Wednesday, 10 April 2019

ലൂസിഫർ എന്ന സ്ഥിരം രക്ഷക വിപണി സമവാക്യം


മലയാള സിനിമയെ ലോക നിലവാരത്തിൽ എത്തിക്കുകയും മലയാള സിനിമ താനെന്ന ബ്രാൻഡിന്റെ പേരിൽ അറിയപ്പെടുകയും ചെയ്യണമെന്ന വലിയൊരു സ്വപ്നമുണ്ട് പ്രിഥ്വിരാജിന്. ഇത് അദ്ദേഹം പലതവണ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. നല്ല സിനിമയുടെ ഭാഗമാകാൻ സക്രി്ര്രപിൽ മാത്രം വിശ്വാസമർപ്പിച്ച് താരമൂല്യവും വിജയ സാധ്യതയും  നോക്കാതെ അഭിനയിച്ച് പ്രിഥ്വി ഇതിനെ സാധൂകരിക്കാറുമുണ്ട്. ഇങ്ങനെ വലിയ സ്വപ്നങ്ങൾ കാണുന്ന ഒരു ടോട്ടൽ സിനി മാൻ സംവിധായകനാകുമ്പോൾ കാണികളുടെ പ്രതീക്ഷ ഏറെ വലുതായിരിക്കും;സ്വാഭാവികമായും അയാളുടെ സമ്മർദ്ദവും. ഇതിനെ അതിജീവിക്കാൻ ലോകനിലവാരവും കലാമൂല്യവുമൊക്കെ രണ്ടാമത്തെ സിനിമ തൊട്ടാകാം, ആദ്യം സേഫ് സോണിൽ നിന്നൊരു വിപണി വിജയം നേടുക എന്നതായിരിക്കാം ലളിതമായി പ്രിഥ്വിരാജ് ചിന്തിച്ചിരിക്കുക.
അതാണ് ഇപ്പോൾ ബുദ്ധിപരമായി നടപ്പാക്കിയിട്ടുള്ളതും.   മോഹൻലാലിനെപ്പോലെ മലയാള സിനിമയിൽ എറ്റവും വാണിജ്യ മൂല്യമുള്ള നടനെ പ്രധാന കഥാപാത്രമാക്കി ഒരു പൊളിറ്റിക്കൽ ത്രില്ലർ. പ്രീ റിലീസിംഗിൽ ഇത്തരത്തിലൊരു പരസ്യം വരുമ്പെഴേ സിനിമ പകുതി വിജയിച്ചുകഴിഞ്ഞു. റിലീസ് ദിവസം മുതൽക്കുള്ള ജനസമ്മതിയെല്ലാം ബോണസാണ്.
       മോഹൻലാലിനെ കാണികൾക്ക് ഏതു രൂപത്തിൽ കാണാനാണ് ഇഷ്ടമെന്നു തിരിച്ചറിഞ്ഞ് തയ്യാറാക്കിയ സ്‌ക്രി്ര്രപാണ് ലൂസിഫറിന്റേത്. ലാലിന്റെ നടത്തം, നോട്ടം, മുണ്ടുടുക്കൽ, ഫൈറ്റ്, പഞ്ച് ഡയലോഗ്, രക്ഷകവേഷം, അണികൾക്കു മുന്നിലെ നേതാവ്, എന്തിന് കുഞ്ഞിനെ നെഞ്ചിൽ കിടത്തി കഥ പറയുന്ന ആർദ്രതയുള്ള ശബ്ദമുള്ള ലാലിനെപ്പോലും കാണികളുടെ മനസ്സറിഞ്ഞ് മുരളി ഗോപി എഴുതി വച്ചിരിക്കുന്നു. എന്നാൽ സ്റ്റീഫൻ നെടുമ്പള്ളിയെക്കൊണ്ട് നിരന്തരം നെടുങ്കൻ ഡയലോഗ് പറയിപ്പിക്കനോ കഥാഗതിക്ക് ചേരാതെ വെറുതെ സീനുകളിൽ കയറ്റി നിർത്തനോ ഒരുമ്പെടുന്നുമില്ല. ഇക്കാര്യത്തിൽ പ്രിഥ്വിരാജ് എന്ന അരങ്ങേറ്റ സംവിധായകനെ അംഗീകരിക്കണം. മോഹൻലാലിലെ താരത്തെ അദ്ദേഹം പേടിക്കുകയല്ല, ആവശ്യത്തിനു മാത്രമെടുത്ത് ഉപയോഗിക്കുകയാണ് ചെയ്തത്. ആ കരിസ്മ പൂർണമായി അനുഭവിക്കാനുമാകുന്നുണ്ട്; കാഴ്ചയിലും ചെറുനോട്ടത്തിലും മുരടനക്കത്തിൽ പോലും കാണികൾക്കത് കിട്ടുന്നു. (സ്റ്റീഫൻ നെടുമ്പള്ളി ബൈബിൾ പഴയ നിയമത്തിലെ ഒരു വാചകം പറയുന്നുണ്ട് സിനിമയിൽ. കൈയടിയില്ലാത്ത സംഭാഷണമാണ്. ഒരു നിമിഷം കണ്ണടച്ച് തിയേറ്ററിലെ ആ ശബ്ദത്തിനു മാത്രം ചെവിയോർത്തു നോക്കൂ. സംസാരത്തിലെ താളത്തിൽ പോലും അനുഭവിക്കാനാകും ആ കരിസ്മ.)
    
        മൂന്നു മണിക്കൂറിനടുത്ത് ദൈർഘ്യമുള്ള സിനിമയിൽ ലാലിന്റെ അത്ര തന്നെ സ്‌ക്രീൻ സ്‌പേസ് പ്രതിനായകനായ വിവേക് ഒബ്രോയിക്കുമുണ്ട്. നിയന്ത്രിതാഭിനയത്തിലെ അങ്ങേയറ്റത്തെ സാന്നിധ്യമായി വിവേക് ഈ വില്ലൻ വേഷത്തെ ഗംഭീരമാക്കുന്നുമുണ്ട്. ഒരുപാട് സീനുകളിൽ ഇല്ലെങ്കിൽ പോലും ടൊവിനോയുടെ ജതിൻ രാംദാസ് ആണ് ലൂസിഫറിലെ മറ്റൊരു ആകർഷണവും ഊർജവും. മഞ്ജുവാര്യരുടെ റോൾ മധ്യവയസ്സിലെത്തിയ മറ്റേതൊരു നടിക്കും ചെയ്യാവുന്നതേയുള്ളു. പ്രത്യേകിച്ച് അഭിനയ സാധ്യതകളൊന്നുമില്ല, പക്ഷേ നിലവിൽ മലയാള സിനിമയിലെ മാർക്കറ്റിംഗ് സ്ട്രാറ്റജി അനുസരിച്ച് ഇതുപോലൊരു മോഹൻലാൽ ചിത്രത്തിൽ മഞ്ജുവാര്യർ എന്ന നായികയ്ക്ക് തന്നെ ഏറ്റവും മൂല്യം.
      ലൂസിഫർ അത്ഭുതത്തിന്റെ പരകോടിയോ എനിക്ക് ശേഷം പ്രളയമോ അല്ല. (അങ്ങനെ പ്രചരിപ്പിക്കപ്പെടുമെങ്കിലും) കണ്ടിരിക്കാവുന്ന, ഇടയ്‌ക്കൊക്കെ അൽപം ലാഗ് തോന്നിക്കുന്ന സാധാരണ എന്റർടെയ്നർ മാത്രമാണ്. വില്ലൻ, നീരാളി, ഡ്രാമ, ഒടിയൻ തുടങ്ങി അടുത്തിടെ ഇറങ്ങിയ മോഹൻലാൽ സിനിമകളിൽ മെച്ചപ്പെട്ടത് എന്നു പറയാം. ഒടിയന്റെ റിലീസിനു മുമ്പ് അണിയറക്കാർ നടത്തിയ ഓവർ ഹൈപ്പ് പ്രതികൂലമായെങ്കിൽ, ലൂസിഫറിന്റെ കാര്യത്തിൽ അങ്ങനെയൊരു പബ്ലിസിറ്റി ഉണ്ടായില്ല എന്നതും തുണയായി.
          എൺപതുകളിൽ മലയാളത്തിലെ അൾട്രാ ഹെവി പൊളിറ്റിക്കൽ ത്രില്ലറുകൾ എഴുതിയിട്ടുള്ള ടി.ദമോദരൻ മാഷിന്റെ സ്‌ക്രി്ര്രപുകളിൽ പഴുതുകളില്ലായിരുന്നു എന്നതും തറനിരപ്പിൽ തൊട്ടു നിൽക്കുന്നു എന്നതുമായിരുന്നു സവിശേഷത. പൊളിറ്റിക്കൽ ത്രില്ലർ വിശേഷണത്തിൽ എത്തുന്ന ലൂസിഫറിലാകട്ടെ മോഹൻലാലിന്റെ കരിസ്മ മാറ്റി നിർത്തിയാൽ ഫേളോ ചെയ്യാൻ പ്രയാസമുള്ളതും മുറുക്കമില്ലാതെ അയഞ്ഞു കിടക്കുകയും ചെയ്യുന്ന സ്‌ക്രി്ര്രപിംഗ് ഏരിയകൾ ഏറെയാണ്. ടി. ദമോദരൻ ഐ.വി ശശി രാഷ്ടീയ വാണിജ്യ സിനിമകൾ അവയുടെ എഴുത്തിലെയും ആഖ്യാനത്തിലെയും  വിശാലതയും സമഗ്രതയും കൊണ്ടാണ് വിജയം നേടിയതെങ്കിൽ, പുതിയകാല 'പൊളിറ്റിക്കൽ ത്രില്ലറുകൾ' ചെറിയ ചിന്തകളുടെ നീട്ടിപ്പരത്തലും ആഘോഷങ്ങളും മാത്രമാണ്.
     
      മാസ് എന്ന പ്രയോഗം പലയിടങ്ങളിലും ലൂസിഫറിനോട് ചേർന്നുനിൽക്കും. എന്നാൽ മാസ് ആന്റ് ക്ലാസ് എന്നൊരു പ്രയോഗത്തെ ഈ സിനിമയോട് ചേർത്ത് പലയിടങ്ങളിലും പ്രയോഗിച്ചതായി കണ്ടു. ക്ലാസ് എന്ന വാക്ക് എല്ലായിടങ്ങളിലും അനാവശ്യമായി ചേർത്ത് ഉപയോഗിക്കേണ്ട ഒരു വാക്കല്ല; ഏറെ സൂക്ഷിച്ച് പ്രയോഗിക്കേണ്ടതുമാണ്. മലയാള സിനിമയിൽ അത്യപൂർവ്വമായി മാത്രം നമ്മൾ ഉപയോഗിച്ചിട്ടുള്ള ഒരു വാക്കാണത്.
(സാന്ദർഭികമായി ഒരു കാര്യം സൂചിപ്പിക്കട്ടെ ലൂസിഫർ കാണുന്നതിനു മുമ്പ് ഐ.വി ശശി പദ്മരാജൻ സിനിമ 'ഇതാ ഇവിടെ വരെ' വീണ്ടും കണ്ടിരുന്നു. 42 വർഷമായി ആ സിനിമ ഇറങ്ങിയിട്ട്. ഇപ്പോൾ കാണുമ്പോഴും ഏറ്റവും പുതിയ സിനിമ കാണുന്നത്രയും ഫ്രഷ്‌നെസും മുറുക്കവുമാണ് ആ സ്‌ക്രി്ര്രപിനും ആഖ്യാനത്തിനും. ഇതു പോലുള്ള സിനിമകളെ ക്ലാസ് എന്നോ ക്ലാസിക്ക് എന്നോ ഒക്കെ വിളിക്കാമെന്ന് തോന്നുന്നു.)
      ഇന്ത്യൻ രാഷ്ട്രീയം എന്ന ലോകത്തിലെ വലിയ കോമഡിയെന്ന് സിനിമയിൽ ടോവിനോയുടെ കഥാപാത്രം തന്നെ വിശേഷിപ്പിക്കുന്ന ഇടത്തേക്കുള്ള ഫണ്ടിംഗ് ഏജൻസികളും അവർ നടപ്പിലാക്കുന്ന അജണ്ടയും അതിന്റെ ഇരകളായ രാഷ്ട്രീയ പാർട്ടികളും മീഡിയയുമാണ് ലൂസിഫറിലെ കഥാപരിസരം. സാധാരണ ജനങ്ങൾക്ക് വലിയ റോളില്ലാത്ത ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ രാഷ്ട്രീയ മേഖലയിൽ നടക്കുന്ന നെറികേടുകളെപ്പറ്റി പൊതു തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സമയത്ത് വെറുതെയെങ്കിലും ഒരു ഓർമപ്പെടുത്തലിന് ഈ സിനിമ പ്രേരകമയേക്കും.
      ആദ്യ സിനിമ തന്നെ ലോക നിലവാരത്തിൽ എത്തിക്കാൻ പ്രയാസമാണ്. അസാമാന്യ പ്രതിഭയും വിപണി സമവാക്യങ്ങളെ മുഖവിലയ്‌ക്കെടുക്കാത്ത മാനസിക ധൈര്യവുമുണ്ടായിരിക്കണം. അടൂരിന്റെ സ്വയംവരം അങ്ങനെയായിരുന്നു, ലെനിൻ രജേന്ദ്രന്റെ വേനലും, ഒറ്റ സിനിമയെടുത്ത അജയന്റെ പെരുന്തച്ചനും, ഒടുവിൽ സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയയും അങ്ങനെയായിരുന്നു. ഏറ്റവുമടുത്ത് മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്സിനും ഒരു ലോക മുഖമുണ്ട്. പ്രിഥ്വിരാജിന്റെ രണ്ടാമത്തെ സിനിമ ഇത്തരത്തിൽ ഭാഷയ്ക്കും ദേശത്തിനും അതീതമായി ലോക മുഖം കാണിക്കുന്നതായിരിക്കുമെന്ന് പ്രത്യാശിക്കാം.

സ്ത്രീശബ്ദം, 2019, ഏപ്രിൽ
കുമ്പളങ്ങിയിലെ ദേശവും മനുഷ്യരും

തറവാട്ടിൽ പിറന്നതിന്റെ അന്തസ്സും മഹിമയും ഇടയ്ക്കിടെ ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്ന ഒരു ശീലം ഇടക്കാലത്ത് മലയാള സിനിമയ്ക്കുണ്ടായിരുന്നു. പ്രത്യേകിച്ചും മലയാള സിനിമ ആൾക്കൂട്ടക്കൂത്തായി മാറിയ തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ ആദ്യ ദശകത്തിലും. അന്നത്തെ പല സിനിമകളും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലും അവയുടെ ഭൂമികയിലുമെല്ലാം ഈ സവിശേഷ സ്വഭാവം നിലനിന്നു പോന്നു. ഇത് കാണികളിൽ പുതിയൊരു കാഴ്ചശീലവും തങ്ങളുമായി യാതൊരു തരത്തിലും ബന്ധിപ്പിക്കാൻ കഴിയാത്ത പുതിയൊരു തരം സവർണരും അമാനുഷികരുമായ മനുഷ്യരെയും വെള്ളിത്തിരയിൽ സൃഷ്ടിക്കാനും ഇടയാക്കി. തങ്ങളുടെ വീട്ടകവും വീട്ടുപരിസരവുമായി യാതൊരു ബന്ധവുമില്ലാത്ത സാധാരണക്കാരന് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ നിരന്തരം ചെയ്ത് ആളുകളിൽ അത്ഭുതത്തിന്റെയും ആരാധനയുടെയും വീരരസം പകർന്ന് താരരൂപങ്ങളായി നിലകൊണ്ട ഇവരിൽ നിന്ന് ഇറങ്ങിപ്പോരാൻ മലയാള സിനിമയ്ക്ക് ഏറെക്കാലമെടക്കേണ്ടി വന്നു. പൂർണമായും ഇപ്പോഴും വിടുതി നേടാനുമായിട്ടില്ല. അവസരം കിട്ടിമ്പോഴെല്ലാം ഈ കുല, വീര പുരുഷന്മാർ അവതാരപ്പിറവിയെടുത്തു കൊണ്ടേയിരിക്കുന്നു. ഇത് സിനിമയിലലും സമൂഹപരിസരത്തും ഒരപോലെയാണ്. അനുകൂല സാമൂഹിക സാഹചര്യങ്ങൾ വരമ്പോഴാണ് അകമേ അധികം ആഴത്തിലല്ലാതെ വേരോടിക്കിടക്കുന്ന സവർണ, പുരുഷ ചിന്താഗതികളും മേൽക്കോയ്മകളുമെല്ലാം മറനീക്കി പുറത്തുവരുന്നത്.
    മധു സി.നാരായണന്റെ കുമ്പളങ്ങി നൈറ്റ്സിലേതു പോലെ ഒട്ടമേ കുലമഹിമയില്ലാതെ, വ്യത്യസ്ത തന്തമാർക്കും തള്ളമാർക്കും പിറന്ന മക്കൾ, ഒരു തുരുത്തിലെ പുറംവാതിൽ പോലുമില്ലാത്ത ചായം പൂശാത്ത ചെറുകൂരയിൽ കലഹിച്ചും സ്‌നേഹിച്ചും, കുടിച്ചും വലിച്ചും നാട്ടുനടപ്പ് തെറ്റിച്ച് ഇഷ്ടപ്പെട്ട പെണ്ണുങ്ങളെ കൂടെക്കൊണ്ടുവന്നു പൊറുപ്പിക്കുന്നതും പ്രമേയമാക്കി സിനിമ ചെയ്യുന്നതു ചിന്തിക്കാനുള്ള ശേഷി പോലും മേൽപ്പറഞ്ഞ കാലത്തെ മുഖ്യധാരാ സിനിമയ്ക്കില്ലായിരുന്നു. അങ്ങനെ ചിന്തിക്കാനും അതിനെ ജനപ്രിയമാക്കി അവതരിപ്പിക്കാനും കഴിയുന്നു എന്നതാണ് പുതുകാല മലയാള സിനിമയുടെ ഏറ്റവും ഗുണപരമായ മാറ്റം. നേരത്തെപ്പറഞ്ഞ തറവാട്ടു സിനിമകളിലെ തറനിരപ്പിൽ തൊടാത്ത മനുഷ്യരുടെ ചെയ്തികളും സംഭാഷണങ്ങളും കണ്ടും കേട്ടും അന്തം വിട്ടിരിക്കേണ്ടി വന്ന ഹതഭാഗ്യരായ കാണികളായിരുന്നു ഏറെക്കാലം നമ്മൾ.
      
