കൃത്രിമത്വം അലങ്കാരമാക്കുന്ന ഒടിയൻ
മിത്തുകളും പുരാവൃത്തങ്ങളും കാവും പൂരങ്ങളും നാട്ടുദൈവങ്ങളും നിളയോളം പരന്ന് കെട്ടുപിണഞ്ഞു കിടക്കുന്നുണ്ട് വള്ളുവനാട്ടിൽ. വള്ളുവനാടിന്റെ മിത്തുകൾ നിറച്ചുവച്ച കഥകളിൽ ഏറ്റവും കൗതുകത്തോടെയും പേടയോടെയും കേട്ടവയാണ് ഒടിക്കഥകൾ. മുള്ളുവേലിയായും ഇല്ലിപ്പടിയായും പശുവായും നായായും ഒടിമറയുന്ന കറുത്തിരുണ്ട മനുഷ്യൻ ചെറുപ്പത്തിലെ രാത്രികളിൽ ഏറെ ഭീതി നിറച്ചിരുന്നു.
പലവിധ ഒടിക്കഥകൾ കേട്ടായിരിക്കും വള്ളുവനാട്ടിലെയും ഏറനാട്ടിലെയും അല്പം പിറകിലെ തലമുറയിൽ ജനിച്ച ഒരു കുട്ടിയുടെ ചെറുപ്പകാലം. തൊണ്ണൂറുകളുടെ തുടക്കത്തിൽ വരെ ജനിച്ച കുട്ടികൾക്ക് ഈ കഥ കേൾക്കുവാനുള്ള ഭാഗ്യം ലഭിച്ചിരിക്കണം.
കേട്ടു പരിചയിച്ചതെങ്കിലും മുതിർന്നവർ ഓരോ തവണ പറഞ്ഞു തരുമ്പോഴും പേടി തോന്നാറുള്ള ഒടിക്കഥയിൽ ഭയത്തിനൊപ്പം പശുവായും നായായും കാളയായും ഇല്ലിപ്പടിയായും മാറുന്ന ഒടിയന്റെ കൗതുകം നിറഞ്ഞ രൂപമാറ്റത്തെ കുറിച്ചു കൂടിയായിരുന്നു കുട്ടികളുടെ കൗതുകം. വള്ളുവനാട്ടിലെയും ഏറനാട്ടിലെയും കഥ പറയുന്ന അമ്മമാരിൽ നിന്നും അമ്മൂമ്മമാരിൽ നിന്നും അൽപ്പം പഴയ തലമുറയിലെ കുട്ടികളൊക്കെയും ഇതു പോലുള്ള കഥകൾ കേട്ടിരിക്കണം. ആ കഥകൾ പിന്നീട് നിശ്ചയമായും അവർ മറ്റു പലരോടും പറഞ്ഞിട്ടുമുണ്ടാകും.
ഇങ്ങനെ കേട്ടു കൈമാറിയ കഥകൾ സ്‌ക്രീനിൽ കാണുന്നതിലെ കൗതുകമായിരുന്നു ശ്രീകുമാർ മേനോന്റെ ഒടിയൻ കാണുമ്പോൾ. ഒടിക്കഥകൾ കേൾക്കാത്ത മറുനാട്ടുകാർക്കു പോലും അത്രമാത്രം കൗതുകം അവശേഷിപ്പിക്കാൻ തക്ക ശേഷിയുള്ള മിത്തായിരുന്നു ഒടിയന്റേത്. മുഖ്യധാര മലയാള സിനിമ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത മിത്ത് സിനിമയാകുന്നു എന്നതും മുൻനിര താരനിര അഭിനയിക്കുന്നുവെന്നതും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്നുവെന്നതും ഒടിയന്റെ ആകർഷണമായിരുന്നു. ഇത്രയധികം ആകർഷണങ്ങളും സാദ്ധ്യതകളും ഉണ്ടായിരുന്ന ഒരു സിനിമ പ്രേക്ഷകർക്കു മുന്നിൽ എത്തിയപ്പോൾ എന്തായിരുന്നോ അതിനെ ചുറ്റിപ്പറ്റിയുള്ള പ്രതീക്ഷ, അതപ്പാടെ ഇല്ലാതാക്കുന്ന തരത്തിലായിരുന്നു സ്‌ക്രീനിലെ കാഴ്ച. പ്രേക്ഷകനിൽനിന്ന് ഭീതയോ കൗതുകമോ ഇഷ്ടമോ പിടിച്ചുപറ്റാൻ ഒടിയനായില്ല. മറിച്ച് അമ്പേ നിരാശ പ്രദാനം ചെയ്യുകയും ചെയ്തു.
