Monday, 23 January 2023

മുകുന്ദന്‍ ഉണ്ണിയും നന്മയുടെ പതാകവാഹകരല്ലാത്ത നായകന്മാരും

 

നന്മ മാത്രം ചെയ്യുന്ന നായകനെ സിനിമയില്‍ കണ്ടുശീലിച്ചവരാണ് നമ്മള്‍. കുടുംബത്തിനു വേണ്ടിയും നാടിനു വേണ്ടിയും സദാ നന്മയും ത്യാഗവും ചെയ്യുന്നവരായിരിക്കും ഈ നായകന്മാര്‍. ഇനി നായകന്‍ തിന്മ ചെയ്യുന്നുവെന്ന് മറ്റു കഥാപാത്രങ്ങള്‍ തെറ്റിദ്ധരിച്ചെങ്കില്‍ തന്നെയും അതു തിരുത്തി എല്ലാവരും നായകന്റെ നന്മയെ വാനോളം പുകഴ്ത്തിക്കൊണ്ടായിരിക്കും ആ സിനിമ അവസാനിക്കുന്നത്. ഇത്തരമൊരു കാഴ്ചശീലമാണ് സിനിമ, പ്രത്യേകിച്ച് ഇന്ത്യന്‍ സിനിമ, സ്വഭാവികമായും മലയാള സിനിമ അതിന്റെ പിറവികാലം തൊട്ട് പിന്തുടര്‍ന്നു പോരുന്നത്. ഇതില്‍നിന്നുള്ള വിടുതി പ്രഖ്യാപനം അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ മാത്രമാണ് സാധ്യമായി വന്നിട്ടുള്ളത്. ജീവിച്ചുപോരുന്ന സമൂഹത്തില്‍ എന്തെല്ലാം സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരുന്നാലും സിനിമ ശുദ്ധഗതി സഞ്ചരിക്കുന്നതും നായകന്‍ നന്മയുടെ പ്രതിബിംബം ആയിരിക്കണമെന്നതുമാണ് സിനിമ പുലര്‍ത്തിപ്പോരുന്ന അലിഖിത നിയമം. 

സമൂഹത്തിന്റെ പരിച്ഛേദമെന്നതിനാല്‍ സിനിമയിലെ പ്രമേയങ്ങള്‍ പലപ്പോഴും നടപ്പു വ്യവസ്ഥിതിയെ അതേപടി അനുകരിക്കുകയും തെറ്റുകളെ എതിര്‍ത്തു പോരുകയും ചെയ്യാറുണ്ട്. ഈ അവസരങ്ങളിലെല്ലാം സിനിമയിലെ നായകപക്ഷം നന്മയെ പ്രതിനിധാനം ചെയ്തുകൊണ്ടായിരിക്കും നിലകൊള്ളുക. നായകന്‍ സമൂഹം നിശ്ചയിച്ചിട്ടുള്ള നേര്‍പാതയില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ പോലും അതിനൊരു ശരി കണ്ടെത്താനും സിനിമ ശ്രമിക്കാറുണ്ട്. സ്വാഭാവികമായും പ്രേക്ഷകരും സിനിമ നിശ്ചയിച്ച ആ ശരിക്കൊപ്പം ചേരാന്‍ നിര്‍ബന്ധിതരാകുന്നു. ജീത്തു ജോസഫിന്റെ ദൃശ്യം എന്ന സിനിമയിലെ നായകന്‍ ഇവ്വിധം സ്വന്തം കുടുംബം നടത്തിയ കൊലപാതകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നിയമവ്യവസ്ഥയെ ആകെ കബളിപ്പിക്കുന്നുണ്ട്. പക്ഷേ നായകന്റെ തെറ്റ്, ശരിയെന്നു ശഠിച്ച് അതിനൊപ്പം നില്‍ക്കാനാണ് സിനിമയും പ്രേക്ഷകനും തയ്യാറാകുന്നത്. 