       കുമ്പളങ്ങി നൈറ്റ്സിൽ എത്തമ്പോഴാകട്ടെ അതിലെ നെപ്പോളിയന്റെ മക്കളെയും അവരുടെ വീടും അവർ ചെയ്യുന്ന ജോലികളും അവരുടെ ജോലിയില്ലായ്മയും സംസാരവും തമാശയും പ്രണയവും സങ്കടങ്ങളുമെല്ലാം അടുത്തറിയാനും നമ്മളെത്തന്നെ ബന്ധപ്പെടുത്താനുമാകുന്നു. തിയേറ്റർ വിട്ടിറങ്ങിയാലും സജിയും ബോണിയും ബോബിയും ഫ്രാങ്കിയുമെല്ലാം വേമ്പനാട്ടു കായലിന്റെ തീരത്ത് കുമ്പളങ്ങിയിലോ പള്ളിത്തോടോ കായലിൽ വലയെറിഞ്ഞോ തോണി തുഴഞ്ഞോ ഏതെങ്കിലും തുരുത്തിൽ ആരോടെങ്കിലും വർത്തമാനം പറഞ്ഞിരിക്കുകയോ ചെയ്യുന്നുണ്ടെന്ന് തോന്നും. യാഥാർഥ്യത്തോട് അത്രയും ചേർന്നുനിന്നാണ് മധു സി.നാരായണനും ശ്യാം പുഷ്‌കരനും ഷൈജു ഖാലിദും കുമ്പളങ്ങിയെന്ന ദേശത്തെയും അവിടത്തെ സാധാരണക്കാരായ മനുഷ്യരെയും അവതരിപ്പിച്ചിരിക്കുന്നത്. സങ്കീർണതകളിലേക്കും ബാഹ്യലോകത്തിലേക്കും ഉപകഥകളിലേക്കും പോകാതെ ഒരു ദേശത്തിലേക്കു മാത്രം ചുരുങ്ങുന്നതിന്റെ എല്ലാ വലുപ്പവും സൗന്ദര്യവും കുമ്പളങ്ങിക്കുണ്ട്.
     രണ്ടു തരം മനുഷ്യരെയാണ് ശ്യാം പുഷ്‌കരൻ കുമ്പളങ്ങി നൈറ്റ്സിൽ എഴുതി വയ്ക്കുന്നത്. ഫഹദ് അവതരിപ്പിക്കുന്ന ഷമ്മി ശരാശരി മലയാളി ആണധികാര ബോധത്തിന്റെ പ്രതിനിധി തന്നെയാണ്. ഞാനാണ് വീടിന്റെയും വീട്ടിലെ പെണ്ണുങ്ങളുടെയും സർവ്വനാഥൻ, എന്റേതാണ് അവസാന വാക്ക് എന്ന് അയാൾ ഉറച്ചു വിശ്വസിക്കുന്നു. പെണ്ണുങ്ങൾ കൂടുതലായൊന്നും പറയേണ്ട, അതിന് ഇവിടെ ആണുങ്ങളുണ്ട് എന്നാണ് ഷമ്മി പറയുന്നത്. സദാ ഒരുങ്ങി, മീശയും മുടിയും ചീകി വെട്ടിയൊതുക്കി സുന്ദരപുരുഷനായി നടക്കുന്ന അയാളെ ഭരിക്കുന്നതാകട്ടെ പ്രാകൃത വികാരങ്ങൾ മാത്രമാണ്. ഇതപോലുള്ള മനുഷ്യരെ നമ്മുടെ സാമൂഹിക ചുറ്റുപാടിലാകെ കാണാം. പുറമേയ്ക്ക് സുന്ദര,മാന്യ രൂപങ്ങൾ. അകമേ നവോത്ഥാനത്തിന്റേയോ പരോഗമനത്തിന്റെയോ വെളിച്ചമെത്തുകയോ മാറ്റങ്ങളെ തിരിച്ചറിയുകയോ ഉൾക്കൊള്ളുകയോ ചെയ്യാനാകാത്തവർ.
   

         ഇനി നെപ്പോളിയന്റെ മക്കളാകട്ടെ തറനിരപ്പിൽ തൊട്ട് മനുഷ്യന്റെ ഉള്ളറിഞ്ഞ്, സകലതിനെയും സ്‌നേഹത്തോടെ സ്വീകരിക്കാൻ തക്ക വലിയ മനസ്സുള്ളവരാണ്. പുറമേ നിന്ന് ഷമ്മിയുടെ അടക്കമുള്ളവരുടെ നോട്ടത്തിൽ നെപ്പോളിയന്റെ പിള്ളേര് തല്ലിപ്പൊളികളും അടുപ്പിക്കാൻ കൊള്ളാത്തവരും യാതൊരു കുലമഹിമയും പേറാത്തവരും വെളിപ്പറമ്പിൽ താമസിക്കുന്നവരുമാണ്. നല്ല ചിരി കുടുംബത്തിന്റെ സൂര്യപ്രകാശമമെന്ന പ്രയോഗത്തോട് ചേർന്നു നിൽക്കമ്പോഴാകട്ടെ നെപ്പോളിയന്റെ പുറംവാതിലില്ലാത്ത വീടിനു തന്നെയാണ് ഷമ്മിയുടെ അടച്ചുറപ്പും ഭംഗിയുമുള്ള വീടിനേക്കാൾ തിളക്കം. നല്ല കുടുംബങ്ങൾക്ക്  ഒരു സംസ്‌കാരമുണ്ട് അത് നമ്മൾ കാത്തു സൂക്ഷിക്കണം എന്ന ബോബിയുടെ പറച്ചിലിന് സംസാരശേഷിയില്ലാത്ത ബോണിയിലൂടെ സിനിമ നൽകുന്ന മറുപടി മലയാളി സമൂഹത്തിന്റെ കപട സദാചാര ബോധത്തിനാകെയുള്ളതാണ്. ശരാശരി ജീവിത നിലവാരത്തിന് താഴെയുള്ള ഭൂരിപക്ഷ മലയാളികളുടെ പ്രതിനിധികളാണ് നെപ്പോളിയന്റെ മക്കൾ. അവർക്ക് അതിസമ്പന്നരാകണമെന്നോ വീടിന്റെ വലുപ്പത്തിലോ വാഹനത്തിലോ പണത്തിലോ മറ്റുള്ളവരുമായി മത്സരിക്കണമെന്നോ ഇല്ല. അന്നന്നത്തെ ഭക്ഷണവും അതിനുള്ള ഉപാധിയുമാണ് അവരെ സംബന്ധിച്ച് വലിയ കാര്യം. അടിപിടി കൂടുമെങ്കിലും അവരുടെ പിണക്കങ്ങൾ അധികനേരം നീളില്ല. തുറന്ന സംസാരവും ചിരിയും തന്നെയാണ് അവർക്കിടയിൽ 'എന്റെ മുരിങ്ങാമരച്ചോട്ടിലെ വലിയ ആകാശം' എന്ന സങ്കല്പം തീർക്കുന്നത്.
    
        സോഫയിൽ തേങ്ങ കാർന്നു തിന്ന് കിടന്ന് സിനിമാ വാരിക വായിക്കുന്ന മനുഷ്യൻ മുതൽ ഒരു വേള മനോനില തെറ്റിയെന്ന തോന്നലിൽ 'എന്നെയൊന്ന് ഡോക്ടറുടെയടുത്ത് കൊണ്ടപോകാമോ'യെന്ന് അനിയനോട് ചോദിക്കുകയും പിന്നീട് ഡോക്ടറുടെ നെഞ്ചിൽ മുഖമമർത്തി പൊട്ടിക്കരയുന്ന ഏറ്റവും ഒറ്റപ്പെട്ട മനുഷ്യന്റേതടക്കമുള്ള നിരവധിയായ സ്വാഭാവിക ഭാവങ്ങളുള്ള സജിയുടെ മുഖവും ശരീരവുമാണ് ഈ സിനിമയിലെ കഥാപാത്ര സൃഷ്ടിയുടെ പ്രബലമായ മാനുഷിക മുഖം. സൗബിൻ ഷാഹിർ എന്ന നടൻ സ്‌ക്രീനിൽ വരമ്പോഴെല്ലാം ചിരി പ്രതീക്ഷിച്ച് അതിന് തയ്യാറെടുക്കുന്ന ഓഡിയൻസിന് സജിയിലൂടെ അയാൾ പകരം നൽകുന്നത് നിയന്ത്രിതാഭിനയത്തിന്റെ അസാധാരണ മുഖമാണ്. താൻ മൂലം കൊല്ലപ്പെടുന്ന കൂട്ടുകാരന് ജീവിതത്തിലൂടെ ചെയ്യാൻ കഴിയുന്ന ഏറ്റവും ഉദാത്തമായ കർമ്മം അശരണയായ അവന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും സംരക്ഷണം ഏറ്റെടുക്കുക എന്നതാണ്. അവരുമായി തോണി തുഴഞ്ഞ് തന്റെ വീട്ടിലേക്ക് വരുന്ന സജിയിൽ മനുഷ്യരൂപം പൂണ്ട മാലാഖയെ തന്നെയാണ് കാണാനാകുക.
    ബോബിയുടെയും ബേബിയുടെയും പ്രണയം മാമൂലുകൾക്കും ഒത്തുതീർപ്പുകൾക്കുമപ്പുറത്തെ സാധാരണക്കാരന്റെ ജീവിതത്തിന്റെ വേരാഴമുൾക്കൊള്ളുന്നതാണ്. ഒരു പെൺകുട്ടിക്ക് കയറിച്ചെല്ലാൻ പറ്റാത്ത വീട് എന്നു സ്വന്തം വീട്ടുകാർ കൂടി പറയമ്പോഴും അവൾക്ക് പ്രണയിയിലും അവർക്കിടയിലെ പ്രണയത്തിലും അവന്റെ വീട്ടിലും വിശ്വാസമുണ്ട്.
    മണ്ണിലേക്കും മനുഷ്യനിലേക്കും പ്രാദേശികതയിലേക്കും കൂടുതൽ വേരുകളാഴ്ത്തി ഇറങ്ങിച്ചെല്ലുന്നതിലൂടെയാണ് സിനിമ അതിന്റെ വിതാനം കൂടുതൽ വലുതാകുകയാണ്. അങ്ങനെയാണ് കലാസൃഷ്ടിക്ക് കാലത്തിനും ദേശത്തിനും ഭാഷയ്ക്കുമപ്പുറത്തേക്ക് സഞ്ചരിക്കാനുമാകുന്നത്. ഈയൊരു സവിശേഷത കുമ്പളങ്ങി നൈറ്റ്സിലുടനീളം തെളിഞ്ഞു കാണാം. ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, സൗബിൻ ഷാഹിറിന്റെ പറവ, രാജീവ് രവിയുടെ കമ്മട്ടിപ്പാടം തുടങ്ങി അടുത്ത കാലത്തിറങ്ങിയ പല മുഖ്യധാരാ മലയാള സിനിമകൾക്കും ഇതേ പ്രത്യേകത അവകാശപ്പെടാനാകും.

ആരോഗ്യപ്പച്ച മാസിക, 2019 മാർച്ച്‌

Wednesday, 6 February 2019

വിജയ് സൂപ്പറും പൗർണ്ണമിയും
എ ജിസ് ജോയ് ഫീൽ ഗുഡ് മൂവി


ജിസ് ജോയ് സിനിമകൾ എന്നൊരു ബ്രാൻഡ് ഭാവിയിൽ മലയാള സിനിമയിൽ സൃഷ്ടിക്കപ്പെടാനിടയുണ്ട്. എൺപതുകളിലെ ബാലചന്ദ്ര േേനാനെയൊക്കെപ്പോലെ സംവിധായകന്റെ പേരിൽ അറിയപ്പെടുന്ന, താരങ്ങളെക്കാൾ സംവിധായകൻ മിനിമം ഗാരന്റി ബ്രാൻഡായി മാറുന്ന സിനിമകൾ. വലിയ അവകാശവാദങ്ങൾ ഒന്നും മുന്നോട്ടുവയ്ക്കാതെ തിയേറ്ററുകളിലെത്തുകയും സിനിമ കണ്ടിറങ്ങുന്നവർക്ക് സുഖമുള്ള ഒരു നല്ല ഓർമ്മ സമ്മാനിക്കുകയും ചെയ്യുന്നവയാണ് ജിസ് ജോയ് സിനിമകൾ. സങ്കീർണ്ണമായ കഥാപശ്ചാത്തലമോ ഉപകഥകളോ ട്വിസ്റ്റുകളുടെ സാധ്യതയോ ഒന്നുമില്ലാതെ സ്വാഭാവികമായി അഭിനയിക്കുന്ന കഥാപാത്രങ്ങളും കഥയോട് ഇഴചേർന്ന് കടന്നുവരുന്ന ഹാസ്യവും ബന്ധങ്ങളുടെ ഊഷ്മളത ഓർമ്മപ്പെടുത്തുകയും തെല്ല് നൊമ്പരപ്പെടുത്തുകയും ചെയ്യുന്ന ചെറിയ സിനിമകളാണ് ജിസ് ജോയിയുടേത്. അതിവൈകാരികയും സംഘർഷങ്ങളുമില്ലാതെ ഇത്ര ലളിതമായും വാണിജ്യ സിനിമയെടുക്കാം എന്നു സ്വയം ശീലിക്കുകയും മറ്റു ചലച്ചിത്രകാര•ാരെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നിടത്താണ് ജിസ് ജോയ് എന്ന പുതിയ ബ്രാൻഡിന്റെ സാധ്യത തെളിഞ്ഞുവരുന്നത്.
   
