Friday, 27 January 2023

തിയേറ്ററിന്റെ കലയാണ് സിനിമ / അഭിമുഖം അടൂര്‍ ഗോപാലകൃഷ്ണന്‍/ എന്‍.പി.മുരളീകൃഷ്ണന്‍


സ്വയംവരത്തിന്റെ 50 വര്‍ഷവും അടൂരിന്റെ സിനിമാ ജീവിതവും 


സ്വയംവരത്തിന്റെ 50 വര്‍ഷം അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന ചലച്ചിത്ര സംവിധായകന്റെയും 50 വര്‍ഷമാണ്. ഈ അരനൂറ്റാണ്ട് കാലത്തെ സ്വന്തം സിനിമാ ജീവിതത്തെ എങ്ങനെ നോക്കിക്കാണുന്നു?

എന്റെ സിനിമകളെ മറ്റുള്ളവര്‍ എങ്ങനെ നോക്കിക്കാണുന്നുവെന്നതിനെക്കുറിച്ചോ അല്ലെങ്കില്‍ എന്റെ സിനിമാ ജീവിതത്തെ കുറിച്ചോ ഞാന്‍ അങ്ങനെയൊരു വിലയിരുത്തലൊന്നും നടത്താറില്ല. ഞാന്‍ സാമാന്യം ഭേദപ്പെട്ട രീതിയില്‍ പഠിച്ച ഒരു തൊഴിലാണ് ഫിലിം മേക്കിംഗ്. അത് ചെയ്യുന്നു. അല്ലാതെ വേറൊരു പ്രവര്‍ത്തനവും എനിക്കില്ല. വായനയുണ്ട്, അത്യാവശ്യത്തിന് എഴുത്തും. സിനിമ എടുക്കാത്തപ്പോഴും സിനിമയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യുകയായിരിക്കും. അങ്ങനെ സിനിമയുമായി ചേര്‍ന്നുള്ള ഒരു യാത്രയാണ് എന്റെ ജീവിതം. വളരെ മനോഹരമായ സിനിമകളും മോശം സിനിമകളും ഒരുപോലെ നമ്മളെ പഠിപ്പിക്കുന്നുണ്ട്. നല്ല സിനിമകള്‍ നമ്മളെ പ്രചോദിപ്പിക്കും. അതുപോലെ തന്നെ ഒരു മോശം സിനിമ ഇങ്ങനെ സിനിമ എടുക്കരുത് എന്ന പാഠമാണ് നല്‍കുന്നത്. 

ഈ അമ്പത് വര്‍ഷം കൊണ്ട് മലയാള സിനിമയ്ക്ക് ഉണ്ടായ സര്‍ഗാത്മകവും സാങ്കേതികപരവുമായ വാണിജ്യപരവുമായ മാറ്റത്തെയും വളര്‍ച്ചയെയും കുറിച്ച്?

മലയാള സിനിമയില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് പറയേണ്ടത് സിനിമാ നിരൂപകരാണ്. എന്റെ സിനിമയെക്കുറിച്ചേ എനിക്ക് പറയാനാകൂ. ഈ കാലയളവില്‍ വ്യക്തമായ മാറ്റങ്ങളുണ്ടാക്കിയ സിനിമയാണ് സ്വയംവരം. ഈ സിനിമ കൊണ്ടുവന്ന മാറ്റത്തിന്റെ ഗുണമെല്ലാം മലയാള സിനിമയ്ക്കുള്ളതാണ്. മലയാള സിനിമയുടെ മുന്നോട്ടുള്ള വളര്‍ച്ചയില്‍ വലിയ സംഭാവനയാണ് സ്വയംവരം നല്‍കിയത്. 


മലയാള സിനിമയെ സൗന്ദര്യശാസ്ത്രപരമായി മാറ്റിമറിച്ച സിനിമയാണ് സ്വയംവരം. മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ പരിപൂര്‍ണ സിനിമ എന്ന രീതിയിലാണ് സ്വയംവരം വിലയിരുത്തപ്പെട്ടിട്ടുള്ളത്. ഈ സിനിമയുടെ സ്രഷ്ടാവ് എന്ന നിലയില്‍ ഇതിനെ എങ്ങനെ കാണുന്നു?

