ലോകത്തെ ഏറ്റവും പ്രശസ്ത ചലച്ചിത്ര മേളകളില്‍ മുന്‍നിരയിലുള്ള ഫ്രാന്‍സിലെ കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഖ്യാതി ഉയര്‍ത്തി ഇന്ത്യന്‍ സിനിമയും മലയാളവും. 77-ാമത് കാന്‍ ചലച്ചിത്ര മേളയിലെ ഏറ്റവും മികച്ച രണ്ടാമത്തെ പുരസ്‌കാരമായ 'ഗ്രാന്‍ഡ് പ്രീ' നേടിക്കൊണ്ട് പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രമാണ് ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയത്. മുപ്പത് വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ സിനിമയ്ക്ക് കാനില്‍ അംഗീകാരം ലഭിക്കുന്നത്. 1994 ല്‍ ഷാജി എന്‍ കരുണിന്റെ സ്വം എന്ന ചിത്രത്തിനാണ് ഇതിനു മുന്‍പ് കാനില്‍ പുരസ്‌കാരം ലഭിച്ചത്.
മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. പ്രദര്‍ശനത്തിനു ശേഷം എട്ട് മിനിറ്റ് നേരം എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുള്ള അഭിനന്ദനം കാണികള്‍ രേഖപ്പെടുത്തിയത്. കാവ്യാത്മകം, ലോലം, ഹൃദയാവര്‍ജകം തുടങ്ങിയ വിശേഷണങ്ങളാണ് ചിത്രത്തിന് കാണികളില്‍ നിന്ന് ലഭിച്ചത്. സിനിമയുടെ തിരക്കഥാകൃത്തും പായല്‍ കപാഡിയ ആണ്. ഫ്രഞ്ച് കമ്പനിയായ പെറ്റിറ്റ് കെയോസും ഇന്ത്യന്‍ കമ്പനികളായ ചോക്ക് ആന്‍ഡ് ചീസും അനദര്‍ ബെര്‍ത്തും ചേര്‍ന്നാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' നിര്‍മ്മിച്ചത്. പ്രശസ്ത ഹോളിവുഡ് സംവിധായിക ഗ്രെറ്റ ഗെര്‍വിഗ് അധ്യക്ഷയായ ജൂറിയാണ് മത്സര വിഭാഗം ചിത്രങ്ങള്‍ വിലയിരുത്തിയത്. യു എസ് സംവിധായകന്‍ സീന്‍ ബേക്കറിന്റെ അനോറയ്ക്കാണ് മികച്ച ചിത്രത്തിനുള്ള പാം ദെ ഓര്‍ പുരസ്‌കാരം.
മുംബൈ പശ്ചാത്തലമായി രണ്ട് മലയാളി നഴ്‌സുമാരുടെ സംഘര്‍ഷങ്ങളുടെയും അതിജീവനത്തിന്റെയും കഥ പറയുന്ന ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മലയാളികളായ കനി കുസൃതിയും ദിവ്യപ്രഭയുമാണ്. 80 ശതമാനവും മലയാള ഭാഷയിലാണ് ഈ ചിത്രം. മലയാളി നടനായ അസീസ് നെടുമങ്ങാടും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ പൂര്‍വ്വ വിദ്യാര്‍ഥിയായ പായല്‍ കപാഡിയയുടെ 'എ നൈറ്റ് ഓഫ് നോയിങ് നത്തിംഗ്' എന്ന ഡോക്യുമെന്ററിക്ക് 2021 ല്‍ കാനിലെ ഗോള്‍ഡന്‍ ഐ പുരസ്‌കാരം ലഭിച്ചിരുന്നു. പായലിന്റെ ആഫ്റ്റര്‍ നൂണ്‍ ക്ലൗഡ്‌സ് എന്ന ചിത്രം 70-ാമത് കാന്‍ ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഛായാഗ്രാഹണ രംഗത്തെ അനുപമമായ സംഭാവനയ്ക്ക് 2013 മുതല്‍ കാന്‍ ചലച്ചിത്ര മേളയില്‍ നല്‍കിവരുന്ന പിയര്‍ അജന്യൂ എക്‌സലന്‍സ് ഇന്‍ സിനിമാറ്റോഗ്രഫി ബഹുമതി മലയാളി ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ കരസ്ഥമാക്കി. ഈ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ ഏഷ്യക്കാരനാണ് സന്തോഷ് ശിവന്‍. ഛായാഗ്രാഹണ രംഗത്തെ ഇതിഹാസങ്ങളായ എഡ്വേഡ് ലാച്മാന്‍, ക്രിസ്റ്റഫര്‍ ഡോയല്‍, റോജര്‍ ഡിക്കിന്‍സ്, ആഗ്നസ് ഗൊദാര്‍ദ്, ബാരി അക്രോയ്ഡ് തുടങ്ങിയവരുടെ നിരയിലേക്കാണ് ഈ ബഹുമതിയിലൂടെ ഇന്ത്യയിലെ പ്രമുഖ ഛായാഗ്രാഹകരില്‍ ഒരാളായി വിലയിരുത്തപ്പെടുന്ന സന്തോഷ് ശിവന്‍ പ്രവേശിച്ചത്. സൂം ലെന്‍സുകളുടെ നിര്‍മ്മാതാക്കളായ അജെന്യൂ കാന്‍ ചലച്ചിത്രോത്സവവുമായി സഹകരിച്ച് നല്‍കുന്ന പുരസ്‌കാരമാണിത്. 1989 ല്‍ താന്‍ ഛാാഗ്രാഹണം നിര്‍വ്വഹിച്ച രാഖ് എന്ന ഹിന്ദി ചിത്രത്തില്‍ അജെന്യൂ ലെന്‍സുകള്‍ ഉപയോഗിച്ചത് ചടങ്ങില്‍ തന്റെ ചലച്ചിത്ര യാത്രയെക്കുറിച്ച് സംസാരിക്കവേ സന്തോഷ് ശിവന്‍ ഓര്‍മ്മിച്ചു. 1980 കളില്‍ ചലച്ചിത്ര രംഗത്ത് എത്തിയ സന്തോഷ് ശിവന്‍ ഹിന്ദി, തമിഴ്, മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളിലായി 55 സിനിമകളുടെയും 50 ഓളം ഡോക്യുമെന്ററികളുടെയും ഛായാഗ്രാഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. അശോക, അനന്തഭദ്രം, ഉറുമി തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ സംവിധായകന്‍ കൂടിയാണ് അദ്ദേഹം.
കാനില്‍ നവഭാവുകത്വത്തിനും പുതുവഴികള്‍ക്കും പുതുരാജ്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന 'അണ്‍ സേര്‍ട്ടന്‍ റിഗാഡ്' വിഭാഗത്തിലെ മികച്ച നടിയായി പശ്ചിമ ബംഗാളില്‍ നിന്നുള്ള അനസൂയ സെന്‍ ഗുപ്തയും തെരഞ്ഞെടുക്കപ്പെട്ടു. ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യന്‍ അഭിനേത്രിയാണ് അനസൂയ. ബള്‍ഗേറിയന്‍ സംവിധായകന്‍ കോണ്‍സ്റ്റാന്റിന്‍ ബൊജനോവ് സംവിധാനം ചെയ്ത 'ദ ഷെയിംലെസ്' എന്ന ഹിന്ദി ഭാഷാ ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. രണ്ട് ലൈംഗിക തൊഴിലാളികള്‍ നേരിടുന്ന ചൂഷണവും ദുരിതങ്ങളും അനാവരണം ചെയ്യുന്ന സിനിമയാണ് 'ദ ഷെയിംലെസ്'. ക്വീര്‍ സമൂഹത്തിനും മറ്റു പാര്‍ശ്വവത്കൃത സമൂഹങ്ങള്‍ക്കും പുരസ്‌കാരം സമര്‍പ്പിക്കുന്നതായി അനസൂയ പറഞ്ഞു.
