Friday, 7 June 2024

പാട്ട് കവിതയേക്കാള്‍ മുകളിലാണ് - ശ്രീകുമാരന്‍ തമ്പി - അഭിമുഖം: ശ്രീകുമാരന്‍ തമ്പി/എന്‍.പി. മുരളീകൃഷ്ണന്‍


മലയാള ചലച്ചിത്ര ഗാന പാരമ്പര്യത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം നടന്ന വ്യക്തിയാണ് ശ്രീകുമാരന്‍ തമ്പി. മലയാള ചലച്ചിത്ര ഗാനങ്ങളുടെ സുവര്‍ണകാലമായ 1960 കളില്‍ പാട്ടുകളെഴുതി തുടങ്ങിയ ശ്രീകുമാരന്‍ തമ്പി അറുപത് വര്‍ഷങ്ങളായി തന്റെ സപര്യ തുടരുന്നു. അദ്ദേഹത്തിന്റെ രചനാവഴി കേരളീയ സംസ്‌കാരത്തോടും കലകളോടും സംഗീതത്തോടും ഇഴചേര്‍ന്നു കിടക്കുന്നതാണ്. മികച്ച താളബോധവും സുന്ദരമായ പദശൈലിയും കൈമുതലായിട്ടുള്ള ശ്രീകുമാരന്‍ തമ്പിയില്‍ നിന്നുണ്ടായ ഗാനങ്ങളോരോന്നും മലയാളത്തിന് ഈടുറ്റ ശേഖരങ്ങളാണ്. മലയാള ചലച്ചിത്ര സംഗീതത്തെക്കുറിച്ചും ഗാനരചനയിലെ വഴികളെക്കുറിച്ചും സംസാരിക്കുകയാണ് ശ്രീകുമാരന്‍ തമ്പി.

താളബോധമുള്ള കവിക്കേ പാട്ടെഴുത്തുകാരനാകാന്‍ സാധിക്കൂ 

താളബോധമുള്ള കവിക്ക് മാത്രമേ ഗാനരചയിതാവ് ആകാന്‍ കഴിയുകയുള്ളൂ. എല്ലാ കവികള്‍ക്കും പാട്ടെഴുത്തുകാരന്‍ ആകാന്‍ പറ്റില്ല. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളണം. കവികള്‍ക്കെല്ലാം പാട്ടെഴുത്തുകാരനാകാം എന്നത് ഒരു തെറ്റിദ്ധാരണയാണ്. പാട്ട് കവിതയേക്കാള്‍ മുകളിലാണ്. എഴുത്തച്ഛന്‍ പാട്ടെഴുത്തുകാരനായിരുന്നു. അധ്യാത്മരാമായണം കിളിപ്പാട്ട് എന്നാണ് അദ്ദേഹം തന്റെ രചനയ്ക്ക് പേര് നല്‍കിയത്. താന്‍ എഴുതുന്നത് ജനങ്ങള്‍ പാടണം എന്ന ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായിരുന്നിരിക്കണം. മസ്തിഷ്‌ക പ്രക്ഷാളനം അല്ലായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അങ്ങനെയാണ് നമുക്ക് ഒരു രാമായണ പാരായണ സംസ്‌കാരം ഉണ്ടായത്. എഴുത്തച്ഛനെ ആധുനിക മലയാള കവികള്‍ക്ക് പുച്ഛമാണ്. തങ്ങള്‍ എഴുതുന്നതും സൃഷ്ടിക്കുന്നതും ഉന്നതമായ ഭാഷയും കവിതയുമാണെന്നാണ് അവര്‍ ധരിക്കുന്നത്. ഞാനതിനോട് യോജിക്കുന്നില്ല. എഴുത്തച്ഛന്റെ മലയാളത്തില്‍ ജീവിച്ച് മരിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. 