അനധികൃത മാര്‍ഗങ്ങളിലൂടെ സ്വത്ത് സമ്പാദനവും പ്രശസ്തിയുമുള്‍പ്പെടെ വലിയ നിലയില്‍ എത്തുന്ന ഒരുപാടു പേര്‍ ചുറ്റിലുമുണ്ട്. ഇവരൊന്നും നന്മയുടെ തോളു ചേര്‍ന്നു മാത്രമായിരിക്കില്ല സഞ്ചരിച്ചിട്ടുണ്ടാകുക. പക്ഷേ സമൂഹത്തിന്റെ മുന്നോട്ടുപോക്കില്‍ നിശ്ചിത സ്ഥാനമാനങ്ങളിലെത്തിയ ഇവരുടെ മാര്‍ഗത്തില്‍ തടസ്സം നില്‍ക്കാന്‍ ആരും തയ്യാറായേക്കില്ല. അതുകൊണ്ടുതന്നെ ഇവര്‍ തഴച്ചുവളരുകയും ചെയ്യും. 'ലോകത്തില്‍ രണ്ടു തരം മനുഷ്യരാണുള്ളത്. ചൂഷണം ചെയ്യുന്നവരും, ചൂഷണം ചെയ്യപ്പെടുന്നവരും' എന്ന സമൂഹത്തിലെ ഈ വാസ്തവത്തെയാണ് അഭിനവ് സുന്ദര്‍ നായകിന്റെ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന സിനിമ തുറന്നുകാട്ടുന്നത്. നെഗറ്റീവ് ഷേഡ് എന്ന് ഒറ്റക്കാഴ്ചയില്‍ തോന്നിപ്പിച്ച് സമൂഹത്തിലെ ഒരു വിഭാഗം സര്‍വ്വപ്രതാപികളായ ചൂഷകരെയാണ് ഈ സിനിമയും അതിലെ നായകനും പ്രതിനിധാനം ചെയ്യുന്നത്. പല തരത്തില്‍ മറ്റു മനുഷ്യരെ ചൂഷണം ചെയ്ത് സ്വയം വളരുന്ന മനുഷ്യരുടെ പ്രതിനിധിയാണ് മുകുന്ദന്‍ ഉണ്ണി. തിരിച്ചടികള്‍ മാത്രം നേരിടുന്ന ഏതൊരു മനുഷ്യനും അവന്റെ നിരാശാവേളയില്‍ ആഗ്രഹിക്കുന്ന ജീവിത വിജയത്തിനു വേണ്ടി തെരഞ്ഞെടുക്കുന്ന വഴിയില്‍ ഒരുപക്ഷേ മനുഷ്യത്വത്തിന്റെ കണിക കണ്ടുകിട്ടിയേക്കില്ല. കാരണം അയാളോട് ലോകം മനുഷ്യത്വമോ ദയാദാക്ഷിണ്യമോ കാണിച്ചിട്ടുണ്ടാകില്ല. സ്വാഭാവികമായും വളരാനുള്ള വ്യഗ്രതയില്‍ അയാളും തനിക്ക് ചുറ്റുമുള്ള ലോകത്തിന് അത് തിരിച്ചു നല്‍കാന്‍ തയ്യാറാകുന്നില്ല. നന്മയുടെ പതാകവാഹകരായി അത്തരം കഥാപാത്രങ്ങള്‍ക്ക് നായക കര്‍തൃത്വം നല്‍കി വാഴിക്കുന്ന പതിവില്‍ നിന്ന് വിപരീതമായി പ്രതിനായകര്‍ കൂടി നിറഞ്ഞതാണ് ചുറ്റുമുള്ള സമൂഹം എന്ന് മുകുന്ദന്‍ ഉണ്ണി എന്ന കഥാപാത്രത്തിലൂടെ ഈ സിനിമ ഓര്‍മ്മിപ്പിക്കുന്നു. ഇങ്ങനെ ഓര്‍മ്മപ്പെടുത്താന്‍ ഭൂരിഭാഗം സിനിമകളും മെനക്കെടാറില്ലെന്നതു കൊണ്ടുതന്നെ സിനിമയിലെ മുഖ്യകഥാപാത്രങ്ങളെല്ലാം നന്മയുടെ പതാകവാഹകരായി മാറുന്നതാണ് പതിവ്.

