ജേക്കബ്ബ് ഈരാളിയിലേക്കും കൊല്ലപ്പള്ളിയിലേക്കുമെല്ലാം മാറുന്നുണ്ട്. ജേക്കബ്ബ് ഈരാളിയുടെ കേസന്വേഷണത്തിലെ സ്വാഭാവികതയും ഏറെ ശ്രദ്ധേയമാണ്. സാഹചര്യത്തെളിവുകളിലും കഥാപാത്രങ്ങളുടെ മാനസികാവസ്ഥയോടും സംവദിച്ചും മാത്രമാണ് യവനികയിലെ പോലീസ് ഉദ്യോഗസ്ഥന്‍ കേസന്വേഷണം നടത്തുന്നത്. അമാനുഷികമായ പ്രവൃത്തികളോ തെളിവുകളോ അയാള്‍ക്ക് സഹായകമാകുന്നില്ല. മനുഷ്യസഹജമായി സാധിക്കുന്ന അന്വേഷണങ്ങളിലൂടെയും ഊഹങ്ങളിലൂടെയും തെളിവുകളിലൂടെയും കടന്നുപോയി പതിയെപ്പതിയെയാണ് അയാള്‍ പ്രതികളിലേക്ക് എത്തുന്നത്.

യവനിക തിയേറ്റര്‍ വിജയമായത് എല്ലാത്തരം പ്രേക്ഷകര്‍ക്കും മനസ്സിലാകുന്ന ലളിതമായ കഥപറച്ചില്‍ കൊണ്ടായിരുന്നെങ്കില്‍ തന്നെയും അതിനു മറുപുറം പൂരിപ്പിക്കാനുള്ള നിരവധിയായ സങ്കീര്‍ണതകള്‍ക്കു കൂടി അവസരം അവശേഷിപ്പിച്ചിടുന്ന ആഖ്യാനശൈലിയായിരുന്നു സ്വീകരിച്ചത്. കെജി ജോര്‍ജ് പിന്തുടര്‍ന്നുപോന്ന മധ്യവര്‍ത്തി സിനിമാ ശൈലിയുടെ സാധ്യത കൂടിയാണിത്. 1980 കളില്‍ പിന്തുടര്‍ന്നു വന്ന മധ്യവര്‍ത്തി സിനിമകളോട് പ്രേക്ഷകര്‍ക്ക് അടുപ്പമേറ്റാനും യവനികയുടെ വിജയം പ്രചോദകമായെന്നു വേണം പറയാന്‍.

മാതൃഭൂമി ഓണ്‍ലൈന്‍, 2022 ജൂലൈ 15, ഷോ റീല്‍ 28

Sunday, 10 July 2022

തിയേറ്റര്‍ പഴയ തിയേറ്ററല്ല; പ്രകൃതിപ്പടങ്ങളില്‍ മുഷിയുന്നുവോ പ്രേക്ഷകര്‍


ഈ വര്‍ഷം ഇതുവരെ പുറത്തിറങ്ങിയത് 113 മലയാളം സിനിമകളാണ്. വര്‍ഷം പകുതി മാത്രം പിന്നിടുമ്പോള്‍ ഇത് സര്‍വ്വകാല റെക്കോര്‍ഡാണ്. തിയേറ്ററിനൊപ്പം ഒടിടി പ്ലാറ്റ്‌ഫേം കൂടി സജീവമായ സാഹചര്യത്തിലാണ് ഇത്രയും സിനിമകളുടെ റിലീസിംഗ് സാധ്യമായത്. 36 സിനിമകളാണ് ജൂണ്‍ വരെ ഡയറക്ട് ഒടിടി റിലീസ് ആയത്. ഒരെണ്ണം ടെലിവിഷന്‍ പ്രീമിയര്‍ ആയിരുന്നു. ബാക്കിയുള്ളവ തിയേറ്ററില്‍ റിലീസ് ചെയ്യുകയും തുടര്‍ന്ന് ഒടിടി വഴിയും പ്രേക്ഷകരിലെത്തി. ഒടിടി പ്ലാറ്റ്‌ഫോം ജനകീയമായതിനൊപ്പം കോവിഡ് പ്രതിസന്ധിക്കു ശേഷം തിയേറ്റര്‍ റിലീസ് പഴയപടിയാകുകയും ചെയ്ത വര്‍ഷം കൂടിയാണിത്. 

മേല്‍പ്പറഞ്ഞ കണക്കുകള്‍ മലയാള സിനിമാ വ്യവസായത്തെ സംബന്ധിച്ച് ആശാവഹമാണെങ്കിലും കാണികളെ ആകര്‍ഷിക്കുന്നതില്‍ മലയാള സിനിമയുടെ ഗ്രാഫ് കുത്തനെ താഴോട്ടാണ്. ഈ വര്‍ഷം ഇത്രയധികം സിനിമകളിറങ്ങിയിട്ടും പ്രേക്ഷകരുടെ സജീവശ്രദ്ധ ആകര്‍ഷിക്കാനായവയുടെ എണ്ണം തുലോം തുച്ഛം. ഇൗ സിനിമകളില്‍ വളരെ കുറച്ചെണ്ണത്തിന്റെ മാത്രമേ പേരു പോലും കാണികള്‍ ഓര്‍ത്തിരിക്കുന്നുള്ളൂ. കോവിഡിനു ശേഷം പഴയ ഊര്‍ജ്ജം വീണ്ടെടുക്കാത്ത ഒരു മേഖല സിനിമയാണ്. ലോകസിനിമയിലാകെയുള്ള മാന്ദ്യത്തിന്റെ സമാനതയാണ് മലയാളത്തിലും പ്രതിഫലിക്കുന്നതെന്നു പറയാമെങ്കിലും കാണികളെ ആകര്‍ഷിക്കത്തക്ക തിയേറ്റര്‍ അനുഭവങ്ങള്‍ സമ്മാനിക്കുന്നതില്‍ മലയാള സിനിമ തീര്‍ത്തും പിറകോട്ടാണ്. 


കോവിഡില്‍ പ്രതിസന്ധിയിലായ ജീവിതം രണ്ടറ്റം മുട്ടിക്കാനുള്ള പെടാപ്പാടിലാണ് സാമാന്യജനം. അപ്പോള്‍ സ്വാഭാവികമായും അവരുടെ തെരഞ്ഞെടുപ്പില്‍ തീരെ താഴെ മാത്രമാണ് സിനിമയുള്‍പ്പെടെയുള്ള 'എന്റര്‍ടെയ്ന്‍മെന്റു'കളുടെ ഇടം. പതിയെപ്പതിയെ ജീവിതം തിരികെപ്പിടിച്ച ശേഷം മാത്രമായിരിക്കും അവര്‍ സിനിമയിലേക്ക് ശ്രദ്ധവയ്ക്കുക. എന്നാല്‍ ദിവസജീവിതത്തിലെ വിരസതയകറ്റാന്‍ എല്ലാക്കാലവും സിനിമയുള്‍പ്പെടെയുള്ള വിനോദോപാധികളെ ആശ്രയിക്കുന്നവരാണ് മനുഷ്യര്‍. ഏതു വല്ലായ്കയിലും ഇത്തിരി സ്വാസ്ഥ്യവും സന്തോഷവും അവര്‍ ആഗ്രഹിക്കുന്നുണ്ട്. അപ്പോള്‍ തീര്‍ച്ചയായും ജനപ്രിയകല എന്ന നിലയില്‍ സിനിമയ്ക്ക് പരിഗണനയുണ്ടാകും. അവര്‍ക്ക് ആസ്വദ്യകരമായ സിനിമകള്‍ നല്‍കിയാല്‍ ജനം തിരികെ തിയേറ്ററിലെത്തുമെന്ന് തീര്‍ച്ചയാണ്. ഇതിലാണ് മലയാള സിനിമ പിറകോട്ടുപോകുന്നതും ശ്രദ്ധ വയ്‌ക്കേണ്ടതും.

കോവിഡ് കാലത്ത് രണ്ടര വര്‍ഷത്തിനിടെ മൂന്നുതവണ തിയേറ്ററുകള്‍ അടയ്ക്കുകയും താത്കാലികമായി തുറക്കുകയും ചെയ്യുകയുണ്ടായി. കോവിഡ് ഭീതി കുറഞ്ഞ കഴിഞ്ഞ ഒക്ടോബര്‍ മധ്യത്തോടെ പൂര്‍ണതോതില്‍ തുറന്നു. ഇതിനെ തുടര്‍ന്ന് സൂപ്പര്‍താരങ്ങളുടേതുള്‍പ്പെടെയുള്ള സിനിമകള്‍ തിയേറ്ററിലെത്തി. എന്നാല്‍ ഉറപ്പായും തിയേറ്ററില്‍ പോയി തന്നെ കാണണമെന്ന് തോന്നിക്കുന്ന ഒരു സിനിമയും തുടര്‍ന്നുള്ള ഒമ്പത് മാസങ്ങളില്‍ ഉണ്ടായില്ല. ഈ കാലയളവില്‍ തിയേറ്ററില്‍ സാമാന്യവിജയം നേടിയതാകട്ടെ നാലോ അഞ്ചോ എണ്ണം മാത്രവും. ശ്രീനാഥ് രാജേന്ദ്രന്റെ ദുല്‍ഖര്‍ ചിത്രം കുറുപ്പ് ആയിരുന്നു കോവിഡിനു ശേഷമുള്ള ആദ്യ പ്രധാന റിലീസ്. നിശ്ചിത വിഭാഗം പ്രേക്ഷകരെ തിയേറ്റററിലെത്തിക്കാന്‍ ഈ സിനിമയ്ക്കായി. മിശ്ര പ്രതികരണമായിരുന്നുവെങ്കിലും കോവിഡിനു ശേഷവും ആളുകള്‍ തിയേറ്ററില്‍ കയറും എന്നൊരു പ്രതീതി സൃഷ്ടിക്കാന്‍ ഈ സിനിമയ്ക്കായി. മലയാളത്തിലെ ഏറ്റവും പ്രീപബ്ലിസിറ്റി നേടിയെടുക്കാനായ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസും ഇതിനെ തുടര്‍ന്നുണ്ടായി. മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള വലിയ വരവേല്‍പ്പ് ലഭിച്ചെങ്കിലും പ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ ഈ സിനിമ പിറകോട്ടുപോയി. മരയ്ക്കാര്‍ വിജയമായിരുന്നെങ്കില്‍ കോവിഡിനു ശേഷമുള്ള മലയാള സിനിമാ വ്യവസായത്തിനാകെ ഉണര്‍വ് പകരാനാകുമായിരുന്നു. തിരക്കഥയിലോ അവതരണത്തിലോ പുതുമ സൃഷ്ടിക്കാനാകാതെ പോയ ഈ സിനിമ തിയേറ്റര്‍ വിപണിയെ പിറകോട്ടടിപ്പിക്കാനേ സഹായിച്ചുള്ളൂ. 