എഴുത്തച്ഛനോളം തന്നെ സമര്‍ഥനായിരുന്ന ചെറുശ്ശേരി തന്റെ കൃതിക്ക് കൃഷ്ണഗാഥ എന്നാണ് പേരിട്ടത്. അതായത് കൃഷ്ണനെക്കുറിച്ചുള്ള പാട്ട്. ഉത്തര മലബാറില്‍ കൃഷ്ണന്‍പാട്ട് എന്നാണ് ഇപ്പോഴും ഇതിനെ വിളിക്കുന്നത്. ആദ്യകാല മലയാള കവിതയിലെ പ്രധാനപ്പെട്ട ഈ രണ്ടു കവികളും പാട്ടെഴുത്തുകാരായിരുന്നു. അപ്പോള്‍ കവിതയെക്കാള്‍ വലുതാണ് പാട്ട് എന്നതിന് മറ്റൊരു തെളിവ് ആവശ്യമില്ല. എന്തുകൊണ്ടെന്നാല്‍ പാട്ട് ജനകീയമാണ്. കവിത ജനകീയമല്ല. ജനകീയമല്ലാത്ത ഒരു പ്രസ്ഥാനത്തിന് നിലനില്‍പ്പില്ല. ശാശ്വതമായി നിലനില്‍ക്കുന്നത് ജനകീയമായ കലകളാണ്. ഏറ്റവും ഉന്നത പുരസ്‌കാരങ്ങള്‍ നേടിയിട്ടും എഴുതിയ ഒരു വരി പോലും ആളുകള്‍ ഓര്‍ക്കുകയോ പാടുകയോ ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ എഴുതിയിട്ടെന്തു പ്രയോജനം. ആ പുരസ്‌കാരങ്ങള്‍ കൊണ്ട് എന്തു പ്രയോജനം! ഇന്നും അധ്യാത്മ രാമായണവും കൃഷ്ണഗാഥയും ജനങ്ങള്‍ ഏറ്റുപാടുന്നു. അപ്പോള്‍ പാട്ട് എന്നത് കുറഞ്ഞൊരു വസ്തുവല്ല. 

കവിതയില്‍ സംഗീതം ലയിക്കുമ്പോഴാണ് പാട്ട് ഉണ്ടാകുന്നത്. എല്ലാ കവികളിലും സംഗീതമില്ല. ഗദ്യം മുറിച്ച് കവിത എഴുതി വയ്ക്കുന്നവരുടെ മനസ്സില്‍ സംഗീതമില്ല. ഞാന്‍ നൂറുകണക്കിന് കവിതയെഴുതി എന്നിട്ടും എനിക്ക് സിനിമയില്‍ പാട്ടെഴുതാന്‍ അവസരം കിട്ടിയില്ല എന്ന് കൊതിക്കെറുവ് പറഞ്ഞിട്ട് കാര്യമില്ല. കവിത്വവും താളബോധവും ഒത്തിണങ്ങിയാലേ വിജയിക്കൂ.


വരികളും താളവുമറിഞ്ഞ് പാട്ടുകളൊരുക്കിയ തലമുറ

സംഗീതത്തിലെ താളം അറിഞ്ഞായിരുന്നു ഞങ്ങളുടെ തലമുറ പാട്ടുകള്‍ എഴുതിയിരുന്നത്. ചതുശ്രം, തിസരം, മിശ്രം എന്നിങ്ങനെ പാട്ടിന്റെ സമയക്രമത്തെ സൂചിപ്പിക്കുന്ന താളങ്ങളുടെ പേരുകള്‍ പാട്ട് എഴുതിക്കൊടുക്കുന്ന പേജില്‍ എഴുതിയിരുന്നു. ഇത് കണ്ടാല്‍ സംഗീത സംവിധായകര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകും. ദക്ഷിണാമൂര്‍ത്തി സ്വാമിയൊക്കെ ഇത് പെട്ടെന്ന് മനസ്സിലാക്കും. അമ്പതും അറുപതും വര്‍ഷം കഴിഞ്ഞിട്ടും പാട്ടുകള്‍ നിലനില്‍ക്കുന്നത് അതുകൊണ്ടാണ്.

