ലോകത്തെ ഏറ്റവും പ്രശസ്ത ചലച്ചിത്ര മേളകളില്‍ ഒന്നായ ഫ്രാന്‍സിലെ കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഖ്യാതി ഉയര്‍ത്തി ഇന്ത്യന്‍ സിനിമയും മലയാളവും. 77-ാമത് കാന്‍ ചലച്ചിത്ര മേളയിലെ ഏറ്റവും മികച്ച രണ്ടാമത്തെ പുരസ്‌കാരമായ 'ഗ്രാന്‍ഡ് പ്രീ' നേടിക്കൊണ്ട് പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രമാണ് ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയത്. മുപ്പത് വര്‍ഷത്തിനു ശേഷം മേളയിലെ പരമോന്നത പുരസ്‌കാരമായ പാം ഡി ഓറിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന സിനിമ എന്ന നിലയില്‍ കൂടി ശ്രദ്ധേയമാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'. 1994 ല്‍ ഷാജി എന്‍ കരുണിന്റെ സ്വം എന്ന ചിത്രത്തിനാണ് ഒടുവില്‍ പാം ഡി ഓര്‍ നാമനിര്‍ദേശം ലഭിച്ചത്. പായലിന്റെ ചിത്രം ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തെത്തിയാണ് 'ഗ്രാന്‍ഡ് പ്രീ' പുരസ്‌കാരം കരസ്ഥമാക്കിയത്. ഈ അഭിമാനകരമായ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ഇതോടെ പായല്‍ കപാഡിയ മാറി.
കാനിലെ പ്രദര്‍ശനത്തില്‍ മികച്ച പ്രതികരണമാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി'ന് ലഭിച്ചത്. പ്രദര്‍ശനത്തിനു ശേഷം എട്ട് മിനിറ്റ് നേരം എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുള്ള അഭിനന്ദനം കാണികള്‍ രേഖപ്പെടുത്തിയത്. കാവ്യാത്മകം, ലോലം, ഹൃദയാവര്‍ജകം തുടങ്ങിയ വിശേഷണങ്ങളാണ് ചിത്രത്തിന് കാണികളില്‍ നിന്ന് ലഭിച്ചത്. സിനിമയുടെ തിരക്കഥാകൃത്തും പായല്‍ കപാഡിയ ആണ്. ഫ്രഞ്ച് കമ്പനിയായ പെറ്റിറ്റ് കെയോസും ഇന്ത്യന്‍ കമ്പനികളായ ചോക്ക് ആന്‍ഡ് ചീസും അനദര്‍ ബെര്‍ത്തും ചേര്‍ന്നാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' നിര്‍മ്മിച്ചത്. പ്രശസ്ത ഹോളിവുഡ് സംവിധായിക ഗ്രെറ്റ ഗെര്‍വിഗ് അധ്യക്ഷയായ ജൂറിയാണ് മത്സര വിഭാഗം ചിത്രങ്ങള്‍ വിലയിരുത്തിയത്. ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോളയുടെ മെഗാലോപോളിസ്, സീന്‍ ബേക്കറുടെ അനോറ, യോര്‍ഗോസ് ലാന്തിമോസിന്റെ കൈന്‍ഡ്‌സ് ഓഫ് ദയ, പോള്‍ ഷ്രാഡറിന്റെ ഓ കാനഡ, മാഗ്‌നസ് വോണ്‍ ഹോണിന്റെ ദി ഗേള്‍ വിത്ത് ദ നീഡില്‍, പൗലോ സോറന്റീനോയുടെ പാര്‍ഥെനോപ്പ് തുടങ്ങി ലോക സിനിമയിലെ മുന്‍നിര സംവിധായകരുടെ പുതിയ ചിത്രങ്ങളുമായാണ് കപാഡിയയുടെ സിനിമ മത്സരിച്ചത്.
