Thursday, 21 July 2022

കുറ്റവും ശിക്ഷയും രാജിവ് രവിയെന്ന റിയലിസ്റ്റിക്ക് ക്രാഫ്റ്റ്മാന്റെ സൃഷ്ടി


തന്റെ മുന്നിലുള്ള സിനിമയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള സംവിധായകനാണ് രാജീവ് രവി. സിനിമയില്‍ നിലനില്‍ക്കുന്ന സമകാലിക ധാരകളോ തരംഗങ്ങളോ അദ്ദേഹത്തെ സ്വാധീനിക്കുകയോ അലട്ടുകയോ ചെയ്യുന്നില്ല. അതുകൊണ്ടു തന്നെ എല്ലായ്‌പോഴും തന്റെതു മാത്രമായ സിനിമ സൃഷ്ടിക്കാന്‍ രാജീവ് രവിക്കാകുന്നു. ഈ മാതൃക അവലംബിക്കുന്ന അപൂര്‍വ്വം ചില സംവിധായകരെയേ മലയാളത്തില്‍ കാണാനാകൂ. ബോളിവുഡിലെ പേരെടുത്ത ഛായാഗ്രാഹകനില്‍ നിന്ന് മലയാളത്തില്‍ സ്വതന്ത്ര സംവിധാന മേഖലയിലേക്ക് എത്തി, അന്നയും റസൂലും എന്ന ആദ്യസിനിമ മുതല്‍ രാജീവ് രവി തുറന്നിടുന്ന ഈ വേറിട്ട പാത തെളിഞ്ഞുകാണാം. രാജീവ് രവിയുടേതായി പിന്നീട് പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം എന്നീ സിനിമകളിലും പ്രമേയപരിസരത്തോട് ഇണങ്ങിച്ചേരുകയും യാഥാര്‍ഥ്യത്തോട് ചേര്‍ന്നുനില്‍ക്കുകയും ചെയ്യുന്ന മന്ദതാളത്തിലുള്ള ആവിഷ്‌കാരഭംഗി കാണാനാകും. കുറ്റവും ശിക്ഷയുമെന്ന ഏറ്റവും പുതിയ സിനിമയിലും സംവിധായകന്‍ പിന്തുടരുന്ന വഴി മറ്റൊന്നല്ല. 

പ്രേക്ഷകരെ രസിപ്പിക്കുന്ന സിനിമാറ്റിക് എലമെന്റെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചടുലത വഴിമാറി നില്‍ക്കുന്നുവെങ്കിലും രാജീവ് രവിയുടെ സിനിമകളിലെ മന്ദതാളത്തിന് വളരെ സ്വാഭാവികമായ ഒഴുക്കാണുള്ളത്. ഇത് സിനിമയുടെ പ്രമേയവും പശ്ചാത്തലവും ആവശ്യപ്പെടുന്നതാണ്. താന്‍ ആവിഷ്‌കരിക്കുന്ന ജീവിതത്തിന്റെ യഥാതഥമായ വേഗതക്കുറവുള്ള ചിത്രം തന്നെയാണ് രാജീവ് രവി പകര്‍ത്തിയിടുന്നതും. വലിയൊരു ജനക്കൂട്ടത്തെ സൃഷ്ടിക്കുകയോ രസിപ്പിക്കുകയോ ചെയ്യുകയെന്ന ലക്ഷ്യത്തേക്കാളുപരി നിശ്ചിത പങ്ക് ആസ്വാദകരെ ലക്ഷ്യം വയ്ക്കുകയും ഈ വിഭാഗത്തിന് അതൊരു പാഠപുസ്തകമാക്കാന്‍ ഉതകുകയും ചെയ്യുന്നതാണ് രാജീവ് രവി സിനിമകള്‍. നിശ്ചിത കാലത്തിനു ശേഷവും ദേശ, ഭാഷാതിരുകള്‍ക്കു പുറത്തും ആസ്വാദകരെ ആകര്‍ഷിക്കാനും നിലനിര്‍ത്താനുമാകുമെന്നതാണ് ഇൗ സിനിമകള്‍ മുന്നോട്ടുവയ്ക്കുന്ന മറ്റൊരു സാധ്യത. 


