Thursday, 7 July 2022

അന്നയും റസൂലും മുതല്‍ കുറ്റവും ശിക്ഷയും വരെ; രാജിവ് രവിയെന്ന റിയലസ്റ്റിക്ക് ക്രാഫ്റ്റ്മാന്‍


പോയ പതിറ്റാണ്ടില്‍ മലയാളത്തിലെ മധ്യവര്‍ത്തി സിനിമകളുടെ മുഖ്യ പ്രയോക്താവാകുകയും പിറകെ വരുന്ന സംവിധായകര്‍ക്ക് ഈ പാത പിന്തുടരാന്‍ ആത്മവിശ്വാസം നല്‍കുകയും ചെയ്ത സംവിധായകനായി രാജീവ് രവിയെ വിലയിരുത്താം. സമാന്തര, കച്ചവട അതിര്‍വരമ്പുകളെക്കുറിച്ച് ആശങ്കപ്പെടാതെ തന്റേതായ സിനിമ സൃഷ്ടിക്കുകയാണ് രാജീവ് ചെയ്യുന്നത്. ആദ്യസിനിമയായ അന്നയും റസൂലും മുതല്‍ ഏറ്റവും പുതിയ സിനിമയായ കുറ്റവും ശിക്ഷയും സ്വയം തെളിച്ചിട്ട പാതയില്‍ സഞ്ചരിക്കുന്ന രാജീവ് രവിയെ കാണാനാകും. മധ്യവര്‍ത്തി സിനിമകള്‍ക്ക് എക്കാലത്തും നിശ്ചിത പങ്ക് കാണികളെ സൃഷ്ടിക്കാനും നിലനിര്‍ത്താനും വിവിധ തലമുറകളിലെ ആസ്വാദകരാലുള്ള കാഴ്ചാസാധ്യത സജീവമാക്കാനും സാധിക്കാറുണ്ട്. തീര്‍ച്ചയായും രാജീവ് രവിയുടെ നാല് സിനിമകളും നിലനിര്‍ത്തുന്ന സാധ്യതയും ഇതു തന്നെ. തിയേറ്ററില്‍ വലിയ വിജയങ്ങളായവയല്ല അന്നയും റസൂലും (2013), ഞാന്‍ സ്റ്റീവ് ലോപ്പസ് (2014), കമ്മട്ടിപ്പാടം (2016), കുറ്റവും ശിക്ഷയും (2022) എന്നീ രാജീവ് രവി സിനിമകള്‍. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ തിയേറ്ററില്‍ വിജയിക്കാത്ത സിനിമകളുടെ സ്രഷ്ടാവാണ് രാജീവ് രവി. എന്നാല്‍ ഇവയെല്ലാം തന്നെ ആഖ്യാനത്തിലെ വ്യത്യസ്തതയും നൂതനതയും കൊണ്ട് സവിശേഷമായ ഇടം നിലനിര്‍ത്താന്‍ പോന്നവയാണ്.