മോഹന്‍ലാലിനെ പോലെ വലിയ ആരാധകവൃന്ദവും പ്രേക്ഷകരെ തിയേറ്ററിലെത്തിക്കാനുള്ള കരിസ്മയും കൈമുതലായുള്ള ഒരു സൂപ്പര്‍താരത്തിനു മാത്രമേ കോവിഡില്‍ തകര്‍ന്നുപോയ കേരളത്തിലെ വിനോദ വ്യവസായത്തെ താങ്ങിനിര്‍ത്താനാകുമായിരുന്നുള്ളൂ. മോഹന്‍ലാലിന്റെ താരമൂല്യത്തെയും ഹീറോയിക് പരിവേഷത്തെയും ചൂഷണം ചെയ്യുന്ന ഒരു സിനിമയായിരുന്നു ഇത്തരുണത്തില്‍ വേണ്ടിയിരുന്നത്. അതാണ് ബി.ഉണ്ണികൃഷ്ണന്റെ നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടിലൂടെ പ്രേക്ഷകരും ഇന്‍ഡസ്ട്രിയും പ്രതീക്ഷിച്ചത്. മുന്‍കാല മോഹന്‍ലാല്‍ ജനപ്രിയ കഥാപാത്രങ്ങളുടെയും സംഭാഷണങ്ങളുടെയും സ്പൂഫ് ചിത്രീകരണത്തില്‍ ഒതുങ്ങിയ ആറാട്ടിനും ഒന്നോ രണ്ടോ ദിവസത്തില്‍ കൂടുതല്‍ പ്രേക്ഷകരെ തിയേറ്ററിലേക്ക് ആകര്‍ഷിക്കാനായില്ല. ഒരു മികച്ച മോഹന്‍ലാല്‍ മാസ് എന്റര്‍ടെയ്‌നറിന് തിയേറ്ററുകളിലേക്ക് ആളുകളെ വലിയ തോതില്‍ എത്തിക്കാനും ഈ വിജയത്തിന്റെ ഉണര്‍വില്‍ മറ്റുള്ള സിനിമകള്‍ക്ക് ആത്മവിശ്വാസത്തോടെ തിയേറ്ററുകളിലെത്താനും സാധിക്കുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഒരു പുലിമുരുകനോ ദൃശ്യമോ സൃഷ്ടിക്കാന്‍ മോഹന്‍ലാലിന് സാധിക്കുകയുണ്ടായില്ല. സിബിഐ സീരിസിന്റെ അഞ്ചാംഭാഗമായിരുന്നു ഇതുപോലെ ക്രൗഡ്പുള്ളര്‍ ഇമേജ് സൃഷ്ടിക്കാന്‍ പോന്ന മറ്റൊരു ചിത്രം. മമ്മൂട്ടിയുടെ ഏറ്റവും ജനപ്രിയ കഥാപാത്രങ്ങളിലൊന്നായ സേതുരായ്യര്‍ 17 വര്‍ഷങ്ങള്‍ക്കു ശേഷം പ്രേക്ഷകര്‍ക്കു മുന്നിലെത്തിയിട്ടും തിയേറ്ററില്‍ യാതൊരു ചലനവുമുണ്ടാക്കാനായില്ല.

കോവിഡിനു ശേഷം ജനകീയത വീണ്ടെടുക്കാനുള്ള തിയേറ്ററുകളുടെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്ന ഈ ചിത്രങ്ങളാണ് മലയാള സിനിമാ വ്യവസായത്തിന് ഏറ്റവും വലിയ തിരിച്ചടിയായത്. ഇതില്‍നിന്ന് മുക്തമാകാന്‍ ഇനിയും കേരളത്തിലെ ഏഴുന്നൂറിനടുത്തു വരുന്ന സ്‌ക്രീനുകള്‍ക്കായിട്ടില്ല. പ്രവര്‍ത്തനം നഷ്ടത്തിലായി തിയേറ്ററുകള്‍ ഓഡിറ്റോറിയങ്ങളും കല്യാണമണ്ഡപങ്ങളുമായി മാറിയിരുന്ന പ്രവണതയെ മറികടന്ന് മള്‍ട്ടിപ്ലക്‌സ് കാലത്തെ പ്രതീക്ഷയോടെയാണ് സിനിമാ വ്യവസായം എതിരേറ്റത്. ചെറുചെറു പട്ടണങ്ങളിലെല്ലാം രണ്ടോ മൂന്നോ ചെറു തിയേറ്ററുകള്‍ ഉള്‍പ്പെട്ട മള്‍ട്ടിപ്ലക്‌സുകള്‍ രൂപപ്പെട്ടതോടെ തിയേറ്ററുകള്‍ പുനരുജ്ജീവനപാത തേടുകയായിരുന്നു. ഗ്രാമീണ പട്ടണങ്ങളിലുള്‍പ്പെടെ നിലവാരമുള്ള തിയേറ്ററുകള്‍ വരികയും പുതിയ സിനിമകള്‍ റിലീസ് ചെയ്യുകയും ചെയ്യുന്ന പതിവ് ആരംഭിച്ചതോടെ സിനിമ കാണാന്‍ കുടുംബത്തോടെ തിയേറ്ററില്‍ പോകുന്ന പതിവിലേക്ക് ഒരിടവേളയ്ക്കു ശേഷം ആളുകള്‍ തിരിച്ചെത്തിയതായിരുന്നു. ഈ ഘട്ടത്തിലാണ് കോവിഡ് തിരിച്ചടിയാകുന്നത്. 


കോവിഡ് ഭീതി ആളുകളില്‍നിന്ന് തെല്ല് വിട്ടുപോയ സ്ഥിതിക്ക് നിലവാരമുള്ള സിനിമകളൊരുക്കി അവരെ തിയേറ്ററിലേക്ക് ആകര്‍ഷിക്കുകയാണ് ഇനി സിനിമാ മേഖല ചെയ്യേണ്ടത്. ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകളില്‍ അമല്‍നീരദിന്റെ ഭീഷ്മപര്‍വ്വം, വിനീത് ശ്രീനിവാസന്റെ ഹൃദയം എന്നിവയ്ക്കു മാത്രമാണ് ആളുകളെ തിയേറ്ററിലെത്തിക്കാനായത്. എന്നാല്‍ പ്രേക്ഷകര്‍ക്ക് പൂര്‍ണതൃപ്തി നല്‍കാനാകുന്നതില്‍ ഇൗ സിനിമകള്‍ക്കും വിജയിക്കാനാകുന്നില്ല. തമ്മില്‍ ഭേദം, തരക്കേടില്ലാത്തത് തുടങ്ങിയ പ്രതികണങ്ങളാല്‍ കുറച്ചു ദിവസം തിയേറ്ററുകള്‍ സജീവമായെന്നു മാത്രം. ജനത്തെ സാമാന്യം ആകര്‍ഷിക്കാനായ ഭീമന്റെ വഴി, ജാനേമന്‍, അജഗജാന്തരം, സൂപ്പര്‍ ശരണ്യ, ജനഗണമന, ജോ ആന്റ് ജോ തുടങ്ങിയ സിനിമകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. മഞ്ജുവാര്യര്‍, ജയസൂര്യ, ആസിഫലി, ടൊവിനോ തോമസ് തുടങ്ങി താരമൂല്യമുള്ളവരുടെ ഒന്നിലേറെ സിനിമകള്‍ ഇക്കാലയളവില്‍ തിയേറ്ററിലെത്തിയെങ്കിലും പ്രത്യേകിച്ച് ഒരു ഗുണവും ഇന്‍ഡസ്ട്രിക്ക് നല്‍കാനായില്ല. തലമുറകളുടെ ജനപ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാട് തന്റെ ഹിറ്റ് നായകന്‍ ജയറാമുമൊത്ത് എത്തിയെങ്കിലും മകള്‍ എന്ന ഈ സംരംഭം എന്തെങ്കിലും പുതുമ സൃഷ്ടിച്ച് പ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ പരാജയമായി. 

സിനിമ എന്നാല്‍ തിയേറ്റര്‍ അനുഭവമാണെന്ന നിഷ്‌കര്‍ഷ വച്ചുപുലര്‍ത്തുന്ന ഒരു വിഭാഗം കാണികളും നിരന്തരം തിയേറ്ററില്‍ സിനിമ കണ്ട് ശീലമുള്ള സിനിമാപ്രേമികളും മാത്രമാണ് ഇപ്പോള്‍ തിയേറ്ററിലെത്തുന്നത്. ഈ തീരെച്ചെറിയ വിഭാഗം ഒന്നോരണ്ടോ ദിവസം കൊണ്ട് സിനിമ കണ്ടുതീരും. ബാക്കിയുള്ള ദിവസങ്ങള്‍ ആളും ആരവവുമില്ലാതെയാണ് ഭൂരിഭാഗം തിയേറ്ററുകളും മുന്നോട്ടുപോകുന്നത്. അടുത്തിടെ പുറത്തിറങ്ങിയ താരസിനിമകളായ നാരദന്‍, ജോണ്‍ ലൂഥര്‍, മേരി ആവാസ് സുനോ, ജാക്ക് ആന്റ് ജില്‍, ഡിയര്‍ ഫ്രണ്ട്, വാശി, കുറ്റവും ശിക്ഷയും എന്നീ സിനിമകളുടെയെല്ലാം സ്ഥിതി ഇതാണ്. മിക്ക തിയേറ്ററുകളും പത്തോ പതിനഞ്ചോ കാണികളെ വച്ചാണ് സിനിമ ഓടിക്കുന്നത്. നിശ്ചിത എണ്ണം കാണികളില്ലാതെ പ്രദര്‍ശനം നടത്താത്ത തിയേറ്ററുകളും ഒട്ടേറെയാണ്. നഗരങ്ങളെ അപേക്ഷിച്ച് ചെറുപട്ടണങ്ങളിലെയും ഗ്രാമീണ മേഖലയിലെയും തിയേറ്ററുകളുടെ സ്ഥിതി കൂടുതല്‍ ശോചനീയമാണ്. പണ്ട് നിലവാരമില്ലാത്ത തിയേറ്ററുകളാണ് ആസ്വാദനത്തിന് തടസ്സമായിരുന്നതെങ്കില്‍ മികച്ച സിനിമകളുടെ അഭാവമാണ് ഇപ്പോള്‍ കാണികളെ അകറ്റുന്നത്. 


കോവിഡിന് മുമ്പ് നിര്‍മ്മാണജോലികള്‍ പൂര്‍ത്തിയായവയാണ് ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകളില്‍ വലിയൊരു വിഭാഗവും. ഇവയില്‍ ഭൂരിഭാഗം സിനിമകളുടെയും പേരുകള്‍ പോലും ആളുകള്‍ ഓര്‍ത്തിരിക്കുന്നില്ല. എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുകയും വലിയൊരു ജനക്കൂട്ടത്തെ ആകര്‍ഷിക്കുകയും നിരന്തരം ഹൗസ്ഫുള്‍ ഷോകള്‍ കളിക്കുകയും ചെയ്യുന്ന ഒരു സിനിമ കോവിഡിനു ശേഷം ഇനിയുമുണ്ടായിട്ടില്ല. അത്തരമൊരു സിനിമ സാധ്യമായാല്‍ മാത്രമേ സിനിമാ വിപണിക്ക് ആലസ്യം വിട്ടുണരാനും മുന്നോട്ടുപോക്കിന് തടസ്സമില്ലാതിരിക്കുകയും ചെയ്യൂ. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് പ്രേക്ഷകര്‍ക്ക് വേണ്ടതെന്തെന്ന് തിരിച്ചറിഞ്ഞുള്ള സിനിമകളാണ് ഇനി നിര്‍മ്മിക്കപ്പെടേണ്ടത്. 

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മലയാളി പ്രേക്ഷകര്‍ ഏറ്റവുമധികം കണ്ട സിനിമകളെല്ലാം ഒടിടി റിലീസുകള്‍ ആയിരുന്നുവെന്നത് ശ്രദ്ധേയമാണ്. ദൃശ്യം-2, ജോജി, മാലിക്ക്, ചുരുളി, ഹോം, മിന്നല്‍ മുരളി, ബ്രോ ഡാഡി, പുഴു, ട്വല്‍ത് മാന്‍ തുടങ്ങിയവയാണ് ഈ ഒടിടി ഹിറ്റുകള്‍. ഇവ പ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ വിജയം നേടിയെങ്കിലും ഈ മാതൃകയിലുള്ള സിനിമകളാണ് കാണികള്‍ ആഗ്രഹിക്കുന്നതെന്ന് ഉറപ്പിക്കുക വയ്യ. ഈ സിനിമകളില്‍ തന്നെ ദൃശ്യവും മിന്നല്‍ മുരളിയും ബ്രോ ഡാഡിയും മാറ്റിനിര്‍ത്തിയുള്ള സിനിമകള്‍ തിയേറ്റര്‍ വിജയമാകാനിടയില്ലാത്തവയാണ്. ഒടിടി മാതൃകയിലുള്ള സിനിമകള്‍ തിയേറ്ററില്‍ വലിയൊരു വിഭാഗം കാണികളെ സൃഷ്ടിക്കുമെന്നത് ഉറപ്പു പറയാനാവില്ല. വിപണിമൂല്യമുള്ള താരങ്ങളും നിര്‍മ്മാണ കമ്പനികളും തങ്ങളുടെ സുരക്ഷിതത്വവും ലാഭവും ഉറപ്പാക്കാന്‍ ഒടിടി സാധ്യത തേടിപ്പോകുന്ന രീതിയും നിലനില്‍ക്കുന്നുണ്ട്. മുന്‍നിര താരങ്ങളുടേതായി ഒരു വര്‍ഷത്തിനിടെ പുറത്തിറങ്ങിയ സിനിമകളില്‍ പകുതിയില്‍ കൂടുതല്‍ ശതമാനവും ഒടിടി വഴിയാണ്.