2015 ല്‍ കേരളത്തില്‍ നടന്ന കുപ്രസിദ്ധമായ ഒരു ജ്വല്ലറി മോഷണവും ഇതിലെ കുറ്റവാളികളായവരെ തേടി അഞ്ചംഗ പൊലീസ് സംഘത്തിന്റെ രാജസ്ഥാനിലെ ധനാഗഞ്ചിലേക്കുള്ള സഞ്ചാരവുമാണ് കുറ്റവും ശിക്ഷയും എന്ന സിനിമ പറയുന്നത്. ഈ കൃത്യവുമായി ബന്ധപ്പെട്ട കേസന്വേഷണത്തില്‍ പങ്കാളിയായിരുന്ന പോലീസ് ഉദ്യോഗസ്ഥനും നടനുമായ സിബി തോമസ് ശ്രീജിത്ത് ദിവാകരനുമായി ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിന്റെ ചടുലമായ ആഖ്യാനസാധ്യത മുന്നില്‍നില്‍ക്കെ തന്നെ അതില്‍നിന്ന് കൃത്യമായി വ്യതിചലിച്ച് തനത് രാജീവ് രവി മേക്കിംഗ് പാറ്റേണ്‍ ആണ് സിനിമ പിന്തുടരുന്നത്. കേസന്വേഷണത്തിന്റെ ഓരോ ഘട്ടവും വിശ്വസനീയമായും തുടര്‍ച്ചയോടു കൂടിയും അവതരിപ്പിക്കുന്നുവെന്നതാണ് ശ്രദ്ധേയം. കുറ്റകൃത്യം നടക്കുന്ന രാത്രിയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ശീര്‍ഷകങ്ങള്‍ തെളിയുന്ന സിനിമയുടെ തുടര്‍ന്നുള്ള ഓരോ ഘട്ടവും കേസന്വേഷണം എങ്ങനെ മുന്നോട്ടു പോകാമെന്നതുമായി ഇഴ ചേര്‍ത്തുള്ള ആവിഷ്‌കാരമാണ്. സംഭവം നടന്ന ജ്വല്ലറിയിലെ പ്രാഥമിക പരിശോധന, വിശദമായ പോലീസ്, ഫോറന്‍സിക് പരിശോധനകള്‍, തെളിവെടുപ്പ്, ചോദ്യംചെയ്യല്‍, ലഭ്യമായ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന, ഊഹങ്ങളിലേക്കും നിഗമനങ്ങളിലേക്കുമുള്ള സഞ്ചാരം, പ്രതികളാരെന്ന വ്യക്തമാകല്‍, പ്രതികളെ അന്വേഷിച്ചുള്ള യാത്ര, പ്രതികളെ കണ്ടെത്തി നിയമത്തിനു മുന്നിലെത്തിക്കല്‍ തുടങ്ങി കൃത്യമായ ഘട്ടങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.

കുറ്റാന്വേഷണത്തിനൊപ്പം വളരെ സ്വാഭാവികമായി പെരുമാറുന്നവരാണ് ഈ സിനിമയിലെ കഥാപാത്രങ്ങള്‍. അമാനുഷികമായ ചെയ്തികളോ സംസാരമോ പോലീസ് കഥാപാത്രങ്ങള്‍ക്ക് ബാധ്യതയാകുന്നില്ല. സിനിമയിലെ കേന്ദ്രപ്രമേയത്തിനോടു ബന്ധമില്ലാത്ത ഒരു സംഭാഷണം പോലും എഴുതിച്ചേര്‍ത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കഥാപാത്രങ്ങളുടെ മനോവ്യാപാരത്തിലേക്കും സിനിമ സഞ്ചരിക്കുന്നുണ്ട്. സമരത്തിനിടെ ഒരാളെ വെടിവെച്ച് കൊല്ലേണ്ടിവന്നതിലെ ശരിതെറ്റുകളെക്കുറിച്ചുള്ള ആവലാതികള്‍ ആസിഫ് അലി അവതരിപ്പിക്കുന്ന സിഐ സാജന്‍ ഫിലിപ്പിനെ സര്‍വീസിലും ജീവിതത്തിലും വേട്ടയാടുന്നുണ്ട്. പിന്നീട് ധനാഗഞ്ചിലെ ഓപ്പറേഷനിടെ കുറ്റവാളിയെ അടുത്തു കിട്ടിയിട്ടും വെടിവയ്ക്കാതെ സാജന്‍ വിട്ടുകളയുന്നുമുണ്ട്. ഈ ശരിതെറ്റുകളുടെ വിശകലനവും കുറ്റവും ശിക്ഷയും എന്ന ശീര്‍ഷകത്തിന് പ്രധാന പ്രമേയത്തിനു പുറത്തുള്ള അര്‍ഥസാധ്യത നല്‍കുന്നുണ്ട്. സാജന്‍ ഫിലിപ്പിനു പുറമേ അലന്‍സിയറിന്റെ എസ്‌ഐ ബഷീറിന്റെ ആത്മസംഘര്‍ഷങ്ങള്‍ക്കും ഓപ്പറേഷനില്‍ ഉള്‍പ്പെടുന്ന മറ്റു പോലീസ് കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷതകള്‍ക്കും പ്രദേശങ്ങള്‍ക്കും അവശ്യ വിശദീകരണങ്ങള്‍ നല്‍കുന്നതിലും കുറ്റവും ശിക്ഷയും പിന്നോട്ടുപോകുന്നില്ല.


