Wednesday, 18 January 2023

ജയയുടെ ജീവിതത്തിലേക്ക് തന്നെ തിരിച്ചുപോകേണ്ടി വരുന്നവര്‍


അടുത്തിടെ മലയാളി പ്രേക്ഷകര്‍ ആഘോഷമാക്കിയ സിനിമയാണ് വിപിന്‍ ദാസിന്റെ ജയ ജയ ജയ ജയഹേ. പ്രേക്ഷകര്‍  തിയേറ്ററിലേക്ക് പോകാന്‍ മടിച്ചുനില്‍ക്കുകയും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സിനിമാ വിപണിയെ നിയന്ത്രിച്ചു പോരുകയും ചെയ്ത വേളയിലാണ് ഈ സിനിമ റിലീസ് ചെയ്യുന്നത്. വന്‍ താരപ്രഭയില്ലെങ്കില്‍ പോലും നല്ല സിനിമകള്‍ ആളുകള്‍ തിരിച്ചറിയുമെന്നും അവര്‍ തിയേറ്ററിലെത്തുമെന്നുമുള്ള സന്ദേശം ഒരിക്കല്‍കൂടി പ്രതിഫലിപ്പിക്കാന്‍ ജയ ജയ ജയ ജയഹേക്കായി. ഈ സിനിമ പ്രമേയവത്കരിച്ചത് തങ്ങളുടെ ജീവിതം തന്നെയാണെന്ന ബോധ്യമായിരിക്കണം കുടുംബപ്രേക്ഷകരെ ഇതിനോട് അടുപ്പിച്ചത്. എന്നാല്‍ സിനിമ കണ്ട ശേഷം ആ ജീവിതത്തിലേക്കു തന്നെയാണ് തങ്ങള്‍ക്ക് തിരിച്ചു പോകേണ്ടതെന്ന യാഥാര്‍ഥ്യം ചിലരെയെങ്കിലും വേട്ടയാടിയിട്ടുണ്ടാകണം. അതല്ല, ഇത്രനേരം സ്‌ക്രീനില്‍ കണ്ടത് മറ്റാരുടെയോ ജീവിതത്തിന്റെ അതിശയോക്തി കലര്‍ത്തിയ സിനിമാറ്റിക് ആവിഷ്‌കാരമാണെന്നും അതുകണ്ട് രസിക്കുക മാത്രമാണ് നമ്മുടെ കര്‍ത്തവ്യമെന്നും ചിന്തിച്ചുവശായാല്‍ പിന്നെ മറ്റൊന്നും പറയുക വയ്യ.