മലയാള സിനിമ കഴിഞ്ഞ ഒരു പതിറ്റാണ്ടായി നിലനിര്‍ത്തിപ്പോരുന്ന റിയലസ്റ്റിക്ക് പാതയോട് ഒരു വിഭാഗം കാണികള്‍ക്ക് മാത്രമാണ് പഥ്യം. മറിച്ചൊരു വിഭാഗം കാണികളും സിനിമാ മേഖലയിലുള്ളവര്‍ തന്നെയും 'പ്രകൃതിപ്പടങ്ങള്‍' എന്നു വിളിച്ച് ഈ ധാരയോടുള്ള മടുപ്പ് വ്യക്തമാക്കിക്കഴിഞ്ഞു. എന്റര്‍ടെയ്ന്‍മെന്റ് മൂല്യങ്ങള്‍, പരമ്പരാഗത കഥപറച്ചില്‍ ശൈലി, ക്ലിഷേ, ഫാന്റസി തുടങ്ങിയവയോട് പ്രതിപത്തിയുള്ള വലിയൊരു വിഭാഗം കാണികളുണ്ടെന്നതിനു തെളിവാണ് പുഷ്പ, ആര്‍ആര്‍ആര്‍, കെജിഎഫ് 2, വിക്രം എന്നീ അന്യഭാഷാ സിനിമകള്‍ വിജയം കണ്ടതിനു പിന്നില്‍. തങ്ങളുടെ അഭിരുചികളെ തൃപ്തിപ്പെടുത്തുന്ന സിനിമകള്‍ വന്നാല്‍ തിയേറ്ററില്‍ കയറുമെന്ന കാണികളുടെ പ്രഖ്യാപനമായിരുന്നു ഈ സിനിമകളുടെ തിയേറ്റര്‍ വിജയം. അതേസമയം ക്ലിഷേകളെ അപ്പാടെ വിഴുങ്ങാന്‍ പ്രേക്ഷകര്‍ ഒരുക്കമല്ല എന്നതിനു തെളിവായിരുന്നു അണ്ണാത്തെ, വലിമൈ, ബീസ്റ്റ് തുടങ്ങിയ സൂപ്പര്‍താര സിനിമകളുടെ പരാജയം.

കോവിഡ് കാലത്ത് പരിചയപ്പെടുകയും പിന്നീട് ജനകീയമാകുകയും ചെയ്ത ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വരിക്കാര്‍ ഇപ്പോള്‍ ഏതു ഗ്രാമാന്തരങ്ങളിലുമുണ്ട്. ഒരാള്‍ സബ്‌സ്‌ക്രൈബ് ചെയ്ത് ഒന്നിലധികം പേര്‍ക്ക് ഷെയര്‍ ചെയ്യുകയും വീട്ടുകാര്‍ക്ക് ഒന്നിച്ചിരുന്ന് കാണുകയും ചെയ്യാനുള്ള മാര്‍ഗം ഉള്ളപ്പോള്‍ ആളുകള്‍ തിയേറ്ററില്‍ പോകാന്‍ മടിക്കും. തിയേറ്ററില്‍ റിലീസ് ചെയ്ത സിനിമകളും രണ്ടാഴ്ച കഴിഞ്ഞ് ഒടിടിയില്‍ എത്തുന്നു. അപ്പോള്‍ പിന്നെ വലിയ ചെലവില്‍ എന്തിന് തിയേറ്ററില്‍ പോകണം എന്ന് സ്വാഭാവികമായും ആള്‍ക്കാര്‍ ചിന്തിക്കുന്നു. അതില്‍ക്കവിഞ്ഞ് അവരെ ആകര്‍ഷിക്കത്തക്ക തിയേറ്റര്‍ എക്‌സ്പീരിയന്‍സുകള്‍ മലയാളത്തില്‍ ഉണ്ടാകുന്നുമില്ല.

മാതൃഭൂമി ഓണ്‍ലൈന്‍, 2022 ജൂലൈ 7, ഷോ റീല്‍ 27

Thursday, 7 July 2022

അന്നയും റസൂലും മുതല്‍ കുറ്റവും ശിക്ഷയും വരെ; രാജിവ് രവിയെന്ന റിയലസ്റ്റിക്ക് ക്രാഫ്റ്റ്മാന്‍


പോയ പതിറ്റാണ്ടില്‍ മലയാളത്തിലെ മധ്യവര്‍ത്തി സിനിമകളുടെ മുഖ്യ പ്രയോക്താവാകുകയും പിറകെ വരുന്ന സംവിധായകര്‍ക്ക് ഈ പാത പിന്തുടരാന്‍ ആത്മവിശ്വാസം നല്‍കുകയും ചെയ്ത സംവിധായകനായി രാജീവ് രവിയെ വിലയിരുത്താം. സമാന്തര, കച്ചവട അതിര്‍വരമ്പുകളെക്കുറിച്ച് ആശങ്കപ്പെടാതെ തന്റേതായ സിനിമ സൃഷ്ടിക്കുകയാണ് രാജീവ് ചെയ്യുന്നത്. ആദ്യസിനിമയായ അന്നയും റസൂലും മുതല്‍ ഏറ്റവും പുതിയ സിനിമയായ കുറ്റവും ശിക്ഷയും സ്വയം തെളിച്ചിട്ട പാതയില്‍ സഞ്ചരിക്കുന്ന രാജീവ് രവിയെ കാണാനാകും. മധ്യവര്‍ത്തി സിനിമകള്‍ക്ക് എക്കാലത്തും നിശ്ചിത പങ്ക് കാണികളെ സൃഷ്ടിക്കാനും നിലനിര്‍ത്താനും വിവിധ തലമുറകളിലെ ആസ്വാദകരാലുള്ള കാഴ്ചാസാധ്യത സജീവമാക്കാനും സാധിക്കാറുണ്ട്. തീര്‍ച്ചയായും രാജീവ് രവിയുടെ നാല് സിനിമകളും നിലനിര്‍ത്തുന്ന സാധ്യതയും ഇതു തന്നെ. തിയേറ്ററില്‍ വലിയ വിജയങ്ങളായവയല്ല അന്നയും റസൂലും (2013), ഞാന്‍ സ്റ്റീവ് ലോപ്പസ് (2014), കമ്മട്ടിപ്പാടം (2016), കുറ്റവും ശിക്ഷയും (2022) എന്നീ രാജീവ് രവി സിനിമകള്‍. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ തിയേറ്ററില്‍ വിജയിക്കാത്ത സിനിമകളുടെ സ്രഷ്ടാവാണ് രാജീവ് രവി. എന്നാല്‍ ഇവയെല്ലാം തന്നെ ആഖ്യാനത്തിലെ വ്യത്യസ്തതയും നൂതനതയും കൊണ്ട് സവിശേഷമായ ഇടം നിലനിര്‍ത്താന്‍ പോന്നവയാണ്.

മധുര്‍ ഭണ്ഡാര്‍ക്കറിന്റെ ചാന്ദ്‌നി ബാര്‍, അനുരാഗ് കശ്യപിന്റെ ദേവ് ഡി, ഗാങ്‌സ് ഓഫ് വസേപൂര്‍ സീരീസ്, കമാല്‍ കെഎമ്മിന്റെ ഐഡി, കരണ്‍ ജോഹറിന്റെ ബോംബെ ടാക്കീസ് തുടങ്ങി ഇന്ത്യന്‍ സിനിമയിലെ ശ്രദ്ധേയ സൃഷ്ടികളുടെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത് രാജീവ് രവിയാണ്. ഇതേ കാലയളവില്‍ ചില ശ്രദ്ധേയ മലയാള സിനിമകളിലും രാജീവ് രവിയുടെ ക്യാമറ ചലിക്കുന്നുണ്ട്. ഈ സിനിമകളുടെ ആകെ കാഴ്ചയുടെ വിതാനത്തെ വേറിട്ട തലത്തില്‍ അടയാളപ്പെടുത്താന്‍ പോന്നതായിരുന്നു രാജീവ് രവിയിലെ ക്യാമറാമാന്‍ പകര്‍ത്തിയിട്ട ഉള്‍ക്കാഴ്ച. കാഴ്ചയുടെ യഥാതഥമായ ഈ വിതാനത്തെ ആവര്‍ത്തിക്കാനാണ് പിന്നീട് സംവിധാന വഴിയിലേക്ക് വരുമ്പോള്‍ രാജീവ് രവി ശ്രദ്ധിക്കുന്നതെന്നു കാണാനാകും. തനിക്കു മാത്രമായി താന്‍ തുറന്നിട്ടിരിക്കുന്ന മാര്‍ഗത്തിലൂടെയാണ് രാജീവ് രവി സിനിമകള്‍ സഞ്ചരിക്കുന്നത്. ഇവിടെ തന്റെ മുന്നിലുള്ള സിനിമയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള സംവിധായകനാകുന്നു അദ്ദേഹം. ഇതിന് പൂര്‍വ്വമാതൃകകളുടെയോ അനുകരണത്തിന്റെയോ പിന്‍ബലമുണ്ടാകില്ല. എന്നാല്‍ അനുരാഗ് കശ്യപ്, മധുര്‍ ഭണ്ഡാര്‍ക്കര്‍ സ്‌കൂളുകളിലെ പരിചയസമ്പത്ത് തീര്‍ച്ചയായും ഗുണം ചെയ്‌തേക്കുക തന്നെ ചെയ്യും.


സിനിമയില്‍ നിലനില്‍ക്കുന്ന സമകാലിക ധാരകളോ തരംഗങ്ങളോ രാജീവ് രവിയിലെ സംവിധായകനെ സ്വാധീനിക്കുകയോ അലട്ടുകയോ ചെയ്യുന്നില്ല. അതുകൊണ്ടു തന്നെ എല്ലായ്‌പോഴും തന്റേതു മാത്രമായ സിനിമ സൃഷ്ടിക്കാന്‍ രാജീവ് രവിക്കാകുന്നു. ഈ മാതൃക അവലംബിക്കുന്ന അപൂര്‍വ്വം ചില സംവിധായകരെ മാത്രമേ മലയാളത്തില്‍ കാണാനാകൂ. അന്നയും റസൂലും മുതല്‍ രാജീവ് രവി തുറന്നിടുന്ന ഈ വേറിട്ട പാത വ്യക്തമാണ്. രാജീവ് രവിയുടേതായി പിന്നീട് പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം എന്നീ സിനിമകളിലും പ്രമേയപരിസരത്തോട് ഇണങ്ങിച്ചേരുകയും യാഥാര്‍ഥ്യത്തോട് ചേര്‍ന്നുനില്‍ക്കുകയും ചെയ്യുന്ന മന്ദതാളത്തിലുള്ള ആവിഷ്‌കാര രീതി കാണാനാകും. കുറ്റവും ശിക്ഷയുമെന്ന ഏറ്റവും പുതിയ സിനിമയിലും സംവിധായകന്‍ പിന്തുടരുന്ന വഴി മറ്റൊന്നല്ല. 

പ്രേക്ഷകരെ രസിപ്പിക്കുന്ന സിനിമാറ്റിക് എലമെന്റെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചടുലത വഴിമാറി നില്‍ക്കുന്നുവെങ്കിലും രാജീവ് രവിയുടെ സിനിമകളിലെ മന്ദതാളത്തിന് വളരെ സ്വാഭാവികമായ ഒഴുക്കാണുള്ളത്. ഇത് സിനിമയുടെ പ്രമേയവും പശ്ചാത്തലവും ആവശ്യപ്പെടുന്നതാണ്. താന്‍ ആവിഷ്‌കരിക്കുന്ന മനുഷ്യജീവിതം യഥാര്‍ഥത്തിലുള്ള വേഗക്കുറവ് തന്നെയാണ് രാജീവ് രവി ദൃശ്യങ്ങളായി പകര്‍ത്തിയിടുന്നതും. വലിയൊരു ജനക്കൂട്ടത്തെ സൃഷ്ടിക്കുകയോ രസിപ്പിക്കുകയോ ചെയ്യുന്നതിനേക്കാളുപരി നിശ്ചിത പങ്ക് ആസ്വാദകരെ ലക്ഷ്യം വയ്ക്കുകയും ഈ വിഭാഗത്തിന് ഒരു പാഠപുസ്തകം കണക്കെയായി മാറുകയും ചെയ്യുന്നതാണ് രാജീവ് രവി സിനിമകള്‍. റിലീസ് വേളയിലെ സ്വീകാര്യതയ്ക്കുപരി അതിനു ശേഷവും ദേശ, ഭാഷാതിരുകള്‍ക്കു പുറത്തും ആസ്വാദകരെ ആകര്‍ഷിക്കാനും നിലനിര്‍ത്താനുമാകുന്നു എന്നതാണ് ഇൗ പാറ്റേണ്‍ സിനിമകള്‍ മുന്നോട്ടുവയ്ക്കുന്ന സാധ്യത. 


അന്നയും റസൂലും ശ്രദ്ധിക്കുക. പലതവണ പറഞ്ഞിട്ടുള്ള ഭിന്നമത പ്രണയകഥ തന്നെയാണ് ഈ സിനിമയും പ്രമേയമാക്കുന്നത്. പിന്നെയുള്ള പുതുമയെന്തെന്നാല്‍ അതെങ്ങനെ പറയുന്നുവെന്നതിലാണ്. അവിടെയാണ് രാജീവ് രവി എന്ന ക്രാഫ്റ്റ്മാനില്‍ ഉള്ളടങ്ങിരിക്കുന്ന പാടവം ഉരുവം കൊള്ളുന്നത്. ഒരു പ്രണയകഥയുടെ ബൃഹദാഖ്യാനമാണ് പിന്നീട് സാധ്യമാകുന്നത്. കണ്ണുകള്‍ കൊണ്ട് പ്രണയിക്കുന്ന അന്നയും റസൂലിനുമിടയില്‍ സംഭവിക്കുന്ന സംഭാഷണങ്ങള്‍ പോലും പരിമിതമാണ്. എന്നിട്ടും അവര്‍ക്കിടയിലെ ബന്ധത്തിന്റെ ആഴവും തീവ്രതയും വെളിവാക്കാന്‍ സാധിക്കുന്നിടത്താണ് കഥാപാത്രങ്ങള്‍ക്കും കഥാപരിസരത്തിനും സംവിധായകന്‍ നല്‍കുന്ന വിശദീകരണങ്ങള്‍ ലക്ഷ്യം കാണുന്നത്. ഈ ഡീറ്റെയിലിംഗുകള്‍ എല്ലാ രാജീവ് രവി സിനിമകളിലും കാണാന്‍ സാധിക്കും. കേന്ദ്രപ്രമേയ പരിസരത്തു നിന്ന് വഴിമാറാതെയും ഉപകഥകള്‍ക്ക് അവസരം കൊടുക്കാതെയുമുള്ള ആഖ്യാനത്തില്‍ കഥാപാത്രങ്ങളുടെ സ്വാഭാവിക പരിണതിക്കു പിറകെയായിരിക്കും സിനിമയുടെ സഞ്ചാരം. അന്നയുടെയും റസൂലിന്റെയും പ്രണയജീവിതത്തിന് എന്തു സംഭവിക്കുന്നുവെന്നതിലേക്കാണ് ക്യാമറ ഫോക്കസ് ചെയ്തിരിക്കുന്നത്. യഥാര്‍ഥ ജീവിത പരിസരത്തില്‍ സ്വാഭാവികമായി സംഭവിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ മറ്റൊരു സിനിമാറ്റിക്ക് ആലോചനകള്‍ക്കും ഇവിടെ ഇട നല്‍കുന്നില്ല. 

അന്നയുടെയും റസൂലിന്റെയും ജീവിതാഖ്യാനത്തില്‍ നിന്ന് സ്റ്റീവ് ലോപ്പസിലേക്കെത്തുമ്പോള്‍ യാഥാര്‍ഥ്യത്തോട് ചേര്‍ന്നുനിലകൊള്ളുന്ന ആവിഷ്‌കാരത്തിനൊപ്പം സമകാലിക സാമൂഹികാവസ്ഥയുടെ പരുഷത കൂടി കടന്നുവരികയാണ്. ജനാധിപത്യ വ്യവസ്ഥയില്‍ പൗരനെ ഭരണകൂടം നിര്‍വ്വചിക്കുന്നതെങ്ങനെയെന്ന ചിന്ത പങ്കുവയ്ക്കുന്ന സ്റ്റീവ് ലോപ്പസില്‍ ഒരു ശരാശരി മലയാളി യുവാവ് വൈയക്തികതയ്ക്കപ്പുറം താന്‍ ഉള്‍പ്പെടുന്ന സമൂഹത്തില്‍ പൗരന്‍ നിറവേറ്റേണ്ടുന്ന ചുമതലകളെക്കുറിച്ചു കൂടി ബോധവാനാകുകയാണ്. അന്നയുടെയും റസൂലിന്റെയും പ്രണയജീവിതത്തിന് രാജീവ് രവി വരച്ചിട്ട ദൃശ്യഭാഷ സ്റ്റീവിന്റെയും അഞ്ജലിയുടെയും അടുപ്പത്തില്‍ കടന്നുവരുന്നു. അതേസമയം ഗുണ്ടകളുടെയും തെരുവിന്റെയും രാത്രിക്കാഴ്ചകളുടെയും ഇടയില്‍ അകപ്പെട്ടുപോകുന്ന നിസ്സഹായനും ലോകപരിചയക്കുറവുള്ളവനുമായ ചെറുപ്പക്കാരന്റെ കണ്ണിലൂടെ കാണുന്ന ഇരുണ്ട ദൃശ്യങ്ങള്‍ക്കാണ് സ്റ്റീവ് ലോപ്പസില്‍ പ്രാധാന്യം കൈവരുന്നത്. മലയാളം കണ്ടു പരിചയിച്ച ദൃശ്യപരിചരണ, ആഖ്യാന രീതിയേ ആയിരുന്നില്ല രാജീവ് രവി സ്റ്റീവ് ലോപ്പസില്‍ ഉപയോഗിച്ചത്. ഈ സിനിമ ഇപ്പോഴും മുന്നോട്ടുവയ്ക്കുന്ന ആസ്വാദനമൂല്യവും ഇതു തന്നെയാണ്.


പാര്‍ശ്വവത്കൃത ജീവിതം പറയുമ്പോള്‍ മലയാള സിനിമ വച്ചുപുലര്‍ത്തിയിട്ടുള്ള ഓഫ്ബീറ്റ് ധാരണകളെ മാറ്റിനിര്‍ത്തുകയായിരുന്നു കമ്മട്ടിപ്പാടത്തില്‍. സ്റ്റീവ് ലോപ്പസിനേക്കാള്‍ അരികുജീവിത പരിസരങ്ങളോട് ഒന്നുകൂടി അടുക്കുകയാണിവിടെ. ജീവിതവുമായി എത്ര അടുക്കാമോ, അത്രയും അടുത്തേക്കാണ് കമ്മട്ടിപ്പാടത്തിന്റെ ക്യാമറ ചലിക്കുന്നത്. കമ്മട്ടിപ്പാടത്തിനുമേല്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കൊച്ചി നഗരത്തിന് വലിയ ആയുസ്സൊന്നുമില്ലെന്ന് പറയുന്ന സിനിമ തെരുവുപട്ടികളെപ്പോലുള്ള മനുഷ്യരുടെ ചോരയും നീരുംകൊണ്ടാണ് ഇന്നുകാണുന്ന നഗരത്തിന്റെ വലുപ്പമൊക്കെ ഉണ്ടായതെന്ന ധ്വനി നല്‍കുന്നു. സാധാരണക്കാരുടെ ജീവിതം പറയുമ്പോഴും കഥാപാത്രങ്ങള്‍ ഇതുവരെ വെയിലുകൊണ്ടിട്ടില്ലെന്നു തോന്നിപ്പിക്കുംവിധം നടത്താറുള്ള പാത്രസൃഷ്ടി ധാരണകളെ രാജീവ് രവി കമ്മട്ടിപ്പാടത്തില്‍ തകിടം മറിക്കുന്നുണ്ട്. അരികുജീവിതത്തിന്റെ അടയാളങ്ങളെന്ന് ഉറപ്പിക്കാവുന്ന ഒരു കൂട്ടം മനുഷ്യരെയാണ് ഇതില്‍ കാണാനാകുക. 

രാജീവ് രവി സിനിമകളില്‍ സംഭവങ്ങളൊന്നും ജീവിതത്തില്‍ കാണുന്നതില്‍നിന്ന് വ്യത്യസ്തമായിരിക്കില്ല. ചിരപരിചിതമായ ജീവിതപരിസരത്തില്‍ നമുക്ക് നിത്യേന കണ്ടു പരിചയമുള്ള കുറേ ആളുകള്‍ വന്ന് നമ്മളെപ്പോലെ പെരുമാറുന്നതായിട്ടാണ് അനുഭവപ്പെടുക. സാധാരണക്കാരും സാധാരണ ജോലികള്‍ ചെയ്തു ജീവിക്കുന്നവരുമാണ് ഈ കഥാപാത്രങ്ങള്‍. റസൂല്‍ ടാക്‌സി ഡ്രൈവറാണ്. ഇരുന്ന് ജോലിചെയ്യാന്‍ പോലും സാവകാശവും അനുമതിയുമില്ലാത്ത തുണിക്കട ജീവനക്കാരിയുടെ പ്രതിനിധിയാണ് അന്ന. സ്റ്റീവ് ലോപ്പസ് പ്രാരാബ്ധങ്ങളുള്ള പോലീസുകാരന്റെ വിദ്യാര്‍ഥിയായ മകനാണ്. ബാലനും ഗംഗയും കൃഷ്ണനും കമ്മട്ടിപ്പാടത്തെ ചേരിനിവാസികളാണ്. കുറ്റവും ശിക്ഷയിലെ നായക കഥാപാത്രം ഉള്‍പ്പെടെയുള്ള പോലീസുകാര്‍ അതിമാനുഷ വൃത്തികള്‍ ചെയ്യാന്‍ പോന്ന പോലീസുകാരല്ല. കുറ്റബോധവും വൈഷമ്യങ്ങളുമുള്ള, പുറംമോടികളില്ലാത്ത മനുഷ്യരെയാണ് ഈ പോലീസ് കഥാപാത്രങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്. 