വയലാറും പി ഭാസ്‌കരനും ഒഎന്‍വിയും ഞാനുമടങ്ങുന്ന പാട്ടെഴുത്തുകാര്‍ക്ക് സംഗീതബോധമുണ്ടായിരുന്നു. സംഗീതസംവിധായകനെ പാട്ട് പാടി കേള്‍പ്പിക്കാന്‍ സാധിച്ചിരുന്നു. അവിടെയാണ് ഞങ്ങളുടെ തലമുറയുടെ വിജയം. ഈണം കേട്ടും അല്ലാതെയും ഞാന്‍ പാട്ട് എഴുതിയിട്ടുണ്ട്. അക്കാലത്ത് കേരളത്തിനു പുറത്തു നിന്നുള്ള സംഗീത സംവിധായകര്‍ ഉണ്ടായിരുന്നു. അവരുടെയൊപ്പം ജോലി ചെയ്യുമ്പോള്‍ ഈണത്തിനൊപ്പമാണ് പാട്ട് എഴുതിയിരുന്നത്. സലില്‍ ചൗധരിയുടെയൊക്കെ പാട്ടുകള്‍ അങ്ങനെ എഴുതിയതാണ്. മലയാളി സംഗീത സംവിധായകര്‍ വരികള്‍ക്കൊത്ത് ട്യൂണ്‍ ചെയ്യണമെന്നാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. അല്ലാതെ എഴുതിയ സാഹചര്യവുമുണ്ട്. തൂവാനത്തുമ്പികളിലെ 'ഒന്നാം രാഗം പാടി' അങ്ങനെ എഴുതിയതാണ്. പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് കേള്‍പ്പിച്ച പല ഈണങ്ങളില്‍ നിന്ന് പത്മരാജന്‍ തെരഞ്ഞെടുത്ത ട്യൂണിന് അനുസരിച്ചാണ് ആ പാട്ട് എഴുതിയത്. ഇപ്പോഴും ട്യൂണ്‍ വച്ച് എഴുതുന്നുണ്ട്.


ആദ്യമേ പുസ്തകം എടുത്തുവച്ച് പാട്ട് എഴുതുന്ന പതിവ് എനിക്കല്ല. മനസ്സില്‍ പാടിയിട്ടാണ് പാട്ട് എഴുതാറ്. ആ ഒരു താളബോധം കുട്ടിക്കാലത്തേ കിട്ടിയിരുന്നു. പറയെഴുന്നള്ളത്തിന്റെ കൊട്ടിന്റെ താളത്തിനൊത്ത് വാക്കുകള്‍ പറയുന്ന ശീലം ഉണ്ടായിരുന്നു.  ഇത് പില്‍ക്കാലത്ത് എന്നെ സഹായിച്ചു. സലില്‍ ചൗധരി, കാനു ഘോഷ്, വേദ്പാല്‍ വര്‍മ തുടങ്ങിയ അന്യഭാഷകളില്‍ നിന്നുള്ള സംഗീത സംവിധായകരുടെ ട്യൂണുകള്‍ എളുപ്പത്തില്‍ ഉള്‍ക്കൊള്ളാനും എഴുതാനും ഈ താളബോധം സഹായിച്ചു. താളബോധമുണ്ടെങ്കില്‍ ട്യൂണ്‍ വച്ച് എഴുതാന്‍ എളുപ്പമാണ്. പക്ഷേ കവിത ആദ്യം എഴുതി അതിന് ഈണം പകരുമ്പോള്‍ കിട്ടുന്ന കാവ്യശുദ്ധി മറ്റ് പാട്ടുകള്‍ക്ക് കിട്ടില്ല. ആദര്‍ശപരമായി കവിത എഴുതി സംഗീതത്തിലേക്ക് പോകുന്നതാണ് നല്ലത്. എന്റെ പകുതിയിലധികം പാട്ടുകളും ട്യൂണ്‍ വച്ച് എഴുതിയതാണ്. 

പഴയ സംഗീത സംവിധായകര്‍ മലയാളത്തിലെ പ്രധാന കവിതകളെല്ലാം വായിച്ചവരും കവികളെ അറിയുന്നവരുമാണ്. ദേവരാജന്‍ മാഷും ദക്ഷിണാമൂര്‍ത്തി സ്വാമിയുമെല്ലാം അങ്ങനെയായിരുന്നു. അര്‍ജുനന്‍ മാഷ് മൂന്നാം ക്ലാസ് വരെ മാത്രം പഠിച്ചയാളാണ്. വലിയ അക്ഷരജ്ഞാനമില്ല. കവിതകളറിയില്ല. പക്ഷേ അറിയാത്തത് ചോദിച്ച് മനസ്സിലാക്കും. അങ്ങനെ പ്രയാസമുള്ള വരികള്‍ ചോദിച്ചു മനസ്സിലാക്കി പഠിച്ചാണ് അദ്ദേഹം ട്യൂണ്‍ ചെയ്യുന്നത്. അത് വലിയ മനസ്സാണ്. ആ എളിമ മാതൃകയാക്കേണ്ടതാണ്. 