മുകുന്ദന്‍ ഉണ്ണി തന്റെ വളര്‍ച്ചയ്ക്ക് തടസ്സമായി നില്‍ക്കുന്നവരെ ഉന്മൂലനം ചെയ്യുന്നതിനായി ചെയ്യുന്ന പല പ്രവൃത്തികളും നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടില്‍ പലപ്പോഴായി നടന്ന പല സംഭവങ്ങളുമായും ചേര്‍ത്തു വായിക്കാനാകും. വ്യാജരേഖകളുണ്ടാക്കി അപകീര്‍ത്തിപ്പെടുത്തുന്നതും അതുമൂലം അധികാര സ്ഥാനങ്ങള്‍ക്ക് ഇളക്കം സംഭവിക്കുന്നതും, പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തുന്നതും, സ്വയം സൃഷ്ടിക്കുന്ന വാഹനാപകടങ്ങളിലൂടെയുള്ള മരണങ്ങളുമെല്ലാം വാര്‍ത്തകള്‍പ്പുറത്തെ സാമൂഹിക യാഥാര്‍ഥ്യമാണ്. ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ സിനിമകള്‍ സാധാരണ പ്രതിനായക കഥാപാത്രങ്ങളെയാണ് ചുമതലയേല്‍പ്പിക്കാറ്. മുകുന്ദന്‍ ഉണ്ണിയില്‍ നായക കഥാപാത്രം തന്നെ ഇത് ചെയ്യുന്നുവെന്നുള്ള വ്യത്യാസം മാത്രം. സിനിമയില്‍ നായകനെക്കൊണ്ട് ചെയ്യിച്ചാലും പ്രതിനായകനെക്കൊണ്ട് ചെയ്യിച്ചാലും രണ്ടും നടപ്പു സമൂഹത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ തന്നെയാകുന്നു.


എന്നെങ്കിലുമൊരിക്കല്‍ പിടിക്കപ്പെടുമെന്ന് ഉറപ്പുള്ള ഒരു തെറ്റ് ചെയ്തവരാണ് ജീത്തു ജോസഫ് സിനിമയിലെ കഥാപാത്രങ്ങളായ ജോര്‍ജ്കുട്ടിയും കുടുംബവും. എത്ര തന്നെ ശരികളും ന്യായീകരണങ്ങളുമുണ്ടെങ്കിലും കുറ്റം കുറ്റമായിത്തന്നെ അവശേഷിക്കും. ഇത് ഏറ്റവും നന്നായി അറിയാവുന്നയാള്‍ ജോര്‍ജ്കുട്ടി തന്നെയാണ്. പോലീസ് വീണ്ടും തന്നെ തേടിയെത്തുന്ന ആ ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് അയാള്‍. അതിനെ നേരിടാനായി വര്‍ഷങ്ങളോളമെടുത്ത് അയാള്‍ ഒരു തിരക്കഥ തയ്യാറാക്കുന്നു. ആദ്യതവണ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടതു മുതല്‍ പിന്നീട് തന്നെ തേടിവരുന്ന നിയമത്തെ നേരിടാന്‍ അയാള്‍ തയ്യാറെടുക്കുന്നുണ്ട്. തന്റെ കുടുംബത്തെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നു പറയുന്ന ജോര്‍ജ്കുട്ടിയുടെ കണക്കുകൂട്ടലും ചെയ്തികളുമൊന്നും അസ്വാഭാവികമായി അനുഭവപ്പെടുന്നില്ല. ഇതു തന്നെയാണ് ജോര്‍ജ്കുട്ടിയെന്ന സാധാരണക്കാരനെക്കൊണ്ട് അസാധാരണ ക്യത്യങ്ങള്‍ ചെയ്യിപ്പിക്കാന്‍ എഴുത്തുകാരനെയും സംവിധായകനെയും പ്രേരിപ്പിക്കുന്നതും. എന്നെങ്കിലും പോലീസിന് കിഴടങ്ങേണ്ടി വരുമെന്ന് അറിയാവുന്ന ഒരാള്‍ തയ്യാറാക്കുന്ന പാതി മാത്രം വിജയ സാധ്യതയുള്ള ഒരു തിരക്കഥയാണ് ജോര്‍ജ്കുട്ടിയുടേത്. പക്ഷേ സിനിമയില്‍ സൂചിപ്പിക്കുന്നതുപോലെ നായകന്‍ വിജയിക്കുന്നതിലാണ് ജനങ്ങള്‍ക്ക് താത്പര്യം.