ഒരേപടി നിലനിന്നുപോന്ന ഒരു ചലച്ചിത്ര മേഖലയെ അടിമുടി ഉണര്‍ത്തുകയായിരുന്നു സ്വയംവരം. അതില്‍ പ്രധാനം പ്രമേയപരമായി ഉണ്ടാക്കിയ മാറ്റമാണ്. ഒരു പ്രണയം, അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രതിബന്ധങ്ങള്‍, ഒന്നുകില്‍ അതിന് സാഫല്യമുണ്ടാകും, അല്ലെങ്കില്‍ നൈരാശ്യത്തില്‍ അവസാനിക്കും. ഇതായിരുന്നു മലയാള സിനിമയില്‍ അതുവരെ നിലനിന്ന പ്രമേയം. ഇത് തിരിച്ചും മറിച്ചും വരും. മുഴുവന്‍ സംഭാഷണമായിരിക്കും. സംസാരത്തിലൂടെയായിരിക്കും എല്ലാ കാര്യങ്ങളും അതില്‍ കടന്നുവരുന്നത്. സ്വയംവരത്തില്‍ അങ്ങനെയല്ല. നമ്മള്‍ ആ ജീവിതം അനുഭവിക്കുന്നു. ഇതു തന്നെയാണ് വലിയ വ്യത്യാസം. സിനിമയില്‍ ആരെങ്കിലും പറഞ്ഞല്ല, നമ്മള്‍ എല്ലാ കാര്യവും അറിയേണ്ടത്. അനുഭവിച്ചറിയുകയാണ് ചെയ്യേണ്ടത്. ഇനി സാങ്കേതികമായി നോക്കുകയാണെങ്കില്‍ ലൊക്കേഷനില്‍ തന്നെ ശബ്ദം റെക്കോര്‍ഡ് ചെയ്തെടുക്കുന്ന രീതി സ്വയംവരത്തിലൂടെയാണ് വരുന്നത്. ഒരുപക്ഷേ ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടായിരിക്കും ഇത്. അന്ന് തിരുവനന്തപുരം വലിയ നഗരമായിരുന്നില്ല. ശാസ്തമംഗലത്ത് ഓഫീസിനു പിറകുവശത്തെ സ്ഥലത്താണ് സെറ്റിട്ടത്. ഷൂട്ടിംഗ് കാണാന്‍ വരുന്നവര്‍ പോലും ശബ്ദമുണ്ടാക്കാതെ സഹകരിച്ചിരുന്നു. അവിടെ നന്നായി ഷൂട്ട് ചെയ്യാനായി. സിനിമയില്‍ സംഭാഷണവും പശ്ചാത്തല സംഗീതവുമല്ലാത്ത ശബ്ദങ്ങള്‍ കേള്‍പ്പിക്കുന്നത് സ്വയംവരത്തിലാണ്. കൂടാതെ മറ്റ് സ്വാഭാവിക ശബ്ദങ്ങളും റെക്കോര്‍ഡ് ചെയ്ത് ചേര്‍ത്തിരുന്നു.

ഗാനങ്ങളില്ലാത്ത, നാടകീയതയും കൃത്രിമത്വവുമില്ലാത്ത, കഥാപാത്രങ്ങള്‍ അത്യാവശ്യത്തിനു മാത്രം സംസാരിക്കുന്ന, നീണ്ട ഷോട്ടുകളുള്ള, പശ്ചാത്തലശബ്ദങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയ, യഥാര്‍ഥ ലൊക്കേഷനുകളില്‍ ചിത്രീകരിച്ച സ്വയംവരം ആ കാലത്തെ ഏറ്റവും വലിയ പരീക്ഷണ സിനിമയായിരുന്നു. കച്ചവട സിനിമയുടെ ബഹളമയത്തില്‍ മലയാള സിനിമ മുങ്ങി നിന്ന ഒരു കാലമായിരുന്നു അത്. ഇതിനിടയിലാണ് സ്വയംവരം എന്ന പരീക്ഷണം രൂപപ്പെടുന്നത്. എന്തെല്ലാം വെല്ലുവിളികളായിരുന്നു ഇതിനു പിന്നില്‍ നേരിട്ടത്?

