Tuesday, 10 January 2023

സേതുമാധവന്റെ രാമപുരം, ബാലന്റെ മേലൂക്കാവ്, മഹേഷിന്റെ പ്രകാശ് സിറ്റി.. മലയാള സിനിമയിലെ കവലകള്‍


'ഏതു വീട്, കയറിക്കിടക്കാന്‍ ഒരിടം പോലും ഇല്ലാത്തവനാണ് ഞാന്‍. ദാ കണ്ടോ, ആ തെരുവിലാണ് സേതുമാധവന് എല്ലാം നഷ്ടപ്പെട്ടത്. സ്വപ്‌നങ്ങളും ജീവിതവും എല്ലാം. എന്നിട്ടൊരു കിരീടവും വച്ചു തന്നു.' ജയില്‍ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തിയ തന്റെ ജീവിതം ഇനി ഒരിക്കലും പഴയതു പോലെയാകില്ലെന്ന് മറ്റാരേക്കാളും നന്നായി സേതുമാധവന്‍ തിരിച്ചറിയുന്നുണ്ട്. നഷ്ടബോധത്തിന്റെ ഈ തിരിച്ചറിവിലാണ് ഉറ്റസുഹൃത്തായ കേശുവിനോട് സേതു ഇങ്ങനെ പറയുന്നത്. തനിക്ക് എല്ലാം നഷ്ടമായത് ഇവിടെ വച്ചാണെന്ന് ജനാലയിലൂടെ രാമപുരം അങ്ങാടിയിലേക്ക് നിസ്സഹായനായി നോക്കിക്കൊണ്ടാണ് സേതു പറയുന്നത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പാത്രസൃഷ്ടികളിലൊന്നായ സേതുമാധവനെ മെനഞ്ഞെടുത്ത കിരീടത്തിലെയും അതിന്റെ തുടര്‍ച്ചയായ ചെങ്കോലിലെയും പ്രമേയ പശ്ചാത്തലത്തില്‍ സുപ്രധാന ഇടമാണ് രാമപുരം അങ്ങാടി. സേതുമാധവന്റെ വളര്‍ച്ചയും സ്വപ്‌നങ്ങളും ഈ തെരുവ് കാണുന്നുണ്ട്. സേതുവിന്റെ സൗഹൃദത്തിനും പ്രണയത്തിനും സാക്ഷിയാണ് രാമപുരം കവല. സേതുവിനെപ്പോലെ മറ്റു കഥാപാത്രങ്ങള്‍ കണ്ടുമുട്ടുന്നതും ജീവിത വ്യവഹാരം നിവര്‍ത്തിക്കുന്നതും ഈ തെരുവില്‍ വച്ചു തന്നെയാണ്. ഒടുവില്‍ ഒറ്റനിമിഷത്തെ സ്വയംമറന്നുപോകലില്‍ കണ്ട സ്വപ്‌നങ്ങളെല്ലാം വൃഥാവിലാക്കിക്കൊണ്ട് സേതുവിന് സകലതും നഷ്ടമാകുന്നതും ഈ തെരുവില്‍ വച്ചു തന്നെ. 