അപൂർവ്വം ചില സംവിധായകരിലൂടെ മലയാള സിനിമ അല്പമെങ്കിലും റിയലിസത്തിന്റെ വഴി വെട്ടി തുറക്കുന്നതിന്റെ മിന്നായം കാണിച്ചു തുടങ്ങുന്ന അവസരത്തിലാണ് മേനോൻ സിനിമയെന്ന പേരിൽ തന്റെ കെട്ടുകാഴ്ചയുമായി എത്തിയത്. കഥപറച്ചിലിലും ദൃശ്യപരിചരണത്തിലും ഏറെ സാദ്ധ്യതകളുണ്ടായിരുന്ന ഒടിക്കഥയിൽ അതിന്റെ മിന്നലാട്ടം കാണാൻ മഷിയിട്ടു നോക്കണം.
നാട്ടിൽ വൈദ്യുതി വെളിച്ചമെത്തിയപ്പോൾ ഇല്ലാതായ ഒടിവിദ്യ ശീലിച്ചവരുടെ അവസാന തലമുറയ്‌ക്കൊപ്പമാണ് സിനിമയുടെ സഞ്ചാരം. പക പോക്കാനും പേടിപ്പിക്കാനും ഒടിയന്മാരെ ഉപയോഗിച്ചിരുന്ന പഴയ തലമുറയ്ക്ക് ഒടിയന്മാർ ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നെങ്കിൽ പുതിയ തലമുറയ്ക്കത് ഒരു നാടിനെ വെളിച്ചത്തിൽ നിന്ന് പന്നോട്ടടിപ്പിച്ച ഇരുട്ടിന്റെ ശക്തികളാണ്. അതുകൊണ്ടു തന്നെ അവർ ഒടിയന്റെ ശക്തിയിൽ വിശ്വസിക്കുന്നില്ല. ഒടിവിദ്യ ശീലിച്ചിരുന്ന ഒരുപാട് പന്നോക്ക ജാതിയിൽപെട്ട കുടുംബങ്ങൾ ജീവിച്ചിരുന്ന പാലക്കാട്ടെ തേങ്കുറുശ്ശിയാണ് ഒടിയനിൽ കഥാഗ്രാമമായി അവതരിപ്പിക്കുന്നത്. തേങ്കുറുശ്ശിയിലെ അവസാനത്തെ ഒടിയനായ മാണിക്യന്റെ കഥയാണിത്. പഴയ തലമുറയ്ക്ക് മാണിക്യനെയും അവന്റെ ശക്തിയും അറിയാം. ചെയ്യാത്ത തെറ്റുകൾക്ക് ഒടിവിദ്യ ശീലിച്ചതിന്റെ പേരിൽ മാത്രം സംശയിക്കപ്പെടുകയും വേണ്ടപ്പെട്ടവർ പോലും തള്ളിപ്പറയുകയും ചെയ്തപ്പോൾ നാടു വടേണ്ടി വന്ന മാണിക്യൻ വർഷങ്ങൾക്കു ശേഷം തിരിച്ചെത്തുകയും പക പോക്കി സത്യം വെളിച്ചത്തു കൊണ്ടു വരികയുമാണ്.
നായർ, നമ്പൂതിരി തറവാടുകളിൽ പുറം പണികൾ ചെയ്യുകയും രാത്രിയിൽ മറ്റുള്ളവരുടെ ആവശ്യപ്രകാരം ഒടിവിദ്യ ശീലിക്കുകയും ചെയ്തു പോന്നിരുന്ന അധസ്ഥിത വിഭാഗത്തിന്റെ ജീവിതത്തിന്റെ നേരും പതിരും പുറംലോകത്തെ അറിയിക്കാനുള്ള വലിയ ഭാഗ്യവും ബാദ്ധ്യതയുമാണ് ഒടിയനിൽ ശ്രീകുമാർ മേനോനുണ്ടായിരുന്നത്. വൈദ്യുതിയെത്താത്ത കേരളത്തിന്റെ ഒരു കാലഘട്ടത്തിന്റെ ഗ്രാമചിത്രവും ജീവിത സംസ്‌കാരവും കൂടിയായിരുന്നു ഒടിയന്റെ കഥയിൽ ഉൾച്ചേർന്നിരുന്നത്. നിർഭാഗ്യവശാൽ ഇതിനൊന്നും മിഴിവുറ്റ രീതിയിൽ ചലനചിത്രത്തിന്റെ രൂപം കൈവരുത്താൻ സംവിധായകനും എഴുത്തുകാരനുമാകുന്നില്ല.