അടൂര്‍ ഭാസിയില്ലാതെ, പാട്ടുകളില്ലാതെ ഒരു സിനിമ ആലോചിക്കാന്‍ പറ്റാത്ത കാലമായിരുന്നു അത്. അപ്പോഴാണ് ഇതൊന്നുമില്ലാതെ സ്വയംവരം വരുന്നത്. ആദ്യത്തെ റിലീസില്‍ സിനിമ വേണ്ടത്ര ഓടിയില്ല. ആളുകള്‍ വന്നില്ല എന്നല്ല. കുറച്ചുപേര്‍ വന്നു. എന്നാല്‍ വലിയ രീതിയില്‍ അംഗീകരിക്കപ്പെട്ടില്ല. ഇതിന് ഒരു പരിഹാരമായി വന്നത് നാഷണല്‍ അവാര്‍ഡാണ്. നാഷണല്‍ അവാര്‍ഡ് സ്വയംവരത്തിന് വലിയ പബ്ലിസിറ്റിയായി. അതിന്റെ ഫലമായി ആള്‍ക്കാര്‍ക്ക് കാണാന്‍ താത്പര്യം വന്നു. ഞങ്ങള്‍ വീണ്ടും തിയേറ്ററില്‍ റിലീസ് ചെയ്തു. തിയേറ്ററില്‍ ഒന്നുരണ്ടു മാസം നിറഞ്ഞോടി. അങ്ങനെ പടത്തിന് ലാഭം കിട്ടി. നാഷണല്‍ അവാര്‍ഡിന്റെ ഉദ്ദേശലക്ഷ്യങ്ങളില്‍ പ്രധാനം മെച്ചപ്പെട്ട സിനിമകളെ കാഴ്ചക്കാരില്‍ എത്തിക്കുക എന്നതാണ്. ഇതാണ് ഒരു നല്ല പടം. ഇതാണ് നിങ്ങള്‍ കാണേണ്ടത് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് നാഷണല്‍ അവാര്‍ഡ് ചെയ്യുന്നത്. ഇപ്പോള്‍ അതൊക്കെ മാറി. ഇപ്പോള്‍ രാഷ്ട്രീയ സ്വാധീനമുള്ളവരുടെ പടങ്ങള്‍ക്ക് അവാര്‍ഡ് കിട്ടും എന്ന രീതിയിലേക്ക് നമ്മള്‍ എത്തി. ഏറ്റവും മോശം പടങ്ങള്‍ക്കും അവാര്‍ഡ് കിട്ടും. സ്വയംവരത്തിന്റെ കാര്യത്തില്‍ ഇവിടത്തെ ജൂറി അന്ന് തീരുമാനമെടുത്തിരുന്നു. അതിന് അവാര്‍ഡൊന്നും നല്‍കരുതെന്ന്. ദേശീയ തലത്തില്‍ പരിഗണനയ്ക്ക് വരാതിരിക്കാന്‍ ഇവിടെ നിന്ന് ഇടപെടലുണ്ടായി. ദേശീയ ജൂറിക്ക് മുന്നിലേക്ക് സ്വയംവരം അയക്കപ്പെട്ടില്ല. അതിനെ പ്രാദേശിക തലത്തില്‍ തന്നെ തടഞ്ഞു. അക്കാരണത്താല്‍ ദേശീയ ജൂറി പടം കാണണമെന്ന അപേക്ഷ ഞങ്ങള്‍ കേന്ദ്രത്തിലേക്ക് അയച്ചു. പ്രഗത്ഭരായ ജൂറിയായിരുന്നു അത്. നല്ല ജൂറിയാണെങ്കില്‍ നല്ല തീരുമാനങ്ങള്‍ വരും. അവര്‍ പടം കണ്ടു. അങ്ങനെ സ്വയംവരം കാര്യമായി അംഗീകരിക്കപ്പെടുകയും ചെയ്തു. 


ഒരു വ്യത്യസ്ത സംരംഭമായിരുന്നു സ്വയംവരം. ഫണ്ടിങ്ങിന്റെ കാര്യത്തിലുള്‍പ്പെടെ. 50 വര്‍ഷത്തിനിപ്പുറം സിനിമയില്‍ വന്ന മാറ്റങ്ങളെ എങ്ങനെ കാണുന്നു?

ഫണ്ടിംഗിനായി പല ശ്രമങ്ങളും നടത്തിയിരുന്നു. സ്വകാര്യ മൂലധനം കിട്ടില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് ഫിലിം ഫൈനാന്‍സ് കോര്‍പ്പറേഷനില്‍ നിന്ന് ഒന്നര ലക്ഷം കടമെടുത്താണ് സ്വയംവരം പൂര്‍ത്തിയാക്കിയത്. രണ്ടര ലക്ഷമായിരുന്നു സ്വയംവരത്തിന്റെ ബജറ്റ്. 