     കലാപരമായ അതിമേ•യല്ല ജിസ് ജോയ് ലക്ഷ്യമിടുന്നത്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന കാണാൻ സുഖമുള്ള രസികൻ സിനിമയൊരുക്കുക എന്നതാണ് ജിസ് ജോയിയിലെ എഴുത്തുകാരന്റെയും സംവിധായകന്റെയും ലക്ഷ്യം. ഒരുപക്ഷേ പല ആവർത്തി പറഞ്ഞ കാര്യങ്ങൾ പുതിയ അന്തരീക്ഷത്തിൽ പറയുക തന്നെയാണ് ജിസ് ജോയ് ചെയ്യുന്നത്. വളരെ ബുദ്ധിപരമായി കാണികൾക്ക് എന്തു വേണമെന്ന് തിരിച്ചറിഞ്ഞ് അത് നൽകുക മാത്രമാണ് ഈ സംവിധായകൻ തന്റെ സിനിമയിൽ ചെയ്യുന്നത്. ആദ്യ സിനിമയായ ബൈസിക്കിൾ തീവ്സിൽ ജിസ് ജോയ് ഈ പരീക്ഷണത്തിന് തുടക്കമിട്ടിരുന്നെങ്കിലും രണ്ടാമത്തെ സിനിമയായ സൺഡേ ഹോളിഡേയിലാണ് കാണികൾ ഇതു തിരിച്ചറിഞ്ഞതും സ്വീകരിച്ചതും. കണ്ടവർ പരസ്പരം പറഞ്ഞാണ് രണ്ടു വർഷം മുമ്പ് സൺഡേ ഹോളിഡേ തിയേറ്ററിൽ ശ്രദ്ധിക്കപ്പെടുന്ന വിജയം നേടിയത്. സൺഡേ ഹോളിഡേയുടെ പ്രമേയത്തിലെയും അവതരണത്തിലെയും ലാളിത്യവും സ്വാഭാവിക ഹാസ്യവും അപർണാ ബാലമുരളിയും ആസിഫ് അലിയും സിദ്ധിഖും അടക്കമുള്ളവരുടെ പ്രകടനവും പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഫീൽ ഗുഡ് മൂവി എന്ന വിശേഷണമാണ് സൺഡേ ഹോളിഡേയ്ക്ക് പ്രേക്ഷകർ ചാർത്തി നൽകിയത്.
    സൺഡേ ഹോളിഡേയുടെ സംവിധായകന്റെ പുതിയ സിനിമ എന്നതു തന്നെയായിരുന്നു വിജയ് സൂപ്പറും പൗർണ്ണമിയും റിലീസിംഗ് സമയത്തെ ആകർഷണം. സൺഡേ ഹോളിഡേയെപ്പോലെ ഫീൽ ഗുഡ് എന്ന പ്രയോഗത്തെ ശരിവയ്ക്കുന്ന സിനിമയാകാൻ വിജയ് സൂപ്പറിനും കഴിയുന്നുണ്ട്. രസകരമായി കണ്ടിരിക്കാവുന്ന ഒരു ചെറിയ സിനിമയാണ് വിജയ് സൂപ്പറും പൗർണ്ണമിയും. നമുക്ക് പരിചിതമായ ജീവിത സാഹചര്യത്തിൽ ദിവസവും കണ്ടു പരിചയമുള്ള മനുഷ്യരെ തന്നെയാണ് ജിസ് ജോയ് ഇത്തവണയും കഥാപാത്രങ്ങളാക്കുന്നത്. അവരുടെ സംസാരവും പ്രവൃത്തിയും ജീവിത പരിസരവും തൊഴിലിടങ്ങളുമെല്ലാം നമ്മളോട് ഏറെ അടുത്തു നിൽക്കുന്നതു കൊണ്ടുതന്നെ സിനിയോട് ഒരുതരം അടുപ്പവും തോന്നും.
    കഥയിൽ വലിയ പുതുമകളൊന്നും അവകാശപ്പെടാനില്ലെങ്കിലും അവതരണത്തിലെ ഒഴുക്കും അഭിനേതാക്കളുടെ സ്വാഭാവിക പ്രകടനവുമാണ് വിജയ് സൂപ്പറിനും പൗർണ്ണമിക്കും കരുത്താകുന്നത്. ഒരു മുറിയിൽ രണ്ടു കഥാപാത്രങ്ങളെ മാത്രം കേന്ദ്രീകരിച്ച് മുന്നോട്ടുപോകുന്ന ദൈർഘ്യമുള്ള ചില സീനുകൾ ചിത്രത്തിലുണ്ട്. എന്നാൽ അത് ഒട്ടും വിരസമാകാതെ അവതരിപ്പിക്കുന്നു എന്നതിലാണ് സംവിധായകന്റെ മിടുക്ക്.
   
       ആത്മവിശ്വാസമില്ലാത്ത നായക കഥാപാത്രവും ആത്മവിശ്വാസം മാത്രം കൈമുതലായുള്ള നായികയുമാണ് ചിത്രത്തിലെ കേന്ദ്രം. ജീവിതത്തിൽ വ്യക്തമായ ലക്ഷ്യമില്ലാത്ത അഭ്യസ്തവിദ്യരായ ശരാശരി മലയാളി യുവാക്കളുടെ പ്രതിനിധിയാണ് ആസിഫ് അലി അവതരിപ്പിക്കുന്ന വിജയ് എന്ന പേരിൽ മാത്രം സൂപ്പറായ കഥാപാത്രം. നായകനേക്കൾ പക്വത പുലർത്തുകയും ജീവിതത്തിൽ വലിയ ലക്ഷ്യങ്ങൾ ഉള്ളവളും ബിസിനസ് കരിയറിൽ പലതവണ പരാജയപ്പെട്ടിട്ടും കൂടുതൽ മികച്ച വിജയത്തിനായി നിരന്തരം ശ്രമിക്കുകയും ചെയ്യുന്നവളാണ് പൗർണ്ണമി എന്ന നായിക. ഇരുവരുടേയും കഥാപാത്രങ്ങൾ ഒട്ടനവധി സിനിമകളിൽ നേരത്തെയും കണ്ടിട്ടുള്ളതാണ്. എന്നാൽ ഇത്തരം കഥാപാത്രങ്ങളിൽ തങ്ങളുടേതായ കൈയൊപ്പ് പകർത്താൻ ആസിഫിന്റേയും ഐശ്വര്യ ലക്ഷ്മിയുടേയും പ്രകടനത്തിനാകുന്നുണ്ട്. ചെറുപ്പക്കാർക്ക് പ്രചോദനമേകുന്ന കഥാപാത്രങ്ങളാകുമ്പോൾ തന്നെ കുടുംബ പ്രേക്ഷകരെ ആകർഷിക്കാനും വിജയ് സൂപ്പറിന്റേയും പൗർണ്ണമിയുടെയും കഥാന്തരീക്ഷത്തിന് സാധിക്കുന്നുണ്ട്. ആസിഫിന് ഏറെ സ്വാഭാവികമായി ചെയ്യാനാകുന്ന വീട്ടിലെ പയ്യൻ കഥാപാത്രങ്ങളുടെ കൂട്ടത്തിലാണ് വിജയിന്റെയും ഇടം. ഈ റോളിൽ ഒരിക്കൽകൂടി പ്രയാസമേതുമില്ലാതെ ആസിഫ് വിജയിക്കുകയും ചെയ്യുന്നു. നായകനേക്കാൾ ആത്മവിശ്വാസവും തന്റേടവുമുള്ള കഥാപാത്രങ്ങളാണ് ഞണ്ടുകളുടെ നാട്ടിൽ, മായാനദി, വരത്തൻ എന്നീ മുൻസിനിമകളിൽ ഐശ്വര്യ ചെയ്തത്. അവയുടെ തന്നെ തന്നെ തുടർച്ചയാണ് പൗർണ്ണമി എന്ന കഥാപാത്രവും. പതിവുപോലെ സിദ്ധിഖിന്റെയും രഞ്ജി പണിക്കരുടേയും മികവുറ്റ പ്രകടനവും സിനിമയ്ക്ക് കരുത്ത് പകരുന്നു.
    സൺഡേ ഹോളിഡേയിലേതു പോലെ മികച്ച പാട്ടുകൾ വിജയ് സൂപ്പറിൽ കാണാനായില്ലെങ്കിലും ഫോർ മ്യൂസിക്സിന്റെ പശ്ചാത്തല സംഗീതം സിനിയോട് ചേർന്നുനിൽക്കുന്നു. രണദിവെയുടെ ക്യാമറയും മികച്ചത്.

സ്ത്രീശബ്ദം, 2019 ഫെബ്രുവരി

Saturday, 2 February 2019

 
വ്യക്തിത്വമുള്ള സിനിമകളുടെ സ്രഷ്ടാവ്

ലെനിൻ രാജേന്ദ്രൻ സിനിമകളിലൂടെ..


'എന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന കാഴ്ചയ്ക്ക് വിരുദ്ധമായി സമ്മർദ്ദത്തിനു വഴങ്ങി ഞാനിന്നു വരെ സിനിമയെടുത്തിട്ടില്ല. ഒരു പക്ഷേ എനിക്കിഷ്ടപ്പെട്ട പല വിഷയങ്ങളിലേക്കും ക്യാമറ തിരിക്കുവാൻ കഴിഞ്ഞിട്ടുണ്ടാകില്ല. നിർമ്മാണത്തിന്റെ ചില പ്രശ്നങ്ങൾ തന്നെയാണ് അതിനു കാരണം. സിനിമയ്ക്കു പണം മുടക്കുന്ന പ്രൊഡ്യൂസറുടെ ചിന്തകളോടു സമരസപ്പെട്ടു പോകാനേ എനിക്ക് കഴിയുകയുള്ളൂ. എന്നു പറയുമ്പോൾ എനിക്കിതേ കഴിയൂ എന്ന് ഞാനദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. മറിച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളോട് സമരസപ്പെടുക ഇന്നോളമുണ്ടായിട്ടില്ല. എനിക്കിത് പറയണം, ഞാനേ ഇത് പറയുകയുള്ളൂ എന്നൊക്കെയുള്ള തോന്നലുകളിൽ നിന്നാണ് എന്റെ ഓരോ സിനിമയും ജനിക്കുന്നത്.'

-ലെനിൻ രാജേന്ദ്രൻ




     ഐഡന്റിറ്റിയാണ് ലെനിൻ രാജേന്ദ്രൻ സിനിമകളുടെ സവിശേഷത. വേനലും മഞ്ഞും മഴയുമായി അത് ഋതുഭേദങ്ങളെ അടയാളപ്പെടുത്തുമ്പോഴും പൂർവ്വ മാതൃകകളില്ലാത്ത വിധം ഓരോ സിനിമകളും തികഞ്ഞ വ്യക്തിത്വം പുലർത്തിപ്പോരുന്നു. പ്രമേയങ്ങളുടെ വൈവിധ്യവും രാഷ്ട്രീയ നിലപാടുകളും വ്യത്യസ്തനാക്കിയ ലെനിൻ കലാമൂല്യവും കച്ചവടചേരുവകളും സമന്വയിപ്പിച്ചുകൊണ്ട് ജനകീയ സിനിമകളുടെ വഴി വെട്ടി മുന്നോട്ടുപോയ ഒരു കാലഘട്ടത്തിന്റെ പ്രതിനിധിയാണ്. ലെനിന്റെ ആദ്യസിനിമയായ 'വേനൽ' നൂറു ദിവസം തിയേറ്ററിൽ ഓടി. കലയിൽ വിട്ടുവീഴ്ചയില്ലാതെ കച്ചവടത്തിന്റെ സാധ്യതകൾ എല്ലാം ഉപയോഗപ്പെടുത്തിയ സിനിമയായിരുന്നു അത്. അതുവരെ നിലനിന്ന സിനിമാ ധാരണകളെയെല്ലാം കീഴ്‌മേൽ മറിച്ചുകൊണ്ടായിരുന്നു ലെനിൻ 1981ൽ തന്റെ ആദ്യ സിനിമയുമായി വന്നത്. രണ്ടാം സിനിമയായ 'ചില്ലും' തിയേറ്റർ വിജയം നേടി. ഇതോടെ ലെനിൻ തന്റെ മേഖല സിനിമ തന്നെയെന്ന് ഉറപ്പിച്ചു. കലയുടെയും കച്ചവടത്തിന്റെയും സമന്വയം സാധ്യമാക്കിയ സംവിധായകൻ എന്ന നിലയിൽ ലെനിനെ മലയാള സിനിമ അടയാളപ്പെടുത്തുകയും ചെയ്തു.
   
      പി.എൻ മേനോനും അരവിന്ദനും അടൂരും മലയാള സിനിമയിൽ വേറിട്ട സമാന്തരപാതയ്ക്ക് വഴി വെട്ടി വിജയിക്കുകയും മറ്റൊരു വഴിയേ പവിത്രനും ബക്കറുമെല്ലാം സഞ്ചരിക്കുകയും കെ.ജി ജോർജും പത്മരാജനും ഭരതനും ഇതിന്റെ തുടർച്ച കണ്ടെത്തുന്നതിൽ വിജയിച്ചു പോരുകയും ചെയ്തുകൊണ്ടിരുന്ന ഒരു കാലയളവിൽ തന്നെയാണ് ലെനിൻ രാജേന്ദ്രൻ എന്ന അന്നത്തെ നവസംവിധായകനും പിറവി കൊള്ളുന്നത്.
   
       ഒരു സിനിമയിൽ നിന്ന് മറ്റൊന്നിലേക്ക് പോകുമ്പോൾ മുൻ സിനിമയെ എവിടെയും കണ്ടുകിട്ടാത്ത വിധം പുതിയ സിനിമ സൃഷ്ടിക്കാൻ ലെനിന് സാധിച്ചിരുന്നു. ആദ്യ സിനിമയായ വേനൽ മുതൽ ലെനിനിൽ ഈ വേറിട്ടു നടപ്പ് തെളിഞ്ഞു കാണാം. ബന്ധങ്ങളുടെ തീവ്രതയും ആഴവും സൂക്ഷ്മമായി പഠനവിധേയമാക്കുകയായിരുന്നു ലെനിൻ വേനലിൽ ചെയ്തത്. ആർട്ട്, കമേഴ്സ്യൽ സങ്കേതങ്ങളിൽ പ്രത്യേകം തളച്ചിടാതെ പുതുതായൊരു ഇടം സൃഷ്ടിച്ചെടുക്കാനും ഈ സിനിമയ്ക്കായി. തിയേറ്ററിൽ വിജയം നേടിയതിനൊപ്പം മലയാളി കാഴ്ച ശീലത്തിന് നവഭാവുകത്വം നൽകുന്നതിലും വേനൽ വിജയിച്ചു. പാട്ടുകൾ സിനിമയിൽ സവിശേഷ സാന്നിദ്ധ്യമായി മാറ്റുന്ന രീതിക്കും ലെനിൻ വേനലിലൂടെ തുടക്കമിട്ടു. കവിതയും നാടൻ ചൊൽവഴക്കങ്ങളും പാട്ടുകളുമെല്ലാം ഒരുപോലെ തിരക്കഥയോട് ചേർത്ത് ഉപയോഗിക്കുന്ന രീതി ലെനിന് തന്റെ സിനിമകളിൽ അവലംബിച്ചു. വേനൽ തുടങ്ങുന്നതു തന്നെ കാവാലത്തിന്റെ ചൊൽപാട്ടിലൂടെയാണ്. രണ്ടാമത്തെ സിനിമയായ ചില്ലിലും ഇത് തുടർന്നു. ചില്ലിൽ പാട്ടുകളും കവിതകളും കുറേക്കൂടി ശക്തമായ സാന്നിദ്ധ്യമായി മാറുന്നുണ്ട്. തുടർന്നു വന്ന ലെനിന്റെ എല്ലാ സിനിമകളിലും പാട്ടുകൾക്ക് സവിശേഷ ഇടം നൽകുന്നത് കാണാം. പലപ്പോഴും സിനിമയോളമോ ചിലപ്പോൾ അതിന് മുകളിൽ തന്നെയും ഈ പാട്ടുകൾ അടയാളപ്പെടുത്തപ്പെടുകയും ചെയ്തു.
  
     ആദ്യ സിനിമ കൊണ്ടുതന്നെ മലയാളത്തിലെ മധ്യവർത്തി സിനിമകളുടെ ശക്തനായ പ്രയോക്താവ് എന്ന രീതിയിൽ ശ്രദ്ധിക്കപ്പെട്ട ലെനിൻ രണ്ടാമത്തെ സിനിമയോടെ തന്റെ ഇടം ഉറപ്പിക്കുകയായിരുന്നു. ആരുടേയും രീതി അനുകരിക്കാതെ, എന്നാൽ ആർക്കും അനുകരിക്കാനാകാത്ത ശൈലിയായിരുന്നു ലെനിന്റേത്. വേനലിലും ചില്ലിലും മലയാളി അനുഭവിച്ച ആസ്വാദനത്തിന്റെ നവ്യാനുഭൂതിയാണ് ഈ ചലച്ചിത്രകാരന്റെ പിന്നീടുള്ള സിനിമകൾക്കായുള്ള കാത്തിരിപ്പിന് ആക്കം കൂട്ടിയത്. പോപ്പുലർ, ആർട്ട് ഫിലിം ധാരകളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ലെനിന്റെ ഫിലിം മേക്കിംഗ് രീതിക്ക് വിപണിമൂല്യം കൂടി ലഭിച്ചതാണ് അത്തരം സിനിമ നിർമ്മിക്കുന്നവരിൽ ആത്മവിശ്വാസമുണ്ടാക്കിയത്. 1981, 82, 83 വർഷങ്ങളിൽ തുടർച്ചയായി ലെനിൻ സിനിമകൾ പുറത്തിറങ്ങി. മൂന്നാമത്തെ സിനിമയായ 'പ്രേംനസീറിനെ കാണ്മാനില്ല'  പേരിലെ പുതുമയും കഥാവതരണത്തിലെ മികവും കൊണ്ടാണ് ആകർഷിക്കപ്പെട്ടത്. വേനലിലും ചില്ലിലും ബന്ധങ്ങളുടെ തീവ്രതയും ശിഥിലതയും വിഷയമായപ്പോൾ 'പ്രേംനസീറിനെ കാണ്മാനില്ല' ഈ രണ്ടു സിനിമകളുടേയും പ്രമേയത്തിൽ നിന്ന് ഏറെ അകലം പാലിച്ചു. ഇതോടെ വ്യത്യസ്ത ജോണറുകൾ പരീക്ഷിക്കുന്ന സംവിധായകൻ എന്ന തലത്തിലേക്കായി ലെനിന്റെ മാറ്റം.
  
      തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പഠനകാലത്ത് തന്നെ ലെനിനിലെ കലാകാരനും വിപ്ലവകാരിയും രൂപപ്പെട്ടിരുന്നു. തികഞ്ഞ ഇടതുപക്ഷ ചിന്താഗതിക്കാരനായ ലെനിനോട് കലാലയ പഠനത്തിനു ശേഷം സിനിമയോ രാഷ്ട്രീയമോ? എന്ന് സഹപാഠികൾ ചോദിച്ചപ്പോൾ 'രാഷ്ട്രീയമുള്ള സിനിമാക്കാരൻ' എന്നായിരുന്നു മറുപടി. ഇത് അക്ഷരംപ്രതി പാലിക്കുന്നതായിരുന്നു ലെനിന്റെ പിന്നീടുള്ള കലാജീവിതം. വേനലിലും ചില്ലിലും ബന്ധങ്ങളുടെ സത്യസന്ധവും തീവ്രവുമായ നേരാവിഷ്‌കാരം കാണികളിൽ അനുഭവിപ്പിച്ച ലെനിൻ തികഞ്ഞ രാഷ്ട്രീയം പറഞ്ഞത് 1985ൽ പുറത്തിറങ്ങിയ 'മീനമാസത്തിലെ സൂര്യനി'ലായിരുന്നു. മലയാളത്തിലെ എണ്ണംപറഞ്ഞ രാഷ്ട്രീയ സിനിമകളിലൊന്നായി വിലയിരുത്തപ്പെടുന്ന മീനമാസത്തിലെ സൂര്യൻ ഫ്യൂഡൽ വിരുദ്ധ പോരാട്ടം കമ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കിക്കാണുകയായിരുന്നു. തന്റെ രാഷ്ട്രീയ കാഴ്ചപ്പാടിന്റെ തുറന്ന പ്രഖ്യാപനം കൂടിയായിരുന്നു ഈ സിനിമയിൽ ലെനിൻ നടത്തിയത്. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും പൊളിറ്റിക്കൽ ഫിലിം മേക്കറായ മൃണാൾ സെന്നിന് സഫലമാക്കാനാകാതെ പോയ സ്വപ്നമായിരുന്നു കയ്യൂരിന്റെ കഥ പറയുന്ന ഒരു മലയാളം സിനിമ. തികഞ്ഞ രാഷ്ട്രീയ നിലപാടുള്ള മറ്റൊരു ചലച്ചിത്രകാരന് ഇതേ പ്രമേയം സിനിമയാക്കാനായി എന്നത് കാവ്യനീതിയായിരിക്കാം. കേരളത്തിലെ മുഖ്യധാരാ സമര ചരിത്രത്തിൽ എവിടെയും രേഖപ്പെടാതെ പോയ കയ്യൂർ സമരത്തെ സിനിമയെന്ന കലയുടെ സാധ്യത ഉപയോഗിച്ച് സ്വാതന്ത്ര്യസമരത്തിന്റെ ഏറ്റവും പ്രൗഢോജ്ജ്വലമായൊരു ഏടായി മാറുന്ന വിധം അവതരിപ്പിക്കുകയാണ് 'മീനമാസത്തിലെ സൂര്യനി'ൽ ലെനിൻ ചെയ്തത്. ഇത് തികഞ്ഞ സാമൂഹികബോധമുള്ള ഒരു പൗരന്റെ ചരിത്ത്രോടുള്ള കടമ നിറവേറ്റൽ കൂടിയായി മാറി.
  
       മീനമാസത്തിലെ സൂര്യനിലും മുൻ സിനിമകളിലെപ്പോലെ എം.ബി ശ്രീനിവാസന്റെ ഈണത്തിൽ മലയാളി എക്കാലത്തും ഓർത്തുവയ്ക്കുന്ന പാട്ടുകൾ സമ്മാനിക്കാൻ ലെനിൻ രാജേന്ദ്രനായി. നാലു സിനിമകളായപ്പോഴേക്കും ലെനിന്റെ സിനിമകളിലെ പാട്ടുകൾ മലയാളിയുടെ ചുണ്ടിൽ ചിരപ്രതിഷ്ഠ നേടുന്നവായിക്കഴിഞ്ഞിരുന്നു. ആ സിനിമകൾ പുറത്തിറങ്ങി നാലു പതിറ്റാണ്ടോടുക്കുമ്പോഴും പാട്ടുകളോടുള്ള ഇഷ്ടത്തിൽ കുറവില്ലെന്നതും അത് തലമുറകളിലേക്ക് കൈമാറാൻ തക്ക ശേഷിയുള്ള അതീവ ഹൃദ്യമായ ഈണങ്ങളായി നിലനിൽക്കുകയും ചെയ്യുന്നുവെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. വേനലിലെ 'കാന്ത മൃദുല', 'താഴിക ചൂടിയ', ചില്ലിലെ 'ഒരു വട്ടം കൂടി', 'ചൈത്രം ചായം ചാലിച്ചു', 'പോക്കുവെയിൽ പൊന്നുരുകി', മീനമാസത്തിലെ സൂര്യനിലെ 'മാരിക്കാർ മേയുന്ന' തുടങ്ങിയ പാട്ടുകളെല്ലാം മരണമില്ലാത്തവയായി ശേഷിക്കുന്നു.
  
      തിരുവിതാംകൂർ രാജഭരണകാലത്ത് കലയും സംഗീതവും സാഹിത്യവും ഏറ്റവുമധികം പോഷിപ്പിക്കപ്പെട്ട സ്വാതി തിരുനാൾ മഹാരാജാവിന്റെ സംഗീത ജീവിതം പ്രമേയമാക്കിയ 'സ്വാതി തിരുനാൾ' മീനമാസത്തിലെ സൂര്യനു ശേഷം ലെനിന്റെ അടുത്ത ചരിത്രാന്വേഷണമായിരുന്നു. കന്നട നടൻ അനന്ത് നാഗ് സ്വാതി തിരുനാളിന്റെ വേഷം ചെയ്ത സിനിമയിൽ അദ്ദേഹത്തിന് ശബ്ദം നൽകിയത് അന്നത്തെ മലയാള സിനിമയിലെ സവിശേഷ സാന്നിധ്യമായ വേണു നാഗവള്ളിയായിരുന്നു എന്നത് ഏറെ കൗതുകമുള്ള വാർത്തയായിരുന്നു. സ്വാതി തിരുനാൾ കീർത്തനങ്ങളും ഇരയിമ്മൻ തമ്പിയുടെ 'ഓമനത്തിങ്കൾക്കിടാവോ' പദ്യവുമടക്കം മുപ്പതോളം ഗാനശകലങ്ങളാണ് സ്വാതിതിരുനാൾ രാമവർമ്മയ്ക്കുള്ള സംഗീതാർച്ചന കൂടിയായ ഈ സിനിമയിൽ ഉൾപ്പെടുത്തിയത്. കലയിലും സംഗീതത്തിലും പ്രാവീണ്യവും കലാകാരന്മാർക്ക് പ്രോത്സാഹനവും നൽകുമ്പോൾ  രാജഭരണ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കഴിയാതെ പോകുകയും അസ്വാരസ്യങ്ങൾ ഉടലെടുക്കുകയും ചെയ്യുന്ന സ്വാതി തിരുനാളിന്റെ മാനസിക സംഘർഷങ്ങളിലേക്കു കടന്നു ചെല്ലുന്നുവെന്നതാണ് ലെനിന്റെ സ്വാതി തിരുനാളിനെ കേവലമൊരു ചരിത്ര സിനിമ എന്നതിൽ നിന്നും പുറത്തു കടത്തുന്നതും സ്വതന്ത്രാവിഷ്‌കാരമായി മാറ്റുന്നതും. മീനമാസത്തിലെ സൂര്യനു ശേഷം ലെനിന്റെ വലിയ കാൻവാസിലും താരസമ്പന്നവുമായ സിനിമ കൂടിയായിരുന്നു സ്വാതി തിരുനാൾ. വേനലിലും ചില്ലിലും മൂന്നോ നാലോ കഥാപാത്രങ്ങളിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന ലെനിൻ സിനിമയുടെ ക്യാമറ കൂടുതൽ വ്യക്തികളിലേക്കും ഭിന്ന ഭൂമികയിലേക്കും പശ്ചാത്തലങ്ങളിലേക്കും കടന്നുചെല്ലുന്നത് മീനമാസത്തിലെ സൂര്യനും സ്വാതി തിരുനാളും ചെയ്‌തോടെയായിരുന്നു.
  
       വേനലിലും രമണി (ജലജ), ചില്ലിലും ആനി (ശാന്തീകൃഷ്ണ)സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് കഥ പറയുന്ന രീതിയാണ് ലെനിൻ രാജേന്ദ്രൻ സ്വീകരിച്ചത്. ജീവിത്തോട് തുറന്നു ചിരിച്ച് സന്തോഷിച്ചും പിന്നെ മൗനികളും നഷ്ടബോധം സംഭവിച്ചവരുമായി മാറുന്ന രമണിയും ആനിയും അമരരായ കഥാപാത്രങ്ങളാണ്. മീനമാസത്തിലെ സൂര്യനിൽ രേവതി (ശോഭന)യിലൂടെ സ്ത്രീകഥാപാത്ര പ്രാധാന്യം തുടരാൻ ശ്രദ്ധിക്കുന്ന സംവിധായകൻ സ്വാതി തിരുനാളിൽ ഒന്നിലേറെ സ്ത്രീകളുടെ അന്ത:സംഘർഷങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുാനും തയ്യാറാകുന്നുണ്ട്. ശ്രീവിദ്യയുടെ ഗൗരി പാർവ്വതി ഭായി, അംബികയുടെ നാരായണി, രഞ്ജിനിയുടെ സുഗന്ധവല്ലി എന്നിവരാണ് ആ സ്ത്രീകൾ.
    ചരിത്ര കഥാപാത്രങ്ങളിലെ നീതി തേടിയുള്ള അന്വേഷണം ലെനിൻ രാജേന്ദ്രൻ പിന്നീട് തുടരുന്നത് കുലത്തിലാണ്. സി.വി രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മ എന്ന നോവലിനെ ആധാരമാക്കി ലെനിൻ സംവിധാനം ചെയ്ത കുലം, മാർത്താണ്ഡവർമ്മയെയല്ല മറിച്ച സുഭദ്രയെ ആണ് കേന്ദ്രമാക്കുന്നത്. തിരുവിതാംകൂർ ചരിത്രം സുഭദ്രയെന്ന സ്ത്രീയോടും അതിലൂടെ മറ്റെല്ലാ സ്ത്രീകളോടും എങ്ങനെ നീതി കാണിച്ചുവെന്നും തിരുവിതാംകൂറിന്റെ ചരിത്രം രാജാക്കന്മാരുടേതു മാത്രമല്ല അതിശക്തരായ സ്ത്രീകളുടേതു കൂടിയാണ് എന്ന ചരിത്രത്തിന്റെ പുനർവായന കൂടിയായിരുന്നു ലെനിൻ രാജേന്ദ്രൻ കുലത്തിലൂടെ നടത്തിയത്. അധികാരത്തിന്റെയും ആണത്തത്തിന്റെയും തന്ത്രങ്ങൾ തന്റെ മോഹങ്ങൾക്കു മേൽ കരിനിഴൽ വീഴ്ത്തുമ്പോൾ പ്രതിബന്ധങ്ങളിൽ തളരാതെ പോരാടുകയും പകരം വീട്ടുകയും ചെയ്യുന്ന ഉജ്ജ്വല സ്ത്രീകഥാപാത്രമായിരുന്നു ലെനിൻ കുലത്തിൽ സൃഷ്ടിച്ചത്. ഭാനുപ്രിയയ്ക്ക് കരിയർ ബെസ്റ്റ് പ്രകടനങ്ങളിലൊന്ന് സാധ്യമാക്കിയതും കുലത്തിലെ സുഭദ്രയിലൂടെയാണ്. സാഹിത്യസൃഷ്ടി സിനിമയാക്കുമ്പോഴത്തെ വെല്ലുവിളി ലെനിൻ രാജേന്ദ്രൻ മറികടന്നത് കെട്ടുറപ്പുള്ള തിരക്കഥയിലൂടെയാണ്.
       അംഗീകാരങ്ങൾക്കൊപ്പം വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടിവന്ന വിശ്വപ്രസിദ്ധ ചിത്രകാരൻ രവിവർമ്മയുടെ ജീവിതഗതിയെയും മനോവ്യാപാരത്തെയും വേറിട്ടൊരു വീക്ഷണകോണിലൂടെ നോക്കിക്കണ്ടാണ് ലെനിൻ മകരമഞ്ഞ് ഒരുക്കിയത്. ചരിത്രവും പുതിയ കാലവും ഇടകലർത്തിക്കൊണ്ടുള്ള ആഖ്യാനമാണ് മകരമഞ്ഞിനെ നിരവധി ചലച്ചിമ്രേളകളിൽ ശ്രദ്ധേയമാക്കിയത്.
   
       എം.മുകുന്ദന്റെ 'ദൈവത്തിന്റെ വികൃതികൾ'ക്കും, മാധവിക്കുട്ടിയുടെ 'നഷ്ടപ്പെട്ട നീലാംബരി'യ്ക്കും ചലച്ചിത്രഭാഷ്യം നൽകുമ്പോഴും ലെനിന്റെ മുമ്പിൽ ഉണ്ടായിരുന്നത് ഈ വെല്ലുവിളിയായിരുന്നു. വേനലിനും ചില്ലിനും ശേഷം ബന്ധങ്ങളുടെ തീവ്രതയും പ്രണയവും ആവിഷ്‌കരിച്ച ലെനിൻ രാജേന്ദ്രൻ സിനിമയാണ് മഴ. കൗമാരക്കാരിയായ ഭദ്രയ്ക്ക് സംഗീതാധ്യാപകനായ രാമാനുജം ശാസ്ത്രിയോടുണ്ടായിരുന്ന സഫലമാകാതെ പോകുന്ന പ്രണയവും പൊരുത്തപ്പെടാത്ത വൈവാഹിക ജീവിതവും വീണ്ടും പഴയ പ്രണയത്തെ തേടിയുള്ള തിരിച്ചുവരവും ആവിഷ്‌കരിച്ച മാധവിക്കുട്ടിയുടെ ജനപ്രിയ കഥയ്ക്കാണ് ലെനിൻ ദൃശ്യഭാഷ്യം നൽകിയത്. മഴയും പ്രണയവും കാവ്യാംശസുന്ദരമായ പാട്ടുകളുമായപ്പോൾ മാധവിക്കുട്ടിയുടെ നീലാംബരിക്ക് ഉചിതമായ ചലച്ചിഭാഷ ചമയ്ക്കുന്നതിൽ ലെനിൻ രാജേന്ദ്രന് വിജയിക്കാനായി. കുമാരനാശന്റെ കരുണയെ പുതിയ സാഹചര്യത്തിലേക്ക് പറിച്ചുനടുന്ന ആഖ്യാനമാണ് ഇടവപ്പാതിയിൽ ലെനിൻ നടത്തുന്നത്. കരുണയിൽ ബുദ്ധഭിക്ഷുവും വാസവദത്തയുമെന്ന പോലെ ഇടവപ്പാതിയിൽ ബുദ്ധസന്ന്യാസിയെ പ്രണയിക്കുന്ന വേശ്യാലയത്തിലെ പെൺകുട്ടിയാണ് കേന്ദ്രം. പ്രണയത്തിന്റെ തീവ്രാവിഷ്‌കാരമാണ് ഇടവപ്പാതിയുടെ ഊർജ്ജം. പി.ചന്ദ്രമതിയുടെ വെബ്‌സൈറ്റ് എന്ന കഥയാണ് ലെനിന്റെ രാത്രിമഴയ്ക്ക് ആധാരം. സാഹിത്യകൃതികൾക്ക് സ്വതന്ത്ര തിരക്കഥയൊരുക്കാനുള്ള ലെനിന്റെ മികവ് ഒരിക്കൽകൂടി വെളിപ്പെടുകയായിരുന്നു രാത്രിമഴയിൽ.
   
