Saturday, 16 July 2022

യവനികയുടെ 40 വര്‍ഷങ്ങള്‍.. ത്രില്ലറുകളുടെ തിരയേറ്റത്തിലും ആ തട്ട് ഇപ്പൊഴും താഴ്ന്നു തന്നെ


മലയാളത്തില്‍ മുമ്പെങ്ങുമില്ലാത്തത്രയും ത്രില്ലര്‍ സിനിമകള്‍ നിര്‍മ്മിക്കപ്പെടുകയും പുറത്തിറങ്ങുകയും ചെയ്യുന്ന കാലമാണിത്. ഈ ജോണര്‍ സിനിമകള്‍ക്ക് പ്രേക്ഷകരില്‍ നിന്ന് വലിയ സ്വീകാര്യതയും ലഭിക്കുന്നുണ്ട്. ഒരു നിശ്ചിത വിഭാഗം കാണികള്‍ സജീവമായി നിലനില്‍ക്കുന്നുവെന്ന ബോധ്യത്തില്‍ നിന്നാണ് ത്രില്ലര്‍ സിനിമകളുടെ ഈ എണ്ണപ്പെരുക്കം സാധ്യമാകുന്നത്. തിയേറ്ററുകള്‍ക്കു പുറമേ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ കൂടി സിനിമാ വിപണിയില്‍ നിര്‍ണായക സാന്നിധ്യമായതോടെ അവയ്ക്കു വേണ്ടി നിര്‍മ്മിക്കപ്പെടുന്ന ഒരു വിഭാഗം സിനിമകള്‍ കൂടി രൂപപ്പെട്ടിട്ടുണ്ട്. ഇങ്ങനെ നിര്‍മ്മിക്കപ്പെടുന്നവയില്‍ വലിയൊരു പങ്കും ത്രില്ലര്‍ സിനിമകളാണെന്നതാണ് ശ്രദ്ധേയം. ഒാവര്‍ ദി ടോപ്പ് പ്ലാറ്റ്‌ഫോമുകള്‍ക്കായി നിര്‍മ്മിക്കപ്പെട്ട സിനിമകളെപ്പോലെ വെബ് സീരിസുകളില്‍ ഭൂരിഭാഗവും കാണികളുടെ ഉദ്വേഗത്തെ ചൂഷണം ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രമേയപരിസരത്തില്‍ നില്‍ക്കുന്നവയാണ്. കുറ്റകൃത്യം, കുറ്റവാളി, ഇര, കുറ്റാന്വേഷണം, ചുരുളഴിക്കല്‍, അന്വേഷണത്തിലെ കണ്ടെത്തല്‍ തുടങ്ങി മനുഷ്യമനസ്സിനെ എക്കാലവും മദിച്ചുപോരുന്ന ആകാംക്ഷകളെയും ത്വരകളെയും വികാരങ്ങളെയും ചൂഷണം ചെയ്യാനാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം കാലത്തെ വിഷ്വല്‍ എന്റര്‍ടെയ്ന്‍മെന്റ് വിപണി പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത്. പോയ പതിറ്റാണ്ടില്‍ ലോകസിനിമയിലാകെ രൂപപ്പെട്ട ഈ പ്രവണതയാണ് മലയാളവും പിന്തുടര്‍ന്നു പോരുന്നത്.

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കു വേണ്ടി സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടു തുടങ്ങിയതോടെ ഒരു ചെറിയ പ്രദേശമോ വീടോ സ്ഥാപനമോ മാത്രം പശ്ചാത്തലമാകുന്ന ഉദ്വേഗഭരിതമായ കഥാപ്രമേയങ്ങള്‍ക്ക് പ്രസക്തിയേറി. കുറ്റാന്വേഷണ കഥകളില്‍ മാത്രമൊതുങ്ങാതെ സൈക്കോളജിക്കല്‍, മിസ്റ്ററി, സ്‌പൈ, ലീഗല്‍, ആക്ഷന്‍, സയന്‍സ് ഫിക്ഷന്‍ തുടങ്ങി ത്രില്ലറുകളിലെ അവാന്തര വിഭാഗങ്ങളിലൂടെ സഞ്ചരിക്കാനും ഇത്തരം സിനിമകള്‍ ശ്രദ്ധിച്ചു. ത്രില്ലറുകള്‍ കാണാനുള്ള പ്രേക്ഷകാഭിരുചിയെ ചൂഷണം ചെയ്തുകൊണ്ടായിരുന്നു ഈ സിനിമകളില്‍ ഭൂരിഭാഗവും രൂപപ്പെട്ടത്. പ്രേക്ഷകര്‍ക്ക് താത്പര്യമെന്താണോ, അത് നല്‍കുകയെന്ന വിപണി സമവാക്യത്തിന്റെ ഭാഗമായി ഈ ജോണര്‍ സിനിമകളുടെ ധാരാളിത്തം തന്നെ മലയാളത്തില്‍ കണ്ടു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി ലോകസിനിമയിലെ ത്രില്ലറുകള്‍ കാണാന്‍ അവസരം ലഭിച്ചതോടെ കാണികള്‍ മലയാളത്തിലെ ഈ ജോണര്‍ പരീക്ഷണങ്ങളോടും പ്രതിപത്തി കാണിക്കാന്‍ തയ്യാറാകുകയാണുണ്ടായത്.