സ്വയംവരം എന്ന സിനിമയില്‍ അന്നത്തെ താരമൂല്യമുള്ള വാണിജ്യ സിനിമയിലെ അഭിനേതാക്കളെ അഭിനയിപ്പിച്ചിട്ടുണ്ട്. പിന്നീടും സൂപ്പര്‍താരങ്ങള്‍ താങ്കളുടെ സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ വന്നു. താരമൂല്യം സിനിമയ്ക്ക് എത്രമാത്രം ഗുണകരമാണ്?

താരങ്ങള്‍ ഉള്ളതിന്റെ ഗുണം തുടക്കത്തില്‍ പടത്തിന് ആളെ കിട്ടും. സ്വയംവരത്തിനും അങ്ങനെയായിരുന്നിരിക്കണം. മധുവും ശാരദയുമായിരുന്നു അതിലെ പ്രധാന ആകര്‍ഷണം. ജനങ്ങളെ സംബന്ധിച്ച് അവര്‍ക്ക് നേരിട്ടറിയാവുന്നത് ഇവരെ രണ്ടു പേരെ മാത്രമാണ്. അല്ലാതെ മറ്റ് ആകര്‍ഷണങ്ങള്‍ ഒന്നുമില്ലല്ലോ. പക്ഷേ തുടക്കത്തില്‍ ആളെ കിട്ടാന്‍ വേണ്ടിയല്ല ഞാന്‍ ഇവരെ കാസ്റ്റ് ചെയ്തത്. അവര്‍ കഥാപാത്രത്തിന് യോജിച്ചവര്‍ ആയതുകൊണ്ടാണ്. പിന്നീട് വലിയ താരങ്ങളെ അഭിനയിപ്പിച്ചതും അവര്‍ എന്റെ കഥാപാത്രത്തിന് യോജിച്ചവരായതു കൊണ്ടാണ്. പക്ഷേ ഈ താരമൂല്യം രണ്ടോ മൂന്നോ ദിവസത്തേക്കേ ഗുണം ചെയ്യൂ. പിന്നീട് പടത്തിന്റെ ഭാവി അതിന്റെ ഉള്ളടക്കത്തെ ആശ്രയിച്ചിരിക്കും. നല്ല പടമാണെങ്കില്‍ ആളു വരും. അല്ലെങ്കില്‍ പടം തിയേറ്ററില്‍ നിന്ന് പുറത്താകും. താരങ്ങള്‍ ഇല്ലാത്ത സിനിമയായിരുന്നു കൊടിയേറ്റം. താരങ്ങളില്ലാത്ത കാരണം തിയേറ്ററുകാര്‍ താല്പര്യം കാണിച്ചില്ല. വെറും രണ്ടു തിയേറ്ററിലാണ് കൊടിയേറ്റം പ്രദര്‍ശനം തുടങ്ങിയത്. പടത്തിന് ആളു കയറാന്‍ തുടങ്ങിയതോടെ ഓരോരുത്തരും പടം ചോദിച്ചുവാങ്ങി. 14 തിയേറ്ററിലേക്ക് എത്തി. കോട്ടയത്തെ തിയേറ്ററില്‍ മാത്രം 145 ദിവസമാണ് കൊടിയേറ്റം ഓടിയത്. ഒരു താരങ്ങളുമില്ലാതെയാണ് ഈ വലിയ വിജയം. അപ്പോള്‍ പിന്നെ താരങ്ങള്‍ ഉണ്ടായാലേ പടം ഓടൂ എന്നു പറയുന്നതില്‍ അര്‍ഥമുണ്ടോ? പക്ഷേ താരങ്ങള്‍ ഉണ്ടെങ്കില്‍ ഇനിഷ്യല്‍ പുള്‍ കിട്ടും. അത് വാസ്തവമാണ്. 

സ്വയംവരത്തിന് നല്ല പരസ്യപ്രചാരണം നല്‍കിയിരുന്നു. എനിക്ക് അതിലൊക്കെ വലിയ നിര്‍ബന്ധമുണ്ടായിരുന്നു. ഒരു ആര്‍ട്ട് പടമായി ഇതിനെ കാണരുത്. എല്ലാവരും കാണേണ്ട പടമായി തന്നെയാണ് സ്വയംവരത്തിന് പരസ്യം നല്‍കിയത്. വലിയ സിനിമയ്ക്ക് നല്‍കുന്ന പ്രചാരണം തന്നെയായിരുന്നു സ്വയംവരത്തിനും. 14 തിയേറ്ററില്‍ റിലീസ് ചെയ്തു. സ്ഥിരം പബ്ലിസിറ്റി മാര്‍ഗങ്ങള്‍ വേണ്ടെന്നു വച്ചു. എംവി ദേവന്റെ നേതൃത്വത്തില്‍ നമ്പൂതിരിയും കരുണാകരനും ഉള്‍പ്പെടെ അറിയപ്പെടുന്ന ആധുനിക കലാകാരന്മാരാണ് സ്വയംവരത്തിന്റെ പോസ്റ്ററുകള്‍ വരച്ചത്. 