       സ്വാതി തിരുനാളിനു ശേഷം പ്രധാന കഥാപാത്രമാകാൻ പുരാവൃത്തത്തിൽ ഓംപുരിയെയും ദൈവത്തിന്റെ വികൃതികളിൽ രഘുവരനെയുമാണ് ഇതര ഭാഷകളിൽ നിന്ന് ലെനിൻ കണ്ടെത്തിയത്. ഇതു രണ്ടുമാകട്ടെ ലെനിന്റെ മികച്ച പാത്രസൃഷ്ടികളായി മാറുകയും ചെയ്തു. പുരാവൃത്തത്തിലെ ജന്മിത്തത്തോട് ഒറ്റയ്ക്കു പൊരുതുന്ന രാമനെന്ന അതിശക്തനായ കഥാപാത്രമായി ഓംപുരി പരകായപ്രവേശം ചെയ്‌പ്പോൾ എന്തുകൊണ്ടാണ് ലെനിൻ മലയാളത്തിൽ തന്നെ പരിചിതനായ ഒരു നടനെ ഉപയോഗിക്കാതെ അന്യഭാഷ തേടിപ്പോയി എന്നതിന് വ്യക്തമായ ഉത്തരം ലഭിക്കുകയായിരുന്നു. കാടും കൃഷിയും ജൈവികതയും കഥാപാത്രങ്ങൾ തന്നെയാകുന്ന പുരാവൃത്തത്തിൽ ജന്മിത്തത്തിന്റെ കുടിലതകളെ രാമനെന്ന കഥാപാത്രത്തെ പ്രതിനിധാനം ചെയ്ത് ചോദ്യം ചെയ്യുകയാണ് സംവിധായകൻ. മലയാളത്തിലെ എക്കാലത്തെയും ജീവസ്സുറ്റതും തികഞ്ഞ സാമൂഹികപ്രതിബദ്ധത പുലർത്തുകയും ചെയ്യുന്ന ചിത്രമാണ് പുരാവൃത്തം.
    പുരോഹിതനും മായാജാലക്കാരനുമായ അൽഫോൻസച്ചന്റെയും മാഗിയുടെയും അന്തസംഘർഷങ്ങളിലൂടെ ജനിച്ചുജീവിച്ച ദേശത്തോടുള്ള മനുഷ്യന്റെ തീവ്രമായ അടുപ്പം ആവിഷ്‌കരിക്കുകയാണ് ദൈവത്തിന്റെ വികൃതികളിൽ. ലെനിൻ രാജേന്ദ്രന്റെ ഏറ്റവും പ്രശസ്തമായ സിനിമകളിലൊന്നായിട്ടാണ് ദൈവത്തിന്റെ വികൃതികളെ വിലയിരുത്തുന്നത്. രഘുവരന്റെയും ശ്രീവിദ്യയുടെയും പ്രകടനമികവാണ് സിനിമയുടെ ജീവൻ. മുകുന്ദൻ നോവലിൽ കൊണ്ടുവരുന്ന ദേശം, ദേശീയത, മനഷ്യനും ദേശവും തമ്മിലുള്ള ഇഴയടുപ്പം തുടങ്ങിയ വിഷയങ്ങളെ തിരക്കഥയിലേക്ക് അതീവ ലളിതമായി ലെനിൻ കൊണ്ടുവരുന്നിടത്താണ് ദൈവത്തിന്റെ വികൃതികൾ കാണികളുമായി മറയില്ലാതെ സംവദിക്കുന്ന സിനിമയായി മാറുന്നത്. ദേശം എത്ത്രോളം മനുഷ്യനെ സ്വാധീനിക്കുന്നുണ്ട് എന്ന ആഗോളപ്രസക്തമായ വിഷയത്തിന്റെ സാധ്യത മുന്നോട്ടു വയ്ക്കുമ്പോഴാണ് ലെനിന്റെ ദൈവത്തിന്റെ വികൃതികൾ മലയാളത്തിന്റെ അതിരുകൾ വിട്ട് സഞ്ചരിക്കുന്ന സിനിമയായി മാറുന്നത്.
 
     സാമൂഹികപ്രസക്തമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നുവെന്നതാണ് ലെനിൻ രാജേന്ദ്രന്റെ വചനം, അന്യർ എന്നീ സിനിമകളുടെ പ്രസക്തി. ഈ സിനിമകൾ ഇറങ്ങിയ കാലത്ത് രണ്ടും തിയേറ്ററിൽ വേണ്ടത്ര ചലനം സൃഷ്ടിക്കാത്തവയാണ്. എന്നാൽ ആൾദൈവങ്ങളും ആശ്രമപ്രവർത്തനങ്ങളും ചാരിറ്റിയുമൊക്കെ എങ്ങിനെ മറ്റു അസന്മാർഗ്ഗിക പ്രവർത്തനങ്ങൾക്കും ധനസമ്പാദനത്തിനും മറയാകുന്നു എന്ന തുറന്നുകാണിക്കുന്ന വചനത്തിന്റെ പ്രമേയം മുപ്പത് വർഷങ്ങൾക്കിപ്പുറവും ഏറെ പ്രസക്തമാണ്. ലെനിൻ രാജേന്ദ്രനിലെ ക്രാന്തദർശിയായ തിരക്കഥാകൃത്തിനെ തിരിച്ചറിയാനുള്ള അവസരം കൂടിയാണ് ഈ സിനിമ നൽകുന്നത്. മതവർഗീതയും രാഷ്ട്രീയവും ഇടകലർന്ന് സമൂഹത്തിൽ സൃഷ്ടിക്കുന്ന അപകടകരമായ അന്തരീക്ഷത്തെയും കെട്ട കാലത്തെയും കുറിച്ചുള്ള ഓർമ്മപ്പെടുത്തലായിരുന്നു അന്യരിൽ നടത്തിയത്.

പ്രസാധകൻ മാസിക, 2019 ഫെബ്രുവരി

Wednesday, 30 January 2019


സിനിമ സംസാരിച്ച ഏഴു ദിവസങ്ങൾ

(23-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള അവലോകനം)


നഷ്ടബോധവും വേർപാടും തളർത്തിയ ജീവിതങ്ങൾക്ക് കലയിലൂടെ അതിജീവന സന്ദേശം പകർന്ന് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ 23ാം പതിപ്പിന് തിരുവനന്തപുരത്ത് കൊടിയിറങ്ങി. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ പൊലിമ കുറച്ചാണ് മേള നടത്തിയതെങ്കിലും ലോകസിനിമയിലെ ഏറ്റവും പുതിയ മാറ്റങ്ങളും പ്രവണതകളും തിരിച്ചറിയാൻ എണ്ണായിരത്തിലേറെ ചലച്ചിത്ര പ്രേമികളാണ് നഗരത്തിലെത്തിയത്.
    പ്രളയക്കെടുതിയുടെയും പുനർനിർമ്മാണത്തിന്റെയും പശ്ചാത്തലത്തിൽ സർക്കാർ ഫണ്ടില്ലാതെ ഡെലിഗേറ്റ് ഫീസും സ്‌പോൺസർഷിപ്പും കൊണ്ടു മാത്രമായിരുന്നു ചലച്ചിത്ര അക്കാഡമി ഇത്തവണ മേള നടത്തിയത്. ആഘോഷങ്ങളും ആർഭാടങ്ങളും വേണ്ടെന്നുവച്ചെങ്കിലും തിയേറ്ററിനകത്തെ കാഴ്ചവൈവിദ്ധ്യങ്ങൾക്ക് ഇത് പരിമിതിയായില്ല. മികച്ച ഒട്ടേറെ ചിത്രങ്ങളുടെ പ്രദർശനം കൊണ്ടാണ് മേള ശ്രദ്ധേയമായത്.
    പ്രളയം കവർന്നെടുത്ത നാടിന്റെ വേദനയോട് ചേർന്നു നിന്ന് പുനർനിർമ്മാണത്തിന്റെ ഓർമ്മപ്പെടുത്തലുമായുള്ള
സിഗ്‌നേച്ചർ ഫിലിമോടെയാണ് ഡിസംബർ ഏഴിന് മേളയുടെ ആദ്യപ്രദർശനത്തിന് സ്‌ക്രീനിൽ നിറങ്ങൾ തെളിഞ്ഞത്. മനോബലത്തിന്റെയും ഒരുമയുടെയും പിൻബലത്തിൽ മഹാപ്രളയത്തെ അതിജീവിച്ച കേരളത്തിനുള്ള ആദരവായിരുന്നു മേളയുടെ സിഗ്‌നേച്ചർ ഫിലിം. പരസ്പരം കൈകൾ കോർത്ത് മഹാപ്രളയത്തെ അതിജീവിച്ച അതേ ഒരുമയോടെ ഇനി പുനർനിർമ്മാണത്തിനായി കൈ കോർക്കാം എന്ന് ഓർമ്മപ്പെടുത്തിയ സിഗ്‌നേച്ചർ ഫിലിം നിറഞ്ഞ കരഘോഷത്തോടെയാണ് ഡെലിഗേറ്റുകൾ ഏറ്റെടുത്തത്.
    ഡിസംബർ 13 വരെ നഗരങ്ങളിലെ 13 തിയേറ്ററുകളിലായിട്ടായിരുന്നു മേള. സർക്കാർ തിയേറ്ററുകൾക്കു പുറമെ സ്വകാര്യ തിയേറ്ററുകൾ പകുതി വാടക മാത്രം ഈടാക്കിയായിരുന്നു ഇത്തവണ മേളയ്ക്ക് വിട്ടുകൊടുത്തത്.


മികച്ച സിനിമകളുടെ മേള


ആറു ഭൂഖണ്ഡങ്ങളിലെ 72 രാജ്യങ്ങളിൽ നിന്നുള്ള 163 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്. ഇറാനിയൻ സംവിധായകൻ അസ്ഗർ ഫർഹാദിയുടെ 'എവരിബഡി നോസ്' ആയിരുന്നു ഉദ്ഘാടന ചിത്രം. കാൻ മേളയുടെ ഉദ്ഘാടന ചിത്രമായിരുന്ന എവരിബഡി നോസിന്റെ ആദ്യ ഇന്ത്യൻ പ്രദർശനമായിരുന്നു ഇത്.
    ലോകസിനിമാ വിഭാഗത്തിൽ 92 ചിത്രങ്ങളും മത്സര വിഭാഗത്തിൽ ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക വൻകരകളിൽ നിന്നായി 14 ചിത്രങ്ങളും പ്രദർശിപ്പിച്ചു. ഈ.മ.യൗ, സുഡാനി ഫ്രം നൈജീരിയ' എന്നീ ചിത്രങ്ങളാണ് മലയാളത്തെ പ്രതിനിധീകരിച്ച് മത്സരിക്കാനുണ്ടായിരുന്നത്. പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാൻ പ്രചോദനമാകുന്ന അഞ്ച് ചിത്രങ്ങളടങ്ങിയ 'ദ ഹ്യുമൻ സ്പിരിറ്റ്: ഫിലിംസ് ഓൺ ഹോപ്പ് ആന്റ് റീബിൽഡിംഗ്' ഉൾപ്പെടെ 11 വിഭാഗങ്ങളാണ് ഉണ്ടായിരുന്നത്.
    തിരഞ്ഞെടുത്തു കാണാൻ ഒട്ടേറെ സിനിമകളുണ്ടായിരുന്ന മേളയിൽ ലോക സിനിമാവിഭാഗത്തിൽ പ്രദർശിപ്പിച്ച നാദീൻ ലബാക്കിയുടെ ലെബനീസ് ചിത്രം 'കേപർനോം' ആണ് കാണികളുടെ പ്രിയ ചിത്രമായത്. ലോകസിനിമാ വിഭാഗത്തിൽ ആയിരുന്നു കാപർനോമിന്റെ പ്രദർശനം. ആകെയുണ്ടായിരുന്ന മൂന്നു പ്രദർശനത്തിനു ശേഷവും ഡെലിഗേറ്റുകളുടെ ആവശ്യപ്രകാരം മേളയിലെ ഏറ്റവും വലിയ തിയേറ്ററായ നിശാഗന്ധിയിൽ പ്രത്യേക പ്രദർശനമൊരുക്കിയത് 'കാപർനോമി'ന്റെ മികവിന് തെളിവായി. ജാപ്പനീസ് ചിത്രം 'ഷോപ്പ് ലിഫ്‌റ്റേഴ്സും' അലി അബ്ബാസിയുടെ സ്വീഡിഷ് ചിത്രം 'ബോർഡറു'മാണ് മേളയിൽ കാപർനോമിനെ പോലെ വലിയൊരു വിഭാഗം കാണികളുടെയും പ്രീതി നേടിയെടുത്ത മറ്റു ചിത്രങ്ങൾ.
  



      ഐ.എഫ്.എഫ്.കെ പ്രേക്ഷകരുടെ ഇഷ്ട പാക്കേജുകളായ ഇറാൻ സിനിമകളും കിം കി ഡുക്കിന്റെ സിനിമയും ഇത്തവണയും മേളയെ ആകർഷകമാക്കി. കാൻ മേളയിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയ ജാഫർ പനാഹിയുടെ ത്രീ ഫേസസും ബെർലിൻ മേളയിൽ പ്രത്യേക ജൂറി പരാമർശം നേടിയ ഡ്രസേജ് എന്ന ചിത്രവും ഇറാൻ ചിത്രങ്ങളിലെ ആകർഷണമായി മേളയിലുണ്ടായിരുന്നു. റോഹോല്ലാ ഹെഹാസി സംവിധാനം ചെയ്ത ഡാർക്ക് റൂം, മുസ്തഫ സെറിയുടെ ദ ഗ്രേവ്‌ലെസ്, ബെഹ്മാൻ ഫർമനാരയുടെ ടെയ്ൽ ഓഫ് ദ സീ എന്നിവയാണ് മേളയിൽ പ്രദർശിപ്പിച്ച മറ്റ് ഇറാനിയൻ ചിത്രങ്ങൾ.
    ഇറാനു പുറമെ തുർക്കി,പാലസ്തീൻ, ഈജിപ്ത്, കിർഗിസ്ഥാൻ തുടങ്ങി മദ്ധ്യ,പൂർവ്വേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള സിനിമകളും പതിവു പോലെ പ്രേക്ഷകപ്രീതി നേടി. കിർഗിസ്ഥാൻ ചിത്രങ്ങളായ സുലൈമാൻ മൗണ്ടെൻ,നൈറ്റ് ആക്സിഡന്റ്, തുർക്കിയിൽ നിന്നുള്ള ്ര്രെഡബ്, അനൗൺസ്‌മെന്റ്, പാലസ്തീൻ ചിത്രം സ്‌ക്രൂ ഡ്രൈവർ തുടങ്ങിയ മദ്ധ്യ,പൂർവ്വേഷ്യൻ ചിത്രങ്ങൾ സജീവ ചർച്ചയായി.
    മനുഷ്യനിലെ മൃഗീയതയും അതിന്റെ ഭാവിയും വിഷയമാകുന്ന കിം കി ഡുക്ക് ചിത്രം 'ഹ്യൂമൻ, സ്‌പേസ്, ടൈം ആൻഡ് ഹ്യൂമൻ' ആണ്  ആളെക്കൂട്ടിയ മറ്റൊരു സിനിമ. ലോകസിനിമാ വിഭാഗത്തിലാണ് ഡുക്ക് സംവിധാനം ചെയ്ത 23ാമത് ചിത്രമായ 'ഹ്യൂമൻ, സ്‌പേസ്, ടൈം ആന്റ് ഹ്യൂമൻ' പ്രദർശിപ്പിച്ചത്. മോബിയസ്, പിയാത്തെ തുടങ്ങിയ ഡുക് ചിത്രങ്ങളുടെ രൂപപരമായ തുടർച്ചയായ ചിത്രം സമ്മിശ്ര പ്രതികരണങ്ങളോടെയാണ് കാണികൾ സ്വീകരിച്ചത്.
    2009ലെ മേളയിൽ ലൈംഗികതയുടെയും ഹിംസയുടെയും അതിഭീതിദമായ ആവിഷ്‌കാരം കൊണ്ട് ശ്രദ്ധയും വിമർശനവും നേടിയ 'ആന്റിക്രൈസ്റ്റ്' എന്ന ചിത്രത്തിനു ശേഷം ഡാനിഷ് സംവിധായകൻ ലാർസ് വോൺട്രയരുടെ 'ദി ഹൗസ് ദാറ്റ് ജാക്ക് ബ്വിൽറ്റ്' എന്ന ചിത്രം സജീവചർച്ചയായതും ശ്രദ്ധേയമായി.
    ലോകസിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ച ഡോഗ് മാൻ, ബ്ലാക്ക് ക്ലാസ്മാൻ, മിഡ്‌നൈറ്റ് റണ്ണർ, ജമ്പ്മാൻ, തുംബാദ്, വുമൺ അറ്റ് വാർ, എവരിബഡി നോസ്, ദി ഹൗസ് ഒഫ് മൈ ഫാദേഴ്സ്, മാന്ററേ, വുമൺ അറ്റ് വാർ, വൈൽഡ് പിയർ ട്രീ തുടങ്ങിയ സിനിമകളും പ്രേക്ഷകരെ ആകർഷിച്ചു.
    മത്സരവിഭാഗത്തിൽ കിർഗിസ്ഥാൻ ചിത്രം നൈറ്റ് ആക്സിഡന്റ്, ഈജിപ്ഷ്യൻ ചിത്രം പോയ്സണസ് റോസസ്, അർജന്റീനിയൻ ചിത്രം ദി ബെഡ്, സ്പാനിഷ് ചിത്രം എൽ ഏഞ്ചൽ, ഇറാൻ ചിത്രം ദി ഡാർക്ക് റൂം, ഭൂട്ടാൻ ചിത്രം ദി റെഡ് ഫാലസ്, കൊളംബിയൻ ചിത്രം 'ദി സൈലൻസ്, ഇന്ത്യൻ ചിത്രം 'ടേക്കിംഗ് ദ ഹോഴ്സ് ടു ഈറ്റ് ജിലേബീസ്' എന്നിവയാണ് കൈയടി നേടിയത്.
    മത്സര വിഭാഗത്തിൽ ഉൾപ്പെടെ പ്രദർശിപ്പിച്ച മലയാള ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ഇക്കുറി മേളയിൽ ലഭിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, വിപിൻ രാധാകൃഷ്ണന്റെ ആവേ മരിയ, ബിനു ഭാസ്‌കറിന്റെ കോട്ടയം, ഉണ്ണിക്കൃഷ്ണൻ ആവളയുടെ ഉടലാഴം, ഗൗതം സൂര്യ,സുദീപ് ഇളമൺ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത സ്ലീപ്ലെസ്ലി യുവേഴ്സ തുടങ്ങിയ ചിത്രങ്ങളാണ് മലയാളത്തിന്റെ അഭിമാനമായത്. ചലച്ചിത്ര മേളയിൽ കാണികളെ ആകർഷിച്ച ചില സിനിമകളിലൂടെ


കാപർനോം


നാദിൻ ലെബാക്കിയുടെ കാപർനോം ആണ് 23ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ഏറ്റവുമധികം പേരെ ആകർഷിച്ച ചിത്രം. അനധികൃത കുടിയേറ്റക്കാരായ കുടുംബത്തിൽ നിന്നുള്ള സെയിൻ എന്ന ബാലനിൽ കേന്ദ്രീകരിച്ച് കാപർനോം സഞ്ചരിക്കുന്നത് ലെബനിലെ അനധികൃത കുടിയേറ്റക്കാരുടെ യാതനകളിലേക്കാണ്. സിറിയൻ യുദ്ധത്തിനു ശേഷം കുടിയേറിപ്പാർത്ത അനധികൃത അഭയാർഥി ജീവിതമാണ് കാപർനോം ചർച്ചചെയ്യുന്നത്. രണ്ടു കുട്ടികളിലൂടെ കഥ പറയുന്നതിലൂടെയാണ് കാപർനോം കാണികളുടെ ഉള്ളിൽ ചെന്നു തൊടുന്നത്. സിനിമയുടെ ഏറ്റവും വലിയ അത്ഭുതവും ഈ പന്ത്രണ്ട് വയസ്സുകാരനെയും രണ്ട് വയസ്സുകാരനെയും വച്ച് സംവിധായിക കഥ പറഞ്ഞുവെന്നതാണ്. സെയിനിനെ അവതരിപ്പിച്ചത് സെയിൻ അൽ റഫീ എന്ന യഥാർഥ അഭയാർഥി ബാലൻ തന്നെയാണ്. ലോകത്തെ വലിയൊരു വിഭാഗം ജനം നേരിടുന്ന ജീവിത യാഥാർത്ഥ്യങ്ങളെ വിളിച്ചോതിക്കൊണ്ട് പല തരത്തിലുള്ള രാഷ്ട്രീയം പറയുന്ന സിനിമയാണ് കാപർനോം.