സിനിമ-തിയേറ്റര്‍ വ്യവസായത്തെ പ്രതിസന്ധിയിലാക്കിയ കോവിഡും അതിനു സമാന്തരമായി ജനകീയമായ ഒടിടി കാഴ്ചസംസ്‌കാരവും ത്രില്ലര്‍ സിനിമകളുടെ വ്യാപകമായ രൂപപ്പെടലിന് വഴിയൊരുക്കി. ചുരുങ്ങിയ ബജറ്റില്‍, ചുരുക്കം കഥാപാത്രങ്ങളെ വച്ച് തീരെച്ചെറിയ ഭൂമികയില്‍ ഒരുങ്ങുന്ന ഒട്ടേറെ ത്രില്ലര്‍ സിനിമകള്‍ ഈ കാലയളവില്‍ കാണികളെ തേടി. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയ മലയാള സിനിമകളില്‍ നല്ലൊരു ശതമാനവും ത്രില്ലറുകളാണെന്നു കാണാം. എന്നാല്‍ ഈ സിനിമകള്‍ മിക്കതും വിജയസിനിമകളുടെ പശ്ചാത്തലവും പ്രമേയഘടനയും പിന്തുടര്‍ന്ന് എളുപ്പത്തില്‍ രൂപപ്പെടുത്തിയവയാണെന്നു മനസ്സിലാകും. അതോടെ പോയ പതിറ്റാണ്ടില്‍ മെമ്മറീസോ ദൃശ്യമോ അഞ്ചാം പാതിരയോ നല്‍കിയ ആസ്വാദനാനുഭവം നിലനിര്‍ത്തുന്നതില്‍ ഇവയെ തുടര്‍ന്നുവന്ന ത്രില്ലറുകള്‍ പിറകോട്ടു പോയി. പ്രമേയത്തിലെ പുതുമയില്ലായ്മയും ഉദ്വേഗം നിലനിര്‍ത്തുന്നതില്‍ പരാജയപ്പെടുന്നതും ഒരേ ആഖ്യാനമാതൃക പിന്തുടരുകയും ചെയ്യുന്നതാണ് ഈ സിനിമകളെ കാണികളില്‍ എന്തെങ്കിലും തരത്തിലുള്ള വികാരാവേഗം നിലനിര്‍ത്തുന്നതില്‍ നിന്ന് അകറ്റിയത്. ഇത്തരുണത്തിലാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച മിസ്റ്ററി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുകളിലൊന്നെന്ന വിശേഷണത്തില്‍ കെ.ജി ജോര്‍ജിന്റെ യവനിക ഇപ്പോഴും തുടരുന്നതും നാലു പതിറ്റാണ്ടിനിപ്പുറവും പ്രസക്തമാകുന്നതും.

ചില സിനിമകള്‍ക്ക് മാത്രമേ ഒരു ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്ന ജനപ്രിയ ചട്ടക്കൂടുകള്‍ക്കും സമ്പ്രദായങ്ങള്‍ക്കും പുറത്തുകടക്കാനും ഗതിമാറ്റാനും സാധിക്കാറുള്ളൂ. ഈ ഗണത്തിലാണ് യവനികയെ ഉള്‍പ്പെടുത്താനാകുക. പൂര്‍വ്വമാതൃകകളില്ലാത്ത സിനിമയായിരുന്നു ഇത്. അതുവരെ കണ്ടുശീലിച്ചതില്‍ നിന്ന് വേറിട്ട ഒരു പുതിയ അനുഭവമായിരുന്നു യവനികയിലൂടെ കാണികള്‍ക്ക് സാധ്യമായത്. ഈ പുതുമ അവര്‍ ഉള്‍ക്കൊണ്ടു. വാണിജ്യ, സമാന്തര പാതകളെക്കുറിച്ച് ആശങ്കകളില്ലാതെ തന്റേതു മാത്രമായ പുതിയ സിനിമ തീര്‍ക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്ന ഒരു സംവിധായകനില്‍ നിന്നുണ്ടായ നവംനവമായ സൃഷ്ടിയായിരുന്നു യവനിക. ഈ നവീനത ഒന്നുകൊണ്ടു തന്നെ നാല്‍പ്പതാണ്ട് പിന്നിടുമ്പോഴും ഒരു നവസൃഷ്ടിയായി യവനികയ്ക്ക് തുടരാനാകുന്നു.