പഴയ സംഗീത സംസ്‌കാരം മലയാളത്തിന് നഷ്ടപ്പെട്ടു

ഇപ്പോള്‍ പാട്ടെഴുത്തുകാരന് സംഗീതജ്ഞാനമോ താളബോധമോ വേണമെന്നില്ല. ഗദ്യത്തില്‍ കവിതയെഴുതുന്നവരും പാട്ടെഴുതുന്നുണ്ട്. അത് സംഗീത സംവിധായകന്‍ പറഞ്ഞുകൊടുക്കുന്ന താളത്തില്‍ മാത്രമാണ്. വൃത്തത്തില്‍ കവിതയെഴുതുന്നവരോട് ഗദ്യകവികള്‍ക്ക് പുച്ഛമാണ്. അവര്‍ ആശാനെയും വള്ളത്തോളിനെയും ഉള്ളൂരിനെയും ചങ്ങമ്പുഴയെയും ഒന്നും വായിക്കാത്തവരാണ്. തങ്ങള്‍ എഴുതുന്ന ഗദ്യമാണ് കവിതയെന്നാണ് അവരുടെ പക്ഷം. ഇതാണ് തലമുറയുടെ കുഴപ്പം. അവര്‍ പഴയതൊന്നും പഠിക്കാതെ പഴയതിനെ പുച്ഛിക്കുകയും പുതിയതിനെ മാത്രം അംഗീകരിക്കുകയും ചെയ്യുന്നു. അവിടെയാണ് തെറ്റ്. 

പഴയ സംഗീത സംസ്‌കാരം മലയാളത്തിന് നഷ്ടപ്പെട്ടു പോയി. ആ സംസ്‌കാരത്തില്‍ അല്ല നമ്മള്‍ ജീവിക്കുന്നത്. ഇന്ന് നമുക്ക് പാട്ടുകള്‍ ഉണ്ടാകുന്നുണ്ട്. പാട്ടെഴുത്തുകാരെ കുറ്റം പറയാനാകില്ല. അവര്‍ക്ക് സ്വാതന്ത്ര്യമില്ല. സംവിധായകന്റെയും സംഗീത സംവിധായകന്റെയും താത്പര്യത്തിന് അനുസരിച്ച് വരികള്‍ എഴുതിക്കൊടുക്കുന്നവര്‍ മാത്രമാണവര്‍. പഴയ അച്ചുകൂട സമ്പ്രദായത്തിലെ അച്ചുനിരത്തല്‍ പോലെയാണ് ഇപ്പോള്‍ പാട്ടെഴുത്ത്. സംഗീത സംവിധായകന്‍ നല്‍കുന്ന ഈണത്തിന് വേണ്ട വാക്കുകള്‍ ഇട്ട് കൊടുക്കുന്നു. അവിടെ മലയാള കവിതയുമായോ താളവുമായോ ഒരു ബന്ധവും സംഭവിക്കുന്നില്ല. ഇന്ന് കവിത വായിച്ച് സംഗീത സംവിധാനം നിര്‍വ്വഹിക്കാന്‍ അറിയുന്നവര്‍ ഇല്ല. നല്ല മലയാളം അറിയുന്ന പാട്ടെഴുത്തുകാരും സംഗീത സംവിധായകരും ഇപ്പോള്‍ ഇല്ലെന്നതും യാഥാര്‍ഥ്യമാണ്.