2015 ല്‍ കേരളത്തില്‍ നടന്ന കുപ്രസിദ്ധമായ ഒരു ജ്വല്ലറി മോഷണവും ഇതിലെ കുറ്റവാളികളായവരെ തേടി അഞ്ചംഗ പൊലീസ് സംഘത്തിന്റെ രാജസ്ഥാനിലെ ധനാഗഞ്ചിലേക്കുള്ള സഞ്ചാരവുമാണ് കുറ്റവും ശിക്ഷയും എന്ന സിനിമ പ്രമേയവത്കരിക്കുന്നത്. ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിന്റെ ചടുലമായ ആഖ്യാനസാധ്യത മുന്നില്‍നില്‍ക്കേ അതില്‍നിന്ന് കൃത്യമായി വ്യതിചലിച്ച് തനത് രാജീവ് രവി മേക്കിംഗ് പാറ്റേണ്‍ ആണ് ഈ സിനിമ പിന്തുടരുന്നത്. കേസന്വേഷണത്തിന്റെ ഓരോ ഘട്ടവും വിശ്വസനീയമായും തുടര്‍ച്ചയോടു കൂടിയും അവതരിപ്പിക്കുന്നുവെന്നതാണ് ശ്രദ്ധേയം. കുറ്റകൃത്യം നടക്കുന്ന രാത്രിയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ശീര്‍ഷകങ്ങള്‍ തെളിയുന്ന സിനിമയുടെ തുടര്‍ന്നുള്ള ഓരോ ഘട്ടവും കേസന്വേഷണം എങ്ങനെ മുന്നോട്ടു പോകാമെന്നതുമായി ഇഴ ചേര്‍ത്തുള്ള ആവിഷ്‌കാരമാണ്. സംഭവം നടന്ന ജ്വല്ലറിയിലെ പ്രാഥമിക പരിശോധന, വിശദമായ പോലീസ്, ഫോറന്‍സിക് പരിശോധനകള്‍, തെളിവെടുപ്പ്, ചോദ്യംചെയ്യല്‍, ലഭ്യമായ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന, ഊഹങ്ങളിലേക്കും നിഗമനങ്ങളിലേക്കുമുള്ള സഞ്ചാരം, പ്രതികളാരെന്ന വ്യക്തമാകല്‍, പ്രതികളെ അന്വേഷിച്ചുള്ള യാത്ര, പ്രതികളെ കണ്ടെത്തി നിയമത്തിനു മുന്നിലെത്തിക്കല്‍ തുടങ്ങി കൃത്യമായ ഘട്ടങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ഈയൊരു ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ രീതിയും ക്ലൈമാക്‌സില്‍ പോലും അത്രകണ്ട് ചടുലതയില്ലാതെ സ്വാഭാവികമായി അവസാനിപ്പിക്കുകയും ചെയ്യുന്ന പോലീസ് സ്‌റ്റോറി ആഖ്യാനം മലയാളത്തിന് പരിചിതമല്ല.

കുറ്റാന്വേഷണത്തിനൊപ്പം വളരെ സ്വാഭാവികമായി പെരുമാറുന്നവരാണ് ഈ സിനിമയിലെ കഥാപാത്രങ്ങള്‍. അമാനുഷികമായ ചെയ്തികളോ സംസാരമോ പോലീസ് കഥാപാത്രങ്ങള്‍ക്ക് ബാധ്യതയാകുന്നില്ല. സിനിമയിലെ കേന്ദ്രപ്രമേയത്തിനോടു ബന്ധമില്ലാത്ത ഒരു സംഭാഷണം പോലും എഴുതിച്ചേര്‍ത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കഥാപാത്രങ്ങളുടെ മനോവ്യാപാരത്തിലേക്കും സിനിമ സഞ്ചരിക്കുന്നുണ്ട്. സമരത്തിനിടെ ഒരാളെ വെടിവെച്ച് കൊല്ലേണ്ടിവന്നതിലെ ശരിതെറ്റുകളെക്കുറിച്ചുള്ള ആവലാതികള്‍ ആസിഫ് അലി അവതരിപ്പിക്കുന്ന സിഐ സാജന്‍ ഫിലിപ്പിനെ സര്‍വീസിലും ജീവിതത്തിലും വേട്ടയാടുന്നുണ്ട്. പിന്നീട് ധനാഗഞ്ചിലെ ഓപ്പറേഷനിടെ കുറ്റവാളിയെ അടുത്തു കിട്ടിയിട്ടും വെടിവയ്ക്കാതെ സാജന്‍ വിട്ടുകളയുന്നുമുണ്ട്. ഈ ശരിതെറ്റുകളുടെ വിശകലനവും കുറ്റവും ശിക്ഷയും എന്ന ശീര്‍ഷകത്തിന് പ്രധാന പ്രമേയത്തിനു പുറത്തുള്ള അര്‍ഥസാധ്യത നല്‍കുന്നുണ്ട്. 


സിനിമയുടെ വേഗതയിലും കളര്‍ടോണിലും പശ്ചാത്തല സംഗീതത്തിലും കഥാപാത്ര, പശ്ചാത്തല രൂപകല്‍പ്പനയിലും രാജിവ് രവി പിന്തുടര്‍ന്നുപോരുന്ന ശൈലി ഈ പോലീസ് സ്‌റ്റോറിയിലും നിലനിര്‍ത്തുന്നു. കേരളത്തില്‍ നിന്ന് രാജസ്ഥാനിലേക്കുള്ള അന്വേഷണ സംഘത്തിന്റെ യാത്രയില്‍ ഭൂമികകള്‍ മാറുന്നത് ട്രെയിനിന്റെ സഞ്ചാരത്തിലുടെയാണ് കാണിക്കുന്നത്. കഥാപശ്ചാത്തലം മാറിയെന്നതിന്റെ പതിവ് പ്രദേശ സൂചക ബിംബങ്ങളോ, പശ്ചാത്തലത്തിലുയരുന്ന തനത് പ്രദേശിക സംഗീതത്തിമോ, പ്രകൃതി ദൃശ്യങ്ങളോ കാണിക്കാതെ തന്നെ ട്രെയിനിന്റെ സഞ്ചാരഗതിയുടെ കട്ട് ഷോട്ടുകളിലൂടെ മറ്റൊരു പ്രദേശത്തേക്ക് സഞ്ചരിച്ചെത്തുന്നുവെന്ന് വെളിവാക്കുന്ന ദൃശ്യങ്ങള്‍ പുതുമയാര്‍ന്നതാണ്. ഉത്തരേന്ത്യന്‍ പ്രദേശത്തെയും പോലീസ് സ്‌റ്റേഷനെയും പോലീസുകാരെയും ജനങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത് ഇതുവരെ മലയാള സിനിമ പിന്തുടര്‍ന്നുപോന്ന മാതൃകയിലല്ലെന്നതും, കുറേക്കൂടി വിശ്വസനീയമായിട്ടാണെന്നതും രാജിവ് രവിയിലെ ക്രാഫ്റ്റ്മാനെ അടയാളപ്പെടുത്തുന്ന ഘടകങ്ങളാണ്.

സിനിമയ്ക്ക് തിരക്കഥയുടെ ആവശ്യമില്ലെന്ന് രാജീവ് രവി പറയുന്നത് തന്നിലെ സംവിധായകനില്‍ സ്വയം വിശ്വാസമുള്ളതുകൊണ്ടാണ്. സിനിമ സംവിധായകന്റെ കലയാണെന്ന് പൂര്‍ണ ബോധ്യമുള്ള ഈ ചലച്ചിത്രകാരന്റെ സിനിമകള്‍ കച്ചവടമോ പുരസ്‌കാരങ്ങളോ ലക്ഷ്യമിട്ടുള്ള ബോധപൂര്‍വ്വമായ യാതൊരു കൂട്ടിച്ചേര്‍പ്പുകളുമില്ലെന്നതും ശ്രദ്ധേയമാണ്. തന്നെ പിന്തുടര്‍ന്ന് വരുന്ന സംവിധായകര്‍ക്ക് രാജിവ് രവി നല്‍കുന്ന ആത്മവിശ്വാസം കിസ്മത്ത് (2016) എന്ന അഭിനന്ദനമര്‍ഹിക്കുന്ന സിനിമാ പരിശ്രമത്തിന്റെ സംവിധായകന്‍ ഷാനവാസ് കെ. ബാവക്കുട്ടിയുടെ വാക്കുകളിലുണ്ട്. രാജീവ് രവിയുടെ അന്നയും റസൂലും എന്ന ചിത്രമില്ലായിരുന്നുവെങ്കില്‍ കിസ്മത്ത് ഉണ്ടാകില്ലായിരുന്നുവെന്ന് ഷാനവാസ് പറയുന്നുണ്ട്. അച്ചടക്കത്തോടെയാണ് ഷാനവാസ് കിസ്മത്ത് ഒരുക്കിയിരിക്കുന്നതെന്നു കാണാം. മുഖ്യപ്രമേയത്തിനു പുറത്ത് ഉപകഥകളിലേക്കോ വിഷയങ്ങളിലേക്കോ പ്രദേശങ്ങളിലേക്കോ കയറിച്ചെല്ലുന്നില്ല. മാമൂലുകള്‍ക്കു പിറകെ പോകാതെ മനസ്സിലുള്ള സിനിമ ചെയ്യുകയെന്ന രാജീവ് രവിയുടെ രീതി അതേപടി പകര്‍ത്തുകയായിരുന്നു ഷാനവാസ്. ഷാനവാസിനു പുറമേ ദിലീഷ് പോത്തനും സക്കറിയയും മധു സി.നാരായണനും ഗീതു മോഹന്‍ദാസും ഉള്‍പ്പെടെയുള്ള മലയാളത്തിലെ മധ്യവര്‍ത്തി സിനിമയുടെ മറ്റു വക്താക്കള്‍ക്കും തങ്ങളുടെ ആദ്യസിനിമയിലേക്ക് കടക്കുമ്പോള്‍ രാജീവ് രവി സിനിമകള്‍ നല്‍കിയ ആത്മവിശ്വാസം അത്രകണ്ട് ചെറുതാകില്ല.

മാതൃഭൂമി ഓണ്‍ലൈന്‍, 2022 ജൂണ്‍ 30, ഷോ റീല്‍ 26

Sunday, 3 July 2022

ഭരത്ചന്ദ്രന്‍, മംഗലശ്ശേരി നീലകണ്ഠന്‍, സേതുരാമയ്യര്‍... തുടര്‍ച്ച കണ്ടെത്തുന്ന ജനപ്രിയ കഥാപാത്രങ്ങള്‍


അത്യധികമായ ജനപ്രീതി ഒന്നുകൊണ്ടാണ് ചില കഥാപാത്രങ്ങള്‍ക്കും സിനിമകള്‍ക്കും റിപ്പീറ്റ് വാല്യൂ ഉണ്ടാകുന്നത്. ഇങ്ങനെയുള്ള കഥാപാത്രങ്ങളെ വീണ്ടും സ്‌ക്രീനില്‍ കാണാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. ഒരു സിനിമയിലൂടെ നേടിയെടുത്ത പ്രേക്ഷകപ്രീതിയെ ചൂഷണം ചെയ്തുകൊണ്ടാണ് ഇത്തരം കഥാപാത്രങ്ങളുടെയും സിനിമകളുടെയും തുടര്‍ഭാഗങ്ങള്‍ ഇന്‍ഡസ്ട്രി സാധ്യമാക്കുന്നത്. കഥാപാത്രങ്ങളുടെ സവിശേഷമായ ചില മാനറിസങ്ങള്‍, ഡയലോഗ് ഡെലിവറി, ആക്ഷന്‍ സീക്വന്‍സുകള്‍, ഹ്യൂമര്‍ എലമെന്റുകള്‍ തുടങ്ങിയവയെല്ലാമായിരിക്കാം കാണികളെ ആകര്‍ഷിക്കുന്നത്. ഇത് വീണ്ടും കാണാനും കേള്‍ക്കാനുമുള്ള ത്വര സ്വാഭാവികമായും കാണികളില്‍ രൂപപ്പെടും. പ്രേക്ഷകന്റെ ഈ ആഗ്രഹത്തെയാണ് തുടര്‍ഭാഗങ്ങള്‍ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുക.