ഒരു ദേശത്തിന്റെ നിര്‍ണായകമായ ഭൂമികയാണ് അതിലെ കവല/അങ്ങാടി. അതതു ദേശത്തെ ജനത ദൈനംദിന ജീവിതത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് എത്തിച്ചേരുന്ന ഇടമാണ് ആ ദേശത്തിന്റെ ജീവനാഡിയായ അങ്ങാടി. ഇവിടെ നിന്നായിരിക്കും അവര്‍ നിത്യവൃത്തിക്കായുള്ള ഉപാധികള്‍ കണ്ടെത്തുന്നത്. തങ്ങള്‍ കാര്‍ഷികവൃത്തിയിലൂടെയോ മറ്റു തൊഴിലുകള്‍ വഴിയോ ഉത്പാദിപ്പിച്ച സാധനങ്ങള്‍ വില്‍ക്കുന്നതും ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങിക്കുന്നതും മറ്റു ക്രയവിക്രയങ്ങള്‍ നടത്തുന്നതും ഈ അങ്ങാടിയില്‍ വച്ചായിരിക്കും. അവശ്യസാധനങ്ങള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നതിലുപരി ദേശവാസികള്‍ തമ്മിലുള്ള മാനസികമായ കൊടുക്കല്‍വാങ്ങലുകള്‍ക്ക് നിലമൊരുക്കുന്നതും ഇത്തരം കവലകളാണ്. അവിടത്തെ ചായക്കട, പലചരക്കുകട, റേഷന്‍കട, ബാര്‍ബര്‍ ഷോപ്പ് തുടങ്ങിയവയെല്ലാം ദേശവാസികളുടെയാകെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കുന്നവയും അവര്‍ കണ്ടുമുട്ടുകയും ചെയ്യുന്ന ഇടമാണ്. ഇക്കൂട്ടത്തില്‍ ചായക്കടകള്‍ക്ക് സവിശേഷമായ പ്രാധാന്യമാണുള്ളത്. മറ്റുള്ളവയില്‍ കൂടിയിരിപ്പിന് വലിയ സാധ്യതയും സാവകാശവും ലഭിക്കുന്നില്ലെന്നിരിക്കേ ചായക്കടകള്‍ ദേശത്തെ വിശേഷങ്ങളെല്ലാം സമാഹരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന പൊതു ഇടമാണ്. അവിടെയാണ് ചര്‍ച്ചകള്‍ രൂപംകൊള്ളുകയും പോഷിക്കപ്പെടുകയും വിതരണം ചെയ്യുകയും ചെയ്യുന്നത്. ഇക്കാരണത്താല്‍ തന്നെ ദേശത്തെ കവലയിലെ അതീവപ്രാധാന്യമുള്ള ഇടമായി ചായക്കട മാറുന്നു. ഒരു ദേശത്തിന്റെ കഥ പറയുന്ന സിനിമകളില്‍ ഇത്തരം കവലകള്‍ നിര്‍ണായക സാന്നിധ്യമായി മാറുന്നത് സാധാരണമാണ്. ദേശവാസികളുടെ വ്യവഹാര നിര്‍വഹണത്തിനും സൗഹൃദത്തിനും മാത്രമല്ല, വ്യക്തിയുടെയോ ദേശത്തിന്റെയോ കാര്യത്തില്‍ നിര്‍ണായകമായി മാറിയേക്കാവുന്ന സംഭവവികാസങ്ങള്‍ക്കും ഈ കവലകള്‍ സാക്ഷ്യം വഹിക്കുന്ന സന്ദര്‍ഭങ്ങളുമുണ്ട്. ഇത്തരത്തിലൊരു സാന്നിധ്യമാണ് സേതുമാധവന്റെ ജീവിതത്തെ മാറ്റിമറിച്ച രാമപുരം അങ്ങാടിയുടേത്. ഈ മാതൃകയില്‍ സിനിമയില്‍ കഥാപാത്രങ്ങളെപ്പോലെ കഥാഭൂമിക നിര്‍ണായക സാന്നിധ്യമായി മാറുന്ന നിരവധിയായ സന്ദര്‍ഭങ്ങളുണ്ട്. ഈ സവിശേഷ പ്രാധാന്യം കൊണ്ടുതന്നെ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെപ്പോലെ പ്രേക്ഷകര്‍ ഈ ഭൂമികയും ഓര്‍ത്തുവച്ചേക്കും. കഥാപാത്രങ്ങള്‍ കണ്ടുമുട്ടുന്നതും ആശയവിനിമയം നടത്തുന്നതും കഥാവികസനം സാധ്യമാകുന്നതും നിര്‍ണായക ഗതിവിഗതികള്‍ പലതും സംഭവിക്കുന്നതും ഈ കവലയില്‍ വച്ചായിരിക്കും.