തൊഴിലില്ലായ്മ എന്ന പ്രശ്‌നം ചര്‍ച്ചചെയ്ത സിനിമയാണ് സ്വയംവരം. ഈ സിനിമ 50-ാം വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍ കേരളത്തിലെ യുവജനങ്ങളുടെ തൊഴിലില്ലായ്മ എന്ന പ്രശ്‌നം എത്രത്തോളം പരിഹരിക്കപ്പെട്ടുവെന്നാണ് സ്വയംവരത്തിന്റെ സംവിധായകന്‍ മനസ്സിലാക്കുന്നത്?

തൊഴിലില്ലായ്മയാണ് സ്വയംവരത്തിന്റെ പശ്ചാത്തലം. തൊഴിലില്ലായ്മ പഴയതു പോലെ രൂക്ഷമാണെന്നു തോന്നുന്നില്ല. ഏതെങ്കിലും തൊഴില്‍ ചെയ്തു ജീവിക്കാന്‍ തയ്യാറാണെങ്കില്‍ അതിനുള്ള സാഹചര്യം ഇപ്പോഴുണ്ട്. അന്ന് അതില്ല. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ അന്ന് രൂക്ഷമായിരുന്നു. മാറിയ തൊഴില്‍ സാഹചര്യങ്ങളെയും പുതിയ തൊഴില്‍ പ്രശ്‌നങ്ങളെയും സമീക്ഷിക്കുന്ന സിനിമകള്‍ക്ക് ഇപ്പോഴും പ്രസക്തിയുണ്ട്. 


സ്വയംവരത്തിന്റെ സ്വാധീനവും തുടര്‍ച്ചയും പിന്നീടുള്ള സിനിമകളില്‍ എങ്ങനെ പ്രകടമായി എന്നാണ് കാണുന്നത്?

സിനിമ എന്ന മാധ്യമത്തെ ഗൗരവമായി കാണുന്നവര്‍ക്ക് സ്വയംവരം ആത്മവിശ്വാസം പകര്‍ന്നു എന്നു തന്നെ പറയാം. സ്വയംവരത്തിന്റെ ചുവടുപിടിച്ച് പിന്നീട് സിനിമകളും ചലച്ചിത്രകാര•ാരുമുണ്ടായി. അരവിന്ദന്‍ വന്നു, പിന്നീട് കെ ആര്‍ മോഹനന്‍, എം.പി. സുകുമാരന്‍ നായര്‍, കെ ജി ജോര്‍ജ്, ജോണ്‍ എബ്രഹാം അങ്ങനെ ഒട്ടേറെ പേര്‍ ഈ രീതിയില്‍ വന്നു. ഇതിന്റെ തുടര്‍ച്ച പിന്നീടുമുണ്ടായി. ഇടയ്‌ക്കൊരു ഇടവേള വന്നിരുന്നു. ഇപ്പോള്‍ കുറേ ചെറുപ്പക്കാര്‍ സ്ഥിരം രീതികളില്‍ നിന്ന് മാറി സിനിമ എടുക്കാന്‍ തയ്യാറാകുന്നുണ്ട്. അര ഡസനോളം ചെറുപ്പക്കാര്‍ ഇങ്ങനെ കാണുന്നുണ്ട്. ഇതെല്ലാം സ്വയംവരത്തില്‍ തുടങ്ങിയ പ്രവണതകള്‍ തന്നെയാണ്. പുതിയ ജനറേഷന് പഴയ സിനിമകള്‍ കാണാന്‍ ഇപ്പോള്‍ ഒട്ടേറെ പ്ലാറ്റ്‌ഫോമുകളും അവസരവുമുണ്ട്. പുതിയ തലമുറ സംവിധായകര്‍ പലരും എന്റെ സിനിമകളുടെ സ്വാധീനത്തെ കുറിച്ച് പറയാറുണ്ട്. അവരോട് എന്റേതിനേക്കാള്‍ മികച്ച സിനിമകളെടുക്കാനാണ് ഞാന്‍ ആവശ്യപ്പെടുന്നത്.