1980 കളില്‍ സിനിമയോളം ജനപ്രിയമായിരുന്ന പ്രൊഫഷണല്‍ നാടകത്തിന്റെ സങ്കേതങ്ങള്‍ സസൂക്ഷ്മം തിരക്കഥയില്‍ ഉപയോഗപ്പെടുത്തിയുള്ള യവനികയുടെ ആഖ്യാനരീതി ഏറെ പുതുമയുള്ളതായിരുന്നു. നാടകവേദികള്‍ സിനിമയുടെ അവതരണ പശ്ചാത്തലത്തില്‍ അതിനു മുമ്പും കടന്നുവന്നിട്ടുണ്ടെങ്കിലും അതിന് കഥാഗതിയില്‍ ഇത്രയധികം പ്രാമുഖ്യമുണ്ടാകുകയും ഒരു കഥാപാത്രത്തോളം തന്നെ പ്രാധാന്യം കൈവരുകയും ചെയ്യുന്നത് ആദ്യമായിട്ടായിരുന്നു. സിനിമയുടെ തുടക്കത്തിലും പ്രധാന സന്ദര്‍ഭങ്ങളിലും ക്ലൈമാക്‌സിലും ഫലപ്രദമായി ഉപയോഗപ്പെടുത്തിയ നാടകരംഗങ്ങള്‍ക്ക് ഇപ്പോഴും പുതുമ ചോരുകയോ വിരസത കൈവരുകയോ ചെയ്യുന്നില്ലെന്നത് വസ്തുതയാണ്. ഇത്തരമൊരു നൂതന സങ്കേതമോ പുതുമയോ ആഖ്യാനത്തില്‍ കൊണ്ടുവരുന്നതിലാണ് പുതിയകാല ത്രില്ലറുകള്‍ പരാജയപ്പെട്ടു പോകുന്നതും.

1982 ഏപ്രിലിലെ അവസാന ദിനത്തില്‍ സൂപ്പര്‍താരമായ പ്രേംനസീറിന്റെ ഇവന്‍ ഒരു സിംഹം എന്ന ചിത്രത്തിനൊപ്പം പുറത്തിറങ്ങുകയും കേവലം നാല് തിയേറ്ററുകളില്‍ മാത്രം പ്രദര്‍ശിപ്പിച്ചു തുടങ്ങുകയും ചെയ്ത യവനിക തുടര്‍ന്നുള്ള ദിവസങ്ങളില്‍ സൃഷ്ടിച്ചത് ആസ്വാദനത്തിന്റെയും ജനപ്രിയതയുടെയും വേറിട്ട വിതാനമാണ്. കേവലം തിയേറ്റര്‍ വിജയത്തില്‍ മാത്രം ഒതുങ്ങിയൊടുങ്ങുന്നതായിരുന്നില്ല യവനിക സൃഷ്ടിച്ച കാഴ്ചയുടെ സാധ്യത. അതിന്റെ അവതരണം അത്ഭുതപ്പെടുത്തുന്നതും ആസ്വാദനം തുടര്‍ന്നുള്ള പതിറ്റാണ്ടുകളിലേക്കും തലമുറകളിലേക്കും പടര്‍ന്നുപരക്കാന്‍ പോന്നതുമായിരുന്നു. 