മുംബൈ പശ്ചാത്തലമായി രണ്ട് മലയാളി നഴ്‌സുമാരുടെ സംഘര്‍ഷങ്ങളുടെയും അതിജീവനത്തിന്റെയും കഥ പറയുന്ന ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മലയാളികളായ കനി കുസൃതിയും ദിവ്യപ്രഭയുമാണ്. 80 ശതമാനവും മലയാള സംഭാഷണങ്ങളടങ്ങിയ ഈ ചിത്രത്തില്‍ മലയാളി നടനായ അസീസ് നെടുമങ്ങാടും അഭിനയിച്ചിട്ടുണ്ട്. ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(എഫ്ടിഐഐ)യിലെ പൂര്‍വ്വ വിദ്യാര്‍ഥിയായ പായല്‍ കപാഡിയയുടെ 'എ നൈറ്റ് ഓഫ് നോയിങ് നത്തിംഗ്' എന്ന ഡോക്യുമെന്ററിക്ക് 2021 ല്‍ കാനിലെ ഗോള്‍ഡന്‍ ഐ പുരസ്‌കാരം ലഭിച്ചിരുന്നു. പായലിന്റെ ആഫ്റ്റര്‍ നൂണ്‍ ക്ലൗഡ്‌സ് എന്ന ചിത്രം 70-ാമത് കാന്‍ ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
യു എസ് സംവിധായകന്‍ സീന്‍ ബേക്കറിന്റെ അനോറയാണ് കാനില്‍ ഇത്തവണ മികച്ച ചിത്രത്തിനുള്ള പാം ദെ ഓര്‍ പുരസ്‌കാരം നേടിയത്. ലൈംഗികത്തൊഴിലാളിയായ യുവതിയുടെ വൈകാരികതകളും പ്രണയവും പ്രതിപാദ്യമാകുന്ന ഈ ചിത്രം കാലികപ്രസ്‌കതമായ വിഷയം കൈകാര്യം ചെയ്തുകൊണ്ടു കൂടിയാണ് ശ്രദ്ധേയമാകുന്നത്. മത്സര വിഭാഗത്തിലെ 21 സിനിമകളെ പിന്തള്ളിയാണ് അനോറ ചരിത്രം കുറിച്ചത്.
കാനില്‍ നവഭാവുകത്വത്തിനും പുതുവഴികള്‍ക്കും പുതുരാജ്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന 'അണ്‍ സേര്‍ട്ടന്‍ റിഗാഡ്' വിഭാഗത്തിലെ മികച്ച നടിയായി പശ്ചിമ ബംഗാളില്‍ നിന്നുള്ള അനസൂയ സെന്‍ ഗുപ്ത തെരഞ്ഞെടുക്കപ്പെട്ടു. ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യന്‍ അഭിനേത്രിയാണ് അനസൂയ. ബള്‍ഗേറിയന്‍ സംവിധായകന്‍ കോണ്‍സ്റ്റാന്റിന്‍ ബൊജനോവ് സംവിധാനം ചെയ്ത 'ദ ഷെയിംലെസ്' എന്ന ഹിന്ദി ഭാഷാ ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. രണ്ട് ലൈംഗിക തൊഴിലാളികള്‍ നേരിടുന്ന ചൂഷണവും ദുരിതങ്ങളും അനാവരണം ചെയ്യുന്ന സിനിമയാണ് 'ദ ഷെയിംലെസ്'. ക്വീര്‍ സമൂഹത്തിനും മറ്റു പാര്‍ശ്വവത്കൃത സമൂഹങ്ങള്‍ക്കും പുരസ്‌കാരം സമര്‍പ്പിക്കുന്നതായി അനസൂയ പറഞ്ഞു. ബ്രിട്ടീഷ് ഇന്ത്യന്‍ സംവിധായിക സന്ധ്യ സൂരിയുടെ സന്തോഷ് എന്ന ചിത്രവും അണ്‍ സേര്‍ട്ടന്‍ റിഗാര്‍ഡ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ഛായാഗ്രാഹണ രംഗത്തെ അനുപമമായ സംഭാവനയ്ക്ക് 2013 മുതല്‍ കാന്‍ ചലച്ചിത്ര മേളയില്‍ നല്‍കിവരുന്ന പിയര്‍ അജന്യൂ എക്‌സലന്‍സ് ഇന്‍ സിനിമാറ്റോഗ്രഫി ബഹുമതി മലയാളി ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ കരസ്ഥമാക്കി. ഈ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ ഏഷ്യക്കാരനാണ് സന്തോഷ് ശിവന്‍. ഛായാഗ്രാഹണ രംഗത്തെ ഇതിഹാസങ്ങളായ എഡ്വേഡ് ലാച്മാന്‍, ക്രിസ്റ്റഫര്‍ ഡോയല്‍, റോജര്‍ ഡിക്കിന്‍സ്, ആഗ്നസ് ഗൊദാര്‍ദ്, ബാരി അക്രോയ്ഡ് തുടങ്ങിയവരുടെ നിരയിലേക്കാണ് ഈ ബഹുമതിയിലൂടെ ഇന്ത്യയിലെ പ്രമുഖ ഛായാഗ്രാഹകരില്‍ ഒരാളായി വിലയിരുത്തപ്പെടുന്ന സന്തോഷ് ശിവന്‍ പ്രവേശിച്ചത്. സൂം ലെന്‍സുകളുടെ നിര്‍മ്മാതാക്കളായ അജെന്യൂ കാന്‍ ചലച്ചിത്രോത്സവവുമായി സഹകരിച്ച് നല്‍കുന്ന പുരസ്‌കാരമാണിത്. 1989 ല്‍ താന്‍ ഛായാഗ്രാഹണം നിര്‍വ്വഹിച്ച രാഖ് എന്ന ഹിന്ദി ചിത്രത്തില്‍ അജെന്യൂ ലെന്‍സുകള്‍ ഉപയോഗിച്ചത് ചടങ്ങില്‍ തന്റെ ചലച്ചിത്ര യാത്രയെക്കുറിച്ച് സംസാരിക്കവേ സന്തോഷ് ശിവന്‍ ഓര്‍മ്മിച്ചു. 1980 കളില്‍ ചലച്ചിത്ര രംഗത്ത് എത്തിയ സന്തോഷ് ശിവന്‍ ഹിന്ദി, തമിഴ്, മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളിലായി 55 സിനിമകളുടെയും 50 ഓളം ഡോക്യുമെന്ററികളുടെയും ഛായാഗ്രാഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. അശോക, അനന്തഭദ്രം, ഉറുമി തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ സംവിധായകന്‍ കൂടിയാണ് അദ്ദേഹം.
ലോകത്തിലെ ഏറ്റവും പ്രൗഢമായതും പഴക്കമുള്ളതും ശ്രദ്ധേയവുമായ ചലച്ചിത്രോത്സവമായ കാനിലെ ചുവപ്പ് പരവതാനിയില്‍ പ്രവേശിക്കുന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന മാധ്യമശ്രദ്ധ ഏറെ വലുതാണ്. 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി'ന്റെ പുരസ്‌കാര നേട്ടത്തിലൂടെ സംവിധായിക പായല്‍ കപാഡിയയക്കും മറാത്തി നടി ഛായ കദമിനുമൊപ്പം മലയാളി അഭിനേതാക്കളായ കനി കുസൃതിയും ദിവ്യപ്രഭയും റെഡ് കാര്‍പ്പറ്റില്‍ പ്രവേശിച്ചത് മുഴുവന്‍ മലയാളികള്‍ക്കും അഭിമാനിക്കാവുന്ന അവസരമായി മാറി. വസ്ത്രധാരണത്തിലെ സവിശേഷതകള്‍ കൊണ്ടും നിലപാടുകളുടെയും ഐക്യദാര്‍ഢ്യങ്ങളുടെയും പ്രഖ്യാപന വേദിയെന്ന നിലയിലും ശ്രദ്ധേയമാണ് കാനിലെ ഈ ചുവപ്പ് പരവതാനി. സംഘര്‍ഷത്തില്‍ മരിച്ചുവീഴുന്ന പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള തണ്ണിമത്തന്‍ കഷണത്തിന്റെ ആകൃതിയിലുള്ള ബാഗ് അണിഞ്ഞുകൊണ്ടാണ് കനി കുസൃതി കാനില്‍ ശ്രദ്ധ നേടിയത്. 2019 ല്‍ ബിരിയാണി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ബ്രിക്‌സ് പുരസ്‌കാരവും കനി നേടിയിരുന്നു. 2022 ല്‍ 75-ാമത് ലൊക്കാര്‍ണോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച അറിയിപ്പ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള നോമിനേഷന്‍ നേടിയ ദിവ്യപ്രഭയുടെ ടേക്ക് ഓഫ്, തമാശ എന്നീ ചിത്രങ്ങളിലെ പ്രകടനവും ഏറെ ശ്രദ്ധേയമായിരുന്നു.