വടക്കന്‍പാട്ടുകള്‍ ജനകീയമായത് സിനിമകളിലൂടെ

ഓമനത്തിങ്കള്‍ക്കിടാവോ എന്ന നീലാംബരി രാഗത്തില്‍ ഇരയിമ്മന്‍ തമ്പി പാടിവച്ച പാട്ട് കേട്ടാല്‍ ഇന്നും കുട്ടികള്‍ ഉറങ്ങും. അതിന് തലമുറ മാറ്റമില്ല. നീലാംബരി രാഗത്തിന്റെ പ്രത്യേകതയാണത്. സംഗീതവും കവിതയും കൂടി സൃഷ്ടിക്കുന്ന ഒരു ധന്യതയാണ് അതിനെ ജനകീയമാക്കുന്നത്. ഇന്നത്തെ കവി എഴുതുന്ന കവിത കേട്ടാല്‍ കുട്ടി അലോസരപ്പെടും. കവിതയുടെ ഉറവിടം പാട്ടാണ് എന്നത് നമ്മള്‍ അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട കാര്യമാണ്. സംഗീതത്തിന്റെ ചിറകുകളിലാണ് കവിത എല്ലാ കാലത്തും സഞ്ചരിച്ചത്. വടക്കന്‍പാട്ടുകള്‍ നമ്മള്‍ ഓര്‍മ്മിക്കുന്നത് സിനിമകളിലെ ജനപ്രിയ സംഗീതത്തിലൂടെയാണ്. ഇതുപോലെ വീരാപദാനം പ്രമേയമാക്കിയ തെക്കന്‍പാട്ടുകളും ഉണ്ട്. ഇരവിക്കുട്ടിപ്പിള്ള പോര് ഒക്കെ ഇതിന് ഉദാഹരണമാണ്. പക്ഷേ അത് സിനിമയായില്ല. അതുകൊണ്ടുതന്നെ ആ പാട്ടുകള്‍ ജനകീയമായതുമില്ല. 

കൃഷ്ണഗാഥയിലും അധ്യാത്മ രാമായണത്തിലും അജ്ഞാത കര്‍തൃകങ്ങളായ നാടന്‍പാട്ടുകളിലും അന്നത്തെ മലയാള ഭാഷയിലെ പല വ്യവഹാര പദപ്രയോഗങ്ങളും കാണാം. അതില്‍ പലതും ഇപ്പോള്‍ ഉപയോഗത്തില്‍ ഇല്ല. ഇത്തരം കവിതകള്‍ പഠിക്കുമ്പോഴാണ് നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള ഭാഷയും ഇപ്പോഴത്തേതും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുക. അതാണ് പാട്ടിന്റെ മഹത്വം. 


നമ്മുടെ അടിത്തറ സോപാനസംഗീതവും നാടന്‍പാട്ടും

മലയാള ഭാഷയുടെ അടിത്തറ സോപാനസംഗീതവും നാടന്‍പാട്ടുകളുമാണ്. പാശ്ചാത്യ സംഗീതവുമായി ലയിച്ചുചേരുന്ന സംസ്‌കാരമല്ല മലയാളത്തിന്റേത്. ഏറ്റവും വേഗത്തില്‍ പാടി വള്ളം തുഴയുന്ന വഞ്ചിപ്പാട്ടിന്റെ പോലും താളം പതിഞ്ഞതാണ്. നമ്മള്‍ ലയത്തില്‍ വിശ്വസിക്കുന്നവരാണ്. പരിപൂര്‍ണമായി ഭാവവും ലയവും വരണമെങ്കില്‍ പതിഞ്ഞ താളം വേണം. കഥപകളിപ്പദങ്ങള്‍ പതിഞ്ഞ താളമാണ്. ഈ താളങ്ങള്‍ വേഗത്തിലായാല്‍ അത് മലയാള സംഗീതമാകില്ല. മലയാള സംസ്‌കാരവുമായി ബന്ധപ്പെട്ട താളം ഭാവത്തിലും ലയത്തിനും പ്രാധാന്യം കൊടുക്കുന്നതാണ്. നമ്മുടെ സംഗീതമല്ല, ലോകസംഗീതം മതി നമുക്ക് എന്ന് തീരുമാനിക്കുന്ന പുതിയ തലമുറ നമ്മുടെ സംസ്‌കാരം തന്നെയാണ് നഷ്ടപ്പെടുത്തുന്നത്. അത് ഒരു തരം വിട്ടുകൊടുക്കലാണ്. അതില്‍ ന്യായമില്ല. മലയാള സംഗീതത്തില്‍ ഉറച്ചു വിശ്വസിക്കുന്നയാളാണ് ഞാന്‍. അതുകൊണ്ടാണ് ഞാന്‍ പാടി എഴുതുന്നത്. എന്റെ സംഗീത സംസ്‌കാരത്തില്‍ ഉറച്ചുനിന്ന് പാട്ടെഴുതുമ്പോള്‍ മാത്രമേ 'എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍' എന്ന് എഴുതാന്‍ സാധിക്കൂ. സാഹചര്യത്തിനൊത്ത് 'തുള്ളിയോടും പുള്ളിമാനേ നില്ല്' എന്ന് എഴുതുമ്പോഴും ആ വേഗത്തിനകത്ത് ഒരു മിതത്വമുണ്ട്.  