ലോകസിനിമയില്‍ ജെയിംസ് ബോണ്ട് ഉള്‍പ്പെടെയുള്ള ഇന്‍വെസ്റ്റിഗേഷന്‍, ക്രൈം, ത്രില്ലര്‍ സീരീസുകളിലും സൂപ്പര്‍ ഹീറോ സിനിമകളിലുമാണ് ജനപ്രിയ കഥാപാത്രങ്ങള്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെട്ടു കാണാറുള്ളത്. ഈ രീതി അവലംബിച്ചു തന്നെയാണ് മലയാളത്തിലും കഥാപാത്രങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടായിട്ടുള്ളത്. 1971 ല്‍ പ്രേംനസീര്‍ ശീര്‍ഷക കഥാപാത്രത്തെ അവതരിപ്പിച്ച പി.വേണുവിന്റെ സിഐഡി നസീര്‍ ആണ് ഈ മാതൃക അവലംബിക്കുന്ന ആദ്യ മലയാള സിനിമ. 1968 ല്‍ രാജ്കുമാര്‍ നായകനായ ജെഡറാ ബാലേ എന്ന ഏറെ ശ്രദ്ധേയമായ കന്നട കുറ്റാന്വേഷണ സിനിമയുടെ സ്വാധീനമുള്‍ക്കൊണ്ടായിരുന്നു സിഐഡി നസീര്‍ സൃഷ്ടിക്കപ്പെട്ടത്. ജെഡറാ ബാലേയാകട്ടെ ജെയിംസ് ബോണ്ട് സിനിമകളെ അടിസ്ഥാനമാക്കി നിര്‍മ്മിക്കപ്പെട്ടതും. പ്രേംനസീറിന്റെ സൂപ്പര്‍താര പരിവേഷവും അപാരമായ ആരാധകവൃന്ദവും കണക്കിലെടുത്തുകൊണ്ടാണ് പൂര്‍വ്വമാതൃകയില്ലാത്ത വിധം നായകന്റെ പേരില്‍ തന്നെ ഒരു സിനിമ രൂപപ്പെടുന്നത്. പ്രേംനസീറിനൊപ്പം അന്നത്തെ മറ്റൊരു ജനപ്രിയതാരമായ അടൂര്‍ ഭാസിയും സ്വന്തം പേരിലാണ് ഈ സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്. സിഐഡി നസീറിന്റെ വന്‍വിജയത്തെ തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം ഈ ജനപ്രിയ കഥാപാത്രം ടാക്‌സി കാര്‍ എന്ന സിനിമയുമായി വീണ്ടുമെത്തി. ചന്ദ്രന്‍ എന്ന സിഐഡി ഓഫീസറുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് തന്റെ കുശാഗ്രബുദ്ധിയും സ്ഥായിയായ രസികത്തവും കൈമുതലാക്കി സിഐഡി നസീര്‍ ആദ്യമെത്തിയതെങ്കില്‍ കള്ളപ്പണ റാക്കറ്റിലെ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയായിരുന്നു രണ്ടാംതവണത്തെ ദൗത്യം.


സിഐഡി നസീറിന് ഏകദേശം രണ്ട് പതിറ്റാണ്ടിനു ശേഷമാണ് മറ്റൊരു കുറ്റാന്വേഷണ സിനിമയും അതിലെ കേന്ദ്ര കഥാപാത്രവും തുടര്‍ച്ച കണ്ടെത്താന്‍ പാകത്തില്‍ ജനപ്രിയത കൈവരിക്കുന്നത്. ഈ സിനിമ സിഐഡി നസീറിനെ അപേക്ഷിച്ച് തിരക്കഥയിലും ശില്‍പ്പഭദ്രതയിലും ദൃഢത പുലര്‍ത്തുന്നതും ഇന്ത്യന്‍ സിനിമയിലെ മികച്ച ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ മാതൃകകളിലൊന്നായി പില്‍ക്കാലത്ത് വിലയിരുത്തപ്പെടുകയും ചെയ്യുന്ന ഉയരത്തിലേക്ക് വളരാന്‍ പോന്നതായിരുന്നു. 1988 ല്‍ എസ്.എന്‍.സ്വാമിയുടെ രചനയില്‍ കെ.മധു സംവിധാനം ചെയ്ത ഒരു സിബിഐ ഡയറിക്കുറിപ്പായിരുന്നു ഇത്. പൂണൂല്‍, രുദ്രാക്ഷമാല, നെറ്റിയില്‍ കുങ്കുമക്കുറി, പിന്നിലേക്ക് ചീകിയൊതുക്കിവച്ച മുടി, കൈ പിറകില്‍ കെട്ടിയുള്ള നടത്തം തുടങ്ങിയ നേരടയാളങ്ങളുമായി മമ്മൂട്ടി അവതരിപ്പിച്ച സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥന്റെ കഥാപാത്രം മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടി. ജമ്മു കശ്മീര്‍ കേഡര്‍ ഐപിഎസ് ഓഫീസറായ രാധാ വിനോദ് രാജുവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപപ്പെടുത്തിയ കൈയ്യൂക്കിനേക്കാള്‍ തലച്ചോറ് കൊണ്ട് പ്രവര്‍ത്തിക്കുന്ന നായക കഥാപാത്രം കള്‍ട്ട് സ്റ്റാറ്റസ് ഗണത്തില്‍ ഇടം പിടിച്ചു. മലയാളത്തിലെ കുറ്റാന്വേഷണ സിനിമാ ശ്രേണിക്ക് വ്യത്യസ്തവും ഉന്നതവുമായ മാനം നല്‍കിയ സിനിമയെന്ന നിലയില്‍ ഒരു സിബിഐ ഡയറിക്കുറിപ്പ് അടയാളപ്പെടുത്തപ്പെട്ടതോടെ ജാഗ്രത (1989), സേതുരാമയ്യര്‍ സിബിഐ (2004), നേരറിയാന്‍ സിബിഐ (2005), സിബിഐ 5 ദി ബ്രെയിന്‍ (2022) എന്നീ നാല് തുടര്‍ച്ചകളാണ് ഈ സിനിമയ്ക്കും കഥാപാത്രത്തിനുമുണ്ടായത്. നായക കഥാപാത്രത്തിനൊപ്പം മറ്റ് പ്രധാന സഹകഥാപാത്രങ്ങളും തുടര്‍ഭാഗങ്ങളില്‍ ആവര്‍ത്തിക്കപ്പെട്ടു. 

സേതുരാമയ്യര്‍ കഴിഞ്ഞാല്‍ മലയാളത്തില്‍ ഏറ്റവുമധികം തുടര്‍ച്ചകളുണ്ടായ കഥാപാത്രം മോഹന്‍ലാലിന്റെ മേജര്‍ മഹാദേവനാണ്. കീര്‍ത്തിചക്ര (2006), കുരുക്ഷേത്ര (2008), കാണ്ഡഹാര്‍ (2010), 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് (2017) എന്നീ സിനിമകളില്‍ മേജര്‍ മഹാദേവന്‍ രാജ്യരക്ഷാ ദൗത്യത്തിന് നേതൃത്വം നല്‍കുന്ന ഉദ്യേഗസ്ഥനായി. ഇക്കൂട്ടത്തില്‍ കീര്‍ത്തിചക്ര മാത്രമാണ് സിനിമയെന്ന നിലയില്‍ പ്രേക്ഷകപ്രീതി നേടുന്നതില്‍ വിജയിച്ചത്. എന്നാല്‍ മോഹന്‍ലാലിന്റെ താരപരിവേഷത്തെ ചൂഷണം ചെയ്യുന്ന രക്ഷക കഥാപാത്രത്തിന് ആവര്‍ത്തനങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. ഇവിടെ പുതുതായി എന്തെങ്കിലും പറയുന്നതിനേക്കാള്‍ ഒരു സൂപ്പര്‍താരത്തിന്റെ ധീരോദാത്ത ഗുണങ്ങളുള്ള നായകനെ എങ്ങനെ കൂടുതല്‍ ജനപ്രിയമായും വാണിജ്യപരമായും ഉപയോഗപ്പെടുത്താം എന്നതിനാണ് പ്രാധാന്യം നല്‍കിയത്. ഫലത്തില്‍ നാല് തുടര്‍ച്ചകളുണ്ടായെങ്കില്‍ പോലും മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നത് ആദ്യസിനിമയായ കീര്‍ത്തിചക്ര നല്‍കിയ ആസ്വാദനക്ഷമത ഒന്നു കൊണ്ടു മാത്രമാണ്.


സിബിഐ ഡയറിക്കുറിപ്പിന് മുമ്പ് പുറത്തിറങ്ങിയ ഐവി ശശിയുടെ ആവനാഴിയിലെ ബല്‍റാം എന്ന മമ്മൂട്ടിയുടെ പോലീസ് കഥാപാത്രവും സേതുരാമയ്യര്‍ മാതൃകയില്‍ ജനപ്രീതി കൊണ്ട് പുനസൃഷ്ടിക്കപ്പെട്ടതാണ്. തന്റേടത്തിന്റേയും പൗരുഷത്തിന്റേയും സത്യസന്ധതയുടേയും ആള്‍രൂപമാണ് ബല്‍റാം. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നു കൂടിയാണിത്. സിബിഐ ഡയറിക്കുറിപ്പിന്റെ റിലീസ് വേളയ്ക്കു സമാനമായി അതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കാന്‍ ആവനാഴിക്കുമായി. സിബിഐ ഡയറിക്കുറിപ്പിന് ഒറ്റവര്‍ഷം കൊണ്ട് രണ്ടാംഭാഗം ഉണ്ടായപ്പോള്‍ അഞ്ച് വര്‍ഷത്തിനു ശേഷമാണ് ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്ന പേരില്‍ ആവനാഴിക്ക് തുടര്‍ച്ച ഉണ്ടാകുന്നത്. ജനപ്രിയ പോലീസ് കഥാപാത്രത്തിന്റെ വീറ് രണ്ടാംഭാഗത്തിലും അതേപടി നിലനിര്‍ത്താന്‍ മമ്മൂട്ടിക്കായി. 15 വര്‍ഷങ്ങള്‍ക്ക് ശേഷം ബല്‍റാം എന്ന പോലീസ് കഥാപാത്രം പുന:സൃഷ്ടിക്കപ്പെട്ടപ്പോള്‍ ഐവി ശശിയുടെ തന്നെ മറ്റൊരു ഐക്കോണിക്ക് മമ്മൂട്ടി കഥാപാത്രം കൂടി അതിനോട് വിളക്കിച്ചേര്‍ക്കപ്പെട്ടു. 1984ല്‍ പുറത്തിറങ്ങിയ അതിരാത്രത്തിലെ താരാദാസ്. പ്രേക്ഷകര്‍ ആവര്‍ത്തിച്ച് കാണാന്‍ ആഗ്രഹിക്കുന്ന രണ്ട് കഥാപാത്രങ്ങള്‍ ഒരുമിച്ച് വന്നപ്പോള്‍ ഉണ്ടായ പ്രതീക്ഷകള്‍ വാനോളമായിരുന്നു. എന്നാല്‍ ഈ രണ്ട് ഐതിഹാസിക കഥാപാത്രങ്ങളെ ജനപ്രിയമായി ഒരുമിച്ച് അവതരിപ്പിക്കുന്നതില്‍ മൂന്നാംവരവ് അത്രകണ്ട് ഫലപ്രദമായില്ല. അതിരാത്രത്തിന് ജോണ്‍പോളും ആവനാഴിക്കും ഇന്‍സ്‌പെക്ടര്‍ ബല്‍റാമിനും ടി.ദാമോദരുമാണ് തിരക്കഥയൊരുക്കിയത്. ബല്‍റാം വേഴ്‌സസ് താരാദാസിലെത്തിയപ്പോള്‍ തിരക്കഥയ്ക്ക് ടി.ദാമോദരനൊപ്പം എസ്.എന്‍ സ്വാമിയുടെ പിന്തുണയുണ്ടായിരുന്നിട്ടു കൂടി ജനപ്രിയ കഥാപാത്രങ്ങള അത്രകണ്ട് ആസ്വാദ്യകരമാക്കാനായില്ല. എന്നാല്‍ തന്റെ കരിസ്മ കൊണ്ട് ഈ കഥാപാത്രങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ മമ്മൂട്ടിക്ക് ആകുകയും ചെയ്യുന്നുണ്ട്.