മലയാളത്തിലെ കുറ്റാന്വേഷണ സിനിമകള്‍ അതുവരെ പിന്തുടര്‍ന്നുപോന്ന കഥപറച്ചില്‍ രീതികളെ പാടേ മറികടക്കുന്നതായിരുന്നു യവനികയുടെ ആഖ്യാനം. അതിനു മുമ്പുണ്ടായിരുന്ന കുറ്റാന്വേഷണ സിനിമകളില്‍ കഥാസാഹചര്യം ആവശ്യപ്പെടാത്ത സന്ദര്‍ഭങ്ങളില്‍ പോലും പാട്ടുകളും തമാശ രംഗങ്ങളും ജനപ്രിയ ചേരുവകളും ചേര്‍ക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ യവനിക ഈ മുഖ്യധാരാ സങ്കല്‍പ്പങ്ങളില്‍ നിന്ന് വഴിമാറി തനതായ ഒരു വഴക്കം സൃഷ്ടിച്ചു. ആവശ്യമില്ലാത്ത ഒരു സന്ദര്‍ഭമോ സംഭാഷണമോ കഥാപാത്രമോ ഈ സിനിമയിലില്ല. തുടര്‍ന്നുവന്ന അന്വേഷണാത്മക കഥാസിനിമകള്‍ക്ക് യവനിക വെട്ടിയ വഴിയേ സഞ്ചരിക്കേണ്ടിവന്നു. അതല്ലെങ്കില്‍ അതിനെ മറികടന്ന് മുന്നോട്ടു പോകേണ്ടിവന്നു. മലയാളത്തിലെ മുഖ്യധാരാ സിനിമകളില്‍ പ്രബലമായിരുന്ന വഴി ജനപ്രിയ ചേരുവകളുമായി മാത്രം ബന്ധപ്പെടുത്തിയുള്ളതായിരുന്നു. അതില്‍ റിയലസ്റ്റിക് കഥാകഥന ശൈലിക്ക് പ്രസക്തി തീരെയില്ലായിരുന്നു. മുഖ്യധാരാ സിനിമ ഒഴിച്ചിട്ടിരുന്ന ഈ റിയലസ്റ്റിക്ക് ശൈലി കൂടിയാണ് യവനിക അവലംബിച്ചത്. 

മുഖ്യധാരാ സിനിമാ ശൈലിയോട് ചേര്‍ന്നുനില്‍ക്കുമ്പോള്‍ തന്നെ റിയലിസത്തിന്റെ ലക്ഷണങ്ങള്‍ യവനികയില്‍ പ്രകടമായിരുന്നു. പ്രമേയത്തെയും കഥാപാത്രങ്ങളെയും പുറംതലോടലിലും സംഭാഷണാഭിനയ പ്രക്രിയകളിലും മാത്രം ഒതുക്കിയിടാതെ ദാര്‍ശനികമായും മനശാസ്ത്രപരമായും സമീപിക്കാന്‍ യവനിക ശ്രദ്ധിച്ചു. തബലിസ്റ്റ് അയ്യപ്പന്‍, രോഹിണി, ബാലഗോപാലന്‍, വക്കച്ചന്‍, ജോസഫ് കൊല്ലപ്പള്ളി തുടങ്ങിയ കഥാപാത്രങ്ങളെ സിനിമ സമീപിച്ചിരിക്കുന്ന രീതി നിരീക്ഷിക്കുമ്പോള്‍ ഇത് വ്യക്തമാകും. ഈ കഥാപാത്രങ്ങളിലോരോന്നിലും സൂക്ഷ്മമായി ശ്രദ്ധവയ്ക്കുന്നുണ്ട് സിനിമ. എന്നാല്‍ ബോധപൂര്‍വ്വം അത്തരമൊരു ശ്രമം നടത്തുന്നതായി പ്രേക്ഷകന് അനുഭവപ്പെടുകയും ചെയ്യുന്നില്ല. വാക്കുകളേക്കാള്‍ വികാരങ്ങള്‍ക്കും ഭാവങ്ങള്‍ക്കും ആവിഷ്‌കരിക്കാത്ത സീക്വന്‍സുകള്‍ക്കും സിനിമ പ്രാധാന്യം നല്‍കുന്നു. അയ്യപ്പന്റെ മരണത്തിലേക്ക് നീളുന്ന സൂചകങ്ങള്‍ രോഹിണിയിലും കൊല്ലപ്പള്ളിയിലും ഇട്ടുപോകുന്നുണ്ടെന്നതിന് ഒരുപക്ഷേ ആവര്‍ത്തിച്ചുള്ള കാഴ്ചകളിലായിരിക്കും കൂടുതല്‍ തെളിച്ചം വരിക. നാടക അരങ്ങിലെയും അണിയറയിലെയും യഥാര്‍ഥ ജീവിതത്തിലെയും സംഭവങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍ കിട്ടുന്ന ഉത്തരങ്ങള്‍ക്കും ഏറെ പ്രസക്തിയുണ്ടെന്നു കാണാം. നാടകപശ്ചാത്തലവുമായി ചേര്‍ത്ത് അവതരിപ്പിച്ചിരിക്കുന്ന പാട്ടുകളിലെ കഥാപാത്ര ഭാവങ്ങള്‍ ഒരേസമയം ജീവിത സന്ദര്‍ഭങ്ങളോടു കൂടി വിളക്കി ചേര്‍ത്തിട്ടുള്ളതാണ്. ഇവിടെയെല്ലാം കെ.ജി ജോര്‍ജിലെ സംവിധായകനിലെയും തിരക്കഥാകാരനിലെയും സൃഷ്ടി, രചനാകൗശലങ്ങള്‍ പ്രകടമാക്കാന്‍ അവസരമൊരുങ്ങുന്നു.