സമൂഹത്തെയോ കുടുംബ വ്യവസ്ഥിതിയെയോ മാറ്റിമറിച്ചില്ലെങ്കില്‍ പോലും കാലത്തെയും നടപ്പു സാമൂഹിക ജീവനത്തെയും ആവിഷ്‌കരിക്കുകയെന്ന ഉത്തമകല നിര്‍വ്വഹിക്കേണ്ട കടമ തന്നെയാണ് ജനപ്രിയ ധാരയിലൂടെ ജയ ജയ ജയ ജയഹേ എന്ന സിനിമ നിര്‍വ്വഹിക്കുന്നത്. അതേസമയം അതീവ രസകരമായ അവതരണ ശൈലിയില്‍ ഈ സിനിമ മുന്നോട്ടുവയ്ക്കുന്ന യാഥാര്‍ഥ്യങ്ങള്‍ ഏതു തരത്തില്‍ സമൂഹത്തെയും കുടുംബജീവിതത്തെയും സ്പര്‍ശിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്യുന്നു എന്നത് പ്രധാനമാണ്. അടിക്ക് തിരിച്ചടി എന്നതാണ് സിനിമയിലെ നായിക പ്രയോഗിക്കുന്ന തന്ത്രം. അനുഭവ് സിന്‍ഹയുടെ ഥപ്പടില്‍ (2020) ഒറ്റയടി കൊണ്ട് ഭര്‍ത്താവുമൊത്തുള്ള ജീവിതം വേണ്ടെന്നു വയ്ക്കാന്‍ നായികയ്ക്കാകുന്നു. ജിയോ ബേബിയുടെ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ (2021) വ്യക്തിസ്വാതന്ത്ര്യമില്ലാത്ത ജീവിതത്തെ നേരത്തെ തിരിച്ചറിഞ്ഞ് അടിതടയ്ക്കു മുമ്പേ ഭര്‍തൃഗൃഹത്തില്‍ നിന്ന് രക്ഷ നേടാന്‍ നായികയ്ക്കാകുന്നുണ്ട്. ജയ ജയ ജയ ജയഹേയിലെ നായികയിലേക്ക് എത്തുമ്പോള്‍ വീട്ടില്‍ വച്ചുവിളമ്പി അലക്കിയൊതുക്കി ദിവസങ്ങള്‍ ചുരുങ്ങിത്തീരുന്നതിനൊപ്പം ഭര്‍ത്താവിന്റെ പ്രഹരം കൂടി സഹിക്കേണ്ടി വരികയാണ്. ഒരു പരിധി കഴിയുമ്പോഴാണ് അവള്‍ തിരിച്ചടിക്കുകയെന്ന തീരുമാനത്തിലേക്കെത്തുന്നത്. ഈ തിരിച്ചടി സിനിമയില്‍ മാത്രം നടക്കാവുന്നതാണെന്ന തരത്തില്‍ ആസ്വദിക്കുമ്പോഴും നേര്‍യാഥാര്‍ഥ്യത്തില്‍ രാജേഷുമാര്‍ക്കും അവരെ വളര്‍ത്തിയ മാതൃ, രക്ഷകര്‍തൃ സമൂഹത്തിനു കൂടിയുള്ളതാണ്. ആണ്‍മക്കള്‍ക്ക് പ്രത്യേക പരിഗണന നല്‍കിക്കൊണ്ട് കേരളീയ സമൂഹത്തില്‍ നിലനില്‍ക്കുന്ന പാരന്റിംഗിന്റെ സൃഷ്ടിയാണ് രാജേഷ്. തൊണ്ണൂറു ശതമാനത്തിലധികം ആണുങ്ങളും രാജേഷിന്റെ വാര്‍പ്പുമാതൃകയാണ്. അതേസമയം അടച്ചിട്ടും വരവരച്ച് അതിനകം നിര്‍ത്തിയും വളര്‍ത്തുന്ന പെണ്‍കുട്ടികളുടെ പ്രതിനിധിയാണ് ജയ. ഈ വീര്‍പ്പുമുട്ടലിന്റെ തുടര്‍ച്ചയാണ് ഭര്‍തൃഗൃഹത്തില്‍ അവള്‍ക്ക് അനുഭവിക്കേണ്ടിവരുന്നതും. രാജേഷോ ജയയോ അല്ല, ഒരു കുറവും കൂടാതെയാണ് നിന്നെ വളര്‍ത്തി വലുതാക്കിയത് എന്ന് അവസരം കിട്ടുമ്പോഴെല്ലാം പറയുന്ന മാതാപിതാക്കളാണ് ഇവിടെ പ്രതിസ്ഥാനത്ത് വരുന്നത്. ഈ വളര്‍ത്തിവലുതാക്കലിന്റെ തുടര്‍ച്ചയാണ് മക്കള്‍ ഭാവിയില്‍ അടിച്ചുപിരിയുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നത്.