1972 ലെ സ്വയംവരത്തില്‍ നിന്നും 2016 ലെ പിന്നെയും  എന്ന സിനിമയിലെത്തുമ്പോഴേക്കും സിനിമയെക്കുറിച്ചുള്ള ദര്‍ശനത്തിലും സമീപനത്തിലും എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോ?

ദര്‍ശനമൊന്നും മാറുന്നില്ല. പടത്തിന്റെ സ്വഭാവം ചിലപ്പോള്‍ മാറും. അത്രയേ ഉള്ളൂ. എന്റെ 76-ാം വയസ്സില്‍ ഞാന്‍ സ്വയംവരം എടുക്കില്ലല്ലോ. നമ്മുടെ ലോകപരിചയം, ജീവിതം, അന്വേഷണം, വളര്‍ച്ച, പുതിയ കണ്ടെത്തലുകള്‍ തുടങ്ങിയവയെല്ലാം സിനിമയെ സ്വാധീനിക്കും.

സെല്ലുലോയ്ഡില്‍ നിന്ന് ഡിജിറ്റല്‍ സങ്കേതത്തിലേക്കു സിനിമ മാറിയിരിക്കുന്നു. സാങ്കേതിക വിദ്യയില്‍ വലിയ തോതിലുള്ള മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഈ മാറ്റങ്ങള്‍ നല്ല സിനിമകളുടെ സൃഷ്ടിക്ക് സഹായകമായതായി അങ്ങ് വിശ്വസിക്കുന്നുണ്ടോ?

രണ്ട് രീതിയിലാണ് ഈ മാറ്റം. കലാപരമായ മാറ്റമല്ല, സാമ്പത്തികമായ സൗകര്യം അനുസരിച്ചാണ് ഈ മാറ്റമുണ്ടായത്. ഡിജിറ്റലാകുമ്പോള്‍ ഒരേ സമയം ഒട്ടേറെ തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാനാകും. ഡിജിറ്റലില്‍ ഷൂട്ട് ചെയ്യുമ്പോള്‍ പഴയതു പോലെയുള്ള ലൈറ്റിംഗിന്റെ ആവശ്യമില്ല. പണ്ട് ഒരു വൈകുന്നര സമയത്തെ തെരുവ് ഷൂട്ട് ചെയ്യണമെങ്കില്‍ അതിനു യോജിക്കും വിധം അത്രയും സ്ഥലവും ലൈറ്റ് അപ് ചെയ്യണമായിരുന്നു. ഡിജിറ്റലില്‍ ഇത്ര പ്രയാസമില്ല. അല്ലാതെ തന്നെ സ്വാഭാവിക ലൈറ്റിംഗ് സൗകര്യപൂര്‍വ്വം ഉപയോഗിക്കാനാകും. സാങ്കേതികവിദ്യ സൃഷ്ടിച്ച സൗകരമാണിത്.

ദോഷത്തെപ്പറ്റി പറഞ്ഞാല്‍ ഡിജിറ്റലില്‍ ആവശ്യത്തിലധികം ഷൂട്ട് ചെയ്തു കൂട്ടുകയാണ്. ചെലവ് കൂടുന്നു. ഫിലിം മേക്കിംഗില്‍ അടിസ്ഥാനമായി അറിയേണ്ട ചില കാര്യങ്ങളുണ്ട്. ഡിജിറ്റല്‍ സങ്കേതം ഉപയോഗിക്കുമ്പോള്‍ അതുപോലും അറിയേണ്ടി വരുന്നില്ല. ഈയൊരു ലാഘവത്വമാണ് ഏറ്റവും വലിയ ദോഷം. ഇത് സിനിമയുമായി കലാകാരനുള്ള സമീപനത്തെ തന്നെ ബാധിക്കും.


ഫിലിം ഫെസ്റ്റിവലുകളുടെ കാലമാണ്. മലയാള സിനിമയ്ക്ക് ഫിലിം ഫെസ്റ്റിവല്‍ എങ്ങനെയാണ് ഗുണകരമാകുന്നത്?