മധുര്‍ ഭണ്ഡാര്‍ക്കറിന്റെ ചാന്ദ്‌നി ബാര്‍, അനുരാഗ് കശ്യപിന്റെ ദേവ് ഡി, ഗാങ്‌സ് ഓഫ് വസേപൂര്‍ സീരീസ്, കമാല്‍ കെഎമ്മിന്റെ ഐഡി, കരണ്‍ ജോഹറിന്റെ ബോംബെ ടാക്കീസ് തുടങ്ങി ഇന്ത്യന്‍ സിനിമയിലെ ശ്രദ്ധേയ സൃഷ്ടികളുടെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത് രാജീവ് രവിയാണ്. ഇതേ കാലയളവില്‍ ചില ശ്രദ്ധേയ മലയാള സിനിമകളിലും രാജീവ് രവിയുടെ ക്യാമറ ചലിക്കുന്നുണ്ട്. ഈ സിനിമകളുടെ ആകെ കാഴ്ചയുടെ വിതാനത്തെ വേറിട്ട തലത്തില്‍ അടയാളപ്പെടുത്താന്‍ പോന്നതായിരുന്നു രാജീവ് രവിയിലെ ക്യാമറാമാന്‍ പകര്‍ത്തിയിട്ട ഉള്‍ക്കാഴ്ച. കാഴ്ചയുടെ യഥാതഥമായ ഈ വിതാനത്തെ ആവര്‍ത്തിക്കാനാണ് പിന്നീട് സംവിധാന വഴിയിലേക്ക് വരുമ്പോള്‍ രാജീവ് രവി ശ്രദ്ധിക്കുന്നതെന്നു കാണാനാകും. തനിക്കു മാത്രമായി താന്‍ തുറന്നിട്ടിരിക്കുന്ന മാര്‍ഗത്തിലൂടെയാണ് രാജീവ് രവി സിനിമകള്‍ സഞ്ചരിക്കുന്നത്. ഇവിടെ തന്റെ മുന്നിലുള്ള സിനിമയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള സംവിധായകനാകുന്നു അദ്ദേഹം. ഇതിന് പൂര്‍വ്വമാതൃകകളുടെയോ അനുകരണത്തിന്റെയോ പിന്‍ബലമുണ്ടാകില്ല. എന്നാല്‍ അനുരാഗ് കശ്യപ്, മധുര്‍ ഭണ്ഡാര്‍ക്കര്‍ സ്‌കൂളുകളിലെ പരിചയസമ്പത്ത് തീര്‍ച്ചയായും ഗുണം ചെയ്‌തേക്കുക തന്നെ ചെയ്യും.


സിനിമയില്‍ നിലനില്‍ക്കുന്ന സമകാലിക ധാരകളോ തരംഗങ്ങളോ രാജീവ് രവിയിലെ സംവിധായകനെ സ്വാധീനിക്കുകയോ അലട്ടുകയോ ചെയ്യുന്നില്ല. അതുകൊണ്ടു തന്നെ എല്ലായ്‌പോഴും തന്റേതു മാത്രമായ സിനിമ സൃഷ്ടിക്കാന്‍ രാജീവ് രവിക്കാകുന്നു. ഈ മാതൃക അവലംബിക്കുന്ന അപൂര്‍വ്വം ചില സംവിധായകരെ മാത്രമേ മലയാളത്തില്‍ കാണാനാകൂ. അന്നയും റസൂലും മുതല്‍ രാജീവ് രവി തുറന്നിടുന്ന ഈ വേറിട്ട പാത വ്യക്തമാണ്. രാജീവ് രവിയുടേതായി പിന്നീട് പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം എന്നീ സിനിമകളിലും പ്രമേയപരിസരത്തോട് ഇണങ്ങിച്ചേരുകയും യാഥാര്‍ഥ്യത്തോട് ചേര്‍ന്നുനില്‍ക്കുകയും ചെയ്യുന്ന മന്ദതാളത്തിലുള്ള ആവിഷ്‌കാര രീതി കാണാനാകും. കുറ്റവും ശിക്ഷയുമെന്ന ഏറ്റവും പുതിയ സിനിമയിലും സംവിധായകന്‍ പിന്തുടരുന്ന വഴി മറ്റൊന്നല്ല. 

പ്രേക്ഷകരെ രസിപ്പിക്കുന്ന സിനിമാറ്റിക് എലമെന്റെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചടുലത വഴിമാറി നില്‍ക്കുന്നുവെങ്കിലും രാജീവ് രവിയുടെ സിനിമകളിലെ മന്ദതാളത്തിന് വളരെ സ്വാഭാവികമായ ഒഴുക്കാണുള്ളത്. ഇത് സിനിമയുടെ പ്രമേയവും പശ്ചാത്തലവും ആവശ്യപ്പെടുന്നതാണ്. താന്‍ ആവിഷ്‌കരിക്കുന്ന മനുഷ്യജീവിതം യഥാര്‍ഥത്തിലുള്ള വേഗക്കുറവ് തന്നെയാണ് രാജീവ് രവി ദൃശ്യങ്ങളായി പകര്‍ത്തിയിടുന്നതും. വലിയൊരു ജനക്കൂട്ടത്തെ സൃഷ്ടിക്കുകയോ രസിപ്പിക്കുകയോ ചെയ്യുന്നതിനേക്കാളുപരി നിശ്ചിത പങ്ക് ആസ്വാദകരെ ലക്ഷ്യം വയ്ക്കുകയും ഈ വിഭാഗത്തിന് ഒരു പാഠപുസ്തകം കണക്കെയായി മാറുകയും ചെയ്യുന്നതാണ് രാജീവ് രവി സിനിമകള്‍. റിലീസ് വേളയിലെ സ്വീകാര്യതയ്ക്കുപരി അതിനു ശേഷവും ദേശ, ഭാഷാതിരുകള്‍ക്കു പുറത്തും ആസ്വാദകരെ ആകര്‍ഷിക്കാനും നിലനിര്‍ത്താനുമാകുന്നു എന്നതാണ് ഇൗ പാറ്റേണ്‍ സിനിമകള്‍ മുന്നോട്ടുവയ്ക്കുന്ന സാധ്യത. 


