പുഴുവിന്റെ സഞ്ചാരം തീരെ പതുക്കെയാണ്. പക്ഷേ അത് ദേഹത്ത് കയറി ഇഴഞ്ഞാല്‍ ആകെ ചൊറിയും. കൈ തൊടുന്നിടത്തെല്ലാം ചൊറിച്ചില്‍ വ്യാപിക്കും. ആ ചൊറിച്ചിലും തിണര്‍പ്പും അത്ര പെട്ടെന്നൊന്നും വിട്ടുപോകുകയുമില്ല. പുഴു എന്നു പേരായ സിനിമ പേരു കൊണ്ടും പ്രമേയം കൊണ്ടും പറഞ്ഞുവയ്ക്കാന്‍ ഉദ്ദേശിക്കുന്നതും മറ്റൊന്നല്ല.
സമൂഹത്തിനാകെ ബാധകമായ ഒരു തരം സഞ്ചാരമാണ് ഇവിടെ പുഴുവിന്റേത്. ഒരു കേന്ദ്രപ്രമേയത്തില്‍ നിലകൊണ്ട് അതിന് ഉത്തരം കാണാന്‍ ശ്രമിക്കുന്നില്ല തികഞ്ഞ സാമൂഹികാവബോധം പുലര്‍ത്തുന്ന പുഴു എന്ന സിനിമ. പകരം വ്യക്തിയിലും അയാള്‍ ഭാഗഭക്കാകുന്ന സമൂഹത്തിലും നിലനില്‍ക്കുന്ന ജാതിബോധം, ദുരഭിമാനം, അതുമൂലമുണ്ടാകുന്ന ഹത്യ, നിറത്തിന്റെ രാഷ്ട്രീയം, ടോക്‌സിക് പാരന്റിംഗ്, അധികാരധുര തുടങ്ങി വിവിധ ഇടങ്ങളിലേക്ക് പുഴു സഞ്ചരിച്ചെത്തുന്നുണ്ട്. ഈ സഞ്ചാരപഥങ്ങളെല്ലാം നമ്മള്‍ ഉള്‍ക്കൊള്ളുന്ന സമൂഹത്തിന് ചിരപരിചിതമാണ്.
ജാതിബോധം വ്യക്ത്യധിഷ്ഠിതമാണെങ്കിലും അത് ഇനിയും പരിഹാരം കണ്ടെത്തിയിട്ടില്ലാത്തതും പരിഹാരം കാണാന്‍ ഇടയില്ലാത്തതുമായ ഒരു സാമൂഹികപ്രശ്‌നമാണ്. 'മനുഷ്യന്‍ പോയി റോബോട്ടിന്റെ കാലം വന്നാലും ഇതങ്ങനെയൊന്നും മാറില്ലെടോ, ഫാന്‍സിഡ്രസ് കളിച്ചു കൊണ്ടിരിക്കും' എന്ന് സിനിമയിലെ കീഴ്ജാതിക്കാരനായ കഥാപാത്രം പറയുന്നുണ്ട്. തനിക്ക് ഒരു കുഞ്ഞുണ്ടാകുന്നുവെന്ന് അറിയുമ്പോള്‍ വര്‍ഷങ്ങളായുള്ള പുകവലി ശീലം ഉപേക്ഷിക്കുന്ന അയാള്‍ ഭാര്യയോട് പറയുന്നത്, ഈ ശീലമൊക്കെ എളുപ്പത്തില്‍ മാറ്റാം, പക്ഷേ മാറാത്തത് ജാതിചിന്തയും വര്‍ണവെറിയും സവര്‍ണബോധവുമൊക്കെയാണെന്നാണ്.