വലിയ വ്യത്യാസം ചെയ്തിട്ടുണ്ട്. ഫിലിം സൊസൈറ്റികളില്‍ നിന്നാണ് ആദ്യം സിനിമ കണ്ടു ശീലിക്കേണ്ടത്. ഫിലിം സൊസൈറ്റികളില്‍ നിന്ന് സിനിമ കണ്ടവരാണ് പിന്നീട് ഫിലിം ഫെസ്റ്റിവെലുകളിലേക്ക് പോകേണ്ടത്. മുമ്പൊക്കെ അങ്ങനെയായിരുന്നു. എന്തായാലും ഫിലിം ഫെസ്റ്റിവെലുകള്‍ ചലച്ചിത്രകാരന്മാരെ സ്വാധീനിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വ്യത്യസ്തങ്ങളായ സിനിമകള്‍ കാണാനുള്ള അവസരമല്ലേ ഫെസ്റ്റിവല്‍ ഉണ്ടാക്കുന്നത്. ഫിലിം ക്രിട്ടിക്‌സുകളെയും ഫിലിം ഫെസ്റ്റിവെല്‍ സൃഷ്ടിക്കേണ്ടതാണ്.

തിയേറ്ററുളിലാണ് സിനിമ എന്ന കലാരൂപം പൂര്‍ണത പ്രാപിക്കുന്നത് എന്ന് അങ്ങ് അഭിപ്രായപ്പെട്ടിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ജനകീയത സിനിമാ തിയേറ്ററുകള്‍ക്ക് ഭീഷണിയാകില്ലെന്നു തന്നെയാണോ വിശ്വസിക്കുന്നത്?


ഇപ്പോള്‍ സിനിമ വാച്ചിലും മൊബൈല്‍ ഫോണിലുമെല്ലാം കാണാം. പക്ഷേ സിനിമ ആത്യന്തികമായി തിയേറ്ററില്‍ ഇരുന്നു കാണേണ്ട കലയാണ്. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ തിയേറ്ററുകള്‍ ഭീഷണിയാകുമെന്നു തന്നെയാണ് കരുതുന്നത്. ഹോളിവുഡ് സിനിമകള്‍ പോലും തിയേറ്ററില്‍ ആളില്ലാതെ നഷ്ടം വരുന്നുണ്ട്. കോവിഡ് സമയത്ത് ആളുകള്‍ ഒടിടിയില്‍ സിനിമ കണ്ടു തുടങ്ങി. അതൊരു പോപ്പുലര്‍ കള്‍ച്ചറായി. ഇപ്പോഴും അതു തുടരുന്നു. ചെറുതായി മാറിയെന്നു പറയുന്നു. ആളുകള്‍ പതിയെ തിയേറ്ററിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. എങ്കിലും അത് മടിച്ചുമടിച്ചാണ്

ചലച്ചിത്രകാരന്മാര്‍ അതത് കാലത്തെ പുതിയ പ്രവണതകള്‍ക്കും മാറ്റങ്ങള്‍ക്കുമൊപ്പം എത്താന്‍ സ്വയം നവീകരിക്കേണ്ടതുണ്ടോ? 

അങ്ങനെ തോന്നുന്നില്ല. ഒരു ചലച്ചിത്രകാരന്‍ അയാളുടെ സിനിമയാണ് എടുക്കുന്നത്. അങ്ങനെയല്ല, ഇങ്ങനെയാണ് എടുക്കേണ്ടത് എന്നു പുറത്തു നിന്നുള്ളവര്‍ക്ക് എങ്ങനെ പറയാനാകും? ട്രെന്‍ഡ് അനുസരിച്ചല്ല ഞാന്‍ പടമെടുക്കുന്നത്. ചിലപ്പോള്‍ എന്റെ പടമായിരിക്കും ട്രെന്‍ഡ് ആയി മാറുന്നത്. സിനിമയില്‍ മാറ്റം വരുത്തുന്നയാള്‍ സിനിമയെക്കുറിച്ച് ആഴത്തിലുള്ള അനുഭവവും അറിവുമുള്ളയാളായിരിക്കും. അയാള്‍ ഈ മാധ്യമത്തില്‍ വലിയ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടായിരിക്കും. ഇത് ക്ലാസില്‍ പോയി പഠിക്കണമെന്നില്ല. സ്വന്തം നിലയില്‍ പഠിച്ചാലും മതി. സത്യജിത് റേ ഒക്കെ അങ്ങനെയായിരുന്നു. അദ്ദേഹം പഥേര്‍ പാഞ്ചാലി എടുക്കുന്നതിനു മുമ്പ് ആഴത്തിലുള്ള പഠനങ്ങള്‍ നടത്തിയിരുന്നു. ഈ തയ്യാറെടുപ്പുകളെല്ലാം അദ്ദേഹത്തിന്റെ സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ഇങ്ങനെയുള്ള സിനിമകള്‍ സൃഷ്ടിക്കുന്നവരാണ് ട്രെന്‍ഡ് സൃഷ്ടിക്കുന്നതെന്ന് പറയാനാകുന്നത്. 