സത്യന്‍ അന്തിക്കാടിന്റെ മിക്ക സിനിമകളിലും ഇത്തരം ഒരു കവലയുടെ/അങ്ങാടിയുടെ സാന്നിധ്യമുണ്ടെന്നു കാണാനാകും. ദേശത്തെ പ്രധാനികളുടെ സുഹൃദ്‌സമ്മേളന ഇടമായിരിക്കും ഈ അങ്ങാടി. അബൂബക്കറിന്റെ ചായക്കടയിലാണ് തട്ടാന്‍ ഭാസ്‌കരനും പണിക്കരും വെളിച്ചപ്പാടും പാപ്പിയും മാധവന്‍ നായരും ഹാജ്യാരുമെല്ലാം കണ്ടുമുട്ടുന്നതും നാട്ടുവിശേഷങ്ങള്‍ പങ്കിടുന്നതും. പാര്‍വതിയുടെ നൃത്താലയവും ഈ ചായക്കട കെട്ടിടത്തില്‍ തന്നെ. ഗോളാന്തരവാര്‍ത്തയില്‍ രമേശന്‍ നായരുടെ പലചരക്കുകട
 കേന്ദ്രീകരിച്ചാണ് അങ്ങാടി വര്‍ത്തമാനത്തിന്റെ മുന്നോട്ടുപോക്ക്. സന്ദേശത്തില്‍ പ്രഭാകരന്റെയും പ്രകാശന്റെയും പാര്‍ട്ടി ഓഫീസുകള്‍ക്കും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും വിളനിലമാകുന്നത് സമാന മാതൃകയിലുള്ള ഒരു ഇടത്തരം അങ്ങാടിയാണ്. രണ്ടായിരത്തിനു ശേഷം ഇമ്മട്ടിലുള്ള ഗ്രാമീണ കവലകള്‍ കേരള ഭൂപ്രകൃതിയില്‍ നിന്നും സിനിമയില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരുന്നപ്പോഴും ഈ കാലയളവില്‍ പുറത്തിറങ്ങിയ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക (2001), മനസ്സിനക്കരെ (2003) തുടങ്ങിയ സത്യന്‍ അന്തിക്കാട് സിനിമകളിലെല്ലാം കഥാപശ്ചാത്തലത്തിലെ നിര്‍ണായക സാന്നിധ്യമാകുന്നത് ഇത്തരം കവലകളാണ്. ഗ്രാമത്തനിമ എളുപ്പത്തില്‍ വിട്ടുകളയാന്‍ കൂട്ടാക്കാത്ത മനസ്സ് കൂടി ഇൗ വീണ്ടെടുക്കലിനു പിറകിലുണ്ടെന്നു കാണാം.

മലയാള സിനിമ സ്റ്റുഡിയോ ഫ്‌ളോര്‍ വിട്ട് പൂര്‍ണമായും തെരുവിലേക്കിറങ്ങിയ 1980 കളിലാണ് ഗ്രാമ ദേശങ്ങളും കവലകളും ഫ്രെയിമുകളില്‍ സജീവ സാന്നിധ്യമറിയിക്കുന്നത്. അക്കാലത്തെ സിനിമകളിലെ പേരുകളില്‍ പോലും ഇവ്വണ്ണം ദേശത്തിന്റെയും തെരുവുകളുടെയും സൂചനകളുണ്ട്. കമലിന്റെ പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, പ്രാദേശിക വാര്‍ത്തകള്‍ എന്നീ സിനിമകളില്‍ പെരുവണ്ണാപുരം, ചിറ്റാരിമംഗലം എന്നീ പേരുകളിലുള്ള അങ്ങാടികളാണ് കഥാപാത്രങ്ങളെപ്പോലെ സവിശേഷമായി അടയാളപ്പെടുത്തപ്പെടുന്നത്. ചിറ്റാരിമംഗലം ലക്ഷ്മി ടാക്കീസും അനുബന്ധ വ്യവഹാര സ്ഥാപനങ്ങളും ഗ്രാമത്തിന്റെ മുഖവും കൂടിയിരിപ്പിടവുമാകുമ്പോള്‍ പെരുവണ്ണാപുരം അങ്ങാടി ദേശത്തെ സര്‍വ്വസാധാരണീയരും രസികത്തം നിറഞ്ഞവരുമായ മനുഷ്യരുടെ കണ്ടുമുട്ടലിന് ഇരിപ്പിടമൊരുക്കുന്നു. മുത്താരംകുന്ന് ദേശത്ത് പുതുതായി എത്തുന്ന പോസ്റ്റ്മാന്റെ ജീവിതവുമായി വിളക്കിച്ചേര്‍ത്ത് മുന്നോട്ടുപോകുന്ന സിബിമലയിലിന്റെ മുത്താരംകുന്ന് പിഒയില്‍ തെരുവ് നിര്‍ണായക സാന്നിധ്യമാകുന്നുണ്ട്. സാജന്റെ ആമിനാ ടെയ്‌ലേഴ്‌സില്‍ കുന്നത്തങ്ങാടി എന്ന കവലയ്ക്ക് പ്രധാന കഥാപാത്രത്തോളം തന്നെ പ്രാധാന്യം കൈവരുന്നുണ്ട്. അബ്ദുള്‍ അസീസിന്റെയും വാസുവിന്റെയും തയ്യല്‍ക്കടയും നായരുടെ ചായക്കടയും മഞ്ചേരി മജീദും മലപ്പുറം മൊയ്തീനും അഭ്യാസമുറകള്‍ കാണിക്കുന്നതും വെല്ലുവിളി നടത്തുന്നതും അടിതടകള്‍ നടക്കുന്നതും കുന്നത്തങ്ങാടിയില്‍ വച്ചാണ്. 1980 കളുടെ തുടര്‍ച്ചയായി തൊണ്ണൂറുകളിലെ മിക്ക സിനിമകളിലും ഇത്തരമൊരു ഗ്രാമീണകവലയുടെ ചിത്രണമുള്ളതായി കാണാം.  ഡോ.പശുപതി, തലയണമന്ത്രം, നെറ്റിപ്പട്ടം, ഭാഗ്യവാന്‍, ആധാരം, വളയം, ഈ പുഴയും കടന്ന്, ചുരം, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയ സിനിമകളിലെല്ലാം കവലകള്‍ കഥാഗതിയില്‍ സവിശേഷ സാന്നിധ്യമാകുന്നുണ്ട്. ഇതിന്റെ തുടര്‍ പതിറ്റാണ്ടിലെ ആദ്യവര്‍ഷങ്ങളിലെത്തുന്ന തിളക്കം, ബാലേട്ടന്‍ തുടങ്ങിയ സിനിമകളിലെ കവലകളും ഇതിനോടു ചേര്‍ത്തുവായിക്കാവുന്നതാണ്.
വേലായുധന്‍ എന്ന സാധാരണക്കാരനും എന്നാല്‍ അതിമാനുഷത്വം പേറുന്നവനുമായ മനുഷ്യന്റെ പ്രഖ്യാപനങ്ങളും പ്രവൃത്തികളുമെല്ലാം മുള്ളന്‍കൊല്ലി കവലയെ കേന്ദ്രീകരിച്ചാണ്. ദേശത്തിന്റെ പേരുകൊണ്ടു തന്നെ അറിയപ്പെടുന്ന വേലായുധന്‍ തന്റെ നിയമാവലികള്‍ നാട്ടുകാര്‍ മുമ്പാകെ പ്രഖ്യാപിക്കുന്നതും തീര്‍പ്പാക്കുന്നതും മുള്ളന്‍കൊല്ലി കവലയില്‍ വച്ചാണ്. ചീഞ്ഞ മീന്‍ മുള്ളന്‍കൊല്ലിയില്‍ വില്‍ക്കാന്‍ പാടില്ലെന്ന് പറയുന്ന വേലായുധന്‍ അത് കുഴികുത്തി മൂടാന്‍ ആവശ്യപ്പെടുന്നത് കവലയില്‍വച്ചാണ്. നല്ലനടപ്പിനായുള്ള വേലായുധന്റെ പല തീരുമാനങ്ങളും നാട്ടുകാര്‍ കൈയടിച്ച് പാസ്സാക്കുന്നതും മുള്ളന്‍കൊല്ലി കവലയില്‍ വച്ചു തന്നെ. രാജഭരണത്തിന്റെ കീഴ്വഴക്കങ്ങളും അലിഖിത നിയമാവലികളും പേറുന്ന ഒരു സ്വഭാവം ഇതിനു കൈവരുന്നുണ്ട്. പക്ഷേ തങ്ങളുടെ കവലയില്‍ വച്ച് നടക്കുന്ന നീതിനിര്‍വഹണത്തില്‍ സംതൃപ്തരും വേലായുധനില്‍ ദേശത്തിന്റെ രക്ഷകനെ തന്നെ കാണുന്നവരുമാണ് മുള്ളന്‍കൊല്ലിക്കാര്‍. 