കീഴ്ജാതിക്കാരന്റെ പ്രതിനിധിയാണ് ഈ സിനിമയിലെ കുട്ടപ്പന്‍ എന്ന കഥാപാത്രം. തന്നിലെ അസാധാരണമായ നടനസിദ്ധി കൊണ്ട് നാടക വേദിയില്‍ അംഗീകാരങ്ങള്‍ സ്വന്തമാക്കുന്നയാള്‍. എന്നാല്‍ അയാളുടെ നിറവും ജാതിയും കാരണം ഈ നേട്ടങ്ങളെയൊന്നും അംഗീകരിച്ചുകൊടുക്കാന്‍ സമൂഹം തയ്യാറല്ല. അവസരം കിട്ടുമ്പോഴെല്ലാം അയാളുടെ നിറം പറഞ്ഞും ജാതി പറഞ്ഞും ഇകഴ്ത്തിക്കാട്ടാനും ദ്രോഹിക്കാനുമാണ് സമൂഹം ശ്രമിക്കുന്നത്. എല്ലാത്തിനെയും ചെറുക്കാനും തന്റെ വഴി വെട്ടിത്തെളിക്കാനുമുള്ള കരുത്ത് അയാള്‍ അനുഭവം കൊണ്ട് ആര്‍ജ്ജിച്ചിട്ടുണ്ട്. എന്നാല്‍ ഭൂരിപക്ഷ സമൂഹത്തിന്റെ താത്പര്യങ്ങള്‍ വേറെയാണ്. ഈ ഭൂരിപക്ഷ സമൂഹത്തിന്റെ പ്രതിനിധിയാണ് കുട്ടന്‍ എന്ന കഥാപാത്രം. സവര്‍ണ ജാതിയില്‍പ്പെടുന്ന അയാള്‍ പാരമ്പര്യത്തിലും സവര്‍ണ ചിന്തയിലും ജാതിബോധത്തിലും അഭിരമിക്കുന്നയാളാണ്. മകനെ കുലമഹിമയോടെയും ചിട്ടയോടെയും വളര്‍ത്താനാണ് അയാള്‍ താത്പര്യപ്പെടുന്നത്. താന്‍ വരയ്ക്കുന്ന വൃത്തത്തിനുള്ളില്‍, താന്‍ പറയുന്നതു മാത്രം കേട്ട് അച്ചടക്കത്തോടെ കുട്ടി വളരണം എന്ന് അയാളിലെ അച്ഛന്‍ നിഷ്‌കര്‍ഷ പുലര്‍ത്തുന്നു. ഈ പട്ടാളച്ചിട്ട കുട്ടിയില്‍ മടുപ്പും അച്ഛനോട് വെറുപ്പുമാണ് ഉളവാക്കുന്നത്. ഒരു വേള അച്ഛന്റെ മരണം പോലും അവന്‍ ആഗ്രഹിക്കുന്നുണ്ട്. പെങ്ങള്‍ കീഴ്ജാതിക്കാരനായ നാടക നടന്റെ കൂടെ ഒളിച്ചോടി പോകുന്നത് കുട്ടന്റെ അഭിമാനത്തിനുണ്ടാക്കുന്ന ക്ഷതം എളിയതൊന്നുമല്ല. അയാളുടെ ദുരഭിമാനത്തിന് ഒരിക്കലും അംഗീകരിക്കാവതല്ല ഈ ചെയ്തി. പെങ്ങള്‍ എത്ര നന്നായി ജീവിച്ചാലും അത് അവന്റെ കൂടെയല്ലേ എന്നാണ് അയാളെ ഭരിക്കുന്ന ചിന്ത. പുറംമോടിയില്‍ അഭിരമിക്കുകയും അകമേ പ്രാകൃത ചിന്തകളും ജാതിബോധവും പേറുന്ന മലയാളി സാമൂഹിക ബോധത്തിന്റെ പ്രതിനിധിയാണ് കുട്ടന്‍. അവസരം കിട്ടുമ്പോള്‍ പെങ്ങളെയും ഭര്‍ത്താവിനെയും കൊലപ്പെടുത്താനും അയാളുടെ ദുരഭിമാനം തയ്യാറാകുന്നു.
പുഴുവിലെ രണ്ട് പ്രധാന കഥാപാത്രങ്ങളുടെ പേരു മുതല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതീയത പ്രകടമാകുന്നുണ്ട്. കുട്ടന്‍ എന്നാണ് മേല്‍ജാതി കഥാപാത്രത്തിന് നല്‍കിയിരിക്കുന്ന പേര്. കീഴ്ജാതിക്കാരന്റേത് കുട്ടപ്പനെന്നും. കുട്ടപ്പന്‍ എന്നത് താണ ജാതിക്കാര്‍ പ്രതിനിധാനം ചെയ്യുന്ന വിളിപ്പേരായിട്ടാണ് കേരള സമൂഹം ഉപയോഗിച്ചു പോന്നിട്ടുള്ളത്.