ദാമ്പത്യത്തില്‍ എല്ലാം സഹിച്ചു ജീവിക്കുന്നവരുടെ പ്രതിനിധികളാണ് ഏറിയ പങ്കും. കല്യാണം കഴിച്ചതിന്റെ പേരില്‍, കുട്ടികള്‍ ഉണ്ടായതിന്റെ പേരില്‍, മറ്റുള്ളവരും സമൂഹവും എന്തു വിചാരിക്കും എന്നിവയുടെയെല്ലാം പേരിലാണ് ഈ സഹനം. വേണ്ടവിധം മാനസിക വളര്‍ച്ച നേടിയിട്ടില്ലാത്ത ഒരു സമൂഹമാണ് തലമുറകളായി ഈ സഹജീവനപാത സൃഷ്ടിച്ചത്. ജയ ജയ ജയ ജയഹേയിലേക്ക് എത്തുമ്പോഴും ഇത് ഒരു സിനിമ എന്ന രീതിയില്‍ മാത്രം കണ്ടുരസിച്ച് തിരികെ ജീവിതത്തിലേക്ക് മടങ്ങാന്‍ വിധിക്കപ്പെട്ടവരാണ് സ്ത്രീകള്‍. തുല്യത, ജന്റര്‍ ഇക്വാളിറ്റി, ഫെമിനിസം തുടങ്ങിയ വാക്കുകളെല്ലാം നിശ്ചിത പങ്ക് ആളുകളുടെ പരിധിയില്‍ മാത്രം വരുന്നതും അവരെ മാത്രം ബാധിക്കുന്നതും തങ്ങളില്‍ നിന്ന് നിശ്ചിത ദൂരത്തിലുള്ളതുമായ വിഷയങ്ങളാണെന്ന ബോധ്യമാണ് ഭൂരിഭാഗം സ്ത്രീകളെയും ഭരിച്ചുപോരുന്നത്. ഈയൊരു രീതിയിലാണ് കുടുംബവും സമൂഹവും അവരെ പരിശീലിപ്പിച്ചും പരിപാലിച്ചും പോന്നിട്ടുള്ളതും. സ്വതന്ത്രജീവനം സാധ്യമാകണമെന്ന് ആഗ്രഹിക്കുന്നവര്‍ പോലും ഒട്ടളവ് ഉള്‍വലിയുന്നതും പിന്‍വാങ്ങുന്നതും അവസ്ഥകളോട് പൊരുത്തപ്പെടുന്നതും ശരിയെന്ന് സമൂഹം തെറ്റിദ്ധരിപ്പിച്ചു പോന്നിട്ടുള്ള 'പൊതുസ്വീകാര്യമായ സാമൂഹിക ധാരണകള്‍' മുന്നിട്ടു നില്‍ക്കുന്നതു കാരണമാണ്.