പാന്‍ ഇന്ത്യന്‍ എന്നതാണ് നിലനില്‍ക്കുന്ന ഏറ്റവും പുതിയ ആസ്വാദന രീതി. ഈ ഗണത്തില്‍ വിശേഷിപ്പിക്കപ്പെടുന്ന സിനിമകള്‍ പലതും വീരാരാധനയെയും നായക ശരീരങ്ങളെയും പ്രോത്സാഹിപ്പിക്കുന്നവയാണ്. ബാഹുബലി, കെജിഎഫ്, ആര്‍ആര്‍ആര്‍, പുഷ്പ എന്നിവ ഉദാഹരണം. ഇത്തരം സിനിമാസ്വാദന രീതികളെ എങ്ങനെ കാണുന്നു?

ഹിന്ദി സിനിമകള്‍ പണ്ട് ചെയ്തിരുന്നതു തന്നെയാണ് ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ എന്ന പേരില്‍ വരുന്നത്. പ്രമേയത്തിലും സ്വഭാവത്തിലുമെല്ലാം ഇതു തന്നെയാണ് തുടരുന്നത്. ഇപ്പോള്‍ സൗത്ത് ഇന്ത്യയില്‍ നിന്ന് ഇതുപോലുള്ള സിനിമകള്‍ വരുന്നു. ഹിന്ദി സിനിമയെ പോലും അത് സ്വാധീനിക്കുന്നു. കൊമേഴ്‌സ്യല്‍ സാധ്യത എങ്ങനെയാണോ അങ്ങോട്ടു പോകും. അതാണ് ഏതുകാലത്തും നിലനില്‍ക്കുന്ന രീതി.  

നരബലി പോലുള്ള ദുരാചാരങ്ങള്‍ കേരളത്തില്‍ സംഭവിക്കുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വര്‍ധിക്കുന്ന സമൂഹമായി മാറുകയാണോ നമ്മള്‍? അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ സിനിമയ്ക്കും പങ്കുണ്ടോ?

അങ്ങനെയില്ല. ഇതൊക്കെ ഒറ്റപ്പെട്ട സംഭവമാണ്. ഒരു സംഭവത്തിന്റെ പേരില്‍ കേരളത്തിലുള്ളവരെല്ലാം ദുര്‍മന്ത്രവാദത്തില്‍ വിശ്വസിക്കുന്നവരും അന്ധവിശ്വാസികളുമാണെന്ന് പറയാനാകുമോ? അന്ധവിശ്വാസികള്‍ അന്നും ഇന്നുമുണ്ട്. ഇത് കേരള സമൂഹത്തെ മുഴുവന്‍ ബാധിച്ചുവെന്ന് പറയാനാകില്ല. അന്ധവിശ്വാസങ്ങളെ ഉന്മൂലനം ചെയ്യുന്നത് കലകളുടെ കടമയാണ് എന്നൊന്നും പറയാനാകില്ല. ഉത്തമകല ചെയ്യുന്നത് അതതു കാലഘട്ടത്തെ അതേപോലെ പ്രതിഫലിപ്പിക്കുക എന്നതു മാത്രമല്ല. അത് എക്കാലത്തും പ്രസക്തമായിരിക്കും. ആദര്‍ശങ്ങള്‍ വിളമ്പാനുള്ള തവിയായി സിനിമയെയോ മറ്റു കലകളെയോ കാണരുത്.

അങ്ങയുടെ പുതിയ സിനിമാ പദ്ധതികള്‍?

നിലവില്‍ ഒന്നും മനസ്സിലില്ല. പുതിയ സിനിമ മനസ്സില്‍ വന്നാല്‍ ചെയ്യാം. സിനിമ കാണാന്‍ ആളുകള്‍ തിയേറ്ററില്‍ വരുന്നില്ല. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ഇടപെടല്‍ തുടങ്ങി പുതിയ സാഹചര്യങ്ങളെല്ലാം സിനിമയെടുക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നതില്‍ നിന്ന് പിന്നോട്ടടിപ്പിക്കുന്നുണ്ട്. 

സമകാലിക ജനപഥം, 2022 നവംബര്‍

No comments:

Post a Comment