നായകന്‍, നായിക, വില്ലന്‍ തുടങ്ങി കച്ചവട സിനിമ പിന്തുടര്‍ന്നു പോന്നിരുന്ന പരമ്പരാഗത സങ്കല്‍പ്പങ്ങള്‍ക്ക് യവനികയില്‍ പ്രസക്തിയില്ല. ഇവിടെ കഥാപാത്രങ്ങള്‍ മാത്രമാണുള്ളത്. അവര്‍ സാഹചര്യത്തോട് ഏറ്റവും സ്വാഭാവികമായി പെരുമാറുന്നവരാണ്. കഥാപ്രമേയത്തോട് ചേര്‍ന്ന് അവരുടെ പ്രാധാന്യം ഏറിയും കുറഞ്ഞുമിരിക്കുന്നു. ഒരു വേള വക്കച്ചന് കൈവരുന്ന പ്രാധാന്യം പിന്നീട് തബലിസ്റ്റ് അയ്യപ്പനിലേക്കും പിന്നീട് രോഹിണിയിലേക്കും ജേക്കബ്ബ് ഈരാളിയിലേക്കും കൊല്ലപ്പള്ളിയിലേക്കുമെല്ലാം മാറുന്നുണ്ട്. ജേക്കബ്ബ് ഈരാളിയുടെ കേസന്വേഷണത്തിലെ സ്വാഭാവികതയും ഏറെ ശ്രദ്ധേയമാണ്. സാഹചര്യത്തെളിവുകളിലും കഥാപാത്രങ്ങളുടെ മാനസികാവസ്ഥയോടും സംവദിച്ചും മാത്രമാണ് യവനികയിലെ പോലീസ് ഉദ്യോഗസ്ഥന്‍ കേസന്വേഷണം നടത്തുന്നത്. അമാനുഷികമായ പ്രവൃത്തികളോ തെളിവുകളോ അയാള്‍ക്ക് സഹായകമാകുന്നില്ല. മനുഷ്യസഹജമായി സാധിക്കുന്ന അന്വേഷണങ്ങളിലൂടെയും ഊഹങ്ങളിലൂടെയും തെളിവുകളിലൂടെയും കടന്നുപോയി പതിയെപ്പതിയെയാണ് അയാള്‍ പ്രതികളിലേക്ക് എത്തുന്നത്.

യവനിക തിയേറ്റര്‍ വിജയമായത് എല്ലാത്തരം പ്രേക്ഷകര്‍ക്കും മനസ്സിലാകുന്ന ലളിതമായ കഥപറച്ചില്‍ കൊണ്ടായിരുന്നെങ്കില്‍ തന്നെയും അതിനു മറുപുറം പൂരിപ്പിക്കാനുള്ള നിരവധിയായ സങ്കീര്‍ണതകള്‍ക്കു കൂടി അവസരം അവശേഷിപ്പിച്ചിടുന്ന ആഖ്യാനശൈലിയായിരുന്നു സ്വീകരിച്ചത്. കെജി ജോര്‍ജ് പിന്തുടര്‍ന്നുപോന്ന മധ്യവര്‍ത്തി സിനിമാ ശൈലിയുടെ സാധ്യത കൂടിയാണിത്. 1980 കളില്‍ പിന്തുടര്‍ന്നു വന്ന മധ്യവര്‍ത്തി സിനിമകളോട് പ്രേക്ഷകര്‍ക്ക് അടുപ്പമേറ്റാനും യവനികയുടെ വിജയം പ്രചോദകമായെന്നു വേണം പറയാന്‍.

മാതൃഭൂമി ഓണ്‍ലൈന്‍, 2022 ജൂലൈ 15, ഷോ റീല്‍ 28

No comments:

Post a Comment