ലോകത്തിലെ ഏറ്റവും പ്രൗഢമായതും പഴക്കമുള്ളതും ശ്രദ്ധേയവുമായ ചലച്ചിത്രോത്സവമായ കാനിലെ ചുവപ്പ് പരവതാനിയില്‍ പ്രവേശിക്കുന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന മാധ്യമശ്രദ്ധയും ഏറെ വലുതാണ്. സംവിധായികയായ പായല്‍ കപാഡിയയക്കും മറാത്തി നടി ഛായ കദമിനും ഒപ്പം മലയാളി അഭിനേതാക്കളായ കനി കുസൃതിയും ദിവ്യപ്രഭയും റെഡ് കാര്‍പ്പറ്റില്‍ പ്രവേശിച്ചത് മലയാളികള്‍ക്കു കൂടി അഭിമാനിക്കാവുന്ന അവസരമായി മാറി. വേഷം കൊണ്ടും നിലപാടുകളുടെയും ഐക്യദാര്‍ഢ്യങ്ങളുടെയും പ്രഖ്യാപന വേദിയെന്ന നിലയിലും ശ്രദ്ധേയമാണ് കാനിലെ ഈ ചുവപ്പ് പരവതാനി. സംഘര്‍ഷത്തില്‍ മരിച്ചുവീഴുന്ന പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള തണ്ണിമത്തന്‍ കഷണത്തിന്റെ ആകൃതിയിലുള്ള ബാഗ് അണിഞ്ഞുകൊണ്ടാണ് കനി കുസൃതി കാനില്‍ ശ്രദ്ധ നേടിയത്. 2019 ല്‍ ബിരിയാണി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ബ്രിക്‌സ് പുരസ്‌കാരവും കനി നേടിയിരുന്നു. 2022 ല്‍ 75-ാമത് ലൊക്കാര്‍ണോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച അറിയിപ്പ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള നോമിനേഷന്‍ നേടിയ ദിവ്യപ്രഭയുടെ ടേക്ക് ഓഫ്, തമാശ എന്നീ ചിത്രങ്ങളിലെ പ്രകടനവും ഏറെ ശ്രദ്ധേയമായിരുന്നു.
കാനിലെ ഹ്രസ്വ ചലച്ചിത്ര മത്സര വിഭാഗത്തില്‍ ഹരിപ്പാട് സ്വദേശി ഐശ്വര്യ തങ്കച്ചന്‍ സംവിധാനം ചെയ്ത 'കൈമിറ'യും ഇടം നേടിയിരുന്നു. രണ്ട് വര്‍ഷമായി മാസം തോറും നടന്ന മത്സരങ്ങളില്‍ പങ്കെടുത്ത അഞ്ഞൂറോളം ചിത്രങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത ചിത്രങ്ങള്‍ മത്സരിക്കുന്ന 'ആന്വല്‍ റിമംബര്‍ ദ ഫ്യൂച്ചര്‍' വിഭാഗത്തിലാണ് കൈമിറ മത്സരിച്ചത്. കഴിഞ്ഞ ഒക്ടോബറിലെ മികച്ച ചിത്രമെന്ന നിലയിലാണ് കൈമിറ അവസാന റൗണ്ട് മത്സരത്തിനെത്തിയത്.
പുരസ്‌കാര നേട്ടത്തിലൂടെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയതിനൊപ്പം പായല്‍ കപാഡിയ, അനസൂയ സെന്‍ ഗുപ്ത, കനി കുസൃതി, ദിവ്യപ്രഭ, ഛായ കദിം, ഐശ്വര്യ തങ്കച്ചന്‍ എന്നീ വനിതകളുടെ പേരുകളിലൂടെ കൂടിയാണ് ഇന്ത്യന്‍ സിനിമാ രംഗം ഇക്കുറി മഹത്തായ കാന്‍ ചലച്ചിത്ര മേളയില്‍ സാന്നിധ്യമറിയിച്ചത്. അങ്ങനെയിത് മുഴുവന്‍ വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെയും സ്ത്രീകളുടെയും ആത്മവിശ്വാസം ഉയര്‍ത്താന്‍ പോന്ന നേട്ടം കൂടിയായി മാറുന്നു.
https://www.youtube.com/watch?v=MjiU3UoD_qo
ആകാശവാണി, വാര്‍ത്താവീക്ഷണം, 2024 മേയ് 27
No comments:
Post a Comment