ജനപ്രിയ കഥാപാത്രങ്ങളുടെ പിന്‍ബലത്തില്‍ സിനിമയ്ക്ക് തുടര്‍ഭാഗങ്ങളുണ്ടാകുന്ന പതിവിന് 1980കളിലാണ് മലയാള സിനിമ തുടക്കമിടുന്നതെങ്കില്‍ ശ്രദ്ധേയമായ സിനിമകള്‍ക്ക് രണ്ടാംഭാഗം ഒരുക്കുന്ന പതിവ് നേരത്തെ ആരംഭിച്ചിരുന്നു. 1959 ല്‍ പി.സുബ്രഹ്മണ്യം സംവിധാനം ചെയ്ത നിലാ പ്രൊഡക്ഷന്‍സിന്റെ ആന വളര്‍ത്തിയ വാനമ്പാടി എന്ന ദ്വിഭാഷാ ചിത്രം കാടിന്റെ പശ്ചാത്തലത്തില്‍ കഥപറഞ്ഞ സിനിമയായിരുന്നു. കാടും മൃഗങ്ങളും പ്രമേയത്തിന്റെ ഭാഗമാകുന്ന പുതുമയുണ്ടായിരുന്നുവെങ്കിലും അക്കാലത്തെ മലയാള സിനിമ തുടര്‍ന്നുപോന്ന നാടകീയാന്തരീക്ഷവും സംഭാഷണങ്ങളും പ്രണയവും വിരഹവും സംഘര്‍ഷവും ഒത്തുചേരലുമെല്ലാം തന്നെയായിരുന്നു വാനമ്പാടിക്കും വിഷയം. ആദ്യഭാഗം വിജയിച്ചതോടെ 1971ല്‍ ഈ ചിത്രത്തിന്റെ തുടര്‍ച്ച ആന വളര്‍ത്തിയ വാനമ്പാടിയുടെ മകന്‍ എന്ന പേരില്‍ പ്രദര്‍ശനത്തിനെത്തി. മലയാളത്തിലെ ആദ്യ രണ്ടാം ഭാഗമായി ഈ ചിത്രത്തെ കണക്കാക്കാവുന്നതാണ്. ആദ്യഭാഗത്തിലെ നായികാ കഥാപാത്രത്തിന്റെ ജീവിതം അവരുടെ മകന്‍ മറ്റൊരു യുവതിയോട് വിവരിക്കുന്നതുമായി ബന്ധപ്പെട്ടാണ് തുടര്‍ചിത്രം പുരോഗമിക്കുന്നത്.


1966 ല്‍ സത്യന്‍ നായകനായ പി.എ.തോമസിന്റെ കായംകുളം കൊച്ചുണ്ണിയുടെ തുടര്‍ഭാഗം വരുന്നത് പത്തു വര്‍ഷത്തിനു ശേഷമാണ്. സത്യന്റെ മരണത്തിനു ശേഷം വന്ന കായംകുളം കൊച്ചുണ്ണിയുടെ മകന്‍ എന്ന ഈ ശശികുമാര്‍ സിനിമയില്‍ പ്രേംനസീറാണ് നായകനാകുന്നത്. പേരിലെ പുതുമ, കേരളത്തിലെ അതിപ്രശസ്തനായ കള്ളന്റെ കഥയുടെ തുടര്‍ച്ച, ഒരു മുന്‍നിര നായകന്‍ അഭിനയിച്ച സിനിമയുടെയും കഥാപാത്രത്തിന്റെയും തുടര്‍ച്ചയില്‍ മറ്റൊരു സൂപ്പര്‍താരം അഭിനയിക്കുന്നു, വ്യത്യസ്ത സംവിധായകര്‍ തുടങ്ങി നിരവധി പ്രത്യേകതകള്‍ ഈ രണ്ടാംഭാഗത്തിന് ഉണ്ടായിരുന്നെങ്കിലും ഗുണമേന്മ കൊണ്ട് മലയാളസിനിമയുടെ ചരിത്രത്തില്‍ ഇടം നേടാന്‍ ഈ സിനിമയ്ക്കായില്ല. മലയാളത്തിലെ ജനപ്രിയ ഹൊറര്‍ സിനിമകള്‍ക്ക് വേറിട്ട മാനം നല്‍കുകയും പില്‍ക്കാലത്ത് നിരവധി അനുകരണങ്ങളുണ്ടാകാന്‍ നിമിത്തമാകുകയും ചെയ്ത ബേബിയുടെ ലിസ (1978), വീണ്ടും ലിസ (1987) എന്നിവയാണ് തുടര്‍ച്ച കണ്ടെത്തിയ മറ്റൊരു സീരിസ്. അനുകരണ കലയുടെ ജനകീയതയെ മുന്‍നിര്‍ത്തി തുളസീദാസ് ഒരുക്കിയ മിമിക്‌സ് പരേഡ് (1991) വന്‍വിജയമായപ്പോള്‍ ഇതിന്റെ തുടര്‍ച്ചകള്‍ കാസര്‍ഗോഡ് കാദര്‍ഭായ് (1992), എഗെയ്ന്‍ കാസര്‍ഗോഡ് കാദര്‍ഭായ് (2010) എന്നീ പേരുകളിലെത്തി.

സേതുരാമയ്യറിനു സമാനമായ തലപ്പൊക്കമാണ് ഭരത്ചന്ദ്രന് പ്രേക്ഷകര്‍ നല്‍കിപ്പോരുന്നത്. സുരേഷ്‌ഗോപിയുടെ ഏറ്റവും ജനപ്രിയ കഥാപാത്രവും മലയാളത്തിലെ എക്കാലത്തെയും ഐക്കോണിക്ക് പോലീസ് കഥാപാത്ര നിര്‍മ്മിതികളിലൊന്നുമാണിത്. തന്റേടിയും ആദര്‍ശധീരനും അനീതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്നയാളുമായ ഈ നായകബിംബത്തെ ഭരണ, ഉപരിവര്‍ഗത്തോട് സാധാരണക്കാരന്റെ പക്ഷം ചേര്‍ന്ന് ആഞ്ഞടിക്കുന്ന തങ്ങളുടെ പ്രതിനിധിയായിട്ടാണ് ജനം കണ്ടത്. അതുകൊണ്ടുതന്നെ കമ്മീഷണര്‍ (1994) എന്ന സിനിമയും ഭരത്ചന്ദ്രന്‍ എന്ന പോലീസ് ഓഫീസറും സാധാരണ പ്രേക്ഷകരില്‍ ഉണ്ടാക്കിയ സ്വാധീനം അത്ര ചെറുതായിരുന്നില്ല. 2005ലാണ് ഭരത്ചന്ദ്രന്‍ രണ്ടാമതും എത്തുന്നത്. ഈ വരവിലും പഴയ തീക്ഷ്ണതയും വാഗ്‌ധോരണിയും നിലനിര്‍ത്താന്‍ സുരേഷ്‌ഗോപിക്കായി. ദി കിംഗ് ആന്റ് കമ്മീഷണര്‍ (2012) എന്ന ചിത്രത്തിലാണ് ഈ ജനപ്രിയ കഥാപാത്രം വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. സുരേഷ്‌ഗോപിയുടെ മറ്റൊരു ശ്രദ്ധേയ കഥാപാത്രമായ ഏകലവ്യനിലെ മാധവന്‍ ഐപിഎസ് ഷാജി കൈലാസിന്റെ തന്നെ ദി കിംഗില്‍ ഒരു സുപ്രധാന രംഗത്തില്‍ എത്തുന്നുണ്ട്. ദി കിംഗിലെ ജോസഫ് അലക്‌സ് എന്ന മമ്മൂട്ടിയുടെ ജനപ്രിയ കളക്ടര്‍ കഥാപാത്രമാണ് ദി കിംഗ് ആന്റ് കമ്മീഷണറില്‍ മറ്റൊരു ദൗത്യവുമായി എത്തുന്നത്. അനീതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന ഇത്തരം കഥാപാത്രങ്ങളെ ആവര്‍ത്തിച്ചു കാണാനുള്ള ജനക്കൂട്ടത്തിന്റെ താത്പര്യത്തെയാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്.


ക്രൈം ഇന്‍വെസ്റ്റിഗേഷന്‍, ആക്ഷന്‍ ജോണറുകളിലാണ് ജനപ്രിയ കഥാപാത്രങ്ങള്‍ക്ക് ആദ്യഘട്ടങ്ങളില്‍ തുടര്‍ച്ചകളുണ്ടായതെങ്കിലും സത്യന്‍ അന്തിക്കാടിന്റെ നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ എന്നീ സിനിമകളിലെ ദാസനും വിജയനും മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ കഥാപാത്രങ്ങളായി മാറാനായി എന്നത് ശ്രദ്ധേയമാണ്. ഈ സിനിമകളിലെ മോഹന്‍ലാലിന്റെയും ശ്രീനിവാസന്റെയും കേന്ദ്രകഥാപാത്രങ്ങള്‍ കുറ്റാന്വേഷകരായ സിഐഡികളാണെങ്കിലും ഹാസ്യരസപ്രധാനമായ അവതരണശൈലിയും അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമായ യുവാക്കളുടെ ജീവിതാവസ്ഥയെ യാഥാര്‍ഥ്യത്തോട് തൊട്ടടുത്തുനിന്ന് ആവിഷ്‌കരിക്കുകയും ചെയ്യുന്നുവെന്നതാണ് ഈ സിനിമകളെയും കഥാപാത്രങ്ങളെയും വേറിട്ടു നിര്‍ത്തുന്നത്. ഒരേ നിലവാരത്തിലുള്ള ആസ്വാദനം പതിറ്റാണ്ടുകള്‍ക്കിപ്പുറവും സാധ്യമാക്കുന്ന ഈ മൂന്നു സിനിമകളും കഥാപാത്രങ്ങളും മലയാളി നിത്യജീവിതത്തോട് അത്രയേറെ ഇഴുകിച്ചേര്‍ന്നവയാണ്.

സിദ്ധിഖ്‌ലാലിന്റെ രണ്ടു സിനിമകളും അവയിലെ പ്രധാന കഥാപാത്രങ്ങളും ദാസനെയും വിജയനെയും പോലെ നിരവധി വര്‍ഷങ്ങളായി ശുദ്ധഹാസ്യവുമായി മലയാളിജീവിതത്തിന്റെ ഭാഗമായി തുടരുന്നവരാണ്. റാംജിറാവ് സ്പീക്കിങ്ങിലെ മാന്നാര്‍ മത്തായിയും ഗോപാലകൃഷ്ണനും ബാലകൃഷ്ണനുമാണ് ഇക്കൂട്ടത്തില്‍ ആദ്യം രൂപപ്പെട്ടത്. 1989ല്‍ പുറത്തിറങ്ങിയ ഈ സിനിമ മലയാളത്തില്‍ ഹാസ്യസിനിമകള്‍ക്ക് പുതിയൊരു വാതില്‍ തുറന്നിടാന്‍ പോന്നതായിരുന്നു. ഇതിനെ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമ. മഹാദേവന്‍, അപ്പുക്കുട്ടന്‍, തോമസുകുട്ടി, ഗോവിന്ദന്‍കുട്ടി എന്നിവര്‍ മലയാളത്തിലെ ഏറ്റവും ജനകീയമായ പാത്രസൃഷ്ടികളില്‍ ഉള്‍പ്പെടുന്നു. റാംജിറാവുവിന് 1995 ലും 2014ലുമാണ് തുടര്‍ച്ചയുണ്ടായത്. തൊഴിലില്ലായ്മയും ജീവിത പ്രാരാബ്ധങ്ങളും മെലോഡ്രാമയ്ക്കുള്ള പതിവുവഴിയായി കാണാതെ വല്ലായ്കകളെ മറികടക്കാനുള്ള മരുന്നായി ചിരിയെ ഉപയോഗപ്പെടുത്തുകയായിരുന്നു മാന്നാര്‍ മത്തായി, ഗോപാലകൃഷ്ണന്‍, ബാലകൃഷ്ണന്‍ എന്നീ കേന്ദ്രകഥാപാത്രങ്ങളിലൂടെ സിദ്ധിഖ്‌ലാല്‍. നിത്യജീവിതത്തില്‍ പരിചിതരെന്നു തോന്നും വിധമുള്ള അടുപ്പം കാണികളില്‍ സൃഷ്ടിക്കാനും നിലനിര്‍ത്താനും ഈ കഥാപാത്രങ്ങള്‍ക്കാകുന്നു. ഇന്‍ ഹരിഹര്‍ നഗറിന് ടു ഹരിഹര്‍ നഗര്‍, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ എന്നീ തുടര്‍ച്ചകളാണുണ്ടായത്. എല്ലാ സിനിമകളിലും സരസമായ ചിരിയുടെ ഒഴുക്ക് നിലനിര്‍ത്താന്‍ നാല് പ്രധാന കഥാപാത്രങ്ങള്‍ക്കുമാകുന്നുവെന്നത് തുടര്‍ച്ചകള്‍ ഇനിയും സാധ്യതയുള്ള സിനിമയായി ഇന്‍ ഹരിഹര്‍ നഗറിനെ മാറ്റുന്നു. 