സിനിമയുടെ വേഗതയിലും കളര്‍ടോണിലും പശ്ചാത്തല സംഗീതത്തിലും കഥാപാത്ര, പശ്ചാത്തല രൂപകല്‍പ്പനയിലും രാജിവ് രവി പിന്തുടര്‍ന്നുപോരുന്ന ശൈലി ഈ പോലീസ് സ്‌റ്റോറിയിലും നിലനിര്‍ത്തുമ്പോള്‍ തന്നെ സിസ്റ്റത്തിന്റെയും നിയമവ്യവസ്ഥയുടെയും ശരിതെറ്റുകളിലേക്കും കണ്ണയക്കുന്നുണ്ട്. വിശദീകരണങ്ങളിലേക്ക് പോകാതെ തന്നെ പോലീസുകാരുടെ നിസ്സഹായത സൂചിപ്പിക്കുന്ന ക്ലൈമാക്‌സിലെ സംഭാഷണങ്ങളില്‍ ഇതിന്റെ സൂചന നല്‍കുകയാണ് ചെയ്യുന്നത്.

കേരളത്തില്‍ നിന്ന് രാജസ്ഥാനിലേക്കുള്ള അന്വേഷണ സംഘത്തിന്റെ യാത്രയില്‍ ഭൂമികകള്‍ മാറുന്നത് ട്രെയിനിന്റെ സഞ്ചാരത്തിലുടെയാണ് കാണിക്കുന്നത്. കഥാപശ്ചാത്തലം മാറിയെന്നതിന്റെ പതിവ് പ്രദേശ സൂചക ബിംബങ്ങളോ, തനത് പ്രദേശിക സംഗീതമോ, പ്രകൃതി ദൃശ്യങ്ങളോ കാണിക്കാതെ തന്നെ ട്രെയിനിന്റെ സഞ്ചാരഗതിയുടെ കട്ട് ഷോട്ടുകളിലൂടെ മറ്റൊരു പ്രദേശത്തേക്ക് സഞ്ചരിച്ചെത്തുന്നുവെന്ന് വെളിവാക്കുന്ന ദൃശ്യങ്ങള്‍ പുതുമയാര്‍ന്നതായി അനുഭവപ്പെടുന്നുണ്ട്. ഉത്തരേന്ത്യന്‍ പ്രദേശത്തെയും പോലീസ് സ്‌റ്റേഷനെയും പോലീസുകാരെയും ജനങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത് ഇതുവരെ മലയാള സിനിമ പിന്തുടര്‍ന്നുപോന്ന മാതൃകയിലല്ലെന്നതും, കുറേക്കൂടി വിശ്വസനീയമായിട്ടാണെന്നതും രാജിവ് രവിയിലെ ക്രാഫ്റ്റ്മാനെ അടയാളപ്പെടുത്താന്‍ പോന്ന ഘടകമാണ്.

സ്ത്രീശബ്ദം, 2022 ജൂലൈ

No comments:

Post a Comment