നമ്മുടെ സംസ്‌കാരം എന്നത് പതിഞ്ഞ താളത്തിലുള്ള ഭാവഗരിമയുള്ള ഗാനങ്ങളാണ്. ഇരയിമ്മന്‍ തമ്പിയും കുഞ്ഞികുട്ടി തങ്കച്ചിയും സ്വാതി തിരുനാളും കെ സി കേശവപിള്ളയുമെല്ലാം എഴുതിയിട്ടുള്ള പാട്ടുകളും പദങ്ങളും മലയാള സംസ്‌കാരവുമായി ചേര്‍ന്നു നില്‍ക്കുന്നതാണ്. ഗസലുകളുമായി മത്സരിക്കാന്‍ കഴിവുള്ള പദങ്ങള്‍ നമുക്കുണ്ട്. തലമുറ മാറിയാലും തനിമ നിലനില്‍ക്കും. ആയിരം പേര്‍ കണ്ടിരുന്ന കഥകളി ഇന്ന് നൂറു പേരേ കാണുന്നുണ്ടായിരിക്കൂ. നാളെ അത് പത്തു പേരായേക്കാം. പക്ഷേ കഥകളി നിലനില്‍ക്കും. കാരണം അത് നമ്മുടെ കലകളുടെ ശ്രേഷ്ഠതയാണ്. 


കവിതയുമായി ചേര്‍ന്ന് പാട്ട് ഉണ്ടായി. ആ പാട്ട് ഉണ്ടായ കാലത്ത് വരമൊഴി പോലും ഉണ്ടായിരുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്. അക്ഷരങ്ങള്‍ കണ്ടുപിടിക്കാത്ത കാലത്തും പാട്ടുണ്ടായിരുന്നു. വയലില്‍ ജോലി ചെയ്യുന്നവരും പാറ പൊട്ടിക്കുന്നവരും പാടുമായിരുന്നു. അതങ്ങനെ തലമുറകള്‍ ഏറ്റുപാടി. 'വൈക്കം കായലില്‍ ഓളം തല്ലുമ്പോള്‍ ഓര്‍ക്കും ഞാനെന്റെ മാരനെ' എന്ന പാട്ട് ഒരു മഹാകവിയും എഴുതിയതല്ല. ആരോ ഒരാള്‍ കായലിന്റെ തീരത്ത് ഇരുന്ന് പാടിയതാണ്. മറ്റാരോ അത് കേട്ട് ഏറ്റുപാടി. അതങ്ങനെ കൈമാറി നാടന്‍പാട്ടായി മാറി. കവിയല്ലെങ്കിലും അയാള്‍ക്ക് താളബോധമുണ്ടായിരുന്നു. അതുകൊണ്ട് പാട്ട് നിലനിന്നു. 

പാട്ടിലെ കേരളീയ സംസ്‌കാരം

മലയാള ഭാഷയെക്കുറിച്ചും കേരളത്തെക്കുറിച്ചും ഓണത്തെക്കുറിച്ചും ഏറ്റവുമധികം പാട്ടുകള്‍ എഴുതിയിട്ടുള്ളത് ഞാനാണ്. അത് ഞാന്‍ മനപൂര്‍വ്വം ചെയ്തതുമാണ്. കേരളത്തിന്റെ സംസ്‌കാരത്തില്‍ എന്നും നിലനില്‍ക്കുന്ന ചില അടയാളങ്ങളുണ്ട്. അതിലൊന്നാണ് ഓണം. അത് മാറില്ല. ഓണത്തിനു പുറമേ വിഷു, മലയാള ഭാഷ എന്നിവയിലെല്ലാം ഇത്തരം സാംസ്‌കാരിക അടയാളങ്ങളുണ്ട്. അതാണ് പാട്ടിലും പ്രയോഗിക്കുന്നത്. ഇത് എക്കാലത്തേക്കുമുള്ള ഈടുവയ്പുകളാണ്. 'മലയാള ഭാഷ തന്‍ മാദകഭംഗി' എന്ന പാട്ടില്‍ 'പുളിയിലക്കരമുണ്ട്' എന്ന വാക്ക് ബോധപൂര്‍വ്വം ഉപയോഗിച്ചതാണ്. കേരളീയതയുമായി ചേര്‍ന്നു നില്‍ക്കുന്ന ഒരു വാക്കാണത്. വര്‍ഷങ്ങള്‍ക്കു ശേഷം ഈ പാട്ട് കേള്‍ക്കുന്ന തലമുറയില്‍ പെട്ട ഒരു കുട്ടിക്ക് പുളിയിലക്കരമുണ്ട് എന്താണെന്ന് അറിയാനുള്ള ഒരു വ്യഗ്രത കാണും. 'കേരളം കേരളം കേളികൊട്ടുയരുന്നു' എന്ന പാട്ടിലെ 'കേളീ കദംബം' അതുപോലൊരു വാക്കാണ്. ആറുകളാണ് സംസ്‌കാരത്തിന്റെ കളിത്തൊട്ടില്‍. നിളയും പെരിയാറും പമ്പയും അച്ചന്‍കോവിലാറുമെല്ലാം കേരളത്തിന്റെ കലകളെയും സംസ്‌കാരത്തെയും വളര്‍ത്തിയവയാണ്. ഇങ്ങനെ നമ്മുടെ നദികളും കായലുമെല്ലാം പാട്ടുകളില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. തിരുവോണം എന്ന് ഞാന്‍ സിനിമയ്ക്ക് പേരിട്ടതും അതിനു വേണ്ടി തിരുവോണപുലരിതന്‍ തിരുമുല്‍ കാഴ്ച വാങ്ങാന്‍ എന്ന പാട്ട് എഴുതിയതും ബോധപൂര്‍വ്വമാണ്. ഇത് എല്ലാക്കാലവും ഓര്‍മ്മിക്കും.. മലയാളിപ്പെണ്ണേ നിന്റെ മനസ്സ് എന്ന പാട്ട് ഉത്തമയായ മലയാളി സ്ത്രീക്കുള്ള വലിയ അംഗീകാരമാണ്. 'കാവ്യനര്‍ത്തകീ ചിലമ്പൊലി ചാര്‍ത്തിയ കലയുടെ നാടേ മലനാടേ' എന്ന ഗാനം മലയാള ദൃശ്യകലയുടെ ചരിത്രം ഒരു ചലച്ചിത്ര ഗാനത്തിലൂടെ പറയുകയാണ്. 


മലയാളം മഹത്തരമായ ഒരു ഭാഷയാണ്. മറ്റു ഭാഷകളേക്കാള്‍ പ്രായം കുറവാണ്. എന്നാല്‍ ഇതര ഭാഷകളിലെ നന്മകള്‍ അത് സ്വാംശീകരിച്ചിട്ടുണ്ട്, സംസ്‌കൃത ഭാഷയിലെ ഗുണങ്ങള്‍ മലയാളം ഉള്‍ക്കൊണ്ടിട്ടുണ്ട്, മലയാളത്തില്‍ ഗദ്യഭാഷയും പദ്യഭാഷയും രണ്ടാണ്. 

സാക്ഷരത മനുഷ്യനെ വളര്‍ത്തുകയാണ് ചെയ്യുക. എന്നാല്‍ സാക്ഷരത കൊണ്ട് സംസ്‌കാരത്തെയോ ഭാഷയെയോ വളര്‍ത്താന്‍ ശ്രമിക്കാത്ത മനുഷ്യരുടെ നാടായി കേരളം മാറി. മലയാളികള്‍ക്ക് വ്യക്തിപരമായ വളര്‍ച്ചയിലും നേട്ടങ്ങളിലും മാത്രമേ താത്പര്യമുള്ളൂ. അതല്ലാതെ ഭാഷയോ കേരള സംസ്‌കാരമോ അവരുടെ വിഷയമല്ല. 


പാട്ടില്‍ സമഗ്രത വേണം

ഞാന്‍ ഒരു എന്‍ജിനീയര്‍ ആയതുകെ#ാണ്ടായിരിക്കണം, എല്ലാ കാര്യവും  വ്യക്തമായിരിക്കണം, പൂര്‍ണമായിരിക്കണം എന്ന നിഷ്‌കര്‍ഷ എനിക്കുണ്ട്. എഴുതുന്ന പാട്ടുകളില്‍ സമഗ്രത വേണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ഒരു പാട്ടിലെ പല്ലവി പൂര്‍ണമായിരിക്കണം. എന്നാലേ പാട്ടിന് ആ പൂര്‍ണത കൈവരൂ. എന്റെ എല്ലാ പാട്ടുകളും ഞാന്‍ അങ്ങനെ എഴുതിയിട്ടുള്ളവയാണ്. 