മംഗലശ്ശേരി നീലകണ്ഠന്‍ എന്ന എക്കാലത്തെയും ഐതിഹാസിക കഥാപാത്രത്തെ രഞ്ജിത്തും ഐവി ശശിയും ചേര്‍ന്ന് സൃഷ്ടിച്ചത് 1993ലാണ്. ആക്ഷന്‍, ഇന്‍വെസ്റ്റിഗേഷന്‍ ജോണറുകളില്‍ ഉള്‍പ്പെടാത്തതു കൊണ്ടുതന്നെ ഈ സിനിമയുടെ തുടര്‍ഭാഗത്തെക്കുറിച്ച് പ്രേക്ഷകര്‍ ചിന്തിക്കുകയുണ്ടായില്ല. ഒറ്റ സിനിമ കൊണ്ട് പരിപൂര്‍ണതയിലെത്തിയ കഥാപാത്രങ്ങളായിരുന്നു നീലകണ്ഠനും ഭാനുമതിയും മുണ്ടയ്ക്കല്‍ ശേഖരനുമെല്ലാം. ചില സിനിമകളും കഥാപാത്രങ്ങളും പിന്നീട് ആവര്‍ത്തിച്ചില്ലെങ്കില്‍പോലും ചിരകാലം അവിസ്മരണീയമാക്കാനുള്ള ശേഷി ആവാഹിച്ചിട്ടുണ്ടാകും. അത്തരത്തിലുള്ള അപൂര്‍വ്വ ജനുസ്സില്‍പെടുത്താവുന്ന കഥാപാത്രവും സിനിമയുമാണ് നീലകണ്ഠനും ദേവാസുരവും. രാവണപ്രഭു എന്ന പേരില്‍ രഞ്ജിത്ത് ദേവാസുരത്തിന് രണ്ടാംഭാഗം ഒരുക്കിയപ്പോള്‍ പരിപൂര്‍ണനായ നീലകണ്ഠന് ഒരു തുടര്‍ച്ച ആവശ്യമോയെന്ന് സന്ദേഹിച്ചവരായിരുന്നു നല്ലൊരു പങ്ക് കാണികള്‍. ഈ കഥാപാത്രത്തിന്റെ അഭൂതപൂര്‍വ്വമായ ജനകീയത തന്നെയായിരുന്നു ഇതിനു കാരണം. നീലകണ്ഠന്റെ മകന്‍ മംഗലശ്ശേരി കാര്‍ത്തികേയനായി മോഹന്‍ലാല്‍ നിറഞ്ഞാടി രാവണപ്രഭു വലിയ തിയേറ്റര്‍ വിജയമായപ്പോഴും മംഗലശ്ശേരി നീലകണ്ഠന്‍ എന്ന കഥാപാത്രത്തെ തിരക്കഥയില്‍ കൊന്നുകളഞ്ഞതിനെ നീതീകരിക്കാന്‍ കാഴ്ചക്കാര്‍ക്കാകുമായിരുന്നില്ല. 

സിബിമലയിലിന്റെ കിരീടവും ചെങ്കോലും സേതുമാധവന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രവും പതിറ്റാണ്ടുകളായി മലയാളി പ്രേക്ഷകന്റെയുള്ളിലെ നോവാണ്. സേതുമാധവന്റെ ദുര്യോഗത്തെ വേദനയോടെ കണ്ട കാണികളുടെയുള്ളില്‍ അതിന്റെ ആഴം കൂട്ടാന്‍ പോന്നതായിരുന്നു ചെങ്കോലില്‍ നായക കഥാപാത്രത്തെ പിന്തുടരുന്ന വിധി. അമാനുഷികതയൊഴിഞ്ഞ് സ്വാഭാവികമായി പരിണമിക്കുന്ന ജീവിത ദുരന്തങ്ങളെ ഏറ്റുവാങ്ങേണ്ടിവരുന്ന നിസ്സഹായനായ നായക കഥാപാത്രത്തിന്റെ തുടര്‍ച്ചയുടെ പരിപൂര്‍ണതയാണ് കിരീടവും ചെങ്കോലും ആവിഷ്‌കരിക്കുന്നത്. 


കെ.മധുവിന്റെ ഇരുപതാം നൂറ്റാണ്ട് (സാഗര്‍ ഏലിയാസ് ജാക്കി) സിബിമലയിലിന്റെ ആഗസ്റ്റ് 1 (പെരുമാള്‍) എന്നീ ത്രില്ലറുകളിലെ ജനപ്രിയ കഥാപാത്രങ്ങള്‍ക്കും തുടര്‍ച്ചയുണ്ടായെങ്കിലും മൂലസിനിമയിലെ പ്രമേയവും ത്രില്ലിംഗ് എലമെന്റുകളും ജനപ്രിയാംശങ്ങളും അതേപടി പകര്‍ത്താന്‍ ശ്രമിച്ചതും സൂപ്പര്‍താര ഇമേജിനെ അമിതമായി കേന്ദ്രീകരിച്ചുകൊണ്ടുള്ള ആഖ്യാനവും കാഴ്ചയെ വികലമാക്കുകയാണുണ്ടായത്.

പ്രിയദര്‍ശന്റെ കിലുക്കത്തിലെ അനശ്വര കഥാപാത്രങ്ങളായ ജോജിക്കും നിശ്ചലിനും കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തില്‍ സന്ധ്യാമോഹന്‍ തുടര്‍ച്ച നല്‍കിയെങ്കിലും പഴയ ഊര്‍ജ്ജത്തിന്റെയും ഊഷ്മളതയുടെയും അടുത്തെത്തുന്നില്ല. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ ഫാസിലിന്റെ മണിച്ചിത്രത്താഴിലെ ഡോക്ടര്‍ സണ്ണിക്ക് ഗീതാഞ്ജലിയിലൂടെ പ്രിയദര്‍ശനാണ് തുടര്‍വരവ് സാധ്യമാക്കുന്നത്. മണിച്ചിത്രത്താഴിലെ ഡോക്ടര്‍ കഥാപാത്രമോ കിലുക്കത്തിലെ ടൂര്‍ ഗൈഡോ പ്രസരിപ്പിക്കുന്ന ഉണര്‍വ് ഒരു മികച്ച നടനില്‍നിന്നു പോലും എപ്പോഴും സാധ്യമായെന്നു വരില്ല. തിരക്കഥയുടെ ആഴം തൊട്ട് അഭിനേതാവിന്റെ പ്രായം വരെ ഇതില്‍ പ്രതിഫലിച്ചേക്കാം. ഡോ.സണ്ണിയും ജോജിയും പോലെ ഒറ്റക്കാഴ്ചയില്‍ തന്നെ അവിസ്മരണീയരായ നായകരുടെ രണ്ടാംവരവ് കാണികള്‍ ഓര്‍ത്തിരിക്കാതെ പോകുന്നതിനു കാരണവുമിതാണ്.


കുറ്റാന്വേഷണ കഥകള്‍ക്കോ വീരോചിത കഥാപാത്രങ്ങള്‍ക്കോ തുടര്‍ച്ചകള്‍ സംഭവിക്കുന്നത് സാധാരണമാണെന്നാണല്ലോ ഇവിടെ പറഞ്ഞുവച്ചത്. ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെയോ രക്ഷകന്റെ കുപ്പായമണിയുന്ന നായകന്റെയോ പുതിയ ദൗത്യത്തെ കേന്ദ്രീകരിച്ചായിരിക്കും ഈ സിനിമകള്‍ മുന്നോട്ടു പോകുന്നത്. ഇങ്ങനെയുള്ള ഒരു വിജയസിനിമയ്ക്ക് തുടര്‍ച്ച സംഭവിക്കുമ്പോള്‍ ആദ്യഭാഗത്തിലെ ജനപ്രിയ ഘടകങ്ങള്‍ക്കു പ്രാധാന്യം നല്‍കി വാര്‍ത്തെടുക്കുന്ന സൃഷ്ടിയാകുന്നതാണ് പതിവ്. 2013 ല്‍ റിലീസ് ചെയ്ത ജീത്തു ജോസഫിന്റെ ദൃശ്യത്തിന്റെ കാര്യത്തില്‍ പക്ഷേ ഈ ധാരണകള്‍ മാറിപ്പോകുന്നുണ്ട്. ദൃശ്യം വ്യക്തതയുള്ള ഒരു തുടര്‍ച്ചയാണ്. ഇതില്‍ കഥാസന്ദര്‍ഭം ആവശ്യപ്പെടുന്ന തരത്തിലുള്ള മാറ്റങ്ങളും തുടര്‍ച്ചകളും മാത്രമാണ് സംഭവിക്കുന്നത്. ജോര്‍ജ്കുട്ടി എന്ന കേന്ദ്ര കഥാപാത്രം ഇതിനോടു ചേര്‍ന്ന് സ്വാഭാവികമായി പെരുമാറുന്നയാളുമാണ്. അതുകൊണ്ടുതന്നെ പുതിയൊരു കാഴ്ച പ്രദാനം ചെയ്യാനും ദൃശ്യത്തിനാകുന്നുണ്ട്.

പരാജയപ്പെട്ടൊരു സിനിമയ്ക്ക് തുടര്‍ഭാഗം വരികയും അത് ഇന്‍ഡസ്ട്രിയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി മാറുകയും പ്രധാന കഥാപാത്രങ്ങളെല്ലാം പോപ്പുലര്‍ സ്റ്റാറ്റസ് നേടുകയും ചെയ്ത ചരിത്രമാണ് മിഥുന്‍ മാനുവല്‍ തോമസിന്റെ ആടിന് പറയാനുള്ളത്. ജയസൂര്യയുടെ ഏറ്റവും ജനപ്രിയ കഥാപാത്രമാണ് ആടിലെ ഷാജിപാപ്പന്‍. ഈ കഥാപാത്രത്തിനു സമാനമായ ജനപ്രീതിയാണ് സര്‍ബത്ത് ഷമീര്‍, അറയ്ക്കല്‍ അബു. ഡൂഡ്, സാത്താന്‍ സേവ്യര്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ക്കും ലഭിച്ചത്. അതോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സീക്വല്‍ എന്ന പ്രതീതി സൃഷ്ടിക്കാന്‍ ഈ ഫണ്‍ മൂവിക്കായി. പുണ്യാളന്‍ അഗര്‍ബത്തീസ് (2013), പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് (2017) എന്നീ സിനിമകളിലെ ജോയ് താക്കോല്‍ക്കാരന്‍ എന്ന തൃശ്ശൂര്‍ക്കാരന്‍ ബിസിനസ്സുകാരനാണ് ജയസൂര്യയുെട മറ്റൊരു ജനപ്രിയ സീക്വല്‍.


അഴിമതിക്കെതിരെ പ്രോരാടുന്ന വിദ്യാര്‍ഥികളുടെ കഥപറഞ്ഞ് ശ്രദ്ധേയമായ ജയരാജിന്റെ ഫോര്‍ ദി പീപ്പിളിന് (2014), ബൈ ദി പീപ്പിള്‍ (2005), ഓഫ് ദി പീപ്പിള്‍ (2008) എന്നീ തുടര്‍ച്ചകളുണ്ടായി. നരേന്റെ പോലീസ് കഥാപാത്രം ഉള്‍പ്പെടെ ഈ സിക്വലുകളില്‍ ആവര്‍ത്തിച്ചുവരുന്നുണ്ട്. നിന്നിഷ്ടം എന്നിഷ്ടം (1986), നിന്നിഷ്ടം എന്നിഷ്ടം 2 (2011), ആകാശഗംഗ (1999), ആകാശഗംഗ 2 (2019), ഹണീബി (2013) ഹണീബി 2 (2017), പ്രേതം (2016), പ്രേതം 2 (2018) എന്നീ തുടര്‍ച്ചകള്‍ ആദ്യഭാഗത്തിന്റെ പേര് കൈമോശമാക്കിയവയാണ്.

മാതൃഭൂമി ഓണ്‍ലൈന്‍, 2022 ജൂണ്‍ 23, ഷോ റീല്‍ 25