     ആ സത്യം എന്നോടൊപ്പം മണ്ണടിയട്ടെ എന്നാണ് ജോര്‍ജ്കുട്ടി പറയുന്നത്. എന്തു കാര്യവും ഭാര്യയോട് ആലോചിച്ചു മാത്രം ചെയ്യുന്ന ജോര്‍ജ്കുട്ടി ഭാര്യയോടു പോലും മറച്ചുവച്ച ആ സത്യത്തിനു സാക്ഷികള്‍ പ്രേക്ഷകര്‍ മാത്രമാകുന്നു. കൊല ചെയ്യപ്പെട്ട ചെറുപ്പക്കാരന്റെ മൃതദേഹം രാജാക്കാട് പോലീസ് സ്‌റ്റേഷനില്‍ തന്നെ കുഴിച്ചുമൂടുന്ന ജോര്‍ജ്കുട്ടി, എന്നെങ്കിലുമൊരിക്കല്‍ ആ സത്യം പോലീസ് തിരിച്ചറിയുമെന്ന് മനസ്സിലാക്കുന്നുണ്ട്. കൃത്യത്തില്‍ പങ്കാളികളായ വീട്ടുകാരെ പോലും അറിയിക്കാതെ സ്വയം അയാള്‍ ഒരു പദ്ധതി തയ്യാറാക്കുന്നു. ചിലപ്പോള്‍ വിജയിക്കാം, അതല്ലെങ്കില്‍ പരാജയമടയാം. പക്ഷേ തന്റെ കുടുംബത്തെ രക്ഷിക്കാന്‍ ശപഥം ചെയ്തിട്ടുള്ള ജോര്‍ജ് കുട്ടിയുടെ വഴിക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇവിടെ നിയമവ്യവസ്ഥയെ ആകെ കബളിപ്പിക്കുന്ന നായകനെയാണ് സിനിമ അവതരിപ്പിക്കുന്നത്. കുടുംബത്തിന്റെ രക്ഷകര്‍തൃത്വം എന്ന അതിവൈകാരികാംശം നായകനില്‍ ചാര്‍ത്തിനല്‍കി സിനിമയും പ്രേക്ഷകരും അയാളോടൊപ്പം ചേര്‍ന്നുനില്‍ക്കുമ്പോഴും കൊലപാതകക്കുറ്റം എന്ന നിയമത്തിന്റെ യാഥാര്‍ഥ്യം മാഞ്ഞുപോകുന്നില്ല. കൊലപാതകം ചെയ്യുകയും അത് മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരുടെ പ്രതിനിധികള്‍ തന്നെയാകുന്നു ജോര്‍ജ്കുട്ടിയും കുടുംബവും. മുകുന്ദന്‍ ഉണ്ണി ജീവിതത്തില്‍ വിജയിച്ച ഒരാളായി മാറുന്നതിനായി തെറ്റുകള്‍ തന്നെയാണ് തന്റെ ശരികള്‍ എന്നുറപ്പിച്ച് മുന്നോട്ടുപോയി വിജയിക്കുമ്പോള്‍ ഏതു വഴിയും നിയമവ്യവസ്ഥയെ കബളിപ്പിച്ച് സ്വന്തം കുടുംബത്തിന്റെ രക്ഷകനാകുകയാണ് ജോര്‍ജ്കുട്ടി.