അന്നയും റസൂലും ശ്രദ്ധിക്കുക. പലതവണ പറഞ്ഞിട്ടുള്ള ഭിന്നമത പ്രണയകഥ തന്നെയാണ് ഈ സിനിമയും പ്രമേയമാക്കുന്നത്. പിന്നെയുള്ള പുതുമയെന്തെന്നാല്‍ അതെങ്ങനെ പറയുന്നുവെന്നതിലാണ്. അവിടെയാണ് രാജീവ് രവി എന്ന ക്രാഫ്റ്റ്മാനില്‍ ഉള്ളടങ്ങിരിക്കുന്ന പാടവം ഉരുവം കൊള്ളുന്നത്. ഒരു പ്രണയകഥയുടെ ബൃഹദാഖ്യാനമാണ് പിന്നീട് സാധ്യമാകുന്നത്. കണ്ണുകള്‍ കൊണ്ട് പ്രണയിക്കുന്ന അന്നയും റസൂലിനുമിടയില്‍ സംഭവിക്കുന്ന സംഭാഷണങ്ങള്‍ പോലും പരിമിതമാണ്. എന്നിട്ടും അവര്‍ക്കിടയിലെ ബന്ധത്തിന്റെ ആഴവും തീവ്രതയും വെളിവാക്കാന്‍ സാധിക്കുന്നിടത്താണ് കഥാപാത്രങ്ങള്‍ക്കും കഥാപരിസരത്തിനും സംവിധായകന്‍ നല്‍കുന്ന വിശദീകരണങ്ങള്‍ ലക്ഷ്യം കാണുന്നത്. ഈ ഡീറ്റെയിലിംഗുകള്‍ എല്ലാ രാജീവ് രവി സിനിമകളിലും കാണാന്‍ സാധിക്കും. കേന്ദ്രപ്രമേയ പരിസരത്തു നിന്ന് വഴിമാറാതെയും ഉപകഥകള്‍ക്ക് അവസരം കൊടുക്കാതെയുമുള്ള ആഖ്യാനത്തില്‍ കഥാപാത്രങ്ങളുടെ സ്വാഭാവിക പരിണതിക്കു പിറകെയായിരിക്കും സിനിമയുടെ സഞ്ചാരം. അന്നയുടെയും റസൂലിന്റെയും പ്രണയജീവിതത്തിന് എന്തു സംഭവിക്കുന്നുവെന്നതിലേക്കാണ് ക്യാമറ ഫോക്കസ് ചെയ്തിരിക്കുന്നത്. യഥാര്‍ഥ ജീവിത പരിസരത്തില്‍ സ്വാഭാവികമായി സംഭവിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ മറ്റൊരു സിനിമാറ്റിക്ക് ആലോചനകള്‍ക്കും ഇവിടെ ഇട നല്‍കുന്നില്ല. 