വേലായുധനുമായും മുള്ളന്‍കൊല്ലിയുമായും സമാനത പുലര്‍ത്തുന്നില്ലെങ്കിലും പൗരുഷത്തിലും വീര്യത്തിലും ഒട്ടും പിറകിലല്ലാത്ത ആടുതോമയും (സ്ഫടികം) കുഞ്ഞച്ചനും (കോട്ടയം കുഞ്ഞച്ചന്‍) ചാണ്ടിയു(ഒരു മറവത്തൂര്‍ കനവ്)മെല്ലാം തെരുവുകളെയും ജനക്കൂട്ടത്തെയും കൈയിലെടുക്കുന്നതില്‍ പിറകിലല്ല. ഇവരുടെയെല്ലാം വീരസ്യം പുറത്തുവരുന്നതും കവലകളില്‍ വച്ചുതന്നെ. പല സിനിമകളിലും പ്രതിനായക വെല്ലുവിളികള്‍ നടക്കുന്നതും നായക-പ്രതിനായക പോരാട്ടങ്ങള്‍ക്ക് കളമൊരുക്കുന്നതും നായകന്‍ അന്തിമവിജയം നേടുന്നതും കഥയിലെ നിര്‍ണായക ഭൂമികയായ കവലയില്‍ വച്ചായിരിക്കുമെന്നത് സിനിമ നിലനിര്‍ത്തിപ്പോരുന്ന കീഴ്വഴക്കമാണ്.
എം മോഹനന്റെ കഥ പറയുമ്പോള്‍ പഴയ സത്യന്‍ അന്തിക്കാട് സിനിമകളുടെ കഥാസൂചനകളും ഗ്രാമീണ പശ്ചാത്തലവും അവലംബിക്കുന്ന സിനിമയാണ്. മേലൂക്കാവ് എന്ന മലയോര ഗ്രാമവും കവലയും ആണ് ഇവിടെ കഥാഗതിയില്‍ നിര്‍ണായക സാന്നിധ്യമാകുന്നത്. ബാലന്റെയും സരസന്റെയും ബാര്‍ബര്‍ ഷോപ്പും ദേവസ്യയുടെ ചായക്കടയുമെല്ലാം മേലൂക്കാവ് കവലയിലാണ്. ബാലന്റെ തൊഴിലിനും വിട്ടുപോകാത്ത ദാരിദ്ര്യത്തിനും ഒരിടയ്ക്ക് സ്വപ്‌നതാരം മേലൂക്കാവിന്റെ മണ്ണില്‍ വന്നിറങ്ങുമ്പോള്‍ ബാലന്റെ ജീവിതത്തില്‍ വന്നു ഭവിക്കുന്ന അവിചാരിത സംഭവങ്ങള്‍ക്കും മേലൂക്കാവ് കവലയും അവിടത്തെ മനുഷ്യരും സാക്ഷികളാകുന്നു.