പനച്ചേല്‍ കുട്ടപ്പന്‍ എന്ന സമ്പന്നനും ഏകാധിപതിയുമായ മനുഷ്യനും അയാളുടെ ദുരാഗ്രഹികളായ മക്കളും അവരുടെ ജീവിതവും സംഘര്‍ഷങ്ങളും പതനവും പ്രമേയമാക്കുന്ന ദിലീഷ് പോത്തന്റെ ജോജിയിലെ കേന്ദ്ര കഥാപാത്രത്തെ മുകുന്ദന്‍ ഉണ്ണിയുടെ സ്വഭാവ വിശേഷങ്ങളുമായി ചേര്‍ത്തുവയ്ക്കാവുന്നതാണ്. പനച്ചേല്‍ കുട്ടപ്പന്റെ മക്കള്‍ വിഭിന്ന സ്വഭാവക്കാരാണ്. മൂത്തയാള്‍ക്ക് അച്ഛന്റെ അധ്വാനശേഷി കിട്ടിയിട്ടുണ്ട്. രണ്ടാമത്തെയാള്‍ക്ക് കാര്യബോധവും. ഈ വക യാതൊരു ഗുണവുമില്ലാത്തയാളാണ് മൂന്നമനായ ജോജി. എന്നാല്‍ മനുഷ്യന്റെയുള്ളിലെ ദുരയും വഞ്ചനയും അയാളില്‍ ആവോളമുണ്ട്. ജോജിയിലേക്ക് എത്തുമ്പോള്‍ ഇരട്ടമുഖമുള്ളതും സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ക്കായി ഏതറ്റം വരെയും പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്നവനുമായ ഒരുവനെയാണ് കാണാനാകുക. മെലിഞ്ഞൊട്ടി കാഴ്ചയില്‍ ഒന്നിനും പോരാത്തവന്റെ ശരീരഭാഷയാണയാള്‍ക്ക്. എന്നാല്‍ അകമേ സകല കാലുഷ്യവുമായി കുശാഗ്രബുദ്ധി പേറുന്നവന്‍. ഈ ബുദ്ധികൂര്‍മ്മത മറ്റുള്ളവര്‍ക്ക് (കൂടെ ജീവിക്കുന്നവര്‍ക്കടക്കം) എളുപ്പം പിടികിട്ടുകയുമില്ല. സ്വന്തം നിലനില്‍പ്പിനും നേട്ടത്തിനും വേണ്ടി എന്തു ചെയ്യാനും മടിക്കാത്ത അയാള്‍ക്ക് കായബലം കൊണ്ട് ഒരാളെ നേരിടാനാകില്ലെന്നുറപ്പാണ്. ഈ ബലഹീനതയെ മറികടക്കാനുതകുന്ന മനോബലവും കൂര്‍മ്മബുദ്ധിയും ഈ നായകനില്‍ ചാര്‍ത്തിനല്‍കുന്നുണ്ട്. ഏതവസ്ഥയും മറികടക്കാന്‍ ഈ വിശിഷ്ടവിശേഷം അയാളെ പ്രാപ്തനാക്കുന്നു. നേട്ടത്തിനായി സ്വപിതാവിനെയും സഹോദരങ്ങളെയും ചതിക്കാനും കൊലചെയ്യാനും മടിക്കാത്ത നായകരൂപത്തിന് ഉത്തമഗുണങ്ങള്‍ യാതൊന്നും അവകാശപ്പെടാനില്ല. പക്ഷേ നേട്ടങ്ങള്‍ക്കായി ചെയ്തുകൂട്ടുന്ന പ്രവൃത്തികള്‍ അയാളുടെ ശരികള്‍ തന്നെയാകുന്നു. അതില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും അയാള്‍ തയ്യാറാകുന്നുമില്ല. അതാണ് അവനെ നയിക്കുന്നത്. ജോജിക്കുള്ളിലെ സ്വാര്‍ഥതയും അവന്‍ തിരിച്ചറിയുന്ന ബന്ധങ്ങളിലെ നിരര്‍ഥകതയും സാധാരണ മനുഷ്യന്റെ പുറന്തോടിലൂടെയും ഉള്ളറകളിലൂടെയുമുള്ള സഞ്ചാരം തന്നെയായി മാറുന്നു. 


മജുവിന്റെ അപ്പനിലെ കേന്ദ്രകഥാപാത്രമായ ഇട്ടിച്ചന്‍ സ്വസുഖത്തിനും നേട്ടങ്ങള്‍ക്കും വേണ്ടി ഒരു മനുഷ്യന് എത്രത്തോളം സ്വാര്‍ഥനാകാമെന്നതിന് ഉദാഹരണമാണ്. കുടിച്ചും മദിച്ചും നടന്ന ഒരു മനുഷ്യന് ജീവിതത്തിലുടനീളം അവ തന്നൊകുന്നു ഏറ്റവും വലിയ ലഹരി. അതിനു വേണ്ടി ആരെയും തള്ളാനും കൊള്ളാനും അയാള്‍ തയ്യാറാകുന്നു. ശരീരം പാതി തളര്‍ന്ന് കിടക്കുമ്പോഴും പഴയപടി എഴുന്നേല്‍ക്കാനും ലഹരി തേടാനും അതിനു വേണ്ടി തന്ത്രങ്ങള്‍ മെനയാനുമുള്ള വ്യഗ്രത സദാ അയാളിലുണ്ട്. ഈ ഊര്‍ജ്ജമാണ് അയാളെ ജീവിപ്പിക്കുന്നതും മുന്നോട്ടു നയിക്കുന്നതും. ആരോടും ഒരു കടപ്പാടുമില്ലാത്ത മനുഷ്യരുടെ പ്രതിനിധിയാകുന്നു ഇട്ടിച്ചന്‍. അടൂര്‍ ഗോപാലകൃഷ്ണന്റെ വിധേയനിലെ ഭാസ്‌കര പട്ടേലരും രഞ്ജിത്തിന്റെ പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥയിലെ മുരിക്കിന്‍കുന്നത്ത് അഹമ്മദ് ഹാജിയുമെല്ലാം ഇട്ടിച്ചനു മുന്‍പേ തനടന്ന അയാളുടെ തന്നെ അപര പ്രതിനിധാനങ്ങളാണ്. 