പോലീസ് ഉദ്യോഗസ്ഥനായ കുട്ടന്‍ മകനോടൊപ്പം ഫ്‌ളാറ്റിലാണ് താമസിക്കുന്നത്. വിഭാര്യനായ അയാളെ മരണഭയം വേട്ടയാടുന്നുണ്ട്. തന്നെ ആരോ കൊല്ലാന്‍ ശ്രമിക്കുന്നതായി തോന്നിത്തുടങ്ങുന്നതോടെ അയാള്‍ എല്ലാവരേയും സംശയിക്കുന്നു. സഹോദരി കീഴ്ജാതിക്കാരനായ ഭര്‍ത്താവിനൊപ്പം ഫ്‌ളാറ്റില്‍ താമസിക്കാനെത്തുന്നതോടെയാണ് അയാളുടെ തോന്നലുകളും ഭ്രമാത്മക ചിന്തകളും കലശലാകുന്നത്. മരണത്തില്‍ നിന്ന് ഒളിക്കാനുള്ള പരീക്ഷിത്ത് രാജാവിന്റെ പരിശ്രമങ്ങള്‍ തക്ഷകനിലൂടെ പരാജയപ്പെടുന്നതിനു സമാനമായി ആത്യന്തികമായ അന്ത്യം കുട്ടനെ തേടിയെത്തുക തന്നെ ചെയ്യുന്നു.
കാലങ്ങളായി സ്വയം തേച്ചുമിനുക്കിയും നിരന്തര പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയും വളര്‍ത്തിയെടുത്ത മമ്മൂട്ടിയിലെ നടന്റെ വളര്‍ച്ചയ്ക്ക് ഉത്തമ ദൃഷ്ടാന്തമാണ് പുഴുവിലെ കുട്ടന്‍. സൂപ്പര്‍ താരങ്ങള്‍ക്ക് കഥാപാത്രങ്ങളുടെ ആവര്‍ത്തന സ്വഭാവത്താല്‍ സ്റ്റാര്‍ഡം ബാധ്യതയാകുകയും പലപ്പോഴും തന്നിലെ അഭിനേതാവിനെ പ്രതിഫലിപ്പിക്കാന്‍ അവസരം നിഷേധിക്കപ്പെടുകയും ചെയ്യാറുണ്ട്. ആരാധകര്‍ക്കു വേണ്ടിയുള്ള ക്ലിഷേ കഥാപാത്രങ്ങള്‍ എടുത്തണിയുമ്പോള്‍ താരാരാധന പോഷിക്കപ്പെടാനുള്ള സാധ്യത കൈവരുമെങ്കിലും നടനെന്ന നിലയില്‍ സൂപ്പര്‍താരം പിറകോട്ടു പോകും. വിപണിമൂല്യത്തിന് യാതൊന്നും സംഭവിക്കില്ലെങ്കിലും തന്നിലെ നടനെ മിനുക്കിയെടുക്കാന്‍ അവസരം ലഭിക്കാത്തതിലുള്ള സംഘര്‍ഷം ഏതൊരു സൂപ്പര്‍താരവും അഭിമുഖീകരിക്കുന്നുണ്ടാകാം. അതുകൊണ്ടുതന്നെ താരപ്പകിട്ടുള്ള കഥാപാത്രങ്ങളില്‍നിന്ന് ഇടയ്‌ക്കെങ്കിലും തന്നിലെ അഭിനേതാവിനെ മോചിപ്പിക്കാന്‍ സൂപ്പര്‍താരങ്ങള്‍ പരിശ്രമിക്കും. മമ്മൂട്ടിയിലെ സൂപ്പര്‍താരത്തിന് ഏറെക്കാലത്തിനു ശേഷം അതിന് ലഭിക്കുന്ന അവസരമാണ് കുട്ടന്‍ എന്ന കഥാപാത്രം. താരബാധ്യതയില്ലാതെ അടിമുടി നടനായി മാറാനുള്ള സാധ്യതയാണ് നെഗറ്റീവ് ഷേഡുള്ള ഈ കഥാപാത്രത്തിലൂടെ മമ്മൂട്ടിക്ക് കൈവരുന്നത്.