കൃത്രിമത്വവും നാടകീയതയും നിറഞ്ഞ് ഇഴയുന്ന രണ്ടേമുക്കാൽ മണിക്കൂറാണ് ഈ സിനിമ കാണികൾക്ക് കാത്തുവയ്ക്കുന്നത്. യാതൊരു തരത്തിലുള്ള വികാരവും സൃഷ്ടിക്കാൻ ഇത്രയും നേരമെടുത്തിട്ടും സിനിമക്കാവുന്നില്ല.
അതിനാടകീയതയാണ് ഒടിയനിലെ ഓരോ കഥാപാത്രത്തിന്റെയും മുഖമുദ്ര. അവർക്ക് നൽകിയിട്ടുള്ള സംഭാഷണങ്ങളും അങ്ങനെ തന്നെ. ഒരു കഥാപാത്രവും നിത്യജീവിതത്തോട് പുലബന്ധം പുലർത്തുന്നില്ല. മോഹൻലാൽ, പ്രകാശ്രാജ്, മഞ്ജുവാര്യർ, സിദ്ധിഖ് തുടങ്ങി പ്രഗത്ഭമതികളായ അഭനേതാക്കൾക്കൊന്നും നാടകീയത വിട്ട് ഉയരാൻ കഴിയുന്നില്ല. കനമില്ലാത്ത തിരക്കഥയും ചെയ്യാൻ പോകുന്ന കലാസൃഷ്ടിയിൽ സ്വതന്ത്രമായ ധാരണകൾ പുലർത്താതെയും ഹൈപ്പ് മാത്രം കൈമുതലാക്കിയുള്ള ഒരു സിനിമയുടെ ഭാഗമാകുമ്പോൾ അഭനേതാക്കൾ എത്ര കഴിവുള്ളവരായാലും അവർ എന്ത് അത്ഭുതം കാട്ടാനാണ്! ഒരു ചിരി കൊണ്ടോ നോട്ടം കൊണ്ടോ പോലും മോഹൻലാലെന്ന അതിശയിപ്പിക്കുന്ന നടനെ ഒടിയനിൽ കണ്ടുകിട്ടാനില്ല. ആറാം തമ്പുരാൻ, കന്മദം തുടങ്ങിയ സിനിമകളിൽ കണ്ടിട്ടുള്ള മഞ്ജുവാര്യർമോഹൻലാൽ കോമ്പോ പോലും ഒടിയനിൽ വർക്കൗട്ടാകുന്നില്ല. ഈ.മ.യൗവും സുഡാനി ഫ്രം നൈജീരിയയും മഹേഷിന്റെ പ്രതികാരവുമൊക്കെ കണ്ടിരിക്കുന്ന മലയാളി പ്രേക്ഷകന്റെ മുന്നലേക്കാണ് അതിനാടകീയത തുളുമ്പുന്ന സംഭാഷങ്ങളും കഥാപാത്രങ്ങളും കൊണ്ട് ശ്രീകുമാർ മേനോൻ വരുന്നത്.