അന്നയുടെയും റസൂലിന്റെയും ജീവിതാഖ്യാനത്തില്‍ നിന്ന് സ്റ്റീവ് ലോപ്പസിലേക്കെത്തുമ്പോള്‍ യാഥാര്‍ഥ്യത്തോട് ചേര്‍ന്നുനിലകൊള്ളുന്ന ആവിഷ്‌കാരത്തിനൊപ്പം സമകാലിക സാമൂഹികാവസ്ഥയുടെ പരുഷത കൂടി കടന്നുവരികയാണ്. ജനാധിപത്യ വ്യവസ്ഥയില്‍ പൗരനെ ഭരണകൂടം നിര്‍വ്വചിക്കുന്നതെങ്ങനെയെന്ന ചിന്ത പങ്കുവയ്ക്കുന്ന സ്റ്റീവ് ലോപ്പസില്‍ ഒരു ശരാശരി മലയാളി യുവാവ് വൈയക്തികതയ്ക്കപ്പുറം താന്‍ ഉള്‍പ്പെടുന്ന സമൂഹത്തില്‍ പൗരന്‍ നിറവേറ്റേണ്ടുന്ന ചുമതലകളെക്കുറിച്ചു കൂടി ബോധവാനാകുകയാണ്. അന്നയുടെയും റസൂലിന്റെയും പ്രണയജീവിതത്തിന് രാജീവ് രവി വരച്ചിട്ട ദൃശ്യഭാഷ സ്റ്റീവിന്റെയും അഞ്ജലിയുടെയും അടുപ്പത്തില്‍ കടന്നുവരുന്നു. അതേസമയം ഗുണ്ടകളുടെയും തെരുവിന്റെയും രാത്രിക്കാഴ്ചകളുടെയും ഇടയില്‍ അകപ്പെട്ടുപോകുന്ന നിസ്സഹായനും ലോകപരിചയക്കുറവുള്ളവനുമായ ചെറുപ്പക്കാരന്റെ കണ്ണിലൂടെ കാണുന്ന ഇരുണ്ട ദൃശ്യങ്ങള്‍ക്കാണ് സ്റ്റീവ് ലോപ്പസില്‍ പ്രാധാന്യം കൈവരുന്നത്. മലയാളം കണ്ടു പരിചയിച്ച ദൃശ്യപരിചരണ, ആഖ്യാന രീതിയേ ആയിരുന്നില്ല രാജീവ് രവി സ്റ്റീവ് ലോപ്പസില്‍ ഉപയോഗിച്ചത്. ഈ സിനിമ ഇപ്പോഴും മുന്നോട്ടുവയ്ക്കുന്ന ആസ്വാദനമൂല്യവും ഇതു തന്നെയാണ്.


പാര്‍ശ്വവത്കൃത ജീവിതം പറയുമ്പോള്‍ മലയാള സിനിമ വച്ചുപുലര്‍ത്തിയിട്ടുള്ള ഓഫ്ബീറ്റ് ധാരണകളെ മാറ്റിനിര്‍ത്തുകയായിരുന്നു കമ്മട്ടിപ്പാടത്തില്‍. സ്റ്റീവ് ലോപ്പസിനേക്കാള്‍ അരികുജീവിത പരിസരങ്ങളോട് ഒന്നുകൂടി അടുക്കുകയാണിവിടെ. ജീവിതവുമായി എത്ര അടുക്കാമോ, അത്രയും അടുത്തേക്കാണ് കമ്മട്ടിപ്പാടത്തിന്റെ ക്യാമറ ചലിക്കുന്നത്. കമ്മട്ടിപ്പാടത്തിനുമേല്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കൊച്ചി നഗരത്തിന് വലിയ ആയുസ്സൊന്നുമില്ലെന്ന് പറയുന്ന സിനിമ തെരുവുപട്ടികളെപ്പോലുള്ള മനുഷ്യരുടെ ചോരയും നീരുംകൊണ്ടാണ് ഇന്നുകാണുന്ന നഗരത്തിന്റെ വലുപ്പമൊക്കെ ഉണ്ടായതെന്ന ധ്വനി നല്‍കുന്നു. സാധാരണക്കാരുടെ ജീവിതം പറയുമ്പോഴും കഥാപാത്രങ്ങള്‍ ഇതുവരെ വെയിലുകൊണ്ടിട്ടില്ലെന്നു തോന്നിപ്പിക്കുംവിധം നടത്താറുള്ള പാത്രസൃഷ്ടി ധാരണകളെ രാജീവ് രവി കമ്മട്ടിപ്പാടത്തില്‍ തകിടം മറിക്കുന്നുണ്ട്. അരികുജീവിതത്തിന്റെ അടയാളങ്ങളെന്ന് ഉറപ്പിക്കാവുന്ന ഒരു കൂട്ടം മനുഷ്യരെയാണ് ഇതില്‍ കാണാനാകുക. 