           സ്വന്തം നേട്ടങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കുമായി പണവും സ്വാധീനവും ഉപയോഗപ്പെടുത്തുകയും വഞ്ചനയ്ക്കും കൊലയ്ക്കും മടിക്കാത്തയാളുമാണ് ഉയരങ്ങളിലെ ജയരാജന്‍ എന്ന നായക കഥാപാത്രം. തന്റെ വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുന്ന എന്തിനെയും അപ്പപ്പോള്‍ ഒഴിവാക്കുകയെന്ന ജയരാജന്റെ തന്ത്രം തന്നെയാണ് മുകുന്ദന്‍ ഉണ്ണിയും നടപ്പാക്കുന്നത്. വിജയിയായി മുന്നോട്ടു പോകവേ ഒരിക്കലും തന്റെ തോല്‍വിയെക്കുറിച്ച് ചിന്തിക്കാന്‍ പോലും ജയരാജന് ആകുന്നില്ല. തോല്‍വി അയാളുടെ മരണത്തിനു തുല്യമാണ്. അതിനെ തന്നെയാണ് ഒടുവില്‍ അയാള്‍ സ്വയം വരിക്കുന്നതും.


മലയാളി ജീവിതത്തില്‍ വര്‍ഷങ്ങളായി പ്രതിനായകരൂപം പേറി നിലകൊള്ളുന്ന സുകുമാരക്കുറുപ്പിനെ നായകനാക്കുമ്പോള്‍ ഉത്തമപുരുഷ സങ്കല്‍പ്പങ്ങളെ കൈവെടിയാന്‍ തന്നെയാണ് സിനിമ തയ്യാറാകുന്നത്. ധനസമ്പാദനത്തിനു വേണ്ടി അപരനെ കൊന്നു കടന്നയാളാണ് സുകുമാരക്കുറുപ്പ്. അങ്ങനെയൊരാളെ ഏതു വിധേനയും വെള്ളപൂശാനാകില്ല. മരണം കൊണ്ടാണെങ്കില്‍ പോലും യഥാര്‍ഥ ജീവിതത്തില്‍ ചാക്കോയാണ് നായകസ്ഥാനത്തു നില്‍ക്കേണ്ടത്. കുറുപ്പ് എക്കാലത്തും പ്രതിസ്ഥാനത്തും പ്രതിനായക സ്ഥാനത്തുമായിരിക്കണം. ഈ പ്രതിനായകനിലെ പ്രകടനസാധ്യത കണ്ടെത്താനാണ് ശ്രീനാഥ് രാജേന്ദ്രന്‍ കുറുപ്പ് എന്ന സിനിമയിലൂടെ ശ്രമിക്കുന്നത്. കുറുപ്പിന്റെ ചെയ്തികളെ ന്യായീകരിക്കാനോ നായകസ്ഥാനത്തേക്ക് കുടിയിരുത്താനോ ശ്രമിക്കുന്നില്ല. തെറ്റു ചെയ്യുകയും ഒളിജീവിതം നയിക്കുന്നതിലൂടെ തെറ്റ് ആവര്‍ത്തിക്കുകയും ചെയ്യുന്നയാളാകുന്നു ഇവിടെ നായകന്‍. നിയമത്തിനു പിടികൊടുക്കാതെയുള്ള ഒളിച്ചോട്ടവും അതിനായി സുകുമാരക്കുറുപ്പ് നടത്തിയെന്നു കുപ്രസിദ്ധി നേടിയിട്ടുള്ള വീരസാഹസിക മുഖംമൂടിക്കഥകളും ജനത്തിനിടയില്‍ ഒരു ഹീറോ ഇമേജ് സൃഷ്ടിക്കാന്‍ പോന്നതായിരുന്നു. സിനിമയില്‍ ഉപയോഗപ്പെടുത്തുന്നതും ഇതാണ്. എന്നാലത് അയാളിലെ ഇരുണ്ട വശങ്ങള്‍ വിട്ടുകളഞ്ഞു കൊണ്ടുള്ളതല്ല.


മാതൃഭൂമി ഓണ്‍ലൈന്‍, 2023 ജനുവരി 19, ഷോ റീല്‍ 37

No comments:

Post a Comment