തേങ്കുറുശ്ശി അങ്ങാടിക്ക് പൂർണത വരുത്താൻ ഒരുക്കിയ സെറ്റുകളും അവിടത്തെ കച്ചവടക്കാരും ചന്തയിലെ മനുഷ്യരുമെല്ലാം ക്യാമറയ്ക്കായി മാത്രം സൃഷ്ടിക്കപ്പെട്ട് ജീവിതത്തോട് എത്രയോ കാതം അകലം പാലിക്കുന്നു. കുട്ടിസ്രാങ്കിലൂടെ ദേശീയ പുരസ്‌കാരം ലഭിച്ച ഹരികൃഷ്ണന് ഒടിയനുവേണ്ടി ശരാശരി നിലവാരം പോലുമുള്ള തിരക്കഥ ഒരുക്കാനായില്ല. ഒടിയൻ മാണിക്യന്റെ ഒടിക്കഥകൾ ഓരോന്നായി ഇടയ്ക്കിടെ പറഞ്ഞുപോകുന്നു. വേറെ പല കഥാപാത്രകളും ഇടയ്ക്ക് കടന്നുവന്ന് അവരുടെ കഥയും അതിന്റെ കൂടെ പറയുന്നു. ഇതാണ് തിരക്കഥയുടെ ഏക വളർച്ച. അല്ലെങ്കിൽ തിരക്കഥയിൽ കാര്യമായ വെട്ടലും തിരുത്തലും ഉണ്ടായതിനു ശേഷമുള്ള സൃഷ്ടിയായിരിക്കണം കാണികൾക്കു മുന്നിൽ എത്തിയിട്ടുണ്ടാകുക.
ലാലേട്ടൻ ആരാധകർക്കു വേണ്ടി സൃഷ്ടിക്കപ്പെട്ട സ്റ്റണ്ടുകൾ പോലും ഒരനക്കവും ഉണ്ടാക്കുന്നില്ല. പീറ്റർ ഹെയ്ൻ സംഘട്ടനമൊരുക്കി എന്നൊക്കെ ടൈറ്റിൽ കാർഡിൽ വായിക്കാമെന്നു മാത്രം. കഥയോട് ചേർത്ത് എളുപ്പം വിജയിക്കുകയും കാണികളെ ആകർഷിക്കുകയും ചെയ്യുമായിരുന്ന ഹൊറർ മീഡിയം പോലും സിനിമയിൽ വികസിപ്പിക്കാനാകുന്നില്ലെന്നത് മറ്റൊരു ദയനീയ സത്യമാണ്. വള്ളുവനാടും ഭാരതപ്പുഴയും നായർ തറവാടുകളുമടങ്ങുന്ന മുഖ്യധാര മലയാള സിനിമയുടെയും കാണികളുടെയും ജനപ്രിയ ശീലങ്ങളെപ്പോലും ചെന്നു തൊടാൻ ഒടിയന്റെ ക്യാമറയ്‌ക്കോ വലിയ ബജറ്റനോ ആകുന്നില്ലെന്നോർക്കുമ്പോൾ ഈ സിനിമയുടെ ദയനീയത മറനീക്കി തന്നെ പുറത്തുവരുന്നു.
കോഴക്കോട് സ്റ്റേജ് ഇന്ത്യ തിയറ്റേഴ്‌സ് തൊണ്ണൂറുകളിൽ 'ഒടിയൻ' എന്നൊരു നാടകം അവതരിപ്പിച്ചിരുന്നു. ശശി കലിംഗയൊക്കെ അഭിനയിച്ച ആ നാടകം ഒടിക്കഥകൾ ഉറങ്ങുന്ന വള്ളുവനാട്ടിലുൾപ്പെടെ പല നാടുകളിൽ കളിച്ചപ്പോൾ ഉണ്ടാക്കിയ ഇംപാക്ട് ഏറെ വലുതായിരുന്നു. കാണികൾ ഒന്നടങ്കം കൈയടയോടെ സ്വീകരിച്ച നാടകം ഏതെങ്കിലും അയൽഗ്രാമത്തിലെ പൂരപ്പറമ്പുകളിൽ കളിക്കുന്നുണ്ടെന്ന് അറിഞ്ഞാൽ ആവർത്തിച്ച് പോയി കാണുന്നവരുണ്ടായിരുന്നു. സ്റ്റേജ് ഇന്ത്യയുടെ ഒടിയൻ സമ്മാനിച്ച ഭീതി ആളുകളിൽ നിന്ന് വിട്ടുപോകാൻ ഏറെ നാളുകളെടുത്തു. ആ നാടകത്തിന്റെ പൂർണതയിൽ നിന്നൊക്കെ കാതങ്ങൾ അകലെയാണ് അതേ മിത്തിനെ ഇതിവൃത്തമാക്കിയ ഒടിയനെന്ന സിനിമ.
സ്ത്രീശബ്ദം, 2019, ജനുവരി
No comments:
Post a Comment