നിരൂപകയും അധ്യാപികയുമായ ശാരദക്കുട്ടി മുമ്പ് ഒരിക്കല്‍ എഴുതിയിരുന്നു. അവര്‍ക്ക് കോളേജില്‍ മലയാള ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് കവിതയിലെ ഘടന പഠിപ്പിക്കണമായിരുന്നു. അതിന് തയ്യാറാക്കിയ കുറിപ്പ് എടുക്കാന്‍ മറന്നു. പെട്ടെന്നാണ് 'ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനേ' എന്ന ശ്രീകുമാരന്‍ തമ്പിയുടെ പാട്ട് ഓര്‍മ്മിച്ചത്. ആ പാട്ടിലൂടെ കവിതയുടെ ഘടനയെക്കുറിച്ച് ക്ലാസ് എടുത്തു. വിദ്യാര്‍ഥികള്‍ക്ക് ആശയം വ്യക്തമായെന്ന് അവര്‍ ചാരിതാര്‍ഥ്യത്തോടെ എഴുതുന്നു. ഇതില്‍പരം അംഗീകാരം മറ്റെന്താണ് ഒരു ഗാനരചയിതാവിന് വേണ്ടത്.


മലയാള ചലച്ചിത്ര സംഗീത ചരിത്രം എഴുതുന്നു

ഇപ്പോള്‍ ശ്രീകുമാരന്‍ തമ്പി മലയാള ചലച്ചിത്ര സംഗീത ചരിത്രം എഴുതിക്കൊണ്ടിരിക്കുകയാണ്. ആദ്യ ശബ്ദ ചിത്രമായ ബാലന്‍ മുതല്‍ക്കുള്ള മലയാള സിനിമാ ഗാനങ്ങളുടെ ചരിത്രപരമായ വളര്‍ച്ച, സംഗീത സംവിധായകര്‍, ഗാനരചയിതാക്കള്‍, സിനിമയുടെ വിജയപരാജയം എന്നിവയെല്ലാം ഇതില്‍ കടന്നുവരുന്നു. 84-ാം വയസ്സിലും കര്‍മ്മനിരതനായി തുടരാനാണ് അദ്ദേഹത്തിന് താത്പര്യം.

ഇന്നത്തെ സിനിമയ്ക്ക് തന്റെ പാട്ട് ആവശ്യമില്ലെന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നു. എന്നാലും ആവശ്യപ്പെടുന്നവര്‍ക്ക് എഴുതിക്കൊടുക്കുന്നുണ്ട്. അത് സിനിമയിലെ സന്ദര്‍ഭവും പാട്ടിന് നല്‍കിയ ഈണവും ഇഷ്ടപ്പെടണം. എന്നാലേ എഴുതൂ. ഇതുരണ്ടും സംഗീത സംവിധായകനോട് ആദ്യമേ പറയും. മലയാള സിനിമയ്ക്ക് ആവശ്യമില്ലാത്ത ഈണങ്ങളുണ്ട്. അതിന് വരികള്‍ ഒരുക്കാന്‍ വയ്യെന്നും അദ്ദേഹം പറയുന്നു. ജയരാജിന്റെ ഭയാനകത്തിലെയും മധുപാലിന്റെ ഒരു കുപ്രസിദ്ധ പയ്യനിലെയും മുഴുവന്‍ പാട്ടുകളും എഴുതി. കഴിഞ്ഞ വര്‍ഷം പെര്‍ഫ്യൂം, കണ്ണാടി എന്നീ സിനിമകളിലെ ഓരോ പാട്ടുകള്‍ എഴുതി. കഴിഞ്ഞ മാസം ഒരു ക്രിസ്തീയ ഭക്തിഗാനവും എഴുതി. അങ്ങനെ എഴുത്തുവഴിയില്‍ ഇപ്പോഴും സജീവതയുടെ പാതയില്‍ തുടരുകയാണ് മലയാളത്തിന്റെ അഭിമാനമായ ഈ ബഹുമുഖ പ്രതിഭ.

സമകാലിക ജനപഥം, 2024 മേയ്‌

No comments:

Post a Comment