രാജീവ് രവി സിനിമകളില്‍ സംഭവങ്ങളൊന്നും ജീവിതത്തില്‍ കാണുന്നതില്‍നിന്ന് വ്യത്യസ്തമായിരിക്കില്ല. ചിരപരിചിതമായ ജീവിതപരിസരത്തില്‍ നമുക്ക് നിത്യേന കണ്ടു പരിചയമുള്ള കുറേ ആളുകള്‍ വന്ന് നമ്മളെപ്പോലെ പെരുമാറുന്നതായിട്ടാണ് അനുഭവപ്പെടുക. സാധാരണക്കാരും സാധാരണ ജോലികള്‍ ചെയ്തു ജീവിക്കുന്നവരുമാണ് ഈ കഥാപാത്രങ്ങള്‍. റസൂല്‍ ടാക്‌സി ഡ്രൈവറാണ്. ഇരുന്ന് ജോലിചെയ്യാന്‍ പോലും സാവകാശവും അനുമതിയുമില്ലാത്ത തുണിക്കട ജീവനക്കാരിയുടെ പ്രതിനിധിയാണ് അന്ന. സ്റ്റീവ് ലോപ്പസ് പ്രാരാബ്ധങ്ങളുള്ള പോലീസുകാരന്റെ വിദ്യാര്‍ഥിയായ മകനാണ്. ബാലനും ഗംഗയും കൃഷ്ണനും കമ്മട്ടിപ്പാടത്തെ ചേരിനിവാസികളാണ്. കുറ്റവും ശിക്ഷയിലെ നായക കഥാപാത്രം ഉള്‍പ്പെടെയുള്ള പോലീസുകാര്‍ അതിമാനുഷ വൃത്തികള്‍ ചെയ്യാന്‍ പോന്ന പോലീസുകാരല്ല. കുറ്റബോധവും വൈഷമ്യങ്ങളുമുള്ള, പുറംമോടികളില്ലാത്ത മനുഷ്യരെയാണ് ഈ പോലീസ് കഥാപാത്രങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്. 


2015 ല്‍ കേരളത്തില്‍ നടന്ന കുപ്രസിദ്ധമായ ഒരു ജ്വല്ലറി മോഷണവും ഇതിലെ കുറ്റവാളികളായവരെ തേടി അഞ്ചംഗ പൊലീസ് സംഘത്തിന്റെ രാജസ്ഥാനിലെ ധനാഗഞ്ചിലേക്കുള്ള സഞ്ചാരവുമാണ് കുറ്റവും ശിക്ഷയും എന്ന സിനിമ പ്രമേയവത്കരിക്കുന്നത്. ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിന്റെ ചടുലമായ ആഖ്യാനസാധ്യത മുന്നില്‍നില്‍ക്കേ അതില്‍നിന്ന് കൃത്യമായി വ്യതിചലിച്ച് തനത് രാജീവ് രവി മേക്കിംഗ് പാറ്റേണ്‍ ആണ് ഈ സിനിമ പിന്തുടരുന്നത്. കേസന്വേഷണത്തിന്റെ ഓരോ ഘട്ടവും വിശ്വസനീയമായും തുടര്‍ച്ചയോടു കൂടിയും അവതരിപ്പിക്കുന്നുവെന്നതാണ് ശ്രദ്ധേയം. കുറ്റകൃത്യം നടക്കുന്ന രാത്രിയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ശീര്‍ഷകങ്ങള്‍ തെളിയുന്ന സിനിമയുടെ തുടര്‍ന്നുള്ള ഓരോ ഘട്ടവും കേസന്വേഷണം എങ്ങനെ മുന്നോട്ടു പോകാമെന്നതുമായി ഇഴ ചേര്‍ത്തുള്ള ആവിഷ്‌കാരമാണ്. സംഭവം നടന്ന ജ്വല്ലറിയിലെ പ്രാഥമിക പരിശോധന, വിശദമായ പോലീസ്, ഫോറന്‍സിക് പരിശോധനകള്‍, തെളിവെടുപ്പ്, ചോദ്യംചെയ്യല്‍, ലഭ്യമായ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന, ഊഹങ്ങളിലേക്കും നിഗമനങ്ങളിലേക്കുമുള്ള സഞ്ചാരം, പ്രതികളാരെന്ന വ്യക്തമാകല്‍, പ്രതികളെ അന്വേഷിച്ചുള്ള യാത്ര, പ്രതികളെ കണ്ടെത്തി നിയമത്തിനു മുന്നിലെത്തിക്കല്‍ തുടങ്ങി കൃത്യമായ ഘട്ടങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ഈയൊരു ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ രീതിയും ക്ലൈമാക്‌സില്‍ പോലും അത്രകണ്ട് ചടുലതയില്ലാതെ സ്വാഭാവികമായി അവസാനിപ്പിക്കുകയും ചെയ്യുന്ന പോലീസ് സ്‌റ്റോറി ആഖ്യാനം മലയാളത്തിന് പരിചിതമല്ല.