ദി ഡാർക്ക് റൂം

ഇറാനിയൽ ചിത്രം ഡാർക്ക് റൂം ഏതു ദേശത്തും പ്രസക്തമായ കുടുംബജീവിതത്തിലെ പ്രതിസന്ധികളെ തീക്ഷ്ണമായി ആവിഷ്‌കരിച്ചാണ് ശ്രദ്ധ നേടുന്നത്. ഭാര്യാഭർത്താക്കന്മരായ ഫർഹദും ഹലേയും അഞ്ചുവയസ്സുള്ള മകൻ അമിറുമാണ് സിനിമയിലെ കഥാപാത്രങ്ങൾ.  ഒരു ദിവസം കുട്ടിയെ കാണാതാകുന്നു.പിന്നീട് കണ്ടെത്തുമ്പോൾ താൻ നഗ്നനാക്കപ്പെട്ടതായി കുട്ടി അച്ഛനോട് പറയുന്നു. മകൻ പീഡനത്തിനിരയായി എന്ന ചിന്ത കുടുംബത്തെ ഉലയ്ക്കുന്നു. കുടുംബത്തിനുള്ളിലെ നീറുന്ന വേദനയെ അതിശക്തമായി സംവദിപ്പിക്കാൻ റൗഹള്ള ഹെജാസി കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്ത ചിത്രത്തിനാകുന്നുണ്ട്. ശക്തമായ സ്ത്രീകഥാപാത്രങ്ങൾ ഉണ്ടാകാറുള്ള ഇറാനിയൻ സിനിമകളുടെ പതിവ് ഡാർക്ക് റൂമിലും വ്യത്യസ്തമാകുന്നില്ല. ഹലേ എന്ന കഥാപാത്രമാണ് ചിത്രത്തിന്റെ കരുത്ത്. സൂചനകളിലൂടെയും ബിംബങ്ങളിലൂടെയും കാഴ്ചക്കാരന്റെ ശ്രദ്ധയാകർഷിക്കാൻ സിനിമയുടെ ദൃശ്യപരിചരണത്തിനാകുന്നുവെന്നതാണ് ഡാർക്ക് റൂമിന് ലോക നിലവാരം കൈവരുത്തുന്നത്.

ഷോപ് ലിഫ്‌റ്റേഴ്സ്


ഏതൊരു ദേശത്തിനും പുറം ലോകത്തിനു മുന്നിലേക്ക് തുറന്നുപിടിച്ച പളപളപ്പുള്ള ഒരു മുഖവും മറുവശത്ത് കൊടുംയാതനകളാൽ നട്ടംതിരിയുന്ന സാധാരണ മനുഷ്യന്റെ മറ്റൊരു മുഖവുമുണ്ടായിരിക്കും. നമുക്കത്ര പരിചിതമല്ലാത്ത ജാപ്പാനീസ് ജനതയുടെ ദരിദ്ര മുഖത്തിലേക്കാണ് ഹിരോകാസു കൊരീദ സംവിധാനം ചെയ്ത ഷോപ് ലിഫ്‌റ്റേഴ്സ് ക്യാമറ വയ്ക്കുന്നത്. ജപ്പാനിൽ നിന്ന് അടുത്തിടെയുണ്ടായ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണ്  ഷോപ് ലിഫ്‌റ്റേഴ്സ്. വിശപ്പടക്കാൻ വേണ്ടി മോഷണം നടത്തുന്ന അഞ്ചംഗ കുടുംബത്തെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ടുനീങ്ങുന്നത്. മനുഷ്യ ബന്ധങ്ങളുടെ അന്തസത്ത വിചാരണ ചെയ്യുന്ന ഷോപ് ലിഫ്‌റ്റേഴ്സ് പതിവ് ജപ്പാൻ ചിത്രങ്ങളുടെ പ്രമേയ പരിസരത്തിൽ നിന്ന് ഏറെ അകലം പാലിക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് ഈ ചിത്രം ദേശാതിവർത്തിയാകുന്നതും.


 

ദി ഹൗസ് ദാറ്റ് ജാക്ക് ബ്വിൽറ്റ്

ആന്റിക്രൈസ്റ്റ് എന്ന ചിത്രത്തോടെയാണ് ഡാനിഷ് സംവിധായകൻ ലാർസ് വോൺട്രയറുടെ പേര് ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികൾ മനസ്സിൽ കുറിച്ചിടുന്നത്. ആന്റികൈസ്റ്റിലെ ലൈംഗികതയുടെയും ഹിംസയുടെയും അതിഭീതിദമായ ആവിഷ്‌കാരം അതുവരെയുള്ള കാഴ്ചശീലങ്ങളെ കീഴ്‌മേൽ മറിക്കുന്നതായിരുന്നു. ആന്റിക്രൈസ്റ്റിന്റെ ആസ്വാദനം ഉണ്ടാക്കിയ ഭീതിയും ആഘാതവും പതിറ്റാണ്ടിനിപ്പുറവും കാണികളിൽ ശേഷിക്കുന്നുണ്ട്. ആന്റിക്രൈസ്റ്റ് ഉണ്ടാക്കിയ പ്രശസ്തിക്കും വിവാദങ്ങൾക്കും ശേഷം മെങ്കോളിയ, നിംഫോമാനിയാക് എന്നീ ചിത്രങ്ങളുമായാണ് വോൺട്രയർ എത്തിയത്. വോൺട്രയർ വീണ്ടും സജീവചർച്ചയാകുന്നത് പുതിയ ചിത്രമായ 'ദി ഹൗസ് ദാറ്റ് ജാക്ക് ബ്വിൽറ്റ്' ഉണ്ടാക്കിയ ഭീതിദാനുഭവം കൊണ്ടാണ്. കാൻ മേളയിലും ഗോവയിലും അംഗീകാരങ്ങൾക്കൊപ്പം വിവാദവുമുണ്ടാക്കിയ ചിത്രം ഐ.എഫ്.എഫ്.കെയിലും അതേ അനുഭവമാണ് ഉണ്ടാക്കിയത്. ആഖ്യാനത്തിലെ മികവും പരീക്ഷണവും കൊണ്ട് കൈയടി നേടുമ്പോഴും അമിതമായ വയലൻസ് കാരണം ചിത്രം തുടർന്നു കണ്ടിരിക്കാനാകാതെ കാണികൾ എഴുന്നേറ്റു പോകുന്നത് കാനിലെയും ഗോവയിലെയും പോലെ തിരുവനന്തപുരത്തെയും കാഴ്ചയായിരുന്നു.
    20ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലണ്ടനിൽ ജീവിച്ചിരുന്ന കുപ്രസിദ്ധ സീരിയൽ കില്ലറായ റിപ്പർ ജാക്കിന്റെ ജീവിതമാണ് 'ദി ഹൗസ് ദാറ്റ് ജാക്ക് ബ്വിൽറ്റി'ൽ വോൺട്രയർ ആവിഷ്‌കരിച്ചിരിക്കുന്നത്. ആർക്കിടെക്ടായിരുന്ന ജാക്ക് പിന്നീട് മനുഷ്യശരീരംകൊണ്ടാണ് വീടുകൾ പണിയുന്നത്. വയലൻസിനെ സർഗാത്മകമായി ആവിഷ്‌കരിക്കാനുള്ള വോൺട്രയറിന്റെ ശേഷി തന്നെയാണ് പുതിയ ചിത്രത്തിലും വിജയം കാണുന്നത്. ചരിത്രത്തിൽ സംഭവിച്ചിട്ടുള്ള വലിയ മനുഷ്യക്കുരുതികളെ പരാമർശിച്ചുപോകുന്ന ചിത്രം ഫാന്റസിയും ചിത്രകലയിലേക്കുമെല്ലാം കടന്നുചെല്ലുന്നുണ്ട്. അഞ്ച് സംഭവങ്ങളിലായി കൊലപാതകങ്ങൾ വിശദീകരിക്കുന്ന ചിത്രം അസാധാരണമായ കാഴ്ചാനുഭവമാണ് കാണികൾക്ക് സമ്മാനിക്കുന്നത്.


ടേക്കിംഗ് ദ ഹോഴ്സ് ടു ഈറ്റ് ജിലേബീസ്


യഥാർത്ഥ ഇന്ത്യനും ഇന്ത്യയും എങ്ങനെ ജീവിക്കുന്നു എന്ന യാഥാർഥ്യം പൗരാണിക ഡൽഹിയുടെ ചരിത്രവും പുതിയ ഡൽഹിയിലെ തെരുവുകളും ഇഴചേർത്ത് പറയുകയാണ് 'ടേക്കിംഗ് ദ ഹോഴ്സ് ടു ഈറ്റ് ജിലേബീസ്' എന്ന ഹിന്ദി ചിത്രത്തിലൂടെ. അനാമിക ഹസ്‌കർ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ നാലോ അഞ്ചോ താരങ്ങളെ ഒഴിവാക്കിയാൽ കാസ്റ്റിംഗ് പൂർണമായി ഡൽഹി നഗരപ്രാന്ത പ്രദേശങ്ങളിൽ ജീവിക്കുന്ന മനുഷ്യരാണ്. പല നാടുകളിൽ നിന്നും ഡൽഹിയിലെ ചേരികളിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ചെറിയ ജോലി ചെയ്ത് ജീവിക്കുന്നവരാണ് സിനിമയിലെ കഥാപാത്രങ്ങൾ. ഡൽഹിയുടെ ചരിത്രവും ഫാന്റസിയും ആക്ഷേപഹാസ്യവും കലർത്തിയുള്ള ആഖ്യാനമാണ് രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിന്റേത്.


വിഡോ ഓഫ് സൈലൻസ്


ഇന്ത്യൻ ഭരണകൂട വ്യവസ്ഥിതിയും നിയമവും സാധാരണ പൗരനോട് എങ്ങനെ പെരുമാറുന്നുവെന്ന് ചിന്തിപ്പിക്കുകയാണ് 'വിഡോ ഓഫ് സൈലൻസ്'. പ്രശ്നമുഖരിതമായ കാശ്മീരിലെ വിധവയായ മുസ്ലിം സ്ത്രീ, ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റിനായി സർക്കാരിനെ സമീപിക്കുമ്പോൾ നേരിടുന്ന പ്രതിസന്ധികളാണ് വിഡോ ഓഫ് സൈലൻസ് ചർച്ച ചെയ്യുന്നത്. വിധവയായ സ്ത്രീ, അവരുടെ മകൾ, പ്രായമായ അമ്മ എന്നീ മൂന്നു സ്ത്രീകഥാപാത്രങ്ങളിലൂടെ അധികാര സ്ഥാപനങ്ങളുടെ നിലനില്പിനെയും സത്യസന്ധതയെയും ചോദ്യം ചെയ്യുന്നുണ്ട് സിനിമയിൽ. കാശ്മീർ ജനത നേരിടുന്ന പ്രതിസന്ധികളിലേക്കും സ്വത്വ പ്രശ്നങ്ങളിലേക്കും അതിർത്തി രാഷ്ട്രീയ വിഷയങ്ങളും പ്രേക്ഷകർക്ക് മുന്നിൽ തുറന്നുകാട്ടാനും സംവിധായകൻ പ്രവീൺ മോർച്ചാലെ വഡോ ഓഫ് സൈലൻസിലൂടെ തയ്യാറാകുന്നു.




നൈറ്റ് ആക്സിഡന്റ്

പരിപൂർണമായ കലാസൃഷ്ടി എന്ന ഖ്യാതിയിൽ ഏറെക്കാലം പ്രേക്ഷകമനസ്സിൽ ജീവിക്കാൻ ശേഷിയുള്ളതാണ് കിർഗിസ്ഥാൻ ചിത്രം 'നൈറ്റ് ആക്സിഡന്റ്'.ഏകാന്തനും അപമാനിതനുമായി ജീവിതം നയിക്കുന്ന ഒരു വൃദ്ധനും അയാളുടെ ജീവിതത്തിലേക്ക് പ്രകാശം പരത്തി വന്നുചേരുന്ന യുവതിയുമാണ് മുഖ്യകഥാപാത്രങ്ങൾ. ആഖ്യാനത്തിലെയും അഭിനയത്തിലെയും സ്വാഭാവികത കൊണ്ടാണ് ഈ സിനിമ ശ്രദ്ധേയമാകുന്നത്. ഒരാളെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന എന്തെങ്കിലുമൊന്ന് വന്നു ചേരുമ്പോൾ അയാളിലുണ്ടാകുന്ന പ്രതീക്ഷയും മാറ്റവുമാണ് രണ്ടു കഥാപാത്രങ്ങളിലൂടെ സിനിമ ആവിഷ്‌കരിക്കുന്നത്. കടലോര പശ്ചാത്തലവത്തിലെ വീടും, കിർഗ് മലകളും ബഹളങ്ങളില്ലാത്ത ജീവിതാന്തരീക്ഷവും പകർത്തുന്ന ക്യാമറയും കേന്ദ്ര പ്രമേയത്തിൽ മാത്രം നിലകൊണ്ടുള്ള ആഖ്യാനവും നൈറ്റ് ആക്സിഡന്റിനെ ഭാഷയുടെ അതിർത്തികൾ മറികടക്കുന്ന കാഴ്ചയാക്കുന്നു.


മൗനകാണ്ഡം


ശ്രീലങ്കയിലെ വടക്കൻ പ്രവിശ്യയിലെ ഒഴിയാത്ത സംഘർഷങ്ങളിൽ പലതവണ പതിഞ്ഞ മോഷൻ കാമറാക്കണ്ണ് ഒരിക്കൽക്കൂടി തമിഴ്സിംഹള അതിർത്തി ഗ്രാമത്തിലേക്ക് കാണികളെ കൊണ്ടുപോകുകയാണ്. സുബ ശിവകുമാരൻ രചനയും സംവിധാനവും നിർവ്വഹിച്ച ലങ്കൻ ചിത്രം 'മൗനകാണ്ഡ'(ഹൗസ് ഒഫ് മൈ ഫാദേഴ്സ്)ത്തിന് പതിറ്റാണ്ടുകളായി യുദ്ധത്തിലുള്ള സിംഹള, തമിഴ് അതിർത്തി ഗ്രാമമാണ് പശ്ചാത്തലമാകുന്നത്. ശ്രീലങ്കൻ ആഭ്യന്തര കലാപവും പലായനവും നേരത്തേ ശ്രദ്ധേയമായി കൈകാര്യം ചെയ്തിട്ടുള്ള മണിരത്നത്തിന്റെ 'കന്നത്തിൽ മുത്തമിട്ടാൽ', ജാക്വിസ് ആഡിയാർഡിന്റെ 'ദീപൻ' അടക്കമുള്ള സിനിമകളിലേതുപോലെ തീവ്രമായ ആവിഷ്‌കാരമല്ല 'മൗനകാണ്ഡ'ത്തിൽ. റിയാലിറ്റിയും ഫാന്റസിയും ചേർന്നുള്ള അവതരണ ശൈലിയാണ് തമിഴും സിംഹളയും സംസാരിക്കുന്ന ഈ ചിത്രത്തെ വേറിട്ടു നിറുത്തുന്നത്.
പരസ്പര ശത്രുതയിലുള്ള രണ്ടു ഗ്രാമങ്ങളിലും വന്ധ്യത ബാധിക്കുമ്പോൾ അവർക്ക് ദൈവത്തിൽ നിന്ന് ഒരു സന്ദേശം ലഭിക്കുന്നു. അത് പ്രകാരം സിംഹള ഗ്രാമത്തിൽ നിന്നുള്ള അശോകയെന്ന പുരുഷനെയും തമിഴ് ഗ്രാമത്തിൽ നിന്ന് അഹല്യയെന്ന സ്ത്രീയെയും ഒറ്റപ്പെട്ട സ്ഥത്തേക്ക് പറഞ്ഞയയ്ക്കുന്നു. അവരിൽ ഒരാൾ മാത്രമേ അവശേഷിക്കുകയുള്ളൂ. മരണത്തിന്റെ കാടുകളിൽ അശോകയും അഹല്യയും അവരുടെ ഗ്രാമങ്ങളിലെ രഹസ്യങ്ങൾ സൂക്ഷിക്കാൻ ബാദ്ധ്യതയുള്ളവരായി ജീവിക്കുന്നതാണ് ചിത്രത്തിന്റെ കേന്ദ്രപ്രമേയം. ബോംബും തോക്കും നിരന്തരം അസ്വസ്ഥമാക്കുന്ന കലാപബാധിത ദേശത്തെ മനുഷ്യരുടെ ജീവിതവും പലായനവും കുടിയേറ്റവും സമാന്തരമായി കടന്നുവരുന്നു. കലാപം അവിടത്തെ മനുഷ്യരിൽ ആഴത്തിൽ ഏല്പിച്ച മുറിവുകൾ അവരുടെ ഉറക്കത്തിലും ഉണർച്ചയിലും ഒരുപോലെ കടന്നുവരുന്നുണ്ട്.