ഇടക്കാലത്തിനു ശേഷം ഗ്രാമങ്ങള്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചുവരാന്‍ തുടങ്ങിയപ്പോള്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബുകളും ചായക്കടയും ഇടത്തരം കച്ചവട സ്ഥാപനങ്ങളുമുള്ള കവലകള്‍ വീണ്ടും സക്രീനിലെ സാന്നിധ്യങ്ങളായി. ജിബു ജേക്കബ്ബിന്റെ വെള്ളിമൂങ്ങ ഇത്തരത്തില്‍ ഒരു മലയോര ഗ്രാമ കവലയ്ക്കും സാധാരണീയ ജീവിതത്തിനും ചിരപ്രതിഷ്ഠ നല്‍കിയ സിനിമയാണ്. ഒരു ഗ്രാമീണ ദേശത്തെ മനുഷ്യര്‍ എല്ലാ ദിവസവും പരസ്പരം കാണുന്നവരും തമ്മില്‍ അറിയുന്നവരുമാണ്. അവര്‍ക്കിടയിലെ ദൈനംദിന സംസാരങ്ങളുടെയും ചര്‍ച്ചകളുടെയും വിഷയങ്ങള്‍ പ്രതീക്ഷിതമായ കാര്യങ്ങള്‍ തന്നെയായിരിക്കും. വ്യത്യസ്ത കക്ഷിരാഷ്ട്രീയത്തില്‍ ഉള്‍പ്പെടുന്നവരാണെങ്കില്‍ പോലും അവരുടെ ചര്‍ച്ചായിടം ആ കവലയിലെ ഒരു ചായക്കടയോ ബസ്‌റ്റോപ്പോ ഒക്കെയായിരിക്കും. ഈയൊരു ഗ്രാമീണ നിഷ്‌കളങ്ക സൗഹൃദം വെള്ളിമൂങ്ങയിലെ കഥാപാത്രങ്ങളിലുടനീളം കാണാനാകും. ചട്ടമ്പിനാട്, മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, മേരിക്കുണ്ടൊരു കുഞ്ഞാട്, കുഞ്ഞനനന്തന്റെ കട, ആമേന്‍, കോഹിനൂര്‍, രക്ഷാധികാരി ബൈജു, 1983, കവി ഉദ്ദേശിച്ചത്, ഒരു വടക്കന്‍ സെല്‍ഫി, തീവണ്ടി, ഒടിയന്‍ തുടങ്ങി മുന്‍ പതിറ്റാണ്ടിലെ പല സിനിമകളിലും ഗ്രാമദേശത്തെ കവലകള്‍ നിര്‍ണായക സാന്നിധ്യമാകുന്നുണ്ട്. ഇവയിലെല്ലാം പഴയകാല കവലകള്‍ പുന:സൃഷ്ടിക്കുന്നതിനു പകരം പുതിയ കാലത്തെ സൗകര്യങ്ങളും മാറ്റങ്ങളും ഉള്‍ക്കൊള്ളുന്ന അങ്ങാടികളെയാണ് ചിത്രീകരിക്കുന്നതെന്നത് സത്യസന്ധത നല്‍കുന്നു. 1983 പോലെ വ്യത്യസ്ത കാലങ്ങള്‍ പരാമര്‍ശവിധേയമാകുന്ന ഒരു സിനിമയില്‍ പല കാലങ്ങളില്‍ കവലകളിലും കച്ചവട സ്ഥാപനങ്ങളിലും വരുന്ന മാറ്റം ആവിഷ്‌കരിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. വര്‍ഷം പലതു കഴിയുമ്പോഴും ചില മനുഷ്യരും അവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും അതേപടിയോ തീരെച്ചെറിയ മാറ്റങ്ങളെ മാത്രം ഉള്‍ക്കൊണ്ടുകൊണ്ടോ നിലനില്‍ക്കുന്നതും 1983യിലെ കവലയില്‍ കാണാം. സ്‌കൂള്‍ കാലം തൊട്ടുള്ള കൂട്ടുകാര്‍ മുതിരുമ്പോഴും അവര്‍ക്ക് കുട്ടികളാകുമ്പോഴും അതേ കവലയില്‍ വച്ച് കാണുന്നതും സൗഹൃദം പുതുക്കുന്നതും ഒരു ദേശത്തെ നേര്‍ക്കാഴ്ചകളുടെ സത്യസന്ധമായ ആവിഷ്‌കാരമായി മാറുന്നു.

ബേസില്‍ ജോസഫിന്റെ കുഞ്ഞിരാമായണത്തിലെ ദേശം, ഗോദയിലെ കണ്ണാടിക്കല്‍, മിന്നല്‍ മുരളിയിലെ കുറുക്കന്‍മൂല എന്നീ കവലകള്‍ കഥാഗതിയിലെ നിര്‍ണായക സംഭവങ്ങള്‍ക്ക് സാക്ഷ്യമാകുന്നവയും പരസ്പരബന്ധിതവുമാണ്. ഈ മൂന്നു ദേശങ്ങളും തമ്മില്‍ വലിയ അകലമില്ലെന്ന തരത്തിലാണ് ഈ സിനിമകളില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഓരോ സിനിമയിലും മറുസിനിമയിലെ ദേശത്തേക്കുള്ള സൂചന നല്‍കുന്നുമുണ്ട്. ദേശം എന്ന കവലയെ കേന്ദ്രീകരിച്ചാണ് കുഞ്ഞിരാമന്റെയും കൂട്ടുകാരുടെയും ദിവസങ്ങള്‍ മുന്നോട്ടുപോകുന്നത്. മുരളിയുടെയും ഷിബുവിന്റെയും സാധാരണ ദിവസജീവിതത്തിനും പിന്നീടുള്ള അസാധാരണ പ്രവൃത്തികള്‍ക്കും സാക്ഷ്യം വഹിക്കുന്നത് കുറുക്കന്‍മൂല അങ്ങാടിയാണ്.
ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരത്തിലെ പ്രകാശ് സിറ്റി കാണികളിലേക്ക് ഏറ്റവുമെളുപ്പത്തില്‍ കയറിക്കൂടുന്ന ഒരു കവലയാണ്. ഇടുക്കിയിലെ ഒരു സിറ്റി (കവല) മാതൃകയെ പ്രകാശ് സിറ്റി എന്ന പേരില്‍ അടിമുടി പറിച്ചുനടുകയായിരുന്നു ഈ സിനിമ. സിനിമയിലെ കേന്ദ്രകഥാപാത്രമായ മഹേഷിന്റെ ഭാവന സ്റ്റുഡിയോ പ്രകാശ് സിറ്റിയിലാണുള്ളത്. ഭാവനാ സ്റ്റുഡിയോയോട് ചേര്‍ന്നാണ് ബേബിച്ചേട്ടന്റെ ഫ്‌ളെക്‌സ് പ്രിന്റിംഗ് ഷോപ്പ് ഉള്ളത്. സിനിമയില്‍ സവിശേഷ പ്രാധാന്യമുള്ള ചെരിപ്പുകട, ബസ് സ്റ്റോപ്പ് തുടങ്ങിയവയെല്ലാം ഈ കവലയിലാണ്. മഹേഷിന്റെ വിടിനേക്കാളധികം സിനിമയില്‍ സാന്നിധ്യമാകുന്നത് പ്രകാശ് സിറ്റിയാണ്. മഹേഷിന്റെ പ്രതികാരത്തിലേക്ക് വഴിവയ്ക്കുന്ന നിര്‍ണായകമായ അടിപിടി നടക്കുന്നതും മഹേഷും ജിന്‍സിയും തമ്മില്‍ കാണുന്നതുമെല്ലാം പ്രകാശ് സിറ്റിയില്‍ വച്ചാണ്. അന്‍വര്‍ സാദിക്കിന്റെ മനോഹരത്തില്‍ ചിറ്റിലഞ്ചേരി എന്ന തനി പാലക്കാടന്‍ കവലയെയാണ് പുനരാവിഷ്‌കരിക്കുന്നത്. മനോഹരന്റെയും വര്‍ഗീസേട്ടന്റെയുമെല്ലാം ഉപജീവനത്തിനും ജീവിതത്തിലെ നിര്‍ണായക സംഭവങ്ങള്‍ക്കും ചിറ്റിലഞ്ചേരി അങ്ങാടി സാക്ഷിയാകുന്നു.
കാഞ്ഞാറിലെ കൈപ്പ കവല ജീത്തു ജോസഫിന്റെ ദൃശ്യത്തിന്റെ ജനപ്രീതിക്കു ശേഷം ദൃശ്യം കവല തന്നെയായി മാറുകയായിരുന്നു. കഥാഭൂമികയായ രാജാക്കാട് കവലയും പോലീസ് സ്റ്റേഷനും ജോര്‍ജ്കുട്ടിയുടെ കേബിള്‍ ടിവി ഓഫീസും സുലൈമാന്റെ ചായക്കടയും അനുബന്ധ കെട്ടിടങ്ങളും ഒക്കെയുള്ള തെരുവാണ് സൃഷ്ടിക്കപ്പെടുന്നത്. ദൃശ്യത്തില്‍ ജോര്‍ജ്കുട്ടിയുടെ വീടിനെപ്പോലെ തന്നെ പ്രാധാന്യം കൈവരുന്നുണ്ട് ഈ കവലയ്ക്കും.



മാതൃഭൂമി ഓണ്‍ലൈന്‍, 2022 ഡിസംബര്‍ 31, ഷോ റീല്‍ 36

No comments:

Post a Comment