സത്ഗുണസമ്പന്നനല്ലാത്ത, പല ദോഷങ്ങളുമുള്ള കഥാപാത്രമാണ് പുഴുവിലെ കുട്ടന്‍ എന്ന പോലീസ് കഥാപാത്രം. ഭാര്യയുടെ മരണത്തിനു ശേഷം മകനെ നോക്കാനുള്ള ഉത്തരവാദിത്വം പൂര്‍ണമായും കുട്ടനില്‍ വന്നു ചേരുകയാണ്. അതിയായ അച്ചടക്കം അടിച്ചേല്‍പ്പിക്കുന്ന കുട്ടന്റെ പാരന്റിംഗ് മകനില്‍ ബാധ്യതയും വെറുപ്പുമാണ് ഉളവാക്കുന്നത്. അച്ഛന്റെ മരണം പോലും മകന്‍ ആഗ്രഹിക്കുന്നുണ്ട്. സവര്‍ണ കുലത്തില്‍പെട്ട കുട്ടന്‍ തീവ്രമായ ജാതിബോധം പേറുന്നയാളുമാണ്. പെങ്ങള്‍ കീഴ്ജാതിയില്‍ പെടുന്നയാളുമൊത്ത് ജീവിക്കാന്‍ തീരുമാനിക്കുന്നതോടെ അയാളിലെ ജാതിബോധം മറനീക്കി പുറത്തുവരുന്നു. തന്നെ ആരോ വേട്ടയാടുന്നുണ്ടെന്ന തോന്നലും മരണഭയവും അയാളെ സംശയാലുവുമാക്കുന്നു. പുറംകാഴ്ചയില്‍ മറ്റുള്ളവര്‍ക്ക് നല്ലതായ ഒരു ധാരണയും സൃഷ്ടിക്കാന്‍ കുട്ടനെന്ന വ്യക്തിക്കാകുന്നില്ല. ഇങ്ങനെയുള്ള ഒരു മുഴുനീള വിപരീത കഥാപാത്രം ചെയ്യുന്നതിലൂടെയാണ് തന്നിലെ നടനെ സൂപ്പര്‍താരം പുറത്തെടുക്കുന്നത്. മമ്മൂട്ടിയിലെ അത്ഭുതപ്പെടുത്തുന്ന നടന്റെ പ്രകടനങ്ങള്‍ ഏറെത്തവണ കണ്ടിട്ടുള്ള പ്രേക്ഷകര്‍ക്കും ഏറെ അഭിനയ സാധ്യതയുള്ള പുഴുവിലെ കഥാപാത്രം വിസ്മയത്തിന് വക നല്‍കുന്നതാണ്.
കുട്ടപ്പന്‍ എന്ന കഥാപാത്രത്തിലൂടെ അപ്പുണ്ണി ശശിയുടെ കരിയറിയില്‍ പുഴു നല്‍കുന്ന ബ്രേക്ക് ചെറുതല്ല. നായകനില്ലാത്ത സിനിമയില്‍ നായകതുല്യമായ ഗുണഗണങ്ങളുള്ളത് കുട്ടപ്പന്‍ എന്ന കഥാപാത്രത്തിനാണ്. അതിന് പൂര്‍ണമായി മിഴിവേകാന്‍ അപ്പുണ്ണി ശശിക്കാകുന്നു. പ്രതിനായകത്വമുള്ള കുട്ടന്‍ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് സിനിമയുടെ മുന്നോട്ടുപോക്കെങ്കിലും നേര്‍രേഖാ സഞ്ചാരം കുട്ടപ്പന് അവകാശപ്പെട്ടതാണ്. പാര്‍വതി തിരുവോത്തിന്റെ ഭാരതി എന്ന കഥാപാത്രം സ്വന്തം നിലപാടും ശരികളും മൂല്യങ്ങളുമുള്ള സ്ത്രീയുടെ പ്രതിനിധാനമാണ്. ഇഷ്ടപ്പെട്ട ആള്‍ക്കൊപ്പം ജീവിക്കാന്‍ ഭാരതിക്ക് കുലമോ ജാതിയോ നിറമോ തൊഴിലോ തടസ്സമാകുന്നില്ല. പരസ്പരം കൈകള്‍ കൊരുത്തും താങ്ങായി തോളുകള്‍ ചായ്ച്ചു നല്‍കിയും സധൈര്യത്തോടെയാണ് ഭാരതിയും കുട്ടപ്പനും സമൂഹത്തെ നേരിടുന്നത്.
സൂപ്പര്‍താരത്തിന്റെ ഡേറ്റ് ലഭിക്കുമ്പോള്‍ താരപരിവേഷവും വാണിജ്യവിജയ സാധ്യതയും ചേരുന്ന സിനിമയൊരുക്കാന്‍ ശ്രമിക്കുന്നവരാണ് ഭൂരിഭാഗം ചലച്ചിത്രകാരന്മാരും. ഇവിടെ നവാഗതയായ റതീന വ്യത്യസ്തയാകുന്നു. താന്‍ സമൂഹത്തോട് പറയാന്‍ താത്പര്യപ്പെടുന്ന ഒരു പ്രമേയമാണ് റതീന ആദ്യസിനിമയിലൂടെ അവതരിപ്പിക്കുന്നത്. ഹര്‍ഷദ്, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് കേരളീയ സമൂഹത്തിന് പുനരാലോചനയ്ക്ക് ഇട നല്‍കിയേക്കാന്‍ ഉതകുന്ന ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിട്ടുള്ളത്.
സ്ത്രീശബ്ദം, 2022 ജൂണ്‍
No comments:
Post a Comment