ദി ബെഡ്


മോണിക്ക ലൈറാന തിരക്കഥയും സംവിധാനവും നിർവ്വഹിച്ച അർജന്റീനബ്രസീൽനെതർലാന്റ്സ്ജർമ്മനി സംയുക്ത സംരംഭമായ ദി ബെഡ് പ്രതിപാദിക്കുന്ന വിഷയം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. ഇന്ത്യൻ സിനിമ്ക്കും സംസ്‌കാരത്തിനും അചിന്തനീയമെന്ന് പറയപ്പെടുന്ന വൈയക്തിക വിഷയങ്ങൾ ഏറെയെളുപ്പത്തിലും പുതുമയിലുമാണ് പല വൈദേശിക ചലച്ചിത്രകാരന്മാരും സിനിമയാക്കുന്നത്. പ്രത്യേകിച്ച് യൂറോപ്പിൽ. ദി ബെഡ് അതിന് ഉത്തമോദാഹരണമാണ്. ഒരുമിച്ച് ജീവിച്ച രണ്ടുപേർ പിരിയുന്ന ദിവസത്തിലൂടെയാണ് സിനിമ കടന്നുപോകുന്നത്. ജോർജ്, മേബൽ എന്നീ രണ്ടു കഥാപാത്രങ്ങൾ മാത്രമുള്ള 'ബെഡ്ഡി'ന്റെ ദൈർഘ്യം 95 മിനിറ്റാണ്. സിനിമയുടെ പശ്ചാത്തലം ഒരു വീടിനകത്ത് മാത്രമായി ഒതുങ്ങുന്നുവെങ്കിലും ആഖ്യാനത്തിലെ ചലനാത്മകത കൊണ്ട് ചിത്രം കാണികളിൽ വിരസതയുണ്ടാക്കില്ല. അർജന്റിനിയൻ താരങ്ങളായ സാന്ദ്ര സൻഡ്രിനി, േേഅജാ മാൻഗോ എന്നിവരുടെ സ്വാഭാവിക അഭിനയമാണ് 'ബെഡ്ഡി'നെ സിനിമയെ ആസ്വാദ്യകരമാക്കി മാറ്റുന്നത്.




പോയ്സണസ് റോസസ്

തുകൽ വ്യവസായത്തിന് പേരുകേട്ട കെയ്‌റോയിലെ തെരുവാണ് അഹമ്മദ് ഫവ്സ് സലെ സംവിധാനം ചെയ്ത 'പോയ്സണസ് റോസസി'ന്റെ പശ്ചാത്തലം. വൃത്തിഹീനമായ ചുറ്റുപാടിൽ പണിയെടുക്കുന്ന സഹോദരനും അവനെ മറ്റെങ്ങും വിട്ടുകൊടുക്കാതെ ജീവനു തുല്യം സ്‌നേഹിക്കുന്ന സഹോദരിയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. സദാ ദുർഗന്ധവും വിഷവും വമിക്കുന്ന ചുറ്റുപാടിൽ സ്‌നേഹം കൊണ്ട് സ്വയം ചെമ്പനീർ പൂവായി മാറുകയാണ് താഹെ എന്ന സഹോദരി കഥാപാത്രം. സഹോദരനായ സാഖ്വെർ ഈ ചുറ്റുപാടിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴൊക്കെ സഹോദരി അവനെ തടയുന്നുണ്ട്. കെയ്‌റോയിലെ അറപ്പുളവാക്കുന്ന ചേരിപ്രദേശത്തു തന്നെയാണ് സിനിമ ചിത്രീകരിച്ചിട്ടുള്ളത്. യുദ്ധവും യുദ്ധാനന്തരം ജനങ്ങൾ അനുഭവിക്കേണ്ടി വരുന്ന യാതനകളും പ്രമേയമാക്കാറുള്ള പശ്ചിമേഷ്യൻ സിനിമകളുടെ പതിവു പശ്ചാത്തലത്തിൽ നിന്ന് വ്യത്യസ്തമാണ് പോയ്സണസ് റോസസ്. ആഭ്യന്തര സംഘർഷങ്ങൾ പൂർണമായി ഒഴിവാക്കി മനുഷ്യ മനസ്സിലേക്ക് ഏറെ ലാളിത്യത്തോടെ കടന്നു ചെല്ലുകയാണ് സംവിധായകൻ.


ടെയ്ൽ ഓഫ് ദി സീ


ക്രൂരമായ കൊലപാതകത്തിന് സാക്ഷിയായി മനോനില തകർന്ന എഴുത്തുകാരനായ താഹെർ മൊഹെബിയുടെ ജീവിതത്തിലേക്കാണ് പേർഷ്യൻ ഭാഷ സംസാരിക്കുന്ന 'ടെയ്ൽ ഓഫ് ദി സീ'സഞ്ചരിക്കുന്നത്. മൂന്നുവർഷം മാനസികാരോഗ്യ കേന്ദ്രത്തിൽ ജീവിച്ച് പുറത്തുവന്ന ശേഷവും ഭ്രമകൽപ്പനകളിൽ നിന്ന് മുക്തനാകാൻ താഹെറിനാകുന്നില്ല. മുതിർന്ന ഇറാനിയൻ സംവിധായകൻ ബെഹ്മാൻ ഫർമാനറയുടെ പുതിയ ചിത്രമായ 'ടെയ്ൽ ഓഫ് ദി സീ'യിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും അദ്ദേഹമാണ്. ബെഹ്മാന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

സ്ത്രീശബ്ദം, 2019 ജനുവരി


Sunday, 13 January 2019


കൃത്രിമത്വം അലങ്കാരമാക്കുന്ന ഒടിയൻ

മിത്തുകളും പുരാവൃത്തങ്ങളും കാവും പൂരങ്ങളും നാട്ടുദൈവങ്ങളും നിളയോളം പരന്ന് കെട്ടുപിണഞ്ഞു കിടക്കുന്നുണ്ട് വള്ളുവനാട്ടിൽ. വള്ളുവനാടിന്റെ മിത്തുകൾ നിറച്ചുവച്ച കഥകളിൽ ഏറ്റവും കൗതുകത്തോടെയും പേടയോടെയും കേട്ടവയാണ് ഒടിക്കഥകൾ. മുള്ളുവേലിയായും ഇല്ലിപ്പടിയായും പശുവായും നായായും ഒടിമറയുന്ന കറുത്തിരുണ്ട മനുഷ്യൻ ചെറുപ്പത്തിലെ രാത്രികളിൽ ഏറെ ഭീതി നിറച്ചിരുന്നു.
    പലവിധ ഒടിക്കഥകൾ കേട്ടായിരിക്കും വള്ളുവനാട്ടിലെയും ഏറനാട്ടിലെയും അല്പം പിറകിലെ തലമുറയിൽ ജനിച്ച ഒരു കുട്ടിയുടെ ചെറുപ്പകാലം. തൊണ്ണൂറുകളുടെ തുടക്കത്തിൽ വരെ ജനിച്ച കുട്ടികൾക്ക് ഈ കഥ കേൾക്കുവാനുള്ള ഭാഗ്യം ലഭിച്ചിരിക്കണം.
    കേട്ടു പരിചയിച്ചതെങ്കിലും മുതിർന്നവർ ഓരോ തവണ പറഞ്ഞു തരുമ്പോഴും പേടി തോന്നാറുള്ള ഒടിക്കഥയിൽ ഭയത്തിനൊപ്പം പശുവായും നായായും കാളയായും ഇല്ലിപ്പടിയായും മാറുന്ന ഒടിയന്റെ കൗതുകം നിറഞ്ഞ രൂപമാറ്റത്തെ കുറിച്ചു കൂടിയായിരുന്നു കുട്ടികളുടെ കൗതുകം. വള്ളുവനാട്ടിലെയും ഏറനാട്ടിലെയും കഥ പറയുന്ന അമ്മമാരിൽ നിന്നും അമ്മൂമ്മമാരിൽ നിന്നും അൽപ്പം പഴയ തലമുറയിലെ കുട്ടികളൊക്കെയും ഇതു പോലുള്ള കഥകൾ കേട്ടിരിക്കണം. ആ കഥകൾ പിന്നീട് നിശ്ചയമായും അവർ മറ്റു പലരോടും പറഞ്ഞിട്ടുമുണ്ടാകും.
       ഇങ്ങനെ കേട്ടു കൈമാറിയ കഥകൾ സ്‌ക്രീനിൽ കാണുന്നതിലെ കൗതുകമായിരുന്നു ശ്രീകുമാർ മേനോന്റെ ഒടിയൻ കാണുമ്പോൾ. ഒടിക്കഥകൾ കേൾക്കാത്ത മറുനാട്ടുകാർക്കു പോലും അത്രമാത്രം കൗതുകം അവശേഷിപ്പിക്കാൻ തക്ക ശേഷിയുള്ള മിത്തായിരുന്നു ഒടിയന്റേത്. മുഖ്യധാര മലയാള സിനിമ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത മിത്ത് സിനിമയാകുന്നു എന്നതും മുൻനിര താരനിര അഭിനയിക്കുന്നുവെന്നതും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്നുവെന്നതും ഒടിയന്റെ ആകർഷണമായിരുന്നു. ഇത്രയധികം ആകർഷണങ്ങളും സാദ്ധ്യതകളും ഉണ്ടായിരുന്ന ഒരു സിനിമ പ്രേക്ഷകർക്കു മുന്നിൽ എത്തിയപ്പോൾ എന്തായിരുന്നോ അതിനെ ചുറ്റിപ്പറ്റിയുള്ള പ്രതീക്ഷ, അതപ്പാടെ ഇല്ലാതാക്കുന്ന തരത്തിലായിരുന്നു സ്‌ക്രീനിലെ കാഴ്ച. പ്രേക്ഷകനിൽനിന്ന് ഭീതയോ കൗതുകമോ ഇഷ്ടമോ പിടിച്ചുപറ്റാൻ ഒടിയനായില്ല. മറിച്ച് അമ്പേ നിരാശ പ്രദാനം ചെയ്യുകയും ചെയ്തു.
    അപൂർവ്വം ചില സംവിധായകരിലൂടെ മലയാള സിനിമ അല്പമെങ്കിലും റിയലിസത്തിന്റെ വഴി വെട്ടി തുറക്കുന്നതിന്റെ മിന്നായം കാണിച്ചു തുടങ്ങുന്ന അവസരത്തിലാണ് മേനോൻ സിനിമയെന്ന പേരിൽ തന്റെ കെട്ടുകാഴ്ചയുമായി എത്തിയത്. കഥപറച്ചിലിലും ദൃശ്യപരിചരണത്തിലും ഏറെ സാദ്ധ്യതകളുണ്ടായിരുന്ന ഒടിക്കഥയിൽ അതിന്റെ മിന്നലാട്ടം കാണാൻ മഷിയിട്ടു നോക്കണം.
   
    നാട്ടിൽ വൈദ്യുതി വെളിച്ചമെത്തിയപ്പോൾ ഇല്ലാതായ ഒടിവിദ്യ ശീലിച്ചവരുടെ അവസാന തലമുറയ്‌ക്കൊപ്പമാണ് സിനിമയുടെ സഞ്ചാരം. പക പോക്കാനും പേടിപ്പിക്കാനും ഒടിയന്മാരെ ഉപയോഗിച്ചിരുന്ന പഴയ തലമുറയ്ക്ക് ഒടിയന്മാർ ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നെങ്കിൽ പുതിയ തലമുറയ്ക്കത് ഒരു നാടിനെ വെളിച്ചത്തിൽ നിന്ന് പന്നോട്ടടിപ്പിച്ച ഇരുട്ടിന്റെ ശക്തികളാണ്. അതുകൊണ്ടു തന്നെ അവർ ഒടിയന്റെ ശക്തിയിൽ വിശ്വസിക്കുന്നില്ല. ഒടിവിദ്യ ശീലിച്ചിരുന്ന ഒരുപാട് പന്നോക്ക ജാതിയിൽപെട്ട കുടുംബങ്ങൾ ജീവിച്ചിരുന്ന പാലക്കാട്ടെ തേങ്കുറുശ്ശിയാണ് ഒടിയനിൽ കഥാഗ്രാമമായി അവതരിപ്പിക്കുന്നത്. തേങ്കുറുശ്ശിയിലെ അവസാനത്തെ ഒടിയനായ മാണിക്യന്റെ കഥയാണിത്. പഴയ തലമുറയ്ക്ക് മാണിക്യനെയും അവന്റെ ശക്തിയും അറിയാം. ചെയ്യാത്ത തെറ്റുകൾക്ക് ഒടിവിദ്യ ശീലിച്ചതിന്റെ പേരിൽ മാത്രം സംശയിക്കപ്പെടുകയും വേണ്ടപ്പെട്ടവർ പോലും തള്ളിപ്പറയുകയും ചെയ്തപ്പോൾ നാടു വടേണ്ടി വന്ന മാണിക്യൻ വർഷങ്ങൾക്കു ശേഷം തിരിച്ചെത്തുകയും പക പോക്കി സത്യം വെളിച്ചത്തു കൊണ്ടു വരികയുമാണ്.
    നായർ, നമ്പൂതിരി തറവാടുകളിൽ പുറം പണികൾ ചെയ്യുകയും രാത്രിയിൽ മറ്റുള്ളവരുടെ ആവശ്യപ്രകാരം ഒടിവിദ്യ ശീലിക്കുകയും ചെയ്തു പോന്നിരുന്ന അധസ്ഥിത വിഭാഗത്തിന്റെ ജീവിതത്തിന്റെ നേരും പതിരും പുറംലോകത്തെ അറിയിക്കാനുള്ള വലിയ ഭാഗ്യവും ബാദ്ധ്യതയുമാണ് ഒടിയനിൽ ശ്രീകുമാർ മേനോനുണ്ടായിരുന്നത്. വൈദ്യുതിയെത്താത്ത കേരളത്തിന്റെ ഒരു കാലഘട്ടത്തിന്റെ ഗ്രാമചിത്രവും ജീവിത സംസ്‌കാരവും കൂടിയായിരുന്നു ഒടിയന്റെ കഥയിൽ ഉൾച്ചേർന്നിരുന്നത്. നിർഭാഗ്യവശാൽ ഇതിനൊന്നും മിഴിവുറ്റ രീതിയിൽ ചലനചിത്രത്തിന്റെ രൂപം കൈവരുത്താൻ സംവിധായകനും എഴുത്തുകാരനുമാകുന്നില്ല.
     കൃത്രിമത്വവും നാടകീയതയും നിറഞ്ഞ് ഇഴയുന്ന രണ്ടേമുക്കാൽ മണിക്കൂറാണ് ഈ സിനിമ കാണികൾക്ക് കാത്തുവയ്ക്കുന്നത്. യാതൊരു തരത്തിലുള്ള വികാരവും സൃഷ്ടിക്കാൻ ഇത്രയും നേരമെടുത്തിട്ടും സിനിമക്കാവുന്നില്ല.
അതിനാടകീയതയാണ് ഒടിയനിലെ ഓരോ കഥാപാത്രത്തിന്റെയും മുഖമുദ്ര. അവർക്ക് നൽകിയിട്ടുള്ള സംഭാഷണങ്ങളും അങ്ങനെ തന്നെ. ഒരു കഥാപാത്രവും നിത്യജീവിതത്തോട് പുലബന്ധം പുലർത്തുന്നില്ല. മോഹൻലാൽ, പ്രകാശ്രാജ്, മഞ്ജുവാര്യർ, സിദ്ധിഖ് തുടങ്ങി പ്രഗത്ഭമതികളായ അഭനേതാക്കൾക്കൊന്നും നാടകീയത വിട്ട് ഉയരാൻ കഴിയുന്നില്ല. കനമില്ലാത്ത തിരക്കഥയും ചെയ്യാൻ പോകുന്ന കലാസൃഷ്ടിയിൽ സ്വതന്ത്രമായ ധാരണകൾ പുലർത്താതെയും ഹൈപ്പ് മാത്രം കൈമുതലാക്കിയുള്ള ഒരു സിനിമയുടെ ഭാഗമാകുമ്പോൾ അഭനേതാക്കൾ എത്ര കഴിവുള്ളവരായാലും അവർ എന്ത് അത്ഭുതം കാട്ടാനാണ്! ഒരു ചിരി കൊണ്ടോ നോട്ടം കൊണ്ടോ പോലും മോഹൻലാലെന്ന അതിശയിപ്പിക്കുന്ന നടനെ ഒടിയനിൽ കണ്ടുകിട്ടാനില്ല. ആറാം തമ്പുരാൻ, കന്മദം തുടങ്ങിയ സിനിമകളിൽ കണ്ടിട്ടുള്ള മഞ്ജുവാര്യർമോഹൻലാൽ കോമ്പോ പോലും ഒടിയനിൽ വർക്കൗട്ടാകുന്നില്ല. ഈ.മ.യൗവും സുഡാനി ഫ്രം നൈജീരിയയും മഹേഷിന്റെ പ്രതികാരവുമൊക്കെ കണ്ടിരിക്കുന്ന മലയാളി പ്രേക്ഷകന്റെ മുന്നലേക്കാണ് അതിനാടകീയത തുളുമ്പുന്ന സംഭാഷങ്ങളും കഥാപാത്രങ്ങളും കൊണ്ട് ശ്രീകുമാർ മേനോൻ വരുന്നത്.
     