സ്ത്രീകളെ സ്വതന്ത്ര മനുഷ്യരായി കാണാന്‍ ശീലിച്ചിട്ടില്ലാത്ത സമൂഹമാണ് നമ്മുടേത്. പുറംമോടിയില്‍ ഏറെ മുന്നോട്ടു പോകുമ്പോഴും അകമേ അതേ അപരിഷ്‌കൃതത്വം പേറാനാണ് അതു പരിശീലിക്കുന്നത്. അതുകൊണ്ടുതന്നെ എന്താണ് ഒരു സ്ത്രീക്ക് വേണ്ടതെന്ന് കോടതിമുറിയില്‍ ജഡ്ജി ചോദിക്കുമ്പോള്‍ അതിന് ഉത്തരം നല്‍കാന്‍ രാജേഷിനോ അനിക്കോ ആകുന്നില്ല. അവിടെക്കൂടിയ മറ്റുള്ളവര്‍ക്കും (സ്ത്രീകള്‍ക്കുള്‍പ്പെടെ) അതിന് ഉത്തരം നല്‍കാന്‍ ആകുമെന്ന് തോന്നുന്നില്ല. അതുകൊണ്ടു തന്നെയാണ് ജഡ്ജി തന്നെ ഉത്തരം നല്‍കുന്നത്. വിദ്യാഭ്യാസം, ഉപരിപഠനം, തൊഴില്‍, വിവാഹം തുടങ്ങി സ്വന്തം ജീവിതത്തിലെ തെരഞ്ഞെടുപ്പുകളില്‍ സ്ത്രീക്ക് പങ്കില്ലാതെ വരികയും വിവാഹത്തോടെ അവളുടെ ജീവിതം പരിപൂര്‍ണമായി മറ്റൊരാളുടെ അധീനതയില്‍ വരികയും ശിഷ്ടകാലം അയാള്‍ക്ക് വേണ്ടി ജീവിക്കുകയും ചെയ്യേണ്ടി വരുന്നതാണ് നടപ്പു സാമൂഹിക ക്രമം. ഇത്തരമൊരു ജീവിതത്തിനുള്ള പരിശീലനമാണ് പെണ്‍കുട്ടികള്‍ക്ക് ചെറുപ്പം മുതല്‍ രക്ഷിതാക്കള്‍ നല്‍കുന്നത്. വിവാഹശേഷം ഭര്‍തൃഗൃഹമാണ് പെണ്‍കുട്ടിയുടെ വീട് എന്നാണ് ജനപ്രിയ സംസ്‌കാരം പറഞ്ഞുവയ്ക്കുന്നത്. അതുകൊണ്ടുതന്നെ ഭര്‍തൃവീട്ടില്‍ ഒരു പ്രശ്‌നമുണ്ടായാല്‍ പെണ്‍കുട്ടിക്ക് തിരിച്ചുവരാന്‍ മറ്റൊരിടമില്ല. സ്വന്തം വീട്ടില്‍ തിരിച്ചെത്തിയാല്‍ തന്നെ ക്രമേണ അത് അന്യമായ ഒരിടമായി മാറുന്നു. ജയയുടെ ജീവിതത്തിലേക്ക് നോക്കുക, ഡിഗ്രി പൂര്‍ത്തിയാക്കും മുമ്പ് അവളെ വിവാഹം കഴിപ്പിച്ചയക്കുകയാണ്. പഠിക്കണമെന്ന് അവള്‍ പറയുന്നുണ്ട്. അത് അച്ഛനോ അമ്മയോ ചെവിക്കൊള്ളുന്നില്ല. പിന്നീടൊരിക്കല്‍ അമ്മ പറയുന്നത്, 'നിന്റെ ഇഷ്ടത്തിനനുസരിച്ച് പഠിപ്പിച്ചില്ലേ' എന്നാണ്. ഈ പറച്ചിലിനെ നിസ്സഹായമായി കേട്ടിരിക്കാന്‍ മാത്രമേ ജയയ്ക്ക് സാധിക്കൂ. ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോലുമില്ലാതെ ഒരു ജോലിക്ക് അപേക്ഷിക്കാന്‍ ജയയ്ക്ക് സാധിക്കുന്നില്ല. മനസ്സു മടുക്കുമ്പോള്‍ ആത്മഹത്യയെക്കുറിച്ച് ജയ ചിന്തിക്കുന്നുണ്ട്. നമ്മുടെ സാമൂഹിക ക്രമത്തില്‍ അത്തരമൊരു അവസരത്തില്‍ മറ്റു വഴികളെല്ലാമടയുമ്പോള്‍ ഒരുപാടു പേര്‍ തെരഞ്ഞെടുക്കുന്ന വഴിയാണത്. എന്നാല്‍ സധൈര്യം ജീവിതത്തിലേക്കു തിരിച്ചുവരുന്ന ജയ സ്വീകരിക്കുന്നത് സ്വയംതൊഴിലിന്റെ വഴിയാണ്. ഈ ആത്മവിശ്വാസമാണ് ജയയ്ക്ക് സ്ത്രീകളോട് പങ്കുവയ്ക്കാനുള്ളതും.