കാനിലെ ഹ്രസ്വ ചലച്ചിത്ര മത്സര വിഭാഗത്തില്‍ ഹരിപ്പാട് സ്വദേശി ഐശ്വര്യ തങ്കച്ചന്‍ സംവിധാനം ചെയ്ത 'കൈമിറ'യും ഇടം നേടിയിരുന്നു. രണ്ട് വര്‍ഷമായി മാസം തോറും നടന്ന മത്സരങ്ങളില്‍ പങ്കെടുത്ത അഞ്ഞൂറോളം ചിത്രങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത ചിത്രങ്ങള്‍ മത്സരിക്കുന്ന 'ആന്വല്‍ റിമംബര്‍ ദ ഫ്യൂച്ചര്‍' വിഭാഗത്തിലാണ് കൈമിറ മത്സരിച്ചത്. കഴിഞ്ഞ ഒക്ടോബറിലെ മികച്ച ചിത്രമെന്ന നിലയിലാണ് കൈമിറ അവസാന റൗണ്ട് മത്സരത്തിനെത്തിയത്.
പുരസ്‌കാര നേട്ടത്തിലൂടെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയതിനൊപ്പം പായല്‍ കപാഡിയ, അനസൂയ സെന്‍ ഗുപ്ത, കനി കുസൃതി, ദിവ്യപ്രഭ, ഛായ കദിം തുടങ്ങിയ വനിതകളുടെ പേരുകളിലൂടെ കൂടിയാണ് ഇന്ത്യന്‍ സിനിമാ രംഗം ഇക്കുറി മഹത്തായ കാന്‍ ചലച്ചിത്ര മേളയില്‍ സാന്നിധ്യമറിയിച്ചത്. അങ്ങനെയിത് മുഴുവന്‍ വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെയും സ്ത്രീകളുടെയും ആത്മവിശ്വാസം ഉയര്‍ത്താന്‍ പോന്ന നേട്ടം കൂടിയായി മാറുന്നു.
'ലാ സിനിഫ്' വിഭാഗത്തില്‍ കന്നഡ നാടോടിക്കഥയെ അടിസ്ഥാനമാക്കി എഫ്ടിഐഐ വിദ്യാര്‍ത്ഥി ചിദാനന്ദ എസ് നായിക് സംവിധാനം ചെയ്ത 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രമായ 'സണ്‍ഫ്‌ളവേഴ്‌സ് വെയര്‍ ദി ഫസ്റ്റ് വണ്‍സ് ടു നോ' ഒന്നാം സമ്മാനം നേടി. എഫ്ടിഐഐ യുടെ ടിവി വിഭാഗത്തിന്റെ ഒരു വര്‍ഷത്തെ പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ ചിത്രം നിര്‍മിച്ചത്. ഇന്ത്യന്‍ വംശജയായ മാന്‍സി മഹേശ്വരിയുടെ 'ബണ്ണിഹുഡ്' എന്ന ആനിമേഷന്‍ ചിത്രത്തിന് 'ലാ സിനിഫ്' വിഭാഗത്തില്‍ മൂന്നാം സമ്മാനം ലഭിച്ചു.
ലോകപ്രശസ്ത ഇന്ത്യന്‍ സംവിധായകന്‍ ശ്യാം ബെനഗലിന്റെ സിനിമയുടെ പ്രദര്‍ശനത്തിനും ഇക്കുറി കാന്‍ സാക്ഷ്യം വഹിച്ചു. നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യയില്‍ സംരക്ഷിക്കപ്പെടുകയും ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ വീണ്ടെടുത്തതുമായ ബെനഗലിന്റെ 'മന്ഥന്‍' കാന്‍ ക്ലാസിക് വിഭാഗത്തിലാണ് പ്രദര്‍ശിപ്പിച്ചത്. എസിഐഡി കാന്‍സ് സൈഡ്ബാര്‍ പ്രോഗ്രാമില്‍ മൈസം അലിയുടെ 'ഇന്‍ റിട്രീറ്റ്' എന്ന സിനിമയും പ്രദര്‍ശിപ്പിച്ചു. 1993 ല്‍ ആരംഭിച്ച ഈ വിഭാഗത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമ പ്രദര്‍ശിപ്പിക്കപ്പെടുന്നത്.
അക്ഷരകൈരളി, 2024 ജൂണ്‍