    തേങ്കുറുശ്ശി അങ്ങാടിക്ക് പൂർണത വരുത്താൻ ഒരുക്കിയ സെറ്റുകളും അവിടത്തെ കച്ചവടക്കാരും ചന്തയിലെ മനുഷ്യരുമെല്ലാം ക്യാമറയ്ക്കായി മാത്രം സൃഷ്ടിക്കപ്പെട്ട് ജീവിതത്തോട് എത്രയോ കാതം അകലം പാലിക്കുന്നു. കുട്ടിസ്രാങ്കിലൂടെ ദേശീയ പുരസ്‌കാരം ലഭിച്ച ഹരികൃഷ്ണന് ഒടിയനുവേണ്ടി ശരാശരി നിലവാരം പോലുമുള്ള തിരക്കഥ ഒരുക്കാനായില്ല. ഒടിയൻ മാണിക്യന്റെ ഒടിക്കഥകൾ ഓരോന്നായി ഇടയ്ക്കിടെ പറഞ്ഞുപോകുന്നു. വേറെ പല കഥാപാത്രകളും ഇടയ്ക്ക് കടന്നുവന്ന് അവരുടെ കഥയും അതിന്റെ കൂടെ പറയുന്നു. ഇതാണ് തിരക്കഥയുടെ ഏക വളർച്ച. അല്ലെങ്കിൽ തിരക്കഥയിൽ കാര്യമായ വെട്ടലും തിരുത്തലും ഉണ്ടായതിനു ശേഷമുള്ള സൃഷ്ടിയായിരിക്കണം കാണികൾക്കു മുന്നിൽ എത്തിയിട്ടുണ്ടാകുക.
    ലാലേട്ടൻ ആരാധകർക്കു വേണ്ടി സൃഷ്ടിക്കപ്പെട്ട സ്റ്റണ്ടുകൾ പോലും ഒരനക്കവും ഉണ്ടാക്കുന്നില്ല. പീറ്റർ ഹെയ്ൻ സംഘട്ടനമൊരുക്കി എന്നൊക്കെ ടൈറ്റിൽ കാർഡിൽ വായിക്കാമെന്നു മാത്രം. കഥയോട് ചേർത്ത് എളുപ്പം വിജയിക്കുകയും കാണികളെ ആകർഷിക്കുകയും ചെയ്യുമായിരുന്ന ഹൊറർ മീഡിയം പോലും സിനിമയിൽ വികസിപ്പിക്കാനാകുന്നില്ലെന്നത് മറ്റൊരു ദയനീയ സത്യമാണ്. വള്ളുവനാടും ഭാരതപ്പുഴയും നായർ തറവാടുകളുമടങ്ങുന്ന മുഖ്യധാര മലയാള സിനിമയുടെയും കാണികളുടെയും ജനപ്രിയ ശീലങ്ങളെപ്പോലും ചെന്നു തൊടാൻ ഒടിയന്റെ ക്യാമറയ്‌ക്കോ വലിയ ബജറ്റനോ ആകുന്നില്ലെന്നോർക്കുമ്പോൾ ഈ സിനിമയുടെ ദയനീയത മറനീക്കി തന്നെ പുറത്തുവരുന്നു.
      കോഴക്കോട് സ്റ്റേജ് ഇന്ത്യ തിയറ്റേഴ്‌സ് തൊണ്ണൂറുകളിൽ 'ഒടിയൻ' എന്നൊരു നാടകം അവതരിപ്പിച്ചിരുന്നു. ശശി കലിംഗയൊക്കെ അഭിനയിച്ച ആ നാടകം ഒടിക്കഥകൾ ഉറങ്ങുന്ന വള്ളുവനാട്ടിലുൾപ്പെടെ പല നാടുകളിൽ കളിച്ചപ്പോൾ ഉണ്ടാക്കിയ ഇംപാക്ട് ഏറെ വലുതായിരുന്നു. കാണികൾ ഒന്നടങ്കം കൈയടയോടെ സ്വീകരിച്ച നാടകം ഏതെങ്കിലും അയൽഗ്രാമത്തിലെ പൂരപ്പറമ്പുകളിൽ കളിക്കുന്നുണ്ടെന്ന് അറിഞ്ഞാൽ ആവർത്തിച്ച് പോയി കാണുന്നവരുണ്ടായിരുന്നു. സ്റ്റേജ് ഇന്ത്യയുടെ ഒടിയൻ സമ്മാനിച്ച ഭീതി ആളുകളിൽ നിന്ന് വിട്ടുപോകാൻ ഏറെ നാളുകളെടുത്തു. ആ നാടകത്തിന്റെ പൂർണതയിൽ നിന്നൊക്കെ കാതങ്ങൾ അകലെയാണ് അതേ മിത്തിനെ ഇതിവൃത്തമാക്കിയ ഒടിയനെന്ന സിനിമ.

സ്ത്രീശബ്ദം, 2019, ജനുവരി
മൃണാൾ സെൻ- ഇന്ത്യൻ നവ സിനിമയുടെ വഴികാട്ടി

ലോക സിനിമയിൽ പുതിയ ഉണർവ്വ് നൽകി അലയടിച്ച നവതരംഗത്തിന് ഇന്ത്യയിൽ തുടക്കമിട്ട ചലച്ചിത്രകാരനായിരുന്നു മൃണാൾ സെൻ. വിട്ടുവീഴ്ചയില്ലാത്ത സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിച്ച കലാകാരനായ മൃണാൾ സെന്നിന് സിനിമയും രാഷ്ട്രീയവും രണ്ടല്ലായിരുന്നു. ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന സിനിമകൾ സെന്നിൽനിന്ന് ഉണ്ടായപ്പോൾ തന്നെ പൊതുസമൂഹത്തിലിറങ്ങി തന്റെ രാഷ്ട്രീയം വെളിപ്പെടുത്താനും അദ്ദേഹം ധൈര്യം കാട്ടി. നാട് പ്രശ്‌നഭരിതമാകുമ്പോൾ കലയിലൂടെ മാത്രമല്ല,തെരുവിലിറങ്ങിയുള്ള പ്രവർത്തനം കൊണ്ടു കൂടിയാണ് പ്രതരോധം സൃഷ്ടക്കേണ്ടതെന്ന് സെൻ വിശ്വസിച്ചു. അതുകൊണ്ടുതന്നെ എല്ലാകാലത്തും മൃണാൾ സെൻ സിനിമകൾ വിപ്ലവത്തിന്റെയും സാമൂഹിക ബോധത്തിന്റെയും വഴയേ സഞ്ചരിച്ചു. അങ്ങനെയാണ് മൃണാൾ സെൻ ഇന്ത്യൻ രാഷ്ട്രീയ സിനിമകളിലെ അതികായനായി മാറിയതും. ഇന്ത്യൻ സിനിമയെ പുനർനിർവചിച്ച അരാജകവാദി എന്നായിരുന്നു ശ്യാം ബെനഗൽ മൃണാൾ സെന്നിനെ വശേഷിപ്പിച്ചത്.
    സത്യജിത് റേയുടെയും ഋത്വിക് ഘട്ടക്കിന്റെയും സമകാലികനായി നിൽക്കുമ്പോൾ തന്നെ രാഷ്ട്രീയശരികളിലും വിപ്ലവബോധത്തിലും സെൻ വേറിട്ടൊരു പാത സൃഷ്ടിച്ചു. ഏക് ദിൻ അചാനക്, ഏക്ദിൻ പ്രതിദിൻ, ഖാണ്ഡാർ, അകലേർ സന്ധാനെ, ഖരീജ് തുടങ്ങിയ സിനിമകൾ അതിന്റെ സാമൂഹികത കൊണ്ടാണ് ചർച്ച ചെയ്യപ്പെട്ടത്. ചലച്ചിത്രപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട സെൻ ചിത്രങ്ങളും ഇവയാണ്.
    ഇന്നത്തെ ബംഗ്ലാദേശിലെ ഫരീദ്പൂരിൽ 1923 മേയ് 14നായിരുന്നു മൃണാൾ സെന്നിന്റെ ജനനം. ഹൈസ്‌കൂൾ പഠനത്തിനു ശേഷം ബിരുദ പഠനത്തിനായി കൊൽക്കത്തയിലെത്തിയ സെൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സാംസ്‌കാരിക വിഭാഗവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അംഗമായിരുന്നില്ലെങ്കിലും ഇ്ര്രപയിലെ പ്രവർത്തനത്തിലൂടെ ധാരാളം കലാകാരൻമാരുമായി ചേർന്നു പ്രവർത്തിക്കാൻ അവസരം ലഭിച്ചു. കലാലയപഠനത്തിനു ശേഷം കൊൽക്കത്തയിലെ ഒരു ഫിലിം ലബോറട്ടറിയിൽ ശബ്ദവിഭാഗത്തിൽ ടെക്‌നീഷ്യനായാണ് ചലച്ചിത്ര രംഗത്തേക്കുള്ള സെന്നിന്റെ പ്രവേശനം.
    1953 ൽ പുറത്തിറങ്ങിയ രാത്ത് ബോറെ എന്ന ചിത്രത്തിലൂടെയായിരുന്നു സെന്നിന്റെ ചലച്ചിത്ര പ്രവേശം. മൂന്നാമത്തെ ചിത്രമായ ബൈഷേയ് ശ്രവണ ആണ് മൃണാൾ സെൻ എന്ന പ്രതിഭയെ ഇന്ത്യൻ ചലച്ചിത്രലോകത്ത് അടയാളപ്പെടുത്തിയത്. 1960ലാണ് ബൈഷേയ് ശ്രവൺ പുറത്തിറങ്ങിയത്. ഒരു ഗ്രാമീണ ബംഗാളി കുടുംബത്തെ മുൻനിർത്തി 1943ലെ ബംഗാൾ ക്ഷാമത്തിന്റെ ക്രൂരതകൾ വെളിവാക്കുന്നതായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. ഇന്ത്യൻ ജനതയുടെ യഥാർത്ഥ മുഖം വെളിവാക്കിയ ചിത്രം എന്ന നിലയിൽ ഇത് ഏറെ ചർച്ച ചെയ്യപ്പെട്ടു.
   
  കൽക്കത്ത 71, കോറസ്, പദാതിക്ക് തുടങ്ങിയ ആദ്യകാല സിനിമകൾ സംഘർഷഭരിതവും പ്രക്ഷുബ്ധവുമായ കൊൽക്കത്തയുടെ മനസ് വെളിപ്പെടുത്തി. പതാദിക് ബംഗാളിലെ നക്‌സൽ പ്രസ്ഥാനത്തെ ആസ്പദമാക്കിയുള്ളവയായിരുന്നു. നാടകീയാവിഷ്‌കാരത്തിൽ മുങ്ങിനിന്ന ഇന്ത്യൻ സിനിമയുടെ വെള്ളിത്തിരയലേക്ക് സാധാരണക്കാരന്റെ ചുട്ടുപൊള്ളുന്ന ജീവിതവും അതിന്റെ തീക്ഷ്ണ രാഷ്ട്രീയവും എടുത്തുവച്ച സെൻ ചെലവുകുറച്ച് നിലവാരമുള്ള സിനിമകൾ ചെയ്യാമെന്ന് സിനിമാലോകത്തിന് കാണിച്ചുകൊടുത്തു.
    ബംഗാളിയിൽ നിന്നു മാറി ഹിന്ദിയിൽ എടുത്ത 'ഭുവൻഷോം' മൃണാൾ സെന്നിലെ ചലച്ചിത്രകാരന്റെ വിതാനം പിന്നെയും വലുതാക്കി.
ഭുവൻഷോം വെനീസ് മേളയിൽ പ്രദർശിപ്പിച്ചതോടെയാണ് സെൻ ലോകസിനിമയിലെ ശ്രദ്ധേയ സാന്നിദ്ധ്യമാകുന്നത്. വേട്ടയ്ക്കിറങ്ങിപ്പുറപ്പെട്ട ഉദ്യോഗസ്ഥനെ അതിജീവനത്തിനുള്ള കഴിവുകൾ പഠിപ്പിച്ചു കൊടുക്കുന്ന ഗ്രാമീണയുവതിയുടെ കഥ ആക്ഷേപഹാസ്യത്തിലൂടെ പറയുന്നതായിരുന്നു ഭുവൻഷോം. മൃണാൾ സെന്നിന്റെ ആദ്യ വാണിജ്യ വിജയവും ഭുവൻഷോം ആയിരുന്നു. സെന്നിന്റെ മറ്റൊരു ഹിന്ദിചിത്രമായ 'മൃഗയ'യും ഏറെ അഭിനന്ദനം നേടി. ഗ്രാമങ്ങളിൽ ഭൂവുടമകൾ ആദിവാസികളെ ചൂഷണം ചെയ്യുന്നതായിരുന്നു മൃഗയയുടെ പ്രമേയം.
    ബംഗാളിക്കും ഹിന്ദിക്കും പുറമെ ഒറിയയിലും തെലുങ്കിലും മൃണാൾ സെൻ ഓരോ ചിത്രങ്ങൾ സംവിധാനം ചെയ്തു. ഒറിയയിൽ മതീർ മനിഷയും തെലുങ്കിൽ ഓക ഉരി കഥ എന്ന ചിത്രവുമാണ് മൃണാൾ സെന്നന്റേതായി പുറത്തുവന്നത്.
    കേരളത്തോട് ഈ ബംഗാളി സംവിധായകന് പ്രത്യേക അടുപ്പമുണ്ടായിരുന്നു. മലയാളത്തിൽ ഒരു സിനിമയെടുക്കണെന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ടായിരുന്നു. കയ്യൂർ സമര ചരിത്രം സിനിമയാക്കാനുള്ള ആഗ്രഹത്തിൽ കേരളത്തിലെത്തി പ്രാരംഭ ചർച്ചകൾ നടത്തിയെങ്കിലും സാക്ഷാത്കരിക്കാനായില്ല. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ആദ്യത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നൽകിയാണ് കേരളം ഈ വിഖ്യാത ചലച്ചിത്രകാരനോടുള്ള ആദരം അറിയിച്ചത്.
    കേന്ദ്രസർക്കാർ പത്മഭൂഷൺ നൽകിയാണ് അദ്ദേഹത്തെ ആദരിച്ചത്. ചലച്ചിത്രരംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ അംഗീകാരമായ ദാദാ സാഹബ് ഫാൽകെ പുരസ്‌കാരം 2005ൽ അദ്ദേഹത്തിന് ലഭിച്ചു.
    1998 മുതൽ 2003 വരെ പാർലമെന്റിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു മൃണാൾ സെൻ. കമാന്ത്യൂർ ദ് ലോദ്ര് ദ ആർ ഏ ലാത്ര് പുരസ്‌കാരം നൽകി  ഫ്രാൻസും ഓർഡർ ഓഫ് ഫ്രണ്ട്ഷിപ് പുരസ്‌കാരം നൽകി റഷ്യയും സെന്നിനെ ആദരിച്ചു. വിവിധ സർവ്വകലാശാലകൾ ഹോണററി ഡോക്ടറേറ്റ് ബിരുദവും നൽകിയിട്ടുണ്ട്.
    ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസിന്റെ പ്രസിഡന്റായും, കാൻ, വെനീസ്, ബെർലിൻ, മോസ്‌കോ, കാർലോവി വാറി, ടോക്യോ, ടെഹ്രാൻ, മാൻഹീം,ന്യൊൺ, ഷിക്കാഗോ, ഘെന്റ്, ടുനീസ്, ഓബർഹോസൻ ചലച്ചിത്രമേളകളിൽ ജൂറി അംഗമായും പദവികൾ വഹിച്ചിട്ടുണ്ട്.

വാർത്താവീക്ഷണം, ആകാശവാണി, 2019 ജനുവരി 2