ഒരു വഴക്കിനു ശേഷം ഒന്നു പുറത്തുപോയാലോ തിയേറ്ററില്‍ പോയി സിനിമ കണ്ടാലോ ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ചാലോ എല്ലാ പ്രശ്‌നങ്ങളും തീരുമെന്നാണ് അലിഖിത നടപ്പുരീതി. അതുകൊണ്ട് എല്ലാ പ്രശ്‌നങ്ങളും തീരുമോ എന്ന ചോദ്യത്തിനൊന്നും സാമൂഹിക ക്രമം പ്രസക്തി നല്‍കുന്നില്ല. 'ഇപ്പോ സന്തോഷമായില്ലേ' എന്നാണ് അടിക്കു ശേഷം ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ രാജേഷ് ചോദിക്കുന്നത്. അതിന് ജയയുടെ ഉത്തരം മൗനമാണ്. ഇങ്ങനെ നിരവധി മൗനങ്ങള്‍ക്കു ശേഷമാണ് ജയ പൊട്ടിത്തെറിക്കുന്നത്. 'എന്താ കഴിക്കാന്‍ ഇഷ്ടം' എന്നു ചോദിക്കുമ്പോള്‍ ജയ പറയുന്നത് 'പൊറോട്ടയും ബീഫും' എന്നാണ്. പക്ഷേ എന്തു കഴിക്കണമെന്ന് രാജേഷ് നേരത്തെ തീരുമാനിച്ചു വച്ചിട്ടുണ്ട്. 'ഇടിയപ്പവും ചില്ലി ചിക്കനും.' ഇതാണ് രാജേഷിന് ഇഷ്ടം. അതു തന്നെയാണ് രാജേഷിന്റെ അമ്മയ്ക്കും ചേച്ചിക്കും ഇഷ്ടം. സ്വാഭാവികമായും ജയയും അതു തന്നെ ഇഷ്ടപ്പെടണം. 'ഞങ്ങള്‍ക്ക് ഇതൊക്കെ ശീലമായി' എന്നാണ് അമ്മ പറയുന്നത്. രാജേഷിന്റെയും ജയയുടെയും അമ്മമാരെ മാതൃകാ രക്ഷിതാക്കളായോ നന്മയുടെ പതിവ് പ്രതീകങ്ങളോ ആയി ഈ സിനിമ അവതരിപ്പിക്കുന്നില്ല. മറിച്ച് നമ്മുടെ സമൂഹത്തിലെ പ്രബലമായ രക്ഷകര്‍തൃ സമൂഹത്തിന്റെ പ്രതിനിധികളെന്ന നിലയ്ക്കാണ് അവരുടെ പാത്രസൃഷ്ടി നടത്തിയിരിക്കുന്നത്. ഇത് ഈ സിനിമ മുന്നോട്ടുവയ്ക്കുന്ന ഗുണപരമായ ചിന്തകളിലൊന്നാണ്. ഈ വ്യവസ്ഥാപിത പാരന്റിംഗിന്റെ സൃഷ്ടികളാണ് സ്ത്രീധനവും പുരുഷ, ഭര്‍ത്തൃ മേധാവിത്വവും കുലസ്ത്രീ ഇമേജറിയും സഹനവും ആത്മഹത്യയും വരെ.

ജയയുടേതായി കാണിച്ച ജീവിതത്തിലേക്ക് തന്നെയാണ് ജയ ജയ ജയ ജയഹേ കണ്ട് സ്ത്രീകള്‍ക്ക് തിരികെ പോകേണ്ടതെന്നാണ് ഏറ്റവും വലിയ ദുര്യോഗം. സിനിമ കണ്ട എത്ര സ്ത്രീകള്‍ തെല്ലിട സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കാന്‍ തയ്യാറായിട്ടുണ്ടാകും? എത്ര പേര്‍ തിരുത്തിലിന് തയ്യാറായിട്ടുണ്ടാകും? അതല്ല ഇനിയുമെത്ര പേര്‍, ഇതൊക്കെ വെറും സിനിമയല്ലേ, ജീവിതത്തില്‍ ഇങ്ങനെയൊക്കെയാണോ എന്ന വീട്ടുമ്മറത്തെ പുരുഷച്ചിരിക്ക് പതിവു പ്രതിച്ചിരി അര്‍പ്പിച്ച് അടുക്കളയെച്ചിലിലേക്ക് തിരിച്ചു പോയിട്ടുണ്ടാകും? തീര്‍ച്ചയായും ഏറ്റവുമൊടുക്കത്തെ വാചകത്തിനു തന്നെയാകാം ആള്‍ബലമേറെ. ഇതൊക്കെ വെറും സിനിമയല്ലേ!

അക്ഷരകൈരളി, 2022 ഡിസംബര്‍ 

No comments:

Post a Comment