കുറ്റാന്വേഷണത്തിനൊപ്പം വളരെ സ്വാഭാവികമായി പെരുമാറുന്നവരാണ് ഈ സിനിമയിലെ കഥാപാത്രങ്ങള്‍. അമാനുഷികമായ ചെയ്തികളോ സംസാരമോ പോലീസ് കഥാപാത്രങ്ങള്‍ക്ക് ബാധ്യതയാകുന്നില്ല. സിനിമയിലെ കേന്ദ്രപ്രമേയത്തിനോടു ബന്ധമില്ലാത്ത ഒരു സംഭാഷണം പോലും എഴുതിച്ചേര്‍ത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കഥാപാത്രങ്ങളുടെ മനോവ്യാപാരത്തിലേക്കും സിനിമ സഞ്ചരിക്കുന്നുണ്ട്. സമരത്തിനിടെ ഒരാളെ വെടിവെച്ച് കൊല്ലേണ്ടിവന്നതിലെ ശരിതെറ്റുകളെക്കുറിച്ചുള്ള ആവലാതികള്‍ ആസിഫ് അലി അവതരിപ്പിക്കുന്ന സിഐ സാജന്‍ ഫിലിപ്പിനെ സര്‍വീസിലും ജീവിതത്തിലും വേട്ടയാടുന്നുണ്ട്. പിന്നീട് ധനാഗഞ്ചിലെ ഓപ്പറേഷനിടെ കുറ്റവാളിയെ അടുത്തു കിട്ടിയിട്ടും വെടിവയ്ക്കാതെ സാജന്‍ വിട്ടുകളയുന്നുമുണ്ട്. ഈ ശരിതെറ്റുകളുടെ വിശകലനവും കുറ്റവും ശിക്ഷയും എന്ന ശീര്‍ഷകത്തിന് പ്രധാന പ്രമേയത്തിനു പുറത്തുള്ള അര്‍ഥസാധ്യത നല്‍കുന്നുണ്ട്. 


സിനിമയുടെ വേഗതയിലും കളര്‍ടോണിലും പശ്ചാത്തല സംഗീതത്തിലും കഥാപാത്ര, പശ്ചാത്തല രൂപകല്‍പ്പനയിലും രാജിവ് രവി പിന്തുടര്‍ന്നുപോരുന്ന ശൈലി ഈ പോലീസ് സ്‌റ്റോറിയിലും നിലനിര്‍ത്തുന്നു. കേരളത്തില്‍ നിന്ന് രാജസ്ഥാനിലേക്കുള്ള അന്വേഷണ സംഘത്തിന്റെ യാത്രയില്‍ ഭൂമികകള്‍ മാറുന്നത് ട്രെയിനിന്റെ സഞ്ചാരത്തിലുടെയാണ് കാണിക്കുന്നത്. കഥാപശ്ചാത്തലം മാറിയെന്നതിന്റെ പതിവ് പ്രദേശ സൂചക ബിംബങ്ങളോ, പശ്ചാത്തലത്തിലുയരുന്ന തനത് പ്രദേശിക സംഗീതത്തിമോ, പ്രകൃതി ദൃശ്യങ്ങളോ കാണിക്കാതെ തന്നെ ട്രെയിനിന്റെ സഞ്ചാരഗതിയുടെ കട്ട് ഷോട്ടുകളിലൂടെ മറ്റൊരു പ്രദേശത്തേക്ക് സഞ്ചരിച്ചെത്തുന്നുവെന്ന് വെളിവാക്കുന്ന ദൃശ്യങ്ങള്‍ പുതുമയാര്‍ന്നതാണ്. ഉത്തരേന്ത്യന്‍ പ്രദേശത്തെയും പോലീസ് സ്‌റ്റേഷനെയും പോലീസുകാരെയും ജനങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത് ഇതുവരെ മലയാള സിനിമ പിന്തുടര്‍ന്നുപോന്ന മാതൃകയിലല്ലെന്നതും, കുറേക്കൂടി വിശ്വസനീയമായിട്ടാണെന്നതും രാജിവ് രവിയിലെ ക്രാഫ്റ്റ്മാനെ അടയാളപ്പെടുത്തുന്ന ഘടകങ്ങളാണ്.

സിനിമയ്ക്ക് തിരക്കഥയുടെ ആവശ്യമില്ലെന്ന് രാജീവ് രവി പറയുന്നത് തന്നിലെ സംവിധായകനില്‍ സ്വയം വിശ്വാസമുള്ളതുകൊണ്ടാണ്. സിനിമ സംവിധായകന്റെ കലയാണെന്ന് പൂര്‍ണ ബോധ്യമുള്ള ഈ ചലച്ചിത്രകാരന്റെ സിനിമകള്‍ കച്ചവടമോ പുരസ്‌കാരങ്ങളോ ലക്ഷ്യമിട്ടുള്ള ബോധപൂര്‍വ്വമായ യാതൊരു കൂട്ടിച്ചേര്‍പ്പുകളുമില്ലെന്നതും ശ്രദ്ധേയമാണ്. തന്നെ പിന്തുടര്‍ന്ന് വരുന്ന സംവിധായകര്‍ക്ക് രാജിവ് രവി നല്‍കുന്ന ആത്മവിശ്വാസം കിസ്മത്ത് (2016) എന്ന അഭിനന്ദനമര്‍ഹിക്കുന്ന സിനിമാ പരിശ്രമത്തിന്റെ സംവിധായകന്‍ ഷാനവാസ് കെ. ബാവക്കുട്ടിയുടെ വാക്കുകളിലുണ്ട്. രാജീവ് രവിയുടെ അന്നയും റസൂലും എന്ന ചിത്രമില്ലായിരുന്നുവെങ്കില്‍ കിസ്മത്ത് ഉണ്ടാകില്ലായിരുന്നുവെന്ന് ഷാനവാസ് പറയുന്നുണ്ട്. അച്ചടക്കത്തോടെയാണ് ഷാനവാസ് കിസ്മത്ത് ഒരുക്കിയിരിക്കുന്നതെന്നു കാണാം. മുഖ്യപ്രമേയത്തിനു പുറത്ത് ഉപകഥകളിലേക്കോ വിഷയങ്ങളിലേക്കോ പ്രദേശങ്ങളിലേക്കോ കയറിച്ചെല്ലുന്നില്ല. മാമൂലുകള്‍ക്കു പിറകെ പോകാതെ മനസ്സിലുള്ള സിനിമ ചെയ്യുകയെന്ന രാജീവ് രവിയുടെ രീതി അതേപടി പകര്‍ത്തുകയായിരുന്നു ഷാനവാസ്. ഷാനവാസിനു പുറമേ ദിലീഷ് പോത്തനും സക്കറിയയും മധു സി.നാരായണനും ഗീതു മോഹന്‍ദാസും ഉള്‍പ്പെടെയുള്ള മലയാളത്തിലെ മധ്യവര്‍ത്തി സിനിമയുടെ മറ്റു വക്താക്കള്‍ക്കും തങ്ങളുടെ ആദ്യസിനിമയിലേക്ക് കടക്കുമ്പോള്‍ രാജീവ് രവി സിനിമകള്‍ നല്‍കിയ ആത്മവിശ്വാസം അത്രകണ്ട് ചെറുതാകില്ല.

മാതൃഭൂമി ഓണ്‍ലൈന്‍, 2022 ജൂണ്‍ 30, ഷോ റീല്‍ 26

No comments:

Post a Comment